15/04/2026

ഗൗരി കല്യാണി : ഭാഗം 28

രചന – കണ്ണന്റെ മാത്രം

അടുക്കളയിൽ തിടുക്കപ്പെട്ട് ഓരോന്നും ചെയ്യുകയാണ് സുലു ഒപ്പം ഗൗരിയോട് സംസാരിക്കുന്നും ഉണ്ട്. ഗൗരിക്ക് സുലുവിനെ വിളിക്കണം എന്ന് ഉണ്ട്. പക്ഷേ എന്തു വിളിക്കും എന്നൊരു കൺഫ്യൂഷൻ. പിന്നെ ആണ് നേരത്തെ സുലു ഉമ്മി എന്ന് പറഞ്ഞത് ഓർമ വന്നത്. അവൾ പതുക്കെ അവരോടായി ചോദിച്ചു.

ഉമ്മി എന്തേലും ഹെല്പ് വേണോ…

ഉമ്മി എന്ന അവളുടെ വിളിക്കേട്ടതും സുലു ഞെട്ടികൊണ്ട് ഗൗരിയെ തിരിഞ്ഞു നോക്കി. അവരുടെ കണ്ണുകൾ നിമിഷനേരം കൊണ്ട് നിറഞ്ഞൊഴുകി. നേരത്തെ അവളുടെ അടുത്ത് ഉമ്മി എന്ന് പറഞ്ഞിരുന്നെങ്കിലും അവൾ അങ്ങനെ വിളിക്കാതെ ആയപ്പോൾ അവൾക്ക് അതിനോട് താൽപ്പര്യം ഇല്ലാന്ന് അവരു കരുതിയിരുന്നു.

അവരുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടതും അവൾക്ക് വിഷമം ആയി. അവൾ അവരുടെ അടുത്തേക്ക് നീങ്ങി അവരുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവരെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..

എന്തിനാ എന്റെ ഉമ്മി കരയുന്നേ…

 

ഒന്നുമില്ല മോളെ ഈ ജന്മത്തിൽ ഇങ്ങനെ ഒരു വിളി കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവുമെന്ന് കരുതിയതല്ല..ഒന്നുകൂടി വിളിക്ക് മോളെ.. അവർ ഒരു വിങ്ങലോടെ പറഞ്ഞു.

 

എന്തിനാ ഉമ്മി ഇങ്ങനെ സങ്കടപ്പെടുന്നത് ഞാൻ ഇനി എന്നും ഉമ്മിടെ മോള് തന്നെ ആവും. ഉമ്മി കഴിഞ്ഞിട്ടേ ഉമ്മിടെ മോന് വരെ എന്നിൽ അധികാരം ഉണ്ടാവൂ.. അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

ആഹാ.. ഇപ്പൊ നമ്മൾ പുറത്തായി അല്ലെ മാമേ…

അച്ചുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവർ കാണുന്നത് അടുക്കള വാതിലിൽ ഒരു ചെറുചിരിയോടെ നിക്കുന്ന അച്ചുവിനെയും നിറഞ്ഞ കണ്ണും നിറഞ്ഞ ചിരിയും ആയി നിക്കുന്ന ഹരിയെയും ആണ്.

താൻ പറഞ്ഞത് അച്ചു കേട്ടല്ലോ എന്നോർത്തു ചമ്മി നിക്കുന്ന ഗൗരിയെ കണ്ട ഹരി അച്ചുവിനോട് ആയി പറഞ്ഞു.
അതിന് ആര് പറഞ്ഞു ഞാൻ പുറത്തായെന്നു. സുലു അവൾക്ക് ഉമ്മി ആണെങ്കിൽ ഞാൻ അവളുടെ അച്ഛനാണ്. അപ്പൊ ഞാനും സുലുവിനെ പോലെത്തന്നെ ആണ് അല്ലെ വാവേ… അയാൾ ഗൗരിയുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് പറഞ്ഞു.

 

അതേ അച്ഛാ.. ഗൗരി ഒരു കുസൃതി ചിരിയോടെ വീർത്തുവരുന്ന അച്ചുവിന്റെ മുഖം നോക്കികൊണ്ട് പറഞ്ഞു.

അവൾ അച്ഛാ എന്ന് വിളിച്ചതും അയാൾ നിറഞ്ഞ കണ്ണോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

 

ആഹാ ഇപ്പൊ അങ്ങനെ ആയോ.. ഇനി വായോ അച്ചു മോനെ എന്നൊക്കെ വിളിച്ച്.. ശരിയാക്കി തരാം രണ്ടിനെയും.. അവൻ ഹരിയെയും സുലുവിനെയും നോക്കി മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.

 

അച്ചുവിന്റെ പുതിയ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു ഗൗരി. എപ്പോഴും ഗൗരവം മാത്രം നിറഞ്ഞു നിക്കുന്ന മുഖത്തെ ഈ ഭാവങ്ങൾ അവളിൽ കൗതുകം ഉണർത്തി..

അങ്ങനെ പിണങ്ങല്ലേ മാമിടെ മോൻ. നീയല്ലേ ഞങ്ങൾക്ക് ഞങ്ങടെ മോളെ കൊണ്ട് തന്നത്. അതും പറഞ്ഞു സുലു അഗ്നിയെ കെട്ടിപിടിച്ചു. അവനും ഒരു ചിരിയോടെ അവരെ  ചേർത്തുപിടിച്ചു.

അന്നത്തെ ദിവസം മുഴുവൻ ഗൗരിക്ക് ഇത്രേം നാളും കിട്ടാത്ത സ്നേഹം പകർന്നു കൊടുക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു സുലുവും ഹരിയും. ഗൗരിയും തിരിച്ച് അവരെ മനസ്സ് തുറന്ന് സ്നേഹിച്ചു. അവളിലെ കുറുമ്പിക്കുട്ടി അവരുടെ സ്നേഹത്തിൽ പുറത്തുചാടി. അച്ചുവും ഒരു അത്ഭുതത്തോടെ ആണ് അവളിലെ കുറുമ്പുകൾ നോക്കി കണ്ടത്. കാരണം പരിചയപ്പെട്ട് ഇത്രേം നാളിനിടയിൽ അവളുടെ ഇങ്ങനെ ഒരു മുഖം അവൻ ആദ്യമായി കാണുകയായിരുന്നു.

 

വൈകുന്നേരം ആയപ്പോൾ അച്ചു ഗൗരിയോടായി ചോദിച്ചു..
ഇനി നമുക്ക് പോയാലോ ദുർഗ… സമയം ഇത്രേം ആയില്ലേ..

 

അച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ സുലുവും ഗൗരിയും ഒരുപോലെ ഞെട്ടി. കുറച്ച് നേരത്തേക്ക് അവർ മറന്നുപോയിരുന്നു ഗൗരിക്ക് തിരികെ പോകണം എന്ന്. സുലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഗൗരിയുടെയും അവസ്ഥ ഏതാണ്ട് അതു തന്നെ..

അച്ചു വേഗം സുലുവിന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവരെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

മാമി വിഷമിക്കാതെ.. ഇപ്പോൾ ദുർഗയെ ഇവിടെ നിർത്താൻ പറ്റില്ല. കൂടിയാൽ ഒരുമാസം അതുകഴിഞ്ഞാൽ പെർമനെന്റ് ആയി അവൾ ഇവിടെ മാമിയുടെ കൂടെ ഉണ്ടാകും. അതുവരെ മാത്രം മാമി ക്ഷമിക്കണം.

 

അതുകേട്ട ഗൗരിയും സുലുവിനെ ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.

അതേ ഉമ്മി അച്ചേട്ടൻ തീരുമാനിക്കുന്ന അന്ന് ഞാൻ ആ വീടിന്റെ പടി ഇറങ്ങുന്നത് അവിടെയുള്ള എന്റെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് നിങ്ങളുടെ മാത്രം മകൾ ആയിട്ടായിരിക്കും. ഈ 22 കൊല്ലത്തെ എന്റെ ജീവിതത്തിൽ കിട്ടാത്ത അത്രയും സ്നേഹവും വാത്സല്യവും ഇന്ന് ഒറ്റൊരു ദിവസം കൊണ്ട് നിങ്ങൾ രണ്ടുപേരും എനിക്ക് തന്നു.ഞാൻ ഇടയ്ക്കിടെ വരില്ലേ എന്റെ ഉമ്മിയെയും അച്ഛനെയും കാണാൻ. ഇങ്ങനെ കരയല്ലേ… അതും പറഞ്ഞ് അവൾ സുലുവിനെ ഇറുക്കെ കെട്ടിപിടിച്ചു. സുലുവും അവളെ ചുറ്റിപ്പിടിച്ചു അവളുടെ നെറുകയിലായി മുത്തി.

അവൾ സുലുവിന്റെ അടുത്തുനിന്നും എഴുന്നേറ്റ് ഹരിയെ കെട്ടിപിടിച്ചു. ആയാളും അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..

ശ്രദ്ധിക്കണം വാവേ.. മോൾക്ക് എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും അപ്പൊ അച്ഛയെ വിളിക്കണം കേട്ടല്ലോ…

അവൾ നിറഞ്ഞ കണ്ണോടെ തലയാട്ടികാട്ടി.

അച്ചു അവരോട് യാത്രപറഞ്ഞു വണ്ടിയുടെ അടുത്തേക്ക് പോയി.

 

ഹരിയും സുലുവും ഗൗരിയെ ഇരുവശത്തുനിന്നും പിടിച്ചുകൊണ്ടു അച്ചുവിന്റെ ഒപ്പം പോയി കോഡ്രൈവർ സീറ്റിലേക്കായി ഗൗരിയെ ഇരുത്തി.

മോളെ അവിടെ എത്തിയിട്ട് ഉമ്മിയെ വിളിക്കണം. പിന്നെ ഇടക്കിടക്ക് വരണം… സുലു വിതുമ്പിക്കൊണ്ട് പറഞ്ഞു.

ഗൗരിയും അതിന് കണ്ണുനിറച്ചു കൊണ്ട് തലയാട്ടി കാട്ടി..

അച്ചു ശ്രദ്ധിച്ചുപോണം. എന്തുണ്ടെങ്കിലും വിളിക്കണം. പിന്നേ വേണ്ട ഡോക്യൂമെന്റസ് എടുത്ത് വരണം. ഒന്നും മറക്കരുത്.
അയാൾ അച്ചുവിനോടായി പറഞ്ഞു.

ശരി മാമേ.. ഞാൻ ശ്രദ്ധിച്ചോളാം. അപ്പൊ പോയിട്ട് വരാം..

അച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവരെ നോക്കി ഒന്ന് കയ്യുയർത്തി കാട്ടിയിട്ട് വണ്ടി ഓടിച്ചുപോയി. ഗൗരിയും രണ്ടുപേർക്കും ടാറ്റാ കൊടുത്തുകൊണ്ടിരുന്നു.

അവരുടെ വണ്ടി കണ്ണിൽ നിന്ന് മറയുവോളം രണ്ടുപേരും അവിടെ തന്നെ നിന്നു. പിന്നീട് ഹരി സുലുവിനെ ചേർത്തുപിടിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി..

അച്ചുവിന്റെ വണ്ടി ഗൗരിയുടെ വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. ഗൗരി ഇന്ന് നടന്ന ഓരോ കാര്യങ്ങളും ആലോചിച്ച് ചുണ്ടിൽ ഒരിളം ചിരിയോടെ ഇരുന്നു. ഇടക്ക് അച്ചുവിനെ പാളി നോക്കുന്നും ഉണ്ട്.

അവരുടെ വണ്ടി കല്ലുവിന്റെ വീടിന്റെ അവിടെ എത്താറായപ്പോൾ ഗൗരി പറഞ്ഞു..

ഇവിടെ നിർത്തിയാമതി അച്ചേട്ടാ.. എനിക്ക് കല്ലുവിനെയും രാധുമ്മയെയും കാണണം.

മ്മ്.. ശരി… അതും പറഞ്ഞു അവൻ കല്ലുവിന്റെ വീടിനു മുൻപിലായി വണ്ടി നിർത്തി.

 

വണ്ടി നിർത്തിയതും അവൾ സീറ്റ്‌ ബെൽറ്റ്‌ ഊരിമാറ്റികൊണ്ട് അവന് നേരെ തിരിഞ്ഞുകൊണ്ട് അവന്റെ കവിളിൽ അമർത്തി ഉമ്മവച്ചു. എന്നിട്ട് വേഗം വണ്ടിയിൽ നിന്നും പുറത്തിറങ്ങി അവനോട് ആയി പറഞ്ഞു..
ഒരുപാട് താങ്ക്സ് അച്ചേട്ടാ ഇതുപോലെ ഒരു ഉമ്മിയെയും അച്ഛനെയും തന്നത്. Love You…
അതുംപറഞ്ഞ് ഗൗരി ഒരു കുസൃതി ചിരിയോടെ കല്ലുവിന്റെ വീട്ടിലേക്ക് ഓടി..

അച്ചു കുറച്ച് നേരം അവൾ ചുംബിച്ച കവിളിൽ കൈവച്ച് സ്റ്റക്ക് ആയി നിന്നു. പിന്നേ ആരെയും മയക്കുന്ന ഒരു ചിരിയോടെ തലയൊന്ന് കുടഞ്ഞുകൊണ്ട് വണ്ടിയും എടുത്തു പോയി..

ഗൗരി ചിരിയോടെ ഓടി അകത്തേക്ക് കയറിയതും കല്ലുവും ആയി കൂട്ടിയിടിച്ചതും ഒരുമിച്ചായിരുന്നു. രണ്ടും കൂടി ഒരുമിച്ച് ഭൂമിദേവിയെ വന്ദിച്ചു.

എന്റെ അമ്മേ എന്റെ നടു… എഴുന്നേറ്റ് മാറെടി മറുതെ മനുഷ്യന്റെ മേല്നിന്ന്. അവള് ഇളിച്ചോണ്ട് കിടക്കുന്നു. കല്ലു അലറി..

ഗൗരി വേഗം അവളുടെ മേലുനിന്നും എഴുന്നേറ്റു. കല്ലുവിനെയും എഴുന്നേൽക്കാൻ സഹായിച്ചു.

എന്റെ അമ്മേ.. എന്തോന്നാടി ഇത്.. എന്തിനാ ഇങ്ങനെ ചാടി തുള്ളി വന്നത്… ഗൗരിയെ നോക്കി മുഖം കൂർപ്പിച്ചുകൊണ്ട് കല്ലു ചോദിച്ചു..

അതിന് ഗൗരി നന്നായി ഒന്ന് ഇളിച്ചുകാട്ടി. പിന്നെ കല്ലുവിനെ ഇറുക്കെ കെട്ടിപിടിച്ച് അവളുടെ കവിളിലായി മുത്തി…

എന്താണ് മിസ്സ്‌. ഗൗരിദുർഗ ഇന്ന് വളരെ സന്തോഷത്തിൽ ആണല്ലോ.. എന്താടി ലോട്ടറി വല്ലതും അടിച്ചോ.. കല്ലു ഒരു ചിരിയോടെ ചോദിച്ചു.

 

അടിച്ചുമോളെ ഒന്നല്ല രണ്ടു ലോട്ടറി അടിച്ചു… ഗൗരി അതേ സന്തോഷത്തോടെ പറഞ്ഞു.

എന്തൊക്കെയാ ഗൗരി നീ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.. കല്ലു ഒരു സംശയത്തോടെ ചോദിച്ചു.

എനിക്ക് ഇന്ന് എന്നെ ഒരുപാടു ഇഷ്ടപെടുന്ന ഒരു ഉമ്മിയേയും അച്ഛനെയും കിട്ടിയെടി.. ഗൗരി കണ്ണുകൾ നിറച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.

എന്താ കല്ലു ഒരു ഞെട്ടലോടെ ചോദിച്ചു. അവൾക്ക് ഒന്നും മനസ്സിൽ ആകുന്നുണ്ടായിരുന്നില്ല.

അപ്പോൾ ഗൗരി ഒരു ദീർഘ നിശ്വാസത്തോടെ ഇന്നലെ തൊട്ട് ഈ നേരം വരെ അവളുടെ ജീവിതത്തിൽ ഉണ്ടായത് മുഴുവൻ പറഞ്ഞു. ഗൗരി പറയുന്നതെല്ലാം ഒരു ഞെട്ടലോടെ ആണ് കല്ലു കേട്ടത്. ഹരിയെയും സുലുവിനെയും അച്ചുവിനെയും കുറിച്ച് ആലോചിച്ചപ്പോൾ കല്ലുവിന് സന്തോഷമായെങ്കിലും ഗൗരിയുടെ വീട്ടുകാരെ കുറിച്ച് ആലോചിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നു.

ഗൗരി ഇപ്പോഴും അവളുടെ ഉമ്മിയേയും അച്ഛനെയും കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഗൗരിയെ ഇത്രേം സന്തോഷിച്ച് ഇതുവരെ കല്ലു കണ്ടിട്ടില്ലായിരുന്നു. ഈ സന്തോഷം അവളുടെ ലൈഫിൽ എന്നും ഉണ്ടാകണേ എന്ന് കല്ലു ആത്മാർഥമായി പ്രാർത്ഥിച്ചു.

ഗൗരി സംസാരിച്ച് നിർത്തി നോക്കുമ്പോൾ കാണുന്നത് അവളെ തന്നെ ഒരു ചിരിയോടെ നോക്കി നിൽക്കുന്ന കല്ലുവിനെ ആണ്. അപ്പോഴാണ് അവൾക്ക് താൻ വന്നിട്ട് ഇതുവരെ രാധുമ്മയുടെ വിവരം ഒന്നും അന്വേഷിച്ചില്ല എന്ന കാര്യം ഓർമവന്നത്.

സോറി ഡീ. ഞാൻ എന്റെ സന്തോഷത്തിൽ രാധുമ്മയുടെ കാര്യം ചോദിക്കാൻ വിട്ടു. എന്തായി ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട്. അതുപോലെ രാധുമ്മ എവിടെ..ഗൗരി ഒരു ചമ്മിയ മുഖത്തോടെ ചോദിച്ചു.

 

അതൊന്നും കുഴപ്പമില്ല നീ എന്നും ഇതുപോലെ സന്തോഷായിട്ട് ഇരുന്നാമതി. പിന്നെ രാധുമ്മക്ക് കുഴപ്പം ഒന്നും ഇല്ല. ഇസിജി ഒക്കെ എടുത്ത് നോക്കിയിരുന്നു. ഇപ്പൊ ദേ ഒന്ന് കിടന്നു. പിന്നെ ഇന്ന് ഹോസ്പിറ്റലിൽ വച്ച് ഒരു സംഭവം ഉണ്ടായി..കല്ലു പറഞ്ഞു

 

എന്തു സംഭവം.. എന്താ കാര്യം.. ഗൗരി കല്ലുവിനോട് ആകാംഷയോടെ ചോദിച്ചു.

 

കല്ലു ഇന്ന് സീതയെ കണ്ടതും പിന്നീട് നടന്നതുമെല്ലാം ഗൗരിയോട് പറഞ്ഞു….

ആഹാ അപ്പൊ എന്റെ കല്ലുമോള് അധികം വൈകാതെ ലോക്ക് ആവുമല്ലോ.. ഗൗരി ഒരു കള്ളചിരിയോടെ പറഞ്ഞു.

 

അതിന് കല്ലു ഒന്ന് ചിരിച്ചതേ ഉള്ളൂ.

എന്ന ശരിയെടി നമുക്ക് നാളെ കാണാം. ഞാൻ ഇറങ്ങട്ടെ..

 

മ്മ്.. ഗൗരി നീ ഇനി ബോൾഡ് ആയിട്ട് നിക്കണം. ആരെയും നിന്റെ തലയിൽ കയറാൻ അനുവദിക്കരുത്.

അറിയാം കല്ലു. ഇപ്പൊ എനിക്ക് നല്ല  ധൈര്യം ആണ്. എനിക്ക് വേണ്ടി ചോദിക്കാൻ നീ അടക്കം എത്രപേരാ ഇപ്പൊ. അതുകൊണ്ട് ഇനി ഞാൻ താഴ്ന്നുകൊടുക്കില്ല.

 

അതുംപറഞ്ഞു ഗൗരി അവളുടെ വീട്ടിലേക്ക് പോയി. ഗൗരി വീട്ടിൽ എത്തുമ്പോൾ കാണുന്നത് പുറത്ത് തന്നെ ഇരിക്കുന്ന ഷീജയെയും അഭിയേയും മാനവിനെയും ആണ്. അവൾ ആരെയും നോക്കാതെ ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും ഷീജ അവളെ വിളിച്ചിരുന്നു..