The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കണ്ണന്റെ മാത്രം
ഗൗരി പതുക്കെ പറഞ്ഞു മാനവേട്ടൻ…
ഏഹ്.. ഗൗരിയോ.. നീ എന്താ ഇവിടെ… അപ്പൊ ഓഫീസിലേക്ക് എന്നും പറഞ്ഞ് വന്നിട്ട് കണ്ണീകണ്ട മാള് ചുറ്റൽ ആണല്ലേ നിന്റെ പണി..
അവൻ ഗൗരവത്തോടെ ചോദിച്ചു.
അതിപ്പോ മാനവേട്ടനെ ബോധിപ്പിക്കണ്ട കാര്യം ഇല്ല… അതും പറഞ്ഞ് അവൾ തിരിച്ചു നടന്നു. ഗൗരി മാനവേട്ടൻ എന്ന് പറഞ്ഞപ്പോൾ ആണ് കല്ലുവൊഴികെ ബാക്കി ഉള്ളവർക്ക് അയാളെ മനസിലായത്. നിധിയും ദേവ് പറഞ്ഞ് എല്ലാം അറിഞ്ഞിരുന്നു. അവരും ദേഷ്യത്തിൽ അയാളെ ഒന്ന് നോക്കി ഗൗരിയുടെ പിന്നാലെ പോയി.
മാനവിന് അത് അപമാനം ആയി തോന്നി. അയാൾ നേരെ പോയി നടന്നുപോകുന്ന ഗൗരിയെ തടഞ്ഞുകൊണ്ട് പറഞ്ഞു..
ഗൗരി നീ വാ എന്റെ കൂടെ ഞാൻ വീട്ടിൽ ആക്കി തരാം…
ഞാൻ ഇല്ല.. എനിക്ക് ഒറ്റക്ക് പോകാൻ അറിയാം.. ഗൗരിയും വീറോടെ പറഞ്ഞു.
ഗൗരിയുടെ ആ മറുപടി അവനെ ചൊടിപ്പിച്ചു.
നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചതല്ല. കൂടെവരാൻ പറഞ്ഞതാണ്. അപ്പോൾ കൂടെ വന്ന മതി. അതും പറഞ്ഞ് അയാൾ അവളുടെ കൈയും പിടിച്ച് നടക്കാൻ തുടങ്ങി.
ഗൗരി അവളുടെ കൈ അയാളുടെ കൈപിടിയിൽ നിന്നും വിടുവിപ്പിക്കാൻ നോക്കികൊണ്ട് പറഞ്ഞു..
മര്യാദക്ക് എന്റെ കൈ വിട്ടോ മാനവേട്ടാ..
ഇല്ലെങ്കിൽ നീ എന്തു ചെയ്യും അതും പറഞ്ഞ് അയാൾ അവളുടെ കൈയിലെ പിടുത്തം മുറുക്കി. ഗൗരിക്ക് നല്ല വേദന തോന്നി തുടങ്ങി..
മാനവ് മര്യാദക്ക് ഗൗരിയുടെ കൈവിട് അവൾക്ക് വേദന എടുക്കുന്നുണ്ട്. കല്ലു ഗൗരവത്തോടെ പറഞ്ഞു..
അവൾക്ക് വേദന എടുക്കാൻ വേണ്ടിയിട്ട് തന്നെ ആണ് ഞാൻ ഇങ്ങനെ പിടിച്ചത്. അവൾക്കേ ഒരെല്ല് കൂടിയിട്ടുണ്ട് ഇപ്പൊ അതൊന്നു കുറക്കണം.. അതും പറഞ്ഞു അവൻ അവന്റെ കൈ ഒന്നുകൂടി മുറുക്കി.
ദേവൂട്ടിയും ലച്ചുവും നിധിയും കൂടി അയാളുടെ കൈയിൽ നിന്നും ഗൗരിയെ മോചിപ്പിക്കാൻ ശ്രമിച്ചു.പക്ഷേ മാനവ് അവരുടെ ശ്രമങ്ങളെ തടഞ്ഞുകൊണ്ടിരുന്നു. ഗൗരിയുടെ വായിൽ നിന്നും വേദനയോടെ ഉള്ള കരച്ചിൽ പുറത്ത് വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾക്ക് കൈ പറിഞ്ഞുപോകുന്നത് പോലെ തോന്നി.
അതുകൂടി ആയതും കല്ലുവിന് ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി. എങ്കിലും അവൾ അത് മുഷ്ഠിച്ചുരുട്ടി കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
നീ മര്യാദക്ക് അവളുടെ കൈ വിട്ടോ… കല്ലു ദേഷ്യത്തോടെ പറഞ്ഞു
ഇല്ലെങ്കിൽ.. അയാൾ ഒരു പുച്ഛചിരിയോടെ മറുപടി പറഞ്ഞു തീരലും കല്ലുവിന്റെ കൈ അവന്റെ കരണത്ത് പതിക്കലും ഒരുമിച്ചായിരുന്നു.
ആ അടിയുടെ ശബ്ദത്തിൽ എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു. മാനവിന്റെ കൈ ഗൗരിയുടെ കൈയിൽ നിന്നും അറിയാതെ തന്നെ വേർപ്പെട്ടു. അവൻ കവിളിൽ കൈ വച്ചുകൊണ്ട് കല്ലുവിനെ തുറിച്ചു നോക്കി.
നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവളുടെ കൈയിൽ നിന്നും വിടാൻ… അപ്പൊ അവന് പറ്റിയില്ല. ഇപ്പൊ കിട്ടേണ്ടത് കിട്ടിയല്ലോ.. കല്ലു ഒരു പുച്ഛത്തോടെ പറഞ്ഞു.
എടി.. അവൻ അവൾക്ക് നേരെ ശബ്ദം ഉയർത്താൻ പോയ നേരത്താണ് അതിലെ പോയ രണ്ടുപേർ അവരുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചത്..
എന്തെങ്കിലും പ്രശ്നം ഉണ്ടോ മക്കളെ.. നിങ്ങൾ എന്താ ഇവിടെ ഇങ്ങനെ നിക്കുന്നെ.. വാഷ് ഏരിയയുടെ ഭാഗത്തായി ആണ് അവർ നിന്നിരുന്നത്. അതുകൊണ്ട് തന്നെ അവിടെ നടന്നൊതൊന്നും മറ്റാരും കണ്ടിരുന്നില്ല.
ഒന്നുമില്ല ചേട്ടന്മാരെ.. ഈ ചേട്ടന് ഒരു സംശയം അതു തീർത്തു കൊടുത്തത് ആണ്. ലച്ചു മാനവിനെ ചൂണ്ടികാട്ടി അവരോടായി പറഞ്ഞു.
അതുകേട്ടപ്പോൾ മാനവ് ദേഷ്യം കൊണ്ട് പല്ലുകടിച്ചെങ്കിൽ ബാക്കി ഉള്ളവർ ചിരികടിച്ചുപിടിച്ചുനിന്നു.
ആണോ.. എന്നാൽ ശരി മക്കളെ.. അതും പറഞ്ഞ് അവർ പോയി.
അവർ പോയതും അവനെ കടന്നുപോകാൻ പോയ കല്ലുവിനോടായി മാനവ് പറഞ്ഞു..
എന്നെ കൈ നീട്ടി അടിച്ചതിനുള്ള സമ്മാനം നിനക്ക് ഞാൻ തന്നിരിക്കും ഓർത്തു വച്ചു നീയ്…
ഓഹ് തമ്പ്രാ.. ഞാൻ കാത്തിരിക്കും അവൾ ഒരു പുച്ഛത്തോടെ മറുപടി പറഞ്ഞുകൊണ്ട് അവനെ കടന്നു പോയി. ബാക്കി ഉള്ളവരും അവനെ നോക്കിപേടിപ്പിച്ചുകൊണ്ട് കടന്നുപോയി…
അവർ കടന്ന് പോയതും അവൻ ഒരു നമ്പറിലേക്ക് വിളിച്ചിട്ട് പറഞ്ഞു ഞാൻ ഒരു ഫോട്ടോയും അഡ്രസ്സും അയക്കാം..
അവളെ ഇന്ന് രാത്രി തന്നെ പൊക്കിയിരിക്കണം… അതും പറഞ്ഞ് അവൻ ഫോൺ വച്ചു. എന്നേ തല്ലിയതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട് കൃഷ്ണകല്യാണി…
……………….
അന്ന് രാത്രി ഗൗരിക്ക് ഉറങ്ങാൻ കിടന്നിട്ടും എന്തൊക്കെയോ അസ്വസ്ഥതപോലെ തോന്നി.അവൾക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായില്ല. അവൾ ഫോൺ എടുത്ത് കല്ലുവിനെ വിളിച്ചു.
കല്ലു ഉറക്ക ചടവോടെ ഫോൺ എടുത്തു..
നിനക്ക് ഉറക്കവും ഇല്ലേ പെണ്ണെ…. ബാക്കി ഉള്ളവരുടെ രണ്ട് ഉറക്കം കഴിയണ്ട നേരം കഴിഞ്ഞല്ലോ..
അറിയില്ലെടാ.. എന്തൊക്കെയോ അസ്വസ്ഥത തോന്നുന്നു. നീ ഒക്കെ അല്ലെ. രാധുമ്മക്കും കുഴപ്പം ഒന്നും ഇല്ലല്ലോ.. ഗൗരി ചോദിച്ചു.
ഇവിടെ ഒരു കുഴപ്പവും ഇല്ല പെണ്ണെ.. നീ ടെൻഷൻ ഒന്നും ആവണ്ട.. ഇതും പറഞ്ഞിരിക്കുന്ന നേരത്താണ് പുറത്ത് എന്തൊക്കയോ ശബ്ദം കല്ലു കേൾക്കുന്നത്.
ഒരു മിനിറ്റ് ഗൗരി പുറത്ത് എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. ഞാൻ ഒന്നു നോക്കട്ടെ..
വാതിലൊന്നും തുറക്കേണ്ട.. നീ ജനൽ വഴി നോക്ക്.. ലൈറ്റ് ഒന്നും ഇടേണ്ട ട്ടാ.. ഗൗരി വെപ്രാളത്തോടെ പറഞ്ഞു..
ഇല്ല പെണ്ണെ ഞാൻ ജനൽ വഴി നോക്കുന്നുള്ളു അതു വല്ല പൂച്ചയോ പട്ടിയോ ആയിരിക്കും.. അതും പറഞ്ഞു കല്ലു പതിയെ പോയി ജനൽ തുറന്ന് നോക്കി. അവൾ നോക്കുമ്പോൾ കാണുന്നത് ഗുണ്ടകളെ പോലെ തോന്നിക്കുന്ന നാലഞ്ചു പേരെയാണ്..
അതു കണ്ടതും കല്ലുവിന് ടെൻഷൻ ആയി.. അവൾ പതിഞ്ഞ ശബ്ദത്തിൽ ഗൗരിയോട് പറഞ്ഞു..
ഗൗരി ഇവിടെ പുറത്ത് ഗുണ്ടകളെ പോലെയുള്ള നാലഞ്ചു പേരുണ്ട്. ഇപ്പൊ എന്താ ചെയ്യാടി.. എനിക്ക് ടെൻഷൻ ആകുന്നു.
അതുകേട്ട ഗൗരിക്കും വെപ്രാളവും പേടിയും ആയി. അവളുടെ കൈയും കാലും വിറക്കാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. കുറച്ച് നേരത്തേക്ക് അവൾക്ക് പെട്ടന്ന് എന്താ ചെയ്യേണ്ടേ എന്ന് ബോധ്യം വന്നില്ല. പെട്ടന്നാണ് അവൾക്ക് ഒരു കാര്യം ഓർമ വന്നത്. അവൾ കല്ലുവിനോട് പറഞ്ഞു..
കല്ലു ഞാൻ അച്ചേട്ടനെയും അച്ഛയെയും വിളിച്ചു പറയാം. എന്നിട്ട് ഞാൻ അങ്ങോട്ട് വരാം അച്ഛനെയും വിളിച്ചിട്ട്. അഭിയേട്ടൻ ഇല്ല ഇവിടെ.. ഗൗരി പറഞ്ഞുകൊണ്ട് ഫോൺ വച്ചു.
എന്നിട്ട് നേരെ അച്ചുവിനെ വിളിച്ചു.
അച്ചു ഫോൺ എടുത്തതും അവൾ കരഞ്ഞു കൊണ്ട് കല്ലുവിന്റെ അവിടത്തെ കാര്യം പറഞ്ഞു.
ദുർഗാ.. ആദ്യം നീ കരച്ചിൽ നിർത്ത്. എന്നിട്ട് പറയുന്നത് കേൾക്ക്. കല്ലുവിന് ഒന്നും വരില്ല.. നീ സമാധാനപ്പെട്.. അതും പറഞ്ഞ് അച്ചു ഫോൺ വച്ചിട്ട് ആ ഭാഗത്തെ ലോക്കൽ സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. കല്ലുവിന്റെ വീടിന്റെ ലൊക്കേഷൻ അയച്ചും കൊടുത്തു.
എന്നിട്ട് അവൻ വേഗം തന്നെ ഒരു ഷർട്ട് എടുത്തിട്ട് കണ്ണന്റെ റൂമിലേക്ക് ഓടി..
കണ്ണാ.. ഉറക്കത്തിൽ ആയിരുന്ന കണ്ണൻ അച്ചുവിന്റെ ഉറക്കെ ഉള്ള വിളിയിൽ ഞെട്ടി എഴുന്നേറ്റു.
എന്താ അച്ചു.. എന്താ കാര്യം.. കണ്ണൻ അച്ചുവിന്റെ മുഖത്തെ ടെൻഷനും വെപ്രാളവും കണ്ടിട്ട് അവനോട് ചോദിച്ചു.
അച്ചു ഗൗരി വിളിച്ചതും കല്ലുവിന്റെ വീട്ടിലെ അവസ്ഥയും അവനോട് പറഞ്ഞു. അതുകേട്ടതും അവന് പേടിയാകാൻ തുടങ്ങി..
അച്ചു.. എന്റെ പെണ്ണ്.. കണ്ണൻ ടെൻഷനോടെ പറഞ്ഞു.
ഒന്നും വരില്ല.. നീ വേഗം വായോ നമുക്ക് അങ്ങോട്ട് പോകാം. അവർ രണ്ടാളും പെട്ടന്ന് തന്നെ കാറിൽ കയറി കല്ലുവിന്റെ വീട് ലക്ഷ്യമാക്കി ഓടിച്ചു.
ആ സമയത്താണ് അച്ചുവിന്റെ ഫോൺ അടിച്ചത്. നോക്കുമ്പോൾ ഹരിയാണ്..
അച്ചു.. എന്നേ വാവ വിളിച്ചിരുന്നു. എന്തായി കാര്യങ്ങൾ.. അച്ചു ഫോൺ എടുത്തതും അയാൾ ചോദിച്ചു.
ഞാൻ അവിടത്തെ ലോക്കൽ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്.. അവർ 10 മിനുട്ടിൽ അവിടെ എത്തും. ഞങ്ങളും അങ്ങോട്ട് പോയികൊണ്ടിരിക്കുകയാണ്.
മ്മ്.. ഞാനും ഇവിടെ നിന്നും ഇറങ്ങാണ്… അതും പറഞ്ഞ് അയാൾ ഫോൺ വച്ചു..
…………..
കല്ലുവിന്റെ വീട്ടിൽ അപ്പോഴേക്കും അവർ അടുക്കള വാതിൽ പൊളിച്ച് ഉള്ളിലേക്ക് കയറിയിരുന്നു.
അപ്പോഴേക്കും രാധുവും എഴുന്നേറ്റിരുന്നു. കല്ലുവും രാധുവും കൂടി രാധുവിന്റെ റൂമിൽ ഇരിക്കുകയാണ്. രാധികയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..
അമ്മ..ടെൻഷൻ ആവല്ലേ.. ഗൗരി എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും. നമുക്ക് ഒന്നും വരില്ല.. ഉള്ളിൽ പേടിയുണ്ടെങ്കിലും രാധികയെ സമാധാനിപ്പിക്കാനായി കല്ലു പറഞ്ഞുകൊണ്ടിരുന്നു.
………….
അച്ചുവിനെയും ഹരിയെയും വിളിച്ചതിനു ശേഷം ഗൗരി പോയി അവളുടെ അച്ഛന്റേം അമ്മേടേം റൂമിന്റെ ഡോറിൽ മുട്ടിക്കൊണ്ടിരുന്നു. കുറച്ചു നേരത്തിനു ശേഷം ബാലൻ വന്ന് വാതിൽ തുറന്നു.
എന്താ മോളേ… എന്തുപറ്റി.. എന്തിനാ നീ കരയുന്നത്… അയാൾ ചോദിച്ചു..
ഗൗരി കരഞ്ഞുകൊണ്ട് തന്നെ കല്ലുവിന്റെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു. അയാളോട് ഒന്നു കൂടെ വരാനും പറഞ്ഞു..
അതുകേട്ടുകൊണ്ടാണ് ഷീജ എഴുന്നേറ്റത്..
അവളുടെ അഹങ്കാരത്തിനു ആരെങ്കിലും പണി വച്ചതാവും. ഇനി നിങ്ങൾ പോയി അതിന്റെ പങ്ക് പറ്റാത്തതിന്റെ കുറവേ ഉള്ളൂ. മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക് നിങ്ങൾ. അതും പറഞ്ഞ് അവർ തിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി…
പ്ലീസ് അച്ഛാ.. ഒന്നു കൂടെ വായോ ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് പോകും.
അവൾ പറഞ്ഞു.
വേണ്ട.. വേണ്ട ഞാൻ വരാം. അതും പറഞ്ഞ് അയാൾ ഒരു ഷർട്ട് എടുത്തിട്ട് ഗൗരിയുടെ കൂടെ ഇറങ്ങി..
അവർ കല്ലുവിന്റെ വീട് എത്തുമ്പോഴേക്കും കേൾക്കുന്നത് എന്തൊക്കെയോ തല്ലി പൊളിക്കുന്നത് പോലെ ഉള്ള ശബ്ദം ആണ്. അവർ വേഗം അങ്ങോട്ട് ഓടി.. അങ്ങോട്ട് എത്തിയപ്പോൾ അവർ കാണുന്നത് രാധുമ്മയുടെ മുറി തല്ലി പൊളിക്കാൻ നോക്കുന്ന രണ്ടുപേരെയാണ്.
ഡാ.. ആരാടാ നീയൊക്കെ ബാലൻ ദേഷ്യത്തോടെ അവരോടു ചോദിച്ചുകൊണ്ട് അടുക്കള വാതിൽ വഴി ഉള്ളിലേക്ക് കയറി. അവരിൽ ഒരുവൻ ബാലന് നേരെ തിരിയാൻ നിന്ന നേരത്താണ് പോലീസ് വണ്ടിയുടെ ശബ്ദം അവർ കേൾക്കുന്നത് അതോടെ അവർ ബാലനെ തള്ളിയിട്ടുകൊണ്ട് പുറത്തേക്ക് ഓടി. അവരുടെ വണ്ടിയിൽ കയറി പോയി..
പോലീസ് വരുമ്പോൾ കാണുന്നത് സ്പീഡിൽ പോകുന്ന ആ വണ്ടിയാണ്. അപ്പൊ ജീപ്പിൽ നിന്നും രണ്ടാൾ അവിടെ ഇറങ്ങി. ബാക്കി ഉള്ളവർ ആ വണ്ടിയുടെ പിന്നാലെ വിട്ടു.