രചന – ഗംഗ ശലഭം
ഞാൻ ആറിലോ എന്തോ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും തമ്മിൽ ഒരു വലിയ വഴക്കുണ്ടായത്. കാരണം എനിക്ക് ഇന്നും അറിയില്ല. അതിനുശേഷം ഇന്നേവരെ അച്ഛൻ അമ്മയോട് സ്നേഹത്തോടെ ഒന്നും മിണ്ടിയിട്ടില്ല. അന്നുമുതൽ അമ്മ ഈ മുറിയിൽ എന്റെ ഒപ്പമായി കിടത്ത. ഞാൻ അവരുടെ ഒറ്റ മോളാണ്. ദേവിക. എല്ലാരും ദേവു എന്ന് വിളിക്കും.
അച്ഛന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. വലിയ ആർഭാടത്തിന് ഉള്ളത് ഒന്നുമില്ലെങ്കിലും അല്ലൽ ഇല്ലാതെ കഴിഞ്ഞു പോകാനുള്ളത് കിട്ടും.
കുഞ്ഞുനാൾ മുതൽക്കേ നൂറായിരം നിയന്ത്രണങ്ങൾ ആയിരുന്നു എനിക്ക്. അമ്മയുമായി അച്ഛൻ പിണങ്ങിയതോടെ അത് കൂടി. കൂട്ടിലിട്ട കിളിയെ പോലെയായി പിന്നീട് ഞാൻ. സ്കൂളിലും കോളേജിലും ഒക്കെ ഫീസ് അടയ്ക്കാൻ കാശ് തന്നാൽ പോലും അതിന്റെ റസീപ്റ്റ് കൊണ്ട് കാണിച്ചാലേ അച്ഛന് വിശ്വാസം ആകൂ… ബസ്സിന് തരുന്നതും നുള്ളി പെറുക്കി. പോക്കറ്റ് മണി എന്നൊന്ന് സ്വപ്നം പോലും കാണണ്ട. അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് അല്ലാതെ ഞാനും അച്ഛനും അമ്മയും ഒരുമിച്ച് ഒരിടത്തും പോയതായി എനിക്ക് ഓർമ്മയില്ല. എന്തിനും ഏതിനും നിയന്ത്രണം മാത്രം…..
“പെണ്ണാണ്…. അടക്കി ഒതുക്കി വളർത്തണം. ഇല്ലേല് തള്ളയെപ്പോലെ വേലി ചാടും.”
അച്ഛന്റെ അമ്മ ഇടയ്ക്കിടെ അച്ഛനെ എരി കയറ്റും.
അവരുടെ സംസാരം കേട്ടാൽ കുറ്റമെന്റെ അമ്മയുടെ മാത്രമാണെന്ന് തോന്നും.
അമ്മയും അച്ഛനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പഠിക്കാൻ മിടുക്കിയായിരുന്നു അമ്മ. പ്രീഡിഗ്രി കഴിഞ്ഞ് നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടി. സ്ഥിരമായി കോളേജിൽ പോകുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർ ആയിരുന്നു അച്ഛൻ. ഇരുവരും പ്രണയത്തിലായി. അച്ഛൻ താഴ്ന്ന ജാതിക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ വീട്ടുകാർ എതിർത്തു. വിവാഹം നടക്കില്ല എന്ന് വന്നപ്പൊ അപ്പോഴത്തെ ബുദ്ധിമോശത്തിന് അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നു. അതിന്റെ പേരിൽ അച്ഛമ്മ ഇടയ്ക്കിടെ അമ്മയെ കുത്തി പറയാറുണ്ട്. അന്ന് പഠിത്തം നിർത്തിയതാണ് എന്റെ അമ്മ. അന്ന് പറ്റിയ ബുദ്ധി മോശം ഓർത്ത് ആരും കാണാതെ അമ്മ കരയുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അന്ന് വീട്ടുകാരെ ഉപേക്ഷിച്ചു പോന്നത് കൊണ്ടാണ് അച്ഛൻ എന്തൊക്കെ പറഞ്ഞിട്ടും അതൊക്കെ കേട്ട് കഴിയേണ്ടി വരുന്നത് എന്നൊരു തോന്നൽ അമ്മയ്ക്കുണ്ടായിരിക്കണം.
” നീ കുളിക്കാൻ പോയില്ലേ? ”
പിന്നെയും മീനു കേറി വന്ന് കണ്ണുരുട്ടിയതും ദേ പോയി എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടി ഇറങ്ങി.
” പെട്ടെന്ന് വന്നേ ദേവൂ… അമ്മമ്മ അവിടെ നിന്നെ കണ്ടില്ല എന്നും പറഞ്ഞു തെയ്യം കളി തുടങ്ങിയിട്ടുണ്ട്. അവരിങ്ങോട്ട് വന്നാൽ അറിയാല്ലോ? ”
മീനു ഏതാണ്ട് ഭീഷണി പോലെ പറഞ്ഞിട്ട് പിന്നേം ഇറങ്ങിപ്പോയി.
കയ്യിൽ കിട്ടിയ ബ്രാഷും പേസ്റ്റും അമ്മേടെ ഒരു നൈറ്റീം എടുത്തു പതിയെ റൂമിന് പുറത്തോട്ട് ഇറങ്ങി.
അറ്റാച്ച്ഡ് ബാത്ത്റൂം ഒന്നും ഇല്ല. ഒരു കോമൺ ബാത്ത്റൂം ഉണ്ട്. അത് ഹാളിന് അടുത്തായിട്ടാണ്. അതും ആദ്യം ഉണ്ടായിരുന്നില്ല. ഒരു മൂന്നാലു വർഷം മുൻപ് അച്ഛമ്മ ഒന്ന് വീണായിരുന്നു. കാലൊടിഞ്ഞു. അന്ന് അച്ഛമ്മയ്ക്ക് ബാത്ത്റൂമിൽ പോകാൻ സൗകര്യത്തിന് ഹാളിന്റെ ഒരു ചുമര് പൊളിച്ച് അച്ഛൻ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് ഇപ്പൊ ഉള്ള ബാത്ത്റൂം.
ആദ്യം മുറിയിൽ നിന്ന് തല പുറത്തേക്കിട്ട് അച്ഛമ്മ അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്കി. കല്യാണമായിട്ട് കാലത്തെ തന്നെ നേരത്തെ എണീക്കാത്തതിന്റെ പേരിൽ ചീത്ത കേൾക്കണ്ടല്ലോ?
ഭാഗ്യത്തിന് ഹാളിൽ അടുത്ത വീട്ടിലെ രമ ചേച്ചിയും പിള്ളേരും മാത്രേ ഉണ്ടായിരുന്നുള്ളൂ…. വീടിന് പുറത്ത് ആരുടെയൊക്കെയോ വർത്തമാനം കേൾക്കുന്നുണ്ട്. അമ്മ ചിലപ്പോ അവിടെ ആകും.
ഞാൻ ഹാളിലേക്ക് ഇറങ്ങി. ഹാൾ എന്ന് പറഞ്ഞാൽ അത്ര വലുതൊന്നും അല്ല കേട്ടോ… ഒരു ചെറിയ സോഫാ സെറ്റിയും ഒരു മേശയും പിന്നൊരു ചെറിയ ടി വിയും ഇത്രേം വച്ചിട്ടുണ്ട് അവിടെ. അത്രയ്ക്കുള്ള സ്ഥലമേ ഉള്ളൂ താനും.
“അല്ല… കല്യാണപ്പെണ്ണ് ഇത്രേം നേരം കിടന്നുറങ്ങിയോ?”
രമ ചേച്ചി എന്റെ അടുത്തേയ്ക്ക് വന്നു.
“പതുക്കെ…”
ഞാൻ ചുണ്ടിൽ കൈ വച്ചു കണ്ണ് ചുളുക്കി. അച്ഛമ്മ എങ്ങാനും വന്നാൽ തീർന്നു.
ആളിന് കാര്യം മനസ്സിലായിക്കാണണം ചുറ്റും നോക്കീട്ട് കൈ കൊണ്ട് എന്തോ ആംഗ്യം കാട്ടി പിള്ളേരേം കൂട്ടി പുറത്തേക്ക് പോയി.
ഞാൻ ബാത്ത്റൂമിലേക്ക് കയറി ഫ്രഷ് ആയി ഇറങ്ങി. അപ്പോഴൊക്കെ എന്റെ ചിന്തയിൽ അമ്മ തന്നെ ആയിരുന്നു.
ഞാൻ റൂമിലേക്ക് കയറിയതും മീനു പിന്നേം വന്നു. കയ്യിൽ ഒരു കപ്പ് കാപ്പിയും ഉണ്ട്. അതെനിക്ക് തന്ന് അവൾ കട്ടിലിലേക്ക് ഇരുന്നു.
” എടി… നീ കോവിലിൽ പോവാൻ സാരി ഉടുക്കണൊണ്ടാ?”
” മ്ച്ചും… എനിക്കിനീപ്പോ അതിനൊന്നും വയ്യ. പ്രാർത്ഥിക്കാനല്ലേ? ചുരിദാർ ഇട്ട് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും.”
ഞാൻ കാപ്പി ടീപ്പൊയിൽ വച്ചിട്ട് എന്റെ ചെറിയ തടി അലമാര തുറന്നു. കര കര ശബ്ദം ഉണ്ടാക്കിക്കൊണ്ട് അത് തുറന്ന് വന്നു. അതിനകത്ത് നിന്ന് ഇടാനുള്ള ചുരിദാർ തപ്പുന്നതിനിടേൽ അവളും അടുത്തോട്ടു വന്നു.
“അങ്ങോട്ട് മാറ്…”
എന്നെ പിടിച്ചു മാറ്റി നിർത്തീട്ട് അമ്മേടെ ഒരു സാരി നോക്കി എടുത്തു അവൾ. സെറ്റ് സാരിയാണ്. കൂടെ എന്റെ ഗോൾഡൻ കളർ ബ്ലൗസും.
” അതേ… ജീവിതത്തിലെ ഒരേ ഒരു കല്യാണം ആണ്. ഇന്ന് ചുന്ദരി മണി ആവണം. അല്ലാതെ നരച്ച ചുരിദാറും ഇട്ടല്ല അമ്പലത്തിൽ പോവേണ്ടത്?”
വലിയ കാരണവരെ പോലെ അവൾ പറയുന്നത് കേട്ടതും എനിക്ക് ചിരി വന്നു. ഞാൻ കാപ്പി എടുത്തു കുടിച്ചു തുടങ്ങി.
കപ്പ് താഴെ വച്ചതും അവളത് രണ്ടും എന്റെ കയ്യിൽ കൊണ്ട് തന്നു.
“ഞാൻ ഹെല്പ് ചെയ്യണോ?”
മീനു ചോദിച്ചതും ഞാൻ വേണ്ട എന്ന് തലയാട്ടി.
സാരി ഉടുക്കാനൊക്കെ എനിക്കറിയാം. അമ്മേടെ സാരികൾ ഓരോന്നും എടുത്തുടുത്ത് കണ്ണാടീടെ മുന്നിൽ നിന്ന് ഫാഷൻ ഷോ കളിക്കുന്നത് മുൻപ് എന്റെ സ്ഥിരം പരിപാടി ആയിരുന്നു. വീട്ടിൽ ഇടുന്ന ഡ്രെസ്സിന്റെ മോളിൽ അമ്മേടെ പഴയ പാവാട എടുത്തുടുക്കും. എന്നിട്ട് അതിന് മുകളിൽ സാരി ഉടുത്ത് കണ്ണാടിടെ മുന്നിൽ പോയി നിന്ന് ഓരോരോ കോപ്രായങ്ങൾ കാണിക്കും. അപ്പോഴത്തെ എന്റെ വിചാരം ഞാൻ ഏതോ ഫാഷൻ ഷോയിലെ മോഡൽ ആണെന്നാ…. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ചിരി വരും.
എന്നാലും അത് കൊണ്ട് ഉണ്ടായ ഗുണം നല്ല അസ്സലായി സാരി ഉടുക്കാൻ പഠിച്ചു എന്നതാണ്. മീനുവിന് പ്ലസ് ടൂവിനും ഡിഗ്രിക്കും ഒക്കെ ഓണം സെലിബ്രേഷന് ഞാൻ സാരി ഉടുപ്പിച്ചു കൊടുക്കാറും ഉണ്ട്.
” സാരിയൊക്കെ ഞാൻ ഉടുത്തോളാം… എന്നാലും നീ പോവണ്ട. ഇവിടെ നില്ല്…”
ഞാൻ അലമാരയിൽ നിന്നും അമ്മേടെ ചന്ദന കളർ പാവാട തപ്പുന്നേന്റെ ഇടയിൽ പറഞ്ഞു.
“എന്താടി പേടി തുടങ്ങിയാ?”
അവള് ചിരിക്കുന്നു.
“അത് കല്യാണം എന്ന് കേട്ട അന്ന് തൊട്ട് തുടങ്ങിയതല്ലെടി?”
ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
ഡിഗ്രി ഫൈനൽ എക്സാം കഴിഞ്ഞതേ ഉള്ളൂ… റിസൾട്ട് പോലും വന്നിട്ടില്ല. പി ജി കൂടി കഴിഞ്ഞിട്ട് കല്യാണം മതി എന്നായിരുന്നു എനിക്ക്.. ഇതിപ്പോ?
അച്ഛനെ എതിർക്കാനുള്ള ധൈര്യം ഇല്ല. എനിക്ക് മാത്രമല്ല…. അമ്മയ്ക്കും…
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…”
എന്റെ ചിന്ത മനസ്സിലായത് പോലെ മീനു വന്നെന്റെ തോളിൽ കയ്യിട്ടു.
അപ്പോഴേക്കും ടേബിളിന് പുറത്തിരുന്ന മൊബൈൽ സ്ക്രീൻ മിന്നി. മൊബൈൽ വൈബ്രെറ്റ് ചെയ്യുന്ന ശബ്ദവും കേട്ടു.
മീനു തലയെത്തിച്ച് അതിലേക്ക് നോക്കി ആക്കി ചിരിക്കുന്നു. അവളുടെ പിറകെ ഞാനും നോക്കി. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും എന്റെ ചുണ്ടിലും ഒരു ചിരി മിന്നി.
🦋🦋🦋🦋🦋🦋🦋
തുടരും…..
അഭിപ്രായം പറയണേ…
തുടർന്ന് എഴുതണോ എന്നറിയാനാ..
ബോർ ആകുന്നേൽ പറയൂ ട്ടൊ…
വീണ്ടും പറയുന്നു ഒരു പ്രത്യേകതയും ഇല്ലാത്തൊരു കഥയാണ്. ഒരു കഥയില്ലാക്കഥ. സമയം പോകാനായി വായിക്കാമെന്നെ ഉള്ളൂ… കൂടുതൽ പ്രതീക്ഷിക്കരുത്.

by