20/04/2026

ശിവനയനം : ഭാഗം 01

രചന – നിള നന്ദ

” ഒരു ഗതിയും ഇല്ലാത്ത തന്തയും തള്ളയും ആരെന്ന് അറിയാത്ത നിന്നെ പോലൊരുത്തിയെ കെട്ടാൻ മാത്രം മണ്ടനല്ലെടി ഞാൻ. ”

” അപ്പൊ…. അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നല്ലേ ദേവ്. എന്തിനായിരുന്നു എന്നോടിങ്ങനെ..? എന്ത്‌ തെറ്റാടാ ഞാൻ നിന്നോട് ചെയ്തത്..? ”

ഒരു പൊട്ടി കരച്ചിലോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഞാൻ അലറി.

” നയന എന്ന ഈ സുന്ദരി കുട്ടിയെ കൊടുത്താൽ കിട്ടാൻ പോവുന്ന ഇരുപത്തിയഞ്ചു ലക്ഷം രൂപയയ്ക്ക് വേണ്ടി. നീ വിഷമിക്കണ്ടെടി മോളെ… ഒർഫനെജിലെ അരപട്ടിണിയിൽ നിന്ന് രക്ഷപെട്ട് സെൽവരാജ് എന്ന കോടീശ്വരന്റെ ഭാര്യയായി കെട്ടിലമ്മയായി നിനക്ക് സുഖമായി ജീവിക്കാം. ”

എന്റെ കൈ എടുത്ത് മാറ്റി അവൻ കവിളിൽ തട്ടി.

” ഇല്ലെടാ.. നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ല. എന്നെ വിറ്റ് കിട്ടുന്ന പണം കൊണ്ട് സുഖിച്ചു വാഴാന്ന് നീ കരുതണ്ട. ”

ആദ്യമായിട്ടാണ് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ പ്രണയത്തിന് പകരം എന്റെ കണ്ണിൽ ദേഷ്യം നിറഞ്ഞത്.

” എന്താ നയന മോളെ ഇത്. കരഞ്ഞും ദേഷ്യപ്പെട്ടും ഈ മുഖത്തിന്റെ സൗന്ദര്യം വെറുതെ കളയണ്ട. സെൽവരാജ് ഇപ്പൊ ഇങ്ങ് വരും. നിന്നെ ഈ കോലത്തിൽ കണ്ടാൽ ഞാൻ ശെരിക്ക് നോക്കാഞ്ഞിട്ടാണെന്ന് കരുതും. ”

അവൻ രണ്ട് കയ്യും നീട്ടി എന്റെ കവിളിൽ പരന്നിരിക്കുന്ന കണ്ണുനീർ തുടയ്ക്കാൻ ശ്രെമിച്ചു.

” ഛീ വിടെടാ.. തൊട്ട് പോവരുത് എന്നെ. ”

അവന്റെ കൈ രണ്ടും തട്ടി മാറ്റി ഞാൻ ചീറി.

” പണത്തിന് വേണ്ടി സ്വന്തം അമ്മയെയും പെങ്ങളെയും പോലും വിൽക്കാൻ മടിയില്ലാത്ത നിന്നെ പോലൊരു വൃത്തികെട്ടവന് എന്റെ ദേഹത്ത് തൊടാൻ എന്ത്‌ യോഗ്യത ഉണ്ട്..? ”

എന്റെ വാക്കുകൾ അവനെ നന്നായി ചൊടിപ്പിചെന്ന് ആ മുഖം കണ്ടാൽ അറിയാം. അവനെന്നെ ദേഷ്യത്തോടെ നോക്കി പല്ല് ഞെരിച്ചു. പിന്നെ എന്തോ ഓർത്ത് കണ്ണ് ഇറുക്കിയടച്ച് മുഖം തിരിച്ചു.

” നയന… നിനക്ക് ഈ ദേവിനെ ശെരിക്കും അറിയില്ല. വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയി റെഡി ആവാൻ നോക്ക്. അയാളിപ്പോ ഇങ്ങെത്തും. ”

അവൻ ദേഷ്യം കണ്ട്രോൾ ചെയ്ത് എനിക്ക് എന്നെ നോക്കി ബെഡിൽ നിന്ന് ഒരു കവർ എന്റെ നേരേ നീട്ടി.

” കണ്ടവരുടെ മുന്നിൽ കെട്ടി ഒരുങ്ങി നിൽക്കാൻ നീ നിന്റെ വീട്ടിലുള്ളവരെ നോക്കിയാൽ മതി. നയനയെ നോക്കണ്ട. ”

അവനെ രൂക്ഷമായൊന്ന് നോക്കി ഞാൻ ആ കവർ വാങ്ങി വലിച്ചെറിഞ്ഞു.

” എടീ ”

അലറി കൊണ്ട് അവൻ എന്റെ നേരേ കയ്യോങ്ങി. കണ്ണ് രണ്ടും ഇറുക്കി അടച്ച് ഞാൻ മുഖം ചെരിച്ചു.

കൈ കവിളിൽ പതിയുന്നതിന് മുൻപ് അവന്റെ ഫോൺ റിംഗ് ചെയ്തു.

” സെൽവരാജ വിളിക്കുന്നത്. ഞാൻ പുറത്ത് പോയിട്ട് വരുന്നതിന് മുൻപ് വേഗം റെഡി ആവാൻ നോക്ക്. ”

അവൻ ഫോൺ അറ്റൻഡ് ചെയ്യാതെ എന്നെ നോക്കി പറഞ്ഞ് പുറത്തിറങ്ങി ഡോർ വലിച്ചടച്ചു.

തളർന്ന് താഴെ ഇരുന്ന് കാല് രണ്ടും മടക്കി വെച്ച് മുട്ടിൽ മുഖം അമർത്തി ഞാൻ കുറേ കരഞ്ഞു. കരയും തോറും മനസ്സിന്റെ ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല.

ഓർമ്മ വെച്ചത് മുതൽ അനാഥാലയത്തിൽ ആയിരുന്നു. ജനിച്ച് മൂന്നോ നാലോ ദിവസം മാത്രം പ്രായം ഉള്ളപ്പോൾ ഒരു പാതിരാത്രിയിൽ അമ്മത്തൊട്ടിലിൽ കരഞ്ഞു തളർന്ന് എന്നെ കിട്ടിയ കഥ അനാഥാലയത്തിലെ അമ്മമാരിൽ നിന്ന് കുറേ കേട്ടിട്ടുണ്ട്.

ജന്മം നൽകിയവർ ആരായിരുന്നെന്നോ എന്തിനായിരിക്കും അവരെന്നെ ഉപേക്ഷിച്ചതെന്നോ ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. എന്തായിരുന്നാലും അവർക്കതിൽ അവരുടേതായ ഒരു ന്യായികരണം ഉണ്ടാവും.

അച്ഛനും അമ്മയ്ക്കും വേണ്ടാത്ത കുറേ മക്കൾക്കും മക്കൾക്ക് വേണ്ടാത്ത കുറേ അച്ഛനമ്മർക്കും നടുവിലാണ് ഞാൻ വളർന്നത്. കൂടെ ഉള്ളവരെല്ലാം സ്നേഹം നിഷേധിക്കപെട്ടവർ ആയത് കൊണ്ട് വേണ്ടുവോളം ഞാൻ അത് അനുഭവിച്ചിട്ടുണ്ട്.

ഈശ്വരൻ പലപ്പോഴും അങ്ങനെ ആണല്ലോ. വേണ്ടാത്തവർക്ക് വാരി കോരി കൊടുക്കുകയും ആവശ്യമുള്ളവർക്ക് കൊടുക്കുകയും ഇല്ല. ബന്ധങ്ങളും അങ്ങനെ തന്നെ.

ഓർഫനേജിലെ പരിമിതികൾക്കുള്ളിലും ഞാൻ നന്നായി പഠിക്കുമായിരുന്നു.
സ്വന്തമായൊരു ജോലി അതിനപ്പുറം ഒന്നും ആഗ്രഹിച്ചിരുന്നില്ല. സ്കൂളിലും കോളേജിലും പുസ്തകങ്ങളെക്കാൾ അപ്പുറം വലിയ സൗഹൃദങ്ങളും ഉണ്ടായിരുന്നില്ല.

എത്രയൊക്കെ ശ്രെമിച്ചിട്ടും അനാഥത്വം ഒരു വിങ്ങലായി ഉള്ളിൽ ഉണ്ടായിരുന്നു. ആ മനസിലേക്കാണ് ദേവ് കടന്ന് വന്നത്. ഒഴിഞ്ഞു മാറിയതാണ് ഒരുപാട്. എല്ലാം തുറന്ന് പറഞ്ഞിട്ടും കുടുംബ മഹിമയോ സ്വത്തോ ഒന്നും അല്ല എന്നെയാണ് സ്നേഹിച്ചതെന്ന് പറഞ്ഞ് അവൻ പുറകെ തന്നെ കൂടി.

പഠിച്ച് ഒരു ജോലി വാങ്ങണം എന്നല്ലാതെ വേറൊന്നും എന്റെ മനസ്സിൽ ഇല്ലെന്ന് പറഞ്ഞ അന്ന് ഒന്നും മിണ്ടാതെ അവൻ പോയി. പിന്നീട് കുറേ നാളേക്ക് ഞാൻ അവനെ കണ്ടിട്ടില്ല. എപ്പോഴൊക്കെയോ അവന്റെ അഭാവം എന്നെ വേദനിപ്പിച്ചിരുന്നു.

ഡിഗ്രി കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി എനിക്ക് ജോലി കിട്ടി. ജോലിക്ക് ജോയിൻ ചെയ്തതിന്റെ പിറ്റേ ദിവസം അപ്രതീക്ഷിതമായി ദേവ് എന്റെ മുന്നിൽ മുന്നിൽ വന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ടപ്പോൾ ഉള്ളിൽ ഉണ്ടായ സന്തോഷം മുഖത്ത് വരാതിരിക്കാൻ ഞാൻ കുറേ ബുദ്ധിമുട്ടി.

തന്റെ ആഗ്രഹം പോലെ ജോലി കിട്ടിയില്ലേ ഇനിയെങ്കിലും എന്റെ സ്നേഹം നിരസിക്കാതിരുന്നൂടെ എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഞാൻ മൗനമായി. പറ്റില്ലെന്ന് ആ മുഖത്ത് നോക്കി പറയാൻ എനിക്ക് കഴിയുമായിയിരുന്നില്ല. പുറകെ നടന്ന സമയങ്ങളിൽ എപ്പോഴോ ഞാൻ പോലും അറിയാതെ ദേവ് എന്റെ ഉള്ളിൽ ഒരു ഇടം നേടിയിരുന്നു.

ഒരു വർഷം നീണ്ട് നിന്ന പ്രണയം. ഓരോ നിമിഷം കഴിയും തോറും ദേവ് എന്റെ ഉള്ളിൽ നിന്ന് വേർപ്പെടുത്താൻ കഴിയാത്ത ആഴത്തിൽ പതിഞ്ഞു കൊണ്ടിരുന്നു. ഒരിക്കൽ പോലും ഒരു തെറ്റായ നോട്ടമോ സ്പർശനമോ ദേവിൽ നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അമ്മയ്ക്ക് കാണണം എന്ന് പറഞ്ഞ് വിളിച്ചപ്പോൾ കൂടെ പോന്നത്. ഇത്രയും വലിയൊരു ചതി ചെയ്യാൻ ആയിരുന്നെന്ന് അറിയില്ലായിരുന്നു.

ഓർക്കും തോറും സഹിക്കാൻ പറ്റുന്നില്ല. അവൻ പറഞ്ഞ ഓരോ വാക്കും കാതിൽ മുഴങ്ങി കേൾക്കുകയാണ്. ആ വാക്കുകൾ വീണ്ടും വീണ്ടും ഹൃദയത്തെ കീറി മുറിക്കുന്ന വേദന തരുന്നുണ്ട്.

എന്തിനാ ദേവ് നീ എന്നോട് ഇങ്ങനെ… ഒരുപാട് സ്നേഹിച്ചതല്ലെ ഞാൻ നിന്നെ. ഒരുപാട് വിശ്വസിച്ചതല്ലെ. എന്നിട്ടും എങ്ങനെ കഴിഞ്ഞു നിനക്ക്…

കരഞ്ഞ് കരഞ്ഞ് കാൽ മുട്ട് മുഴുവൻ നനഞ്ഞു. എപ്പോഴോ കണ്ണീരും എന്നെ തനിച്ചാക്കി.

” എന്താ നയന മോളെ കരഞ്ഞ് എന്റെ മനസ്സ് മാറ്റാമെന്ന് വല്ല വിചാരവും ഉണ്ടോ…? ”

ദേവിന്റെ ചോദ്യം കേട്ട് ഞാൻ മുഖം ഉയർത്തി നോക്കി.

” എന്താടി നോക്കുന്നേ…? ”

അവൻ എന്റെ അടുത്ത് വന്ന് മുട്ട് കുത്തി ഇരുന്നു.

” നിനക്ക് എന്തായാലും ഭാഗ്യം ഉണ്ട്. സെൽവരാജിന് മൂന്ന് ദിവസം കഴിഞ്ഞേ വരാൻ പറ്റുള്ളൂ എന്ന്. ”

അവന്റെ വാക്കുകൾ കേട്ട് ഉള്ളിൽ എവിടെയോ ഒരു ആശ്വാസം തോന്നി.

” പക്ഷേ നിന്നെ ഇവിടെ നിന്ന് പുറത്ത് വിടാൻ പറ്റില്ലല്ലോ. സോ നയന മോള് മൂന്ന് ദിവസം ഒന്ന് സഹകരിക്കണം. ”

അവൻ എന്റെ താടിയിൽ പിടിച്ചതും ഞാൻ അവന്റെ കൈ തട്ടി മാറ്റി.

” ദേവ് എന്നെ വെറുതെ വിടണം പ്ലീസ്. ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം ഞാൻ ഒരു തെറ്റും നിന്നോട് ചെയ്തിട്ടില്ലല്ലോ..”

നിറഞ്ഞ കണ്ണുകളോടെ അവന്റെ മുന്നിൽ ഞാൻ കൈ കൂപ്പി.

” ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ നയന മോള് നേരത്തെ പറഞ്ഞത്. ആ ശൗര്യം ഒക്കെ എവിടെ പോയി. ”

അവൻ എന്നെ നോക്കി പരിഹസിച്ച് ചിരിച്ചു.

” നിന്റെ ഈ ചുവന്നു തുടുത്ത ചുണ്ടിൽ ഒന്ന് ചുംബിക്കാൻ ഞാൻ എത്ര കൊതിച്ചതാണെന്ന് അറിയോ. കയ്യിൽ നിന്ന് വഴുതി പോവോ എന്ന ടെൻഷൻ കൊണ്ടാ അതിന് മുതിരാതിരുന്നത്. ഇനി ആ പേടി വേണ്ടല്ലോ… ”

അവൻ മീശയ്ക്ക് അടിയിൽ ചൂണ്ടു വിരൽ ഓടിച്ച് നോക്കിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. പേടിയോടെ ഞാൻ പിന്നിലേക്ക് നിരങ്ങി.

” എന്താ നയന മോളെ ഞാൻ ഒന്ന് സ്നേഹിക്കാൻ വരുമ്പോൾ നീ ഇങ്ങനെ പേടിക്കുന്നത്.. ”

അവൻ എന്റെ നേരേ മുഖം അടുപ്പിച്ചതും ഞാൻ മുഖം തിരിച്ചു.

” നയന മോള് ഇങ്ങനെ മുഖം തിരിക്കാതെ ഇങ്ങോട്ടൊന്ന് നോക്കി. ഞാനൊന്ന് കാണട്ടെ. ”

അവൻ എന്റെ മുഖം പിടിച്ച് തിരിച്ചതും പെട്ടെന്ന് ഞാൻ അവനെ പിടിച്ച് തള്ളി ഡോറിന്റെ അടുത്തേക്ക് ഓടി. കാല് പൊന്തിച്ച് ഡോറിന്റെ ലോക്കിൽ കൈ വെച്ചതും അവൻ എന്റെ ഷോളിൽ പിടിച്ച് വലിച്ചു. ഒന്ന് കറങ്ങി ഞാൻ ബെഡിൽ വീണു. കയ്യിൽ കിട്ടിയ ഷാൾ ദൂരേക്ക് വലിച്ചെറിഞ്ഞ് അവൻ എന്റെ അടുത്തേക്ക് വന്ന് രണ്ട് സൈഡിലും കൈ കുത്തി.

” എന്താ നയന മോളെ… നിനക്കിനിയും ഈ ദേവിനെ മനസ്സിലായില്ലേ. രക്ഷപെടാൻ എത്ര ശ്രെമിച്ചിട്ടും കാര്യം ഇല്ല. ”

എന്റെ കാതോരം വന്ന് അവനത് പറഞ്ഞതും ഞാൻ അവനെ രൂക്ഷമായി നോക്കി.

” നിന്നെപോലൊരുത്തന്റെ മുന്നിൽ കീഴടങ്ങുന്നതിലും ഭേദം മരിക്കുന്നതാടാ. ”

എന്റെ വാക്കുകൾ കേട്ട് അവനൊരു പൊട്ടിച്ചിരി ആയിരുന്നു.

” ഈ സ്ഥിരം ഡയലോഗ് പറഞ്ഞ് നീ ബോറടിപ്പിക്കല്ലേ നയന മോളെ. ”

അവൻ അതും പറഞ്ഞ് എന്റെ നേരേ വീണ്ടും മുഖം അടുപ്പിച്ചതും ഞാൻ അവനെ തള്ളിമാറ്റി എഴുന്നേറ്റു. ഡോറിന്റെ അടുത്തേക്ക് പോവുന്നതിന് മുൻപ് മുന്നിൽ ഒരു തടസമായി അവൻ നിന്നു. ഓരോ അടിയും പിന്നിലേക്ക് വയ്ക്കുമ്പോൾ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഞാൻ അവന് നേരേ എറിഞ്ഞു.
അതെല്ലാം ക്യാച്ച് ചെയ്ത് താഴെ ഇട്ട് എന്നെ നോക്കി പുച്ഛിച്ച് അവൻ എന്റെ നേരേ വന്നു. ചുവരിൽ തട്ടി ഞാൻ നിന്നതും അവൻ എന്നെ അടിമുടിയൊന്ന് നോക്കി.

” കഴിഞ്ഞോ നിന്റെ പ്രതിഷേധം…? എന്തൊക്കെ അഭ്യാസം നീ കാണിച്ചാലും നിന്നെ സ്നേഹിക്കാനുള്ള എന്റെ തീരുമാനം മാറാൻ പോകുന്നില്ല. ”

അവൻ എന്റെ അടുത്തേക്ക് നീങ്ങി അങ്ങനെ പറഞ്ഞതും ഞാൻ അവന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി.

” എടീ ”

മുഖം തുടച്ച് അവൻ അലറിയതും കണ്ണിൽ തീയായിരുന്നു. ദേഷ്യത്തോടെ എന്റെ ഇരു കവിളിലും അവൻ ആഞ്ഞടിച്ചു. ചുണ്ടിന്റെ കോണിൽ രക്തത്തിന്റെ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു. തല ചുറ്റുന്നത് പോലെ തോന്നി എനിക്ക്.

” നീ എന്താടി ചൂലേ എന്നെ പറ്റി കരുതിയത് ഈ ചെയ്തതിന് നീ അനുഭവിക്കും. ”

താഴെ വിഴാൻ പോയ എന്റെ മുടി കുത്തിൽ അമർത്തി പിടിച്ച് അലറി അവൻ എന്നെ ബെഡിലേക്ക് തള്ളിയിട്ടു. ഒന്നെഴുനേൽക്കാൻ കഴിയാതെ അശക്തമായിരുന്നു എന്റെ ശരീരം.

കരുതി കൂട്ടി ആക്രമിക്കാൻ വരുന്ന ഒരുത്തനോട് എതിരിടാൻ ഒരു പെണ്ണിന് അധികം കഴിയില്ലെന്ന സത്യം ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

പാതി അബോധാവസ്ഥയിലും എന്റെ ശരീരത്തിൽ അമരുന്ന ഭാരം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒന്ന് പ്രതികരിക്കാൻ കഴിയാതെ എന്റെ ശരീരവും മനസ്സും ഒരുപോലെ തളർന്നിരുന്നു.

( തുടരും )