18/04/2026

താലിബന്ധനം : ഭാഗം 14

രചന – സെലുനിസു

അവളൊന്ന് ഞെട്ടി ഹരിയെ തിരിഞ്ഞു നോക്കി…..

അത് കണ്ട് ഹരി ലച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തിയതും. അവളവനിൽ നിന്ന് കുതറി മാറാൻ നോക്കവേ അവൻ ഒന്നൂടെ അവളെ ഇറുക്കി പിടിച്ചു…..

അടങ്ങി നിക്കെടി… ഉണ്ടക്കണ്ണി…. എന്നും പറഞ്ഞവൻ അവളെ നോക്കി കണ്ണുരുട്ടി.. വാതിൽ പടിയിൽ അന്ധം വിട്ട് നിൽക്കുന്ന മിനിയെ നോക്കി…..

ഡീ…. ഇവിടെ വന്നേ എന്നും പറഞ്ഞവൻ അവളെ കൈ കൊണ്ട് മാടി വിളിച്ചതും…ഒരനക്കവുമില്ലാതെ നിൽക്കുന്ന മിനിയെ കണ്ട് ലച്ചു ഒന്ന് പേടിച്ചു…..

ഹരിയേട്ടാ വിട്ടേ…. അവളെന്താ മിണ്ടാതെ നിക്കുന്നേ… ഞാനൊന്ന് ചെന്ന് നോക്കട്ടെ….

നീ അങ്ങോട്ട് പോണ്ട ഒരാവിശ്യവും ഇല്ലാ…. അവളിങ്ങോട്ട് വരും… എന്നും പറഞ്ഞവൻ ഡീ… ന്ന് വിളിച്ചു അലറിയതും അവളൊന്ന് ഞെട്ടി പടിയിൽ നിന്ന് ഒന്ന് തെന്നി….. പെട്ടന്നവൾ വാതിൽ പടിയിൽ പിടിച്ചു നിന്ന് ലച്ചുവിനെയും ഹരിയേയും മാറി മാറി നോക്കി…

നോക്കി നിൽക്കാതെ ഇങ് വാടി….. എന്നവൻ ഒന്നൂടെ ഉറക്കെ പറഞ്ഞതും അവൾ തലയാട്ടി പതിയെ പടവുകൾ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്ന് നിന്ന് ലച്ചുവിനെ ഒന്ന് അടിമുടി നോക്കി തലയാട്ടി…..

നീ എന്താടി ഒളിഞ്ഞു നോക്കുവായിരുന്നോ എന്നവന്റെ ചോദ്യം കേട്ടതും അവൾ ലച്ചുവിൽ നിന്നുള്ള നോട്ടം മാറ്റി ഹരിയെ നോക്കി അല്ലെന്ന് തലയാട്ടി…..

പിന്നെ… നിനക്കവിടെ എന്തായിരുന്നു പരിപാടി….

അത്…. ഞാൻ ലച്ചുവിനെ കാണാൻ….. മുറിയിൽ ചെന്നപ്പോ അവിടെ കണ്ടില്ല….അപ്പോ ഇങ്ങോട്ട് പോന്നതാ….. എന്നൊക്കെ അവൾ തപ്പി തടഞ്ഞു പറഞ്ഞു ഒപ്പിച്ചതും അവനൊന്ന് മൂളി…..

അവൾ ഇവിടെയാണെന്ന് നിന്നോടാരാ പറഞ്ഞേ…

വീട്ടിൽ ഇല്ലാത്തപ്പോ അവൾ ഇവിടെ വന്നിരിക്കാറുണ്ട്.. അതറിയാവുന്നത് കൊണ്ടാ…..

ഹ്മ്മ്… ശരി….അല്ല എന്തിനാപ്പോ നീ ഇവളെ കാണുന്നേ…..

ഇവൾടെ റിസൾട്ട് നോക്കാൻ മനുവേട്ടൻ ഇവളേം കൂട്ടി ചെല്ലാൻ പറഞ്ഞു….

അപ്പോ നിന്റേത് നോക്കണ്ടേ…

നോക്കി….

എന്നിട്ട് പാസ്സായോ…

ആ….

മാർക്ക് എങ്ങനെണ്ട്…

രണ്ട് A+ നാല് A

ഏഹ്…. അതെന്താ ഫുൾ എ പ്ലസ് കിട്ടാഞ്ഞേ…..

അത്… അതറിയില്ല…

എങ്ങനെ അറിയാതിരിക്കുന്നേ….പഠിക്കേണ്ട ടൈം വായിനോക്കാൻ പോയതോണ്ടാ എന്നവൻ പറഞ്ഞതും അവൾ ലച്ചുവിനെയൊന്ന് തുറിച്ചു നോക്കി….

അവളെ നോക്കി പേടിപ്പിക്കണ്ട….. അവൾ പറഞ്ഞിട്ട് അറിഞ്ഞതൊന്നും അല്ല…. നിന്നെ ഞാൻ കുറേ ആയിലെ കാണുന്നു…..ഇനി കൂടെ കൂട്ടി എന്റെ പെണ്ണിനെ കൂടെ ചീത്തയാക്കുവോ നീ എന്നും പറഞ്ഞവൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കിയതും മിനി വാ പൊളിച്ചു നിന്നു….

വാ… അടക്കെടി വല്ല പാറ്റയും കയറും….

പെണ്ണോ… അതെപ്പോ….

അതൊക്കെ ഉണ്ട്….പിന്നെ നീ ഇവിടെ നടന്നത് വല്ലതും കണ്ടോ എന്നവൻ ചോദിച്ചതും അവൾ ആ… ന്ന് പറഞ്ഞു തീരവേ അവൻ രൂക്ഷമായി അവളെയൊന്ന് നോക്കിയതും അവൾ പെട്ടന്ന് ഇല്ലെന്ന് തലയാട്ടി….

ആ… ഗുഡ്…. നീ ഒന്നും കണ്ടിട്ടൂല്ല കേട്ടിട്ടൂല്ലാ…. മനസ്സിലായോ…

മ്മ്… ആയി…

ലച്ചൂ …. ഞാനൊന്ന് പുറത്തേക്കിറങ്ങുവാ…. ദാസിനെ ഒന്ന് കാണണം. അവനിന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു….എന്തായെന്ന് അറിയില്ല… ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നൂല്ലാ…. പോയി വരാം..എന്നും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്ന് തട്ടി മിനിയെ നോക്കി പേടിപ്പിച്ചു പടവുകൾ കയറി പോയി…..

ചെറു പുഞ്ചിരിയാൽ അവൻ പോവുന്നതും നോക്കി നിന്നവളുടെ പുറത്ത് മിനി നല്ല അടാറൊരു അടി കൊടുത്തതും വേദന കൊണ്ടവൾ മുഖം ചുളിച്ചവൾ മിനിയെ നോക്കി….

നീയും ഹരിയേട്ടനും തമ്മിൽ എന്താടി ബന്ധം…. അയാളെന്തിനാ എന്റെ മെക്കിട്ട് കേറുന്നേ….. വേണ്ടാന്ന് വെച്ചിട്ടാ….. എന്നെ അറിയില്ല അങ്ങേർക്ക്…. എന്നൊക്കെ പറഞ്ഞവൾ ലച്ചുവിന് നേർക്ക് ഉറഞ്ഞു തുള്ളാൻ തുടങ്ങി…..

കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു…. ശീ…നിന്നെ ഞാൻ ഇങ്ങനെയൊന്നും കരുതിയില്ല….ഇത്രയൊക്കെ ചെയ്തിട്ടും നിക്കുന്നത് കണ്ടില്ലേ കൂസലില്ലാതെ…ഇളിക്കാതെ പറയെടി പൂതനെ….ഇല്ലേൽ നിന്റെ പുറം ഞാനിന്ന് പള്ളിപ്പുറം ആക്കും…..

എന്റെ മിനി നീയിങ്ങനെ ദേഷ്യപ്പെടാതെ… വാ നമുക്ക് ഇവിടിരിക്കാം…

അങ്ങനെ നീ ഇപ്പൊ എന്നെ ഇരുത്തണ്ട…

ശെടാ….ഇതെന്ത് കൂത്ത്….നിനക്കിപ്പൊ ഹരിയേട്ടൻ എന്റെ ആരാന്നറിയണം അത്രയല്ലേ ഒള്ളൂ….
പറഞ്ഞു തരാം എന്റെ അടുത്ത് വന്നിരിക്ക് എന്നും പറഞ്ഞു ലച്ചു താഴെ പടിയിൽ പോയിരുന്നതും മിനി ഒന്ന് മൂളികൊണ്ട് അവൾക്കരികിൽ ചെന്നിരുന്നു….

ഇനി പറ…..അങ്ങേര് വന്നു ഈ രണ്ട് ദിവസം കൊണ്ട് ഇത്രക്കങ്ങോട്ട് അടുക്കാൻ എന്താ കാരണം …എന്നവൾ ചോദിച്ചതും ലച്ചു ചിരിച്ചു കൊണ്ട് അവൻ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുത്തു….

എല്ലാം കേട്ട് കഴിഞ്ഞതും മിനി ഒന്നും മിണ്ടാതെ.. വെള്ളത്തിലേക്ക് നോക്കിയിരുന്നു…..

ഡീ….ഇപ്പൊ നിന്റെ ചാട്ടമൊക്കെ നിന്നോ…..എന്ന് ലച്ചു ഒരു ചിരിയോടെ ചോദിച്ചതും മിനി അവളുടെ മുഖത്തേക്ക് നോക്കി…..

ലച്ചൂ…നിനക്ക് ഹരിയേട്ടനെ ഇഷ്ടമാണോ…..

ഏഹ്….. ഇത്രേം പറഞ്ഞിട്ടും അത് നിനക്ക് മനസ്സിലായില്ലേ….
ഇന്ന് എന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുടെ പിന്നിൽ ഹരിയേട്ടനാ…. തുടർന്ന് ജീവിക്കാനുള്ള എന്റെ പ്രതീക്ഷ….

പക്ഷേ… ലച്ചൂ… നിങ്ങടെ വീട്ടുക്കാർ ഇതറിഞ്ഞാലുള്ള കാര്യം ആലോചിച്ചോ നീ….. നിനക്ക് തോന്നുന്നുണ്ടോ അവരിതിന് സമ്മതിക്കുമെന്ന്…..

ഈ ഒരു പേടി എന്റെ മനസ്സിലും ഉണ്ട് മിനി….ആലോചിച്ചതാ പലവട്ടം വേണോന്ന്….പക്ഷേ ഹരിയേട്ടന്റെ ഓരോ വാക്കുകളും എന്നിലെന്തോ പ്രതീക്ഷ നൽകുന്നു….ഈ കഴിഞ്ഞ ദിനങ്ങൾ ഞാൻ ഒത്തിരി സന്തോഷിച്ചിട്ടുണ്ട്……ഹരിയേട്ടന്റെ ദേഷ്യവും പിണക്കവും ഇണക്കവുമൊക്കെ എന്നിൽ പുതിയൊരു ലോകം തീർക്കുവാടീ….

നിന്റെ ഈ മുഖത്തേ സന്തോഷം എന്നിലും ഒരുപ്പാട് ആശ്വാസം നൽകുന്നുണ്ട് ലച്ചു… പക്ഷേ… ഈ സന്തോഷം നിനക്കൊരു തീരാ വേദനയാവരുത്..

നാളെ ഈ ഭൂമിയിൽ ഞാനുണ്ടോ നീയുണ്ടോ എന്നുള്ളത് നമുക്ക് ആർക്കെങ്കിലും ഉറപ്പ് പറയാൻ കഴിയുമോ…..വരും ദിനങ്ങളെ ഓർത്തു ഇന്നത്തെ നമ്മുടെ സന്തോഷം മാറ്റി വെച്ചാൽ… ഇരു ലോകത്തും നമുക്ക് നേട്ടങ്ങളൊന്നും ഉണ്ടാവില്ല….ഇഷ്ട്ടമാടി എനിക്ക് എന്റെ ഹരിയേട്ടനെ…. ഒത്തിരി ഒത്തിരി ഇഷ്ട്ടവാ എന്നവൾ പുഞ്ചിരിയോടെ മിനിയെ നോക്കി പറഞ്ഞതും…. മിനിയുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു….

നിങ്ങടെ പ്രണയത്തിലും നിന്റെ ഹരിയേട്ടനിലും നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ ഇനി ഞാനായിട്ട് ഒന്നും പറഞ്ഞു നിന്നെ നിരാശപ്പെടുത്തുന്നില്ല…ഇത്രയും നാൾ നീ അനുഭവിച്ച വേദനക്ക് കണ്ണൻ തരുന്ന നിവേദ്യമായിരിക്കും ചിലപ്പോ നിന്റെ ഹരിയേട്ടൻ….എന്നും പറഞ്ഞു മിനി ലച്ചുവിന്റെ നെറ്റിയോട് അവളുടെ നെറ്റിയൊന്ന് കൂട്ടി മുട്ടിച്ചു……

എന്തിനും ഞാൻ ഉണ്ടാവും കൂടെ എന്നവൾ പറഞ്ഞതും ലച്ചു അവളെ കെട്ടിപിടിച്ചു….

അയ്യോ… ഡീ.. നിന്നേം കൊണ്ട് ചെല്ലാൻ പറഞ്ഞു വിട്ടതാ എന്നെ… നിങ്ങടെ ഉമ്മ വെപ്പ് കണ്ട് കണ്ണ് തള്ളി അതൊക്കെ മറന്നു…. നിന്റെ റിസൾട്ട്‌ നോക്കിയിട്ട് വേണം മനുവേട്ടന് ഓട്ടം പോവാൻ…. വന്നേ….

എന്റേത് നോക്കി…

നോക്കിയോ അതെപ്പോ….

നീ അമ്പലത്തിൽ പോയിട്ട് കാണാതായപ്പോ ഹാൾ ടിക്കറ്റും കയ്യിൽ പിടിച്ചു ഉമ്മറത്തൂടെ ടെൻഷൻ അടിച്ചു നടക്കുമ്പഴാ ഹരിയേട്ടൻ വന്നേ… കാര്യം പറഞ്ഞപ്പോ ഹാൾ ടിക്കറ്റും കയ്യീന്ന് എടുത്ത് മൂപ്പര് പോയി… പുറകെ ഞാനും…..

എന്നിട്ട്…. മാർക്ക്‌ എങ്ങനുണ്ട്….

ഫുൾ എ പ്ലസ്….

യ്യോ… എന്നിട്ടാണോടി കുരുട്ടെ… മിണ്ടാതിരുന്നേ…. വെറുതേയല്ല നിന്റെ ഹരിയേട്ടൻ എന്റെ മെക്കിട്ട് കേറിയത്….. പെണ്ണ് ഫുൾ മാർക്ക്‌ വാങ്ങിയതിന്റെ ജാഡ കാണിച്ചതാവും…

ഒന്ന് പോടീ… ഹരിയേട്ടന് ജാഡയൊന്നും ഇല്ലാ…..

ഏഹ്… പിന്നെ എന്താ ഉള്ളേ….. എന്നും ചോദിച്ചു തല താഴ്ത്തി ചിരിക്കുന്നവളുടെ താടിയിൽ പിടിച്ചവൾ ലച്ചുവിന്റെ മുഖം ഉയർത്തി….

പോടീ…..

ഹ്മ്മ്…മനസ്സിലാവുന്നുണ്ട്… മിണ്ടാപ്പൂച്ച കലം ഉടക്കുമെന്ന് പറയുന്നത് വെറുതെയല്ല….. ഫുൾ മാർക്ക് കിട്ടിയിട്ട് ഹരിയേട്ടൻ ഒന്നും തന്നില്ലേടി….

എന്താ വേണ്ടതെന്നു ചോദിച്ചു…

എന്നിട്ട് എന്താ പറഞ്ഞേ…

ഞാൻ ഒന്നും വേണ്ടെന്ന് പറഞ്ഞു…. പിന്നേം ചോദിച്ചപ്പോ അമ്പലത്തിൽ കൂടെ വരാൻ പറഞ്ഞു…..

അയ്യേ… നശിപ്പിച്ച്… നിന്റെ സ്ഥാനത്ത് ഞാനൊക്കെ ആവണമായിരുന്നു….. നല്ലൊരു മൊബൈൽ ഫോൺ കയ്യിലിരുന്നേനെ….

എനിക്ക് ഫോണിന്റെ ആവിശ്യമൊന്നും ഇല്ല…

ആവിശ്യമുണ്ടോന്ന് അറിയണമെങ്കിൽ അത് ഉപയോഗിച്ച് നോക്കണം….

ഓ…..ആയിക്കോട്ടെ….

എന്നിട്ട് നിന്റെ മാതാശ്രീയോടും ബാക്കിയുള്ളോരോടും റിസൾട്ടിന്റെ കാര്യം പറയുന്നില്ലേ….

മ്മ്….രാവിലെ പറയണമെന്ന് കരുതിയതാ…. അച്ഛന്റെ പറച്ചിലും ഹരിയേട്ടന്റെ ദേഷ്യവും ഒക്കെ കൂടെ ആകെ ടെൻഷൻ ആയി…ഇനിയേതായാലും ഹരിയേട്ടൻ വരട്ടെ….

എന്നാലും എന്റെ ലച്ചൂ… നിന്റെ വീട്ടിലുള്ളവരുടെ ഒരു കാര്യം.. ഇന്ന് പ്ലസ്ടു റിസൾട്ട്‌ ഫലം വരുമെന്ന് എല്ലാവർക്കും അറിയുന്നതല്ലേ…. അങ്ങോട്ട് പറഞ്ഞില്ലേലും ഇങ്ങോട്ട് ചോദിക്കേണ്ടതല്ലേ ഇതൊക്കെ……

ആര് ചോദിക്കാൻ….. അവർക്കെല്ലാം അവരുടേതായ കാര്യങ്ങളുണ്ട്. അതിനിടയിൽ ഞാൻ ആര്….

ആ… അതും ഒരു ഭാഗ്യം…. അവിടെ അമ്മ ഒരാഴ്ച മുൻപ് തുടങ്ങിയതാ മാർക്കിന്റെ കാര്യോം പറഞ്ഞുള്ള പേടിപ്പിക്കൽ…

ഭാഗ്യം…. എന്നെ പോലെ ഭാഗ്യം കെട്ടവൾ ഈ ലോകത്ത് വേറെ ഉണ്ടാവില്ല മിനി..എത്ര വലുതായാലും വഴക്കാണേലും സ്നേഹമാണേലും… അച്ഛന്റേം അമ്മേടേം കയ്യിൽ നിന്ന് കിട്ടുമ്പോ അത് നമ്മളെ ബാല്യത്തിലേക്ക് തിരികെ കൊണ്ട് പോവുന്നുണ്ട്…….ഈ… ജന്മം ഇനി ലച്ചുവിന് ആ ഭാഗ്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല….. എന്നും പറഞ്ഞവൾ കണ്ണു നിറച്ചൊന്നു പുഞ്ചിരിച്ചു…

ലച്ചൂ… സങ്കടപ്പെടാതെ… എല്ലാ കാലവും ഒരു പോലെ ആവില്ല… നീ കേട്ടിട്ടില്ലേ… ഈ സമയവും കടന്ന് പോവുമെന്ന്…… അത്ര കരുതിയാ മതി….പിന്നെ നിന്റെ തുടർ പഠനം അത് നടക്കണം… അതിന് ഹരിയേട്ടൻ എന്ത് പറഞ്ഞാലും നീ അനുസരിക്കണം… നിന്റെ ഭാവി നിന്റെ കയ്യിലാ….അത് മറക്കരുത്…… എന്നാ ശരി… ഞാൻ മനുവേട്ടനോട് കാര്യം പറയട്ടെ…. ഒറ്റക്കിവിടെ ഇരിക്കണ്ട…. വീട്ടിലേക്ക് പോര് എന്നും പറഞ്ഞു മിനി ലച്ചുവിനെയും കൂട്ടി… പടവുകൾ കയറി….

സന്ധ്യ ആയതും മാധവനും സഹദേവനും വീട്ടിലെത്തി…. ചായ കുടിച്ചതിന് ശേഷം എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് കയ്യിൽ ഒരു കവറുമായി ഹരി അങ്ങോട്ട് വന്നത്….

ഹരിക്കുട്ടാ … എന്താടാ കയ്യിൽ… എന്ന് മാലു ചോദിച്ചതതും അവൻ കവറിൽ ഉണ്ടായിരുന്ന പാക്കറ്റ് പുറത്തേക്ക് എടുത്തു….

ലച്ചു എവിടെ അമ്മാ…

അവൾ അടുക്കളയിൽ കാണും….

മ്മ്…ലച്ചൂ… ലച്ചൂ…

ആ….

ഇങ് വന്നേ…

എന്താ…. ഹരിയേട്ടാ….

ഇത് പൊട്ടിക്ക് എന്നിട്ട്…ആദ്യം നിന്റെ അമ്മക്ക് കൊടുക്കണം….. എന്നും പറഞ്ഞവൻ പാക്കറ്റ് അവളുടെ കയ്യിൽ കൊടുത്തതും അവളത് തുറന്ന് നോക്കി… പിന്നീട് ഹരിയുടെ മുഖത്തേക്കും…

ലഡ്ഡു ആയിരുന്നോ…. അതെന്തിനാടാ നീ അവളുടെ കയ്യിൽ കൊടുക്കുന്നത്…. എന്റെ കയ്യിൽ തന്നാ പോരെ….

അവളുടെ കയ്യിൽ കൊടുക്കാൻ ഉള്ള കാരണം ഉണ്ട്…. അമ്മ വെയിറ്റ് ചെയ്യ് പറയാം…

ലച്ചു…. എല്ലാവർക്കും കൊടുക്ക്….. എന്നവൻ പറഞ്ഞതും അവളൊന്ന് തലയാട്ടി അതും കൊണ്ടാദ്യം ശാരുവിന്റെ അടുത്തേക്ക് ചെന്നു…പാക്കറ്റ് നീട്ടിയതും അവരതിൽ നിന്ന് ഒന്നെടുത്ത് ലച്ചുവിനെ നോക്കി…..

അതെന്തിനാന്ന് പറഞ് കൊടുക്കെടി…..

അമ്മാ…. എന്റെ റിസൾട്ട്‌ വന്നു ഇന്ന്…. എനിക്ക് ഫുൾ എ പ്ലസ് ഉണ്ടെന്ന് ലച്ചു പറഞ്ഞതും ശാരുവിന്റെ മുഖമൊന്ന് വിടർന്നു….

സത്യാണോ മോളെ….

അതേ ചെറിയമ്മേ… രാവിലെ ഹരിയേട്ടനാ റിസൾട്ട്‌ നോക്കിയേ…..

ഈശ്വരാ…. എന്റെ കുട്ടി നന്നായി വരും എന്നും പറഞ്ഞു ശ്യാമ അവളെ ചേർത്ത് പിടിച്ചു നെറുകിൽ ചുണ്ടുകളമർത്തി…… ഇത് കണ്ട് കിച്ചുവും ശ്രീയും മുഖത്തോട് മുഖം നോക്കി ചുണ്ട് ചുള്ക്കി..

അവളു ജയിച്ചതിന് നീ എന്തിനാടാ ഇത് വാങ്ങി പൈസ കളഞ്ഞത്…..അവള് ജയിച്ചെങ്കിൽ അതാദ്യം പറയേണ്ടത് അവളുടെ അച്ഛനോടല്ലേ…..അവൻ വാങ്ങുമായിരുന്നില്ലേ…

എന്നിട്ട് എന്താ വാങ്ങാഞ്ഞേന്ന് അമ്മ ചോദിച്ചു നോക്ക് വല്ല്യമ്മാവനോട്…ഇവള് രാവിലെ പറഞ്ഞിരുന്നതാണല്ലോഎന്നും പറഞ്ഞു ഹരി മാധവനെ ഒന്ന് നോക്കിയതും അയാൾ എഴുന്നേറ്റ് നിന്നു….

ശരിയാ..ഇവൾ രാവിലെ എന്നോട് പറഞ്ഞിരുന്നതാ.പക്ഷേ തുടർന്ന് പഠിക്കാത്ത അവളുടെ വിജയം ആഘോഷിച്ച് പൈസ കളഞ്ഞിട്ട് എന്താ കാര്യം……. തന്നെയുമല്ല.,.. അവൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്….ഉടൻ വിവാഹം നടത്തണം എന്ന് മാധവൻ പറഞ്ഞതും ഹരിയും ലച്ചുവും ഒന്ന് ഞെട്ടി പരസ്പരം നോക്കി……..

തുടരും…..