18/04/2026

ഗൗരികല്യാണി : ഭാഗം 27

രചന – കണ്ണന്റെ മാത്രം

കാറിൽ നിന്നും ഇറങ്ങുന്ന ഹരിയെ കണ്ട ഗൗരിയും അച്ചുവിന്റെ കൂടെ ഗൗരിയെ കണ്ട ഹരിയും പകച്ചുകൊണ്ട് അച്ചുവിനെ നോക്കി. ഹരി പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു…

എന്താ പുറത്ത് നിൽക്കുന്നത് രണ്ടാളും ഉള്ളിലേക്ക് വായോ. നിന്റെ മാമി ഇന്ന് സ്കൂളിൽ പോയപോലെ തിരിച്ചുവന്നിട്ടുണ്ടാവും . നീ വരും എന്ന് വിളിച്ചുപറഞ്ഞപ്പോ തന്നെ എന്നോട് പറഞ്ഞത് ഞാൻ ലീവ് ആക്കി ഇറങ്ങാണ് എന്നാണ്.

ഞങ്ങൾ ഇപ്പൊ എത്തിയെ ഉള്ളൂ മാമേ. അടുക്കളയിൽ ആവും മാമി ചിലപ്പോ അല്ലെങ്കിൽ എന്റെ വണ്ടിടെ ശബ്ദം കേട്ടാൽ അപ്പൊ വരുന്നതാണ്… അച്ചു പറഞ്ഞു.

മ്മ്.. അതു ശരിയാ.. എന്തായാലും നിങ്ങൾ ഉള്ളിലേക്ക് വായോ.. ഇതും പറഞ്ഞ് ഹരി മുന്നിൽ നടന്നുപോയി കാളിങ് ബെൽ അടിച്ചു. ഒന്നുരണ്ട് നിമിഷത്തിനുള്ളിൽ വാതിൽ തുറന്ന് സുലു പുറത്തുവന്നു.

ആഹാ.. രണ്ടുപേരും ഒരുമിച്ചാണോ വന്നത് മിക്സി അടിക്കുന്ന ഇടയിൽ ആയിരുന്നു അതുകൊണ്ട് വണ്ടി വന്ന ശബ്ദം കേട്ടില്ല എന്ന് പറഞ്ഞ് കുറച്ച് മുന്നിലേക്ക് വന്നപ്പോൾ ആണ് അച്ചുവിന്റെ മറയിൽ നിൽക്കുന്ന ഗൗരിയെ കാണുന്നത്. അവളെ അവരുടെ കൂടെ കണ്ടപ്പോ അവർ ഒന്ന് ഞെട്ടി..

ഗൗരി മോളോ.. മോളെന്താ ഇവരുടെ കൂടെ.. അവർ അതെ ഞെട്ടലോടെ ചോദിച്ചു.

അത്.. അതുപിന്നെ… അവൾ നിന്ന് വിക്കുന്നത് കണ്ടപ്പോൾ അച്ചു അവളെ തോളിലൂടെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു…

അവൾ എന്റെ കൂടെ വന്നതാണ് മാമി…
അച്ചുവിന്റെ ആ പിടിത്തവും മുഖഭാവവും അവർക്ക് കാണിച്ചുകൊടുത്തു ഗൗരി അവന് ആരാണെന്ന്.. ഹരിയും സുലുവും നിറഞ്ഞ ചിരിയോടെ അവരെ ഉള്ളിലേക്ക് വിളിച്ചു.

അവർ നാലുപേരും സോഫയിൽ പോയി ഇരുന്നു. അച്ചു ഗൗരിയുടെ കൈപിടിച്ചുകൊണ്ട് സുലുവിന്റെയും ഹരിയുടെയും അടുത്തായി താഴെ മുട്ടുകുത്തിയിരുന്നു. എന്നിട്ട് പറഞ്ഞു.

 

ദേ മാമേ.. ഇതാണ് എന്റെ പെണ്ണ്. വേറെ ആരോടും പറഞ്ഞിട്ടില്ല ആരാ ആളെന്ന്. എനിക്ക് എന്റെ മാമിയോട് ആദ്യം പറയണമായിരുന്നു. അവൻ അത് പറഞ്ഞതും നിറഞ്ഞ കണ്ണോടെ സുലു അവന്റെ തലയിൽ തഴുകി. പിന്നെ ദേ ഇവളെ ഞാൻ ഏല്പ്പിച്ചു തരുകയാണ് നിങ്ങൾക്ക് ഒരു മകളായി. അവൾക്ക് അച്ഛനും അമ്മയും കൂടെപ്പിറപ്പും ഉണ്ടെങ്കിലും ഇല്ലാത്തത് പോലെ ആണ്. അപ്പൊ അവളോട് ഞാൻ ഒരു അച്ഛനെയും അമ്മയെയും തരാം എന്നും പറഞ്ഞു കൊണ്ടുവന്നതാ ഇങ്ങോട്ട്. എന്നേ മകനായി ഏറ്റെടുത്തപോലെ ഇവളെ മകളായി കാണണം.

 

അതിനെന്താ നിന്റെ പെണ്ണ് ഞങ്ങൾക്ക് മകൾ തന്നെ അല്ലെ. അവർ നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു.

 

അങ്ങനെ അല്ല മാമി.. കുറച്ചു നാൾ കഴിഞ്ഞാൽ അവൾ എന്നന്നേക്കും ആയി അവളുടെ വീടിന്റെ പടി ഇറങ്ങും. പിന്നെ അവൾ നിങ്ങളുടെ മാത്രം മകൾ ആയിരിക്കും എന്റെ ഭാര്യയും അല്ലെ ദുർഗാ..

അവൾ നിറഞ്ഞ കണ്ണോടെ തലയാട്ടി കാട്ടി..ഹരിയും സുലുവും ഒന്നും മനസിലാവാതെ പരസ്പരം നോക്കി. എന്നിട്ട് അച്ചുവിനോടായി ചോദിച്ചു

നീ എന്തൊക്കെയാ അച്ചു പറയുന്നത്. ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല..

 

പറയാം മാമേ.. ഇതും പറഞ്ഞു അവർ തിരികെ സോഫയിൽ ഇരുന്നുകൊണ്ട് ഗൗരിയുടെ ഇതുവരെ ഉള്ള ജീവിതവും ഇപ്പോഴത്തെ സിറ്റുവേഷനും എല്ലാം പറഞ്ഞു. ഓരോന്നും കേൾക്കുംതോറും സുലു സങ്കടം കൊണ്ട് വിങ്ങിപൊട്ടിയെങ്കിൽ ഹരിക്കുള്ളിൽ ദേഷ്യമാണ് നിറഞ്ഞത് ഗൗരിയുടെ വീട്ടുകാർക്കെതിരെ.. അച്ചു എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതും സുലു ഹരിയെ ഒന്ന് നോക്കി. അയാൾ അവരെ നോക്കി കണ്ണുചിമ്മികാട്ടി.. അവർ വേഗം തലകുനിച്ചിരുന്നു കണ്ണീർ വാർക്കുന്ന ഗൗരിയുടെ അടുത്തുപോയി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

 

കരയല്ലേ മോളേ.. ഇതുപോലത്തെ വീട്ടുകാർക്ക് വേണ്ടി എന്റെ മോള് ഇനി കരയരുത്. എന്റെ മോളാണ് നീ ഇന്ന് മുതൽ. അതുകൊണ്ട് ഉമ്മിടെ മോള് വിഷമിക്കരുത്.

ഹരിയും അവരുടെ അടുത്തേക്ക് എഴുന്നേറ്റ് വന്നു. ഗൗരിമോളെ നീ ഒരു പോലീസ്‌കാരന്റെ മോളാണ്. ഇങ്ങനെ കരയാൻ പാടില്ല. അതുകൊണ്ട് അച്ഛന്റെ മോള് കണ്ണീർ ഒക്കെ തുടച്ചേ… അതുംകൂടി കേട്ടതും അവൾ അവരെ രണ്ടുപേരെയും കൂടി കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞുപോയി. സുലുവിന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി..

കുറച്ചുനേരം കരഞ്ഞതും ഗൗരി ഒന്ന് ശാന്തമായി.. അവൾ അവരെ മുറുകെ കെട്ടിപിടിച്ചു നിന്നു. അവരും അവളെ പൊതിഞ്ഞുപിടിച്ചു നിന്നു. അച്ചു ആ കാഴ്ച്ച നല്ലൊരു ചിരിയോടെ നോക്കി നിന്നു.

 

ദേ വാവേ ഇന്നത്തോടെ നിർത്തണം ഈ കണ്ണീർ പരമ്പര. എന്റെ കുഞ്ഞ് സ്ട്രോങ്ങ്‌ അല്ലെ…. ഇനി ഈ കണ്ണ് നിറയാൻ പാടില്ല. ദേ ചെക്കാ കല്യാണം കഴിഞ്ഞിട്ടായാലും എന്റെ കുഞ്ഞിന്റെ കണ്ണങ്ങാനും നിറഞ്ഞാൽ.. ആ..അച്ചുവിനെ നോക്കി കള്ള ദേഷ്യത്തോടെ അതും പറഞ്ഞ് സുലു തന്റെ  സാരിയുടെ മുന്താണി കൊണ്ട് അവളുടെ കണ്ണും മുഖവും എല്ലാം തുടച്ചുകൊടുത്തു.

 

അതിന് ഈ ഇടിയന് നമ്മുടെ വാവയെ കൊടുക്കണോ എന്ന് നമുക്ക് ഒന്നുംകൂടി ആലോചിക്കാം അല്ലെ സുലു… ഹരി അച്ചുവിനെ നോക്കി ഒരു കളിയാക്കി ചിരിയോടെ സുല്ഫത്തിനോടായി ചോദിച്ചു…

 

അതുശരി ഇപ്പൊ ഞാൻ പുറത്തായോ… നിങ്ങൾ ആള് കൊള്ളാല്ലോ കമ്മീഷണറേ… അച്ചു ഒരു കള്ള പിണക്കത്തോടെ പറഞ്ഞു..

അപ്പൊ സുലു അവന് നേരെ തന്റെ ഒരു കൈവിരിച്ചുകാട്ടി. അവനും കൂടി അവരെ കൂട്ടി കെട്ടിപിടിച്ചു നിന്നു.

അപ്പോഴാണ് ഹരിയുടെ ഫോൺ അടിച്ചത് അതോടെ അവർ പരസ്പരം വിട്ടുമാറി. ഹരി ഫോണും എടുത്ത് പുറത്തേക്ക് മാറി നിന്നു. സുലുവും ഗൗരിയും അടുക്കളയിലേക്കും പോയി. അച്ചു അവിടെ സോഫയിൽ ആയി ഇരുന്ന് മൊബൈൽ നോക്കുന്ന സമയത്താണ് ഹരി വന്ന് അവന്റെ ചെവിക്ക് പിടിക്കുന്നത്.

അയ്യോ.. മാമേ വിട്.. അവൻ അതുംപറഞ്ഞ്  അയാളിൽ നിന്നും കുതറി മാറി. എന്തിനാ മാമേ.. ഇപ്പൊ എന്റെ ചെവി പിടിച്ചത്.. അവൻ അയാൾ പിടിച്ച ചെവി ഉഴിഞ്ഞുകൊണ്ട് ചോദിച്ചു..

 

പിന്നെ നിന്നേ ഞാൻ പൂജിക്കാം.. എന്തൊക്കെയാടാ നീ ആ സ്റ്റേഷനിൽ ഒപ്പിച്ചത്. എന്താ അവിടേക്ക് വിളിച്ചിട്ട് കിട്ടാത്തത്. എല്ലാ ഫോണും ഒരുമിച്ചു കേടായോ..

ഏയ്യ്.. കേടായിട്ടില്ല.. എല്ലാ ഫോണും റിസീവറിൽ നിന്നും എടുത്തു മാറ്റിവെക്കാൻ ഞാൻ പറഞ്ഞു.. അച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞു…

അതേടാ…ആ DIG എന്നേ ഇനി പറയാൻ ഒന്നും ബാക്കിയില്ല ഇപ്പൊ തന്നെ സ്റ്റേഷനിൽ വിളിച്ചിട്ട് ഫോൺ ഒക്കെ മര്യാദക്ക് വെക്കാൻ പറയ്.. അയാൾ പറഞ്ഞു.

ആ ഇനി പറയാം കോർട്ട് സമയം കഴിഞ്ഞല്ലോ. ഞാൻ അവനെ ഇന്ന് തന്നെ കോർട്ടിൽ കൊണ്ടുപോകണം എന്ന് വിചാരിച്ചതാണ്. അപ്പൊ അവൻ സ്റ്റേഷനിൽ കിടന്ന് ഭയങ്കര ഷോ.

കോൺസ്റ്റബിളിന്റെ കോളറിൽ ഒക്കെ കേറി പിടിച്ചു. അപ്പൊ ഞാൻ തീരുമാനിച്ചു ഇന്നൊരു ദിവസം അവൻ അവരുടെ ഔദാര്യത്തിൽ കഴിയട്ടെ എന്ന്… അവൻ മുറുകിയ മുഖത്തോടെ പറഞ്ഞു.

മ്മ്… എന്താ അവസ്ഥ ജാമ്യം കിട്ടോ അവന്. അയാൾ ചോദിച്ചു.

 

എന്തായാലും നാളെ കിട്ടാൻ സാധ്യത ഇല്ല.14 ദിവസത്തേക്ക് റിമാൻഡ് ചെയ്യും ഉറപ്പാണ്. അതുകഴിഞ്ഞാൽ അവൻ ഇറങ്ങും എന്തോരം കാശ് എറിഞ്ഞിട്ടായാലും… പ്രഭാകറിന്റെ മന്ത്രി സ്ഥാനം പോയിക്കിട്ടി. ഇന്ന് തന്നെ രാജി ഉണ്ടാകും എന്ന അറിഞ്ഞത്. പാർട്ടി മെമ്പർഷിപ്പും.. അച്ചു ഒരു പുച്ഛചിരിയോടെ പറഞ്ഞു.

 

അച്ചു നീ ശ്രദ്ധിക്കണം.. ഇവരെയൊന്നും വിലകുറച്ചു കാണരുത്… അയാൾ പറഞ്ഞു.

അറിയാം മാമേ.. ഞാൻ ശ്രദ്ധിച്ചോളാം..

 

അല്ല അച്ചു വാവയുടെ കാര്യത്തിൽ എന്താ ഇനി പരിപാടി.. ഹരി ഒരു അച്ഛന്റെ ആകുലതയോടെ ചോദിച്ചു.

 

അച്ചു അയാളെ തന്നെ നോക്കിയിരുന്നു കുറച്ചുനേരം.. എത്ര പെട്ടന്നാണ് അയാൾ ഒരു അച്ഛനായത് എന്നാണ് അവൻ ചിന്തിച്ചത്..

നീ എന്താ ഈ നോക്കിയിരിക്കുന്നത്. ചോദിച്ചതിന് ഉത്തരം പറയെടാ…

 

അല്ല ഞാൻ കാണുകയായിരുന്നു മാമയുടെ മുഖത്ത് വിരിയുന്ന ഈ പുതിയ ഭാവങ്ങൾ.. അവൻ ഒരു ചെറുചിരിയോടെ  പറഞ്ഞു.

അതുപിന്നെ ഇല്ലാതിരിക്കോ ഞാൻ ഒരു അച്ഛനായത് ഇപ്പോൾ അല്ലെ.. അയാൾ നിറഞ്ഞ ചിരിയോടെ പറഞ്ഞു. നീ  ഞാൻ ചോദിച്ചതിന് ഉത്തരം പറയ്..

അത് ഇവിടെ വച്ച് പറഞ്ഞാൽ ശരിയാവില്ല നമുക്ക് ഓഫീസ് റൂമിലേക്ക് ഇരിക്കാം… അതും പറഞ്ഞ് അച്ചു അവിടെ നിന്നും എഴുന്നേറ്റു…

എന്താടാ എന്താ കാര്യം.. അയാളും സോഫയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു..

പറയാം.. മാമ വായോ… അതും പറഞ്ഞ് അവർ ഓഫീസ് റൂം ലക്ഷ്യമാക്കി പോയി..

……………….

കല്ലുവും രാധികയും ഹോസ്പിറ്റലിൽ ആദിയുടെ കാബിന്റെ മുന്നിൽ അവരുടെ ഊഴവും കാത്ത് ഇരിക്കുന്ന നേരത്താണ് സീത ആ വഴി വന്നത്. അപ്പോഴാണ് അവിടെ ഇരിക്കുന്ന കല്ലുവിനെയും രാധുവിനെയും അവർ കാണുന്നത്. അവർ വേഗം അവരുടെ അടുത്തേക്ക് പോയി..

കല്ലുമോളെ നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നെ.. സീത ചോദിച്ചു.

അപ്പോഴാണ് കല്ലു തന്റെ മുന്നിൽ നിക്കുന്ന സീതയെ കാണുന്നത്. അവൾ വേഗം ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റു. ഇന്ന് അമ്മക്ക് ചെക്കപ്പ് പറഞ്ഞിട്ടുണ്ട്. അതിന് വന്നതാ..

 

അതിനെന്തിനാ ഇങ്ങനെ ഇവിടെ വെയിറ്റ് ചെയ്യുന്നത്. ആ സിസ്റ്ററിനോട് പറഞ്ഞിട്ട് ഉള്ളിൽ കേറായിരുന്നില്ലേ..അവർ കല്ലുവിനോട് ചോദിച്ചു. പിന്നെ രാധികയെ നോക്കി ചോദിച്ചു എങ്ങനെ ഉണ്ട് രാധിക ഇപ്പോൾ ക്ഷീണം ഒക്കെ കുറവുണ്ടോ..

ആ സമാധാനായി വരുന്നുണ്ട്. എന്നാലും ഇവൾക്ക് ടെൻഷൻ ആണ്… അവർ ഒരു ചിരിയോടെ പറഞ്ഞു.

അതിന് അവർ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.. അതുപിന്നെ ടെൻഷൻ ഇല്ലാതെ ഇരിക്കുമോ.. എന്തായാലും നിങ്ങൾ വാ ഇനി പുറത്തിങ്ങനെ ഇരിക്കണ്ട. അതുപറഞ്ഞു അവർ കല്ലുവിനെയും രാധുവിനെയും കൂട്ടി ആദിയുടെ കാബിനു ഉള്ളിലേക്ക് കയറി.

അവരെ കണ്ടതും ആദി പറഞ്ഞു.
ആഹാ.. ആരൊക്കെയാ ഇതു.. ആ സോഫയിലേക്ക് ഇരിക്ക്. ഈ രോഗിയെയും കൂടി വിടട്ടെ.. അതും പറഞ്ഞ് അയാൾ ആ രോഗിക്ക് വേഗം മരുന്ന് എഴുതി കൊടുത്തു. അയാൾ പോയതും സിസ്റ്ററിനോട് പറഞ്ഞിട്ട് ആദി ഇവരുടെ ഒപ്പം സോഫയിൽ വന്നിരുന്നു.

ഇപ്പൊ ഇങ്ങനെ ഉണ്ട് രാധിക. ഉഷാറായില്ലേ..

ഉവ്വ് ഡോക്ടർ… ഇപ്പൊ നല്ല മാറ്റം ഉണ്ട്…

മ്മ്.. എന്നാലും ഒരു 3 മാസം സൂക്ഷിക്കണം കേട്ടോ. എന്തായാലും നമുക്കിന്നു ഒന്ന് ഇസിജി എടുത്തു ചെക്ക് ചെയ്യാം..

മ്മ്.. അതിന് അവർ തലയാട്ടി കാട്ടി..

സീത ആദിയെ ഒന്ന് നോക്കികൊണ്ട്‌ രാധികയോടായി പറഞ്ഞു.. ഞങ്ങൾ രാധികയെ കാണാൻ വരാൻ ഇരിക്കായിരുന്നു. കണ്ണൻ പറഞ്ഞില്ലേ അന്ന് അവന്റെ ഇഷ്ടം.. നമുക്ക് അത് ഒരു പ്രൊപോസൽ ആയി മുന്നോട്ടു കൊണ്ടുപോയാലോ..

അതിനെന്താ എനിക്ക് സമ്മതം ആണ്. മോൻ എന്നോട് സംസാരിച്ചിരുന്നു. രാധിക അതു പറഞ്ഞതും കല്ലു ഞെട്ടികൊണ്ട് അമ്മയെ നോക്കി. കാരണം കണ്ണൻ അവരോട് സംസാരിച്ചത് അവൾക്ക് അറിയില്ലായിരുന്നു. അവൾക്ക് ഒരുപാട് സന്തോഷം തോന്നി.

എന്നാൽ ഞങ്ങൾ എല്ലാരുംകൂടി ഒരു ദിവസം വരണ്ട് വീട്ടിലേക്ക്.. സീത പറഞ്ഞു.

ശരി.. എന്നാണെന്ന് ഒന്ന് പറഞ്ഞാൽ മതി..

…………..