രചന – സെലുനിസു
ചിരിയോടെ താഴേക്കിറങ്ങി….
സീറ്റിൽ ചാരി ഇരുന്നു ഓരോ കാര്യങ്ങളോർത്ത് ഹരി ഉറങ്ങി പോയിരുന്നു…
പെട്ടന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്…. എടുത്തു നോക്കിയപ്പോൾ അനിയാണ്…
ഹലോ…
ഡാ… ഹരി എത്താറായോ..
ഒരു അരമണിക്കൂർ കൂടെ….
ആ എന്നാ… ഞാനിവിടുന്നു പോരുവാണേ…
ഞാൻ ടാക്സി പിടിച്ചു വന്നോളാം അനി…
എന്റെ അടുത്ത് വണ്ടി ഉണ്ടാവുമ്പോ അതിന്റെ ആവിശ്യമെന്താ…. ദേ ഞാൻ ഇറങ്ങി…. എന്നും പറഞ്ഞു അനി ഫോൺ കട്ട് ചെയ്തു….
ഫോണിലേക്ക് നോക്കിയപ്പൊ ലച്ചൂ മെസ്സേജ് അയച്ചിട്ടുണ്ട്….
അതിന് റിപ്ലേ കൊടുത്തവൻ ഫോൺ പോക്കറ്റിലേക്കിട്ട് പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു….
ട്രെയിൻ ഇറങ്ങിയതും അനി ഓടി വന്നു ഹരിയെ കെട്ടിപിടിച്ചു….
ഒത്തിരി വെയിറ്റ് ചെയ്തോടാ .
ഏയ്…സമയം തികഞ്ഞില്ല…
എന്തിന്…
ഇവിടെ ഇഷ്ട്ടം പോലെ പിള്ളേരുണ്ടായിരുന്നെടാ… ഫുൾ സ്കാൻ ചെയ്ത് തീർന്നില്ലാന്ന് …
മ്മ്…. നിഷ ഇല്ലാത്തത് നിന്റെ ഭാഗ്യം….
ഓ… ഉണ്ടെങ്കിലും ഞാൻ നോക്കും. അവളെ നീയൊക്കെ പേടിച്ചാ മതി. എന്നെ കിട്ടില്ല…. നീ വാടാ ബാക്കിയൊക്കെ പോകും വഴി പറയാം എന്നും പറഞ്ഞവൻ ഹരിയുടെ കയ്യിൽ ഉള്ള ബാഗ് വാങ്ങി മുന്നോട്ട് നടന്നു….
ഹരി..
മ്മ്…
നിനക്ക് എന്ത് പറ്റിയെടാ…മുഖം ഒക്കെ വല്ലാതെ….
ഒന്നൂല്ലെടാ…
ഒന്നൂല്ലാതെ പിന്നെ നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ. വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോടാ ….
ഏയ്…
പിന്നെ…
ഞാൻ പറയാം അനി….
എങ്കി പറ…
മൂന്നാളോടും കൂടി ഒരുമിച്ച് പറയാം..
ഓക്കേ….എന്തെങ്കിലും കഴിക്കണോ നിനക്ക് …..
വേണ്ടെടാ…. ഹോസ്റ്റലിൽ എത്തിയിട്ട് കഴിക്കാം….
അതിന് നമ്മൾ ഹോസ്റ്റലിലേക്കല്ലല്ലോ പോണത്….
പിന്നെ…
അതൊക്കെയുണ്ട് സർപ്രൈസ് എന്നും പറഞ്ഞവൻ കാർ റൂട്ട് തിരിച്ചതും ഹരി അവനെയൊന്ന് മുഖം ചുളിച്ചു നോക്കി…
ഇത് കോളേജിലേക്കുള്ള വഴി അല്ലേ….ഇപ്പൊ എന്തിനാ അങ്ങോട്ട് പോവുന്നേ…
അങ്ങോട്ടൊന്നും അല്ല. നീ മിണ്ടാതിരി ചെറുക്കാ… എന്നും പറഞ്ഞവൻ ഓരോ പാട്ട് മൂളിക്കൊണ്ട് ഡ്രൈവ് ചെയ്യാൻ തുടങ്ങി….
കുറച്ച് സമയം കൊണ്ട് കോളേജിന്റെ തൊട്ടടുത്തുള്ള വീട്ടിലേക്ക് അവൻ വണ്ടി കയറ്റി…
ഡാ… ഇത് നിഷേടെ അങ്കിളിന്റെ വീടല്ലേ…. ഇവിടെയെന്താ….
ഇവിടെ മുതലാണ് ഇനി കഥ തുടങ്ങുന്നത്…
എന്ത്…കഥ… നീ ഒന്ന് മനസ്സിലാവുന്ന ഭാഷയിൽ പറയുന്നുണ്ടോ….
ഓക്കേ… എന്നാ അങ്ങനെ പറയാം… ഇനി മുതൽ നമ്മൾ ഇവിടെയാണ് താമസം….
ഇവിടെയോ….അപ്പൊ അവളെ അങ്കിളും ആന്റയും.
അവര് മക്കളെ കൂടെ അമേരിക്കക്ക് പോയി…. ഇനി ഇപ്പോഴൊന്നും തിരിച്ച് വരില്ല…. അപ്പൊ നിഷ ഇവിടെ തനിച്ചല്ലേ നമ്മളോടും ഇവിടെ കൂടാൻ പറഞ്ഞു….ഹോസ്റ്റൽ ഫീസ് കൊടുക്കണ്ടല്ലോ…. അതുമല്ല ഇഷ്ടത്തിന് ഫുഡ് ഓഡർ ചെയ്യാം പാചകം ചെയ്യാം…. അങ്ങനെ എന്തോരം ആനുകൂല്യങ്ങൾ നിരന്നു കിടക്കുന്നു..
ആ.. ബെസ്റ്റ്…ഇതെങ്ങാനും ലച്ചു അറിഞ്ഞാൽ നല്ല രസമായിരിക്കും എന്നാലോചിച്ചതും അവൻ ചിരിച്ചു പോയിരുന്നു..
നീ എന്താടാ ഒറ്റക്കിരുന്നു ചിരിക്കണേ… ഹോസ്റ്റലിലെ ഫുഡ് കഴിക്കണ്ടല്ലോന്നുള്ള സന്തോഷമാണോ…
ഏയ്.. ഇതതൊന്നും അല്ല…
പിന്നെ….
പറയാം… ആദ്യം ഒന്ന് അകത്തേക്ക് കയറിക്കോട്ടെ…. എന്നും പറഞ്ഞു ഹരി കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി പിൻ സീറ്റിൽ നിന്ന് ബാഗ് എടുത്തപ്പോഴേക്കും അനി ചെന്ന് കാളിങ് ബെൽ അടിച്ചിരുന്നു….
വാതിൽ തുറന്ന് നിഷ പാഞ്ഞു ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു….
ഹരി……എന്തോരം മിസ്സ് ചെയ്തൂന്നോ….
അവന്റെ കയ്യിലെ ക്യാഷ് ആവും…എന്ന് അനി മേലോട്ട് നോക്കി പറഞ്ഞതും അവൾ അവനെ നോക്കി പല്ലിറുമ്പി…
നീ പോടാ കൊരങ്ങാ…
കൊരങ്ങൻ നിന്റെ മറ്റവൻ…
ആ… അത് തന്നെയാ പറഞ്ഞെ…
ഏഹ്… എന്താ…
ഒന്നൂല്ല…. ഞാനിപ്പൊ നിന്നോട് സംസാരിക്കാൻ വന്നോ…..
എനിക്ക് ചെവിയുണ്ട് കേൾക്കാം…
ഓ.. തൊടങ്ങി രണ്ടും കൂടി… അവനെയൊന്ന് അകത്തേക്ക് കയറാൻ സമ്മതിക്കുവോ….എന്നും ചോദിച്ചു കൊണ്ട് കിരൺ പുറത്തേക്ക് വന്നതും നിഷ ചിരിയൊന്ന് കോട്ടി ഹരീടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അകത്തേക്ക് നടന്നു….
വാടാ… ഹരി…. എന്നും പറഞ്ഞു കിരൺ ഹരിയുടെ തോളിൽ കയ്യിട്ട് കൊണ്ട് അകത്തേക്ക് കയറി….
ഇരിക്ക്…. എന്തൊക്കെയുണ്ട് വീട്ടിലെ വിശേഷം..സുഖമല്ലേ എല്ലാർക്കും….
മ്മ്…. സുഖം….
ഹായ്…. അച്ചാർ…. ഇത് വീട്ടിലിട്ടതാ…
അല്ലെടി.. അത് കടയിൽ നിന്ന് വാങ്ങിയതാ…. പെട്ടന്നുണ്ടായ വരവല്ലേ…. ഒന്നും ഉണ്ടാക്കി കൊണ്ട് വരാൻ പറ്റിയില്ല…..
ഓ.. അപ്പോഴേക്കും ബാഗ് തുറന്നോ… തീറ്റ പണ്ടാരം…
ദേ…അനി…. വെറുതെ ചൊറിയാൻ വരണ്ടാ…..ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ…
അനി…… എന്ന് കിരൺ വിളിച്ചതും അവൻ ചുമ്മാ എന്നും പറഞ്ഞു കൺചിമ്മി കാണിച്ചു…
എന്താടാ കിരണേ..എക്സാം ഡേറ്റ് നേരത്തെയാക്കാൻ കാരണം….
അറിയില്ലെടാ…..എന്തായാലും പെട്ടന്ന് ഒന്ന് തീർന്ന് കിട്ടിയ മതി… ആ ടെൻഷൻ അങ്ങ് മാറുമല്ലോ..
മ്മ്… മാറും മാറും…. അപ്പോഴേക്ക് അടുത്തത് തുടങ്ങുമല്ലോ…ഞാൻ എന്റെ അച്ഛന്റെ കാല് പിടിച്ചു പറഞ്ഞതാ… മെഡിസിൻ വേണ്ടാന്ന്… കേക്കണ്ടേ…..
നിനക്ക് ബുദ്ധിയില്ലാന്ന് നിന്റെ അച്ഛന് അറിയില്ലല്ലോടാ അനികുട്ടാ…
ഡീ….
ഓ… ഇവരെ രണ്ട് പേരേം ഇവിടെ ഇട്ടിട്ട് നമുക്ക് ഹോസ്റ്റലിലേക്ക് തന്നെ പോയാലോ ഹരി… സമാധാനം കിട്ടോലോ എന്ന് കിരൺ പറഞ്ഞതും ഹരിയൊന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു….
ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാടാ… റൂം ഏതാ…
നീ മുകളിലത്തെ ഫസ്റ്റ് റൂം എടുത്തോ നിന്റെ സാധനങ്ങളൊക്കെ അവിടെ കൊണ്ട് വന്നു വെച്ചിട്ടുണ്ട് …ഇവര് രണ്ടും താഴെയാ എന്ന് നിഷ പറഞ്ഞതും അവനൊന്ന് തലയാട്ടി ബാഗും എടുത്തോണ്ട് മുകളിലേക്ക് കയറി പോയി…
ഇവനെന്താ പറ്റിയെ അനി…. സാധാരണ നിങ്ങടെ അടി കാണുമ്പോ അവനാണല്ലോ റിയാക്ട് ചെയ്യാറ്.. ഇത് ഒന്നിനും ഒരുശാറില്ലാതെ….
അഹ്… ഞാനും ചോദിച്ചത്. അപ്പൊ മൂന്ന് പേരോടും ഒരുമിച്ച് പറയാന്നാ പറഞ്ഞെ…..
എങ്കി നമുക്ക് പോയി ചോദിക്കാം….
ഇപ്പൊ പോണ്ട നിഷാ… നീ ഒരു ജ്യൂസ് ഉണ്ടാക്ക് അവന്…അതുമായിട്ട് പോവാം..
എന്നാ എനിക്കൂടെ ഉണ്ടാക്കിക്കോ…
ഓ.. പിന്നെ നിന്റെ കെട്ടിയോളോട് പറ….
എന്നും പറഞ്ഞവൾ അനിക്ക് കൊഞ്ഞനം കാണിച്ച് അടുക്കളയിലേക്ക് പോയി….
മുറിയിലെത്തി വാതിൽ ചാരി ബാഗ് ടേബിളിലേക്ക് വെച്ചവൻ ഫോൺ എടുത്തു കൊണ്ട് ബെഡിലേക്ക് കിടന്നു… മാലുവിനോട് വിളിച്ചു സംസാരിച്ചതിന് ശേഷം ലച്ചുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…. ഒറ്റ റിങ്ങിൽ തന്നെ അവൾ കാൾ അറ്റന്റ് ചെയ്തിരുന്നു….
ലച്ചൂസേ…
ഹരിയേട്ടാ… എത്തിയോ….
മ്മ്… എത്തി….
ആരാ വന്നിരുന്നെ കൊണ്ട് പോവാൻ…
അനി….
അനിയേട്ടൻ മാത്രമേ ഒള്ളായിരുന്നോ എന്നവൾ ചോദിച്ചതും നിഷ വന്നിരുന്നോന്ന് അറിയാനുള്ള ചോദ്യമാണെന്ന് മനസ്സിലായതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
അല്ലാതെ നിനക്ക് ആരെയാ വേണ്ടത്….
ആരെയും വേണ്ടാ… ചുമ്മാ ചോദിച്ചതാ….
മ്മ്…. മനസ്സിലായി…
അല്ല… ഫോണിൽ തന്നെ നോക്കി ഇരിക്കുവായിരുന്നോ നീ….
ഹരിയേട്ടൻ അവിടെ എത്തിയോ ഇല്ലയോ എന്നറിയാഞ്ഞിട്ട് ഒരു സമാധാനക്കേട്…എന്നിട്ട് അവരൊക്കെ എന്ത്യേ….
ഒക്കെ താഴെ ഉണ്ട്…
ലച്ചൂ….
മ്മ്…
എനിക്കൊന്ന് കാണണം…
എങ്ങനെ….എന്നവൾ ചോദിച്ചപ്പോഴേക്കും അവൻ കാൾ കട്ട് ചെയ്തിരുന്നു….
അയ്യോ… കട്ടായോ….എന്നും പറഞ്ഞവൾ ചുണ്ട് ചുള്ക്കി ഇരിക്കുമ്പോഴാണ് ഫോണിലേക്ക് വീഡിയോ കാൾ വന്നത്…
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾ പെട്ടന്ന് വാതിൽ ലോക്ക് ചെയ്ത് ബെഡിലേക്ക് ഇരുന്നു. കാൾ എടുത്തു….
അവളെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു….
ഹരിയേട്ടാ.
മ്മ്.
ഇതെവിടെയാ… ഹോസ്റ്റൽ അല്ലേ…
അല്ലെടി….വീടാ…
വീടോ… ആരുടെ..
നിഷേടെ അങ്കിളിന്റെയാ.. അവൾ അവരുടെ കൂടെ ആയിരുന്നു.. ഇപ്പൊ അവര് അമേരിക്കക്ക് പോയിരിക്ക.. അപ്പൊ ഞങ്ങൾ മൂന്നും ഇനി ഇവിടെയാന്ന്…. അവരെന്റെ സാധനങ്ങളൊക്കെ ഇവിടെ കൊണ്ട് വന്നു വെച്ചിട്ടുണ്ട്….
എന്നെല്ലാം അവൻ പറഞ്ഞതും അവളുടെ മുഖം പെട്ടന്ന് മങ്ങിയിരുന്നു…
ലച്ചൂ…
മ്മ്…
എന്താ.. മുഖത്തിനൊരു വാട്ടം…
ഒന്നൂല്ല….
കള്ളം പറയല്ലേ….
ഒന്നൂല്ല ഹരിയേട്ടാ….
എനിക്കറിയാം നിന്റെ പ്രശ്നം എന്താണെന്ന്… നിഷയെ അടുത്തറിയുമ്പോ നിന്റെ ഈ ടെൻഷൻ ഒക്കെ മാറും…
മ്മ്….
ഒന്ന് ചിരിക്കെടി….
ചിരി വരുന്നില്ല..
അതെന്താ….വരാത്തേ….
അറിയില്ല….ഹരിയേട്ടാനൊന്ന് പോയേ…
എന്നാ പോയേക്കാം…..
അയ്യോ.. പോവല്ലേ….
അപ്പൊ നീയല്ലേ പോവാൻ പറഞ്ഞെ…
അത് ഞാൻ ചുമ്മാ പറഞ്ഞതാ..
അഹ്‌ണോ…
ആ..
എവിടെ കിച്ചുവും ശ്രീയും…
താഴേ ഉണ്ട്…
ഫോൺ അവരെ കാണിച്ചോ നീ..
ആ കാണിച്ചു….
എന്നിട്ടെന്താ പറഞ്ഞെ…
അടിപൊളി ഫോൺ ആണെന്ന് പറഞ്ഞു… രണ്ട് പേരും കൂടെ കുറേ ഫോട്ടോ എടുത്തിരുന്നു…
മ്മ്….
ഹരിയേട്ടൻ എന്തെങ്കിലും കഴിച്ചോ…
ഇല്ലാ…. ഒന്ന് ഫ്രഷ് ആവണം…..
എന്നാ ഹരിയേട്ടൻ ഫ്രീ ആയിട്ട് വിളിച്ചാ മതി…
മ്മ്… ഓക്കേ…
വെച്ചോട്ടെ…
ഒരുമ്മ തന്നിട്ട് പോടീ…
അയ്യേ… ഇതിലോ എനിക്കെങ്ങും വയ്യാ…..
അതെന്താ…. നേരിട്ട് തരാൻ പറ്റുമെങ്കിൽ ഇങ്ങനേം തരാം എന്നും പറഞ്ഞവൻ ചുണ്ടിൽ ഒന്ന് തടവിയതും അവൾ പെട്ടന്ന് ഫോൺ കട്ട് ചെയ്തു….അത് കണ്ടവൻ ഒന്ന് ചിരിച്ചോണ്ട് ഫോൺ വെച്ച് തിരിഞ്ഞതും തന്നെ തുറിച്ചു നോക്കുന്ന മൂന്ന് പേരെ കണ്ടവൻ ഒന്ന് ഞെട്ടി…..
നിഷേ…. ആ ജ്യൂസ് അവനെ കൊടുത്തേ എന്ന് കിരൺ പറഞ്ഞതും അനി അവനെ പിടിച്ചു ബെഡിലേക്കിരുത്തി നിഷേടെ കയ്യിൽ നിന്ന് ജ്യൂസ് വാങ്ങി ഹരീടെ കയ്യിലേക്ക് കൊടുത്തു…….
കുടിക്കെടാ…. ഇനി നീ കുറച്ചു വിയർക്കും എന്ന് അനി പറഞ്ഞതും ഹരി അവനെ ഒന്ന് മിഴിച്ചു നോക്കി….
ച്ചി.. കുടിക്കെടാ എന്നും പറഞ്ഞു അനി ഒച്ചയിട്ടതും ഹരി ഒറ്റ വലിക്ക് ആ ജ്യൂസ് കുടിച്ചു തീർത്തു…..
പറയെടാ……അതാരാ…… എവിടുത്തുക്കാരിയാ….അവളും നീയും തമ്മിൽ എന്താ ബന്ധം…..എല്ലാം.എല്ലാം വിടാതെ പറഞ്ഞോ. ഇല്ലേൽ നിന്നെ ഞങ്ങളിന്ന് കൊല്ലും….
എടാ.. അനി… അത് ഞാൻ നിങ്ങളോട് പറയാൻ ഇരിക്കുവായിരുന്നു…
നിന്നോട് ചോദിച്ചതിനുള്ള മറുപടി മാത്രം തന്നാ മതി….
പറയാം… ആദ്യം നീ എയർ കളഞ്ഞു ഇവിടിരിക്ക്…..
എന്റെ എയർ എനിക്ക് തോന്നുമ്പോ ഞാൻ കളഞ്ഞോളാം…. നീ പറയുന്നുണ്ടോ ഇല്ലയോ…..
അതാണ് ലക്ഷ്മി പ്രിയ.. എന്നവൻ പറഞ്ഞതും അതാരെന്ന മട്ടിൽ അവര് മൂന്ന് പേരും പരസ്പരം നോക്കി….
തെക്കേടത്ത് മാധവന്റെയും ശരണ്യയുടെയും മൂത്ത പുത്രി……
ഏത് മാധവൻ… ഏത് ശരണ്യ….. നീ അതികം ബിൽഡപ്പ് എടുക്കാതെ ഒന്ന് പറയുവോ…..എന്ന് കിരൺ പറഞ്ഞതും അവനൊരു ചിരിയോടെ ബെഡിൽ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു….
ഓക്കേ….. ഈ പേരൊന്നും നിങ്ങക്ക് അറിയില്ലെങ്കിൽ. അറിയുന്ന പേര് പറയാം….. ലച്ചു……
ഏഹ്…. ലച്ചുവോ എന്നവർ മൂന്ന് പേരും ഒരുമിച്ച് ചോദിച്ചതും അവൻ അതേയെന്ന് തലയാട്ടി….
അവളും നീയും…. അതെങ്ങെനെ….എന്ന് നിഷ ചോദിച്ചതും അവന്റെ മനസ്സിൽ അവളോട് ഇഷ്ട്ടം തോന്നിയത് മുതലുള്ള എല്ലാ കാര്യങ്ങളും അവനവരോട് പറഞ്ഞു……
എല്ലാം കേട്ട് കഴിഞ്ഞതും മൂന്ന് പേരും കൂടെ അവനെ അറഞ്ചം പുറഞ്ചം തല്ലാൻ തുടങ്ങി…..
ഡാ… പട്ടികളെ നിർത്തെടാ……. എന്തിനാ എന്നെ ഇങ്ങനെ തല്ലുന്നത്…..
തല്ലുകയല്ല. നിന്നെ കൊല്ലണം… .ഇതാണോടാ നിന്റെ ഫ്രണ്ട്ഷിപ്പ്……പരസ്പരം ഒന്നും മറച്ചു വെക്കരുതെന്ന് തുടക്കം മുതൽ നമ്മൾ പറഞ്ഞിരുന്നതല്ലേ എന്നിട്ടവൻ ലൈഫിലെ ഇമ്പോർട്ടന്റ് കാര്യം മറച്ചു വെച്ച് അവളെ കാണാൻ മനപ്പൂർവ്വം തല്ലുണ്ടാക്കി പോയിരിക്കുന്നു…..
എടാ…. കിരണേ…. ഞാൻ പറഞ്ഞല്ലോ… എനിക്ക് അവളോട് ഉള്ളത് വെറുമൊരു ഇൻഫാക്ക്റ്റേഷൻ ആണോ അതോ പ്രണയമാണോ എന്ന് അറിയാതെ മനസ്സ് കിടന്ന് ഉഴറുകയായിരുന്നു..എന്റെ മനസ്സിൽ ഉള്ളത് അവളോട് പറയുമ്പോ അതവളെങ്ങെനെ ഉൾക്കൊള്ളും എന്ന ടെൻഷൻ. ഒക്കെ കൂടെ ഞാനൊരു വല്ലാത്ത അവസ്ഥയിലായിരുന്നു…അവസാനം അവളെ ഒന്ന് കണ്ടാ മതിയെന്ന് തോന്നിയപ്പൊഴാ പ്രിൻസിയോട് അനുവാദം ചോദിച്ചേ… അപ്പൊ അങ്ങേർക്ക് വല്ല്യ ജാഡ…. പിന്നെ കണ്മുന്നിൽ കണ്ട വഴക്കിലേക്കങ്ങു കേറി കൊടുത്തു…
ഓക്കേ സമ്മതിച്ചു… അപ്പൊ ദാസിന് കാര്യങ്ങൾ നേരത്തേ അറിയാമായിരുന്നല്ലോ അപ്പൊ അതോ….എന്ന് അനി ചോദിച്ചതും ഹരി ഒന്ന് ചിരിച്ചു….
അവൻ കുട്ടിക്കാലം തൊട്ടുള്ള എന്റെ കൂട്ടാണെന്ന് നിങ്ങക്കറിയാലോ…. എന്റെ ശബ്ദത്തിലൊരു പതർച്ച വന്നാലോ മനസിലൊരു സങ്കടം വന്നാലോ അതവന് തിരിച്ചറിയാൻ കഴിയും…..
ഓ….അപ്പൊ നമ്മളൊക്കെ ഒന്നിനും കൊള്ളാത്തവർ ആയിക്കോട്ടെ… നമ്മളില്ലേ…..എന്നും പറഞ്ഞു അനി കരയുന്ന പോലെ ആക്ട് ചെയ്തതും
ഡാ…അനി ഓവറാക്കല്ലേ…എനിക്ക് നിങ്ങളും അവനും ഒരുപോലെയാ…… ഇവിടെ വന്നാൽ ഉടൻ നിങ്ങളെ അറിയിക്കണംന്ന് തന്നെയായിരുന്നു കരുതിയിരുന്നേ…. കിരണിനോട് ഞാനന്ന് വിളിച്ചപ്പൊ ഒന്ന് സൂചിപ്പിക്കേം ചെയ്തിരുന്നു… അല്ലെടാ കിരണേ…..എന്നും പറഞ്ഞു ഹരി അവനെ നോക്കിയതും കിരൺ അതേ എന്ന് തലയാട്ടി കാണിച്ചു..
അതെപ്പോ…. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് നിഷ പറഞ്ഞതും…
അതിന് നിങ്ങൾ രണ്ടാളും ആദ്യം ഈ തല്ല് പിടി നിർത്താൻ നോക്ക്… അപ്പഴെ ചുറ്റും നടക്കുന്നത് അറിയാൻ പറ്റൂ….
ഓ…..ശരി….കിരണേട്ടാ…… എന്നിട്ട് ലച്ചുവിന് ഞങ്ങളൊക്കെ അറിയുവോടാ….
പിന്നേ….. നിന്നെ പ്രത്യേകിച്ചും അറിയാം എന്നവൻ നിഷയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും അവൾ അതെങ്ങെനെ എന്നും ചോദിച്ചു ഒന്ന് നെറ്റി ചുളിച്ചു…
നിന്റെ കാര്യത്തിൽ ആൾക്ക് ഇത്തിരി കുശുമ്പുണ്ട്… എന്നും പറഞ്ഞവൻ അവൾക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തതും അവൾ ഓഹോ എന്നും പറഞൊന്നു തലയാട്ടി കാണിച്ചു…..
എന്നാ ആ കുശുമ്പ് ഒന്ന് കൂട്ടിയിട്ട് തന്നെ കാര്യം. വേണ്ടെടാ എന്ന് അവൾ തിരിഞ്ഞു അനിയോടും കിരണിനോടും ചോദിച്ചതും അവർ വേണം. ഇവനിട്ടൊരു പണിയാവേം ചെയ്യും.എന്നും പറഞ്ഞു അവൾക്ക് തബ്സപ്പ് കാണിച്ചു…
ആ…അതാണ്.എങ്കി വിളിയെടാ വീഡിയോ കാൾ…
ഏഹ് ഇപ്പഴോ…ഇനി കുറച്ചു കഴിഞ്ഞു വിളിക്കാം…. അവളിപ്പൊ താഴേക്കിറങ്ങി കാണും…
അവൾ മുറിയിൽ തന്നെ കാണും നീ വിളിക്കുന്നോ അതോ ഞങ്ങൾ വിളിക്കണോ എന്നും ചോദിച്ചു അനി അവന്റെ ഫോൺ എടുത്തതും. ഹരി ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞു ഫോൺ വാങ്ങി “എന്റെ പെണ്ണ് “എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വീഡിയോ കാൾ ചെയ്തു…..
തുടരും…

by