18/04/2026

ഗൗരി : ഭാഗം 02

രചന – നന്ദ നന്ദിത

“നീ ആരാ… എന്തിനാ ഇങ്ങട് വന്നേ…?? ഇത് ന്റെ ബാലേട്ടനാ… ന്റെ മാത്രം…!! ദേവൂന്റെ കഴുത്തിലെ പിടുത്തം മുറുകി വന്നു…ഗൗരി ശ്വാസം കിട്ടാതേ പിടഞ്ഞു… “ഡീ… ദേവു… വിട്ടേ…. വിടാൻ…” ബാലൻ ഓടിവന്ന് ദേവൂനെ തള്ളി മാറ്റി “നീ എന്താ ഈ കാട്ടണേ…?? നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ…?? ബാലചന്ദ്രൻ ദേവൂനെ രൂക്ഷമായി നോക്കി.. “ബാലേട്ടാ… അത്… ഞാൻ… ഇവള്… ഇവളെ ഇപ്പൊ ഇറക്കി വിടണം… ഇവളെ ഇവിടെ നിർത്താൻ പറ്റില്ലാ…” ഗൗരിയെ നോക്കി.. കലിപ്പൂണ്ട് നിൽക്കുന്ന ദേവൂനെ… കണ്ടതും ബാലൻ അവളോടായി പറഞ്ഞു “ദേവു… മോളെ… നിന്നെ എനിക്ക് ന്റെ അനിയത്തി ആയിട്ടല്ലാതെ ഒരിക്കലും മറ്റൊരു രീതിയിൽ കാണാൻ പറ്റില്ലാ…അത് ഞൻ നിന്നോട് പലവട്ടം പറഞ്ഞു മനസ്സിലാക്കിതാ… നമ്മുടെ കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചപ്പോഴും എല്ലാരോടും ഞാൻ അങ്ങിനെ തന്നെയാ പറഞ്ഞെ…. സ്വന്തം പെങ്ങളൂട്ടിയെ എങ്ങിനെയാ വിവാഹം കഴിക്യ…?? “ന്റെ മനസ്സിൽ നീ ഇപ്പഴും ആ പഴയ കുറുമ്പി ദേവൂട്ടിയ…എപ്പോഴും നീ ന്റെ കുസൃതിക്കാരി പെങ്ങളൂട്ടിയ… അത് അപ്പച്ചി ഉൾപ്പടെ ല്ലാർക്കും ബോധ്യയൊണ്ട് ആണ്… വിവാഹത്തിന്നു അവരെല്ലാം പിന്മാറിത്….ന്റെ മോള്… ആവിശ്യം ഇല്ല്യാത്ത ചിന്തകളൊക്കെ മനസ്സിന്നു എടുത്ത് കളയണം…” ദേവു കരഞ്ഞോണ്ട് താഴേക്ക് പോയപ്പോഴാണ്…തറയിൽ ഭിത്തിയിലേക്ക് ചാരി ഇരുന്ന് കഴുത്തു ഉഴിയുന്ന ഗൗരിയെ കണ്ടത്….

“ഗൗരി… ടോ… എന്തേലും പറ്റിയോ…??” ബാലൻ വേഗം മേശപ്പുറത്തിരുന്ന വെള്ളം എടുത്ത് ഗൗരിക്ക് കൊടുത്തു അവൾ വേഗം വാങ്ങി വെപ്രാളപ്പെട്ട് വെള്ളം കുടിച്ചു… “ഒത്തിരി വേദനിച്ചോ…?” ബാലൻ പതിയെ അവളുടെ താടിയിൽ പിടിച്ചുയർത്തി കഴുത്തിൽ അഞ്ചു വിരലുകളുടെ പാടുകൾ ചുവന്ന് കിടക്കുന്നു “സാരില്യ… വേഗം മാറുട്ടോ… താൻ കിടന്നോ…” നിലത്തിരുന്ന ഗൗരിയെ പതിയെ പിടിച്ചു എണീപ്പിച്ചു കട്ടിലിലേക്ക് ഇരുത്തി, ബാലൻ “ദേവു ഒരു പാവാ… എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ… ല്ലാതെ തന്നോട് ദേഷ്യം ഇണ്ടായിട്ടല്ല…അവൾക്ക് വേണ്ടി ഞാൻ തന്നോട് ക്ഷേമ ചോദിക്കുന്നു…” അവന്റെ വാക്കുകൾ കേട്ടപ്പോഴേക്കും, സാരില്ല ന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക് പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ലാ.. അവൾ പതിയെ കഴുത്തു തടവി… “താൻ കിടന്നോളു…ക്ഷീണം കാണും…”ഗൗരിയോടായി പറഞ്ഞു കൊണ്ട്,ബാലൻ മുറിക്കു വെളിയിലേക്ക് ഇറങ്ങി…

വെളുപ്പിനെ അടുത്ത ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടാണ്…ഗൗരി കണ്ണുതുറന്നത്… പതിയെ കട്ടിലിൽ എണീറ്റ് ഇരുന്നു…മുടി ഒതുക്കി കെട്ടി, അപ്പോഴാണ് ശ്രെദ്ധിക്കുന്നത് തറയിൽ ഒരു ബെഡ്ഷീറ് വിരിച്ചു കിടക്കുന്ന ബാലനെ… “അയ്യോ… ഞാൻ എന്താ ഈ ചെയ്തേ… ഇന്നലത്തെ ക്ഷീണത്തിൽ അറിയാതെ കിടന്നു ഉറങ്ങിപ്പോയി… ഇദ്ദേഹം മുറിയിലേക്ക് വന്നതൊന്നും ഞാൻ അറിഞ്ഞില്ലാലോ..?? പാവം… എനിക്ക് വേണ്ടി എന്തൊക്കെയാ സഹിക്കുന്നെ…?? അദ്ദേഹത്തിനെ തറയിൽ കിടത്തിട്ട് ആണോ ഞാൻ ഇവിടെ സുഖായിട്ട് ഉറങ്ങിയേ…?? അവൾ തന്നെത്തന്നെ ശകാരിച്ചു കൊണ്ട് എഴുന്നേറ്റു.. അവൾ പതിയെ അടുത്തു ചെന്നു, വിളിച്ചെങ്കിലും…നല്ല ഉറക്കമായതിനാൽ ഉറങ്ങിക്കോട്ടേന്ന് കരുതി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ പല ചിന്തകളും അവളിലേക്ക് ഓടിയെത്തി… രാവിലെ ആരെങ്കിലും എണീറ്റു കാണുവോ…?? ഞൻ അടുക്കളയിൽ കയറിയാൽ അമ്മക്ക് ഇഷ്ടാകുവോ…?? വീട്ടിലായിരുന്നപ്പോൾ താൻ എന്നും വെളുപ്പിനെ കുളിച്ചു അടുക്കളയിൽ കേറുമായിരുന്നു…

ഓരോന്ന് ആലോചിച്ചു അടുക്കളയിലേക്ക് അവൾ ചെറിയ പേടിയോടെ നടന്നു… അവിടെ ചെന്നപ്പോഴേക്കും, അംബികമ്മ ഉണ്ടായിരുന്നു… ശങ്കിച്ചു അടുക്കള വാതിലിൽ നിൽക്കുന്ന ഗൗരിയെകണ്ടു അവർ പുഞ്ചിരിച്ചു. “ആഹാ… മോള് എണീറ്റോ… ന്താ കുട്ട്യേ… അവിടെ നിൽക്കണേ ഇങ്ങട് വാ…” അപ്പോഴാണ് അവൾക്ക് സമാധാനമായത്… അവൾ വേഗം അവർക്ക് അരികിലേക്ക് പോയി… “ന്തിനാ കുട്ട്യേ… ഇത്ര നേരത്തെ എണീറ്റെ… ഇവിടെ ആരും എണീക്കില്ല… ഞൻ പിന്നെ പണ്ടേ ഇള്ള ശീലാ…” അവൾ മെല്ലെ പുഞ്ചിരിച്ചു… മുറത്തിൽ വെച്ചിരുന്ന പച്ചക്കറി അമ്മയിൽ നിന്ന് വാങ്ങി… അവൾ അരിയാൻ തുടങ്ങി… അംബിക ആ സമയം ദോശക്കുള്ള മാവ് കലക്കി…ദോശക്കല്ല് അടുപ്പിലേക്ക് വെച്ചു… “മോൾടെ വീട്ടിലാരൊക്കെ ഇണ്ട്…??അവർക്ക് അറിയുവോ മോള് ഇവിടെ ആണെന്ന്…??” അവരുടെ ചോദ്യം കേട്ടു അവളുടെ മുഖം വാടി… കണ്ണുകളിൽ കണ്ണുനീര് വിതുമ്പാൻ നിന്നു.. അതുകണ്ടിട്ടാവും പിന്നീട് അംബിക ഒന്നും ചോദിച്ചില്ല. “ബാലൻ എണീറ്റ് കാണും…മോള് ഈ ചായ അവനു കൊണ്ട് കൊടുക്കൂ…” ചായ ഗ്ലാസ്സിലേക്ക് പകർത്തി ഗൗരിയുടെ കയ്യിലേക്ക് ആയി കൊടുത്തു അംബിക… അതുംവാങ്ങി ഗൗരി മുറിയിലേക്ക് നടന്നു.

ബാലൻ നല്ല ഉറക്കത്തിലായിരുന്നു. ഈശ്വരാ ഞാൻ എന്താ ഇപ്പൊ വിളിക്ക്യാ.. അവൾ സ്വയം ആലോചിച്ച് ബാലന്റെ അടുത്ത് ചെന്ന് നിന്നു. “അതേയ് എണീറ്റെ…” അവൾ ശബ്ദമുയർത്താതെ മെല്ലെ വിളിച്ചു. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോ തന്നെ ബാലൻ ഉണർന്നു. “ആഹാ…ഗൗരി നേരത്തെ ഉണർന്നുവോ… തറയിൽ നിന്നെഴുന്നേറ്റുകൊണ്ട് ബാലൻ ചോദിച്ചു. അവള് ചിരിച്ചുകൊണ്ട് ചായ ബാലന് നേരെ നീട്ടി. അത് വാങ്ങി മേശപ്പുറത്തേക്ക് വച്ചുകൊണ്ട് ബാലൻ മുഖം കഴുകാൻ പോയി. മുഖം കഴുകി വന്നപ്പോഴേക്കും അയാൾ കിടന്നിരുന്ന പായും ബെഡ്ഷീറ്റുമൊക്കെ അവൾ കുടഞ്ഞു മടക്കി കട്ടിലിലേക്ക് വച്ചു. “അതേയ്… ഞാനിപ്പോ എന്താ വിളിക്ക്യാ…?” ചായ കുടിച്ചോണ്ട് നിന്ന ബാലാനോട് അവൾ ചോദിച്ചു. “എന്നെയാണോ…?” “ഉം…” അഭയം തന്നയാളോട് അങ്ങനൊക്കെ ചോദിക്കണത് ശെരിയാണോ…നാണം വന്നിട്ടവളുടെ മുഖം താമര മൊട്ട് പോലെ കൂമ്പി നിന്നു. “ദേവു,ന്നേ ബാലേട്ടന്നാ വിളിക്കാറ്… കുട്ടിയും അങ്ങനെ വിളിച്ചോളു…” “ഉം ” അവൾ തലയാട്ടി മുറീന്ന് താഴേക്ക് ഇറങ്ങി. അടുക്കളയിലേക്ക് നടക്കാൻ തുടങ്ങാവേയാണ് ദേവൂവിന്റെ കൈ ഗൗരിയെ ശക്തിക്ക് പിടിച്ചു നിർത്തിയത്.

ഇന്നലെ കണ്ടപോലെ ആയിരുന്നില്ല ദേവു. കരഞ്ഞു വാടിതളർന്ന പൂവ് പോലെ അവൾ ഗൗരിയുടെ മുന്നിൽ നിന്നു. “ഇന്നലെ അങ്ങനൊക്കെ ചെയ്തതിന് എന്നോട് ക്ഷമിക്കണം..” അവളുടെ കണ്ണുകളിൽനിന്ന് കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ ഗൗരി തുടച്ചു. “ഏയ് എന്താ ദേവു ഇത്. സാരമില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു. ” “എങ്കിലും ഞാനിന്നലെ ചെയ്തത് വളരെ മോശമായിപ്പോയി. ബാലേട്ടനെ എനിക്ക് ജീവനായിപ്പോയി മനസ്സിൽ ഞാനറിയാതെ കയറിപ്പറ്റിയൊരിത്തിൾകൊടി. ” “ബാലേട്ടന് ദേവൂട്ടിയെ അങ്ങനെ കാണാൻ കഴിയാഞ്ഞിട്ടല്ലേ. ദേവു വിഷമിക്കുവൊന്നും വേണ്ട. ചായ കുടിച്ചോ നീയ്…?” “ഇല്ല എണീറ്റെ ഉള്ളു…” “വാ…”അവളുടെ കൈ പിടിച്ച് ഗൗരി അടുക്കളയിലേക്ക് നടന്നു. “അംബികേ… ” “ഓ എന്തോ…” അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക്, മാധവന്റെ വിളികേട്ട് അംബിക വേഗം നടന്നുവന്നു. “ആ ശങ്കരൻ വരുമ്പോ മേലെ പറമ്പിലേക്ക് പറഞ്ഞു വിടണേ… കാര്യസ്ഥനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. സമയത്തും കാലത്തും വല്ലോം ചെയ്യണേൽ ഞാൻ തന്നെ ഇറങ്ങണം…”

“ഇത്തിരി കൂടി കഴിഞ്ഞു പോയാൽ പോരെ… ഒറ്റക്ക് പോണോ… മാഷേ…?” “ഓഹ് സാരമില്ലെടോ…ബാലൻ വരണണ്ട്..” അപ്പോഴേക്കും ബാലനും ഉമ്മറത്തേക്ക് വന്നു. “അച്ഛാ പോവാം… ” “ഉം പോവാം…” അച്ഛനും ബാലനും മുറ്റത്തേക്കിറങ്ങി. അവര് പാടത്തേക്ക് പോകുന്ന നോക്കി ഗൗരിയും അംബികയോട് അടുത്ത് നിന്നു. “മോള് പോകുന്നോ…ബാലന്റെ കൂടെ..? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ നീയ്…?” അവളൊന്നും മിണ്ടാത്തെ പുഞ്ചിരിച്ചു “മോനെ… മോളേം കൂട്ടി കൊണ്ട് പോ… നമ്മുടെ പറമ്പോക്കെ കാട്ടിക്കൊടുക്ക്… മോള് കണ്ടിട്ടില്ലലോ ഇവിടൊന്നും…” “വരൂ ഗൗരി…” ബാലചന്ദ്രന്റെ വിളികേട്ടതും അവൾ സന്തോഷത്തോടെ അവരുടെ കൂടെ പുറപ്പെട്ടു. മൂവരും ഒരുമിച്ച് പാടത്തേക്ക് നടന്നു. നീണ്ടു നിവർന്നു കിടക്കണ പാടം. വരമ്പത്തു തണലെന്ന പോൽ നിവർന്നു നിക്കണ തെങ്ങുകൾ. പച്ച വിരിച്ച പാടത്ത് പാൽ കുറുകിയ നെല്ലുകൾ കതിരണിഞ്ഞു നിക്കുന്നു. ചെറിയ കാറ്റിലവ ഒരുമിച്ചുലയുന്നു. “ആഹാ എന്താ ഭംഗി..?” ആ പച്ചപ്പ് ആസ്വദിച്ചു ഏണിന് കയ്യും കൊടുത്ത് അവൾ നിന്നു. വെയിലടിക്കുന്നെന്ന പേരും പറഞ്ഞ് ബാലന്റെ കയ്യിലെ തോർത്ത്‌ വാങ്ങി തലയിൽ കെട്ടി. ഒക്കെ കണ്ട് മാധവൻ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

“ഇതൊക്കെ ഇവിടുത്തെയാണോ…?” സംശയത്തോടെ ഗൗരി ബാലനോട് ചോദിച്ചു. “ഉം… ഈ പറമ്പോക്കെ നമ്മുടെതാ… ന്റെ കുട്ടിക്കാലം മുതൽ ഞാൻ കളിച്ചു വളർന്ന മണ്ണ്… മുത്തശ്ശനായിരുന്നു ഒക്കെ നോക്കി കണ്ട് ചെയ്തേ. അച്ഛൻ മാഷായിരുന്നു. മുത്തശ്ശൻ പോയേപ്പിന്നെ അച്ഛനായി ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ. അങ്ങനെ അച്ഛൻ ജോലിയൊക്കെ ഉപേക്ഷിച്ചു ഈ പാടത്തും പറമ്പിലും ചെളിയിലുമൊക്കെ പണിയെടുത്ത എന്നെ ഈ ഞാനാക്കിയത്. അച്ഛന്റെ പാത പിന്തുടർന്ന ഞാനും അധ്യാപകൻ ആയത്… കൃഷിയോടും എന്തോ വല്ലാത്തൊരു ആത്മബന്ധം ആണ്…കോളേജ് ഇല്ലാത്ത ദിവസങ്ങളൊക്കെ ഞാനും കൂടും അച്ഛനൊപ്പം…!!” മേലെ പറമ്പിലേക്ക് എത്തിയപ്പോഴേക്കും അവിടെ ജോലിക്കാരൊക്കെ പയർ വിളവെടുപ്പ് തുടങ്ങിയിരുന്നു.

കണ്ണെത്താ ദൂരത്തോളം പൂത്ത് തളിർത്ത പയർ കണ്ട് അവൾ ഓടിച്ചെന്ന് വിളഞ്ഞത് നോക്കി പറിക്കാൻ തുടങ്ങി. “മാഷേ ഏതാ ഈ കുട്ടി…?” “ബാലന്റെ പെണ്ണാ…” “ബാലന്റെ കല്യാണം കഴിഞ്ഞോ…?” “അവനിഷ്ടപ്പെട്ട പെണ്ണിനെ അവൻ വിളിച്ചോണ്ട് വന്നു. അതിനിപ്പോ ഇതൊക്കെ നാട്ടുനടപ്പല്ലേ…?” അച്ഛൻ പറയുന്ന കേട്ട് ബാലൻ ഗൗരിയെ നോക്കി.. അവൾ ഒന്ന് പുഞ്ചിരിച്ചു വീണ്ടും തന്റെ ജോലി ആരംഭിച്ചു.. “ഗൗരി… ഇങ്ങ് വന്നെ…” ബാലൻ വിളിക്കുന്ന കേട്ട് ഗൗരി അങ്ങോട്ട് ചെന്നു. അവളേം വിളിച്ചുകൊണ്ട് കുറച്ചു മുന്നോട്ട് നടന്നു വയലിറമ്പത്തെ മാടത്തിലേക്ക് അവളെ വിളിച്ചു കയറ്റി. “ഇവിടിരുന്ന ഈ പ്രദേശം മുഴുവനും കാണാലോ…?” ഗൗരി ആശ്ചര്യത്തോടെ പറഞ്ഞു. “ചില രാത്രികളൊക്കെ ഇവിടെയാണ് ഞാൻ കിടക്കുന്നെ. നെല്ലൊക്കെ പാകമാകുമ്പോ രാത്രി ഞാനോ അച്ഛനോ ഇവിടെ ഉണ്ടാവും…” “ഒറ്റക്കോ…?” “ഉവ്വ്…!!” “അപ്പൊ തണുക്കൂലേ…?” “ഇല്ല്യ..ഇവിടെ ആഴിയൊക്കെ ഇട്ട് അതിന്റെ ചൂട് പറ്റി ഇങ്ങനെ ഇരിക്കും…” “ഉറക്കം വരില്ലേ…?” കൊച്ചുകുട്ടികളുടെ സംശയങ്ങൾ പോലെ, അവളുടെ സംശയങ്ങൾ കേട്ടപ്പോൾ ബാലന് ചിരി വന്നു.

“ഉറക്കം ഒന്നും വരില്യ…ഷെൽഫിൽ കണ്ട പുസ്തകങ്ങളില്ലേ അവയുടെ പകുതിയും ഇവിടിരുന്ന വായിച്ചു തീർത്തിട്ടുള്ളത്…” “അതൊക്കെ പോട്ടെ ഇഷ്ടായോ ഇവിടൊക്കെ..??” എന്ത് ചോദ്യവ എന്ത് ഭംഗിയാ ഇവിടെ എനിക്ക് ഒത്തിരി ഇഷ്ടായി. ഈ സ്ഥലവും വയലും കുളവും വീടും എല്ലാം… എല്ലാമെനിക്ക് ഇഷ്ടായി. ***************** ഉച്ചയൂണ് കാലമായപ്പോഴേക്കും അച്ഛനും ഗൗരിയും ബാലാനും വീട്ടിലേക്ക് മടങ്ങിയെത്തി. കൈയും മുഖവും കഴുകി ഊണ് മേശക്കരികിൽ എല്ലാവരും കൂടി. ഭക്ഷണം വിളമ്പാൻ ഗൗരിയും കൂടി. അമ്മയുടെ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരിയും പപ്പടവും ഇളക്കി കഴിച്ചുകൊണ്ടിരിക്കെ ബാലൻ തലയുയർത്തി എല്ലാവരെയും നോക്കി. ഇനിയിപ്പോ ദേവുന്റെ കല്യാണം വേഗം നടത്തണം. മാളിയേക്കലിലെ പയ്യൻ ന്നെ വിളിച്ചു. അവന് ഇപ്പോഴും താല്പര്യമുണ്ടെന്ന പറയണേ നമുക്ക് അതൊന്ന് ആലോചിച്ചാലോ… ബാലൻ പറയുന്ന കേട്ട് ദേവു അവനെതന്നെ നോക്കി നിന്നു. കണ്ണിലെവിടോ ഒരു കരട് പോലെ വിങ്ങി നിന്ന കണ്ണുനീർ തുടച്ചവൾ മുറിയിലേക്ക് ഓടി…

നീ കഴിക്കണില്ലേ കുട്ട്യേ.. ഗൗരിയോട് അംബിക ചോദിച്ചു. കഴിക്കാം. അമ്മ ഇരിക്ക് ഞാൻ വിളമ്പി തരാം. “ന്റെ ബാല…ന്തായാലും നീ ഞങ്ങൾക്ക് തന്നത് ഞങ്ങൾ ആഗ്രഹിച്ച പോലൊരു മോളെ തന്നെയാട്ടോ.. ” ഞങ്ങൾക്കൊരു മകൾ കൂടി വേണമെന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. ദൈവം ഞങ്ങളുടെ പ്രാർത്ഥന ഇപ്പോഴേലും കേട്ടല്ലോ… അംബിക പറയുന്നതൊക്കെ കേട്ട് ബാലൻ വിഷമത്തിലോ സന്തോഷത്തിലോ ഒന്ന് പരുങ്ങി. ക്കെ അറിയുമ്പോ ന്താകുവോ ഇവിടുത്തെ അവസ്ഥ…?? “ന്റെ ദേവീ…”എന്ത് ചെയ്യുമെന്നാലോചിച്ചു പാത്രത്തിലേക്ക് നോക്കി ഇരുന്ന ബാലനെ ഗൗരി തട്ടി വിളിച്ചു. “അതേ കഴിച്ചു കഴിഞ്ഞില്ലേ.. എണീക്ക്. കഴിച്ചു കഴിഞാലുടെനെ എണീക്കണം കൈയിൽ എച്ചിൽ വച്ചുണക്കികൂടാ…” അംബിക അവൾ പറയുന്ന കേട്ട് മാധവനെ നോക്കി. “നീ എന്ത് നോക്കിയിരിക്ക്യ ആ പുളിശ്ശേരി ഇങ്ങോട്ട് എടുത്തേ…” മാധവൻ അംബികയോട് പറഞ്ഞു.

“ഏട്ടത്തി… ന്ന ഞങ്ങൾ ഇറങ്ങട്ടെ അങ്ങിട്… കുറച്ചു ദിവസം കഴിഞ്ഞു വരാം. വസുന്ദര ( ദേവുന്റെ അമ്മ ) ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. പോവാണോ. ഉണ്ണി വിളിച്ചു അവൻ വൈകിട്ട് വരുമെന്ന്… അതാ പെട്ടന്ന് പോകാമെന്ന് വച്ചത്. നേരത്തെ പറഞ്ഞിരുന്നേൽ മോനൂട്ടനുള്ളത് ഞാൻ എടുത്ത് തന്നേനല്ലോ…?? ഉണ്ണി രാത്രീലല്ലേ വരൂ… ഞാൻ ചെന്നിട്ട് വെച്ചോളാം..ഏട്ടത്തി…” “ബാല നീയാ കൃഷ്ണനോട് ഇത്രെടം വരെ, വരാൻ പറയ്… വസുന്ദര പോവാൻ തയ്യാറായിരിക്കണ്…” “ഉം.. ഞാൻ വിളിക്കാം.. അമ്മേ..” ബാലൻ ഫോണെടുക്കാൻ റൂമിലേക്ക് പോകാൻ തുടങ്ങുമ്പോ ഗൗരി അവനെ തടഞ്ഞു. ബാലേട്ടനിവിടെ നിക്ക് ഞാൻ പോയ്‌ എടുത്തിട്ട് വരാം. അവരെ യാത്രയാക്കാൻ നോക്ക്. അതും പറഞ്ഞവൾ മുകളിലേക്ക് വേഗം നടന്നു. ഫോണുമായി തിരികെ ബാലന്റെ കയ്യിൽ കൊടുത്തു. നമ്പർ ഡയൽ ചെയ്തു. ഫോൺ ചെവിയോട് ചേർത്തു. അപ്പോഴേക്കും ദേവുവും ഒരുങ്ങി അവിടേക്ക് എത്തി. ഗൗരി ദേവുവിന്റെ അടുത്തേക്ക് നടന്നു.

എന്നാ ഇനി വരിക…? ഗൗരി ദേവൂവിനോട് ചോദിച്ചു. ഏട്ടൻ കുറച്ച് ദിവസേ ഇവിടെ കാണു അത് കഴിഞ്ഞു ഞങ്ങളിങ്ങ് വരും. ഒറ്റക്ക് ഞാനും അമ്മയും അവിടെ നിക്കാൻ പറ്റാത്തൊണ്ട എപ്പോഴും ഇവിടെ വരുന്നേ. ഏട്ടത്തി എന്നോട് ദേഷ്യം ണ്ടോ..? താൻ വിഷമിക്കുവൊന്നും വേണ്ടാട്ടോ.. എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല. ഓട്ടോ വന്നു വാ ബാലൻ അവരെ വിളിച്ചു. ദേവു ബാലന്റെ അടുത്തേക്ക് നടന്നു. ബാലേട്ടാ എന്നോട് ക്ഷമിക്കണേ.. ബാലന്റെ കാലിലേക്ക് വീണുകൊണ്ട് അവൾ പറഞ്ഞു. ഏയ് എണീക്ക് ദേവൂട്ടാ… നീയെന്തിനാ ഇങ്ങനെ… പോയിട്ട് വാ ഇനി ഇതും വച്ചു വിഷമിച്ചിരുവൊന്നും വേണ്ട. അവരെ യാത്രയാക്കി മടങ്ങി വന്നപ്പോഴേക്കും രണ്ടുപേരും കുടുംബ ക്ഷേത്രത്തിൽ പോയ്‌ തൊഴുതുവരാൻ അംബിക പറഞ്ഞു. അംബികയുടെ കയ്യിൽ അവൾക്കുടുക്കാനുള്ള മുണ്ടും നേര്യതും ഉണ്ടായിരുന്നു. “ബാല… നീയീക്കുട്ടിക്ക് ഉടുക്കാനുള്ളതൊന്നും വാങ്ങി കൊടുത്തില്ലേ…?” “അത് പിന്നെ, ഇന്ന് വാങ്ങാൻ പോകാൻ വേണ്ടി ഇരുന്നതാ പിന്നെ തിരക്കൊക്കെ ആയതോണ്ട്…” അമ്പലത്തിൽ പോയ്‌ വരുമ്പോ അവൾക്കെന്താന്ന് വച്ച വാങ്ങി കൊടുക്കാം.

“താൻ പോയ്‌ കുളിച്ചൊരുങ്ങിക്കോ..” അമ്മയുടെ കയ്യിൽ നിന്ന് മുണ്ടും നേര്യതും വാങ്ങി അവൾക്ക് നേരെ നീട്ടി. ഗൗരി അതും വാങ്ങി മുകളിലത്തെ മുറിയിലേക്ക് പോയ്‌. ബാലൻ കുളിച്ചു ഒരുങ്ങി അവളെ കാത്ത് ഉമ്മറത്തിരുന്നു. ഗോവണിയിൽ കൊലുസിന്റെ കിലുങ്ങുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. കറ പുരണ്ട തടിപ്പടികളിലൂടെ അവൾ മെല്ലെ ഇറങ്ങുന്ന കണ്ട് മനം മറന്നവൻ നിന്നു. വിരിച്ചിട്ട മുടിയുടെ തുമ്പ് മാത്രം കെട്ടിയിട്ടുണ്ട്,അമ്മയുടെ മുണ്ടും നേര്യത്തിലും അവളെ കാണാൻ വല്ലാത്ത ഭംഗി തോന്നി…. ഓരോ പടികളും ശ്രദ്ധിച്ചു ചവിട്ടിയിറങ്ങുമ്പോൾ, അവന്റെ കണ്ണുകൾ അറിയാതെ അവളുടെ ചുണ്ടിന് താഴത്തെ കുഞ്ഞു മറുകിൽ നോട്ടമിട്ടിരുന്നു. എപ്പഴോ അവളുടെ നോട്ടമവനെ തേടിയെത്തി ആ കണ്ണുകൾ തമ്മിൽ ഉടക്കി നിന്നു. “ന്തേ ആദ്യായിട്ട് കാണുമ്പോലെ നോക്കണേ…??” “ബാലേട്ടാ…!!!” അവളുടെ വിളിയാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്… “ഒന്നൂല്യ… താൻ വാ…” “ഉം…”അവൾ മെല്ലെ തലയാട്ടി ഒപ്പം നടന്നു. “ബാലേട്ടാ…ഞാൻ ഒരു കാര്യം ചോയ്ച്ചാൽ ദേഷ്യാവോ ന്നോട്…??” “ന്തേ ഗൗരി… ചോയ്ച്ചോളൂ…” “അത്.. ” “ന്താടോ… താൻ ചോയ്ക്ക്..” “ഞാൻ ആരാണെന്നും എന്താന്നെന്നും പറഞ്ഞൂടെ ഏട്ടന് ല്ലാരോടും…?ന്തിനാ എല്ലാരേം ഇങ്ങനെ പറ്റിക്കണത്…??” (തുടരും )