24/04/2026

താലി ബന്ധനം : ഭാഗം 23

രചന – സെലുനിസു

ദാസ് ഹരിയെ നോക്കി പല്ലിറുമ്പി….

ഹരിയേട്ടൻ എന്ത് പണിയാ കാണിച്ചേ… അത് ഞാൻ ദാസേട്ടന് കൊണ്ട് വന്നതല്ലേ….

ആ…. അങ്ങനെ ചോദിക്ക് ലച്ചു…. വക തിരിവില്ലാത്തവൻ..

വകതിരിവില്ലാത്തവൻ നിന്റെ മറ്റവനാടാ….

ഏഹ്…. മറ്റവനോ അതാര്….

നിന്റെ…. എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ ഇറങ്ങി പോടാ….

എടി ലച്ചു ഇവന് വട്ടാണല്ലേ…

അത് ദാസേട്ടന് ഇപ്പൊ മനസ്സിലാവുന്നതേ ഒള്ളൂ…. എന്നും പറഞ്ഞോണ്ട് ലച്ചു ചിരിച്ചതും ഹരി അവളെ ഒന്ന് രൂക്ഷമായി നോക്കവേ …. ചിരി നിർത്തി ചായ കപ്പും കൊണ്ടവൾ പെട്ടന്ന്  തന്നെ മുറിയിൽ  നിന്നിറങ്ങി…..

പാവം കൊച്ച്.. വെറുതെയല്ലേടാ അവൾ നിന്നെ ഇഷ്ട്ടമാണെന്ന് പറയാത്തത്..

ആരു പറഞ്ഞു ഇഷ്ട്ടം പറഞ്ഞില്ലാന്ന്… അതൊക്കെ സെറ്റായി  ദാസപ്പോ എന്നും പറഞ്ഞു ഹരി ദാസിന്  നോക്കി സൈറ്റ് അടിച്ചു കാണിച്ചതും അവൻ ശരിയാണോന്ന മട്ടിൽ ഹരിയെ നോക്കി കണ്ണ് മിഴിച്ചു…

അതേടാ…. എനിക്ക് അവളോടുള്ളത് പോലെ ഇപ്പൊ അവൾക്ക് എന്നോടും ഇഷ്ട്ടമുണ്ട്…..

ഇതൊക്കെ എപ്പോ സംഭവിച്ചു… എന്നിട്ടൊരു വാക്ക് നീ പറഞ്ഞില്ലല്ലോ….

പറയാൻ വേണ്ടിയല്ലേ രാവിലെ നിന്നെ വിളിച്ചേ അപ്പൊ നീ നീരാട്ടിൽ അല്ലായിരുന്നോ…പിന്നെ നീ ഇങ്ങോട്ട് വിളിച്ചപ്പോ ശ്രീയും കിച്ചുവും ഉണ്ടായിരുന്നു അടുത്ത്….അതാ പറയാഞ്ഞേ….

ആ.. അത് നന്നായി അവര് അറിയാതിരിക്കുന്നത് തന്നെയാ നല്ലത്….

അതൊക്കെ അപ്പൊ… ഇപ്പൊ അവരും അറിഞ്ഞു….

ഏഹ്…. അറിഞ്ഞൂന്നോ… എങ്ങനെ എന്ന് ദാസ് ചോദിച്ചതും ഹരി ലച്ചു ഇഷ്ട്ടം പറഞ്ഞത് തൊട്ട് ഇന്ന് സംഭവിച്ചതെല്ലാം അവനോട് പറഞ്ഞു….

ഓ…. അപ്പൊ ഇനി ഇവിടെ റൊമാൻസിന്റെ ചാകര ആയിരിക്കും..ആ.. അതെല്ലെങ്കിലും ഉണ്ടല്ലോലേ.. അതോണ്ട് അത് പോട്ടേ….അല്ലെടാ.
ഡാൻസ് ക്ലാസ്സിൽ നീ അവളെ ചേർത്തത് മാധവേട്ടൻ അറിഞ്ഞാൽ  അത് പ്രശ്നമാവില്ലേ. അങ്ങേര് സമ്മതിക്കോടാ.ശാരു ചേച്ചി അത് അങ്ങേരോട് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..

എന്താവും എന്ന് അറിയില്ല…നോക്കാം… അമ്മാവൻ വരട്ടെ…നീ ഇവിടിരിക്ക് ഞാൻ ഫ്രഷായിട്ട് ഒരുമിച്ച് താഴേക്കിറങ്ങാം… എന്നും പറഞ്ഞു ഹരി തോർത്ത്‌ എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കയറി….

ഓരോ നാട്ടു കാര്യങ്ങളും പറഞ്ഞു ചിരിച്ചോണ്ട് താഴോട്ട് ഇറങ്ങുമ്പോഴാണ് സെറ്റിയിൽ ഇരുന്നു ചായ കുടിക്കുന്ന മാധവനെയും സഹദേവനേയും ദാസും ഹരിയും കണ്ടത്….കണ്ടപ്പാടെ ദാസ് മുകളിലേക്ക് തന്നെ കയറാൻ ഒരുങ്ങിയതും ഹരി അവന്റെ കയ്യിൽ കയറി പിടിച്ചു……

എങ്ങോട്ടാ….

അത് ഞാൻ… ആ… എന്റെ ഫോൺ എടുക്കാൻ മറന്നു….

ഏഹ്… അപ്പൊ ഈ പോക്കറ്റിൽ ഉള്ളത് എന്താ… എന്നും ചോദിച്ചു ഹരി അവന്റെ പാന്റിന്റെ പോക്കറ്റിൽ കൈ വെച്ചതും ദാസ്… അവനൊന്ന് ഇളിച്ചു കാണിച്ചു….

മുങ്ങാൻ നോക്കണ്ട മോനേ…നിനക്കല്ലേ അമ്മാവനോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്…ബാ… പറഞ്ഞിട്ട് വരാം…. എന്നും പറഞ്ഞു ഹരി അവന്റെ കയ്യിൽ പിടിച്ചു താഴേക്ക് വലിച്ചു….

വലിക്കല്ലെടാ…. ഞാൻ വന്നോളാം…..

അതിനൊന്ന് മൂളിക്കൊണ്ട് ഹരി അവന്റെ കയ്യിൽ നിന്ന് വിട്ട് താഴേക്കിറങ്ങി…..

ആഹാ…. ആരിത് ദാസോ  നീ  എപ്പൊ വന്നു….

കുറച്ചു നേരായി സഹദേവേട്ടാ…..

ആ… നീ ഇരിക്ക്.

നിന്റെ ജോലി കാര്യമൊക്കെ എന്തായി എന്ന് മാധവൻ ചോദിച്ചതും അവനൊന്ന് ചിരിച്ചു കൊണ്ട് അവർക്ക് എതിരെയുള്ള സോഫയിൽ ചെന്നിരുന്നു…..

ജോലി കിട്ടി… ഇവിടെ അടുത്തുള്ള രാജാസ് കോളേജിൽ തന്നെയാ….

ആഹാ….അത് തരക്കേടില്ലാത്ത കോളേജ് ആണല്ലോ….. ഏട്ടാ… ലച്ചുവിനെ എന്നാ അവിടെ  ചേർത്തൂടെ…. എന്ന് സഹദേവൻ ചോദിച്ചതും മാധവനൊന്ന് മൂളി…..

അവൾക്ക് മാർക്കുള്ളതല്ലേ ചെറിയമ്മാവാ…. നമുക്ക് വേറെ നല്ല കോളേജിൽ കിട്ടുമോന്ന് നോക്കിക്കൂടെ…..

ഈ .. കോളേജിന് ഇപ്പൊ എന്താ കുഴപ്പം..

കുഴപ്പം ഉണ്ടായിട്ടല്ല ….. അവൾക്ക് പഠിക്കാനുള്ള കഴിവുണ്ടല്ലോ… അവൾ പഠിച്ചു നേടിയെടുത്ത വിജയവുമാണ് …….പണം കൊടുത്തൊരു കോളേജിൽ സ്ഥാനം വാങ്ങുന്നതിനേക്കാൾ  അവളുടെ കഴിവ് അറിഞ്ഞു കൊണ്ട് ഒരു കോളേജ് അവളെ തിരഞ്ഞെടുക്കുന്നതല്ലേ നല്ലത് ….അവൾക്കും അതൊരു സന്തോഷമാവില്ലേ…

ഉള്ള സന്തോഷമൊക്കെ മതി…..ഇത് തന്നെ എനിക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല…..രാജാസിൽ തന്നെ ചേർക്കാം….എന്താ ദാസാ….ഇനി നീ പഠിപ്പിക്കുന്നിടത്തു ചേർക്കുന്നതിന് നിനക്ക് വല്ല എതിർപ്പും ഉണ്ടോ….

ഏയ്‌…. ഇല്ല… ലച്ചുവിനെ രാജാസിൽ ചേർത്തൂടേന്ന്  നിങ്ങളോട് ചോദിക്കാൻ വേണ്ടീട്ട് കൂടെയാ ഞാൻ ഇങ്ങോട്ട് വന്നത്….. എന്നവൻ പറഞ്ഞതും ഹരി നെറ്റി ചുളിച്ചവനെയൊന്ന് നോക്കി……

മ്മ്…. ശരിയെന്നാ….അങ്ങനെ തന്നെ ചെയ്യാം…എന്നാ നിങ്ങളിരിക്ക് എനിക്ക് ഒരു കാൾ ചെയ്യാനുണ്ട്….. എന്നും പറഞ്ഞു മാധവൻ സെറ്റിയിൽ നിന്ന് എഴുന്നേറ്റതും ഹരി അയാളെ അടുത്തേക്ക് ചെന്ന് നിന്നു….

മ്മ്…. ഇനി എന്താ….

എനിക്കൊരു കാര്യം പറയാനുണ്ട്….

എന്ത്‌ കാര്യം…

ലച്ചുവിനെ ഞാനിന്ന് ഡാൻസ് ക്ലാസ്സിൽ ചേർത്തു….എന്നവൻ പറഞ്ഞതും മാധവൻ രൂക്ഷമായവനെ നോക്കി…

ആരോട് ചോദിച്ചിട്ട്….

അവളുടെ  അമ്മയോട് ചോദിച്ചിരുന്നു…..

ഓഹോ…. എനിക്ക് മുന്നേ തീരുമാനം എടുക്കാൻ ആയോ… അവൾ…. ശരണ്യേ….. ശരണ്യേ….. എന്നയാൾ അലറി വിളിച്ചതും ശാരു ഓടി ഹാളിലേക്കെത്തി…. കൂടെ അച്ഛന്റെ അലർച്ച കേട്ട് കാര്യമെന്തന്നറിയാൻ അവരുടെ പുറകെ ലച്ചുവും വന്നിരുന്നു…….

എന്താ… എന്താ ഏട്ടാ….

എന്താന്ന് നിനക്കറിയില്ലേ….ആരോട് ചോദിച്ചിട്ടാടി നീ ഇവളെ ഡാൻസ് ക്ലാസിൽ ചേർത്തത്…..എന്നും ചോദിച്ചയാൾ ലച്ചുവിന് നേരെ വിരൽ ചൂണ്ടിയതും അവളൊന്ന് ഞെട്ടി കൊണ്ട് ഹരിയെ നോക്കി…..

അത്… ഏട്ടാ… ഞാൻ…ഹരിയോട് പറഞ്ഞതാ…. എന്ന് ശാരു ഒരു വിറയലോടെ പറഞ്ഞു തുടങ്ങിയതും….

മിണ്ടരുത് നീ…. എന്നേക്കാൾ വലിയവളായോ നീ……എന്നും ചോദിച്ചു കൊണ്ട് മാധവൻ ശാരുവിനെ തല്ലാൻ കയ്യോങ്ങിയതും ഹരി ശാരുവിന് മുന്നിലേക്ക് കയറി നിന്നു…..

മാറി നിക്കെടാ….

അമ്മാവൻ ഇപ്പൊ എന്തിനാ അമ്മായിയെ തല്ലാൻ കയ്യോങ്ങിയത്….അമ്മായിയോട് ചോദിച്ചൂന്നേ ഞാൻ പറഞ്ഞിട്ടുള്ളു… അമ്മായി സമ്മതിച്ചൂന്ന് പറഞ്ഞില്ല…. എന്നവൻ പറഞ്ഞതും അയാൾ കൈ താഴ്ത്തി അവനെ ഒന്ന് നോക്കി….

അമ്മായി എനിക്ക് സമ്മതം തന്നിട്ടല്ല ഞാൻ അവളെ കൊണ്ട് പോയത്…..പല തവണ   ഈയൊരാഗ്രഹം പറഞ്ഞവൾ നിങ്ങളുടെ പിന്നാലെ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…. അന്നൊന്നും എനിക്കതിനെ പറ്റി വല്ല്യ ധാരണയൊന്നും ഇല്ലായിരുന്നു… പക്ഷേ…. ഇന്ന് അവളെ മനസ്സിലാക്കാൻ എനിക്ക് പറ്റുന്നുണ്ട്…. അത് കൊണ്ടാ ആരുടേയും സമ്മതത്തിന് കാത്ത് നിൽക്കാതെ ഞാൻ അവളെ കൊണ്ട് പോയത്….. എന്റെ ഫ്രണ്ടിന്റെ അപ്പച്ചിയാണവിടെ ഡാൻസ് പഠിപ്പിക്കുന്നത്…അവിടെ എത്തുന്നത് വരെ അവൾക്കറിയില്ലായിരുന്നു എങ്ങോട്ടാ പോവുന്നതെന്ന്…..ദക്ഷിണ കൊടുത്തനുഗ്രഹം വാങ്ങിച്ചതിനു ശേഷം അവളോട് കളിക്കാൻ നിക്കാൻ ആന്റി പറഞ്ഞപ്പോ അവൾ നിന്ന് കരയുവാ…. കാരണം ചോദിച്ചപ്പോ അവൾ പറഞ്ഞതെന്താണെന്നറിയോ…..ഒരുപ്പാട് കാലത്തെ എന്റെ സ്വപ്നമാണിത് അത് എനിക്കെന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ തുടങ്ങണമെന്ന്….. അന്നും ഇന്നും അവളുടെ മനസ്സറിയാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല…. നിങ്ങളൊക്കെ പറയുന്നതെല്ലാം അനുസരിക്കുന്ന ഒരടിമ എന്നതിനപ്പുറം ഒരു മകളെന്ന സ്നേഹമോ അവകാശമോ അവൾക്ക് നിങ്ങൾ കൊടുത്തിട്ടുമില്ല….എന്നവൻ പറഞ്ഞു നിർത്തിയതും മാധവൻ  മിഴികൾ നിറച്ചു  തലയും താഴ്ത്തി നിൽക്കുന്ന ലച്ചുവിനെ ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയതും ശാരുവും അയാൾക്ക് പിന്നാലെ പോയി…..

ചെറിയമ്മാവന്  ഈ കാര്യത്തിൽ ഒന്നും പറയാനില്ലേ….

ഞാൻ… ഞാൻ എന്ത് പറയാനാ ഹരി….എന്നും പറഞ്ഞു സഹദേവനും അവിടെ നിന്ന് പോയതും ഹാളിൽ ലച്ചുവും ദാസും ഹരിയും മാത്രമായി…..

ലച്ചുവിനെ ഒന്ന് നോക്കികൊണ്ട്  ഇതെല്ലാം കണ്ട് വായും പൊളിച്ചു നിക്കുന്ന ദാസിന്റെ അടുത്തേക്ക് ചെന്ന് ഹരി അവനെ സെറ്റിയിലേക്ക് തള്ളിയിട്ടതും ലച്ചു ഓടി വന്നു ഹരിയെ പിടിച്ചു…

ഹരിയേട്ടൻ എന്താ ഈ കാണിക്കുന്നത്…

വിടെടി…. ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാ… നീ ഇടപ്പെടണ്ട…. പോയി അടുക്കളയിൽ വല്ല പണിയും ഉണ്ടോന്ന് നോക്ക്  നിന്റെ താവളം അതല്ലേ ചെല്ല്.എന്നും പറഞ്ഞു ഹരി അവൾ പിടിച്ച കയ്യിനൊരു തട്ട് കൊടുത്തതും ലച്ചു മുഖവും വീർപ്പിച്ചോണ്ട് അവനെ ദാസിന്റെ മേലേക്ക് തള്ളിയിട്ടോണ്ട് ചവിട്ടി തുള്ളി അവളുടെ മുറിയിലേക്ക് കയറി പോയതും ഹരി അവൾ പോവുന്നതും നോക്കി ഇരുന്നു…

ഡാ… തെണ്ടി എണീറ്റ് പോടാ…. ന്റമ്മേ… നടു പോയെന്നാ തോന്നുന്നേ…. നീ എന്താടാ കരിങ്കല്ലാണോ കഴിക്കുന്നത്….എന്നും ചോദിച്ചു ദാസ് ഹരിയെ പിടിച്ചു സൈഡിലേക്ക് തള്ളിയിട്ടു ശരിക്ക് ഇരുന്നതും ഹരി അവന്റെ കാലിന്മേൽ കയറി ഇരുന്നു അവന്റെ കഴുത്തിനു പിടിച്ചു…..

ഡാ… വിടെടാ…. നിനക്കെന്താ ഭ്രാന്തോ…

അതെടാ…. നീ എന്ത് അറിഞ്ഞിട്ടാടാ അവളെ രാജാസിൽ ചേർക്കാന്ന് പറഞ്ഞത്…..

ആ…. കയ്യെടുക്കെടാ നാറി…. കഴുത്തിനു പിടിച്ചു പറയാൻ പറഞ്ഞാ എങ്ങനെ പറയാനാ…. ഞാനിപ്പോ ചാവും എന്നും പറഞ്ഞവൻ കണ്ണ് മേൽപ്പോട്ട് ആക്കാൻ തുടങ്ങിയതും ഹരി പെട്ടന്ന് അവന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തു ശരിക്ക് ഇരുന്നതും ദാസ് കഴുത്തിൽ കൈ വെച്ച് ചുമച്ചോണ്ട് ഹരിയെ രൂക്ഷമായി നോക്കി…..

എന്താടാ നോക്കി പേടിപ്പിക്കുന്നത്….

നിനക്ക് എന്തിന്റെ കേടാ ഹരി…. വളർന്നു വരും തോറും നിന്റെ സ്വഭാവം മഹാ മഹാ മോശമാവുന്നുണ്ട് ഹേ….

അതിന് നിനക്ക് നഷ്ട്ടമൊന്നുമില്ലല്ലോ…. എന്റെ പെണ്ണിന്റെ കാര്യം തീരുമാനിക്കാൻ എനിക്കറിയാം… അവൾ എവിടെ പോണം എവിടെ പഠിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ…..

അയ്യാ… നിന്റെ ഇഷ്ട്ടം നടത്തുന്നത് നീ അവളുടെ കഴുത്തിൽ താലി കെട്ടിയതിന് ശേഷം….. അത് വരെ അവളുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം അവളുടെ ആങ്ങളക്കാ….

ആങ്ങളയോ അതാര്…

പന പോലെ ഇവിടിരിക്കുന്ന എന്നെ നിനക്ക് കണ്ടൂടെ…..

ആങ്ങള….

ആ…

നീ..

ആന്ന്…

ആ.. തുഫ്….. എണീറ്റ് പോടാ കോപ്പേ…..

ഞാൻ ഇവിടിരിക്കും… ഇത് നീ വാങ്ങിച്ച സെറ്റിയൊന്നും അല്ലല്ലോ…. എന്നും പറഞ്ഞു ദാസ് ശരിക്കിരുന്ന് കാലിന്മേൽ കാൽ കയറ്റി വെച്ചു ഹരിയെ ഗമയിൽ നോക്കിയതും അവൻ ദാസിനെ നോക്കി പല്ലിറുമ്പി…..

ഇരിക്കുന്നതൊക്കെ കൊള്ളാം…. പക്ഷേ ഒരു കാര്യമുണ്ട്…. രാജാസിലെ പിള്ളേരെ നിനക്കറിയില്ല…. എങ്ങാനും ലച്ചുവിനവിടെ എന്തെങ്കിലും തരത്തിൽ വല്ല പ്രശ്നവും ഉണ്ടായാൽ അറിയാലോ നിനക്കെന്നെ…… കൊല്ലും നിന്നെ ഞാൻ എന്നും പറഞ്ഞു ഹരി അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് മുകളിലേക്ക് കയറി പോയതും ദാസ് അവൻ പോവുന്നതും നോക്കി കൊണ്ട് പേടിയോടെ ഉമിനീരിറക്കി…..

മുറിയിൽ നിന്ന് ബൈക്കിന്റെ ചാവിയും കൊണ്ട് പുറത്തേക്കിറങ്ങിയതും ലച്ചു അവളുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു…. അവനെ കണ്ടവളൊന്ന് മുഖം കോട്ടി താഴെക്കിറങ്ങാൻ നിന്നതും അവൾക്ക് തടസ്സമായവൻ കോണിപടിയിൽ അവന്റെ കൈകൾ വെച്ചു….

എന്താടി….. ഒരു ജാഡ…

ജാഡ എനിക്കല്ല.ഹരിയേട്ടനാ….

ആാാ… എനിക്ക് ജാഡയുണ്ട്…എവിടെ എന്റെ അമ്മ…

സീതേച്ചീടെ വീട്ടിൽ പോയി…

അവിടെന്താ…

ആ… എനിക്കറിയില്ല…

അപ്പൊ… കിച്ചുവും ശ്രീയും….

അവരും പോയിട്ടുണ്ട് എന്നവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞതും  ആണോന്നും ചോദിച്ചോണ്ട് അവളുടെ കയ്യിൽ പിടിച്ചവൻ അവന്റെ അടുത്തേക്ക് വലിച്ചു….

ഡീ…. മുഖത്തേക്ക് നോക്കെടി…

ഇല്ലാ…

അതെന്താ….

മുഖത്തേക്ക് നോക്കാൻ തോന്നുന്നില്ല….

ഏഹ്.. പിന്നെ എങ്ങോട്ട് നോക്കാനാ തോന്നുന്നേ എന്നവൻ ഒരു കള്ള ചിരിയാലെ ചോദിച്ചതും അവളവനെ തുറിച്ചു നോക്കി അവന്റെ നെഞ്ചിനിട്ടൊന്ന് കുത്തി…

ശീ…. പോയേ…..

പോവാൻ ഇറങ്ങിയത് തന്നെയാ…..

എങ്ങോട്ട്….

ദാസിനു ജോലി കിട്ടിയതിന്റെ വക ചെറിയൊരു പാർട്ടി ഉണ്ട്….

എന്ത് പാർട്ടി…..

അതൊക്കെ ഉണ്ട് മോളെ…. അപ്പൊ പോയിട്ട് വരാം…..

ഹരിയേട്ടാ….

മ്മ്…

കുടിക്കാൻ പോവാലേ….വേണ്ട ഹരിയേട്ടാ…. പ്ലീസ്…

ഏയ്‌… അതിന് മാത്രം ഒന്നൂല്ലെടി… ഒരിത്തിരി…ദേ പോയി ദാ വന്നു എന്നും പറഞ്ഞവൻ അവളുടെ കവിളിലൊന്ന് പിച്ചി കൊണ്ട് താഴേക്കിറങ്ങിയതും മേല്പോട്ടും നോക്കി എന്തെക്കെയോ പിറുപിറുത്തിരിക്കുന്ന ദാസിന്റെ തോളിൽ ചെന്ന് തട്ടി….

എന്താടാ…ഒറ്റക്കിരുന്നു പിറു പിടിക്കുന്നത്….

എന്റെ വാ കൊണ്ടല്ലേ.ഞാൻ ചിലപ്പോ പിറുപിറുക്കും ഉച്ചത്തിൽ സംസാരിക്കും. അതെന്റെ ഇഷ്ട്ടവാ…ഇങ് താ എന്നും പറഞ്ഞവൻ ഹരിയുടെ കയ്യിൽ ഇരിക്കുന്ന ബൈക്കിന്റെ കീ തട്ടിപ്പറിച്ചു വാങ്ങി പുറത്തേക്ക് നടന്നു….

ഡാ…. ദാസപ്പാ. ചായ വേണ്ടേ നിനക്ക്…..

നീ മോന്തിയില്ലേ…. അത് മതി…. വരുന്നുണ്ടേൽ വാ ഇല്ലേൽ ഞാൻ എന്റെ പാട്ടിനു പോവും എന്നും പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ഹരി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു…..

തുടരും