25/05/2026

പാർവ്വതി പരിണയം : ഭാഗം 50

രചന – മഴ

ഏതാനും ദിവസങ്ങൾ കടന്നുപോയി “മീരാമ്മോ… ഞാൻ ഒന്ന് പുറത്തേക്ക് പോവാ.. എന്റെ ഡ്രസ്സ് ഒന്ന് എടുത്തു വെച്ചേക്കണേ….” എന്നു പറഞ്ഞു അവളുടെ കവിളിൽ തട്ടി ജോഷി ഫ്രഷ് ആവാൻ പോയി. ” ഈ മനുഷ്യനെ കൊണ്ട് തോറ്റു.. എല്ലാത്തിനും എന്റെ കൈ തന്നെ വേണമെന്ന് വെച്ചാൽ….. ” അവൾ ഓരോന്ന് പിറുപിറുത്തുകൊണ്ട് കബോഡിൽനിന്നും ഷർട്ട് എടുക്കുമ്പോഴാണ് മടക്കിവെച്ച ഡ്രസ്സുകൾക്കുള്ളിൽ വച്ചിരിക്കുന്ന ഫയൽ കണ്ടത്. ഒരു കൗതുകത്തിന് തുറന്നു നോക്കിയത് ആണെങ്കിലും അതിലെ വാക്കുകൾ അവളെ തളർത്തിയിരുന്നു. കുളി കഴിഞ്ഞിറങ്ങിയ ജോഷി കാണുന്നത് ബെഡിൽ കരഞ്ഞു തളർന്നിരിക്കുന്ന മീരയെ ആണ്. “എന്താടാ..? എന്തുപറ്റി…?”അവൻ ഓടി അവളുടെ അരികിൽ ചെന്നു.

“എന്താ… ഇച്ചായാ…? എന്താ ഇതിനൊക്കെ അർത്ഥം….?” മഹിയുടെയും ദേവിയുടെയും മാരേജ് ആപ്ലിക്കേഷൻ ഫോം എടുത്തു കാണിച്ചുകൊണ്ട് അവൾ ദേഷ്യത്തോടെ ചോദിച്ചു. ” എടീ… അത്… “ജോഷി എന്ത് പറയണമെന്നറിയാതെ കുഴങ്ങി. “വിളിക്ക്…. മാഷേട്ടനെ വിളിക്ക്… എന്താ ഉദ്ദേശം എന്ന് എനിക്ക് അറിയണം….? എന്തിനാ…. എന്റെ പാറുനോട്…… വിളിക്ക്….” അവൾ അലറി ജോഷി അവളെ പറഞ്ഞു മനസ്സിലാക്കാൻ ചെന്നപ്പോൾ തടഞ്ഞുകൊണ്ട് അവൾ അവനെ പുറത്താക്കി വാതിലടച്ചു. ഒടുവിൽ ജോഷി മഹിയെ വിളിച്ചു ഇരുപത് മിനിട്ടുകൾക്ക് ശേഷം മഹി അവിടെ എത്തി. “മീര മോളേ… വാതിൽ തുറക്ക്… മാഷേട്ടനാ….” മഹി വാതിലിൽ തട്ടിയതും അവൾ വാതിൽ തുറന്നു.. അവൻ അവളുടെ കവിളിൽ കൈവെച്ചു.

” എന്താടാ..? ” അവൾ അവന്റെ കൈ തട്ടിയെറിഞ്ഞു. “മാഷേട്ടൻ ദേവിയെ വിവാഹം ചെയ്യാൻ പോവാണോ…?” മഹി എന്തുപറയണമെന്നറിയാതെ ജോഷിയെ നോക്കി. “അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ എന്റെ പാറുവിനു മോഹം നൽകിയത്….? അവൾ എന്നെങ്കിലും തിരിച്ചുവരുമെന്നു കരുതി കാത്തിരിക്കാൻ പാടില്ലായിരുന്നോ….? പൊട്ടിക്കരഞ്ഞു കൊണ്ട് മീര ചോദിച്ചു. ഇതൊന്നുമറിയാതെ മീരയോട് എന്തോ ചോദിക്കാനായി റൂമിലേക്ക് വന്ന പാറു അന്ധാളിച്ചു നിന്നു. ബെഡിലിരുന്നു പൊട്ടിക്കരയുന്ന മീരയും അരികിൽ തല കുമ്പിട്ടിരിക്കുന്ന ദേവനും ജോഷിയും.. ” ചെട്ടികുളങ്ങരയിൽ ഉള്ളയാൾ ഇത്ര പെട്ടെന്ന് എങ്ങനെയാണ് എറണാകുളത്ത് വന്നത്…? ” “ഞാ…ഞാൻ ദേവിയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു…

” മീരയുടെ പെട്ടന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞതിനു ശേഷമാണ് ദേവൻ പാറുവിനെ കാണുന്നത്. അവളുടെ കണ്ണുകളിൽ അപ്പോഴേക്കും നനവ് പടർന്നു തുടങ്ങിയിരുന്നു. മഹിയുടെ നോട്ടം പോയ അടുത്തേക്ക് നോക്കിയപ്പോഴാണ് മീര പാറുവിനെ കണ്ടത്. ” ഇവളും കൂടി അറിഞ്ഞിട്ടാണോ ഒക്കെ..? ” മീര പാറുവിന്റെ അരികിൽ വന്ന് അവളെ ദേവന് മുന്നിലേക്ക് തള്ളിയിട്ടു കൊണ്ട് ചോദിച്ചു. ” പറയ്… ആണോന്ന്…? ” കരഞ്ഞുകൊണ്ട് ചോദിച്ചതും തല ചുറ്റുന്നതായി തോന്നി മീരക്ക്. അവൾ വീഴാൻ പോയതും “ജോഷിച്ചായാ…” എന്നുറക്കെ വിളിച്ചു കൊണ്ട് പാറു അവളെ പിടിച്ചു. ജോഷിയും മഹിയും ഓടി വന്നു മീരയെ പിടിച്ചു ബെഡിലേക്ക് കിടത്തി. ” മഹി… വണ്ടിയെടുക്ക്.. ഹോസ്പിറ്റലിൽ പോവാം… ” ജോഷി പറഞ്ഞു. മഹി വണ്ടി എടുത്തപ്പോഴേക്കും ജോഷി അവളെ എടുത്തുകൊണ്ട് ഉമ്മറത്തേക്ക് എത്തിയിരുന്നു.

മുത്തശ്ശനും മുത്തശ്ശിയും ഇറങ്ങിവന്നു. ” ന്താ.. ന്റെ കുട്ടിക്ക്…?” മുത്തശ്ശി ആകുലതയോടെ ചോദിച്ചു. “തല ചുറ്റിയതാ മുത്തശ്ശി…” പാറു പറഞ്ഞു. ശ്രീലതയും പാറുവും അവർക്കൊപ്പം വണ്ടിയിലേക്ക് കയറി. ” ബിപി ഷൂട്ട് ആയതാണ്.. തൽക്കാലം പേടിക്കാനൊന്നുമില്ല.. ഏതായാലും ഒന്ന് ഉറങ്ങി എഴുന്നേക്കട്ടെ… ” ഡോക്ടർ ജോഷിയുടെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും മീരയുടെ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. പിന്നീട് കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരുന്ന അതിനാൽ അവർ തിരികെ വീട്ടിലേക്ക് പോയി. രാത്രിയിൽ മീരക്ക് ഉള്ള ഭക്ഷണം കൊടുത്തു പോകാൻ നേരമാണ് പാറുവിനെ ജോഷി മീരയ്ക്ക് അരികിൽ പിടിച്ചിരുത്തുന്നത്. ശേഷം അവനും മീരയുടെ അരികിലേക്ക് ഇരുന്നു. മീരയും പാറുവും എന്താണെന്നുള്ള ഭാവത്തിൽ പരസ്പരം നോക്കുമ്പോൾ മഹിയും കയറി വന്നു വാതിലടച്ചു കുറ്റിയിട്ടു അവർക്കെതിരെയുള്ള ചെയറിൽ ഇരുന്നു.

ജോഷി മഹിയെ ഒന്ന് നോക്കി മീരയോട് മാളിൽ വെച്ച് കാറിനു നേരെ ഉണ്ടായ ആക്രമണവും വിനുവിനെ കണ്ടതും ബെഞ്ചമിൻ വന്നതും വിനുവല്ല ജോസ് ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെ പറഞ്ഞു. ” ആ സംഭവത്തിനുശേഷം മഹി കൈലാസത്തിൽ ചെയ്യുന്നതിന് പിറ്റേന്ന് സുഭദ്രാമ്മ വിളിച്ചിട്ടാണ് ഞാൻ അവിടെ ചെല്ലുന്നത്…… ” അവൻ പറഞ്ഞു തുടങ്ങി. “എന്താ അമ്മേ… അത്യാവശ്യമായി വരണം എന്ന് പറഞ്ഞത്…?” ജോഷി അകത്തേക്ക് കയറി കൊണ്ട് സുഭദ്ര അമ്മയോട് ചോദിച്ചു. അച്ഛനും അമ്മയും മഹിയും ഉണ്ട് അവിടെ. “കാര്യമൊക്കെ പറയാം… നീ ഇരിക്ക്…” അമ്മ പറഞ്ഞു. ” ഇന്നലെ മുതൽ ഞാൻ കുട്ടനെ വിളിക്കുന്നു. ഫോൺ എടുക്കുന്ന പോലുമില്ലല്ലോ അവൻ… ” “അച്ഛാ കുറേ ദിവസം കമ്പനിയിൽ നിന്നും മാറി നിന്നതല്ലേ.. അതിന്റെ തിരക്കാണ്.. തോമസ് ചേട്ടൻ പറഞ്ഞിരുന്നു….

” “മ്മ്മ്മ്…. നിങ്ങൾ നാലു പേരോടും കൂടി പറയണം എന്നായിരുന്നു ആഗ്രഹം. കുട്ടന് എന്നായാലും വരാൻ കഴിയില്ല പ്രിയ ദുബായിലും അല്ലേ…” മഹിയും ജോഷിയും അക്ഷമരായി അച്ഛന്റെ വാക്കുകൾക്ക് കാതോർത്തു. ” വളച്ചുകെട്ടില്ലാതെ കാര്യം പറയാം എനിക്ക് സംസാരിക്കാൻ ഉള്ളത് അക്കുവിനെകുറിച്ചാണ്.. ” അത് കേട്ടതും ജോഷിയും മഹിയും പരസ്പരം നോക്കി. ” നിങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം.. അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി.. കാലമിത്രയും കഴിഞ്ഞിട്ടും അങ്ങനെ സംഭവിക്കാൻ ഉണ്ടായ കാരണം നിങ്ങൾക്ക് വ്യക്തമല്ല… ശരിയല്ലേ….? ” അച്ഛന്റെ ചോദ്യത്തിന് ഇരുവരും മൂളി.

“അത് അക്കുവിനും ദേവിക്കും മാത്രം അറിയാവുന്ന കാര്യങ്ങളാണ്.. അത് നിങ്ങളെ അറിയിക്കണമെന്ന് അവർക്ക് ഇപ്പോൾ തോന്നി. അങ്ങനെ ഒരു ആവശ്യവുമായി അവൻ എന്റെ മുന്നിലേക്ക് വന്നപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല.. അതിനാണ് നിങ്ങളെ വിളിച്ചുവരുത്തിയത്…” ” അച്ഛാ… ആറുവർഷമായി ഇങ്ങനെ ഒരു സംഭവം നടന്നിട്ട്… എന്നിട്ട് ഇപ്പോഴാണോ അതൊക്കെ അറിയിക്കാനുള്ള മനസ്സ് തോന്നിയത്…? ” ജോഷിയുടെ വാക്കുകളിൽ ദേഷ്യം നിഴലിച്ചിരുന്നു. “മോനേ… അറിയാം നിങ്ങളുടെ മനസ്സ്.. ഈ ദേഷ്യമൊക്കെ കാണിക്കുന്നുണ്ടെങ്കിലും പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നില്ലേ അക്കു ചെയ്ത കാര്യങ്ങൾക്ക് പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ട് എന്ന്…?” ആ ചോദ്യത്തിൽ ഇരുവർക്കും മറുപടി നഷ്ടമായി.

” തേടി വന്ന സ്ഥിതിക്ക് അവർക്ക് പറയാനുള്ളത് നിങ്ങൾ കേൾക്ക്.. എന്നിട്ട് എന്ത് വേണം എന്ന് തീരുമാനിക്കുക.. നിങ്ങളെപ്പോലെ അല്ലേടാ ഞാൻ അവനെയും സ്നേഹിച്ചത്… കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല… ” “അവർ ഇപ്പോൾ ഇവിടെ എത്തും.. സംസാരിക്കാൻ ഉള്ളത് ഒക്കെ സംസാരിച്ചു തീർക്ക്.. ഞങ്ങൾ പുറത്തേക്ക് പോയിട്ട് വരാം…” അമ്മ പറഞ്ഞു. ശേഷം ഇരുവരും എഴുന്നേറ്റ് പുറത്തേക്കിറങ്ങി.മഹിയും ജോഷിയും അച്ഛന്റെ ആവശ്യം തള്ളിക്കളയാൻ ആവാതെ ഇരുന്നു.അപ്പോഴേക്കും അക്കുവും ദേവിയും എത്തിയിരുന്നു. അമ്മ അവരെയും വിളിച്ച് അകത്തു ഇരുത്തിയട്ടാണ് പോയത്. നാലുപേർക്കും ഇടയിൽ ഏറെ നേരം മൗനം തളം കെട്ടി കിടന്നു. “ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് ചെയ്തത് എന്ന് അറിയാം.. ഒരു മാപ്പുപറച്ചിൽ കൊണ്ട് ഒന്നും ആവില്ലെന്നും.. പക്ഷേ ഇനിയും ഒന്നും പറയാതിരുന്നാൽ നഷ്ടം മഹിക്ക് മാത്രമാകും…” അക്കുവിന്റെ വാക്കുകൾ കേട്ട് ജോഷിയും മഹിയും പരസ്പരം നോക്കി.

“നീ എന്താ ഉദ്ദേശിച്ചത്…?” ജോഷി ചോദിച്ചു. ” പറയാം… എല്ലാം പറയാം… ” അക്കു ദേവിയെ നോക്കി. അതുവരെ നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്ന ദേവിയാണ് പിന്നീട് സംസാരിച്ചത്. പൊൻമുടിയിൽ പോയി വന്നതിന് പിറ്റേന്ന് മീരയെ റെയിൽവേ സ്റ്റേഷനിൽ ആക്കി തിരിച്ചു വന്നതും വിനുവിന്റെ ആൾക്കാർ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയതും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പെരുമാറിയതും മഹിയെ ജയിലിൽ നിന്നും ഇറക്കി തുടർന്നുണ്ടായ സംഭവങ്ങളും ഒക്കെ പറഞ്ഞു. കൂടാതെ അന്ന് അവർ അയച്ച വീഡിയോകളും ഫോൺ റെക്കോർഡ്സും ഫോട്ടോസും ഒക്കെ കാണിച്ചു. “അതേടാ… അവരുടെ ആവശ്യപ്രകാരമാണ് ഞാൻ ദേവിയെ വിവാഹം ചെയ്തത്. ബാംഗ്ലൂർ ചെന്ന് ഒരു ഫ്ലാറ്റ് റെഡിയാക്കി വന്നപ്പോഴേക്കും ദേവിയുടെ മനസ്സിന്റെ താളം തെറ്റിയിരുന്നു. മൂന്നുവർഷം മാനസികാരോഗ്യകേന്ദ്രത്തിൽ അവളുണ്ടായിരുന്നു. ആരെയും തിരിച്ചറിയാതെ ഇരുന്ന ആ കാലത്തുപോലും അവളുടെ ഉള്ളിൽ മഹിയായിരുന്നു.

ഇന്നും അവൾ കാത്തിരിക്കുന്നത് ഈ മഹാദേവന് വേണ്ടിയാണ്..” അക്കുവിന്റെ വാക്കുകൾ കേട്ട് മഹിയും ജോഷിയും ഒരുപോലെ ഞെട്ടി. അവരുടെ മിഴികൾ മുഖം ഗുണിച്ച് നിശബ്ദമായി കരയുന്ന ദേവിയിൽ ഉടക്കിനിന്നു. അക്കു തുടർന്നു… “വീണ്ടും ഒരു ഷോക്ക് അവൾക്ക് താങ്ങാൻ കഴിയാത്തതിനാലാണ് ഈ കൂടിക്കാഴ്ച വൈകാൻ കാരണമായത്. പക്ഷേ ഇപ്പോൾ…. ഇപ്പോൾ.. ഒരുപാട് വൈകി എന്നറിയാം…..” മഹി അക്കുവിനെ നോക്കി. “മഹി ഏട്ടാ… ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം… ഒക്കെയും മഹി ഏട്ടന് വേണ്ടിയാ… മഹിയേട്ടന്റെ സ്ഥാനത്ത് എനിക്ക് മറ്റാരെയും……” ദേവി പൊട്ടിക്കരഞ്ഞുകൊണ്ട് മഹിയുടെ കാലിൽ വീഴാൻ പോയതും അവളുടെ ഇരു ചുമലുകളിലും പിടിച്ചു പിടിച്ചു നിർത്തി. “ദേവി… നിന്നെ ഞാൻ തെറ്റു പറയില്ല.. ഒരുപക്ഷേ നിന്റെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടി ആയിരുന്നാലും ചിലപ്പോൾ അങ്ങനെ ചെയ്യുമായിരുന്നുള്ളൂ. ഉള്ളിനുള്ളിൽ അങ്ങനെ ഒരു തോന്നൽ ഞങ്ങൾക്കും ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങൾ ഒരിക്കലും അത് പരസ്പരം പറഞ്ഞിട്ടില്ല. ദേഷ്യം ഉണ്ട് എന്ന് അഭിനയിക്കുകയായിരുന്നു.. ആ ഒരു വിശ്വാസം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതുമാണ്..” “പക്ഷേ ഇങ്ങനെയൊരു കാരണം പ്രതീക്ഷിച്ചിരുന്നില്ല…” മഹിയുടെ വാക്കുകൾ ജോഷി പൂർത്തീകരിച്ചു. “എനിക്ക്…. എനിക്ക്… ഒന്നും വേണ്ട മഹി ഏട്ടാ… മഹിയേട്ടന്റെ ജീവിതത്തിൽ എനിക്ക് ആ പഴയ സ്ഥാനം മാത്രം മതി…” ദേവി പ്രതീക്ഷയോടെ പറഞ്ഞു. മഹി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു “ദേവി നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ…?” മഹി അവളോട് ചോദിച്ചു “അന്ന് ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ ഞാൻ കെട്ടിയ താലി പൊട്ടിച്ചു നീ എന്റെ കയ്യിൽ തന്നത്…?” മഹി ചോദിച്ചതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അവളല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

“നിന്നെ ഞാൻ എന്റെ ജീവനെക്കാൾ സ്നേഹിച്ചിരുന്നു ദേവി.. നിന്റെ കഴുത്തിൽ ഞാൻ ആ താലി ചാർത്തുമ്പോഴും പറഞ്ഞിരുന്നു എന്റെ ജീവനാണ് ഇതെന്ന്. അത് നീ പൊട്ടിച്ച് എന്റെ കയ്യിൽ തന്ന നിമിഷം നിന്റെ മഹി ഏട്ടൻ മരിച്ചു കഴിഞ്ഞു. നിന്റെ ഓർമ്മകളിൽ ചത്ത് ജീവിക്കുകയായിരുന്നു ഞാൻ. ഇതെന്റെ രണ്ടാം ജന്മമാണ്. ഈ ജീവിതത്തിൽ നീയെന്ന ഭാര്യയോ നീയെന്ന കാമുകിയോ എനിക്കില്ല… പക്ഷേ ഒപ്പമുണ്ടാകും നിന്റെ ജീവിതത്തിൽ ഒരു വെൽ വിഷർ ആയി….” ദേവി പൊട്ടിക്കരഞ്ഞുകൊണ്ട് തറയിലേക്ക് ഇരുന്നു. അതുകണ്ട് അക്കു ദേവിയുടെ അരികിലേക്ക് ചെല്ലാൻ തുടങ്ങിയതും മഹി കൈകളുയർത്തി തടഞ്ഞു. മഹി അവൾക്ക് അരികിലേക്ക് ഇരുന്നു അവളുടെ കഴുത്തിലെ താലി മാല ഉയർത്തിപ്പിടിച്ചു.

“താലിക്ക് ഒരു മഹത്വമുണ്ട്… പവിത്രത യുണ്ട്… ഒരു താലി ചരടിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നത് രണ്ട് ആത്മാവിനെയാണ്… അവസാനം വരെ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം ആണ്… ഇപ്പോൾ നീ ചെയ്യുന്നതാണ് തെറ്റ്. അക്കു കെട്ടിയ താലിയും അണിഞ്ഞ് മനസ്സിൽ എന്നെ പ്രണയിക്കുന്നത് തെറ്റാണ്… ഇതായിരുന്നു ദൈവനിശ്ചയം. ഇക്കാലമത്രയും നിനക്ക് വേണ്ടിയാണ് അക്കു ഇത്ര കഷ്ടപ്പെട്ടത്…. അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്…. എല്ലാം മറന്ന് മനസ്സുകൊണ്ട് അവനെ ഉൾക്കൊള്ളാൻ നീയും ശ്രമിക്കണം…” ദേവിയുടെ കണ്ണുകൾ തുടച്ചു കൊടുത്തുകൊണ്ട് മഹി പറഞ്ഞു. അവൾ കുറ്റബോധത്തോടെ മഹിയെ നോക്കി. “ഇന്ന് എന്റെ ജീവിതത്തിലും ഒരു പെണ്ണുണ്ട്.. എന്നെ ഒരുപാട് വിശ്വസിക്കുന്ന… സ്നേഹിക്കുന്ന എന്റെ പാറു.. എന്റെ ജീവിതം അവളാണ്…” തുടരും….