17/04/2026

എന്തിനെന്നറിയാതെ : ഭാഗം 38

രചന – എഴുത്തിനെ പ്രണയിച്ചവൾ

ഹർഷാ ഒരുവാക്ക് പറയായിരുന്നില്ലേ ന്നോട്… അങ്ങനെ ആണേൽ ഞാൻ നടത്തുമായിരുന്നല്ലോ നിങ്ങടെ വേളി, ഇതിപ്പോൾ അപ്പു അർജുന്റെ…. നിക്ക് ഒന്നും അറിയില്ലെന്റെ ദേവീ…. എന്തൊക്കെയാ കുട്ടീ നീയീ ചെയ്തേ…..

ഹർഷന്റെ കണ്ണുകൾ നിറയുന്നുണ്ട്…

അറിയാം തെറ്റാണെന്ന്, എന്നാൽ അവള് കൂടെയുണ്ടായിരുന്നപ്പോൾ അതായിരുന്നു എനിക്ക് ശരി…

ആദിയ്ക്ക് അറിയോ…

ഇപ്പോൾ അറിയാം….. അമ്മായി അവളോട് പറയല്ലേ, അവളാണ് അതെന്ന്…. ഒരുപക്ഷെ സഹിക്കില്ല…. അറിയില്ലേ അമ്മായിക്ക് അവളെ….

അവരവനെ വിവശതയോടെ നോക്കി…..

ഹർഷ… എടാ മോനെ…. നിനക്ക്… നിനക്ക് എങ്ങനെയാടാ കഴിയുന്നെ ഇങ്ങനെ… ഇതൊക്കെ സഹിച്ചു ജീവിക്കാൻ…..

എന്നെങ്കിലും അവൾക് ഓർമ കിട്ടാതിരിക്കില്ലല്ലോ….. അത്രേം അല്ലെ നിക്ക് ഈ വേദന സഹിക്കേണ്ടു……

അവരവനെകെട്ടിപിടിച്ചു കരയാൻ തുടങ്ങി…. അപ്പു അങ്ങോട്ട്‌ വന്നപ്പോൾ അതാണ്‌ കാണുന്നത്, അവളൊരു നിമിഷം സ്തംഭിച്ചു നിന്നുപോയി……അവളെക്കണ്ടതും ഹർഷൻ നേരെനിന്ന് കണ്ണുതുടച്ചു അവന്റെ റൂമിലേക്ക് നടന്നു, അമ്മായി അവളുടെ അടുത്തേക്ക് വന്നു അവളുടെ മുടിയിൽ മാടി……

അപ്പൂ….

അമ്മായി എന്തിനാ കരഞ്ഞേ… ഹർഷേട്ടന് എന്താ പറ്റ്യേ….

ഒന്നുല്ല കുട്ട്യേ….. മോള് ഹർഷന്റെ കാര്യം പറഞ്ഞില്ലേ… അമ്മായി ഒരുകൂട്ടം ചോദിക്കട്ടെ….

ഉം….

ഒരുപക്ഷെ ഹർഷൻ പറഞ്ഞ കുട്ടിയുടെ സ്ഥാനത്ത് മോളാണെങ്കിലോ…. എന്താ മോള് ചെയ്യാ….

അവള് തറയിലേക്ക് നോക്കി, പിന്നെ അവരെയും നോക്കിനിൽപ്പായി …

മോളെ അപ്പു പറാ…… എങ്ങനെയായിരിക്കും മോള്…..

ഞാൻ അല്ലല്ലോ അമ്മായി…. ഞാൻ ആണേൽ…. ഞാൻ ആണേൽ നിക്ക് അറിയില്ല…. അമ്മായി… അത്… അതെങ്ങനാ കഴിയാ ഒരു സമയം രണ്ടാളുടെ ഭാര്യയായി, അങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ….. ആളുകളൊക്കെ എന്തുപറയും…. അങ്ങനെ ഒരാളെ മോശക്കാരിയായല്ലേ ഇവിടുള്ളൊരു കാണാ…..

അതിനെന്തു മറുപടി കൊടുക്കണമെന്നത് അവർക്കും അറിയില്ലായിരുന്നു, തന്റെ മുണ്ടിൽ കണ്ണ് തുടച്ചു അവര് അടുക്കളയിലേക്ക് നടന്നതും അപ്പു ഹർഷന്റെ റൂമിലേക്ക് ചെന്ന്….. അവൻ കട്ടിലിൽ മലർന്നുകിടക്കുകയാണെന്ന് മനസിലായതും അവള് മുരടനക്കി…..

എന്താ അരു അവിടെ നിന്നേ…. ഇങ്ങട് വായോ…..

അവൻ വിളിച്ചതും അവളെടുത്തേക്ക് നടന്നു…….

ഹർഷേട്ടാ…. അമ്മായിക്ക് അറിയില്ലായിരുന്നോ

മ്ച്….

ആർക്കും അറിയില്ലേ….

ഇല്ലായിരുന്നു…. ഓരോരുത്തരായി അറിഞ്ഞുവന്നിട്ടും അവൾക്ക് അതിനെക്കുറിച്ചു ഒന്നും അറിയില്ലലോ….. അതുവിട്…… എന്താ ഇന്നത്തെ പരിപാടി….. ഇവിടെ ഇങ്ങനെ ഇരിക്കാനാണോ……

ഉം….. ഹർഷേട്ടന് ശരിക്കും ബുദ്ധിമുട്ട് ആയല്ലേ…..

പിന്നേ നല്ല ബുദ്ധിമുട്ടായി…. നിന്നോട് എത്ര പറഞ്ഞാലും മനസിലാവില്ലാലോ…. നീ എന്ത് പറഞ്ഞാലും എനിക്കൊരിക്കലും ബുദ്ധിമുട്ട് ആവില്യ    …..ഇന്നലെ നീ ചോദിച്ചില്ലേ എനിക്ക് കല്യാണം കഴിക്കായിരുന്നില്ലേ നിന്നെ എന്ന്… കാര്യമായാണോ….

അവൻ ചോദിച്ചതും അവള് വല്ലാതായി

ഛെ… ഇന്നലെ ആ ഒരു ഇതിൽ എന്തോ പറഞ്ഞതാ… ഹർഷേട്ടൻ എന്താ കരുതീട്ടുണ്ടാകുക…..

അവള് തലയുംകുനിച്ചു നിൽക്കാൻ തുടങ്ങിയതും അവനവളുടെ താടിപിടിച്ചു മുഖമുയർത്തി….

എന്തുപറ്റി..

മ്ച്…. ഞാൻ… അത്…. അറിയാതെന്തോ…. സോറി……. സോറി ഹർഷേട്ടാ……

എന്തിനാ സോറി… നീ തെറ്റൊന്നും ചെയ്തില്ലലോ… നിനക്ക് എന്നോട് എന്തും ചോദിക്കാനും പറയാനുമുള്ള അവകാശം ഉണ്ട്…. മനസിലായോ…. ഇനി അതും ഓർത്ത് ഒരു മൂലയ്ക്ക് ഇരിക്കരുത്…

ഉം…..

എന്തുപറഞ്ഞാലും മുക്കലുംമൂളലും… നിന്റെയൊരു കാര്യം….

അവള് ചിരിച്ചതും അവനു സന്തോഷം തോന്നി….

യെസ്… എപ്പോഴും നീ ഇതുപോലെ ചിരിക്കണം…. മനസിലായോ……എന്ത് രസമാണെന്ന് അറിയോ ഈ ചിരി കാണാൻ……

അവള് തലകുനിച്ചതും അവൻ ചുമലിലൂടെ കയ്യിട്ടു……..

അരൂ…… എന്താ ആലോചിക്കുന്നേ…

അങ്ങനെ കാര്യമായി ഒന്നുമില്ല, ഞാൻ ഒന്ന് ചോദിക്കട്ടെ…. ആ കുട്ടി ഓർമ തിരിച്ചുകിട്ടി ഹർഷേട്ടന്റെ അടുത്തേക്ക് വന്നാൽ, ആദ്യത്തേപോലെ സ്നേഹിക്കോ, അവളെ ജീവിതത്തിലേക്ക് കൂട്ടുമോ…..

ഉറപ്പായും…… സത്യം പറഞ്ഞാൽ ആ ഒരു മോമെന്റിനു വേണ്ടി വെയിറ്റ് ചെയ്യുകയാ ഞാൻ……. അവളെ സ്നേഹിച്ചു, അവളുടെ സ്നേഹം അനുഭവിച്ചു കൊതിതീർന്നില്ല, എനിക്ക് ഭാര്യ മാത്രമായിരുന്നില്ല അവള്, എന്റെ ഫ്രണ്ടായിരുന്നു സിസ്റ്റർ…. മകള്….. And ഒരു അമ്മയും ആയിരുന്നു…… എനിക്ക് വയ്യാതാകുമ്പോഴാ അത് കറക്റ്റ് മനസിലാകുക, എന്റെയടുത്തിരുന്ന് ഒരു കുഞ്ഞിനെപോലെ പരിചരിക്കും, ഫുഡ് കഴിപ്പിക്കും, കഴിച്ചില്ലെങ്കിൽ വഴക്ക് പറയും…… റിയലി ഞാൻ ജീവിച്ചത് അവളുടെ ഒപ്പമാ, i മീൻ ജീവിച്ചെന്ന് എനിക്ക് ഫീൽ ചെയ്തത്…… അവളെന്റെയൊപ്പമുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല……

അവൻ വാതോരാതെ സംസാരിക്കുകയാണ്….. ഇടയ്ക്കതു നിർത്തി അവളെനോക്കി….

ഹർഷേട്ടാ…. മിസ് ചെയ്യുന്നുണ്ടല്ലേ…

ഒരുപാട്……

ഞാൻ പ്രാർത്ഥിക്കാം അവള് ഓർമയൊക്കെ കിട്ടി എളുപ്പം തിരിച്ചുവരാൻ……

നിന്റെ നാവ് പൊന്നാവട്ടെ……

അവര് സംസാരിക്കുമ്പോഴാണ് അമ്മായി വന്നത്….

എടാ ഹർഷാ മോൾക്ക് മാറ്റാൻ അങ്ങനെ കാര്യമായി ഒന്നും ഇവിടെയില്ല….

ഓഹ് .. ഞാനത് വിട്ടു… ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ടുപേരുംകൂടെ വിട്ടോ…… എനിക്ക് ഓഫീസിൽ കുറച്ചു വർക്കുണ്ട് അത് കഴിഞ്ഞു അങ്ങ് വരാം….. ദാ കാർഡ്…

അവൾക്ക് നീട്ടിയതും അവള് അമ്മായിയെ നോക്കി…..

മോള് വാങ്ങിക്കോ…..

അവര് പറഞ്ഞതും അവളത് വാങ്ങി…… അവനിറങ്ങി കുറച്ചു കഴിഞ്ഞതും അവര് രണ്ടുപേരും ഷോപ്പിംങിനായി ഇറങ്ങി…… അമ്മായിയാണ് അവൾക്കുള്ളത് സെലക്ട്‌ ചെയ്യുന്നത്, അവളത്തിലൊന്നും താല്പര്യം കാണിക്കാതെ മാറിനിൽക്കുകയാണ്…….

മോളേ അപ്പൂ…. ഇതൊന്ന് വച്ചുനോക്കിയേ….. അമ്മായി അവിടെയൊന്നു നോക്കട്ടെ…

ഒരു ടോപ് അവളുടെ കയ്യികൊടുത്ത് അവര് വേറെ സെക്ഷനിലേക്ക് നടന്നു…… അവളത് വച്ചു മിററിൽ നോക്കിയപ്പോഴാണ് ഒരാള് അവൾക്കരികിലേക്ക് നടന്നടുത്തത്, അയാളെക്കണ്ടതും അവള് ഞെട്ടിതിരിഞ്ഞു……. ഒരു പുഞ്ചിരിയോടെ അയാളെടുത്തേക്ക് വന്നതും അവളാ ടോപ് അവിടെയിട്ട് രണ്ടടി പുറകിലേക്കുവച്ചു…… അവളുടെ തലയ്ക്കു ഭാരം വല്ലാതെ കൂടുന്നുണ്ട്, ഇടയ്ക്ക് തലവെട്ടിപൊളിയ്ക്കുന്നപോലെ തോന്നിയതും ഇരുകയ്യും തലയ്ക്കുവച്ചവൾ അങ്ങനെ നിന്നു….. അമ്മായി അതുകണ്ടതും അവളുടെയെടുത്തേക്കായിവന്നു….

മോളേ അപ്പൂ… എന്തുപറ്റി……

അവര് വിളിച്ചെങ്കിലും മറുപടിയില്ല…. നിലത്തേക്കവൾ ഊർന്നുവീണത്തും അവര് ഉറക്കെ നിലവിളിച്ചു, അവളുടെ പുറകിലായിനിന്നവൻ അതെ പുഞ്ചിരിയോടെ അവളുടെ അടുത്തേക്കിരുന്നു…

ആന്റി അർപ്പണയുടെ ആരാ….. പേടിക്കണ്ട… ഞാൻ അർപ്പണയുടെ ഫ്രണ്ടാ, നമുക്കിവളെ ഹോസ്പിറ്റലിൽ എത്തിക്ക…..

എന്നാൽ വേഗം നോക്ക് മോനേ….. ഞാൻ… ഞാൻ ഹർഷനെ വിളിക്കട്ടെ…..

ആന്റി.. ആദ്യം ഹോസ്പിറ്റലിൽ എത്തിക്കാം… ഹർഷനെ വിളിച്ചാൽ അവൻ കൂടുതൽ പേടിക്കും, ഡോക്ടർ എന്താ പറയുന്നതെന്ന് നോക്കിയിട്ട് നമുക്ക് വിളിക്കാം…..

അവളെ എടുത്തു നടക്കുന്നതിനിടയിൽ അയാള് പറഞ്ഞതും അവര് തലയാട്ടി പുറകേനടന്നു……

ഇവളപ്പോൾ മരിച്ചില്ലായിരുന്നല്ലേ….. ബട്ട്‌ എന്ത് പ്രയോജനം……ഇവളപ്പോൾ അവനോട് എന്താ ഒന്നും പറയാതിരുന്നത്….

തുടരും