രചന – ആയിഷ അക്ബർ
ആ ചില്ല് വാതിലിനു പുറത്തായി നിൽക്കുമ്പോൾ പാർത്തനെ വന്ന് പൊതിയുന്നത് മുഴുവൻ വെപ്രാളമായിരുന്നു…..
വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ നാസിക തുമ്പ് അവൻ ഇടത് കൈയാൽ തുടച്ചപ്പോഴും ഉള്ളിലെ അവന്റെ ആശങ്കകൾ കെട്ടടങ്ങിയിട്ടില്ലായിരുന്നു…
അപ്പോഴേക്കും ജാനകി ടീചറും അങ്ങോട്ടേതെയിരുന്നു….
പുറത്തേക്ക് വന്ന നേഴ്സ് ചോദിച്ചത് പ്രകാരം വെള്ള തുണി ജാനകി എടുത്ത് കൊടുക്കുമ്പോഴും പാർത്ഥൻ ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു…..
ആ കുഞ്ഞി കാലുകൾ കാണാൻ ഇനി അധിക നേരമില്ലെന്ന് തോന്നുമ്പോഴും ശ്വാസോച്വാസം ഉച്ചതിലാവുന്നത് അവനറിഞ്ഞിരുന്നു…..
പാർവതി പ്രസവിച്ചു….. പെൺ കുഞ്ഞാണ്….
വെള്ള നിറത്തിലുള്ള വേഷം ധരിച്ച അവരെ സത്യത്തിൽ മാലാഖ മാരെന്ന് പറയുന്നത് എത്ര ശെരിയാണെന്ന് അവന് ആ നിമിഷം തോന്നിപ്പോയി…..
അത്രമേൽ തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള വാർത്തയായിരുന്നത്….
മീനുവിന്റെ മുഖം പുഞ്ചിരിയാൽ നിറഞ്ഞു….
ജാനകി ടീച്ചറും ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു..
എന്നാൽ പാർത്ഥൻ അപ്പോഴും അതെയിരിപ്പ് തന്നെയായിരുന്നു….
ഇരുകയ്കൾ കൊണ്ടും വായും മൂക്കും മറച്ചു പിടിച്ചിരുന്നു….
മറഞ്ഞു കാണാത്ത കണ്ണിൽ പ്രത്യേകിച്ചൊരു സന്തോഷ ഭാവവും അവർക്ക് കാണാൻ കഴിഞ്ഞില്ല…..
കുഞ്ഞിനെ കുളിപ്പിക്കാൻ എണ്ണയും സോപ്പും വാങ്ങി കഴിഞ്ഞ് കുറച് സമയത്തിന് ശേഷമാണ് കയ്യിലൊരു വെള്ള നിറത്തിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഒരു നേഴ്സ് പുറത്തേക്ക് വന്നത്…..
പാർവതി…..
അവളുടേ പേര് വിളിച്ചപ്പോഴേക്കും മൂന്ന് പേരും പെട്ടെന്നെഴുന്നേറ്റിരുന്നു….
ജാനകി ടീച്ചറിലേക്ക് കുഞ്ഞിനെ നീട്ടിയപ്പോഴാണ് അവർ പാർത്തനിലേക്ക് നോക്കിയത്…..
കുഞ്ഞിനെ വാങ്ങു പാർതാ…..
ജാനകിയത് പറഞ്ഞതും ഏതോ ഓർമയിൽ നിന്നെന്ന പോൽ അവൻ അവരെ നോക്കി….
ശേഷം പതിയെ അവന്റെ കൈകളെ നീട്ടി…
അവൻ കൈകളിലേക്ക് കുഞ്ഞിനെ വാങ്ങുമ്പോൾ അവളുടേ മുഖം കാണാൻ മീനുവും ജാനകിയും തിരക്ക് കൂട്ടിയിരുന്നു….
എന്റെ ഏട്ടനെ പോലെ സുന്ദരി തന്നെയാണല്ലേ ടീച്ചറേ…..
മീനു ചെറു ചിരിയാലത് പറഞ്ഞതും ജാനകി വരുത്തി തീർത്തൊരു പുഞ്ചിരിയുമായി നിന്നു….
പാർത്ഥൻ അവളിലേക്ക് നോക്കി…..
ഇളം റോസ് നിറത്തിലുള്ള കവിളുകൾ ക്ക് ചായത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല…..
കറു കറുത്ത അവളുടെ മുടി എടുത്ത് കാണുന്നുണ്ടായിരുന്നു….
കുഞ്ഞി കണ്ണുകൾ കൂമ്പിയടഞ്ഞിരിക്കുക യായിരുന്നു….
പാർത്ഥന്റെ മുഖത്ത് അപ്പോഴും ഒരു വികാരവുമില്ലാത്തത് കണ്ട് നിൽക്കുന്ന ഇരുവരെയും അല്പം അസ്വസ്ഥരാക്കിയിരുന്നു….
വെളുത്ത അവളുടേ നീളൻ വിരലുകൾ പതിയേ അനങ്ങി…..
പാർത്ഥൻ അവളുടേ നെറ്റി തടത്തിൽ അവന്റെ ചുണ്ട് ചേർത്തു…..
അത് വരെ മനസ്സിൽ അടക്കിപ്പിടിച്ച സന്തോഷം മുഴുവൻ കണ്ണുനീരായി പുറത്ത് വരുമ്പോൾ കണ്ട് നിൽക്കുന്നവരുടെ മിഴികളും നിറഞ്ഞിരുന്നു….
ജാനകി അവന്റെ തോളിൽ പതിയേ കൈ വെച്ചു….
വീണ്ടും നേഴ്സ് വന്ന് അവളെ തിരികെ വാങ്ങി കൊണ്ട് പോകുമ്പോൾ തിരിച് കൊടുക്കാൻ അവന് മനസ്സ് വന്നിരുന്നില്ല……
അവളെ കണ്ട് അവന്റെ കണ്ണുകൾക്ക് മതി വന്നിരുന്നില്ല……
അവളെ വാങ്ങി അവർ അകത്തേക്ക് പോയതും കണ്ണുകൾ അമർത്തി തുടച് കൊണ്ട് അവൻ അവിടെയുള്ള കസേരയിലേക്കിരുന്നു…..
അവന്റെ മുഖത്തെ സന്തോഷം ജാനാകിക്കപ്പോൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….
എന്നാൽ അവയിലൊളിഞ്ഞിരികുന്ന ഒരു ദുഖത്തിന്റെ ആഴിയെ അവർക്ക് മാത്രമായി കാണാൻ കഴിഞ്ഞു ….
കുഞ്ഞിനെ കയ്യിൽ കിട്ടിയതിനു ശേഷം നിനക്ക് പോകാമെന്നു പറഞ്ഞ് നിർത്തിയ അവളെ ജാനാകിയോർത്തു….
അവൾ കുഞ്ഞിനേയും കൊണ്ട് പോകുകയാണെങ്കിൽ പാർത്ഥനത് ഉൾക്കൊള്ളാൻ കഴിയുമോ…..
അത്രയേറെ പാർത്ഥൻ ആ കുഞ്ഞിനെ ഹൃദയത്തിലേറ്റിയിരിക്കുന്നുവെന്ന് അവർക്കുറപ്പായിരുന്നു…..
അവരിൽ ആശങ്കയുടെ നോവുണർന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾക്ക് വേണ്ട ജ്യൂസും ചായയുമെല്ലാം വാങ്ങി വരുമ്പോഴും പാർത്ഥന്റെ കണ്ണുകൾ നന്നായി തിളങ്ങിയിരുന്നു…..
പുറത്തേക്ക് രണ്ട് പേരെയും കിടത്താൻ അവൻ കാത്തു നിന്നു…..
മണിക്കൂറുകളുടെ കാത്തിരിപ്പിനോടുവിൽ അമ്മയെയും കുഞ്ഞിനേയും മുറിയിലേക്ക് മാറ്റുമ്പോൾ കുഞ്ഞിനെ പിടിച്ചിരുന്നത് പാർത്ഥൻ തന്നെയായിരുന്നു…..
പാർവതി അവനെ നോക്കി…..
ആ കണ്ണുകളിലെ വികാരമെന്തെന്ന് അവൾക്കും അളന്നെടുക്കാൻ കഴിഞ്ഞിരുന്നില്ല….
ഒരു കുഞ്ഞിനെ പ്രസവിച്ച സ്ത്രീയോടുള്ള ബഹുമാനമോ അതോ ഒരിക്കലും നടക്കാത്ത അച്ഛനെന്ന ആഗ്രഹം സഫലമാക്കി കൊടുത്തതിന്റെ നന്ദിയോ കടപ്പാടോ…..
അവൾക്കറിയുന്നുണ്ടായിരുന്നില്ല……
എങ്കിലും അവനിൽ നിറഞ്ഞു നിന്നൊരാ പുഞ്ചിരി അവളെ അത്രമേൽ സന്തോഷിപ്പിച്ചിരുന്നു……
അവളുടേ അടുത്തായി കുഞ്ഞിനെ കിടത്താനും അവന് മനസ്സ് വന്നിരുന്നില്ല…
അവളെ കൈകളിൽ പിടിച്ചവനോരെയിരിപ്പായിരുന്നു…….
അപ്പോഴാണ് അവളുടേ കുഞ്ഞി കണ്ണുകൾ പതിയേ തുറന്ന് വന്നത്….
ആദ്യമായുള്ള അവരുടെ കണ്ട് മുട്ടലായിരുന്നത്…..
തന്നെ അത്രമേൽ കാത്തിരുന്ന അവനെ അറിഞ്ഞെന്ന വണ്ണം അവളല്പ നേരമോന്നു നോക്കി…..
അവന്റെ കണ്ണുകളിൽ പ്രകാശം പരന്നു…..
പിന്നീടവൾ ചുണ്ടുകൾ പിളർത്തി കരയാൻ തുടങ്ങിയിരുന്നു…..
പാർത്ഥന്റെ മുഖത്തെ പ്രകാശം ഇരുട്ടിനു വഴിമാറി…..
കരയുന്ന അവളെ കാണാൻ മനസ്സിന് ബലമില്ലെന്നത് അവനറിയുകയായിരുന്നു…
കുഞ്ഞിന് വിശന്നിട്ടാണ് പാർതാ….. നീയവളെയിങ് താ…..
അവന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ട് തന്നെയാണ് ജാനകി അവനോടത് പറഞ്ഞത്…
അവർ പതിയേ കുഞ്ഞിനെ കൈകളിൽ വാങ്ങി……
പാല് കൊടുക്കാൻ വേണ്ടി അവൻ അവിടെ നിന്നും ഒഴിഞ്ഞു കൊടുത്തു…..
അപ്പോഴും മനസ്സിൽ മുഴുവൻ നിറഞ്ഞു നിന്നത് അവളുടേ മുഖം തന്നെയായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവളൊന്ന് മൂത്രമൊഴിക്കാനോ കുളിക്കാനോ വേണ്ടി മാറുമ്പോഴേക്കും കുഞ്ഞിന്റെ അടുത്ത് ചുരുണ്ട് കൂടി കിടക്കുന്നവനെ കാൻകെ അവളിലൊരു ചിരിയൂറിയിരുന്നു……
ആശുപത്രിയിൽ നിന്ന് പോരുമ്പോഴേക്കും. തനിക്കും കുഞ്ഞിനും വേണ്ടതെല്ലാം വാങ്ങിക്കുമ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി അവളെ അമ്പരപ്പിച്ചിരുന്നു….
എല്ലാം ചെയ്ത് തരേണ്ടവൻ…. കുഞ്ഞിനെ ചേർത്ത് പിടിക്കേണ്ടവൻ കൂടെയില്ലെങ്കിലും സ്വന്തമായി കണ്ട് നെഞ്ചിലേറ്റാൻ ഇത് പോലൊരാളെ കിട്ടിയ തന്റെ മകളെത്ര ഭാഗ്യവതിയാണെന്ന് അവളൊരു നിമിഷം ചിന്തിച്ചു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിലേക്കവർ കയറി ചെല്ലുമ്പോൾ ഉമ്മറത്തുണ്ടായിരുന്ന സുഭദ്ര ചാടി തുള്ളി അകത്തേക്കു പ്പോയി…..
മീനു വേഗം അകത്തു പ്പോയി വന്ന് ആരതിയുഴിഞ്ഞാണ് അവരെ അകത്തേക്ക് കയറ്റിയത്……
കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തിയതും അവൻ അവൾക്കരികിലായിരുന്നു…..
അവന്റെ സാമീപ്യം അറിഞ്ഞെന്ന വണ്ണം കുഞ്ഞി കണ്ണുകൾ അവൾ തുറന്നപ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി ഇത് വരെ കണ്ടതിൽ വെച്ചേറ്റവും മനോഹരമായി അവൾക്ക് തോന്നി…..
അവൾ അവനെ തന്നെ നോക്കിയിരുന്നു…..
രക്ത ബന്ധത്തേക്കാളൊക്കെ ഒത്തിരി മുകളിൽ നിൽക്കുന്ന ആത്മ ബന്ധങ്ങളുമുണ്ടെന്ന് അവളറിയുകയായിരുന്നു…
അവൻ കുഞ്ഞിന്റെ കൈകളിൽ പിടിച്ചതും അവൾ വിരലുകൾ അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചതും ഒരുമിച്ചായിരുന്നു…..
അവൻ പെട്ടെന്ന് തലയുയർത്തി പാർവതിയിലേക്ക് നോക്കി…
അവന്റെ മനസ്സറിഞ്ഞെന്ന വണ്ണം അവൾ അവനെ നോക്കി മനോഹരമായായിന്നു പുഞ്ചിരിച്ചു……
അവന്റെ മുഖത്ത് ലോകം കീഴടക്കിയ സന്തോഷമായിരുന്നു….
അവൻ കുഞ്ഞിനെ ചേർത്ത് പിടിച് ചുംബിക്കുമ്പോൾ വാതിൽ പടിയിൽ ചാരി നിന്നിരുന്ന മീനുവിന്റെ മിഴികൾ നിറഞ്ഞിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി പാതിയുറക്കത്തിൽ പാർത്ഥൻ ഞെട്ടിയെഴുന്നേറ്റത് കുഞ്ഞിന്റെ കരച്ചിൽ കേട്ടായിരുന്നു……
അവൻ കതക് തുറക്കുമ്പോൾ പാർവതിയും മീനുവും കുഞ്ഞിനെ മാറി മാറി എടുക്കുന്നുണ്ടെങ്കിലും അവൾ കരച്ചിൽ നിർത്താൻ കൂട്ടാക്കിയിരുന്നില്ല…..
അവളുടേ കരച്ചിൽ തനിക്കത്ര മേൽ അസ്സഹനീയമാണെന്ന് പാർത്ഥൻ അറിയുകയായിരുന്നു…..
അവൻ വേഗം തന്നെ കരയുന്ന കുഞ്ഞിനെ പാർവതിയിൽ നിന്നും വാങ്ങി…..
കയ്യിൽ വെച്ച് കുലുക്കിയിട്ടും തോളിൽ ചേർത്ത് പിടിച്ചിട്ടുമൊന്നും അവൾ കരച്ചിൽ നിർത്താൻ കൂട്ടാക്കിയിരുന്നില്ല…..
പാർത്തന്റെ കണ്ണും നിറഞ്ഞു വന്നു…..
അപ്പോഴാണ് ഷർട്ടിൽ പടർന്ന നനവ് അവനറിഞ്ഞത്….
ഹാ…. ഏട്ടന്റെ ദേഹത്തു ആള് മൂത്രമൊഴിച്ചല്ലോ….
മീനു അത് പറഞ് ചിരിക്കുമ്പോൾ പാർവതിയിൽ പടർന്നതൊരു ബുദ്ധിമുട്ടായിരുന്നു….
കുഞ്ഞിനെ ഞാനെടുക്കാം… ഷർട്ട് മാറ്റിക്കോളൂ…..
അവളത് പറഞ്ഞതും അത് ശ്രദ്ധിക്കാത്ത വണ്ണം കുഞ്ഞിനെയുമെടുത് പാർത്ഥൻ പുറത്തേക്ക് നടന്നു….
കുഞ്ഞിനെ മാറോടു ചേർത്തവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അവന്റെ നെഞ്ചിലെ സ്നേഹമറിഞ്ഞെന്ന വണ്ണം അവളും പതിയേ നിശബ്ദതയായി തുടങ്ങിയിരുന്നു……
അവളുടേ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം പാർവതിക്കരികിലായി അവളെ കിടത്തി മുറിയിൽ നിന്ന് പോരുമ്പോഴും നിഷ്കളങ്കമായുറങ്ങുന്ന അവളിലായിരുന്നു ആ കണ്ണുകൾ പതിഞ്ഞു നിന്നതത്രയും…..
ആരാധനയോ നന്ദിയോ അതോ പ്രണയമോ എന്നറിയാത്ത പാർവതിയുടെ നോട്ടത്തിന് അവൻ മനപ്പൂർവം മിഴികൾ കൊടുത്തിരുന്നില്ല……
അവൻ പുറത്തേക്ക് നടക്കുമ്പോഴും തന്റെ മാറിൽ അവളുടേ ചൂട് തങ്ങി നിൽക്കുന്നതായി അവനു തോന്നിയിരുന്നു….
(തുടരും )

by