രചന – ലച്ചുമ്മ
നിറയെ മണികളുള്ള വെള്ളി കൊലുസണിഞ്ഞ ആ വെളുത്ത കാൽപാദങ്ങൾ അമ്പലത്തിന്റെ പടിക്കെട്ടുകൾ ഓടി ഇറങ്ങി….
“ഈശ്വരാ.. ഇന്നെങ്കിലും കാണണേ…
ഒരെണ്ണം മതി… ഒറ്റ ഒരെണ്ണം…..
കൈ രണ്ടും കൂപ്പി കണ്ണുകളടച്ച് ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട്
അമ്പലക്കുളത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്ക് അടുത്തായി അവൾ വന്നു നിന്നു…. പതിയെ ആ വലിയ മര വാതിൽ തള്ളി തുറന്നു…….
ആദ്യം തന്നെ വാലിട്ടെഴുതിയ നീല മിഴികൾ മോഹിച്ചു തേടിവന്നതിൽ ഉടക്കിയപ്പോൾ സന്തോഷത്താൽ അവ ഒന്നുകൂടി വിടർന്നു…. ചിരിയോടെ കൽപ്പടവുകൾ ഓടി ഇറങ്ങി താഴത്തെ പടിയിൽ ആയി നിലയുറപ്പിച്ചു… ഒരു കൈയ്യാൽ പാവാട തുമ്പ് തെല്ലുയർത്തി, മറു കയ്യാൽ മുന്നിലേക്ക് വീണു അരയോളം നീണ്ടു കിടക്കുന്ന മുടിയിഴകളെ പിന്നിലേക്ക് മാടി ഒതുക്കി… തെളിണീരിൽ മെല്ലെ ഒരു കാൽപാദം മുക്കിയതും സുഖമുള്ളൊരു കുളിർ ഉടലാകെ നിറഞ്ഞു…..
കുളത്തിന് ഒത്ത നടുക്കായി രാജ്ഞിയെ പോലെ വിരിഞ്ഞു നിൽക്കുന്ന നീലത്താമരയിൽ ഒന്നൂടെ നോട്ടം പതിപ്പിച്ചു പതിയെ ഒരുകയ്യെത്തി അതിന്റെ തണ്ടിൽ പിടിച്ചു ഒടിച്ചെടുത്തു…..
ചിരിയോടെ അതുമായി പടവുകൾ കയറി…
അല്ല… ഇതാര് അല്ലിക്കുട്ടിയോ….
എങ്ങോട്ടേക്ക ഇത്ര സന്തോഷത്തിൽ….
എങ്ങോട്ടും ഇല്ലെന്റെ നാണിയമ്മേ….
കാവിലേക്കാണ്…..
ചുളിവ് വീണ അവരുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടാ പെണ്ണ് ചിരിയോടെ പറഞ്ഞു….
ഉവ്വോ…. കയ്യിലെ നീലത്താമര കണ്ടപ്പോളെ നിരീച്ചു…. ഇന്ന് കാവിലമ്മയെ മണിയടിച്ചു കാര്യം സാധിക്കാൻ ഉള്ള പോക്കാണെന്ന്…..
ഒന്ന് പോ എന്റെ നാണിയമ്മേ….
അങ്ങനെ ഒന്നും ഇല്ല ട്ടോ..
അവർ പറഞ്ഞത് കേട്ടതും കുറുമ്പോടെ അവരെ നോക്കി ചിറി കോട്ടി അവൾ…
അതേ അതേ…. എനിക്കറിയാലോ പെണ്ണെ നിന്നെ….. അച്ചു എന്നാ വരുന്നേ….
അച്ചു എന്ന പേര് കേട്ടതും അറിയാതെ പെണ്ണിന്റെ കവിൾതടം ചെമ്പരുത്തി ചോപ്പണിഞ്ഞു….
ചെമ്പകശ്ശേരിയിൽ എത്തിയിട്ടുണ്ടെന്ന് രാവിലെ അപ്പച്ചി അമ്മയോട് വിളിച്ചു പറയണ കേട്ടു….
മടിച്ചു മടിച്ചു പറഞ്ഞു നിർത്തിയതും പല്ലില്ലാത്ത മോണ കാട്ടി വെളുക്കനെ ചിരിച്ച നാണിയമ്മയെ നോക്കാൻ വയ്യാതെ നാണത്തോടെ ആ പെണ്ണ് ഓടിയകന്നു…..
കയ്യിലെ കുപ്പിവളകളുടെയും കാലിലെ വെള്ളിക്കൊലുസിന്റേം ഒലി കാറ്റിൽ അലിഞ്ഞുചേർന്നു…..
നിറയെ വള്ളിപടർപ്പുകളാൽ മറതീർത്ത പൊട്ടി പൊളിഞ്ഞ കൽഭിത്തികളോട് കൂടിയ ആ പഴയ അമ്പലത്തിന്റെ കവാടത്തിനോട് ചേർന്ന് അവൾ വന്നു നിന്നു….
വനദുർഗ്ഗ ആണ് പ്രതിഷ്ഠ…. അങ്ങനെ വലിയ പൂജയും വഴിപാടും ഉള്ള വലിയ അമ്പലം ഒന്നും അല്ല… എങ്കിലും കുഞ്ഞിലേ തൊട്ട് മുത്തശ്ശി പറഞ്ഞു ശീലമായതാണ്…. ഇവിടത്തെ ദേവി വിളിച്ചാൽ വിളിപ്പുറത്താണെന്നു…..
മനസറിഞ്ഞു വിളിച്ചാൽ വിളികേൾക്കുന്ന ഉഗ്രരൂപിണി ആയ ദേവി…. കയ്യിൽ ഒരു നീലത്താമരയുമായി ചെന്നു കണ്ടു പ്രാർത്ഥിച്ചു ദേവിക്ക് സമർപ്പിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന് പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്…..
ഇപ്പോൾ കൊല്ലം 8 ആയി ഇങ്ങനെ വന്നു പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്… ആദ്യം ഒക്കെ അച്ഛനും അമ്മയും കളിയായി എടുക്കുമായിരുനെങ്കിലും പിന്നീട് എന്ന് ഈ കണ്ണാടികുന്നിൽ നീലത്താമര വിരിയുന്നോ അത് അല്ലിക്കുവേണ്ടി മാത്രം ആണെന്ന് നാട്ടിൽ പാട്ടായി മാറിയ കാലം വന്നു….
ഇന്നും കിട്ടി അങ്ങനെ ഒരെണ്ണം….
കുറച്ചു നാളായി നോക്കി നിന്നു ഇതൊന്നു കയ്യിൽ കിട്ടാനായി…..
ഈ എട്ടു കൊല്ലവും ആശിച്ചു, മോഹിച്ചു മനസ്സിൽ പൂട്ടിവെച്ചിരിക്കുന്ന ആഗ്രഹം സഫലമാകുന്ന ദിനം എണ്ണി കഴിയുകയാണ് ഇന്നും…..
കയ്യിലെ നീലത്താമര മുറുക്കെ പിടിച്ചു നെഞ്ചോടു ചേർത്തു വെച്ചു കണ്ണുകൾ അടച്ചു ശ്രീകോവിലിനു മുന്നിൽ നിന്നു…. മനസ്സിൽ ഉള്ള കാര്യം സാധിക്കാൻ എന്നത്തേയും പോലെ മന്ത്രം കണക്കെ മനസിൽ ഉരുവിട്ട്…..
കണ്ണുകൾ തുറന്നതും ശ്രീക്കോവിലിലെ ദേവിയുടെ മുഖത്ത് പതിവില്ലാതെ ഒരു ചിരി വിരിഞ്ഞോ എന്നൊരു സംശയത്താൽ ഒന്ന് നോക്കി…. താമരപ്പൂ നടയിൽ വെച്ചു അവിടെനിന്നും തിരിച്ചു…..
🌺🌺🌺🌺🌺
ചെമ്പകശ്ശേരി എന്ന് എഴുതിയ തുരുമ്പിച്ച ഗേറ്റ് തള്ളി തുറന്നു അകത്തു കേറി….
ആഹ് ഇതാരാ ഈ വരണേ….
കുറച്ചു കൂടി നേരത്തെ പ്രതീക്ഷിച്ചു ഞങ്ങൾ…..
ഭാമേ…. ഇതാരാ വന്നിരിക്കുന്നെ എന്ന് നോക്കിക്കേ….
ഉമ്മറത്തിരുന്ന ബാലമ്മാമ്മ മുഖത്തെ വട്ടകണ്ണട ഒന്നൂടെ അമർത്തി വെച്ചു കയ്യിലെ പത്രത്തിൽ നിന്നു നോട്ടം മാറ്റി ചോദിച്ചു…. ആ ചോദ്യത്തിന് ഒരു പരിഹാസ ചുവ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു…..
എവിടെ ഇവിടുത്തെ രാജകുമാരൻ….
ഒന്ന് കണ്ടു ദർശനം വാങ്ങി പോകാമെന്നു കരുതി ഇറങ്ങിയതാ എന്റെ വക്കീലേ…..
എന്ന് താടിത്തുമ്പിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞു നിർത്തിയതും ഇടത്തെ കൈയിൽ ചട്ടുകം കൊണ്ടു ഒരു കുഞ്ഞടി കിട്ടി…..
സ്….!!
എരിവ് വലിച്ചു തിരിഞ്ഞതും കാതിൽ പിടി വീണു..
എനിക്ക് വേദനിച്ചു ട്ടോ ഭാമകുട്ടിയെ….!
ചുണ്ട് പിളർത്തി കൊച്ചു കുട്ടിയെ പോലെ പരിഭവം പറയുന്ന പെണ്ണിനെ ചെറു ചിരിയാലേ നോക്കി നിന്നവർ….
വേദനിക്കണം…. അതിനാ ഒന്ന് തന്നെ…
അല്ലെങ്കിലേ തമ്പുരാട്ടി ഈ വഴിയൊക്കെ പണ്ടേ മറന്നതാണല്ലോ….. ഇപ്പോൾ വന്നതിന്റെ പിന്നിലെ ഉദ്ദേശവും ഞങ്ങൾക്ക് കൃത്യമായി അറിയാം.. അല്ലെ ബാലേട്ടാ…
ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ അത് ശെരിയെന്നപോലെ അദ്ദേഹവും തലയാട്ടി ചിരിച്ചു…..
അവരുടെ അർത്ഥം വെച്ചുള്ള കളിയാക്കൽ ഉടലാകെ നാണം കൊണ്ടു പൊതിഞ്ഞ അനുഭൂതി പടർത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ പതിയെ വിഷയം മാറ്റി….
ആട്ടെ… എവിടെ ആ മഹാൻ? എണീറ്റില്ലേ ഈ നേരം വരെയും…..?
മ്മ്.. മ്മ്….
ഇല്ല… ഇന്നലെ വന്നപ്പോൾ ഒത്തിരി താമസിച്ചു…. അതുകൊണ്ട് രാവിലെ വിളിക്കരുതെന്ന് താകീത് തന്നിട്ടാണ് ഇന്നലെ ഉറങ്ങാൻ കിടന്നത്…..
ഓഹോ… അങ്ങനെ ആണല്ലേ…
മ്മ്.. ശെരിയാക്കിത്തരാം….
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു അവരെ വകഞ്ഞു മാറ്റി കോണിപടി കേറി മുകളിലെ മുറി ലക്ഷ്യമാക്കി നീങ്ങുമ്പോളും പിന്നിൽ നിന്നു അപ്പച്ചി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു അല്ലി അവനെ ഉറക്കത്തിൽ ശല്യം ചെയ്താൽ എന്താ സംഭവിക്കുക എന്നു അറിയാല്ലോ എന്ന്….!
🌺🌺🌺🌺🌺
കുഞ്ഞിന്നാളു മുതൽ എന്നും കൈ പിടിച്ചു സ്കൂളിൽ കൊണ്ടുപോകാനും, ഒന്നിച്ചിരുന്നു കഴിക്കാനും, കൈമൾ മാഷിന്റെ വീട്ടിലെ ചാമ്പ മരത്തിൽ നിന്നു ചാമ്പക്ക പൊട്ടിച്ചു തരാനും, ഒളിച്ചും പാത്തും കളിക്കാനും, ആമ്പൽ കുളത്തിൽ വെള്ളയും നീലയും ആമ്പൽ വിരിയുമ്പോൾ ആഴംപോലും നോക്കാതെ എടുത്തു ചാടി കൈനിറയെ പറിച്ചുകൊണ്ട് തരാനും,
ഉത്സവത്തിന് പോകുമ്പോൾ തേൻമിട്ടായിയും, കോൺ ഐസും വാങ്ങി പങ്കുവെച്ച് തിന്നാനും അങ്ങനെ അങ്ങനെ അല്ലിയുടെ എല്ലാ ഇഷ്ടങ്ങൾക്കും, കുറുമ്പിനും കൂട്ടായി, നിഴൽ പോലെ ഒപ്പം ഉണ്ടായിരുന്നവൻ….
അവൻ… അശ്വന്ത് ബാലചന്ദ്രൻ..
അല്ലിയുടെ മാത്രം അച്ചുവേട്ടൻ…..
ഒരു കൂട്ടുകാരനെ പോലെ, മനസാക്ഷി സൂക്ഷിപ്പുകാരനെ പോലെ, ഞാൻ പറയാതെ എന്നെ അറിയുന്ന… അല്ലിയുടെ എല്ലാം എല്ലാമായി മാറിയ ഒരുവൻ….
സൗഹൃദം എന്ന ബന്ധം കടന്ന് പ്രണയം എന്ന അദൃശ്യ നൂലിനാൽ ഹൃദയം അവനോട് ഇഴച്ചേർന്നത് എന്നാണെന്നു അറിയില്ല….
പതിനാറാം വയസ്സ് മുതൽ ഹൃദയത്തിന്റെ ഏതോ ഒരു കോൺ അവനായി മാറ്റിവെച്ചത് മനസിലാക്കിയത് മുതൽ എല്ലാം പുതുമയുള്ള അനുഭവങ്ങൾ ആയിരുന്നു…..
സ്കൂളിൽ അവനെ പറ്റി മറ്റു പെൺകുട്ടികൾ അഭിമാനത്തോടെയും അതിലുപരി ആരാധനായോടും കൂടി പറയുന്നത് കേൾക്കുമ്പോൾ ഉള്ളിൽ കുഞ്ഞ് കുശുമ്പ് കുത്തുന്നത് മനസിലായത് മുതൽ ആണോ അവനെ ഞാൻ പ്രണയിക്കുന്നു എന്ന് മനസിലാക്കിയത്…..?
അറിയില്ല… ഇന്നും ഉത്തരം ഇല്ലാത്ത സമസ്യ തന്നെയാണ്……
എന്ത് തന്നെ ആയാലും പിന്നീട് വായിക്കുന്ന ഓരോ വരിയിലും എഴുതുന്ന ഓരോ കവിതയിലും അറിയാതെ അവൻ തന്നെയാണ് നിറഞ്ഞു നിന്നിരുന്നത്….. കേൾക്കുന്ന പാട്ടെല്ലാം ഇമ്പമുള്ളതായത് അവനെ പറ്റി ചിന്തിക്കുമ്പോൾ ആയിരുന്നു…..
ഒളിഞ്ഞും തെളിഞ്ഞും അല്ലാതെയും പലതവണ അവനോട് പറയാതെ പറഞ്ഞതും മനസിലെ മോഹങ്ങൾ ആയിരുന്നു…. ഇന്നുവരെയും തുറന്നൊരു സമ്മതം അറിയിച്ചിട്ടില്ലെങ്കിൽ കൂടി ആ മനസ്സിലും അല്ലി മാത്രേ കയറി കൂടിയിട്ടുള്ളു എന്നത് പരസ്യമായ രഹസ്യം…..
ഈ കഴിഞ്ഞ 8 വർഷക്കാലവും മോഹിച്ചതും ആശിച്ചതും അത് ഒന്ന് മാത്രം ആണ്… സ്നേഹിച്ചവന്റെ കയ്യാൽ നെഞ്ചിലേറ്റുന്ന ആലിലത്താലിയും അവന്റെ കയ്യാൽ ചുവപ്പണിയുന്ന എൻ സിന്ദൂരരേഖയും…..
🌺🌺🌺🌺🌺
കോണിപ്പടി കേറി നേരെ ഇടത്ത് വശത്തെ അടഞ്ഞ വാതിൽ മെല്ലെ ഒച്ചയുണ്ടാക്കാതെ തള്ളി തുറന്നു ഉള്ളിൽ കേറി….. കട്ടിലിൽ പുതപ്പിനടിയിൽ മുഴുവനായി മറഞ്ഞ ശരീരത്തിലേക്ക് നോട്ടം ചെന്നു നിന്നു….. ശ്വാസോച്വാസത്താൽ ഉയർന്നു താഴുന്ന അവന്റെ നെഞ്ചിൽ നോക്കി നിന്നു പതിയെ നടന്നു അടുത്തു ചെന്നു പുതപ്പിനുള്ളിൽ നൂണ്ടു കേറി നെഞ്ചിൽ തല ചായ്ച്ചു…..
ഹും.!! എത്ര നാളായി ഞാൻ ഇങ്ങനെ താമരപ്പൂവും കൊണ്ടു പെറ്റീഷൻ കൊടുത്തു നടക്കുന്നു എന്റെ ഇലഞ്ഞിക്കാവിലമ്മേ…! ഈ മഹാനുഭാവന്റെ വായിൽ നിന്നു ഒരു സമ്മതം കിട്ടാൻ…..
കണ്ണാടിക്കുന്നിലെ പുൽകൊടിക്കു വരെ അറിയാം ഈ കലിപ്പൻ ചെക്കനെ എനിക്കിഷ്ടമാണെന്ന്….
എന്നിട്ടും അറിയേണ്ട ആൾ മാത്രം എല്ലാം അറിയാഞ്ഞിട്ടും ഒന്നുമറിയാത്ത മട്ടിൽ മറ്റെങ്ങോ പോയി ജോലിചെയ്തു സുഖമായി ജീവിക്കുന്നു…..
ഒന്നുമില്ലെങ്കിലും കഴിഞ്ഞ എട്ടു കൊല്ലമായിട്ട് മുടങ്ങാതെ വന്നു നിനക്ക് താമരപ്പൂ തരുന്നതല്ലേ ഞാൻ….. ഇച്ചിരി സങ്കടണ്ട്…..
ആരോടെനില്ലാതെ പതിഞ്ഞ ശബ്ദത്തിൽ പതംപറയുന്നവളെ കേൾക്കെ പാതി മുറിഞ്ഞ ഉറക്കത്തിനിടയിലും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…..
അരക്കെട്ടിലൂടെ ഇഴയുന്ന അവന്റെ കയ്യുടെ ചൂട് അറിഞ്ഞതും പൊടുന്നനെ അവൾ പതംപറിച്ചിൽ നിർത്തി പിടപ്പോടെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി…..
അവളെ തന്നെ കണ്ണിമവെട്ടാതെ ചെറുചിറിയാലേ നോക്കി കിടക്കുന്നവനെ കാൺകെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി…. അരയിൽ മുറുകുന്ന അവന്റെ കൈ എടുത്തു മാറ്റി ചാടി എണിറ്റു മാറി നിന്നു…. തലയുയർത്തി നോക്കാൻ ആവാതെ ജാള്യതയോടെ തറയിൽ തന്നെ മിഴികൾ ഉറച്ചു നിന്നു…..
കുസൃതി ചിരി വിരിഞ്ഞ ചുണ്ടുകൾ നിമിഷ നേരത്തിൽ ഗൗരവത്തിന്റെ മൂടുപടം എടുത്തണിഞ്ഞവൻ ചോദിച്ചു…..
നിന്നോട് ആരാ പറഞ്ഞെ ഇങ്ങനെ എന്റെ കൂടെ കട്ടിലിൽ കേറി കിടക്കാൻ…? ശേ….. എന്താ ഇത് അളകനന്ദ നീ ഈ കാട്ടിയെ?
അവളെ വെറുതെ എരികേറ്റാനും, അവളുടെ മുഖത്ത് വിരിയുന്ന കുഞ്ഞ് കുശുമ്പ് ആസ്വദിക്കാനും വേണ്ടി മനഃപൂർവം ആണ് അവളെ പേരെടുത്തു വിളിച്ചത്…..
താൻ ചോദിച്ചത് കേട്ടു അത്ഭുതത്താൽ വിടർന്ന നീല മിഴികൾ നിമിനേരത്തിൽ കാർമേഘം മൂടുന്നത് കണ്ടതും ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാക്കി… എങ്കിലും വിട്ടുകൊടുക്കാൻ അവൻ നിന്നില്ല… ഇന്ന് എന്തായാലും അറിയണം എന്ന നിലപാടോടെ മുന്നോട്ട് പോയി….
എന്നാൽ തന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് കലങ്ങി തുടങ്ങിയ മിഴികൾ തുടച്ചുകൊണ്ടവൾ കുറുമ്പെടുത്തണിഞ്ഞു…
പിന്നെന്തിനാ എന്നെ ചുറ്റി പിടിച്ചു കിടന്നതെന്ന് ചോദിച്ചതും സത്യത്തിൽ ചൂളിപ്പോയി……
ആഹ്… അത് ഞാൻ… വേറെയാരോ എന്ന് കരുതിയാണ്…..
തപ്പി തടഞ്ഞു മറുപടി പറഞ്ഞതും കണ്ണുകൾ ഒന്നൂടെ കുറുക്കി അവൾ അടുത്തേക്ക് വന്നു…..
ഓഹോ… അങ്ങനെ വേറെയാരോ എന്ന് കരുതി ആരു വന്നാലും കേറി പിടിക്കുമോ…!
ആഹ് എന്റെ കട്ടിലിൽ അല്ലെ… ഞാൻ പിടിക്കും…. പക്ഷെ എല്ലാരേം ഒന്നും ഇല്ല… ഞാൻ സ്നേഹിക്കുന്ന ആ ഒരുവളെ മാത്രം…..
ഓഹോ… അങ്ങനെ ആണോ…അതേതാ ആ ഒരുവൾ….?
കുശുമ്പോടേം കുറച്ചു നിരാശയോടെയും തന്നെ നോക്കി ചോദിച്ചു നിർത്തിയവളെ കാണെ ഉള്ളിൽ ചിരിച്ചുകൊണ്ട് അങ്ങനെ ഒരുവൾ ഉണ്ടെന്നും…. അത്രെയേറെ സ്നേഹിക്കുന്നുവെന്നും…. ഉടൻ തന്നെ അവളെ വിവാഹം കഴിക്കണം എന്ന് ആലോചനയിൽ ആണെന്നും…
ആദ്യം പറയുന്നത് തന്റെ പ്രിയ കൂട്ടുകാരിയായ അവളോടാണെന്നും പറഞ്ഞതും വീണ്ടും ആ നീല മിഴികൾ നിറഞ്ഞു കവിഞ്ഞു……
പിന്നീടൊന്നും കേൾക്കാൻ ത്രാണി ഇല്ലാത്തപോലെ യാത്രപറയാതെ തിരിഞ്ഞു നടക്കാൻ ആഞ്ഞവളെ ഒറ്റ വലിയ്ക്ക് നെഞ്ചിലേക്കിട്ട് കട്ടിലിലേക്ക് മറിഞ്ഞു…..
നിറഞ്ഞു നിന്ന നീലമിഴികളിൽ ആശ്ചര്യം നിറയുന്നത് കണ്ടതും മൂക്കിൻ തുമ്പിൽ ഒരു കുഞ്ഞ് കടി കൊടുത്തു ഒപ്പം നീലക്കൽ മൂക്കുത്തിമേൽ അമർത്തി മുത്തി….
എന്നും രാത്രി തന്റെ ഉറക്കം കെടുത്തുന്ന നെഞ്ചിൽ കുടിയിരിക്കുന്ന നീല മിഴി ഉള്ള പെൺകുട്ടിയുടെ കഥ പറയട്ടെ എന്ന് ചോദിച്ചതും അതേ അത്ഭുതത്തോടെ, കൊച്ചു പരിഭവത്തോടെയും നെഞ്ചിൽ കൈ ചുരുട്ടി ഊക്കോടെ ഇടിച്ചുകൊണ്ടിരുന്നു ആ പെണ്ണ്……
🌺🌺🌺🌺🌺
അച്ചുവേട്ട…..
എന്തോ….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..
എന്താടി പെണ്ണെ….. നീ ചോദിക്ക്….
അതേ…. എപ്പോളാ നമ്മുടെ കല്യാണം….
അമ്പലകുളത്തിലെ കല്പടവുകളിൽ ഒന്നിൽ അവന്റെ നെഞ്ചോടു ചേർന്നിരിക്കുമ്പോൾ അവൾ ചോദിക്കുന്നത് കേട്ട് അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…..
ഈ കുളത്തിലെ അടുത്ത നീലത്താമര പൂക്കുന്നതിനു മുൻപ് അല്ലിപെണ്ണ് അച്ചുവിന് സ്വന്തം ആകും….
എന്നെന്നേക്കുമായി…..
വിടരാൻ കാത്ത് നിൽക്കുന്ന നീലത്താമര മൊട്ടു നോക്കി അവൻ പറഞ്ഞു നിർത്തിയതും അവളുടെ നീല മിഴികളും അതിൽ ചെന്നു നിന്നു….
സൂര്യന്റെ പൊൻകിരണം പതിച്ചു അവളുടെ നീലക്കൽ മൂക്കുത്തി വെട്ടി തിളങ്ങി….
💜
അവസാനിച്ചു……

by