20/04/2026

നാട്യം : ഭാഗം 02

രചന – നന്ദിത ദാസ്

“യാമി… നിനക്കു ആളെ മനസ്സിലായോ? ഇതാണ് ഞാൻ പറഞ്ഞ വയലിനിസ്റ്റ് ”

“മ്മ് പ്രോഗ്രാമിൽ കണ്ടായിരുന്നു… ടെൻഷൻ മൂലം ശരിക്കൊന്നു പരിചയപ്പെടാൻ സാധിച്ചില്ല…. കണ്ടതിൽ സന്തോഷം… മാഷിന്റെ അനിയന്റെ മകനാണ് അല്ലേ… പറഞ്ഞിരുന്നു… ”

അവൾ അത്രയൊക്കെ സംസാരിച്ചിട്ടും എനിക്ക് നാവൊന്നു ചലിപ്പിക്കാൻ കഴിഞ്ഞില്ല… വാക്കുകൾ പുറത്തേക്കു വരുന്നില്ല… ഒരു ഫോൺ കാൾ വന്നപ്പോൾ അതുമായി അവൾ മുന്നോട്ടു നടന്നു…
നന്ദുവും അവളുടെ പുറകെ പോകാൻ തുടങ്ങിയപ്പോൾ ഞാൻ നന്ദുവിന്റെ കൈയിൽ കയറി പിടിച്ചു…

“ഹേയ് എന്താ… എന്താണ് ഏട്ടാ പ്രോബ്ലം… എന്തിനാ നിന്ന് വിയർക്കുന്നത്?

അവളുടെ ആ ഏട്ടാ എന്ന വിളിയിൽ ഇതുവരെ അവളോടുണ്ടായിരുന്ന സകല ദേഷ്യവും ഒഴുകി പോയപോലെ… കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ആ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് പുറകിലേക്ക് മാറി…

“എനിക്ക്… എനിക്കൊരു കാര്യം അറിയണം നന്ദു… ആരാ ആരാ ഈ യാമി…? ”

“അവളല്ലേ ഇപ്പോൾ ഏട്ടനോട് സംസാരിച്ചേ… അതാണ് യാമിക… ന്റെ യാമി…. ”

“അല്ല… അല്ല.. അല്ല… അത് ലക്ഷ്മിയാ… എന്റെ ലെച്ചു…. എല്ലാരും കൂടി എന്നെ പറ്റിക്കുവാ ”

ന്റെ ഗുരുവായൂരപ്പാ… ഇയാൾക്ക് ഇനി വട്ടും ഉണ്ടോ…

“അതേ ആശാന് ആള് മാറിയതാകും… ഇത് യാമി ആണ്… കുഞ്ഞുനാളിൽ മുതൽ ഞാൻ കാണുന്ന യാമിക്ക് ലെച്ചു ന്നു ഒരു പേരില്ല… ”

എന്റെ മൊബൈലിൽ ഞാൻ ലെച്ചുന്റെ ഫോട്ടോ എടുത്തു അവളെ കാണിച്ചു

“ഈശ്വരാ… യാമിയെ പോലെ തന്നെ ഉണ്ടല്ലോ… ഇതാണോ ലെച്ചു… പക്ഷേ യാമിക്ക് കീഴ്ചുണ്ടിൽ ഒരു മറുക് ഉണ്ട്… ലെച്ചുനു അത് ഇല്ല… ”

അവൾ അത് പറഞ്ഞപ്പോളാണ് ഞാനും അത് ശ്രദ്ധിക്കുന്നത്… ഒരുനിമിഷം കൊണ്ട് വല്ലാതങ്ങു ആഗ്രഹിച്ചു പോയി..

“സോറി… ഞാൻ പെട്ടെന്ന് കണ്ടപ്പോൾ… ”

“മ്മ് സാരമില്ല…അതൊക്കെ പോട്ടെ ആരാ ലെച്ചു?
പോകാൻ റെഡി ആകുന്നില്ലേ… ഞങ്ങളുടെ ഒപ്പം വരുന്നുണ്ടോ..? ”

ഞാൻ അവൾക്കു മറുപടി കൊടുക്കും മുൻപേ രണ്ട് ചെറുപ്പക്കാർ ഞങ്ങളുടെ നേരെ നടന്നടുത്തു…

“നന്ദുസേ… പോകണ്ടേ നമുക്കു… ”

“ഹായ്.. അച്ചുവേട്ടനും അപ്പുവേട്ടനും
ഇത് എപ്പോൾ എത്തി രണ്ടാളും… ഞാൻ കരുതി വരില്ലെന്ന് ”

“കൂട്ടികൊണ്ടു പോകാൻ വരുമെന്ന് പറഞ്ഞാൽ ഞങ്ങൾ മറക്കുമോ… അതും ഞങ്ങളുടെ നന്ദുട്ടനെ… ”

“മ്മ്… വിനുവേട്ടാ… ഇതെന്റെ വല്യേട്ടൻ അശ്വിൻ എന്ന അച്ചു… ഇത് കുഞ്ഞേട്ടൻ അനന്ദു എന്ന അപ്പു …
ഇത് നമ്മുടെ മാഷിന്റെ അനിയന്റെ മോനാ.. വിനയ ചന്ദ്ര ദേവ്… വയലിനിസ്റ്റ്… ”

ഞാൻ അവരെയും അവർ എന്നെയും പരിചയപ്പെടുത്തി… നന്ദുന്റെ മുഖം ആണേൽ സന്തോഷത്താൽ ഒന്നൂടി വിടർന്നിട്ടുണ്ട്… ഏട്ടന്മാരോടുള്ള സ്നേഹം ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്… ഒരു കൂടപ്പിറപ്പു ഇല്ലാതെ പോയതിന്റെ വേദന അവരുടെ സ്നേഹം കണ്ടപ്പോൾ വലിയ നൊമ്പരമായി മനസ്സിൽ കിടന്നു നീറി..

“ഇതെന്താ യാമി കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ? നിഖിലേട്ടൻ അല്ലേ വിളിച്ചത്.. എന്താ പറഞ്ഞത്? ”

“എല്ലാരും എന്നെ സപ്പോർട്ട് ചെയ്യുമ്പോൾ നിഖിലേട്ടൻ മാത്രം എന്നെ കുറ്റപ്പെടുത്തുവാ നന്ദു… ആട്ടവും പാട്ടുമൊക്കെ കഴിഞ്ഞെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിലേക്കു പോകാൻ… പ്രോഗ്രാം എങ്ങനെ ഉണ്ടായിരുന്നു എന്ന് പോലും ചോദിച്ചില്ല… ”

“ആഹ് പോട്ടെ… നീ കാര്യമാക്കണ്ട… ജോലിയുടെ ടെൻഷൻ എല്ലാം കാണും… ”

“ഒരിക്കൽ പോലും എന്റെ മനസ്സ് കാണാൻ നിഖിലേട്ടനു കഴിയുന്നില്ലല്ലോ… ആളുടെ ഇഷ്ടത്തിന് അനുസരിച്ചു എത്രയെന്നു വെച്ചാണ് ഞാൻ മാറേണ്ടത്… ”

“ആഹ് വിട്ട് കള മോളെ… പിന്നേ വിനുവേട്ടന് ഒരു അബദ്ധം പറ്റി…”

അവിടെ നടന്ന കാര്യം മുഴുവൻ ഞാൻ അവളോട്‌ പറഞ്ഞു…

“ആരായിരിക്കും ആ ലെച്ചു… നിനക്ക് എന്താ തോന്നുന്നേ… ആളുടെ കാമുകി ആയിരിക്കുമോ? ”

“മിക്കവാറും ആയിരിക്കും… എന്തോ ആൾക്ക് നല്ല ടെൻഷൻ ഉണ്ട് പാവം… ”

“ആഹാ ഇപ്പോൾ അയാൾ പാവം ആയോ… നീ അല്ലേ പറഞ്ഞേ അയാള് ഭയങ്കരൻ ആണെന്ന്… അത് മാത്രം അല്ല ഇപ്പോൾ വിനുവേട്ടനും ആയി… ”

“എന്റെ ഏട്ടന്മാരെ പോലെ ഉള്ളു അയാൾ എനിക്ക്… പിന്നെ അയാളെ ഞാൻ ഇഡിയറ്റ് എന്ന് വിളിച്ചോണ്ടാ പുള്ളിക്ക് എന്നോട് കലിപ്പായത്… ഇപ്പോൾ ഓർക്കുമ്പോൾ പാവം തോന്നുന്നു… ”

“മ്മ് അത് പിന്നെ എനിക്കറിഞ്ഞുകൂടേ എന്റെ നന്ദുനെ… ന്റെ വായാടി പാറു… ”

അതും പറഞ്ഞു ഞാൻ അവളെ ചേർത്തു പിടിച്ചു… പോകാൻ റെഡി ആയി കാറിൽ കയറിയപ്പോൾ മാഷും വയലിനിസ്റ്റും കൂടി വരുന്നത് കണ്ടു..

“അച്ചു… വിനയനെ കൂടി നിങ്ങളുടെ കൂടെ കൂട്ടിക്കോ… തറവാട്ടിൽ ഇറക്കിയാൽ മതി… ”

“അതിനെന്താ മാഷേ… വാ വിനു കയറു… ”

അപ്പുവേട്ടൻ മുൻസീറ്റിൽ നിന്നും ഇറങ്ങി അയാളെ അവിടെ ഇരുത്തി… പിന്നിൽ എനിക്കും യാമിക്കും ഒപ്പം അപ്പുവേട്ടനും ഇരുന്നു…
കാർ മുന്നോട്ടു പോകുംതോറും അയാളുടെ കണ്ണുകൾ യാമിയിൽ തറയുന്നത് പലപ്പോഴും എനിക്ക് കാണേണ്ടി വന്നു… ഏട്ടൻ കൂടെ ഉള്ളോണ്ട് എനിക്ക് അവളോട്‌ അതൊന്നും പറയാനും കഴിഞ്ഞില്ല…

യാമി എന്റെ മടിയിലേക്കു ചാഞ്ഞു… ഞാൻ ഏട്ടന്റെ തോളിലേക്ക് തല ചായ്ച്ചു… ഏട്ടൻ എന്നെ ചേർത്തു പിടിച്ചു…

“ക്ഷീണം തോന്നുന്നുണ്ടോ മോളെ… വിശക്കുന്നുണ്ടോ? മെഡിസിൻ കഴിച്ചായിരുന്നോ? ”

“മ്മ് കഴിച്ചായിരുന്നു… ഉറക്കം വരുന്നുണ്ട് ഏട്ടാ… ”

“എങ്കിൽ ഉറങ്ങിക്കോ… ” ഏട്ടൻ എന്റെ തോളിൽ പതുക്കെ താളം പിടിച്ചു .. ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു…
ഉറക്കം ഉണർന്നു നോക്കിയപ്പോൾ എന്റെ റൂമിൽ ആണ്.. തൊട്ടടുത്തു യാമിയും ചുരുണ്ടു കൂടി കിടക്കുന്നു..
ഞാൻ പതിയെ എഴുന്നേറ്റു അടുക്കള ലക്ഷ്യമാക്കി നടന്നു…

“ഇന്നെന്താ അമ്മേ സ്പെഷ്യൽ? ”

“ആഹാ അമ്മേടെ ചുന്ദരി എഴുന്നേറ്റോ… ഇന്നലെ നല്ല ഉറക്കത്തിലായോണ്ട് അച്ചുവാ പൊക്കിയെടുത്തു രണ്ടിനെയും റൂമിൽ കൊണ്ട് കിടത്തിയത്… യാമി മോൾ എഴുന്നേറ്റില്ലേ? ഗീത രാവിലെയും വന്നു നോക്കിയതേ ഉള്ളു… നിനക്കിഷ്ടമുള്ള ഇലയട ഉണ്ടാക്കിയിട്ടുണ്ട് അവൾ..

“എങ്കിൽ ഞാൻ അങ്ങോട്ട്‌ പോകുവാ… ന്റെ പെറ്റമ്മയ്ക്കു ഒരു സ്നേഹവും ഇല്ല.. ന്റെ ഗീതാമ്മ തനി തങ്കമാ… ”

“അല്ലെങ്കിലും നിനക്കു അങ്ങോട്ട്‌ അല്ലേ കൂറ്.. പല്ലു തേച്ചിട്ട് പോയാൽ മതി… ”

“അവിടെ ചെന്നു തേച്ചോളാം… ”

അമ്മയുടെ കവിളിൽ അമർത്തി ഒരു നുള്ള് കൊടുത്തിട്ട് ഞാൻ താഴ്ന്ന മതില് ചാടി ഗീതാമ്മയുടെ വീട്ടിലേക്ക് കയറി…

“ന്റെ ഇലയട എവിടെ ഗീതമ്മേ…? ”

“ആഹാ മണം പിടിച്ചു ഇങ്ങെത്തിയോ ..ന്റെ മോളു വാ അമ്മ എടുത്തു തരാം. ”

“പല്ലു തേച്ചിട്ട് വരാട്ടോ… എനിക്ക് ആ സ്പെഷ്യൽ കോഫിയും വേണം കേട്ടോ ”

“എല്ലാം തരാം… മോള് പല്ല് തേച്ചിട്ട് വായോ… ”

പല്ലും തേച്ചു മുഖം എല്ലാം കഴുകി ചെന്നപ്പോളേക്കും ഇലയടയും കോഫിയും നേന്ത്രപ്പഴമെല്ലാം ഡയനിംഗ് ടേബിളിൽ ഇടം പിടിച്ചിരുന്നു…
ഇലയടയിലെ ചക്കരയും തേങ്ങയും വിരൽ കൊണ്ട് ചൂണ്ടിയെടുത്തു ഞാൻ നാവിൻ തുമ്പിലേക്കു വെച്ചു…

“ആഹാ എന്തൊരു ടേസ്റ്റ്… യാമിക്കുള്ളത് മാറ്റി വച്ചില്ലെങ്കിൽ ഞാൻ എല്ലാം കഴിച്ചു തീർക്കും കേട്ടോ… ”

“മോള് കഴിച്ചോ… അവൾക്കു ഇരിപ്പുണ്ട്… യാത്രയൊക്കെ സുഖം ആയിരുന്നോ മോളെ… എനിക്ക് വരാൻ പറ്റിയില്ലല്ലോ… എന്തായാലും ന്റെ കുഞ്ഞിന്റെ ആഗ്രഹം നടന്നല്ലോ… ഇന്നലെ കുറേ കുട്ടികൾ പുതുതായി അഡ്മിഷൻ എടുക്കാൻ വന്നിരുന്നു… ”

“എല്ലാം നന്നായിരുന്നു… ഇനി കുട്ടികളൊക്കെ കണ്ടറിഞ്ഞു വന്നോളും… ഡാൻസ് സ്കൂൾ കുറച്ചുകൂടി സൗകര്യം ഉള്ളിടത്തോട്ടു മാറ്റണം… ”

“പെട്ടെന്ന് അതിനൊക്കെ കഴിയുമോ മോളെ… കുറേ ക്യാഷ് വേണ്ടി വരില്ലേ? ”

“അതൊന്നും ഓർത്തു ഗീതാമ്മ ടെൻഷൻ ആകേണ്ട… അച്ഛൻ എല്ലാം ശരിയാക്കിക്കോളും… യാമി യും അമ്മയും ഞങ്ങൾക്ക് വെറും അയൽക്കാർ മാത്രം അല്ലല്ലോ… അമ്മ കണ്ണ് തുടയ്ക്കു… ”

“ഡി നന്ദു എന്റെ അമ്മയെ സോപ്പിട്ടു എല്ലാം ശാപ്പിട്ടോ… ”

“ഓഹ്ഹ് നിന്റെ അമ്മയോ… ഇതെന്റെ അമ്മയാ.. അല്ലേ അമ്മേ… ”

“എന്റേതും ഇല്ല നിന്റേതും ഇല്ല… രണ്ടാളും എന്റെ പൊന്നുമക്കളാ… ”

അമ്മ ഞങ്ങളെ രണ്ടാളെയും ചേർത്ത് പിടിച്ചു കവിളിൽ മുത്തം നൽകി…

കാപ്പി കുടിയൊക്കെ കഴിഞ്ഞു മുറ്റത്തോട്ട് ഇറങ്ങിയപ്പോളാണ് തൊട്ടപ്പുറത്തു മാഷിന്റെ വീട്ടിൽ പരിചയം ഉള്ള ഒരു തല പൊന്തി വന്നത്…

“ഡി യാമി… ദേ നോക്കിയേ അപ്പുറത്ത് വിനുവേട്ടൻ… ”

ഞാൻ കൂയി വിളിച്ചു… ആള് എന്നെ കണ്ടപ്പോൾ ശക്തിയായി കൈ വീശി കാണിച്ചു…

“ഹായ് നന്ദു… ഗുഡ് മോർണിംഗ്… ”

“ഗുഡ് മോർണിംഗ്.. രാവിലെ എന്താ പരുപാടി… മാഷ് ഇല്ലേ അവിടെ..? ”

“ഒരു പരിപാടിയും ഇല്ല… മാഷ് ഇന്നലെ നമ്മുടെ കൂടെ വന്നില്ലലോ.. ഇന്നേ വരുള്ളൂ… തൃശൂർ തന്നെ ഉണ്ട് ”

“അയ്യോ അപ്പോൾ ഒറ്റക്കാണോ… ബോർ ആണെങ്കിൽ ഇങ്ങോട്ട് പോരെ ഞങ്ങൾ കമ്പനി തരാം… ”

“വന്നാൽ ഒരു ചായ കിട്ടുമോ? എങ്കിൽ ഞാൻ റെഡി… ”

“അപ്പോൾ ഇതുവരെ ചായ കുടിച്ചില്ലേ… രാമുവേട്ടൻ പാല് കൊണ്ട് തന്നില്ലേ? ”

“ഇവിടെ ആരും വന്നില്ല… ”

“ഞങ്ങൾ എങ്കിൽ അങ്ങോട്ട്‌ വരാം… ”

“വാ യാമി… ”

“നീ മതിൽ ചാടാൻ പോവണോ… അയാൾ എന്ത്‌ വിചാരിക്കും… വാ ഗെയിറ്റിന്റെ അതിലെ പോകാം… ”

ഗെയിറ്റ് തുറന്നു… മതിലിന്റെ പുറത്ത് രാമുവേട്ടൻ കൊണ്ടു വെച്ച പാലും എടുത്തു ഞങ്ങൾ അകത്തേക്ക് കയറി..

“ദാ പാല് അവിടെ ഉണ്ടായിരുന്നു… ഇന്നത്തെ ചായ ഞങ്ങൾ ഉണ്ടാക്കി തരാം കേട്ടോ… ”

“വളരെ സന്തോഷം… ചായ ഉണ്ടാക്കാനൊക്കെ അറിയാമോ? ”

“തീരെ അങ്ങ് കൊച്ചാക്കല്ലേ ആശാനെ… മാഷ് ഇവിടെ പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലാതെ ഒറ്റത്തടിയായി വിലസുവല്ലേ… റിലേറ്റീവ്സ് പോലും വന്നു ഞങ്ങൾ കണ്ടിട്ടില്ല… മാഷും ഞങ്ങളും കൂടി ഇവിടെ ഒരുമിച്ചു കൂടിയാൽ പിന്നെ ഡാൻസും പാട്ടും ബഹളമൊക്കെ ആയി ശരിക്കും പൊളിച്ചടക്കും… കുക്കിങ്ങും ഞങ്ങൾ ഒരുമിച്ചാണ്… ”

“മ്മ്… ഞാനും ഇവിടെ ആദ്യമായിട്ടാ… വല്യച്ഛൻ കുടുംബക്കാരിൽ നിന്നൊക്കെ അകന്നു കഴിയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി….

ശരിക്കും നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു… എന്ത് രസമാ ഇവിടെ… ഇവിടുത്തെ കാറ്റിനു പോലും ഒരു താളം ഉണ്ട്… പിന്നെ നിങ്ങളുടെ ഈ സൗഹൃദം… നിങ്ങളുടെ ഏട്ടന്മാർ എല്ലാരും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു… ”

“ഇതിൽ അത്ഭുതപെടാൻ ഒന്നുല്ല… മനസറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിഞ്ഞാൽ മതി…
എന്നാൽ ഞങ്ങൾ കിച്ചണിലോട്ട് കയറട്ടെ കേട്ടോ… ”

“മ്മ് മ്മ് ഒക്കെ ”

യാമിയോട് സംസാരിക്കണമെന്ന് പലവട്ടം തോന്നി… പക്ഷേ അവൾ മുന്നിൽ വരുമ്പോൾ എന്തോ ഒരു വല്ലാത്ത പതർച്ച പോലെ… നന്ദുനോട് സംസാരിക്കുമ്പോൾ മനസ് ഫ്രീയും ആകുന്നുണ്ട്…

“കേട്ടോ യാമി… വിനുവേട്ടന് നിന്നിൽ ഒരു നോട്ടം ഉണ്ട്… ഇന്നലെ മുതൽ ഞാൻ കാണുന്നുണ്ട്… അരുതാത്തത് എന്തെങ്കിലും ആ മനസിൽ കൂട് കൂട്ടുന്നതിന് മുൻപ് വേരോടെ അത് പിഴുതു എറിയണം… ”

“മ്മ്… അയാളുടെ ലെച്ചുനെ കുറിച്ച് നമുക്കൊന്ന് ചോദിച്ചാലോ? നീ ചോദിച്ചു നോക്കു നന്ദു നിന്നോട് അയാൾ പറയും… ”

“മ്മ് ചോദിക്കാം… ”

ചായയുമായി ഞങ്ങൾ വിനുവേട്ടന് അരികിലേക്ക് ചെന്നു… ചായ വാങ്ങി കുടിച്ചിട്ട് വളരെ നന്നായി എന്ന് അഭിപ്രായവും പറഞ്ഞു…

“ഞാൻ അല്ല യാമി ഉണ്ടാക്കിയതാ ചായ… ”

യാമിയുടെ മുഖത്ത് നോക്കി തൊട്ടും തൊടാതെയും വിനുവേട്ടൻ ഒരു താങ്ക്സ് പറഞ്ഞു…

“യാമി… ഒന്നിവിടം വരെ വന്നിട്ട് പോകു കുട്ടി… ”

“നന്ദു… ഞാൻ ഇപ്പോൾ വരാം അമ്മ വിളിക്കുന്നു… ”

“മ്മ് പോയിട്ട് വാ… ”

യാമി പോയി കഴിഞ്ഞപ്പോൾ ഞാൻ വിനുവേട്ടനോട് ചോദിച്ചു…

“ആരാ വിനുവേട്ടാ ലെച്ചു… യാമിയെ കാണുമ്പോൾ എന്തിനാ ഇത്ര വെപ്രാളം…? ”

ഞാൻ അത് ചോദിക്കുകയും വിനുവേട്ടന്റെ കൈയിൽ ഇരുന്ന ചായ കപ്പ്‌ താഴെ വീണ് ചിന്നി ചിതറിയതും ഒരുമിച്ചായിരുന്നു …

(തുടരും )