രചന – സെലുനിസു
അവൻ കൈകൾ കൊണ്ട് കോരി എടുത്തതും ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയവൾ.
ഹരിയേട്ടാ എന്താ ഈ കാണിക്കുന്നേ… താഴെ ഇറക്കിക്കേ….ആരേലും കാണും….
ഓ.. പിന്നെ ഞാൻ നിന്നെ എടുത്തോണ്ട് നടക്കുന്നത് കാണാൻ ഈ നേരത്ത് ആളുകൾ ക്യു നിക്കുവല്ലേ…
എന്നാലും….. പെട്ടന്ന് ആരേലും വന്നാ….ഇറക്ക് ഹരിയേട്ടാ.. പ്ലീസ് എന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് അവൾ കൂതറാൻ തുടങ്ങി…
ദേ.. പെണ്ണേ അടങ്ങി കിടന്നില്ലേൽ ഞാൻ ദേ ഇത് പോലെ അങ്ങ് അമ്പലത്തിലേക്ക് കയറി ചെല്ലും….അത് വേണോ എന്നവൻ ചോദിച്ചതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കി വേണ്ടെന്ന് തലയാട്ടി….
അഹ്.. എന്നാ മോൾ കുറച്ചു നേരം ഹരിയേട്ടന്റെ ചൂടും പറ്റി ഇങ്ങനെ കിടക്ക്… അമ്പലത്തിൽ എത്താറാവുമ്പോ ഇറക്കാട്ടോ…. എന്നവൻ പറഞ്ഞു തീർന്നതും അവർക്ക് മുന്നിലൂടെ ഒരു ബൈക്ക് പാസ്സ് ചെയ്തു…. വണ്ടിയുടെ ലൈറ്റ് കണ്ണിലേക്കടിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…
ലച്ചു….. പേടിച്ചോ….എന്നവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി….
അതിനവൻ അവൾക്കൊന്ന് ഇളിച്ചു കാണിച്ചു….
ആരും കാണില്ലാന്ന് പറഞ്ഞിട്ട് ഇപ്പൊ കണ്ടില്ലേ….
ആരു കണ്ടൂന്നാ……
ദേ ആ വണ്ടിയിൽ പോയവർ….
അതാരാന്ന് നിനക്കറിയോടി….
ഇല്ലാ…
ഇല്ലല്ലോ.. എന്നാ പിന്നെ മിണ്ടരുത്….
ഇനിയെങ്കിലും എന്നെ താഴെയിറക്ക് ഹരിയേട്ടാ….. എന്നവൾ അവനോട് കെഞ്ചിയതും അവൻ അവളെ നോക്കി….
ഇറക്കണോ…
അഹ്.. വേണം…
എങ്കി എനിക്കൊരു ഉമ്മ താ….
അയ്യാ… ഒന്ന് പോയെ…..
അഹ് എന്നാ…. ഇറക്കില്ല…
കഷ്ട്ടണ്ട് ട്ടോ ഹരിയേട്ടാ….
നന്നായിപ്പോയി….
ഒരുമ്മയല്ലേ ചോദിച്ചൊള്ളു….
ശരി… തരാം… താഴെയിറക്ക്….
അത് വേണ്ട. പറ്റിക്കാനല്ലേ… ഉമ്മ തന്ന താഴെയിറക്കാം….
ഇല്ല പറ്റിക്കില്ല….. തരാം എന്നവൾ പറഞ്ഞതും അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി താഴെയിറക്കി…..
ചുളിഞ്ഞു നിന്ന ദാവണി കണ്ട് അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു….
ഹരിയേട്ടനോട് ആരാ എന്നെ എടുക്കാൻ പറഞ്ഞെ… ഇപ്പൊ കണ്ടില്ലേ ഡ്രസ്സ് ഒക്കെ കേടായി….
ഓ… പിന്നെ നിന്നെ എഴുന്നള്ളിക്കാൻ കൊണ്ട് പോവല്ലേ…. നീ വിഷയം മാറ്റാതെ ഉമ്മ താടി….
തരുമെന്ന് പറഞ്ഞാ തന്നിരിക്കും…. പക്ഷേ ഇപ്പൊഴല്ല…. ഉത്സവം കണ്ട് മടങ്ങുമ്പോ….
ദേ …. പെണ്ണേ… കളിക്കാൻ നിക്കല്ലേ….
ഓരോന്ന് പറഞ്ഞു മുങ്ങാൻ നോക്കുവാലെ…
അല്ല ഹരിയേട്ടാ…. ഇങ്ങോട്ട് പോരുന്ന വഴി തരാം…ഉറപ്പ്… ഹരിയേട്ടൻ വാ…ഇനിയും വൈകിയാ ഒന്നും കാണാൻ പറ്റില്ല എന്നും പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചതും അവനൊന്ന് മൂളി അവൾക്കൊപ്പം നടന്നു.
അമ്പലത്തിന്റെ അടുത്തെത്താറായതും ചെണ്ടയുടെയുടെയും വെടിക്കെട്ടിന്റെയുമെല്ലാം ശബ്ദം അവളുടെ കാതുകളിൽ എത്താൻ തുടങ്ങിയതും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…..
ഹരിയുടെ കൈകളിൽ മുറുക്കി പിടിച്ചവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവനും അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…. കുറച്ചൂടെ മുന്നോട്ട് നടന്നതും..ഹരി പെട്ടന്ന് നിന്നു……
ലച്ചു….
ആഹ്…
ഇനി മുന്നോട്ട് പോണോ….
വേണ്ട ഹരിയേട്ടാ… ഇനി പോയാ അവർ നമ്മളെ കാണും…. ഇവിടെ നിന്ന് കണ്ടാ മതി എന്നും പറഞ്ഞവൾ കാൽപ്പാദം പൊക്കി അമ്പലത്തിനുള്ളിലേക്ക് നോക്കാൻ തുടങ്ങി…
ശോ…. കാണുന്നില്ലല്ലോ…. എന്ന് പറഞ്ഞു തീർന്നതും .അവൻ അവളെ ബാക്കിലേക്ക് വലിച്ചു എടുത്ത് പൊക്കി അവിടെയുള്ള മതിലിലേക്ക് കയറ്റി നിർത്തിയതും അമ്പലവും പരിസരവും കണ്ട് അവളുടെ കണ്ണുകൾ വിടർന്നു……ചുറ്റും വിളക്കുകളും മാലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു….. ചെണ്ട മേളക്കാർ താളം ചവിട്ടി ഭംഗിയിൽ കൊട്ടുന്നതും നോക്കി നിക്കുമ്പോഴാണ് …. താലം ഏന്തി നിക്കുന്ന കിച്ചുവും ശ്രീയും അവളുടെ ശ്രദ്ധയിൽ പെട്ടത്….അവരുടെ അടുത്തായി അച്ഛനും അമ്മയും അടക്കം തറവാട്ടിലെ എല്ലാവരെയും ചിരി കളിയോടെ കണ്ടതും പതിയെ അവളുടെ മിഴികൾ നിറയാൻ തുടങ്ങി….ഹരിയുടെ കയ്യിൽ പിടിച്ചവൾ പതിയെ മതിലിനു താഴേക്കിറങ്ങിയതും…അവനും അവളെ അടുത്തേക്ക് ഇറങ്ങി…
ലച്ചു…..എന്ത് പറ്റി… വയ്യേ… എന്നവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി…..
എന്താടി… കാര്യം പറ….
ഹരിയേട്ടാ…..ദേ അവിടെ കിച്ചുവും ശ്രീയൊക്കെ താലം പിടിച്ചു നിക്കുന്നു… ഞാനും ഇന്ന് അവിടെ നിക്കേണ്ടതല്ലേ…. എല്ലാവരും എത്ര സന്തോഷത്തിലാ…. ഞാൻ ഇല്ലാഞ്ഞിട്ട് അവർക്ക് ഒരു സങ്കടവും ഇല്ലല്ലോ… എന്നൊക്കെ അവൾ ഏങ്ങി പറയുന്നത് കേട്ടവനു പാവം തോന്നി…. അവൻ പതിയെ അവളുടെ തലയിൽ തലോടി കൊടുത്തു…..
ലച്ചു….ദേ ഇങ്ങോട്ട് നോക്കിയേ…..എന്നും പറഞ്ഞവൻ അവളെ മുഖം പിടിച്ചുയർത്തി….
എന്തുവാടി..നിനക്ക് അങ്ങോട്ട് കയറാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ടല്ലേ…മോങ്ങുന്നത് കണ്ടാ തോന്നും നിന്നെ അവർ പടി അടച്ചു പിണ്ഡം വെച്ചൂന്ന്….. എന്നും പറഞ്ഞവൻ ചിരിക്കാൻ തുടങ്ങിയതും അവൾ ദേഷ്യത്തോടെ അവനെ നോക്കി…
നീ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ….ഞാൻ പറഞ്ഞത് ശരിയല്ലേ….തൊട്ടതിനും പിടിച്ചതിനും ഒക്കെ കരച്ചിൽ കഷ്ട്ടം…ഇങ്ങനത്തെ ഒന്നിനോടാനാണല്ലോ ദേവമേ…എനിക്ക് ആദ്യമായിട്ട് ഇഷ്ട്ടം തോന്നിയെ…..
ഹരിയേട്ടനോട് ഞാൻ പറഞ്ഞോ എന്നെ ഇഷ്ടപ്പെടാൻ…. എന്നെ ആരും ഇഷ്ട്ടപ്പെടണ്ട. സ്നേഹിക്കേം വേണ്ടാ…അറിവ് വെച്ച പ്രായം തൊട്ടേ ചെറിയമ്മക്ക് ഒഴികെ ആർക്കും എന്നെ ഇഷ്ട്ടമല്ല…എന്റെ ഒരിഷ്ട്ടങ്ങളും നടത്തി തന്നിട്ടും ഇല്ല…… അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല…ചോദിച്ചിട്ടും ഇല്ല…..ഇനിയും ലച്ചു അങ്ങനെ തന്നെ ആയിരിക്കും… എനിക്കും ആരേം വേണ്ടാ……എന്നെല്ലാം പരാതി പറഞ്ഞു തിരിഞ്ഞു നിന്നു കണ്ണ് തുടക്കുന്നവളെ കാൺകെ സഹാതാപത്തിനപ്പുറം വാത്സല്യം തോന്നിയവന്…
അവൻ അവളെ അടുത്തേക്ക് ചെന്നു അവളെ തോളിൽ കൈ വെച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി തിരിഞ്ഞു നിന്നു…
ലച്ചു…. പിണക്കാ…
എന്തിന്… പിണങ്ങാനൊന്നും ലച്ചൂന് അറിയില്ല ഹരിയേട്ടാ…. എന്നവൾ പറഞ്ഞു തീർന്നതും അവൻ അവളെ മതിലിനോട് ചേർത്ത് നിർത്തി കരഞ്ഞു കലങ്ങിയ ആ കരിമഷി കണ്ണുകളിലേക്ക് നോക്കി…..
ഞാൻ ഒരു തമാശ പറഞ്ഞതല്ലേ പെണ്ണേ…. എന്റെ ലച്ചുവിനെ ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം… ദേ ഈ കഴുത്തിലൊരു മിന്നു കെട്ടി …. നിന്റെ എല്ലാ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞാൻ നടത്തി തരും…..
എന്നെ ഇങ്ങനെ മോഹിപ്പിക്കല്ലേ ഹരിയേട്ടാ….ഉറങ്ങി ഉണരുമ്പോൾ കാണുന്നൊരു സ്വപ്നം പോലെ ഈ വാക്ക് മാഞ്ഞു പോയാൽ സഹിക്കാൻ കഴിയില്ലെനിക്ക്….എന്നവൾ ദയനീയമായ മുഖത്തോടെ അവനോട് പറഞ്ഞു….
ഇതൊരു വെറും വാക്കായി തോന്നിയോ ലച്ചു നിനക്ക്…എന്നും ചോദിച്ചവൻ അവളുടെ കൈ പിടിച്ചു മതിലിലേക്ക് കയറ്റി നിർത്തി അവളെ ചേർത്ത് പിടിച്ചു ദേവിക്ക് നേരെ നോക്കി…
നമ്മുടെ കുടുംബക്ഷേത്രം സാക്ഷിയാക്കി പറയുവാ…. ഈ ദേവിയുടെ നടയിൽ വെച്ച് ഈ നാട് കാൺകെ തെക്കേടത്ത് മാധവന്റെ മകൾ ലക്ഷ്മി പ്രിയയെ പുടവ കൊടുത്ത് ഞാൻ സ്വന്തമാക്കിയിരിക്കും. ഇത് മേലേവീട്ടിൽ ശേഖരൻ മകൻ ഹരികൃഷ്ണൻ ലക്ഷ്മി പ്രിയക്ക് തരുന്ന വാക്കാണ്……. ഈ വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹരികൃഷ്ണൻ ഈ ഭൂമിയിൽ ജീവനോടെ ഇല്ലെന്ന് കരുതിക്കോ നീ…എന്ന അവസാന വാക്കുകൾ ഹരി ലച്ചുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു……
ഇപ്പഴും ഇതൊരു വെറും വാക്കാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ലച്ചൂ എന്നവൻ അവളുടെ ചെവിയോരം പറഞ്ഞതും മുഖം പൊത്തി പിടിച്ച കൈ മാറ്റി അവനെ ഇറുക്കെ പുണർന്നു അവന്റെ കവിളിൽ അമർത്തി ചുംബിച്ചവൾ അവനിൽ നിന്നകന്നു നിന്നു……
പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ കവിളത്തു കൈ വെച്ച് പകച്ചു നിൽക്കുന്ന ഹരിയെ കണ്ടതും ലച്ചുവിന് ചിരി വന്നു….അവൾ അവന്റെ മറുകയ്യിൽ കൈ കോർത്ത് അവന്റെ കയ്യിലേക്ക് ചാരി നിന്നതും അവനൊന്ന് ഞെട്ടി അവളെ നോക്കി……
ഡീ… ഇപ്പൊ ഉമ്മ തന്നത് നീ തന്നെയാണോ….
അല്ല… കള്ളിയങ്കാട്ടു നീലി…..
ഏഹ്…. തമാശയോ…. നീയോ….എനിക്കിനി മരിച്ചാലും വേണ്ടില്ല….
എന്നും പറഞ്ഞവൻ മുകളിലേക്ക് നോക്കിയതും അവൾ അവന്റെ കയ്യിലൊന്ന് പിച്ചി…..
ഔ…. എന്താടി……വേദനിച്ചുട്ടോ…
കണക്കായി പോയി….. മരിക്കുന്ന കാര്യം പറഞ്ഞിട്ടല്ലേ….
മരണം ഒരു സത്യമല്ലേടി…ഇന്നല്ലെങ്കിൽ നാളെ നമ്മൾ അത് പ്രതീക്ഷിച്ചു കൊണ്ട് ജീവിക്കണം….
ഹരിയേട്ടാ… പ്ലീസ്… വേറെന്തെലും പറ… എനിക്ക് പേടിയാവുന്നു…നമുക്ക് വീട്ടിലേക്ക് പോവാം….എന്നും പറഞ്ഞവൾ മതിലിൽ നിന്നിറങ്ങി അവന് നേരെ കൈ കാണിച്ചതും അവൻ ഒരു ചിരിയോടെ അവളെ കയ്യിൽ പിടിച്ചു താഴേക്കിറങ്ങി……
പോവാം ഹരിയേട്ടാ…. നേരം ഒരുപ്പാടായി….എങ്ങാനും അവർക്ക് നേരത്തേ വീട്ടിലേക്ക് പോയീച്ചാ തീർന്നു….
ആ പോവാം….. അതിന് മുൻപ് ചെറിയൊരു പരിപാടി കൂടെ ഉണ്ട്….
ഏഹ്… അതെന്താ…..
വാ….
കയ്യീന്ന് വിട് ഹരിയേട്ടാ…ഞാൻ വന്നോളാം….എന്നും പറഞ്ഞവൾ അവനിൽ നിന്ന് കൈ വിടീക്കാൻ നോക്കിയതും അവൻ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി…. അത് കണ്ട് അവൾ തല താഴ്ത്തി നിന്നതും അവനൊന്ന് മൂളി അവളെ കയ്യും പിടിച്ചു ഒരു കടയിലേക്ക് കൊണ്ട് പോയി……
ഡീ… താഴോട്ട് നോക്കി നിക്കാതെ എന്താന്ന് വെച്ചാ വാങ്ങിക്ക്… എന്നവൻ പറഞ്ഞതും തല ഉയർത്തി നോക്കിയ അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു….. വളയും മാലയും അടക്കം പെൺകുട്ടികൾ ഉപയോഗിക്കുന്ന ഒട്ടു മിക്ക സാധനങ്ങളും ഉൾക്കൊണ്ട ഒരു കട….
ഹരിയേട്ടാ…..
മിഴിച്ചു നിൽക്കാതെ എന്താന്ന് വെച്ചാ വാങ്ങിക്കോടി..എന്നവൻ പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി….
ദേ…. എനിക്കത് മതി ഹരിയേട്ടാ… എന്നും പറഞ്ഞവൾ കുപ്പിവള പെട്ടിയിലേക്ക് കൈ ചൂണ്ടിയതും അവൻ അവളെ നോക്കി ചിരിച്ചു അതിൽ നിന്ന് അവളുടെ ദാവണിക്ക് ചേർന്ന വള എടുത്ത് അവളെ കയ്യിൽ ഇട്ട് കൊടുത്തു…..പിന്നെയും അവൻ അവൾക്കായ് പൊട്ടും കണ്മഷിയുമെല്ലാം എടുക്കുന്നത് കണ്ടതും അവൾ വേണ്ടെന്ന് പറഞ്ഞു..
എനിക്കിത് മാത്രം മതി ഹരിയേട്ടാ….
അതെന്താ…. ഇതൊക്കെ നിന്റെ കയ്യിൽ ഉള്ളതാണോ .. എന്നവൻ ചോദിച്ചതും അവൾ പെട്ടന്ന് തല താഴ്ത്തി പിടിച്ചു അല്ലെന്ന് തലയാട്ടി….
എനിക്കറിയാം നീ ഇപ്പൊ ഇട്ടിരിക്കുന്ന ഡ്രസ്സ് ഒഴികെ ബാക്കി എല്ലാം കിച്ചുവിന്റെ അല്ലേ…..എന്നവൻ ചോദിച്ചതും അവൾ ഞെട്ടി അവനെ നോക്കി…..
അത് വേണ്ടാ…. എന്റെ പെണ്ണ് ഇനി മുതൽ മറ്റുള്ളവരുടേത് ഉപയോഗിക്കണ്ട…. നിനക്ക് വേണ്ടത് ഇനി മുതൽ ഞാൻ വാങ്ങിക്കോളാം…. എന്നും പറഞ്ഞവൻ അവൾക്ക് ആവിശ്യമെന്ന് തോന്നിയത് എല്ലാം എടുത്ത് പൈസയും കൊടുത്തു അവളെ കയ്യിൽ പിടിച്ചു നടന്നു….
ഹരിയേട്ടാ ഒത്തിരി പൈസ ആയല്ലേ…എനിക്കീ വള മാത്രം മതിയായിരുന്നു ….
ആ ആയി… ആ പൈസ ഉണ്ടായിരുന്നേൽ എനിക്കിപ്പോ ഒരു വീട് വെക്കായിരുന്നു…
കളിയാക്കിയതാലേ…
അല്ലെടി കാര്യം പറഞ്ഞതാ….അവളൊരു കണക്ക്….നിനക്ക് ഞാൻ വാങ്ങിയത് ഇഷ്ടമായില്ലേൽ ഉപയോഗിക്കണ്ട… പോരെ….എന്നും പറഞ്ഞവൻ ഇടവഴിയിലൂടെ വേഗത്തിൽ നടന്നതും അവൾ ഓടി അവന്റെ മുന്നിലേക്ക് നിന്നു….
ദേഷ്യപ്പെടല്ലേ..ഹരിയേട്ടന് പഠിക്കാൻ ഉള്ള പൈസ അല്ലേ കയ്യിലൊള്ളൂ അതാ ഞാൻ…. അങ്ങനൊക്കെ പറഞ്ഞത്… അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല..എന്നും പറഞ്ഞു…. ചെവിയിൽ പിടിച്ചു അവനോട് സോറി എന്ന് ചുണ്ട് കൊണ്ട് മെല്ലെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു അവളെ തലയിൽ ഒരു മേട്ടം കൊടുത്തു…..
ന്റെ ലച്ചു…. ആവിശ്യത്തിലധികം എന്റെ അക്കൗണ്ടിൽ പൈസ ഇട്ട് തന്നിട്ടുണ്ട് അമ്മ…. അത് അമ്മയുടെ പൈസ ഒന്നും അല്ലാട്ടോ…… എന്റെ അച്ഛൻ എനിക്ക് വേണ്ടി സാംബാധിച്ചു വെച്ചതാ…… അത് ആവിശ്യത്തിന് ഉപയോഗിക്കാൻ ഉള്ളതാ…. അത് കൊണ്ട് കൂടുതൽ ആലോചിച്ചു എന്റെ പെണ്ണ് തല പുകയ്ക്കണ്ട…..
അല്ല നിന്റെ വയറു വേദനയൊക്കെ മാറിയോ ഇപ്പൊ..ഓടി ചാടിയാണല്ലോ നടപ്പ്….എന്നവൻ പറഞ്ഞതും
അവളൊന്ന് ചിരിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങി….. അത് കണ്ട് അവനും അവളുടെ കൂടെ നടന്നു….
ഹരിയേട്ടന് ഒരു കാര്യം അറിയോ…. ഈ ഭൂമിയിൽ തന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും മനസ്സിലാക്കാനും കഴിയുന്നൊരാൾ കൂടെ ഉണ്ടാവുക എന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യവും സ്വപ്നവും ആഗ്രഹവും…. അങനൊരാൾ കൂടെ ഉണ്ടാവുമ്പോ…. എത്ര വലിയ വേദനയേയും നിസ്സാരമാക്കി മാറ്റാൻ കഴിവുള്ളവളാണ് പെണ്ണ്…… ആ ഒരു നിമിഷത്തിലാണ് ഞാനിപ്പോ…. ഹരിയേട്ടന്റെ സാമിപ്യത്തിൽ എന്റെ എല്ലാ വേദനകളും സങ്കടങ്ങളും മറക്കുവാ ഞാൻ……..ഒരുപ്പാട് കാലത്തിനു ശേഷം മനസ്സറിഞ്ഞു സന്തോഷിച്ച കുറച്ചു നിമിഷങ്ങൾ… താങ്ക്സ് ഹരിയേട്ടാ എന്നും പറഞ്ഞവൾ അവന്റെ തോളിലേക്ക് ചാഞ്ഞതും അവർക്ക് പിന്നിലെ കാലൊച്ച കേട്ട് രണ്ട് പേരും ഞെട്ടി പിറകോട്ടു നോക്കി…..
തുടരും

by