18/04/2026

ഗൗരി കല്യാണി : ഭാഗം 47

രചന – കണ്ണന്റെ മാത്രം

രാവിലെ തന്നെ എവിടെയോ പോകാൻ ബാലൻ ഒരുങ്ങുന്നത് കണ്ടിട്ടാണ് ഷീജ റൂമിലേക്ക് വന്നത്.
എങ്ങോട്ടാണാവോ രാവിലെ തന്നെ.. അവർ മനസ്സിൽ ചിന്തിച്ചു. പക്ഷേ ചോദിച്ചില്ല. അന്നത്തെ ഗൗരിയുടെ പ്രശ്നത്തോടെ ഷീജക്ക് അയാളോട് എന്തേലും ചോദിക്കാൻ ചെറിയ ഒരു ഭയം ഇല്ലാതില്ല. അതുകൊണ്ട് തന്നെ പണ്ടത്തെ പോലെ ഉള്ളൊരു ഭരണം ഒന്നും അയാളുടെ അടുത്ത് എടുക്കാറില്ല.

യാത്രയായി കഴിഞ്ഞ് ബ്രേക്ഫാസ്റ് കഴിക്കാനായി അയാൾ വരുമ്പോൾ അഭിയും ശ്രീയും അവിടെ ഉണ്ടായിരുന്നു. പിന്നാലെ ഷീജയും വന്നിരുന്നു. യാത്രയായി നിക്കുന്ന ബാലനെ കണ്ടപ്പോൾ അഭി ചോദിച്ചു..

എങ്ങോട്ടാ അച്ഛാ.. ഇത്ര രാവിലെ തന്നെ..

അയാൾ എല്ലാവരെയും ഒന്നു നോക്കി എന്നിട്ട് പറഞ്ഞു..
ഇന്ന് എന്റെ മോളുടെ കല്യാണം ആണ് അതിന് പോവുകയാണ്.

ഏഹ്ഹ്.. ഇന്ന് ഗൗരിയുടെ കല്യാണം ആണോ.. അഭി ഞെട്ടികൊണ്ട് ചോദിച്ചു…

മ്മ്…. അതേ 10.30ക്ക് ആണ് മുഹൂർത്തം. റിസപ്ഷൻ നാളെ ആണ്. ബാലൻ പറഞ്ഞു..

കണ്ടോ അഹങ്കാരി.. നമ്മൾ അവളുടെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ അല്ലെ. നമ്മളെ അവളുടെ കല്യാണം ഒന്നു വിളിച്ചറിയിക്കാൻ അവൾക്ക് തോന്നിയോ.. ഷീജ അരിശത്തോടെ പറഞ്ഞു.

അവൾ എന്തിന് നിന്നെ ഒക്കെ വിളിച്ചറിയിക്കണം അവളുടെ കല്യാണം. അവളും നിങ്ങളും തമ്മിൽ എന്താ ബന്ധം….അയാൾ അവരോട് ചോദിച്ചു.

എന്താ ബന്ധം എന്നോ… ഞാൻ അവളുടെ അമ്മ അല്ലേ. ഇവൻ അവളുടെ ഏട്ടനും.. അവർ ദേഷ്യത്തോടെ പറഞ്ഞു.

ആണോ നീ അവളുടെ അമ്മ ആണോ.. എന്നിട്ട് അവൾ ഇറങ്ങിപ്പോയി ഇത്രേം നാളിനിടയിൽ എപ്പോഴെങ്കിലും നീ അവളെ ഒന്ന് കാണാൻ പോയോ.. കാണാൻ പോകണ്ട വിളിച്ചെങ്കിലും നോക്കിയോ.. ഇവൻ ആ മാനവിന്റെ സത്യങ്ങൾ അറിഞ്ഞപ്പോഴെങ്കിലും അവളെ ഒന്നു കാണാൻ നോക്കി. നീയോ.. നീ അതുപോലും ചെയ്തില്ലല്ലോ. പിന്നെ എന്ത് അധികാരത്തിൽ ആണ് നീ അവളെ കുറ്റം പറയുന്നത്… അയാൾ രോഷത്തോടെ അവരോട് ചോദിച്ചു.

അയാൾ ചോദിച്ചതിനൊന്നും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നു.

അയാൾ അവരെ ഒന്നു നോക്കികൊണ്ട് അവിടെ നിന്നും പോയി…

…………………

കല്ലു രാവിലെ തന്നെ ഹരിയുടെ വീട്ടിൽ എത്തിയിരുന്നു ഒപ്പം ദേവും നിധിയും…

ആ നിങ്ങൾ ഇങ്ങോട്ടു പോന്നോ.. അവരെ കണ്ടതും സുലു ചോദിച്ചു..

മ്മ്…ഞങ്ങൾ പെണ്ണിന്റെ ആൾകാർ ആണ്… ദേവ് ഗമയിൽ പറഞ്ഞു.

ഓഹോ.. എന്നാൽ പെണ്ണിന്റെ ആൾക്കാർ പുറത്തുനിക്കാതെ ഉള്ളിലേക്ക് വായോ.. സുലു അതും പറഞ്ഞ് അവരെ ഉള്ളിലേക്ക് വിളിച്ചു…

ഗൗരിയെന്തിയെ ഉമ്മി… കല്ലു ചോദിച്ചു

റൂമിൽ ഒരുങ്ങുന്നുണ്ട് മോളെ. ബ്യൂട്ടീഷൻ വന്നിട്ടുണ്ട്. ഇപ്പൊ കഴിയാറായിട്ടുണ്ടാവും… അതു സുലു പറയലും ഗൗരി പുറത്തേക്ക് വരലും ഒന്നിച്ചു ആയിരുന്നു.

ഗൗരിയെ കണ്ട എല്ലാവരുടെയും കണ്ണുകൾ വിടർന്നു. ഡാർക്ക്‌ പിങ്ക് കളർ സാരിയും മിതമായ ആഭരണങ്ങളിലും അവളെ കാണാൻ ദേവതയെ പോലെ ഉണ്ടായിരുന്നു.

ആരുടേയും കണ്ണ് തട്ടേണ്ട ഉമ്മിയുടെ പൊന്നുമോൾക്ക് അത്രേം സുന്ദരി ആയിട്ടുണ്ട്. സുലു നിറഞ്ഞ കണ്ണുകളോടെ നിറഞ്ഞ ചിരിയോടെ പറഞ്ഞു.

അതേ ഗൗരിപ്പെണ്ണേ എന്തൊരു ഭംഗിയാ ഇപ്പൊ നിന്നെക്കാണാൻ അല്ലേ ദേവേട്ടാ… കല്ലു ചോദിച്ചു..

അല്ലാതെ പിന്നെ. അച്ചു ഈ കോലത്തിൽ കണ്ടാൽ ഫ്ലാറ്റ് ആവും.. ഉറപ്പ്.. ദേവ് അതു പറഞ്ഞതും ഗൗരിയുടെ കവിളുകൾ നാണത്താൽ ചുവന്നു..

ആ സമയത്താണ് ഹരി ഉള്ളിലേക്ക് വന്നത്.
ആഹാ അച്ഛന്റെ വാവ സുന്ദരി ആയല്ലോ.. അയാൾ അവളെ ചേർത്തുനിർത്തികൊണ്ട് പറഞ്ഞു.

ഇതെല്ലാം കണ്ടുകൊണ്ടാണ് ബാലൻ അങ്ങോട്ട് വരുന്നത്. ഗൗരിയുടെ രൂപവും അവളുടെ മുഖത്തെ സന്തോഷവും അയാളുടെ ഉള്ളം നിറച്ചു.

മോളെ.. അയാൾ അവരുടെ അടുത്തേക്ക് വന്നിട്ട് വിളിച്ചു. അപ്പോഴാണ് എല്ലാവരും അയാളെ കാണുന്നത്.

 

ആ ബാലനോ… ഞാൻ ആലോചിക്കായിരുന്നു എന്താ താൻ വൈകുന്നത് എന്ന്.. ഹരി ഒരു ചിരിയോടെ ബാലനോടായി പറഞ്ഞു…
അതിന് അയാൾ ഒന്നു ചിരിച്ചതേ ഉള്ളൂ..

മോളെ ഗൗരി.. ഈ അച്ഛന്റെ സന്തോഷത്തിനായി ഇത് എന്റെ മോള് അണിയണം. അതും പറഞ്ഞ് അയാൾ ഒരു ജ്വല്ലറി ബോക്സ്‌ അവളുടെ കൈയിൽ കൊടുത്തു. ഗൗരി അതു തുറന്നു നോക്കിയപ്പോ ലക്ഷ്മിമാലയും വളകളും ആയിരുന്നു. അവൾ എതിർപ്പൊന്നും പറയാതെ അതു അണിഞ്ഞു..

അവൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അതു അണിഞ്ഞതിൽ അയാൾക്ക് ഒരുപാട് സന്തോഷം ആയി. അയാൾ നിറഞ്ഞ മനസ്സോടെ അവളെ അനുഗ്രഹിച്ചു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു ദക്ഷിണകൊടുപ്പും മറ്റും കഴിഞ്ഞ് അവർ വേഗം ക്ഷേത്രത്തിലേക്ക് ഇറങ്ങി…

………………….

ദേവർമഠത്തിൽ എല്ലാവരും റെഡി ആയി ഇറങ്ങാൻ നേരത്ത് ആണ് നന്ദൻ അങ്ങോട്ട് വന്നത്. അച്ചുവിനെ കണ്ട് അവന് വിഷസ് കൊടുത്ത് നിക്കുന്ന നേരത്താണ് ആരോ വന്ന് അവന്റെ ദേഹത്തടിച്ചത്. വീഴാതിരിക്കാൻ ആളുടെ ഇടുപ്പിലൂടെ പിടിച്ചു നന്ദൻ.

ലച്ചുവിനോട് സംസാരിച്ച് സ്പീഡിൽ പുറത്തേക്ക് പോകുമ്പോഴാണ് ദേവൂട്ടി ആരോ ആയി കൂട്ടിയിടിച്ചത്. കുറച്ചുനേരം ആയിട്ടും താഴേക്ക് വീണില്ല എന്ന് മനസ്സിലായപ്പോൾ ആണ് അവൾ കണ്ണ് തുറന്നു നോക്കിയത്.

അവളെ തന്നെ നോക്കി നിക്കുന്ന നന്ദനെ ആണ് അവൾ കണ്ടത്. കുറച്ചുനേരം അവളും അവന്റെ കണ്ണിൽ ലയിച്ചുനിന്നു. പിന്നെ പെട്ടന്ന് ബോധം വന്നപ്പോൾ അവനിൽ നിന്നും കുതറി മാറി നിന്നു..

എന്താണ് ദേവപ്രയാഗ കണ്ണില്ലേ തനിക്ക്. ഞാൻ ഇവിടെ നിക്കുന്നത് കണ്ടില്ലേ… ഒരു കളിയാക്കിചിരിയോടെ നന്ദൻ ചോദിച്ചു.

അതിന് എന്തോ തറുതല പറയാൻ നിന്നപ്പോൾ ആണ് അവൾക്ക് അവൻ പോലീസ് ആണെന്ന കാര്യം ഓർമ വന്നത്. ഞാൻ വെറുതെ എന്തിനാ എന്റെ പല്ലിന്റെ എണ്ണം കുറക്കുന്നെ..അവൾ അത്മിച്ചു..
എന്നിട്ട് മാറി പോകാൻ പോയി.

അപ്പൊ നന്ദൻ അവളുടെ മുന്നിൽ കയറി നിന്നുകൊണ്ട് ചോദിച്ചു..
ഏയ്യ് മറുപടി പറഞ്ഞിട്ട് പോ.. എന്താ ദേവപ്രയാഗയുടെ നാവിറങ്ങി പോയോ…

ഒന്നു നന്നാവാം എന്നുവച്ചാൽ ഇങ്ങേര് സമ്മതിക്കില്ലല്ലോ.. അവൾ ചിന്തിച്ചു  എന്നിട്ട് പറഞ്ഞു..
എന്റെ കണ്ണിനു ഒരു കുഴപ്പവും ഇല്ല.വഴിയിൽ തന്നെ ഒരാള് ഇങ്ങനെ വടി വിഴുങ്ങിയ പോലെ നിക്കും എന്ന് ആരേലും കരുതോ.. ഹും…

ആ ദേവപ്രയാഗ ഫോമിൽ ആയല്ലോ.. നന്ദൻ ഒരു ചിരിയോടെ പറഞ്ഞു.

അതിന് അവനെ ഒന്നു പുച്ഛിച്ചുകൊണ്ട് അവൾ അവിടെ നിന്നും പോയി. അവനും അവൾ പോകുന്നത് ഒരു കുസൃതിചിരിയോടെ നോക്കി നിന്നു.

……………ഹരിയുടെ കാർ ക്ഷേത്രത്തിലേക്ക് കയറിയ അതേ സമയത്ത് തന്നെ ആണ് അച്ചുവും വന്നത്. കാറിൽ നിന്നും ഇറങ്ങിയ അച്ചു ഹരിയുടെ കാറിൽ നിന്നും ഇറങ്ങുന്ന ഗൗരിയെ ശ്വാസം എടുക്കാൻ മറന്നുകൊണ്ട് നോക്കിനിന്നു പോയി. അച്ചുവിന്റെ തീഷ്ണമായ നോട്ടം കണ്ടതും ഗൗരി നാണത്തോടെ തല കുനിച്ചു. അവളുടെ കവിളുകൾ ചുവന്നു തുടുത്തു…

എന്റെ പെണ്ണേ നീ ഇങ്ങനെ ചുവക്കല്ലേ.. ഇപ്പോഴേ അച്ചുവേട്ടന്റെ ബോധം പോയി നിക്കാണ്. നീ ഇതുപോലെ ചുവന്നുതുടുത്താൽ അങ്ങേര് എന്താ ചെയ്യാന്നു ഒരു പിടിയും ഇല്ല…. ഗൗരിയെ തന്നെ മതിമറന്നു നോക്കി നിക്കുന്ന അച്ചുവിനെ കാട്ടികൊണ്ട് കല്ലു പറഞ്ഞു.

അതിന് നാണത്തോടെ ഒന്നു ചിരിച്ചു. അപ്പോഴേക്കും ലച്ചുവും ദേവൂട്ടിയും നിധിയും എല്ലാം അങ്ങോട്ട് വന്നു. പിന്നെ എല്ലാവരും കൂടി ഗൗരിയെ അച്ചുവിനെ കാട്ടി കളിയാക്കികൊണ്ടിരുന്നു. അതിനനുസരിച്ചു ചുവന്നുതുടുക്കാൻ ഗൗരിയും.

അപ്പോഴേക്കും താലി കെട്ടാൻ സമയം ആയി എന്നും പറഞ്ഞ് സീത അവരെ വിളിക്കാൻ വന്നു.

അച്ചുവും ഗൗരിയും നടക്ക് നേരെ എന്നാൽ ചുറ്റമ്പലത്തിനു പുറത്തായി താലികെട്ടാനായി നിന്നു.

ആദി എടുത്തു കൊടുത്ത താലി അച്ചു ഗൗരിയുടെ കഴുത്തിൽ ആയി ചാർത്തി. സീമന്തത്തിൽ സിന്ദൂരവും ചാർത്തി അവൻ അവന്റെ ദുർഗയെ എന്നന്നേക്കും ആയി സ്വന്തമാക്കി.

ഗൗരിയെ കൈപിടിച്ചുകൊടുക്കാനായി എല്ലാവരും ഹരിയെ നോക്കി. അയാൾ അയാളുടെ ഒപ്പം ബാലനെയും കൂട്ടി ഗൗരിയുടെ കന്യാധാനം നടത്തി. ബാലന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയൊക്കെ ആയിട്ടും എല്ലാവരും അയാളെ ഇങ്ങനെ പരിഗണിക്കുന്നതിൽ.

ഗൗരി നന്ദിയോടെ ഹരിയെ നോക്കി. അതിന് അയാൾ ഒന്നു കണ്ണുചിമ്മികാട്ടി അവളെ ചേർത്തുപിടിച്ചു നെറുകയിൽ മുത്തി. പിന്നെ അച്ചുവിനെയും ചേർത്തുപിടിച്ചു.

പിന്നെ അങ്ങോട്ട് ഫോട്ടോഷൂട്ട്‌ ആയിരുന്നു. ഇരുന്നും നടന്നും ചാടിയും എന്തിന് കിടന്നും വരെ അവർ ഫോട്ടോ എടുത്തു. അവസാനം അച്ചു കലിപ്പായി അതോടെ എല്ലാം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാനായി പോയി..

ഭക്ഷണം കഴിച്ചതും ഇറങ്ങാൻ ഉള്ള സമയം ആയി എന്ന് രവി വന്ന് പറഞ്ഞു. അതോടെ അതുവരെ ചിരിയോടെ നിന്നിരുന്ന ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൾ സുലുവിനെയും ഹരിയെയും ബാലനെയും കെട്ടിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു.

എന്തിനാ ഉമ്മിടെ മോള് കരയുന്നെ. കുറച്ചു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് വരുന്നതല്ലേ. പിന്നെ ഞങ്ങളും നാളെ അങ്ങോട്ട് വരില്ലേ.. കരയാതെ.. തന്റെ നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് സുലു ഗൗരിയെ ആശ്വസിപ്പിച്ചു.

അതുതന്നെ.. കരയല്ലേ വാവേ.. ഞങ്ങൾ നാളെ വന്നാൽ രണ്ടുദിവസം അവിടെ നിന്നിട്ടെ തിരിച്ചുപോരു.. ഹരിയും അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

മ്മ്.. ഗൗരി മൂക്കുവലിച്ചുകൊണ്ട് തലയാട്ടി കാട്ടി.

അച്ചുവിന് അവളുടെ ആ നിഷ്കളങ്കത കണ്ടപ്പോൾ വാത്സല്യം തോന്നി. അവൻ വന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് കോഡ്രൈവർ സീറ്റിൽ ഇരുത്തി. എന്നിട്ട് എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവനും കയറി. ദേവർമഠത്തിൽ ഉള്ളവർ കുറെയൊക്കെ ആദ്യമേ പോയിരുന്നു. ബാക്കി ഉള്ളവർ വണ്ടിയിൽ കയറി. അവരുടെ വണ്ടി ദേവർ മഠം ലക്ഷ്യമാക്കി യാത്ര തിരിച്ചു.