രചന – മൈഥിലി മിത്ര
“അനന്തേട്ടാ..”…..
അത്താഴം കഴിഞ്ഞു അനന്തൻ ഉമ്മറത്തിരിക്കുമ്പോഴാണ് ഉണ്ണീ, അവന്റെയടുത്തേക്ക് ചെന്നത്..
” എന്താടാ “…
തിരിഞ്ഞു നോക്കാതെ തന്നെ അനന്തൻ ചോദിച്ചു… അവന്റെ അടുത്തായിട്ട് തന്നെ ഉണ്ണി പോയിരുന്നു…
” എന്താടാ.. എന്താണെങ്കിലും പറഞ്ഞോളൂ “..
ഉണ്ണിക്ക് തന്നോട് എന്തോ പറയുവാൻ ഉണ്ടെന്ന് അനന്തന് ഇതിനോടകം തന്നെ മനസ്സിലായിരുന്നു..
” അത് പിന്നെ ഏട്ടാ… “…
ഉണ്ണി പറയാൻ പോകുന്നത് എന്താണെന്നറിയാതെ അനന്തൻ അവന്റെ മുഖത്തേക്ക് നോക്കി…
“ഏട്ടാ.. കല്യാണം ഇപ്പോൾ തന്നെ നടത്തണോ “..
ഒട്ടൊരു പേടിയോടെ വിറച്ചു കൊണ്ടാണ് ഉണ്ണിയത് ചോദിച്ചത്.. ശേഷം അവൻ മുഖം കുനിച്ചിരുന്നു.. ഏട്ടന്റെ മുഖത്തെ ഭാവം എന്തെന്നറിയാൻ നോക്കണമെന്നുണ്ടെങ്കിലും, എന്തുകൊണ്ടോ അവൻ വേണ്ടെന്നുവെച്ചു …
“പിന്നെ എപ്പോ നടത്തണമെന്നാണ് നീ പറയുന്നത്.. മ്മ് “…
ഒരു പുഞ്ചിരിയോടെയായിരുന്നു മറു ചോദ്യം..
ഉണ്ണീ അനന്തനെ തലയുയർത്തി നോക്കി..
“ഏട്ടാ, ഈ കേസൊക്കെ കഴിഞ്ഞിട്ട് നടത്താംന്ന ഞാൻ വിചാരിക്കുന്നത് “…
“ഈ കേസ് ഇപ്പോ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഉണ്ണീ “…
അനന്തന്റെ ചോദ്യത്തിന് ഉണ്ണിയുടെ പക്കൽ മറുപടിയില്ലായിരുന്നു…
“എന്താ ഉണ്ണീ, ഒന്നും പറയാനില്ലേ നിനക്ക് “…
ഇല്ലയെന്ന രീതിയിൽ അവനൊന്നു തലയാട്ടി…
“എങ്കിൽ കേട്ടോളൂ നീയ്, ഈ കല്യാണം നടക്കണം.. അതും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ “…
അതൊരു ആജ്ഞയായിരുന്നു… എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടി കൊണ്ടുള്ള തീരുമാനം പോലെ… ഇനിയും ഒന്നും ചോദിക്കാനില്ലെന്ന വണ്ണം ഉണ്ണീ കുറച്ചു നേരം കൂടിയവിടെ ഇരുന്നു…
“നാളെ രാവിലെ തന്നെ എല്ലാവരും ഒരുങ്ങിക്കോളൂ… കല്യാണത്തിനുള്ള ഡ്രെസ്സെടുക്കാൻ ടൗണിൽ പോകണം “…
“ശരിയേട്ടാ “…
പുകയുന്ന മനസ്സിന്റെ വിങ്ങൽ ഒളിപ്പിച്ചു വേച്ചുകൊണ്ട് ഉണ്ണിയവിടെ നിന്നും എഴുന്നേറ്റു.. തനിക്കു സന്തോഷിക്കാനാവുമോ ഈ സമയത്തു.. പക്ഷെ ഏട്ടനെ ധിക്കരിക്കാനുമാവില്ല.. എന്ത് ചെയ്യുമെന്നറിയാതെ അവൻ നിന്നുരുകി…
“ഏട്ടാ, കിടക്കുന്നില്ലേ.. പുറത്ത് നല്ല
തണുപ്പുണ്ട് “..
മുറിയിലേക്ക് പോകുന്നതിനു മുൻപ് അനന്തനോടായിട്ട് ചോദിച്ചു..
“നീ പോയി കിടന്നോ ഉണ്ണീ.. ഞാൻ ഇത്തിരി കഴിഞ്ഞേ ഉളളൂ.”…
ഒന്ന് മൂളിക്കൊണ്ട് ഉണ്ണീ അവന്റെ മുറിയിലേക്ക് പോയി..
ഇതേ സമയം അകത്തെ മുറിയിൽ രേവതി അവളുടെ പ്രണയത്തെയോർത്തു തലയണ കണ്ണീരിൽ നനയ്ക്കുകയായിരുന്നു…., അനന്തൻ അവന്റെ ഭാമയോടൊപ്പമുള്ള സുഖമുള്ള ഓർമകൾ കണ്ണടച്ചു മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഉമ്മറപടികളിലേക്ക് തല വെച്ചു നീണ്ടു നിവർന്നു കിടന്നു …
💞💞💞💞💞
“പാറൂട്ടിയെ എന്തൊരു ഒരുക്കവായിത് “…
രാവിലെ എല്ലാവരും റെഡിയായിട്ടും, പാറുവിന്റെ ഒരുക്കം മാത്രം കഴിഞ്ഞില്ല.. ടൗണിൽ ഡ്രെസ്സെടുക്കാൻ പോകാനുള്ള മേളമാണ് ഈ കാണുന്നത്..
“ദേ കഴിഞ്ഞമ്മേ.. വരണ് “..
തലമുടി വീണ്ടുമൊന്നുകൂടി സെറ്റ് ചെയ്തു, പാറു കണ്ണാടിയിലേക്ക് നോക്കി… ആഹാ അന്തസ്സ്… അവളവളോട് തന്നെ പറഞ്ഞു..
എന്നെ കെട്ടുന്ന ഉണ്ണ്യേട്ടന്റെയൊരു ഭാഗ്യം…
മനസ്സിൽ പറഞ്ഞുകൊണ്ടവൾ മുറിക്കു പുറത്തേക്കു ചെന്നു.. ഉമ്മറത്ത് പാറുവിനെ നോക്കി എല്ലാവരും കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി…
“പോകാം.. ബായോ.. നിങ്ങളെന്തായിങ്ങനെ ഇരിക്കുന്നത് “…
എല്ലാവരെയും സംശയത്തോടെയൊന്നു നോക്കികൊണ്ട് പാറു ചോദിച്ചു..
“ഇത്രേം നേരം ഒരുങ്ങാൻ ഇന്ന് നിന്റെ കല്യാണമാരുന്നോടി.. എന്നിട്ട് ഞങ്ങളോട് ചോദിക്കാൻ വന്നേക്കുന്നു “..
സീതയുടെ വകയായിരുന്നു ആ വഴക്ക്… കേട്ടതും പെണ്ണ് അനന്തന്റെ കൈക്കുള്ളിലേക്ക് ചേർന്നു നിന്നു..
“നന്ദേട്ടാ, നിങ്ങടെ സീതമായിയെ കൊണ്ടോവേണ്ട.. ഹും “…
അവളുടെ കാട്ടികൂട്ടൽ കണ്ടു അനന്തന് ചിരിപൊട്ടി..
“സാരല്യ.. അമ്മായീ കൂടെ പോന്നോട്ടെ
പാറുവേ “..
അനന്തൻ പറഞ്ഞാൽ പിന്നെ പാറുവിന് അപ്പീൽ ഉണ്ടാവില്ല.. അതുകൊണ്ടവൾ മിണ്ടാതെ നിന്നു..
കാറിൽ അച്യുതനും ശാരദയും പാറുവും സീതയും കയറി.. അച്യുതൻ ഫ്രന്റ് സീറ്റിലാണ് ഇരുന്നത്.. കല്യാണ ഡ്രസ്സ് എടുക്കാൻ വേണ്ടി അപ്പുവും അങ്ങോട്ടേക്ക് എത്തിയിരുന്നു… എല്ലാവരും കയറിയപ്പോൾ രേവതി മാത്രം മടിച്ചു നിന്നു..
“എന്താ മോളെ അവിടെ തന്നെ നിന്നത്.. വന്നു കാറിൽ കയറു കുട്ടി “…
ശാരദയുടെ വിളിയിൽ, മനസ്സില്ലമനസ്സോടെ രേവതി അവരുടെ കൂടെ പിൻസീറ്റിൽ കയറി..
“എന്തിനാ മോളെ നീയിങ്ങനെ മാറി നിൽക്കുന്നത്.. നീയും എന്റെ പാറുവിനെപ്പോലെ തന്നെയാ എനിക്ക് “…
സീതയുടെ വാക്കുകൾ ഇത്തിരി ആശ്വാസം പകർന്നെങ്കിലും അനന്തന്റെ കാര്യമാലോചിച്ചപ്പോൾ അവളിൽ ഒരു പേടി നിറഞ്ഞു.. അർഹിക്കത്തിടത്തു വലിഞ്ഞു കേറിയ പോലെയൊരു തോന്നലുണ്ടായി അവളിൽ…
കാർ മുന്നോട്ടെടുത്തപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാളെ കണ്ടു ഒരു വിറയൽ അവളിൽ പടർന്നു..
അനന്തേട്ടൻ…
ഒന്നേ നോക്കിയുള്ളൂ രേവതി.. മുഖം കുനിച്ചു കൊണ്ട് ഇറങ്ങുന്നിടം വരെയിരുന്നു.. കാറിൽ പാറുവിന്റെ ഒച്ചയും പൊട്ടിച്ചരികളും മാത്രം നിറഞ്ഞു നിന്നു..
ടൗണിലെ ഏതോ വലിയ ടെക്സ്റ്റയിൽസിന്റെ. മുന്നിൽ കാർ നിന്നപ്പോൾ എല്ലാവരുടെയും കൂടെ അവളുമിറങ്ങി.. ഉണ്ണിയും അപ്പുവും ബൈക്കിൽ പുറകെ വരുന്നുണ്ടെന്ന കാര്യം അപ്പോളാണവൾ അറിഞ്ഞത്.. ബൈക്ക് പാർക്ക് ചെയ്തു അവർ ഷോപ്പിന്റെ മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു… അവരുടെ കൂടെ കടക്കുള്ളിലേക്ക് കയറി.. വലിയ ഒരു കെട്ടിട സമുച്ചയമായിരുന്നത്.. ഓരോ ഫ്ലോറിലും ഓരോ section ആയിട്ടാണ് തിരിച്ചിരിക്കുന്നത്… അവിടെയുള്ള സെയിൽസ് ഗേൾസിനോട് ചോദിച്ചു അവർ വെഡിങ് സെക്ഷനിലേക്ക് ചെന്നു…
കുറെയധികം കളക്ഷൻസ് ഉണ്ടായിരുന്നു സാരി തന്നെ.. ഏതെടുക്കണം എന്ന് പാറുവിന് പോലും സംശയമായി.. സാരിയുടെ കൂമ്പാരത്തിനു മുന്നിൽ കിടന്നും ഇരുന്നും നിന്നും നോക്കുന്നവളെ കണ്ടു, അവിടെ നിന്ന സെയിൽസ് ഗേൾസ് പോലും ചിരിച്ചു പോയി.. കുറെ നേരത്തെ തിരച്ചിലിനോടുവിൽ മൂന്ന് സാരി സെലക്ട് ചെയ്തു വെച്ച് ഉണ്ണിയെ നോക്കി പെണ്ണ് … ഉണ്ണീ തലയിൽ കൈ വെച്ചു അടുത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു അത്രയും നേരം…
“ഉണ്ണ്യേട്ട.. നോക്കിയേ “…
കഴിഞ്ഞോയെന്ന രീതിയിൽ അവനവളെയൊന്നു നോക്കി..
“ഇതിൽ ഏതാ എനിക്ക് ചേരുന്നെന്നു പറ “…
ചെയറിൽ നിന്നുമെണിറ്റ് അങ്ങോട്ടേക്ക് ചെന്നവൻ.. അവൾ എടുത്തു വെച്ച മൂന്നു സാരിയും നോക്കി.. മറൂണിൽ ഗോൾഡ് yellow ബോർഡർ വന്ന ഒരു കഞ്ചി പട്ടുസാരി അവനൊറ്റ നോട്ടത്തിൽ തന്നെ ഇഷ്ടായി.. അതെടുത്തു അവൻ പാറുവിന് നേരെ നീട്ടി.. അവളുടെ മുഖത്തെ ചിരി മതിയായിരുന്നു അതെത്രത്തോളം ഇഷ്ടപ്പെട്ടെന്ന് മനസ്സിലാക്കാൻ..
ഷോപ്പിൽ നിന്ന പെൺകുട്ടി ആ സാരിയവളെ
ഭംഗിയായിട്ട് ഉടുപ്പിച്ചു.. അനന്തൻ നോക്കിക്കാണുകയായിരുന്നു തന്റെ കുഞ്ഞിപ്പെങ്ങളെ.. ഒരാഴ്ച കഴിഞ്ഞാൽ അവളൊരു ഭാര്യയാണ്.. കുഞ്ഞു കളിച്ചു തന്റെ മുൻപിൽ നടന്നൊരു പൊട്ടിപ്പെണ്ണ്.. അവനതോർത്തപ്പോൾ ചുണ്ടിൽ കുഞ്ഞൊരു ചിരി മൊട്ടിട്ടു..
“നന്ദേട്ടാ, നോക്കിയേ.. സുന്ദരിയാണോ “…
സാരിയുമുടുത്തു മുന്നിൽ വന്നു നിന്നു അഭിപ്രായം ചോദിക്കുന്നവളെ ചേർത്തു നിർത്തി നെറുകയിൽ മുത്തിയവൻ.. അത് മതിയായിരുന്നു പാറുവിന് മനസ്സ് നിറയുവാൻ…
“ഇനി നിങ്ങൾക്കെല്ലാവര്ക്കും ഉള്ളതുകൂടെ വേഗം എടുത്തോ.. പിന്നെ മന്ത്രകോടിയും എടുക്കേണ്ടേ.. വേഗമായിക്കോട്ടെ “…
അച്ചുതന്റെ പറച്ചിലിൽ എല്ലാവരും വേഗം തന്നെ അവരവർക്കുള്ള ഡ്രസ്സ് എടുത്തു.. കൂടെ രേവതിക്കും ഒരു സാരി ശാരദ വാങ്ങി.. അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും, അതാരും മൈൻഡ് ചെയ്തില്ല…. ആണുങ്ങളെല്ലാം താഴത്തെ ഫ്ലോറിലുള്ള ജന്റ്സ് സെക്ഷനിൽ നിന്നാണ് എടുത്തത്..
എല്ലാ പർച്ചെസും കഴിഞ്ഞിറങ്ങുമ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു.. വിശന്നത് കൊണ്ട് അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും കഴിച്ചിട്ടാണ് അവർ മടങ്ങിയത്…
💞💞💞💞💞
“സർ, കേട്ടിടത്തോളം ഈ മാധവൻ ഒരു ദുഷ്ടനായിരുന്നല്ലേ “…
കോളനിയിലെ പെൺകുട്ടികളുടെ മൊഴി എടുത്തു മടങ്ങുംവഴി യാണ് ജിതിൻ ചോദിച്ചത്..
“ചില. ജന്മങ്ങൾ അങ്ങനെയല്ലെടോ.. ഭൂമിക്ക് ഭാരമായിട്ട് ജനിക്കുന്നവർ “…
മുഖത്ത് ഗൗരവമായിരുന്നെങ്കിലും, ഉള്ളിൽ തട്ടിയുള്ള മറുപടിയായിരുന്നത് …
“അനന്തൻ ഇല്ലായിരുന്നെങ്കിൽ അവരുടെ അവസ്ഥ എന്തകുമായിരുന്നു സർ “…
ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ടായിരുന്നു ജിതിന്റെ ആ ചോദ്യം.. അർണവ് അമർത്തിയൊന്നു മൂളി..
“നീതിയും നിയമവും ഒന്നും മാറ്റി മറിക്കാൻ നമ്മളെപ്പോലുള്ള പോലീസുകാർക്ക് കഴിയോ ജിതിനേ.. കൊല ചെയ്തവൻ എന്നും കൊലയാളിയായിരിക്കും, അത് രക്ഷിക്കാൻ വേണ്ടി ആണേലും ശിക്ഷിക്കാൻ വേണ്ടി ആണെങ്കിലും “….
എന്തൊക്കെയോ മനസ്സിൽ കണ്ടുകൊണ്ട് അർണവത് പറഞ്ഞു നിർത്തി….
(തുടരും )

by