18/04/2026

ഗൗരി കല്യാണി : ഭാഗം 35

രചന – കണ്ണന്റെ മാത്രം

രാത്രി കിടക്കാൻ നേരം സീത ഹാളിലായി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കല്ലുവിന് അടുത്തായി വന്നിരുന്നു.

കല്ലൂ..എനിക്കറിയാം മോൾക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല ഈ രണ്ടുദിവസം കൊണ്ട് നടന്നതൊന്നും. പക്ഷേ സഹിക്കാതെ വേറെ വഴിയില്ലല്ലോ. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്ന കാര്യങ്ങൾ അല്ലല്ലോ മരണവും ജനനവും ഒന്നും. അതുകൊണ്ട് എന്റെ മോള് വിഷമിക്കരുത്. രാധിക നീ ഇനി ഒറ്റക്കല്ലല്ലോ എന്ന സമാധാനത്തോടെ ആവും അങ്ങേലോകത്തേക്ക് പോയത്. മോളിങ്ങനെ വിഷമിച്ചിരുന്നാൽ രാധികയുടെ അൽത്മാവിനടക്കം ആർക്കും അത് സഹിക്കാൻ കഴിയില്ല. ഇന്ന് ഗൗരിമോള് പറഞ്ഞതുപോലെ മോൾക്ക് എല്ലാവരും ഉണ്ട്.. ഈ കുടുംബം മുഴുവൻ മോൾടെ സ്വന്തമാണ് ഇനിമുതൽ അതുപോലെ കണ്ണനും. അതുകൊണ്ട് എന്റെ കുട്ടി പതുക്കെ ആയാലും എല്ലാം ഉൾകൊള്ളാൻ പഠിക്കണം.

കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. സീത അവളുടെ കണ്ണുനീർ അവരുടെ സാരിതലപ്പു വച്ചു തുടച്ചുകൊടുത്തുകൊണ്ട് കല്ലുവിനെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു..

കരയണ്ട എന്ന് അമ്മ പറയില്ല. മോള് കരഞ്ഞോ ഉള്ള് തുറന്നു കരഞ്ഞോ പക്ഷേ ഇന്ന് കഴിഞ്ഞാൽ പിന്നെ മോൾടെ കണ്ണ് നിറയരുത് എന്നാണ് എന്റെ മാത്രം അല്ല ഇവിടെ ഉള്ള ഓരോരുത്തരുടെയും ആഗ്രഹം.

അതുംകൂടി കേട്ടതും കല്ലു സീതയെ കെട്ടിപിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു. സീത അവളുടെ പുറത്ത് തഴുകി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കുറേനേരം കരഞ്ഞതും അവൾക്ക് ആശ്വാസം തോന്നി. അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി എന്ന് കണ്ടതും അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തിമാറ്റികൊണ്ട്
സീത പറഞ്ഞു.. ഇനി മോള് ചെല്ല് പോയി ഒന്നു ഫ്രഷായി ഉറങ്ങാൻ നോക്ക്…
ലച്ചു ഏട്ടത്തിയെ റൂമിലേക്ക് ആക്കിയേക്ക് പിന്നെ നിന്റെ ഒരു ജോഡി ഡ്രെസ്സും എടുത്തു കൊടുക്ക്. മോൾക്കുള്ളതൊക്കെ നമുക്ക് നാളെ വാങ്ങാം.. ലച്ചു അതിന് തലയാട്ടി കൊണ്ട് കല്ലുവിന് അടുത്തേക്ക് വന്നു.

ചെല്ല് മോളെ.. പോയി ഒന്നു ഉറങ്ങാൻ നോക്ക്. ഇന്നലെ മുതൽ ഉറങ്ങാത്തതല്ലേ.. സീത പറഞ്ഞു

ശരിയമ്മേ.. അതും പറഞ്ഞു കല്ലു ലച്ചുവിന്റെ കൂടെ കണ്ണന്റെ റൂമിലേക്ക് പോയി.

ലച്ചു അവൾക്ക് ഒരു ജോഡി ഡ്രെസ്സും കൊടുത്ത് ഫ്രഷ് ആകാൻ കയറ്റിയിട്ടാണ് തിരികെ പോയത്.

കല്ലു ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണൻ അവിടെ ഉണ്ടായിരുന്നു. അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് കട്ടിലിലേക്ക് കിടന്നു. അങ്ങനെ കിടക്കുമ്പോൾ അവന്റെ നെഞ്ച് നനയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു വാക്ക് കൊണ്ടുപോലും അവൻ അവളെ ശല്യം ചെയ്തില്ല പകരം അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു . അവൾ അവളുടെ മനസ്സ് ശാന്തമാകുന്നത് വരെ കരഞ്ഞു തീർക്കട്ടെ അവൻ മനസ്സിൽ ചിന്തിച്ചു. കുറെ നേരം കഴിഞ്ഞതും അവളുടെ കരച്ചിൽ ഒതുങ്ങുന്നതും അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും അവൻ അറിഞ്ഞു. അവനും പതുക്കെ നിദ്ര പ്രാപിച്ചു. അപ്പോഴും അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചിരുന്നു ഒരിക്കലും ഒറ്റക്കാക്കില്ല എന്ന പോലെ.

………………….

 

ദിവസങ്ങൾ പിന്നെയും കടന്നു പോയി. കല്ലു സാഹചര്യം ഉൾക്കൊള്ളാൻ പഠിച്ചു. ആദ്യത്തെ അത്ര ആക്റ്റീവ് ആയില്ലെങ്കിലും ദേവൂട്ടിയും ലച്ചുവും കൂടി അവളെ കുറെയൊക്കെ മാറ്റിയെടുത്തിരുന്നു. ഇടക്ക് ഗൗരിയും നിധിയും കൂടി വരും ഇവരുടെ കൂടെ കൂടാൻ. അങ്ങനെ എല്ലാവരും കൂടി ദേവർമഠത്തിൽ കൂടിയിട്ടുണ്ട് ഇന്ന്. എല്ലാവരും കൂടി ലച്ചുവിന്റെ റൂമിൽ ഇരുന്നു കഥ പറഞ്ഞിരിക്കുമ്പോൾ ആണ് ഭക്ഷണത്തിനു താഴേക്ക് വിളിക്കുന്നത്. അന്ന് എന്നത്തേതിലും സജീവമായിരുന്നു ദേവർമഠത്തിലെ ഊണ് മേശ. അച്ചു ഒഴികെ ബാക്കി എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഭക്ഷണശേഷം എല്ലാവരും കൂടി ഹാളിൽ ഇരിക്കുന്ന നേരത്താണ് മുത്തശ്ശി ഒരാഗ്രഹം പറയുന്നത്.

കല്ലു മോളുടെം ഗൗരി മോളുടെം ഡാൻസ് ഇതുവരെ നേരിട്ട് കാണാൻ പറ്റിയില്ല. നിങ്ങൾ രണ്ടാളും കൂടി ഒന്ന് കളിച്ചേ…

അതുപിന്നെ മുത്തശ്ശി ഇപ്പൊ…
കല്ലു എന്തോ പറയാൻ തുങ്ങിയപ്പോഴേക്കും ദേവൂട്ടി പറഞ്ഞു…

ഇനി ഒന്നും പറയണ്ട ഞങ്ങൾക്ക് ഇപ്പൊ കാണണം…

അതുകേട്ടപ്പോ കല്ലുവും ഗൗരിയും പരസ്പരം ഒന്ന് നോക്കി.  കല്ലു കണ്ണനെ നോക്കിയപ്പോ അവനും കണ്ണ് ചിമ്മിക്കാട്ടി..

അതോടെ രണ്ടാളും എഴുന്നേറ്റു. ദേവൂട്ടി വേഗം സ്പീക്കർ കണക്ട് ചെയ്ത് അവരോട് ചോദിച്ചു പാട്ടും സെലക്ട്‌ ചെയ്ത് വച്ചു.

അവർ റെഡി ആയി വന്നതും പാട്ടു പ്ലേ ആയി…

മാർഗ്ഗഴി തിങ്കൾ അല്ലവാ….
മതി കൊഞ്ചും നാളല്ല വാ….
ഇതു കണ്ണൻ വരും…
പൊഴുതല്ല വാ……….
……….

പാട്ടവസാനിച്ചതും അവർ പരസ്പരം കെട്ടിപ്പിടിച്ചു. രണ്ടുപേരുടെ ഉള്ളിലും ഒരുപോലെ അവരുടെ ഡാൻസ് കണ്ട് കമന്റും പറഞ്ഞുവരുന്ന രാധുമ്മ ആയിരുന്നു. കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഗൗരിയും തന്റെ നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് ഗൗരിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

അപ്പോഴേക്കും മുത്തശ്ശി വന്നു അവരെ ചേർത്തുപിടിച്ചു. കരയല്ലേ മക്കളെ. നിങ്ങൾക്ക് രാധികയെ ഓർമവന്നു എന്ന് നിങ്ങളുടെ നിറഞ്ഞ കണ്ണുകൾ കാട്ടി തരുന്നുണ്ട്. വിഷമിക്കാതിരിക്ക്.

പിന്നെ എല്ലാവരും അവരെ അഭിനന്ദങ്ങൾ കൊണ്ട് മൂടി അത്രേം നന്നായിരുന്നു അവരുടെ നൃത്തം. എല്ലാവരും അവരെ ചുറ്റും നിന്നും മാറിയപ്പോൾ ആണ് അവിടെ ഒരു തൂണിൽ ചാരി ചെറുചിരിയോടെ നിക്കുന്ന അച്ചുവിനെ എല്ലാവരും കാണുന്നത്.

ആ നീ എപ്പോ വന്നു അച്ചു.. കണ്ണൻ ചോദിച്ചു

ഞാൻ കുറച്ചുനേരമായി വന്നിട്ട്..

തലപൊക്കി നോക്കിയില്ലെങ്കിലും ഗൗരിക്ക് മനസിലാവുന്നുണ്ടായിരുന്നു അവന്റെ കണ്ണുകൾ തന്നിൽ തന്നെ ആണെന്ന്. അവളുടെ കവിളുകൾ ചുവന്നു. അവൾ പതുക്കെ ലച്ചുവിനോട് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞ് റൂമിലേക്ക് പോയി.

അവളുടെ പതുങ്ങിയുള്ള പോക്ക് കണ്ടതും അച്ചുവിന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു. അവൻ അതേ ചിരിയോടെ എല്ലാവരോടും പറഞ്ഞിട്ട് മുകളിലേക്ക് പോയി.

ഗൗരി ഒന്ന് മുഖം ഒക്കെ കഴുകി താഴേക്ക് പോകാൻ വേണ്ടി കോണിപടിയുടെ അടുത്തേക്ക് പോകുമ്പോൾ ആണ് ഒരു കൈ വന്ന് അവളെ റൂമിലേക്ക് വലിച്ചുകേറ്റുന്നത്.

ആരാവും എന്നറിയുന്നതുകൊണ്ട് പേടിയൊന്നും ഇല്ലായിരുന്നു ഗൗരിക്ക് പക്ഷേ ആകെ ഒരു പരിഭ്രമം ആയിരുന്നു. വാതിൽ അടച്ച് അതിൽ ഗൗരിയെ ചാരി നിർത്തി അവളുടെ രണ്ടു സൈഡിലും ആയി കൈകുത്തി നിന്നു അച്ചു.

എന്താണ് എന്റെ ദുർഗപെണ്ണിന് ഇപ്പോ എന്നെ കാണുമ്പോൾ ഒരു ഒളിച്ചുകളി. അന്ന് ഒരു ഉമ്മയും തന്ന് ഇഷ്ടവും പറഞ്ഞ് ഓടിയതല്ലേ പിന്നെ എപ്പോ കണ്ടാലും മുങ്ങിക്കളയാണല്ലോ.. മ്മ്… അച്ചു അവളുടെ കണ്ണുകളിൽ തന്നെ നോക്കിനിന്നുകൊണ്ട് ചോദിച്ചു.

അത്.. അതുപിന്നെ.. അച്ചേട്ടാ.. ഗൗരി നിന്ന് വിക്കി..

ആ പോന്നോട്ടെ… അവൻ കുസൃതിയോടെ ഒന്നുകൂടി അവളിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.

ഗൗരിക്ക് തന്റെ ഹൃദയം ഇപ്പൊ പുറത്തുവരുമോ എന്ന് തോന്നി. അതുപോലെ ശക്തമായിട്ടാണ് ഇടിക്കുന്നത്. അവളുടെ മുഖമാകെ ചുവന്നു തുടുത്തു. അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നിരുന്ന അച്ചുവിന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ എത്തി നിന്നു.
പതിയെ തല ഉയർത്തി നോക്കിയ ഗൗരി അച്ചുവിന്റെ കണ്ണുകൾ തന്റെ ചുണ്ടിൽ തന്നെ ആണെന്ന് കണ്ടതും കണ്ണുകൾ ഇറുക്കി അടച്ചു. അവൻ പതിയെ തല താഴ്ത്തി അവളുടെ ചുണ്ടിൽ ഒന്ന് മുത്തി മാറി. അവൾ ഒന്ന് പിടഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. അവൻ അവളുടെ കണ്ണിൽ നോക്കികൊണ്ട്‌ തന്നെ അവളുടെ കിഴ്ച്ചുണ്ടിന്റെ മധുരം നുണഞ്ഞു തുടങ്ങി. ഗൗരിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. കീഴ്ച്ചുണ്ടിൽ നിന്നും മേൽച്ചുണ്ടിലേക്കും അവിടെ നിന്ന് പിന്നെയും കീഴ്ച്ചണ്ടിലേക്കും സഞ്ചരിക്കുന്ന അവന്റെ ചുണ്ടുകൾ അവളെ മറ്റൊരു ലോകത്തിൽ എത്തിച്ചു. അവളുടെ കൈകൾ അവന്റെ ഷോൾഡറിൽ മുറുകി.ഏതോ ഒരു നിമിഷത്തിൽ അവളും അവനെ തിരികെ ചുംബിച്ചുതുടങ്ങി അതോടെ അവന്റെ കൈകൾ അവളുടെ ഇടുപ്പിലായ് അമർന്നു. ശ്വാസം തടസം ആയപ്പോൾ ഗൗരി ഒന്ന് കുതറി. അതോടെ അവൻ അവളിൽ നിന്നും അടർന്നുമാറി.
അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഒരു കുസൃതിചിരിയോടെ പറഞ്ഞു.

എന്റെ പെണ്ണേ.. ഇത്തിരി കൂടി ഒക്കെ ഉയരം ആവായിരുന്നു നിനക്ക്. ഇതിപ്പോ ഒരു കിസ്സ് കഴിയുമ്പോഴേക്കും മനുഷ്യന്റെ കഴുത്തൊടിയൂലോ കുനിഞ്ഞുനിന്നിട്ട്..

അതുകേട്ടതും അതുവരെ അവന്റെ നെഞ്ചിൽ പറ്റിച്ചാരി നിന്നവൾ ആ നെഞ്ചിൽ പിടിച്ചു തന്നെ തള്ളി. മുഖം വീർത്തുവന്നു.

ആഹാ… അന്നാ അച്ചേട്ടൻ ഉയരം ഉള്ള ഒരു പെണ്ണിനെ പോയി കെട്ടിക്കോ.. എനിക്കെന്താ.. ഹും…

ഹാ… പിണങ്ങല്ലേ പൊന്നെ. നിന്റെ അച്ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ. എനിക്ക് ഈ ഉണ്ടക്കണ്ണിയെ തന്നെ മതി. നിന്റെ ഈ കണ്ണിൽ അല്ലെ ഒറ്റനോട്ടത്തിന് ഞാൻ വീണുപോയത്..

അതുകേട്ടതും ഗൗരി നാണത്തോടെ മുഖം കുനിച്ചു. അവളുടെ കവിളുകൾ ചുമന്നു.

നീ ഇങ്ങനെ ആകെ ചുവക്കല്ലേ പെണ്ണേ.. എനിക്ക് നിന്നെ ഇങ്ങനെ കടിച്ചുതിന്നാൻ തോന്നും…
അതും പറഞ്ഞ് അച്ചു അവളുടെ കവിളിൽ കടിച്ചു..

ആ.. കവിളിൽ കിട്ടിയ വേദനയിൽ അവൾ കണ്ണ് കൂർപ്പിച്ചു അവനെ നോക്കികൊണ്ട്‌ അവളുടെ കവിളിൽ ഉഴിഞ്ഞു.

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്. ഞാൻ ഇനിയും കടിക്കും. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഒക്കെ കടിക്കും.

അവന്റെ വർത്താനം കേട്ടതും അവൾ അറിയാതെ ചിരിച്ചുപോയി.

ആരെങ്കിലും ഞാൻ പറഞ്ഞ വിശ്വസിക്കോ ഈ DCP ഇത്രേം പഞ്ചാര ആണെന്ന്… അവൾ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.

പഞ്ചാരയല്ലെടി ശർക്കര… അവൻ അവളെ കൂർപ്പിച്ചു നോക്കികൊണ്ട്‌ പറഞ്ഞു..

അതിന് അവൾ കൈകൊണ്ട് വായമൂടി പിടിച്ചു ചിരിച്ചു.

കുറച്ചുനേരം അവളെ കൂർപ്പിച്ചു നോക്കിയെങ്കിലും അവളുടെ സന്തോഷത്തോടെ ഉള്ള ചിരി കണ്ടപ്പോൾ അറിയാതെ അവനും ചിരിച്ചുപോയി..

ആ പിന്നെ ദുർഗ നാളെ നമുക്കൊന്ന് പുറത്തുപോണം. കുറച്ച് കാര്യങ്ങൾ ഉണ്ട്. നാളെ കഴിഞ്ഞ നിന്റെ കല്യാണതല ആയില്ലേ… അതു അവൻ ഒരു കുറുമ്പോടെ ആണ് പറഞ്ഞത്.

നാളെയോ ഇനി പുറത്തൊന്നും വിടില്ല ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം എന്നും പറഞ്ഞ എന്നെ ഇന്ന് ഇങ്ങോട്ട് വിട്ടത്. ഇനി നാളേം പോണം എന്ന് പറഞ്ഞ ചിലപ്പോ സമ്മതിക്കില്ല വീട്ടിൽ.

അതു സാരമില്ല..നീ വല്ല ബ്യൂട്ടിപാർലറിൽ  അങ്ങാനും പോണം എന്ന് പറഞ്ഞിറങ്ങ്. കുറച്ച് നേരത്തെ പരിപാടിയെ ഉള്ളൂ…

ആ അതു കുഴപ്പം ഇല്ല. പാർലറിലേക്ക് ആണെന്ന് പറഞ്ഞ പിന്നെ എതിർക്കില്ല. ഇപ്പോഴേ പറയുന്നുണ്ട് ഒന്ന് പാർലറിൽ ഒക്കെ പൊക്കൂടെ നിനക്കെന്ന്.. അവൾ ചിരിയോടെ പറഞ്ഞു.

ഒരു പാർലറും വേണ്ട എന്റെ പെണ്ണ് അല്ലെങ്കിലും സുന്ദരി ആണ്. നിന്റെ വീട്ടുകാർക്ക് കണ്ണിന്റെ കുഴപ്പം ആണ്.. അച്ചു അതും പറഞ്ഞ് അവളെ ചുറ്റിപിടിക്കാൻ നോക്കി.

അവൾ അവനിൽ നിന്നും കുതറി മാറി വാതിലിന്റെ അവിടെ എത്തിയിട്ട് അവനെ നോക്കിയിട്ട് പറഞ്ഞു.

അയ്യടാ മോനെ പഞ്ചാരകുഞ്ചു… സോപ്പിങ് ഇവിടെ ചിലവില്ല കേട്ടോ…

ഡീ.. അച്ചു അവളുടെ അടുത്തേക്ക് വന്നതും അവൾ ജീവനും കൊണ്ട് ഓടിയിരുന്നു. അച്ചു അവളെ ഒരു ചിരിയോടെ നോക്കി നിന്നു.