രചന – കണ്ണന്റെ മാത്രം
എനിക്ക് സമ്മതമാണ് അമ്മേ.. കല്ലു പറഞ്ഞു.
എങ്കിൽ നാളെ രാവിലെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വച്ചൊരു താലികെട്ട് നടത്താം. അത് പോരെ മക്കളേ… മുത്തശ്ശൻ ചോദിച്ചു.
മുത്തശ്ശൻ എല്ലാവരെയും നോക്കി ചോദിച്ചു.
അതുമതി അച്ഛാ.. ആദി പറഞ്ഞു.
മോളെ കല്ലു അങ്ങനെ പോരെ…. ആദി ചോദിച്ചു..
അതിന് കല്ലു തലയാട്ടിയതേ ഉള്ളൂ.. സത്യത്തിൽ അവൾക്ക് അതിനെകുറിച്ചൊന്നും ഒരു ചിന്തയും ഉള്ളിൽ ഉണ്ടായിരുന്നില്ല. അവൾക്ക് അവളുടെ രാധുവിന്റെ ആഗ്രഹം എങ്ങനെയും സാധിച്ചു കൊടുക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. രാധുവിന് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്താൽ അവർ അവളെ ഒറ്റക്കാക്കി പോകില്ല എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു..
………………..
പിറ്റേന്ന് നേരം പുലർന്നതും കല്ലുവും ഗൗരിയും ദേവൂട്ടിയും തേജയും രവിയും കൂടി കല്ലുവിന്റെ വീട്ടിലേക്ക് പോയി.
പോകുന്ന വഴി തന്നെ രവി കാർ നിർത്തി ഒരു പുതിയ സാരിയും ഒരു ലക്ഷ്മി മാലയും 4 വളകളും വാങ്ങിയിരുന്നു.
അവർ നേരെ കല്ലുവിന്റെ വീട്ടിൽ എത്തി. പൊളിഞ്ഞു കിടക്കുന്ന അടുക്കള വാതിലും മറ്റും കണ്ടപ്പോൾ കല്ലുവിന് ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നു. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി ഇന്നലത്തെ ഓർമയിൽ. അവൾ വേഗം ഗൗരിയുടെ കൈ കോർത്തുപിടിച്ചു.
മോളെ കല്ലു വേഗം പോയി ഫ്രഷ് ആയി വായോ… തേജ പറഞ്ഞു.
ശരി അപ്പേ.. കല്ലു പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു. ഗൗരിയും ദേവൂട്ടിയും അവളുടെ കൂടെ പോയി.
ഗൗരിയും ദേവൂട്ടിയും കൂടി ഫ്രഷ് ആയി ഇറങ്ങിയ കല്ലുവിനെ വൃത്തിയിൽ സാരി ഉടുപ്പിച്ചു. രവി വാങ്ങിയ മാലയും വളകളും കൊണ്ട് തേജ അങ്ങോട്ട് വന്നു.
അതൊക്കെ അവൾക്ക് ഇട്ട് കൊടുത്തു. അവൾ എല്ലാത്തിനും യാന്ത്രികമായി നിന്നു കൊടുത്തു. അപ്പോഴാണ് ഗൗരിക്ക് ഒരു കാര്യം ഓർമവന്നത്…
കല്ലു ഇപ്പൊ വരാം. അതും പറഞ്ഞ് ഗൗരി രാധികയുടെ റൂമിൽ പോയി അലമാര തുറന്ന് അതിൽ നിന്നും എന്തോ എടുത്തുകൊണ്ടു കല്ലുവിന് അടുത്തേക്ക് വന്നു. ഗൗരിയുടെ കൈയിൽ ഉള്ള ഓർണമെൻറ്സ് കണ്ടതും കല്ലു പൊട്ടികരഞ്ഞുപോയി. അത് രാധിക ഒരുപാട് ഇഷ്ടത്തോടെ വാങ്ങി വച്ചിരുന്നതായിരുന്നു കല്ലുവിന്റെ കല്യാണത്തിനായി.
കല്ലു.. കരയല്ലേ മോളെ. നിന്നെ സുമംഗലി ആയി ഇതൊക്കെ ഇട്ട് കാണുമ്പോൾ രാധുമ്മക്ക് സന്തോഷം ആവും. നിന്റെ കല്യാണത്തിനായി അത്രേം ആശിച്ചു വാങ്ങിയതല്ലേ ഇതെല്ലാം. ഇതും പറഞ്ഞ് ഗൗരി അതിൽ ഉണ്ടായിരുന്ന മാല കല്ലുവിന്റെ കഴുത്തിലേക്ക് ഇട്ട് കൊടുത്തു. കമ്മലും വളകളും ഇടീപ്പിച്ചു.
റെഡി ആയി ഇറങ്ങിയ കല്ലുവിനെ കണ്ടതും രവിയുടെയും തേജയുടെയും കണ്ണുകൾ തിളങ്ങി.
മോള് വായോ എന്തേലും കഴിച്ചിട്ട് ഇറങ്ങാം. അതും പറഞ്ഞ് കല്ലുവിന് കഴിക്കാൻ ഇഡ്‌ലി നുള്ളി കൊടുത്തു തേജ. എങ്ങനെയൊക്കെയോ രണ്ട് ഇഡ്‌ലി കഴിപ്പിച്ചു.
കല്ലു കഴിക്കാൻ ഇരുന്ന നേരം ഗൗരി അവളുടെ വീട്ടിലേക്ക് പോയി.
ഗൗരി വീട്ടിൽ ചെല്ലുമ്പോൾ ഷീജയും ബാലനും പുറത്ത് തന്നെ ഉണ്ട്.
ഗൗരിയെ കണ്ടതും ബാലൻ ചോദിച്ചു..
എന്തായി മോളെ അവിടത്തെ കാര്യങ്ങൾ…
രാധുമ്മക്ക് പിന്നേം വയ്യാണ്ടായി ഹോസ്പിറ്റലിൽ ആണ്. അപ്പൊ ആള് ഒരാഗ്രഹം പറഞ്ഞു. കല്ലുവിന്റെ കല്യാണം കഴിഞ്ഞു കാണണം എന്ന്. അതുകൊണ്ട് ഇന്ന് അവളുടെ കല്യാണം ആണ്. ഞാൻ ഒന്നു ഫ്രഷ് ആയിട്ട് പോകാൻ വേണ്ടി വന്നതാണ്. ഗൗരി പറഞ്ഞു.
ഏഹ്.. കല്യാണമോ അപ്പൊ ചെക്കനെ കണ്ടത്തണ്ടേ.. ഷീജ ഞെട്ടികൊണ്ട് ചോദിച്ചു.
അവളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടായിരുന്നു ഞങ്ങൾ വർക്ക് ചെയ്യുന്ന കമ്പനിയുടെ CEO യും ആയിട്ട്. കഴിഞ്ഞ ഞായറാഴ്ച അവർ എല്ലാവരും കൂടി പെണ്ണ് ചോദിച്ചുവന്നിരുന്നു. എന്നിട്ട് കല്യാണവും ഉറപ്പിച്ചിരുന്നു.
ഇതുകേട്ടതും ഷീജ ഞെട്ടിപ്പോയി. അവർക്ക് അസൂയ തോന്നി കല്ലുവിന് ഇത്രേം വലിയ ബന്ധം കിട്ടിയതിൽ.
ആ കാണാൻ ഇത്തിരി തൊലിവെളുപ്പും ചന്തവും ഉള്ള കാരണം അവൾക്ക് അങ്ങനെ ഒരു ആലോചന വന്നു. നിനക്ക് അതും ഇല്ലല്ലോ. ആ മനുമോന് നിന്നേ അത്രേം ഇഷ്ടം ആയതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രൊപോസൽ ഉറച്ചത് തന്നെ. ഗിരിജക്ക് നിന്നേ പോലെ ഒരു കറുമ്പിയെ മരുമോളാക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. നിനക്ക് അതിന് ഇപ്പോഴും അവനെ പിടിക്കില്ലല്ലോ. അവർ ഒരു പുച്ഛത്തോടെ പറഞ്ഞു.
ഇതുകേട്ടതും എത്ര വേണ്ടെന്ന് വച്ചിട്ടും ഗിരിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി ഫ്രഷ് ആയി വേറെ ഒരു ചുരിദാറും എടുത്തിട്ട് കല്ലുവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. എന്നിട്ട് ബാലനോടായി പറഞ്ഞു
ഞാൻ രാധുമ്മയെ ഡിസ്ചാർജ് ചെയ്യുന്ന വരെ ഹോസ്പിറ്റലിൽ ആകും. എന്നേ ഒന്നിനും വിളിക്കണ്ട.
അതൊന്നും പറ്റില്ല. നീ എങ്ങോട്ടും പോകണ്ട. ഷീജ പറഞ്ഞു.
അവൾ പൊക്കോട്ടെ ഷീജേ. അവൾക്ക് ആകെ ഉള്ളൊരു കൂട്ടുകാരി അല്ലെ.. ബാലൻ പറഞ്ഞു.
ഹും… എന്തേലും കാട്ട്. പത്തുപതിനാറു ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണം ആണ് അത് മറക്കണ്ട. അതും പറഞ്ഞ് അവർ ഉള്ളിൽ പോയി.
ഗൗരി ബാലനെ ഒന്നു നോക്കികൊണ്ട് കല്ലുവിന്റെ വീട്ടിലേക്ക് പോയി. ഗൗരികൂടി എത്തിയതും എല്ലാവരുംകൂടി അമ്പലത്തിലേക്ക് പോയി. അവിടെ എത്തുമ്പോൾ ദേവർമഠത്തിലെ എല്ലാവരും ഉണ്ടായിരുന്നു അവിടെ.
കണ്ണനും കല്ലുവും കൂടി ഉള്ളിൽ കയറി പ്രാർത്ഥിച്ചു. തിരിച്ചറങ്ങി വരുമ്പോൾ കണ്ണൻ അവളുടെ കൈയിൽ കോർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.
വിഷമിക്കല്ലേ കല്ലു.. അമ്മയുടെ ആഗ്രഹം അല്ലെ ഇപ്പൊ വലുത്. അതാണ് ഞാൻ ഇപ്പൊ വിവാഹം വേണം എന്ന് പറഞ്ഞത്.
അറിയാം കണ്ണേട്ടാ.. എനിക്കും രാധുവിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം. അപ്പൊ രാധു എന്നേ വിട്ട് പോകില്ലായിരിക്കും അല്ലെ കണ്ണേട്ടാ..
കല്ലുവിന്റെ ചോദ്യം കേട്ടതും കണ്ണന്റെ നെഞ്ച് നീറി. രാധികയുടെ ഇപ്പോഴത്തെ അവസ്ഥ ആദി പറഞ്ഞ് കണ്ണൻ അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവന് അവളോട് എന്തു പറയണം എന്നറിയില്ലായിരുന്നു.അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
അപ്പോഴേക്കും പൂജിച്ച താലി തട്ടിൽ വച്ചുകൊണ്ട് തിരുമേനി വന്നു.
ആദി എടുത്തുകൊടുത്ത താലി കണ്ണൻ എല്ലാവരുടെയും അനുഗ്രഹത്തോടെ കല്ലുവിന്റെ കഴുത്തിലേക്ക് ചേർത്തുകെട്ടി. സിന്ദൂരത്താൽ അവളുടെ സീമന്തരേഖയും കണ്ണൻ ചുവപ്പിച്ചു. കല്ലു കണ്ണുകൾ അടച്ച് അതെല്ലാം സ്വീകരിച്ചു.
രവി ആണ് ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് കല്ലുവിന്റെ കൈ പിടിച്ചുകൊടുത്തത്. എന്നിട്ട് കല്ലുവിനോടായി പറഞ്ഞു.
എന്റെ മനുവിന്റെ മോള് എനിക്കും മോള് തന്നെ ആണ്. അതുകൊണ്ട് എന്തുണ്ടെങ്കിലും മോൾക്ക് എന്റെ അടുത്തേക്ക് ഓടി വരാം. പിന്നെ കണ്ണാ.. നീ നന്നായി നോക്കുമെന്ന് അറിയാം എന്നാലും ഞാൻ പറയാണ്. നന്നായി നോക്കണേടാ എന്റെ മോളെ.. അതിന് കണ്ണൻ രവിയുടെ കൈയിൽ മുറുക്കിപിടിച്ചു കണ്ണ് ചിമ്മികാട്ടി.
കല്യാണം കഴിഞ്ഞതും എല്ലാവരും നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോയത്.
കല്യാണ വേഷത്തിൽ തന്നെ കണ്ണനും കല്ലുവും രാധികയെ കാണാൻ ആയി ഉള്ളിലേക്ക് കയറി.
അമ്മേ.. കണ്ണൻ വിളിച്ചതും രാധിക പതിയെ കണ്ണ് തുറന്നു. കല്യാണ വേഷത്തിൽ കല്ലുവിനെയും കണ്ണനെയും കണ്ട അവർ സന്തോഷത്തോടെ ഒന്നു ചിരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിറയാർന്ന കൈകളാൽ അവർ അവരുടെ രണ്ടുപേരുടെയും കൈകൾ കൂട്ടിച്ചേർത്തു. കുറച്ചുനേരം കല്ലുവിനെ തന്നെ നോക്കിക്കിടന്നുകൊണ്ട് അവർ പതിയെ എന്നെന്നേക്കുമായി അവരുടെ കണ്ണുകൾ അടച്ചു. തന്റെ കാലശേഷവും തന്റെ മകൾ അനാഥയല്ല എന്ന സമാധാനത്തിൽ ആയിരുന്നു അവർ നിത്യനിദ്രയിലേക്ക് പോയത്. അതുകൊണ്ട് തന്നെ ആ ഒരു സമാധാനവും ഒരു ചെറുചിരിയും അവരുടെ മുഖത്ത് കാണാൻ പറ്റുമായിരുന്നു.
രാധികയുടെ കൈകൾ തങ്ങളുടെ കൈയിൽ നിന്നും അയഞ്ഞു വീണു. കല്ലുവും കണ്ണനും ഞെട്ടി പോയി. കല്ലു അമ്മേ എന്നും വിളിച്ച് അവരെ കുലിക്കി വിളിക്കാൻ തുടങ്ങി. ഇതുകണ്ടു വന്ന നഴ്‌സ് ഉടനെ ആദിയെ വിളിച്ചു വന്നു.
ആദി വന്ന് നോക്കിയപ്പോൾ എല്ലാം കഴിഞ്ഞിരുന്നു. തന്റെ മുഖത്ത് നോക്കി നിക്കുന്ന കണ്ണനെ നോക്കി ആദി പോയി എന്ന് പറഞ്ഞു. കണ്ണൻ കണ്ണുകൾ ഇറുക്കെ അടച്ചു. പിന്നെ രാധികയെ വിളിച്ചുകൊണ്ടിരിക്കുന്ന കല്ലുവിനെ തന്നിലേക്ക് ചേർത്തുപിടിച്ചു.
കണ്ണേട്ടാ.. രാധു എന്നേ പറ്റിച്ചു അല്ലെ. ഞാൻ വിചാരിച്ചു രാധുവിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുത്താൽ അച്ഛന്റെ അടുത്തേക്ക് പോകാതെ എന്റെ കൂടെ ഇവിടെ നിൽക്കും എന്ന്. ആഗ്രഹം സാധിപ്പിച്ചു കൊടുത്തിട്ടും എന്നേ തനിച്ചാക്കി പോയികളഞ്ഞു കണ്ണേട്ടാ.. അവൾ കരച്ചിലോടെ പറഞ്ഞു.
കണ്ണന്റെ കണ്ണുകളും നിറഞ്ഞൊഴുകി. അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു ഒരിക്കലും ഒറ്റക്കാക്കില്ല എന്ന പോലെ. ആദി അവരോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു. കരഞ്ഞുകൊണ്ട് വരുന്ന കല്ലുവിനെയും അവളെ ചേർത്തുപിടിച്ചു കൊണ്ട് വരുന്ന കണ്ണനെയും കണ്ടതും എല്ലാർക്കും മനസിലായി രാധിക ഇനിയില്ലെന്ന സത്യം.
ഗൗരിയെ കണ്ടതും കല്ലു ഓടിപ്പോയി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.. എന്നേ പറ്റിച്ചു ഗൗരി.. രാധു എന്നെ പറ്റിച്ചു. എന്നെ ഇവിടെ തനിച്ചാക്കി അച്ഛന്റെ അടുത്തേക്ക് പോയികളഞ്ഞു.
കരയല്ലേ മോളെ ഞങ്ങൾ ഒക്കെ ഇല്ലേ നിനക്ക്. ഗൗരിയും കരഞ്ഞുകൊണ്ട് തന്നെ അവളെ ആശ്വസിപ്പിച്ചു.
രാധികയുടെ ബോഡി അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. വാടക വീടായതുകൊണ്ട് തന്നെ പൊതുസ്മശാനത്തിൽ ആണ് അടക്കത്തിനുള്ള കാര്യങ്ങൾ ചെയ്യ്തത്. കണ്ണൻ ഒരു മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യ്തു. ഗൗരിക്കും കല്ലുവിനും ഒന്നും സഹിക്കാൻ കഴിയുന്നുണ്ടായില്ല. അവർ പരസ്പരം കെട്ടിപ്പിടിച് കരഞ്ഞുകൊണ്ടിരുന്നു. അങ്ങനെ രാധിക ഒരു ഓർമ മാത്രം ആയി. കല്ലുവിന്റെ വീടിന്റെ വാതിൽ ഒക്കെ പൊളിഞ്ഞു കിടക്കുന്നത് കൊണ്ട് അവിടെ നിൽക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് അന്ന് തന്നെ അവളെ ദേവർമഠത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഗൗരിക്ക് കൂടെ പോകണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും ഷീജ അതിന് സമ്മതിച്ചില്ല. ബാലൻ പറഞ്ഞിട്ടും അവർ അവളെ വിടാൻ കൂട്ടാക്കിയില്ല. ഗൗരിക്കുള്ളിൽ അവരോട് ദേഷ്യവും വെറുപ്പും കൂടി കൊണ്ടിരുന്നു. ഗൗരിയുടെ അവസ്ഥ അറിയുന്നതുകൊണ്ട് തന്നെ കണ്ണൻ പറഞ്ഞു.
സാരമില്ല ഗൗരി ഞാൻ നോക്കിക്കോളാം നിന്റെ കല്ലുവിനെ… അവൾക്ക് അവിടെ ഒരുകുറവും ഉണ്ടാകില്ല..
അവർ പോകാൻ ഇറങ്ങിയപ്പോൾ കല്ലു ഗൗരിയെ കെട്ടിപ്പിടിച്ചു നിന്നു കുറച്ചുനേരം.
അവളെ തന്നിൽ നിന്നും വേർപെടുത്തികൊണ്ട് ഗൗരി പറഞ്ഞു..
വിഷമിക്കരുത്. രാധുമ്മ നീ ഇനി ഒറ്റക്കല്ല എന്ന സന്തോഷത്തോടെ ആണ് പോയത്. നിനക്ക് ഞങ്ങൾ എല്ലാവരും ഉണ്ട്. കേട്ടല്ലോ.. കുഞ്ഞിക്കുട്ടികളെ പറഞ്ഞുമനസിലാക്കുന്ന പോലെ കല്ലുവിനോട് കാര്യങ്ങൾ പറയുന്ന ഗൗരിയെ അത്ഭുധത്തോടെ ആണ് എല്ലാവരും നോക്കിയത്. കല്ലുവും ഗൗരി പറയുന്ന എല്ലാതും തലയാട്ടി സമ്മതിക്കുന്നുണ്ട്. ഇതെല്ലാം കണ്ടുനിന്ന എല്ലാവർക്കും ഒരു കാര്യം മനസിലായി അവർക്ക് പരസ്പരം താങ്ങാകാൻ അവർ തന്നെ ആണ് നല്ലത് എന്ന്.
അങ്ങനെ അവർ കല്ലുവിനെയും കൂട്ടി ദേവർമഠത്തിലേക്ക് പോയി.
ഹരിയും സുലുവും അച്ചുവും കൂടി ഹരിയുടെ കാറിൽ ആണ് പോകാൻ നിന്നത്. ഷീജ അവിടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവർക്ക് പരസ്പരം യാത്ര പറയാൻ പറ്റിയില്ല. ഗൗരിയോട് കണ്ണുകൾക്കൊണ്ട് യാത്ര പറഞ്ഞു അവരും പോയി.
ഗൗരിയും അവളുടെ വീട്ടിലേക്ക് തിരിച്ചു പോയി.

by