രചന : റിസ്വാന.എൻ
“ഈശ്വരാ ഗിരിക്ക് ഒന്നും സംഭവിക്കല്ലെ.., ഗിരിയേ കാത്തോളണേ ദൈവമേ..” അവൾ മനമുരുകി പ്രാർത്ഥിച്ചു..”കുട്ടീ.. നിന്റെ കൂട്ടുകാരിയുടെ വേളി കഴിഞ്ഞതാണൊ?””ഇല്ല””ഇപ്പോഴത്തെ പിള്ളേരല്ലെ അത് കൊണ്ട് ചോദിക്കാണ്, അവരുടെ മതത്തിലേയൊ വേറെ മതത്തിലേയോ ആളുമായി, വല്ല പ്രണയമോ മറ്റോ ഉണ്ടോ..?””അത്.. ഞാൻ ചോദിച്ചിരുന്നു, പക്ഷേ ഇല്ലാന്നാ പറഞ്ഞേ””അപ്പൊ അവൻ വന്നിട്ടില്ലാ, വരും തീർച്ചയായിട്ടും വരും, സമയം ആയി തുടങ്ങിയിരിക്കുന്നു..””നിക്കൊന്നും മനസ്സിലായില്ല.. ഒന്നു തെളിച്ച് പറഞ്ഞ് തരാമോ”
“അത് തമ്പുരാട്ടീ.. ഞാനിപ്പൊ എങ്ങനെ പറഞ്ഞാലും നിങ്ങൾക്കത് മനസ്സിലാകില്ല.. അതിന് ആദ്യം നിങ്ങൾക്ക്, നിങ്ങളുടെ കാരണവന്മാരുടെ കാലത്ത് നടന്ന ആ സംഭവം അറിയണം..””അതിനി എങ്ങനെ അറിയാൻ പറ്റാ..?””എനിക്കറിയാവുന്നത് ഞാൻ പറഞ്ഞ് തരാം.. എന്റെ മുത്തശ്ശൻ പറഞ്ഞ് കേട്ടതാണ്.അല്ല നിങ്ങളിപ്പോൾ ശ്രീപുരത്ത്, കോവിലകത്തും കുടുംബക്ഷേത്രത്തിലൊക്കെ പോകാറുണ്ടോ? പൂജകൾ എന്തെങ്കിലും ചെയ്യാറുണ്ടൊ അവിടെ””ഇല്ല്യാ.. ഇപ്പൊ കുറേ ആയി അങ്ങട് പോയിട്ട്, ഇവളുടെ മുത്തശ്ശനും ഞാനും കൂടി ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ കാലത്ത് പോയത, പിന്നെ അങ്ങട് പോയിട്ടില്ല.. അന്നേ അവിടം ഒക്കെ കാട് പിടിച്ച് കിടന്നിരുന്നു, പിന്നെ ബാക്കിയുള്ളവരൊക്കെ പോകാറുണ്ടോ അറിയില്ല, ഞങ്ങൾ പോയ അന്ന് അവിടം ശരിയാക്കി രണ്ട് മാസം താമസിച്ച്, ദുർഘാകോവിലിലും മറ്റും പൂജയൊക്കെ ചെയ്താണ് മടങ്ങിയത്”
“ഉം.. ഇപ്പൊ ആർക്കും നേരം കാണില്ല, പറയുമ്പോൾ കുറേ ആൾക്കാരുണ്ട്, എന്റെ ഓർമ ശരിയാണെങ്കിൽ രാജ ശേഖരവർമയുടെ മരണശേഷം ആണ് എല്ലാവരും അവിടന്ന് മാറി താമസിക്കാൻ തുടങ്ങിയത്, അത് വരെ ആ കോവിലകത്തിന്റെ അവകാശികളും അനന്തരാവകാശികളും ബന്ധുക്കളും എല്ലാം അവിടെ തന്നെ ആയിരുന്നു. ഇപ്പൊ അതിന്റെ അവകാശികളെല്ലാം പല വഴിക്കായി, ആരും നോക്കി നടത്താനില്ലാതെ കോവിലകവും മറ്റും ക്ഷയിച്ച് തുടങ്ങിയിട്ടുണ്ടാകും”
****************
കോവിലകവും മറ്റും രാജശേഖര വർമയുടെ മുത്തശ്ശൻ മോഹനപ്രദാപ വർമയുടെ മേൽ നോട്ടത്തിലായിരുന്ന കാലം..ഏഴ് മക്കളിൽ നാല് ആൺ മക്കളും മൂന്ന് പെൺ മക്കളും, അതിൽ നാലാമത്തെ കുട്ടിയും, രണ്ടാമത്തെ മകളുമായിരുന്നു അവൾ..മോഹനപ്രദാപ വർമയുടെ മക്കളായ ഗുണശേഖര വർമ, മയൂഖ വർമ, മഹേഷ് വർമയുടെയും അനിയത്തിയും, ആനന്ദ് വർമ, അരുന്ധതി വർമ, നിഖിൽ ചന്ദ്ര വർമയുടെയും ചേച്ചിയും ആയി പിറന്നവൾ,കാണാൻ അതീവ സുന്ദരി, മാൻപേട പോലുള്ള വിടർന്ന മിഴികൾ, നവരത്നങ്ങൾ കൊണ്ടുണ്ടാക്കിയ പല വലിപ്പത്തിലും,ആകൃതിയിലും ഉള്ള മൂക്കുത്തികൾ അണിയുന്ന നീണ്ട മൂക്ക്, ചുവന്ന അധരങ്ങൾ, തുടുത്ത കവിളുകൾ, മുട്ടോളമെത്തുന്ന കേശദാര, ആര് കണ്ടാലും വീണ്ടും വീണ്ടും നോക്കി പോകുന്ന കുലീന സൗന്ദര്യത്തിനുടമ.സൗന്ദര്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത് ചേർന്നവൾ, ശരീര സൗന്ദര്യം പോലെ മനസ്സിലും അലിവും കരുണയും ഉള്ളവൾ, മിതമായി സംസാരിക്കുന്നവളെങ്കിലും അറിവിന്റെ നിറകുടം,
അവൾ “അഗ്നിമിത്ര”.ദാസിമാരോടും പണിക്കാരോടും അനുകമ്പയോടെ പെരുമാറുന്നതിനാൽ തന്നെ, അവൾ എല്ലാവരിലൂടെയും അറിയപ്പെട്ടിരുന്നു.ജ്ഞാനികളായ ഗുരുക്കന്മാരെയും സ്വാമിമാരെയും പല മത വിശ്വാസികളായ പണ്ഡിതന്മാരെയും അവൾ തന്റെ ജ്ഞാന സിദ്ധിയിലൂടെ, മാസം തോറും ‘വിജ്ഞാന സദസ്സ്’ എന്ന പേരിൽ നടത്തുന്ന മത്സരങ്ങളിലൂടെ അടിയറവ് പറയിപ്പിച്ചിട്ടുണ്ട്.മൂന്ന് ദിവങ്ങളിലായിട്ടായിരിക്കും മത്സരം നടത്തുക. മൂന്ന് ദിവങ്ങളിലെയും രണ്ട് പേരുടെയും ഉത്തരങ്ങൾ കൂട്ടി വിജയിയെ കണ്ടെത്തും.
അമ്മ ഭഗീരതി വർമയുടെ അനുഗ്രഹവും നെറ്റിയിൽ മുത്തവും വാങ്ങി മത്സരത്തിന് പോകലാണ് പതിവ്, അതിനെ പറ്റി ചോദിച്ചാൽ ‘അമ്മയാണ് തന്റെ രാശി’ എന്നാകും മറുപടി. അവസാന ദിവസം മത്സരത്തിന് ശേഷം വിജയിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ്, തന്റെ ക്ഷണം സ്വീകരിച്ച് മത്സരത്തിനെത്തിയ അതിഥിക്ക്, നൃത്ത സംഗീത വിരുന്ന് നൽകി ആദരിക്കും.മംഗല്യ ആലോചനകൾ അരങ്ങേറുന്ന ഘട്ടത്തിൽ, വിജ്ഞാന മത്സരങ്ങൾ തുടർന്ന് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ, തുടർച്ചയായ നീണ്ട ഒരു മാസത്തേക്ക് വിജ്ഞാന സദസ്സ് ഒരുക്കി, തന്റെ മത്സരങ്ങളെ തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചു.
‘അതിൽ വിജയിക്കുന്ന ആൾക്ക്, തന്നെ കൊണ്ട് സാധിക്കുന്ന, അവർ ചോദിക്കുന്നതെന്തും സമ്മാനമായി നൽകും’അഗ്നിമിത്രയുടെ ഈ പ്രഖ്യാപനം, നാട്ടിൽ പെരുമ്പറ കൊട്ടി വിളബരം അറിയിച്ചു, കോവിലകവും നാട്ടുകാരും ഒരുപോലെ ഉത്സവമാക്കി ആഘോഷിച്ചു.മത്സരം തുടങ്ങി, നാനാ ദിക്കിൽ നിന്നും ആളുകൾ വന്നു. പല ദേശങ്ങളിൽ നിന്നും, കച്ചവടക്കാരും സാധാരണക്കാരും പണ്ഡിതരും എല്ലാവരും, ഒന്ന് പരീക്ഷിച്ച് നോക്കാൻ വന്നു. കേരളത്തിന്റെ മദ്ധ്യപ്രദേശമായ മലബാർ ഭാഗത്ത് നിന്നും കച്ചവടാവിശ്യാർത്ഥം ആ പ്രദേശത്തെത്തിയ, കച്ചവടക്കാരിൽ യുവാവായ ഒരാൾ എന്നും ഈ മത്സരവേദിയിൽ നിറ സാന്നിദ്യമായിരുന്നു.
അയാൾ അവിടെ കാര്യമായി വന്നിരുന്നത് അഗ്നിമിത്രയെ കാണുവാൻ ആയിരുന്നു. ഒരു ദിവസം മത്സരത്തിനിടക്കുള്ള വിശ്രമവേളയിൽ, കോവിലകത്തെ ചുമർ ചിത്രങ്ങളും മറ്റും ആസ്വദിച്ച്, കാഴ്ചകളും കണ്ട് നടക്കുന്ന സമയത്ത്, അഗ്നിമിത്രയെ അവന്റെ കണ്ണുകളിലുടക്കി.മത്സരാന്തരീക്ഷം ആയതിനാൽ കോവിലകം നിറയെ ആളുകളും ബഹളവും ആയിരുന്നു, അതിനിടയിൽ അവൻ അവളെ പിന്തുടരുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.അവൾ ചെന്ന് നിന്നത് വിശാലമായ ഒരു മട്ടുപ്പാവിലാണ്. അവിടെ നിറയെ ചായകൂട്ടുകളും നിറങ്ങൾ പകർത്താൻ വലുതും ചെറുതുമായ പലതരത്തിലുള്ള തൂവലുകൾ, പൂർത്തിയാക്കിയതും പൂർത്തിയാക്കാത്തതുമായ നിരവധി ചിത്രങ്ങൾ..
അതിനകത്ത് കയറിയ ഉടനെ അവൾ ദാസിമാരോട് പുറത്ത് പോകാൻ പറഞ്ഞു. അവര് കാണാതെ ഒരു തൂണിനു പിറകിൽ അവൻ മറഞ്ഞ് നിന്നു. അവർ പോയതിന് ശേഷം അവൻ മറഞ്ഞ് നിന്ന്, അവൾ എന്താണ് ചെയ്യുന്നത് എന്ന് നോക്കി.സാമാന്യം വലിപ്പമുള്ള ഒരു ബോർഡിൽ നിന്നും, ഒരു വലിയ തുണി വലിച്ച് മാറ്റി. പൂർത്തീകരിക്കാത്ത ഏതോ ചിത്രം, വരക്കാൻ തുടങ്ങുകയാണ്. ആ ചിത്രത്തിൽ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്, വ്യക്തമായി കേൾക്കുന്നില്ല, അവൻ അവളുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി നിന്നു.
തുടരും

by