18/04/2026

ഗൗരികല്യാണി : ഭാഗം 09

രചന – കണ്ണന്റെ മാത്രം

 

ഈ സമയം ഗൗരിയുടെ വീട്ടിൽ അവരെല്ലാം ഭക്ഷണത്തിനായി ഇരുന്നു… അപ്പോഴേക്കും അഭിയും ബാലനും എത്തിയിരുന്നു.

എന്താ അളിയാ പെട്ടന്ന് ഒരു വരവ്. പ്രത്യേകിച്ചു എന്തെങ്കിലും ഉണ്ടോ.. ബാലൻ ചോദിച്ചു.

അതൊന്നുമില്ല ഞങ്ങൾ ഒരു പ്രൊപോസലുമായി വന്നതാണ് സുരേഷ് പറഞു

അതു വേറെ ഒന്നുമല്ല ചേട്ടാ അവിടെ ശ്രീമോൾക്ക് പ്രൊപോസൽസ് കുറെ വരുന്നുണ്ട്. ഏതു കൊണ്ടുവന്നാലും അവൾക്ക് താല്പര്യം കുറവാ. അപ്പൊ ഞങ്ങൾ അവളോട് അവൾക്ക് ആരെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിച്ചപ്പോ അവള് അഭിമോന്റെ കാര്യം പറഞ്ഞു. അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടുത്രെ അഭിയോട്… ഗിരിജ പറഞ്ഞു

ഇതുകേട്ട അഭി ഞെട്ടികൊണ്ട് ശ്രീലക്ഷ്മിയേ നോക്കി. അവൾ നാണത്തോടെ അഭിയെ നോക്കി ചിരിച്ചുകൊണ്ട് തല കുനിച്ചു..
അഭിയും കുഞ്ഞൊരു ചിരി തിരികെ നൽകി..

നിങ്ങൾക്കും കൂടെ താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാം… സുരേഷ് പറഞ്ഞു.

ഞങ്ങൾക്ക് എന്ത് താല്പര്യക്കേട് അഭിക്ക് ഒക്കെ ആണെങ്കിൽ ഞങ്ങൾക്ക് നൂറുവട്ടം സമ്മതം. ശ്രീമോളെ പോലെ ഇത്രേം സ്വഭാവഗുണമുള്ള കുട്ടി വീട്ടിൽ വന്നുകയറിയ തന്നെ ഒരു ഐശ്വര്യം അല്ലെ ഷീജ ബാലനെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു.

ആ അപ്പൊ നിങ്ങൾ ആലോചിച്ചിട്ട് പറയ് ഗിരിജ പറഞ്ഞു…

ഇതൊക്ക കേട്ട ഗൗരി ഞെട്ടി. വല്ലപ്പോഴും വരുമ്പോൾ തന്നെ കുത്തുവാക്കുകൾ ആണ്.. ഇനിപ്പോ… അവളുടെ മുഖത്ത് നിസ്സഹായതയോട് കൂടിയ ഒരു ചിരി വന്നു. കാരണം അവൾക്കറിയാമായിരുന്നു അമ്മക്ക് ഇഷ്ടമാണെങ്കിൽ ഇതു നടക്കും എന്ന്. അച്ഛൻ അമ്മയുടെ തീരുമാനങ്ങളൊന്നും എതിർക്കാറില്ല. അങ്ങനെ അമ്മയുടെ ഒരു തീരുമാനം ആയിരുന്നല്ലോ തന്റെ പഠിപ്പ് അവസാനിപ്പിച്ചതും.അന്ന് അച്ഛനോട് കരഞ്ഞു പറഞ്ഞപ്പോ അച്ഛന്റെ നിസ്സഹായത നിറഞ്ഞ മുഖം ഞാൻ കണ്ടതാണ്. അഭിയേട്ടന് ഒക്കെ ആണെങ്കിൽ ഉറപ്പായും ഇതു നടക്കും..

ഭക്ഷണം എല്ലാം കഴിഞ്ഞശേഷം അവർ എല്ലാം കിടക്കാൻ പോയി. അപ്പയൊക്കെ നാളെ രാവിലെ നേരത്തേ പോകും. മാമന്  നാളെ രാവിലെ കമ്പനിയിലേക്ക് പോകണം എന്ന് പറയുന്നത് കേട്ടു. അവർ രാവിലെ തന്നെ പോകുന്നത് നല്ലതാ. ഇല്ലെങ്കിൽ നാളെ എന്നേ ജോലിക്ക് വിടില്ല അമ്മ. അപ്പൊ രാധുമ്മയെ കാണാൻ പോവാൻ പറ്റില്ല..
ഓഹ് ദേവേട്ടന് ലീവ് പറഞ്ഞ് മെസ്സേജ് ഇടാൻ മറന്നൂലോ. അവൾ വേഗം അടുക്കള ഒതുക്കി റൂമിലേക്ക് പോയി. എന്നിട്ട് ഫോൺ എടുത്ത് ദേവന് മെസ്സേജ് ഇട്ട് ഉറങ്ങാൻ ആയി കിടന്നു.

………….

രാവിലെ ജൂനിയർ ഡോക്ടർ വന്ന് വൈറ്റൽസ് ചെക്ക് ചെയ്ത് രാധികയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യ്തു.

രാധു ഒക്കെ അല്ലെ.. കല്ലു ചോദിച്ചു..

പിന്നെന്താ എനിക്ക് ഒരു കുഴപ്പവും ഇല്ല.എന്നാ ഡിസ്ചാർജ് പറഞ്ഞിട്ടുള്ളത്.. ചെറിയ ശബ്ദത്തോടെ രാധിക ചോദിച്ചു..

എന്തിനാ വീട്ടിൽ ചെന്നിട്ട് ഓരോന്നും ഒപ്പിക്കാൻ ആണോ..3 മാസം റസ്റ്റ്‌ പറഞ്ഞിട്ടുണ്ട് ഡോക്ടർ. ഇനി അതു കഴിയാതെ സ്കൂളിൽ വരെ പോകണ്ട.. രാധുവിനെ കൂർപ്പിച്ചു നോക്കികൊണ്ട് കല്ലു പറഞ്ഞു.

ഞാൻ നീ പറയുന്നതെല്ലാം അനുസരിച്ചോളാം ഒന്ന് വീട്ടിൽ പോയാൽ മതി.. രാധിക പറഞ്ഞു

ആ സമയത്താണ് ഗൗരി സാധനങ്ങൾ ഒക്കെ കൊണ്ട് വന്നത്. രാധികയെ കണ്ട ഗൗരി വേഗം സാധങ്ങൾ അവിടെ വച്ച് രാധികയുടെ അടുത്തേക്ക് പോയി..

രാധുമ്മ ഇപ്പോ എങ്ങനെ ഉണ്ട്.. കുഴപ്പമൊന്നുമില്ലല്ലോ… ഗൗരി ചോദിച്ചു..

എനിക്ക് കുഴപ്പമൊന്നും ഇല്ല മോളെ.. രാധിക പറഞ്ഞു.

കല്ലു അമ്മടെ സൗണ്ടിനു എന്താ പറ്റിയത്.. ആകെ അടച്ചല്ലോ സൗണ്ട്.. ഗൗരി ചോദിച്ചു..

അതു ചിലർക്ക് കുറച്ചു ഡേയ്‌സ് എടുക്കും സൗണ്ട് ഒക്കെ ക്ലിയർ ആവാൻ എന്നാ ആ നഴ്‌സ്‌ പറഞ്ഞത്. കല്ലു പറഞ്ഞു..
നീ അമ്മയുടെ അടുത്ത് ഇരിക്ക് ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം. ഇതും പറഞ്ഞു ഗൗരി കൊണ്ടുവന്നതിൽ നിന്നും ഒരു ഡ്രസ്സ്‌ എടുത്ത് കല്ലു കുളിക്കാൻ കയറി..

……………

ഈ സമയം ദേവും കണ്ണനും കൂടെ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് ബ്രേക്ഫാസ്റ് കഴിക്കുകയായിരുന്നു.

കണ്ണാ എനിക്ക് ഇന്ന് ഓഫീസിലേക്ക് വരുന്നതിനു മുൻപ് ഹോസ്പിറ്റലിൽ ഒന്നു പോണം. കല്ലുവിന്റെ അമ്മയെ ഒന്നു കാണണം. നിനക്ക് തിരക്കുണ്ടെങ്കിൽ ഞാൻ വേറെ കാർ എടുത്തോളാം..
ദേവ് പറഞ്ഞു…

ഏയ്‌ വേണ്ടടാ എനിക്ക് തിരക്കൊന്നും ഇല്ല.  നമുക്ക് ഒരുമിച്ചു പോവാം.. കണ്ണൻ പറഞ്ഞു..

ആ സമയത്താണ് അച്ചു അങ്ങോട്ട് വന്നത്. ആ നിങ്ങൾ ഇന്ന് നേരത്തേ ആണോ…

മ്മ്..പോകുന്ന വഴിക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം.ദേവ് പറഞ്ഞു..

എന്തുപറ്റി എന്തിനാ ഹോസ്പിറ്റലിൽ പോകുന്നെ.. അച്ചു ചോദിച്ചു.

നമ്മുടെ ഹെഡ് ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഒരു കുട്ടിയുടെ അമ്മയെ നമ്മുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ EA ആയി വർക്ക്‌ ചെയ്യുന്നതാണ് അവർ. അതുകൊണ്ട് ഒന്നു പോയി കാണണം എന്ന് വിചാരിച്ചു. ദേവ് പറഞ്ഞു.

ഓഹ് ഒക്കെ..അച്ചു പറഞ്ഞു.

നീ ഇന്ന് പോകുന്നില്ലേ അച്ചു.. കണ്ണൻ ചോദിച്ചു.

ആ പോവണം. സമയം ആയിട്ടില്ലല്ലോ…അച്ചു പറഞ്ഞും കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി..

കണ്ണനും ദേവും കഴിച്ചുകഴിഞ്ഞ് അച്ചുവിനോട് യാത്രയും പറഞ്ഞു പോയി.

……….

കല്ലു കുളിക്കാൻ കയറി കുറച്ചു കഴിഞ്ഞപ്പോഴാണ് ആരോ റൂമിന്റെ ഡോറിൽ മുട്ടിയത്. രാധിക അപ്പോഴേക്കും മരുന്നിന്റെ സെടേഷനിൽ മയങ്ങി പോയിരുന്നു. ഗൗരി വേഗം ചെന്ന് വാതിൽ തുറന്നു. വാതിക്കൽ ദേവനെയും കണ്ണനെയും കണ്ട ഗൗരി ഒന്നു ഞെട്ടി.

ഏഹ്ഹ് നിങ്ങൾ എന്താ ഇവിടെ…ഗൗരി ചോദിച്ചു. കേറിയിരിക്ക്.

ഏയ്യ് കയറുന്നില്ല.. ഞങ്ങൾ ഓഫീസിൽ പോകുന്ന വഴിക്ക് വിവരം ഒന്നു അറിയാം എന്ന് വിചാരിച്ച് കയറിയതാണ്.എന്തായി എന്തു പറഞ്ഞു ഡോക്ടർ ദേവ് ചോദിച്ചു.

മെയിൻ ഡോക്ടർ വന്നിട്ടില്ല.. ഡ്യൂട്ടി ഡോക്ടർ വന്നപ്പോ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യ്തു. ദാ അവിടെ എന്നും പറഞ്ഞു ഗൗരി ഡോറിന്റെ സൈഡിലേക്ക് നീങ്ങിയപ്പോ അവർ കണ്ടു ബെഡിൽ കിടന്ന് മയങ്ങുന്ന രാധികയെ…

ആ ഒക്കെ എന്നാൽ ഞങ്ങൾ പോകട്ടെ ഗൗരികുട്ട്യേ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്. എന്നും പറഞ്ഞു അവർ പോകാനായി നിന്നപ്പോൾ ആണ്  കല്ലു കുളികഴിഞ്ഞിറങ്ങി മുടി കുടഞ്ഞുകൊണ്ട് അങ്ങോട്ട് വന്നത്..

കല്ലുവിനെ അങ്ങനെ ഒരു കോലത്തിൽ കണ്ട കണ്ണന്റേം ദേവിന്റേം കണ്ണുകൾ മിഴിഞ്ഞു. കാരണം ഓഫീസിൽ ഓണം സെലിബ്രേഷന് വരെ ജീൻസും ടോപ്പും ഇട്ടാണ് കല്ലു വരാറ്.ആ ആളെ ആണ് അവർ ചുരിദാറിൽ കണ്ടത്. പക്ഷേ അവർ ഞെട്ടിയത് അവളുടെ മുടി കണ്ടിട്ടാണ്. നല്ല നീളത്തിൽ ഒഴുകി കിടക്കുന്ന മുടിയാണ് കല്ലുവിന്റെ അവൾ പക്ഷേ എപ്പോഴും അതു മടക്കി കേറ്റിവച്ചിട്ടാണ് നടക്കാറ്. അതുകൊണ്ട് തന്നെ ഓഫീസിൽ ആരും അവളുടെ മുടി അഴിഞ്ഞു കണ്ടിട്ടില്ല.

എന്താ കല്ലു ഞാൻ കാണുന്നെ. ഇത്രേം നീളമുള്ള മുടിയാണോ നീ ചുരുട്ടിമടക്കി കോഴിവാൽ പോലെ ആക്കി വരുന്നേ ഓഫീസിലേക്ക്. ഞാൻ തന്നെ എത്ര പ്രാവശ്യം കളിയാക്കിയെടുക്കുന്നു കോഴിവാലി എന്നും വിളിച്ചിട്ട്… ദേവ് കഷ്ടം വച്ചുകൊണ്ട് ചോദിച്ചു.

കല്ലു അതിനു ഒന്നു ചിരിച്ചു…

അതു വേറെ ഒന്നും അല്ല ദേവേട്ടാ അവൾക്ക് മുടി വളർത്തുന്നത് ഇഷ്ടമില്ല. പക്ഷേ മുടി വെട്ടിയാൽ അവളുടെ കൈവെട്ടും എന്ന് രാധുമ്മ പറഞ്ഞിട്ടുണ്ട്. ആ പേടി ഉള്ളത് കൊണ്ടാണ് വെട്ടാണ്ട് നടക്കുന്നത്. ഗൗരി ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

ഈ സമയം എല്ലാം കണ്ണന്റെ കണ്ണുകൾ കല്ലുവിന്റെ മുഖത്തായിരുന്നു. ഇപ്പോൾ കുളികഴിഞ്ഞ് ഇറങ്ങിയത്കൊണ്ട് അവളുടെ മുഖത്തും കഴുത്തിലും എല്ലാം വെള്ളത്തുള്ളികൾ ഉണ്ടായിരുന്നു. അവന് അതൊക്കെ തന്റെ ചുണ്ടുകൊണ്ട് ഒപ്പിയെടുക്കാൻ തോന്നി..
അവന് വല്ലാതെ പരവേശം തോന്നി. തലയൊന്നു കുടഞ്ഞുകൊണ്ട് അവൻ വേഗം നോട്ടം മാറ്റി. പക്ഷേ പിന്നെയും അവന്റെ കണ്ണുകൾ അവളെ തേടി പോയികൊണ്ടിരുന്നു.

ഗൗരിയുടെയും ദേവിന്റെയും സംസാരം ശ്രദ്ധിച്ച് നിൽക്കുമ്പോൾ ആണ് ആരോ തന്നെ ശ്രദ്ധിക്കുന്നതായി കല്ലുവിന് തോന്നിയത്. അവൾ നോക്കിയപ്പോൾ കണ്ണൻ ഇമ പോലും ചിമ്മാതെ അവളെ നോക്കി നിക്കുന്നു. അവൾ അവനെ മുഖം ചുളിച്ചുകൊണ്ട് നോക്കി. എഹെ അവിടെ കുലുക്കം ഒന്നും ഇല്ല ഇപ്പോഴും നോട്ടം അവളുടെ മുഖത്ത് തന്നെ. അവൾ അവനെ ഒന്നു കൂർപ്പിച്ചു നോക്കി. അപ്പോൾ അവൻ ഒരു കുസൃതി ചിരിയോടെ മുഖം തിരിച്ചു ദേവിനോട് പോകാം എന്നും പറഞ്ഞു പോയി…

കണ്ണന്റെ പ്രവർത്തി കണ്ട് ആകെ ഞെട്ടി നിൽക്കുകയാണ് കല്ലു. എന്തുപറ്റിയാവോ കാലേട്ടന് കല്ലു അത്മിച്ചു..

അവർ വാതിൽ അടച്ചു റൂമിലേക്ക് പോയി.

………….

ഗൗരി ഇന്നലെ ആ മാനവ് ഉണ്ടായിരുന്നോ മോളെ അവരുടെ കൂടെ. നിന്നെ വല്ലതും പറഞ്ഞോ അവർ. എനിക്ക് ഇന്നലെ നിന്നെ വിളിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ നിനക്ക് നല്ല പണി ആയിരിന്നിരിക്കും എന്ന് എനിക്കറിയാം അതാ പിന്നെ വിളിക്കാഞ്ഞേ. കല്ലു പറഞ്ഞു.

ഏയ്യ് മാനവേട്ടൻ ഉണ്ടായിരുന്നില്ല. പിന്നെ കാര്യമായിട്ട് ഒന്നും പറഞ്ഞില്ല സ്ഥിരം കേൾക്കുന്നത് തന്നെ.. അതൊന്നും ഇപ്പോ എന്നേ ബാധിക്കാറില്ല…

മ്മ്..അല്ല എന്താ പെട്ടന്ന് ഒരു വിസിറ്റ്.. ചുമ്മാ വന്നതാണോ.. കല്ലു ചോദിച്ചു.

അല്ല അവർ ഒരു പ്രൊപോസലും കൊണ്ട് വന്നതാ അഭിയേട്ടന് ശ്രീലക്ഷ്മിയേ..

ആ ബെസ്റ്റ്… ഇനിപ്പോ അതുംകൂടി നടന്ന നിന്റെ കാര്യം കുശാലായല്ലോ.. എന്നിട്ട് എന്തു തീരുമാനിച്ചു. നിന്റെ ചേട്ടന് താല്പര്യം ഉണ്ടോ…

ചേട്ടൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അമ്മക്ക് താൽപ്പര്യം ഉണ്ട്. അമ്മക്ക് ഇഷ്ടമാണെങ്കിൽ പിന്നെ നടക്കാൻ സാധ്യത കൂടുതലാ. അമ്മ തീരുമാനിക്കുന്നതേ അവിടെ നടക്കൂ.. ഗൗരി ഇത്തിരി വിഷമത്തോടെ പറഞ്ഞു..

ആ അതു ശരിയാ നിന്റെ അമ്മ അല്ലെ നിങ്ങളുടെ വീട്ടിൽ എല്ലാം തീരുമാനിക്കുന്നത്. നിന്റെ അച്ഛൻ ആ സ്ത്രീയുടെ താളത്തിന് തുള്ളുന്ന ഒരു പാവ മാത്രം അല്ലെ.. കല്ലു രോഷത്തോടെ പറഞ്ഞു..

ഗൗരി അതിന് വിഷമത്തോടെ ഒന്നു ചിരിച്ചു.

ആ സമയത്താണ് അവരുടെ ഡോറിൽ ആരോ മുട്ടിയത്. തുറന്ന് നോക്കിയപ്പോ ഒരു നഴ്‌സ്‌ ആയിരുന്നു. അവർ രാധികക്ക്   കഴിക്കാനുള്ള മെഡിസിൻ എടുത്ത് കൊടുത്ത് ഡോക്ടർ വരുന്നുണ്ട് എന്നും പറഞ്ഞു പോയി.

കല്ലു രാധികയെ എഴുനേൽപ്പിച്ച് ആ മരന്നുകഴിക്കാൻ കൊടുത്തു.

അപ്പോൾ ഡോറിൽ ഒന്നു മുട്ടികൊണ്ട് ആദിയും ലച്ചുവും ദേവൂട്ടിയും വേറെ കുറച്ചു പഠിക്കുന്ന കുട്ടികളും കൂടി റൂമിൽ വന്നു. എന്നിട്ട് ആദി രാധികയെ പരിശോധിച്ചിട്ട് ചോദിച്ചു.. എല്ലാം ഒക്കെ അല്ലെ രാധിക എന്ന്.

അതെ ഡോക്ടർ.. രാധിക അടഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു…

അപ്പൊ രാധിക ആവശ്യമില്ലാതെ ടെൻഷൻ ഒന്നും അടിക്കണ്ട.പിന്നെ മൂന്ന് മാസം കംപ്ലീറ്റ് റസ്റ്റ്‌ വേണം. നാളെ വീട്ടിൽ പോവാം കേട്ടോ… അതുകേട്ടു രാധിക തലയാട്ടി..

അപ്പൊ പോട്ടെ മക്കളെ.. നാളെ രാവിലെ ഞാൻ വന്നു നോക്കിയിട്ട് ഡിസ്ചാർജ് ആവാം.. ആദി പറഞ്ഞു.

ഒക്കെ അങ്കിൾ.. കല്ലു മറുപടി പറഞ്ഞു.

ആദിയും ബാക്കി കുട്ടികളും മറ്റു റൂമികളിലേക്ക് പോയി. അപ്പോൾ ലച്ചുവും ദേവൂട്ടിയും പറഞ്ഞു ചേച്ചിമാരെ നമുക്ക് വൈകിട്ട് കാണാം ട്ടോ ഇപ്പോ ഡ്യൂട്ടിയിൽ ആണ്. പോകട്ടെ ആന്റി രാധികയോടും യാത്ര പറഞ്ഞു അവർ പോയി..

ഏതാ മോളെ ആ കുട്ടികൾ രാധിക ചോദിച്ചു.

അതു ദേവേട്ടന്റേം കണ്ണേട്ടന്റേം പെങ്ങന്മാർ ആണ് അമ്മേ. അതുപോലെ ആദിത്യ ഡോക്ടർ കണ്ണേട്ടന്റെ അച്ഛൻ ആണ്… ഗൗരി പറഞ്ഞു..

മ്മ് മ്മ്….