The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ഓഹ്.. സമ്മതിക്കില്ല.. അവൻ പല്ലുകടിച്ചുകൊണ്ട് ആത്മിച്ചു…
അവൻ വേഗം അവളുടെ അടുത്തു നിന്നും എഴുന്നേറ്റ് സ്വന്തം സീറ്റിൽ വന്നിരുന്നു. ഗൗരിയും മുഖം ഒക്കെ ഒന്ന് തുടച്ചുകൊണ്ട് നേരെ ഇരുന്നു.
അപ്പോഴേക്കും ഫൈസലിക്ക ഉള്ളിലേക്ക് വന്നു. അപ്പോഴാണ് അയാൾ ഗൗരിയെ കാണുന്നത്..അയാൾ ഒന്ന് സ്റ്റക്ക് ആയി..
അപ്പൊ അച്ചു പറഞ്ഞു ഫൈസലിക്ക എന്താ കാര്യം..
ആ സാർ നവീനിനെ കൊണ്ട് വന്നിട്ടുണ്ട്. ഇങ്ങോട്ട് കൊണ്ട് വരണോ അതോ.. അയാൾ ഗൗരിയെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു മുഴുവനാക്കാതെ നിർത്തി..
ഇങ്ങോട്ട് കൊണ്ടുവരണ്ട ഇക്ക. ഇക്കയുടെ കാബിനിലേക്ക് കൊണ്ട് പോയ മതി. ഞാൻ അങ്ങോട്ട് വരാം.
ശരി സാർ… അതും പറഞ്ഞു അയാൾ പോയി.
അച്ചു നേരെ എഴുന്നേറ്റ് ഗൗരിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു.
ദുർഗാ….ഇന്നെന്തായാലും ഓഫീസിൽ പോകണ്ട. ഞാൻ ഇപ്പൊ വരാം. എന്നിട്ട് നമുക്ക് പുറത്ത് പോകാം. എനിക്ക് സംസാരിക്കാൻ ഉണ്ട്. മോള് ഒന്നും ആലോചിച്ചു വിഷമിക്കണ്ട. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് നിന്റെ അച്ചേട്ടന്റെ കൈകൊണ്ട് ആയിരിക്കും. അത് മനസ്സിൽ ഉറപ്പിച്ചു വച്ചിട്ട് സമാധാനം ആയിട്ട് ഇരിക്ക്.. ഗൗരിയുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അച്ചു പറഞ്ഞു.
ഗൗരി അതിന് കണ്ണ് നിറച്ചുകൊണ്ട് തലയാട്ടി കാട്ടി…
അച്ചു അവളെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് കാബിൻ ഡോർ തുറന്ന് ഫൈസലിന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു…
………………….
അച്ചു ഫൈസലിന്റെ കാബിനിൽ എത്തുമ്പോൾ കാണുന്നത് നവീൻ അവിടെ ഉള്ള കോൺസ്റ്റബ്ലിന്റെ കോളറിൽ പിടിക്കുന്നതാണ്. അച്ചുവിനെ ആ കാഴ്ച്ച വല്ലാതെ ചൊടിപ്പിച്ചു. അവൻ നേരെ ചെന്ന് നവീനിനെ തനിക്ക് നേരെ തിരിച്ച് അവന്റെ മുഖമടച്ച് ഒന്ന് കൊടുത്തു. നവീൻ അടി കിട്ടിയ കവിളിൽ കൈവച്ചുകൊണ്ട് അവനെ തുറിച്ച് നോക്കി…
നാ*****മോനെ നിനക്ക് എന്തോരം ധൈര്യം ഉണ്ടായിട്ട് വേണം എന്റെ സ്റ്റേഷനിൽ വന്നിട്ട് എന്റെ സബോർഡിനേറ്റിനെ തന്നെ കൈവെക്കാൻ…
അച്ചുവിന്റെ വായിൽ നിന്നും വീണതും അവന്റെ ദേഷ്യവും കണ്ടിട്ട് നവീൻ മാത്രം അല്ല ആ റൂമിൽ ഉള്ള എല്ലാവരും ഞെട്ടി. കാരണം ജോയിൻ ചെയ്ത് ഇത്രേം നാളായെങ്കിലും ഇതുവരെ ആരും അച്ചുവിന്റെ വായിൽ നിന്നും ഇങ്ങനെ ഒന്ന് കേട്ടിട്ടുണ്ടായിരുന്നില്ല. ഗൗരവക്കാരൻ ആണെങ്കിലും ഇത്രേം ദേഷ്യത്തിലും ആദ്യമായിട്ടാണ് കാണുന്നത്..
ഫൈസലിക്ക… അച്ചു അതെ ഗൗരവത്തോടെ വിളിച്ചു..
Yes സാർ….
ആ ലാൻഡ് ഫോൺ ഒക്കെ ഒന്ന് മാറ്റിവച്ചേക്ക്.. ഒരു മറ്റേമോനും ഇവന് വേണ്ടി വിളിക്കണ്ട. ഇന്നെന്തായാലും കോർട്ടിൽ പ്രേസേന്റ് ചെയ്യണ്ട.. ഒരു ദിവസം ഇവിടെ കിടക്കട്ടെ. ആര് വന്നാലും ഞാൻ ഇവിടെ ഇല്ലാന്ന് മാത്രം പറഞ്ഞാൽ മതി.. ഞാൻ ഇപ്പൊ പോവുകയാണ് നാളെ വന്നിട്ട് ബാക്കി എല്ലാം തീരുമാനിക്കാം..
അതും പറഞ്ഞ് അച്ചു അവിടെ നിന്നും പോയപ്പോൾ ആണ് ബാക്കി ഉള്ളവർക്ക് ശ്വാസം നേരെ വീണത്..
സാറിനു ദേഷ്യം വന്നപ്പോഴത്തെ ആ മുഖഭാവം കണ്ടിട്ട് ഞാൻ വിറച്ചുപ്പോയി ശരിക്കും.. ഒരു ദീർഘനിശ്വാസത്തോടെ ജീവൻ പറഞ്ഞു.
എല്ലാവരും അതു ഒരേപോലെ തലയാട്ടി സമ്മതിച്ചുകൊണ്ട് നവീനിനെ സെല്ലിന്റെ ഉള്ളിലേക്ക് ആക്കി..
നവീനിന്റെ ഉള്ളം പകയാൽ തിളച്ചുമറയുകയായിരുന്നു. എന്നേ ഇതുപോലെ നിന്റെ സബോര്ഡിനേറ്റസിന്റെ മുന്നിൽ ഇട്ട് അപമാനിച്ചതിനും എനിക്ക് വരുത്തിവച്ച നഷ്ടങ്ങൾക്കും നീ അനുഭവിക്കും അഗ്നിദേവ്.. അവൻ മനസ്സിൽ മുരണ്ടു..
………………
അച്ചു നേരെ അവന്റെ കാബിനിൽ പോയി ഗൗരിയെയും കൂട്ടി അവന്റെ വണ്ടിയിൽ പുറത്തേക്ക് പോയി.
അവരുടെ വണ്ടി നേരെ ചെന്ന് നിന്നത് ബീച്ച് സൈഡിൽ ആണ് . പകൽ നേരം ആയതുകൊണ്ട് തന്നെ ബീച്ച് വിജനമായിരുന്നു. അവർ രണ്ടാളും തണലു നോക്കി ഒരു മരത്തിന്റെ ചുവട്ടിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ ആയി ഇരുന്നു.
ദുർഗാ.. ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം. നീ ഇനി വീട്ടിൽ ഈ കല്യാണത്തിന് എതിരു നിൽക്കണ്ട..
അതുകേട്ടതും ഗൗരി ഞെട്ടികൊണ്ട് അച്ചുവിനെ നോക്കി. നിമിഷനേരം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
അപ്പോഴേക്കും കണ്ണ് നിറച്ചോ. ഞാൻ ഒന്ന് പറഞ്ഞ് മുഴുവനാക്കട്ടെ പെണ്ണെ….
ഞാൻ നേരത്തേ പറഞ്ഞില്ലേ നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതു എന്റെ കൈകൊണ്ടായിരിക്കും. അതുകൊണ്ട് നീ വിഷമിക്കണ്ട. ഇപ്പൊ നീ എതിർക്കാൻ നിന്നാൽ അവർക്ക് വാശികൂടും. എന്റെ കുഞ്ഞിനെ അവർ ഇനിയും ഉപദ്രവിക്കും. ഗൗരിയുടെ അടികിട്ടിയ കവിളിൽ തഴുകികൊണ്ടാണ് അച്ചു അതു പറഞ്ഞത്..പിന്നെ അവനിൽ നിന്നും ഈ ഒരു മാസം രക്ഷപെടാൻ നീ കുറച്ച് ബോൾഡ് ആയാൽ മതി. പിന്നെ തീരെ പറ്റാത്ത സിറ്റുവേഷൻ വന്നാൽ എന്നേ വിളിച്ചാമതി. അവളെ ഒന്ന് ബോൾഡ് ആക്കണം എന്ന ഉദ്ദേശത്തോടെ ആണ് അവൻ അങ്ങനെ പറഞ്ഞത്.
അവൾ അതിന് മൂക്കുവലിച്ചുകൊണ്ട് തലയാട്ടി കാട്ടി..
അവളുടെ ആ ഭാവം കണ്ടപ്പോൾ അവന് വാത്സല്യം ആണ് തോന്നിയത്. അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് നെറ്റിയിലായി മുത്തി. എന്നിട്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു…
എന്റെ ദുർഗയുടെ ഇതുവരെ ഉള്ള ജീവിതം കുറെ ഒക്കെ എനിക്കറിയാം. എന്നാലും എനിക്ക് എല്ലാം നിന്റെ വായിൽ നിന്നും കേൾക്കണം. നിന്റെ ഉള്ളിലും ഉണ്ടാവൂലോ ആരോടും പറയാത്ത സങ്കടങ്ങൾ…
ഗൗരിയും അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു കൊണ്ട് അവളുടെ ഇതുവരെയുള്ള ജീവിതം മുഴുവൻ പറഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. അവനും അവൾ കടന്ന് വന്ന അവസ്ഥകൾ അറിഞ്ഞപ്പോ അവളുടെ വീട്ടുകാരെ കൊല്ലാനുള്ള ദേഷ്യം തോന്നി. അവന്റെ കണ്ണുകളും നിറഞ്ഞു.
പണ്ടൊക്കെ എന്റെ ജീവിതത്തിൽ എന്നേ സ്നേഹിച്ചിരുന്നത് എന്റെ കല്ലുവും രാധുമ്മയും മാത്രം ആണ് അച്ചേട്ടാ.. അച്ഛന് എന്നോട് ഇഷ്ടമുണ്ടെന്ന് ചിലപ്പോൾ ഒക്കെ തോന്നുമെങ്കിലും അമ്മയെ പേടിച്ച് ഒന്നും കാണിക്കാറില്ലായിരുന്നു. ഇപ്പൊ എന്നേ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്. ലച്ചു ദേവൂട്ടി ദേവേട്ടൻ കണ്ണേട്ടൻ എല്ലാത്തിലും ഉപരി….അവൾ പെട്ടന്ന് പറഞ്ഞുവന്നത് നിർത്തി..
എല്ലാത്തിലും ഉപരി…. കംപ്ലീറ്റ് ചെയ്യ് ദുർഗാ.. അച്ചുവിന്റെ ശബ്ദം ഒരു കാറ്റുപോലെ ഗൗരിയുടെ കാതിൽ പതിച്ചു..
ഗൗരി ഒന്ന് വിറച്ചുകൊണ്ട് അവനിൽ നിന്നും അടർന്നു മാറാൻ ശ്രമിച്ചു.
അവൻ അവളെ ഒന്നുകൂടി മുറുക്കി പിടിച്ചുകൊണ്ട് പറഞ്ഞു.. അതു മുഴുവനാക്കാതെ ഞാൻ വിടില്ല ദുർഗാ…
അവൾക്ക് മനസിലായി അതു പറയാതെ അവൻ വിടില്ല.അവൾ വളരെ നേർത്ത സ്വരത്തിൽ പറഞ്ഞു..
എല്ലാത്തിലും ഉപരി എന്റെ അച്ചേട്ടനും.. എന്നിട്ട് അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ തന്റെ ചുവന്ന മുഖം ഒളിപ്പിച്ചു. അവൻ ആരെയും മയക്കുന്ന ഒരു ചിരിയോടെ അവളെ മുറുക്കെ കെട്ടിപിടിച്ചു.
ദുർഗാ… നിനക്ക് ഞാൻ ഒരു അച്ഛനെയും അമ്മയെയും തരട്ടെ. നിന്നേ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന രണ്ടുപേരെ. നീ അവരെ മനസ്സ് തുറന്ന് സ്നേഹിച്ചാൽ മാത്രം മതി. അവർ വേണമെങ്കിൽ അവരുടെ ജീവൻ വരെ തരും. അത്രയും സ്നേഹമുള്ളവർ ആണ്…
ഗൗരി വിടർന്ന കണ്ണോടെ പ്രതീക്ഷയും ആഗ്രഹവും നിറഞ്ഞ മുഖത്തോടെ അവനെ നോക്കി തലയാട്ടി കാട്ടി..
അവളുടെ ആ മുഖം ഒരേസമയം അവന് സന്തോഷവും സങ്കടവും നൽകി. എന്തോരം അവൾ അങ്ങനെ ഒരു അച്ഛനമ്മമാരെ ആഗ്രഹിക്കുന്നു എന്ന് അവളുടെ മുഖം പറയുന്നുണ്ടായിരുന്നു.
അവൻ അവളുടെ കവിളിൽ അമർത്തി ഉമ്മ വച്ചു. അതോടെ അവളുടെ രണ്ടു കവിളും ചുവന്നു തുടത്തു. അതുകൂടി കണ്ടതും അവന് പിടിച്ചുനിക്കാൻ പറ്റാത്ത പോലെ തോന്നി അവൻ ചുറ്റും ഒന്ന് നോക്കികൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തിവിട്ടു.
നിമിഷനേരത്തെക്കാണെങ്കിലും ആ അധരങ്ങളുടെ സംഗമത്തിൽ അവൾ പിടഞ്ഞുപോയി. അവളുടെ കൈകൾ അവന്റെ നെഞ്ചിൽ അമർന്നു. അവൾക്ക് തന്റെ മുഖമാകെ ചൂടുപിടിക്കുന്നത് പോലെ തോന്നി.
എന്റെ പെണ്ണെ ഇതുപോലെ ചുവന്നുതുടുത്തൊന്നും ഇരിക്കല്ലേ. കടിച്ചു തിന്നാൻ തോന്നുന്നുണ്ട് ഇങ്ങനെ കാണുമ്പോൾ. അതുകൂടി കേട്ടതും അവൾ ഒന്നുകൂടി ചുവക്കുകയാണ് ചെയ്യ്തത്.
അതെ ഇതു ശരിയാവില്ല.. വായോ നമുക്ക് പോകാം. അല്ലെങ്കിൽ ചിലപ്പോ ഞാൻ മറക്കും ഇതു പബ്ലിക് സ്പേസ് ആണെന്നു.
അതും പറഞ്ഞു അച്ചു ഇരുന്നിടത് നിന്ന് എഴുന്നേറ്റു. അവൾക്ക് നേരെ കൈനീട്ടി. അവളും ആ കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. രണ്ടുപേരുംകൂടി അച്ചുവിന്റെ കാർ പാർക്ക് ചെയ്തവിടേക്ക് പോയി.
അവർ വണ്ടിയിൽ കയറിയതും അവൻ ഫോൺ എടുത്തിട്ട് ആരെയോ വിളിച്ചിട്ട് പെട്ടന്ന് വീട്ടിലേക്ക് വായോ ഒരു അത്യാവശ്യം പറയാൻ ഉണ്ടന്നു പറഞ്ഞു ഫോൺ വച്ചു. പിന്നീട് അവൻ തിരിഞ്ഞ് ഗൗരിയെ നോക്കികൊണ്ട് ചോദിച്ചു…
ദുർഗാ.. നീ രാവിലെ എന്തെങ്കിലും കഴിച്ചതാണോ…
അവൾ ഇല്ലാന്ന് തലയാട്ടിക്കാട്ടി…
അവൻ അവളെയും കൊണ്ട് ഒരു ഹോട്ടലിലേക്ക് ആണ് ആദ്യം പോയത്. രണ്ടാളും വേഗം അവിടെനിന്നും ഭക്ഷണം കാഴിച്ചിട്ടു വേഗം അവിടെ നിന്നും പോയി..
അച്ചുവിന്റെ വണ്ടി പിന്നെ നിന്നത് ഒരു ഒറ്റനില വീടിന്റെ മുൻപിൽ ആണ്. നിറച്ച് ചെടികളാൽ നിറഞ്ഞ മുറ്റത്തോട് കൂടിയ വീടിന്റെ മുന്നിൽ. ഒറ്റനോട്ടത്തിൽ തന്നെ ഗൗരിക്ക് ആ വീട് ഒരുപാട് ഇഷ്ടമായി. അപ്പോഴാണ് അവരുടെ വണ്ടിയുടെ പിന്നിലായി മറ്റൊരു വണ്ടി വന്നു നിന്നത്. ഗൗരി ഞെട്ടികൊണ്ട് തിരിഞ്ഞുനോക്കി..