രചന – കണ്ണന്റെ മാത്രം
കല്ലുവും രാധികയും അങ്ങനെ ഡിസ്ചാർജ് ആയി ബില്ലും ക്ലിയർ ചെയ്ത് പോയി. ഗൗരി ഓഫീസിലേക്ക് പോകാനും ഇറങ്ങി..
ഓഫീസിൽ എത്തിയ ഗൗരിയെ ദേവ് കാബിനിലേക്ക് വിളിപ്പിച്ചു.
ദേവിന്റെ കാബിനിലേക്ക് ഗൗരി കയറുന്നത് കണ്ട കണ്ണൻ വേഗം തന്നെ കൈയിൽ കിട്ടിയ ഫയലും എടുത്ത് ദേവിന്റെ കാബിനിലേക്ക് പോയി. അവനു അറിയാമായിരുന്നു ദേവ് കല്ലുവിന്റെ അമ്മയുടെ വിവരം അറിയാൻ വേണ്ടിയാണ് ഗൗരിയെ വിളിപ്പിക്കുന്നത്. അതാണ് അവനും വേഗം അങ്ങോട്ട് പോയത്.
ഗൗരീ… എന്തായി കല്ലുവിന്റെ അമ്മക്ക്.. ഡിസ്ചാർജ് ചെയ്തില്ലേ.. അവൾക്ക് ഫിനാൻഷ്യലി എന്തെങ്കിലും ഹെല്പ് വേണോ.. ഇനി എന്നാ അവൾ ഓഫീസിൽ വന്ന് തുടങ്ങുന്നത്… കാബിനിലേക്ക് വന്ന ഗൗരിയോട് ദേവ് ചോദിച്ചു.
ഗൗരി അതിനു മറുപടി പറയാൻ തുടങ്ങുമ്പോ ആണ് കണ്ണൻ കാബിൻ ഡോറും തുറന്ന് വന്നത്.
എന്താ കണ്ണാ.. അവനെ കണ്ടതും ദേവ് ചോദിച്ചു.
അതു ഈ ഫയലിൽ ഒരു കാര്യം നിന്നോട് ഡിസ്‌കസ് ചെയ്യാൻ ഉണ്ടായിരുന്നു കണ്ണൻ പറഞ്ഞു…
ആണോ.. ഗൗരി ഒരു മിനിറ്റേ… ദേവ് പറഞ്ഞു…
ഏയ്.. വേണ്ട നിങ്ങളുടെ പറഞ്ഞു കഴിഞ്ഞിട്ട് മതി… കണ്ണൻ വേഗം പറഞ്ഞു.
ഇതുകേട്ട ദേവ് ഒരു സംശയത്തോടെ കണ്ണനെ നോക്കി കൊണ്ട് ഗൗരിയോട് പറയാൻ പറഞ്ഞു.
അമ്മയെ ഡിസ്ചാർജ് ചെയ്തു. രാധുമ്മ ഉഷാറാണ്. ആൾക്ക് എത്രേം പെട്ടെന്ന് വീട്ടിൽ എത്തിയാമതിയെന്നേ ഉള്ളൂ. പിന്നെ പൈസ കൈയിൽ ഉണ്ടെന്നാണ് കല്ലു പറഞ്ഞത്. ഒരാഴ്ചയും കൂടി കഴിഞ്ഞിട്ട് ഓഫീസിൽ വന്നു തുടങ്ങാം എന്ന അവൾ പറഞ്ഞത്. അവള് ലീവ് ആപ്ലിക്കേഷൻ മെയിൽ ചെയ്യാം എന്ന പറഞ്ഞത്….
ഒരാഴ്ചയോ… ഗൗരി പറഞ്ഞ് മുഴുവനാക്കും മുൻപ് കണ്ണൻ ചോദിച്ചു…
ആ.. അതിനെന്താ.. കണ്ണനെ ഒന്നു കൂർപ്പിച്ച് നോക്കി കൊണ്ടു ദേവ് ചോദിച്ചു..
ഏയ്.. ഒന്നുമില്ല.. അല്ല ഒരാഴ്ച്ചയൊക്കെ ആവുമ്പോൾ ഓഫീസിലെ കാര്യങ്ങൾ ആലോചിച്ചപ്പോൾ പറഞ്ഞതാ.. കണ്ണൻ തപ്പിതടഞ്ഞ് മറുപടി കൊടുത്തു.
കണ്ണന്റെ മറുപടികേട്ട ദേവ് ഒരു സംശയത്തോടെ അവനോട് ചോദിച്ചു… അതിനു അവൾ എന്റെ EA അല്ലേ. എനിക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ..
ഇല്ല… എനിക്ക് കുഴപ്പമൊന്നുമില്ല… എന്നാൽ ഞാൻ പോവാണ്.. കണ്ണൻ പറഞ്ഞു.
അല്ല. അപ്പൊ നിനക്ക് ഫയലിൽ എന്തോ ഡിസ്കസ്സ് ചെയ്യണം എന്നു പറഞ്ഞിട്ട്… ദേവ് ഒരു കുസൃതിചിരിയോടെ ചോദിച്ചു..
അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ കണ്ണന് മനസ്സിലായി അവൻ പെട്ടു എന്ന്…
ഗൗരീ മോള് പോക്കോ.. ഞങ്ങൾ ആ ഫയല് ഒന്നു ഡിസ്കസ്സ് ചെയ്യട്ടെ… കണ്ണനെ നോക്കി ഒരു ആക്കിചിരിയോടെ ദേവ് ഗൗരിയോടായി പറഞ്ഞു.
ശരി ദേവേട്ടാ.. കണ്ണേട്ടാ പോവാണ്… ഇതും പറഞ്ഞ് ഗൗരി പോയി.
എന്താണ് കണ്ണാ ആ ഫയലിൽ ഡിസ്കസ്സ് ചെയ്യാൻ ഉള്ളത്. അതും ചോദിച്ച് ആ ഫയൽ എടുത്ത് നോക്കിയ ദേവിന്റെ മുഖത്തെ ആക്കിചിരി ഒന്ന് കൂടി വലുതായി.
ഈ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞ പ്രൊജക്ടിൽ നിനക്ക് എന്താ മോനെ കണ്ണാ ഡിസ്കസ്സ് ചെയ്യാൻ ഉള്ളത്. ദേവ് ചോദിച്ചു…
ഈ…കണ്ണൻ ഒരു ചമ്മിയ ചിരിയോടെ ദേവിനെ നോക്കി…
അപ്പൊ പറ മോനെ കണ്ണാ എന്ന് തുടങ്ങി അസുഖം… ദേവ് വല്ലാത്ത ഒരു ചിരിയോടെ ചോദിച്ചു.
എന്ത് അസുഖം…ചുമ്മാ ഒരോന്നുo പറയല്ലേ നീ…കണ്ണൻ ചൊടിച്ചു.
നീ ആയിട്ട് പറയുന്നോ അതോ രുദ്രനെ വിളിക്കണോ ഞാൻ….
അയ്യോ വേണ്ട… അവൻ അറിഞ്ഞ എന്നേ നാറ്റിക്കും…. അങ്ങനെ പറയാനും മാത്രം ഒന്നും ആയിട്ടില്ല ഡാ….. ഞാൻ തന്നെ ഉറപ്പിക്കട്ടെ എനിക്ക് കൃഷ്ണയോട് തോന്നുന്ന വികാരം എന്താണെന്ന് എന്നിട്ട് പറയാം…. കണ്ണൻ ഒരു യാചന ഭാവത്തോടെ പറഞ്ഞു.
മ്മ് മ്മ്… അപ്പോഴേക്കും ചെല്ലപേരൊക്കെ ഇട്ടു അല്ലേ… ദേവ് ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു.
എന്ത് ചെല്ലപേര്… ഞാൻ അവളുടെ പേരല്ലേ വിളിച്ചത്.. കൃഷ്ണകല്യാണി എന്നല്ലേ അവളുടെ പേര്… ഞാൻ അദ്യം മുതലേ കൃഷ്ണ എന്നു തന്നെയാ വിളിക്കാറ് നീ ശ്രദ്ധിക്കാത്തതാ… കണ്ണൻ കെറുവോടെ പറഞ്ഞു…
മ്മ് മ്മ്… മനസിലായി… ദേവ് ഒരു കുസൃതി ചിരിയോടെ പറഞ്ഞു….
നീ പോടാ….. ഇതും പറഞ്ഞു കണ്ണൻ തിരികെ അവന്റെ കാബിനിലേക്ക് പോയി…
…………….
ദിവസങ്ങൾ മാറ്റമില്ലാതെ കടന്നുപോയി. അങ്ങനെ ശനിയാഴ്ച ആയി. രണ്ടാംശനി ആയതുകൊണ്ട് ഗൗരിക്ക് ജോലി ഉണ്ടായിരുന്നില്ല. കാലത്തേ തന്നെ പണികൾ ഒക്കെ ഒതുക്കി ഗൗരി PSC എക്സാം ഒരെണ്ണം വരുന്നുണ്ട് അതിനുവേണ്ടി പഠിക്കാൻ ഇരുന്നു. അപ്പോഴാണ് കല്ലുവിന്റെ ഫോൺ വന്നത്. ഗൗരി വേഗം ഫോൺ അറ്റൻഡ് ചെയ്യ്തു.
എന്താ കല്ലുസേ ഈ നേരത്തൊരു വിളി. നിന്റെ കുംഭകർണസേവയുടെ സമയം ആണല്ലോ.. ഇന്നെന്തേനേരത്തെ എഴുന്നേറ്റോ സമയം 12 ആവുന്നല്ലേ ഉള്ളൂ. മുടക്കുദിവസങ്ങളിൽ 1 മണി അല്ലെ മുത്തിന്റെ വൈക്കപ്പ് ടൈം.
ഗൗരി ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു.
നിനക്കും നിന്റെ രാധുമ്മക്കും എന്തിനാ എന്റെ ഉറക്കത്തോട് ഇത്ര ശത്രുത. ആകെ കൂടെ മുടക്കുദിവസം മാത്രം അല്ലെ ഞാൻ ഉറങ്ങുന്നുള്ളു. എന്നിട്ടും എന്നേ 11 മണി ആവുമ്പോഴേക്കും വിളിച്ചെണീപ്പിച്ചു ആ രാധുപെണ്ണ്.
കല്ലു ദേഷ്യത്തോടെ പറഞ്ഞു.
ആടി മുടക്ക് ദിവസം. ഈ ഒരാഴ്ച ആയിട്ട് നീ ഫുൾ ടൈം ഉറക്കം ആയിരുന്നു എന്നാണല്ലോ കരകമ്പി.
ഈ… അതുപിന്നെ രാവിലെ എഴുന്നേറ്റ് പണികൾ ഒക്കെ കഴിഞ്ഞ പിന്നേ ഒന്നും ചെയ്യാൻ ഇല്ലല്ലോ. അപ്പൊ ഞാൻ psc ക്ക് പഠിക്കാൻ ബുക്കും തുറന്നിരിക്കും. എന്താണെന്ന് അറിയില്ല ബുക്കാതുറന്ന അപ്പൊ ഉറക്കം വരും.. അതെന്റെ തെറ്റാണോ.. പറയൂ ശോഭേ പറയൂ…കല്ലു നാടകീയമായി പറഞ്ഞു.
നീ ഇപ്പോ ഈ ചളി അടിക്കാനാണോ എന്നേ വിളിച്ചത്.. ഗൗരി ചിരിയോടെ ചോദിച്ചു.
ഓഹ്.. നീ ആവശ്യമില്ലാത്തത് ചോദിച്ചിട്ട് മാറ്ററിന്നു വിട്ടുപോയി.. എന്റെ മോള് മാമുണ്ടിട്ട് ഇങ്ങോട്ട് വായോ.ഉച്ചക്ക് ശേഷം നമ്മുടെ ലച്ചുവും ദേവൂട്ടിയും വരുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു. നമുക്ക് ഇവിടെ കൂടാം. നിന്റെ വീട്ടിൽ ആയാൽ ശെരിയാവില്ല..
അതെന്താടി എന്റെ വീട്ടിൽ ശരിയാവാത്തെ. ഗൗരി സംശയത്തോടെ ചോദിച്ചു.
വേറെ എന്താ നിന്റെ അമ്മ തന്നെ പ്രശ്നം. അവർക്ക് എന്നേ കണ്ട അപ്പൊ ചൊറിയണം എനിക്കാണെങ്കിൽ ചൊറിഞ്ഞ പിന്നേ മാന്തി വീട്ടില്ലെങ്കിൽ ഉറക്കവും വരില്ല. വെറുതെ എന്തിനാ നീ നിന്റെ അമ്മക്ക് മാന്തുകൊള്ളിക്കുന്നേ. അതുകൊണ്ട് പൊന്നുമോള് ഇങ്ങോട്ട് പോരെ.കല്ലു പറഞ്ഞു..
ഒക്കെ ഡാ ഞാൻ വരാം.. ഗൗരി ഒരു ചിരിയോടെ മറുപടി പറഞ്ഞു.
………….
ദേവർമഠത്തിൽ ഉച്ചഭക്ഷണത്തിന് ഇരിക്കുമ്പോൾ ആണ് ദേവൂട്ടിയും ലച്ചുവും ഇന്ന് കല്ലുവിന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞത്. അച്ചു ഒഴികെ ബാക്കി എല്ലാവരും ഉണ്ടായിരുന്നു അവിടെ.
നിങ്ങൾ പോകുന്നുണ്ടോ?? എന്നാൽ ഞങ്ങളും കൂടി വന്നാലോ.. അന്ന് ഡ്യൂട്ടിയുടെ ഇടയിൽ ആയതുകൊണ്ട് കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. സീത പറഞ്ഞു. എന്ത് നല്ല മക്കൾ ആണ്. നല്ല പെരുമാറ്റവും.
സീതേ ഏതു കുട്ടികളുടെ കാര്യം ആണ് നിങ്ങൾ പറയുന്നത്. മുത്തശ്ശി ചോദിച്ചു…
അതു അമ്മേ നമ്മുടെ ഹെഡ് ഓഫീസിൽ വർക്ക് ചെയ്യുന്ന കുട്ടികൾ ആണ്. അതിൽ ഒരാളുടെ അമ്മയെ നമ്മുടെ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തിരുന്നു. അങ്ങനെ ഞാൻ പരിചയപ്പെട്ടു. പിന്നെ ലച്ചുവും ദേവൂട്ടിയും ദേവിന്റെ കൂടെ ഓഫീസിൽ പോയിട്ടും. എന്താന്ന് അറിയില്ല അമ്മേ കണ്ടപ്പോഴേ ഒരു അടുപ്പവും സ്നേഹവും ഒക്കെ തോന്നുന്നു ആ മക്കളോട്…
ആഹാ.. എങ്കിൽ അവരോട് അടുത്ത ആഴ്ചത്തെ സെലിബ്രേഷന് വരാൻ പറയൂ. അപ്പോൾ എനിക്കും കാണാമല്ലോ അവരെ… മുത്തശ്ശി പറഞ്ഞു.
ആ.. അതു ശരിയാ.. അതിന് അവരെ ക്ഷണിക്കാം.. അപ്പൊ പിന്നെ ഇന്ന് നിങ്ങൾ പോയിട്ട് വാ അല്ലെ… സീത തേജയോടും ശ്രീയോടും ചോദിച്ചു.
അതു മതി ഏട്ടത്തി അവർ പറഞ്ഞു…
ഈ സമയത്താണ് ദേവിന്റെ കാലിൽ എന്തോ തട്ടിയത് നോക്കുമ്പോൾ കണ്ണൻ ആണ്. അവൻ കണ്ണുകൊണ്ടു ഇരുന്നു കഥകളി കാണിക്കുന്നുണ്ട്.. അതുകണ്ടപ്പോ ദേവിന് മനസിലായി അവൻ എന്താ ഉദ്ദേശിച്ചേ എന്ന്..
ദേവ് പറഞ്ഞു അമ്മേ ഞാനും കണ്ണനും കൂടി പോവാം ഇവരെ കൊണ്ടാക്കാൻ അപ്പൊ ഗൗരിയെയും കല്ലുവിനെയും നേരിട്ട് വിളിക്കാം. അവർ ഞങ്ങളുടെ കൂടെ ആണല്ലോ വർക്ക് ചെയ്യുന്നത്. ഇതും പറഞ്ഞു ദേവ് കണ്ണനെ നോക്കി പോരെ എന്നാ രീതിയിൽ.. കണ്ണൻ കണ്ണ് ചിമ്മികാട്ടി..
ഇവരുടെ ഈ കണ്ണുകൊണ്ടുള്ള കഥകളി മുഴുവൻ നമ്മുടെ രുദ്ര കണ്ടിരുന്നു…. അവൻ സംശയത്തോടെഅവരെ നോക്കി..
മ്മ് മ്മ്… എന്തോ ചുറ്റിക്കളി ഉണ്ടല്ലോ..കണ്ടുപിടിക്കണം…. രുദ്രൻ മനസ്സിൽ പറഞ്ഞു..
ദേവ് പറയുന്നത് കേട്ട മുത്തശ്ശൻ പറഞ്ഞു. എങ്കിൽ അതു മതി. നിങ്ങൾ ക്ഷണിക്കുന്നത് തന്നെ ആണ് നല്ലത്…
അല്ല കൊണ്ടൊക്കാൻ നിങ്ങൾ കൊണ്ടാക്കും തിരിച്ചു വരുമ്പോൾ എന്തു ചെയ്യും… ലച്ചു ചോദിച്ചു.
അതു കുഴപ്പം ഇല്ല അച്ചുവിനോട് ഞാൻ വിളിച്ചു പറഞ്ഞോളാം അവൻ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴിക്ക് നിങ്ങളെ പിക്ക് ചെയ്തോളും.. നിങ്ങൾ ആ ലൊക്കേഷൻ അവന്റെ ഫോണിലേക്ക് ഒന്നു അയച്ചിട്ടമതി…ആദി പറഞ്ഞു..
ഒക്കെ അതുമതി. എന്നാൽ നമുക്ക് ഇറങ്ങിയാലോ കണ്ണേട്ടാ.. ദേവൂട്ടി ചോദിച്ചു…
ഒക്കെ.. വായോ.. അങ്ങനെ അവർ നാലുപേരും കല്ലുവിന്റെ വീട്ടിലേക്ക് പോയി.

by