17/04/2026

താലി ബന്ധനം : ഭാഗം 08

രചന – സെലുനിസു

അവൾ തോർത്തിൽ ഒന്നൂടെ പിടി മുറുക്കി താഴേക്ക് നോക്കി നിന്നു…..
അത് പിടിച്ചു നിക്കാതെ ഇങ് കൊണ്ട് വന്നു കൊടുക്കെടി. തലയും താഴ്ത്തി നിക്കാൻ നിന്നെ ആരും പെണ്ണ് കാണാൻ വന്നിട്ടൊന്നും ഇല്ലിവിടെ. എന്ന് മാലു പറഞ്ഞതും അവൾ ഒന്ന് ഞെട്ടി തോർത്തുമായി ഹരിയുടെ അടുത്തേക്ക് ചെന്ന് തോർത്ത്‌ നീട്ടി അവന്റെ മുഖത്തേക്കൊന്ന് നോക്കി….

അത് കണ്ട് അവൻ ഒന്ന് തലയാട്ടി ചിരിച്ചു. ചുണ്ടിൽ തടവിയതും അവളവനെ തുറിച്ചു നോക്കി അകത്തേക്ക് കയറി പോയി…

ശേ… എന്തൊക്കെയാ എന്റെ കണ്ണാ നടക്കുന്നത്… ഹരിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…..എന്ന് സ്വയം പറഞ്ഞവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് തന്റെ ചുണ്ടിലേക്ക് നോക്കി…

മുറിഞ്ഞു വീക്കം വന്നിട്ടുണ്ട്…ഇതും കൊണ്ട് ഞാൻ എങെനെയാ താഴേക്ക് ചെല്ലുന്നത്…..

ലച്ചൂ…… ഡീ…. ലച്ചൂ….

അയ്യോ…. അമ്മ വിളിക്കുന്നു….. ഇതെങ്ങാനും കണ്ട് എന്ത് പറ്റിയതാന്ന് ചോദിച്ചാൽ എന്ത് ചെയ്യും… ആലോചിച്ചിട്ട് കയ്യും കാലും വിറക്കുന്നു…..

ലച്ചൂ….. ഇങ്ങോട്ട് വാടി…

ആ.. ദേ വരുന്നു അമ്മാ… എന്നും പറഞ്ഞവൾ ധൃതിയിൽ പുറത്തേക്കിറങ്ങി….

എന്താ… അമ്മാ….

എത്ര നേരമായി നിന്നെ വിളിക്കുന്നു….

അത്… അമ്മാ ഞാൻ…

അല്ല… നിന്റെ ചുണ്ടിന് ഇതെന്ത് പറ്റി….

അത്… അത് പിന്നെ…. ഞാൻ…

എന്തുവാടി…

അത് അമ്മാ… ഞാൻ… ആ….. കുളിമുറിയിൽ തെന്നി വീണതാ….. അപ്പൊ ചുണ്ട് ചുമരിലിടിച്ചു…..

മ്മ്….. നീ ആ ചക്ക പുഴുക്ക് ഒന്ന് ചൂടാക്കി ഹരിക്ക് കൊണ്ട് കൊടുത്തേ….

ഏഹ്… അപ്പൊ ഹരിയേട്ടന് വേണ്ടന്നല്ലേ പറഞ്ഞെ…..ഇനി കൊണ്ട് കൊടുത്താ എനിക്ക് വഴക്ക് കേൾക്കും….

വഴക്കൊന്നും കേൾക്കില്ല. അവൻ പറഞ്ഞിട്ട് തന്നെയാ… ലേശം കട്ടനും കൂടെ ഉണ്ടാക്കിയേക്ക്… ഞാനൊന്ന് കിടക്കട്ടെ.. കാലിന് എന്തോ നല്ല വേദനയുണ്ട് എന്നും പറഞ്ഞു ശാരു അടുക്കളയിൽ നിന്ന് പോയതും അവളൊന്ന് നെടുവീർപ്പിട്ട് കുറച്ചു സമയം കൊണ്ട് തന്നെ ചായ ഉണ്ടാക്കി അതും ചക്ക പുഴുക്കും എടുത്ത് ടേബിളിൽ വെച്ചവൾ ഹരിയെ വിളിക്കാൻ മുറിയിലേക്ക് പോയി….

മുറി തുറന്നു നോക്കിയെങ്കിലും അവനെ കാണാത്തത് കണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ അവൻ വന്നു അവളുടെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്ത് നിർത്തി….

അങ്ങനങ്ങു പോയാലോ…

ദേ…. ഹരിയേട്ടാ കൊറച്ചു കൂടുന്നുണ്ട്… വിട്ടേ…ദേ ചായ എടുത്ത് വെച്ചേക്കുന്നു വേണേൽ പോയി കുടിച്ചോ….

വേണേൽ പോയി കുടിച്ചോന്നോ… അതെന്ത് പറച്ചിലാടി…

ആ… എനിക്കിങ്ങനെ പറയാനേ അറിയൂ…

ലച്ചൂ….നീ ഇങ്ങനെ മുഖവും വീർപ്പിച്ചു നിക്കല്ലേ….സഹിക്കുന്നില്ലെടി….

കണക്കായി പോയി…ഹരിയേട്ടന് മാത്രം ഉള്ളതല്ല. ഈ വേദനയും സങ്കടമൊന്നും…. ഒരു തെറ്റും ചെയ്തിട്ടില്ലാഞ്ഞിട്ട് പോലും എന്നെ എന്തൊക്കെയാ പറഞേ….

അതിന് ഞാൻ സോറി പറഞ്ഞില്ലേ…

ഒരു സോറി കൊണ്ട് തീരുവോ എല്ലാം…

പിന്നെ… എന്റെ പെണ്ണിന്റെ പിണക്കം മാറാൻ ഞാൻ എന്താ ചെയ്യണ്ടേ…

ഒന്നും ചെയ്യണ്ടാ…. എന്നെ ഒന്ന് വിട്ടാ മതി…. എന്നും പറഞ്ഞു അവൾ അവനിൽ നിന്ന് കുതറാൻ തുടങ്ങിയതും അവൻ കയ്യെടുത്ത് മാറ്റി അവളെ പിടിച്ചു തിരിച്ചു നിർത്തി…..

മുറിഞ്ഞു വീങ്ങിയ അവളുടെ ചുണ്ടിലേക്കാണ് അവന്റെ നോട്ടം എന്നത് അറിയവേ ലച്ചുവിന് എന്തോ വല്ലാതെ ആയി…അവൾ പെട്ടന്ന് തന്നെ അവനിലുള്ള നോട്ടം മാറ്റി താഴേക്ക് നോക്കി നിന്നു……

ചൂണ്ടു വിരലാൽ പതിയെ അവൻ അവളുടെ ചുണ്ടിലൊന്ന് തൊട്ടതും വേദന കാരണം അവളൊന്ന് എരിവ് വലിച്ചു കണ്ണടച്ചു പിടിച്ചു…..

ലച്ചൂ സോറി ഡീ…. വേണമെന്ന് വെച്ച് ചെയ്തതല്ല… അപ്പോഴത്തെ ദേഷ്യത്തിന് പറ്റിപ്പോയി… ക്ഷമിക്കെടി പെണ്ണേ…. എന്നും പറഞ്ഞവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും അവളവനൊന്ന് പുഞ്ചിരിച്ച് കൊടുത്തു….

ഓ…. ഇപ്പോഴാ സമാധാനം ആയത്…..എന്റെ പെണ്ണൊന്ന് ചിരിച്ചു കണ്ടല്ലോ….

ലച്ചൂ…

മ്മ്….

ഒത്തിരി വേദനിച്ചോ…..

സാരല്ല…..

ആ അതാണ്… സാരല്ലാട്ടോ…. ഇനി എന്തൊക്കെ കിടക്കുന്നു….എന്നൊരു കള്ള ചിരിയാലെ പറഞ്ഞതും അവളവനെ കൂർപ്പിച്ചൊന്ന് നോക്കി അവന്റെ കൈ തട്ടി മാറ്റി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും അവനൊന്ന് ചിരിച്ചു കൊണ്ട് അവൾക്ക് പിറകെ നടന്നു…..

ഐവ അടിപൊളി ചക്ക പുഴുക്ക്…. ഇത് കഴിക്കാതിരുന്നെങ്കിൽ നഷ്ട്ടായി പോയേനെ….

ആർക്ക്..എന്ത് നഷ്ട്ടം…

എന്റെ നാവിനും വയറിനും…പിന്നെ നിനക്കും സങ്കടം ആവുമായിരുന്നില്ലേ…

ഏയ്‌.. എനിക്കെന്തിനാ സങ്കടം… ഞാൻ വയറു നിറച്ചു കഴിച്ചു…പിന്നെ ബാക്കി ഉണ്ടെങ്കിൽ അതെന്റെ മറ്റവന് കൊണ്ട് പോയി കൊടുക്കണം എന്ന് വിചാരിച്ചു നിക്കുവായിരുന്നു. അപ്പോഴാ അമ്മ അത് ഹരിയേട്ടന് കൊണ്ട് തരാൻ പറഞ്ഞത്…. എന്നവൾ അവനെ നോക്കാതെ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി കഴിപ്പ് തുടർന്നു…..

നീ ഇവിടെ വന്നിരുന്നേ…

എന്തിനാ…

ഇങ് വാടി…..എന്നവൻ പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് അവന്റെ അടുത്ത് ചെയറിൽ പോയിരുന്നു….

അവൻ ഒരു സ്പൂണിൽ ചക്ക പുഴുക്കെടുത്തു അവൾക്ക് നേരെ നീട്ടിയതും അവൾ വേണ്ടെന്ന് തലയാട്ടി…

നീ ഇത് കഴിച്ചില്ലെന്ന് എനിക്കറിഞ്ഞൂടെ…..ഞാൻ എണീറ്റു പോയ ഉടനെ നീ എണീക്കുന്നത് ഞാൻ കണ്ടതാ….അപ്പൊ നിനക്കെന്നോട് ഇഷ്ട്ടമൊക്കെ ഉണ്ടല്ലേ….

ഓ… പിന്നെ… എനിക്ക് വേണ്ടാഞ്ഞിട്ടാ മതിയാക്കിയേ… അല്ലാതെ ഹരിയേട്ടൻ എണീറ്റത് കൊണ്ടൊന്നും അല്ല…

ഓ… ആയിക്കോട്ടെ…. എന്നാ മോളിപ്പോ ഇത് കഴിക്ക് എന്നും പറഞ്ഞവൻ അവൾക്ക് നേരെ വീണ്ടും സ്പൂൺ നീട്ടിയതും അവളവനെ തന്നെ നോക്കി വാ തുറന്നു…. ചക്ക പുഴുക്ക് ചുണ്ടിൽ തട്ടിയതും നീറ്റൽ കൊണ്ടവൾ എണീറ്റ് നിന്ന് ചുണ്ടിലേക്ക് കൈ വീശാൻ തുടങ്ങിയതും അവന് സങ്കടം തോന്നി…

പാവം….അപ്പോഴത്തെ ദേഷ്യത്തിന് ചെയ്ത് പോയതാ… ഇങ്ങനൊക്കെ ആവുമെന്ന് വിചാരിച്ചതേ ഇല്ല …എന്ന് മനസ്സിൽ വിചാരിച്ചവൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു…..

ലച്ചൂ…എന്താ പറയണ്ടേന്ന് എനിക്ക് അറിയുന്നില്ലെടി. എന്ത് പറഞ്ഞാലും ഞാൻ ചെയ്ത തെറ്റിന് പരിഹാരമാവില്ലാന്ന് അറിയാം….എന്നവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…..

അവളവനെ നോക്കി കുഴപ്പമില്ലെന്ന മട്ടിൽ കണ്ണ് ചിമ്മി കാണിച്ചു…..പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയതും അവൻ മുറിയിലേക്ക് കയറി ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി…

ഹരിക്കുട്ടാ എങ്ങോട്ടാടാ…

അമ്മ ഞാൻ പുറത്തൊന്നു പോയിട്ട് വരാം….

ഒരുപാട് വൈകരുത്…

ആ… ഇല്ലാ..

നീ എങെനെയാ പോവുന്നത്.

ഓട്ടോ വല്ലതും കിട്ടുവോ നോക്കട്ടെ…ശരിയെന്നാ പോയിട്ട് വരാം എന്നും പറഞ്ഞവൻ ഗേറ്റ് കടന്നതും അവൻ പോവുന്നതും നോക്കി നിന്ന മാലു അകത്തേക്ക് കയറാൻ ഒരുങ്ങവേ വാതിൽ പടിയിൽ നിൽക്കുന്ന ലച്ചുവിനെ കണ്ട് അവരൊന്ന് നെറ്റി ചുളിച്ചു…

മ്മ്… എന്താടി….

ഹരിയേട്ടൻ എങ്ങോട്ടാ അമ്മായി പോയേ…

അവൻ എങ്ങോട്ട് പോയാലും നിനക്കെന്താ…. നീ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപ്പെടണ്ടാ…. എന്നും പറഞ്ഞു മാലു അവളെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് കടന്നതും…. അവൾക്ക് തെല്ലു സങ്കടം തോന്നി…. കുറച്ചു നേരം അതേ നിൽപ്പ് തുടർന്നവൾ പിന്നീട് തന്റെ മുറിയിലേക്ക് കയറി ബെഡിൽ വെച്ചിരുന്ന ബുക്ക്‌ എടുത്തു നിവർത്തി….

തനിക്കുള്ള ഏക കൂട്ട് ആണ് ഇപ്പൊ ഈ കയ്യിൽ ഇരിക്കുന്നത്..സ്കൂളിലെ ലൈബ്രററിയിൽ നിന്നുമാണ് ആദ്യമായി ബുക്ക്‌ വായിക്കുന്നത്…ബാല്യത്തിൽ അതൊരു കൗതുകമായിരുന്നെങ്കിലും ഇന്നെന്റെ ജീവനിലെ ഓരോ തുടിപ്പിലും അക്ഷരങ്ങൾ നിറഞ്ഞു നിൽപ്പുണ്ട്. അത്രത്തോളം വായനയെ ഇഷ്ട്ടപ്പെടുന്നു….നിരന്തരം വരുന്ന സങ്കടങ്ങളെയും വേവലാതികളെയും മായ്ച്ചു കളയാൻ താൻ തിരഞ്ഞെടുത്ത മാർഗ്ഗമാണ് ഇന്ന് വായന..മറ്റൊരാളുടെ തൂലികയാൽ അടർന്നു വീഴുന്ന അക്ഷരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും ചെറുതല്ല. കുറച്ചു നേരത്തേക്കെങ്കിലും ആ കഥയിലൂടെ തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്….ഒരിക്കൽ പോലും മടുപ്പ് തോന്നാത്ത വിധം അക്ഷരങ്ങളെ ഇന്ന് ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു….
എന്നെല്ലാം മനസ്സിൽ ഓർത്തു കൊണ്ടവൾ ആ ബുക്കിലെ അക്ഷരങ്ങളിലൂടെ വിരലോടിച്ചു അത് മാറോടണച്ചു പിടിച്ചു…

ഡാ… ദാസപ്പാ… നീ എവിടെയാടാ…. വീട്ടിലുണ്ടോ…

ഉണ്ടെങ്കിൽ…

ഉണ്ടെങ്കിൽ നീ ഒന്ന് ഇങ് വന്നേ….

എങ്ങോട്ട് ബാംഗ്ലൂരിലേക്കോ…
ഞാനില്ല..

ഓ… ഇവനെ കൊണ്ട്…. ഡാ…. നീ ഒന്ന് വീടിന് പുറത്തേക്കിറങ്ങ് ഞാൻ പുറത്തുണ്ട്…

ഏഹ്… നീ എപ്പോ എത്തി….

അതൊക്കെ പറയാം നീ ഒന്നിങ്ങോട്ട് എഴുന്നള്ളുവോ…..

ദേ വന്നു ഡാ…. എന്ന് ദാസ് പറഞ്ഞതും അവൻ കാൾ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ട് തിരഞ്ഞത് മാത്രമേ ഓർമയുള്ളൂ….പുറത്ത് നല്ല അടാർ ഒരു അടി വന്നു വീണതും വേദന കൊണ്ട് അവനൊന്ന് കുനിഞ്ഞു പോയി….

ഏയ്‌… ഹരി…. എന്തെല്ലാ…. എന്നും ചോദിച്ചു ദാസ് അവന്റെ തോളിലൂടെ കയ്യിട്ടതും അവനാ കൈ പിടിച്ചു തിരിച്ചു….

ആ…. അമ്മാ….. എന്റെ കൈ വിടെടാ…… വേദനിക്കുന്നു…

വേദനിക്കാൻ തന്നെയാ പിടിച്ചത്… അടിച്ചും കൊണ്ടാണോടാ പട്ടി വിശേഷം ചോദിക്കുന്നത്…മനുഷ്യന്റെ പുറം പുകയുന്നു….

ഓ… സോറി അളിയാ.. നിന്നെ കണ്ട ആവേശത്തിൽ ചെയ്ത് പോയതാ… കൈ വിടെടാ വേദന കൂടി വരുന്നു എന്നും പറഞ്ഞു ദാസ് നിന്ന് തുള്ളാൻ തുടങ്ങിയതും ഹരി അവന്റെ കയ്യിലുള്ള പിടി വിട്ടു….

ഓ… ന്റെ കൈ ഓടിഞ്ഞൂന്നാ തോന്നുന്നേ.. ഇതിനാണോടാ കോപ്പേ നീ ബാംഗ്ലൂരിൽ നിന്ന് വന്നത്….

കയ്യിലിരിപ്പ് മോശമായാൽ ഇങ്ങനെ പലതും കിട്ടിയെന്നിരിക്കും.. നമുക്ക് വിശദമായിട്ട് സംസാരിക്കാം.ബാ…..

വീട്ടിൽ കയറിയിട്ട് പോടാ…. കൊറേ ആയില്ലേ നീ ഇങ്ങോട്ട് ഒക്കെ വന്നിട്ട്….

അത് വേണോ… നിന്റെ അമ്മ സ്ഥിരം ഡയലോഗ് പറഞ്ഞാലോ….നിന്നെ നാശമാക്കിയത് ഞാൻ ആണെന്ന്….

ഏയ്‌…. ഇപ്പൊ അങ്ങനൊന്നും പറയില്ല…. ഞാൻ നന്നായില്ലേ…. തന്നെയുമല്ല അമ്മ എപ്പഴും ചോദിക്കും നീ എന്നാ വരുന്നേന്ന് …

എന്നാ വാ ഒന്ന് കയറിയേക്കാം എന്നും പറഞ്ഞവൻ ദാസിന്റെ കൂടെ അവന്റെ വീട്ടിലേക്ക് കയറി…

അച്ഛന്റെ മരണ ശേഷം അവിടെ സ്കൂളിൽ നിന്നും മാറി ഇവിടുത്തെ സ്കൂളിലേക്ക് ചേർന്നപ്പോൾ നല്ല സങ്കടം തോന്നിയിരുന്നു…… പക്ഷേ ക്ലാസ്സിൽ കയറിയപ്പോഴേ…കണ്ണ് പോയത് ഇവന്റെ മുഖത്തേക്കാണ്….
അവന്റെ അരികിലേക്ക് തന്നെ മാടി വിളിച്ചതും ചിരിച്ചു കൊണ്ട് അവിടെ ചെന്ന് ഇരുന്നു..ആർക്കും അസൂയ തോന്നും വിധം നല്ല ഫ്രണ്ട്‌സായി…..പിന്നീടങ്ങോട്ട് ടീച്ചേർസിന് ഒരു തലവേദന തന്നെയായിരുന്നു ഞങ്ങൾ …ആ സ്കൂളിലെ ഏറ്റവും നല്ല കച്ചറ പാർട്ടികളായി അവിടം വിലസി… പഠിക്കാൻ മിടുക്കരായത് കൊണ്ട് മാത്രം അവർ സ്കൂളിൽ നിന്ന് പുറത്താക്കിയില്ലാ….അവനും എന്നെ പോലെ അമ്മയുടെ ഒറ്റ മോൻ തന്നെയാണ് അച്ഛൻ പലചരക്കു കട നടത്തുന്നു….സ്കൂൾ കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോ രണ്ടാളുടെയും ലക്ഷ്യം രണ്ടായത് കൊണ്ട് തന്നെ ഞങ്ങൾക്ക് പഠനവും രണ്ടിടത്താക്കേണ്ടി വന്നു…..എനിക്ക് മെഡിസിന് ചേരണം എന്ന് പറഞ്ഞപ്പോ അവന് നല്ലൊരു അധ്യാപകനാവണമെന്നായിരുന്നു…. അങ്ങനെ ഞങ്ങളുടെ ലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടു പടിയുടെ ലാസ്റ്റ് സ്റ്റെപ്പിലാണിപ്പോ….

ഡാ…. ഹരി.. നീ എന്താടാ… ആലോചിച്ചിരിക്കുന്നത് ചായ കുടിക്കെടാ…. എന്നും പറഞ്ഞു ദാസ് അവന്റെ തോളിലൊന്ന് തട്ടിയതും അവൻ ചിന്തകളിൽ നിന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു….

ചായയും കുടിച്ച് അവന്റെ അമ്മയോട് യാത്ര പറഞ്ഞവർ ദാസിന്റെ ബൈക്കിൽ അവരുടെ പഴയ സ്കൂളിലേക്ക് വിട്ടു……

ഹരി…സസ്പെൻഷൻ കിട്ടി വന്നതാണെന്ന് വീട്ടിലറിഞ്ഞോ….

മ്മ്… അറിഞ്ഞു…. പക്ഷേ പ്രതീക്ഷിച്ചത് പോലെ പ്രശ്നമൊന്നും ഉണ്ടായില്ല….

മ്മ്… എന്നിട്ട് നിന്റെ പ്രണയിനി എന്ത് പറയുന്നു…ഇഷ്ട്ടം തുറന്നു പറഞ്ഞോ നീ…

മ്മ്… വന്നു കയറിയപ്പോ തന്നെ പറയാൻ പറ്റി… പക്ഷേ അവളിൽ നിന്ന് കൃത്യമായൊരു മറുപടി കിട്ടിയിട്ടില്ലെടാ….എന്നും പറഞ്ഞവൻ നടന്നതെല്ലാം അവനോട് പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞു വായും പൊളിച്ചു നിക്കുന്നവനെ കണ്ട് ഹരി അവന്റെ താടിയിൽ ഒന്ന് തട്ടി വാ അടപ്പിച്ചു….

എന്നാലും എന്റെ ഹരികൃഷ്ണാ…..നീ ഇത്രക്ക് ഫാസ്റ്റ് ആണെന്ന് ഞാൻ കരുതിയില്ല……അവളൊരു പാവമായത് കൊണ്ട് നീ രക്ഷപ്പെട്ടു. ഇല്ലേൽ ഇപ്പൊ നിന്റെ മുഖത്തു അവളുടെ കയ്യിന്റെ പാട് വീണേനെ…

അയ്യാ…. പാവം. അവൾ കാണുന്നത് പോലൊന്നും അല്ല മോനേ…. ശരിക്കും ഒരു കാന്താരിയാ… പക്ഷേ അവളെ അറിയണമെങ്കിൽ അവളോട് അടുക്കണമെന്ന് മാത്രം…. എന്നും പറഞ്ഞവൻ അവളെ ഓർത്തു ഒന്ന് പുഞ്ചിരിച്ചു…….

തുടരും…..