18/04/2026

എന്തിനെന്നറിയാതെ : ഭാഗം 23

രചന – എഴുത്തിനെ പ്രണയിച്ചവൾ

ദൂരെനിന്നെ അവൻ കണ്ടു അപ്പു തളർന്നിരിക്കുന്നത്, അവൻ പെട്ടന്ന് തന്നെ അവൾക്കരികിലേക്ക് നടന്നടുത്തു അവനെ കണ്ടമാത്രയിൽ അവളുടെ മുഖത്തു വെറുപ്പും ദേഷ്യവും നിറഞ്ഞു…….. അവനെ കണ്ടതും അവള് മുഖം കോട്ടി, എങ്ങോട്ടോ നോട്ടമയച്ചു, സങ്കടം തികട്ടി വന്നെങ്കിലും അവനത് പുറത്ത് കാണിക്കാതെ അവൾക്കരികിലായി ഇരുന്നു…..

അരൂ……

വിളിക്കരുത് എന്നെ അങ്ങനെ… നിങ്ങള് വെറും ദുഷ്ടനാ…. എന്തിനാ ഇങ്ങനെയൊക്കെ…. അർജൂനോട് എന്തിനാ ഇങ്ങനെ ചെയ്തേ….. പറാ…..

അവള് അവനു കേൾക്കാൻ പാകത്തിലാണ് സംസാരിക്കുന്നത്

തോന്നുന്നുണ്ടോ നിനക്ക്, ഞാനിങ്ങനെ ചെയ്യുമെന്ന്….. അതിന്റെ ആവശ്യമെന്താ എനിക്ക്…… അരൂ…. എനിക്ക് നിന്നോട് സംസാരിക്കണം നമുക്കൊന്ന് ആദിയെപ്പോയി കണ്ടാലോ…

നിങ്ങടെ കൂടെ ഞാൻ വരുമെന്ന് തോന്നുന്നുണ്ടോ…. അതിനി ഒരിക്കലും ഉണ്ടാവില്ല…..

അരൂ ഞാൻ

എനിക്ക് നിങ്ങളെ കാണണ്ട ഒന്നിവിടുന്ന് പോ….

അവളലറിയതും അവനവിടുന്ന് എണീറ്റു അർജുന്റെ അമ്മയുടെ അടുത്തേക്ക് നടന്നു….

ആന്റി… അർജുന് എങ്ങനെയുണ്ട്….

സർജറി കഴിഞ്ഞേ ഉള്ളു… ഒന്നും പറയാറായിട്ടില്ല…..

ഹ്മ്…..

അഭി ഹർഷനെ മനസിലാകാത്തതിനാൽ അവനെ തന്നെ ഉറ്റുനോക്കുകയാണ്, അവൻ അവരിൽനിന്നും മാറിനിന്നു അപ്പുവിനെ ശ്രദ്ധിക്കുന്നതുകണ്ടതും അഭി അവന്റെ അടുത്തേക്ക് നടന്നടുത്തു…..

ആരാ… അപ്പുവിന്റെ ആരെങ്കിലും ആണോ…

ഹ്മ്…..

ഓഹ്…. എങ്ങനെ അറിഞ്ഞു ഇവിടെയാണെന്ന്….

ചോദിച്ചു… അറിയുന്നവരോട്….. അർജുന്റെ അനിയനല്ലേ….

ഉം…അപ്പുവിന്റെ ആരാ….

അവന്റെയാ ചോദ്യം കേട്ടതും ഹർഷൻ അപ്പുവിനെ നോക്കി….

ഇതിന് എന്തുത്തരമാ ഞാൻ നൽകേണ്ടത്…. എന്റെ ഉത്തരം അവളില്ലെങ്കിൽ അപൂർണമാണ്….. ലോകത്തോട് വിളിച്ചുപറയണമെന്നുണ്ട് എനിക്ക്, നീയെന്റെ സ്വന്തമാണെന്ന്, എന്നാൽ നീയത് നിഷേധിക്കുമ്പോൾ എനിക്കത് താങ്ങില്ല…. ഒരുപക്ഷെ എന്റെയാ മറുപടി നിന്നെ വേദനിപ്പിക്കും…. ഇപ്പോൾ തന്നെ നീ സഹിക്കാവുന്നതിനപ്പുറം സഹിച്ചു… ഇനിയുമത് പാടില്ല……

ഹർഷൻ മൗനം പാലിച്ചതിനാലാകും അഭി പിന്നെയവനെ ശല്യം ചെയ്തില്ല…..

ഡോക്ടർ പുറത്തേക്ക് വരുന്നതുകണ്ടതും അവരോരുമിച് അയാളുടെ അടുത്തേക്കടുത്തു….

24 hours കഴിയാതെ ഒന്നും പറയാൻ പറ്റില്ല……lets ഹോപ്പ് ഫോർ ഗുഡ്

അത്രയും പറഞ്ഞു അയാള് നടന്നകന്നതും ദേഷ്യത്തോടെ അപ്പു ഹർഷനെ നോക്കി…… അത് മനസിലാക്കിയിട്ടേന്നോണം അവനവളുടെ കൈപിടിച്ച് ആളുകൾ അധികമില്ലാത്ത ഒരു ഭാഗത്തേക്ക് നടന്നു….

അരൂ…. പറാ…. നീ വിശ്വസിക്കുന്നുണ്ടോ ഞാൻ അത്ചെയ്തു എന്ന്….

ഉണ്ട്…… എന്നോട് അങ്ങനെ ചെയ്യാമെങ്കിൽ ഇതും ചെയ്യാൻ നിങ്ങൾക്ക് കഴിയും…..

നിന്നോട് ഞാനത് ചെയ്തു എന്നത് നേരാ …. അതുചെയ്യാനുള്ള കാരണം നിനക്കറിയോ…..

അറിയണമെന്നില്ല…

അറിയണം…. കാർത്തികുമായുള്ള മാര്യേജ് മുടക്കാൻ, അവൻ നിന്നെക്കൊണ്ടുപോയി വല്ലവർക്കും വിൽക്കുന്നത് കാണാനുള്ള ശേഷി എനിക്കില്ല അതുകൊണ്ട്…. ഒന്ന് മനസിലാക്ക് നീയെന്റെ അവസ്ഥ…… ആരെ വേദനിപ്പിച്ചാലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല…..

അതെന്താ…. അതിനുമാത്രം എന്ത് ബന്ധമാ നമ്മള് തമ്മിലുള്ളത്…… എന്റെ ഏട്ടന്റെ ഫ്രണ്ട് അതല്ലേ…… എനിക്ക് ആ ബന്ധം ആവശ്യമില്ല… ഇനിയുമെന്നേ ശല്യം ചെയ്യരുത്…. ഒന്നിവിടുന്ന് പോയിത്താ….

ഇല്ല, പോവില്ല…. കാരണം അർജുൻ ജീവനോടെയുണ്ടെന്ന് അറിഞ്ഞാൽ കാർത്തിക് വരും ഉള്ള ജീവനെടുക്കാൻ… അതിന് ഞാൻ സമ്മതിക്കില്ല…….. പിന്നെ അരൂ…. ഇപ്പോൾ നീ എന്നോട് ചോദിച്ചല്ലോ എന്ത് ബന്ധമാ നമുക്കിടയിലെന്ന്, അതിനുള്ള ഉത്തരം കിട്ടുമ്പോൾ സ്വയം വേദനിക്കരുത്…..

നെഞ്ച്കോറിവലിക്കുന്ന വേദനയോടെ പറഞ്ഞു അവൻ തിരിഞ്ഞു നടന്നു, കുറച്ചു നേരം അവിടെ നിന്നശേഷം അവള് ചെന്ന് അനിതയുടെ അടുത്തിരുന്നു……

ആരുടെയോ കരച്ചില് കേട്ടാണ് ഹർഷനും അഭിയും കഴുത്തു ചരിക്കുന്നത്, ശ്രയയെ കണ്ടതും ഹർഷൻ നേരെയിരുന്നു, അഭി അവിടുന്ന് എണീറ്റ് അവർക്കരികിലേക്ക് നടന്നു…..

ആന്റി…. അജുവിന് എങ്ങനെയുണ്ട്, എനിക്കൊന്നു കാണാൻ പറ്റോ….. ഒരേയൊരു തവണ ഒന്ന് കണ്ടോട്ടെ…. പ്ലീസ്….. ഇല്ലെങ്കിൽ ഞാൻ ചത്തുപോകും……

അവള് കരഞ്ഞു പറഞ്ഞതും അനിത അപ്പുവിനെ നോക്കി, അവള് തല കുമ്പിട്ടു ഇരിക്കുകയാണ്…. ശ്രയയുടെ ഒപ്പം ജാനകിയുമുണ്ട്, ശ്രയ കരഞ്ഞുകൊണ്ട് അവരെനോക്കി….

അനിതെ…. മോളൊന്ന് കണ്ടോട്ടെ….. ഞാൻ നിങ്ങടെ കാലുപിടിക്കാം….

അത്…. ഞാൻ… ഞാൻ എന്തുപറയാനാ…. എനിക്ക്…. ഞാൻ…. ഡോക്ടർ സമ്മതിക്കോ….

ഞാൻ സംസാരിച്ചു നോക്കാം…..

ശ്രയ അവനെ കിടത്തിയിരിക്കുന്ന icu മുൻപിൽച്ചെന്ന് ഡോറിനോട് ചാരിയിരുന്നു കരയുകയാണ്…… അവളുടെ മുൻപിൽ തെളിയുന്നതത്രയും അവനോടൊത്തുള്ള മനോഹരമായ നിമിഷങ്ങളാണ്, ഒരു ചലച്ചിത്രംപോലെ അവ തെളിഞ്ഞതും അവളുടെ കണ്ണുകൾ പിന്നെയും പെയ്തുകൊണ്ടിരുന്നു…

അനിതേ… എന്റെ മോള് മര്യാദക്കൊന്ന് ഉണ്ട്ട്ടോ ഉറങ്ങീട്ടോ ദിവസങ്ങളായി , എനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണ്…. അറിയാലോ നിങ്ങൾക്കൊക്കെ അത്… ശ്രയക്ക് അർജുനെന്ന് വച്ചാൽ ജീവനാ….. എന്നാൽ പുതിയപലരും വന്നപ്പോൾ അവൻ പലതും മറന്നു….

അപ്പുവിനെകൊള്ളിച്ചു അവര് പറഞ്ഞതും അവള് അനിതയെയും അവരെയും മാറിമാറി നോക്കി….

ജാനകി… നീയെന്താ അങ്ങനെ പറഞ്ഞത്…

ഒന്നുല്ല…… എനിക്കൊരു അപേക്ഷയെ ഉള്ളൂ…. എന്റെ മോളെ സങ്കടപെടുത്തരുത്….

അവരുടെ വാക്കുകളിൽ അപ്പുവിനൊന്നും തോന്നിയില്ല….അവള് അവിടുന്ന് എണീറ്റ് നടന്നതും ഹർഷന്റെ കണ്ണുകൾ അവളെ പിന്തുടർന്നു, ജാനകി ശ്രയയുടെ അരികിലായി വന്നിരുന്നു അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി

അപ്പു എല്ലാവരിൽനിന്നും മാറി ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ടതും അവളെ നല്ല ചീത്തപറയാൻ മനസ്സിൽ കണക്കുകൂട്ടി ജാനകി അവൾക്കരികിലേക്ക് നടന്നു……

അപ്പു എന്തോ ആലോചനയിൽ മുഴുകിയിരിക്കുകയാണെന്ന് അവർക്ക് മനസിലായി….

ഹർഷേട്ടൻ എന്താ അങ്ങനെ സംസാരിച്ചത്…… പറഞ്ഞത് സത്യമാണോ…. ആരെയാ വിശ്വസിക്കേണ്ടത് ഒന്നും മനസിലാകുന്നില്ലല്ലോ….. വരുന്നത് വരട്ടെ…..

ആരുടെയോ കൈ ചുമലിൽ തട്ടിയതും. അവള് ഞെട്ടിതിരിഞ്ഞു നോക്കി, മുൻപിൽ പകയോടെ നിൽക്കുകയാണ് ജാനകി……

ഉം… എന്താ

അവളുടെയാ ചോദ്യം കേട്ടതും അവർക്ക് ദേഷ്യം പെരുവിരൽ മുതൽ ഉച്ചിവരെ അറിച്ചുകയറി, അവരുനിന്ന് പല്ലുറുമുന്നത് കണ്ടതും അവള് മുഖം താഴ്ത്തി….. പിന്നെ അവരുടെ മുഖത്തേക്ക് നോക്കി….

ആന്റി എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്, ഞാൻ എന്താ ചെയ്തത്…

നീയൊന്നും ചെയ്തില്ലെടി…

ഇല്ല… എന്റെ അറിവിൽ ഒന്നുമില്ല…

നീ കാരണമാ എന്റെ മോള്….

മറ്റുള്ളവര് ചെയ്യുന്ന തെറ്റ് എന്റെ തലയിലിടേണ്ട… ആന്റിയുടെ മോള് എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ, തെറ്റ് ചെയ്തവർക്കാ ടെൻഷൻ തോന്നുക… അല്ലാത്തവർക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല….

ഭാവഭേദമില്ലാതെ അവള് പറഞ്ഞതും ജാനകി അവൾക്ക് നേരെ കയ്യുയർത്തി, അപ്പു കണ്ണടച്ച് മുഖം തിരിച്ചു…..

ആരുടെയോ കൈകൾ തന്നെ തടഞ്ഞെന്നു മനസിലായതും ജാനകി തലവെട്ടിച്ചു അങ്ങോട്ട് നോക്കി…. മുൻപിൽ നിൽക്കുന്നവൻ അവർക്ക് അപരിചിതനായിരുന്നു…..

അപ്പു കണ്ണ് തുറന്നപ്പോൾ ഹർഷൻ ജാനകിയെ തടഞ്ഞതാണ് കാണുന്നത്….

ഛീ … എന്റെ കയ്യിൽനിന്ന് വിടെടാ……

അവൻപിടി ഒന്നുകൂടെ മുറുക്കുകയാണ് ചെയ്തത്……

അരൂ…. നീയങ്ങോട്ട് ചെല്ല്…..

അവൻ പറഞ്ഞതും അവളവനെ ഉറ്റുനോക്കി…..

നിനക്ക് പറഞ്ഞത് മനസിലായില്ലേ, അങ്ങോട്ട് പൊക്കോ….

അവന്റെ സ്വരം ഉയർന്നതും ഞെട്ടികൊണ്ട് അവളവിടുന്ന് മാറി…… അവള് കണ്മുന്നിൽ നിന്ന് മറഞ്ഞതും ഹർഷൻ അരിശത്തോടെ അവരെനോക്കി…..

നിങ്ങൾക്ക് എന്താ വേണ്ടത്, നാണമില്ലേ. ഇങ്ങനെ പെരുമാറാൻ……

നീയേതടാ… എന്നെ പെരുമാറ്റം പഠിപ്പിക്കാൻ…

ഞാൻ ആരാണെന്ന് നിങ്ങളറിയേണ്ട യാധൊരു ആവശ്യവുമില്ല…. ഇപ്പോൾ ആട്ടി വിട്ടില്ലേ, അവളാരാ എന്നറിയോ….. എവിടെയെങ്കിലും കണ്ട് പരിചയമുണ്ടോ…..

കണ്ണിൽകണ്ടവരെ പരിചയപെടലല്ല എനിക്ക് പണി…. എന്താ അവളുടെ അഹങ്കാരം…. തന്തയും തള്ളയും നല്ലത് പറഞ്ഞു വളർത്താത്തതിന്റെയാ….

അത് നിങ്ങള് പറഞ്ഞത് കറക്റ്റാ…. രണ്ട് നല്ല മക്കളാ തന്തയും തള്ളയും…… അവർക്കിട്ട് ഒന്ന് പൊട്ടിക്കണം എന്നെനിക്കുണ്ട്…. ബട്ട്‌ പ്രായത്തിന്റെ മൂത്തതായ കാരണം വിട്ടുകളയുകയാ… ബട്ട്‌ അത് എപ്പോഴും ഉണ്ടാവില്ല….അരുവിനെ വേദനിപ്പിച്ചാൽ പ്രായം ഞാൻ അങ്ങ് മറക്കും കേട്ടല്ലോ…. പറഞ്ഞില്ലെന്നു വേണ്ട….

എന്റെ മോൾക്ക് എതിരായി വന്നാൽ ചിലപ്പോൾ ഞാൻ വേദനിപ്പിച്ചെന്നു വരും…..

നിങ്ങടെ മോളോ… അതാരാ….

ശ്രയ… എന്റെ മോള്….

നിങ്ങള് പ്രസവിച്ച നിങ്ങടെ മോള്… അല്ലെ….

പുച്ഛത്തോടെ അവൻ ചോദിച്ചതും അവര് ഒന്ന് പതറി….

അതേ….. എന്തേ….

എനിക്ക് നിങ്ങളോട് പുച്ഛവും സഹതാപവുമാ തോന്നുന്നത്, നൊന്തുപ്രസവിച്ച മോളെ കൊല്ലുമെന്ന് പറഞ്ഞ നിങ്ങൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ എങ്ങനെ കഴിയും…..

എന്താ….. നീയെന്താ പറഞ്ഞു വരുന്നത്…..

പറയണ്ടാ എന്ന് കരുതിയതാ, ബട്ട്‌ പറയും കാരണം അവള് അനുഭവിക്കുന്ന വേദനയുടെ ഒരമ്ശമെങ്കിലും നിങ്ങള് അനുഭവിക്കണം….. അരു…. അർപ്പണ…. ഫുൾ നെയിം അർപ്പണ പ്രതാപവർമ, ഓർക്കുന്നുണ്ടോ ആ പേര്….. അവൾക്ക് ഒരേട്ടൻ കൂടെയുണ്ട് ആദിത്യൻ…. ആദിത്യ വർമ….

അത് കേട്ടതും അവരുടെ മുഖം വിളറി, വീണുപോകാതിരിക്കാനായി തൂണിൽ ചാരിനിന്നു…….

കൊല്ലുമെന്ന് പറഞ്ഞത് ആരെയാണെന്ന് ബോധം വന്നോ……. സ്വന്തം മോളെ തിരിച്ചറിയാൻപോലും കഴിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അവളെ ഒന്ന് സ്നേഹത്തോടെ പേര് വിളിക്കാൻ പോലും ആവാതെ നിങ്ങള് അലയണം, അപ്പോഴും തീരില്ല നിങ്ങള് ചെയ്ത പാപം…..

പരിഹാസത്തോടെ പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും അവരവിടെ ഊർന്നുവീണുപോയി……

എ… എന്റെ…. എന്റെ മോളാണോ……. ഞാൻ എന്താ പറഞ്ഞത് അവളോട്…. എന്നെ മനസിലായിട്ടാണോ അമ്മേന്ന് വിളിച്ചേ…. എന്തൊരു പാപിയാ ഞാൻ…. മോളെ തിരിച്ചറിയാൻ പറ്റിയില്ലല്ലോ……,

അവിടുന്ന് എണീറ്റ് കണ്ണുതുടച്ചു അവര് അപ്പുവിന്റെ അടുത്തേക്ക് നടന്നു, അവള് അനിതയുടെ തോളിൽ ചാഞ്ഞുകിടക്കുകയാണ്….

മോളേ, അപ്പൂ…. എത്രനേരമായി ഇങ്ങനെ ഇവിടെ ഇരിക്കുന്നു പോയി എന്തേലും കഴിക്ക്…. ഹർഷനെയോ അഭിയേയോ വിളിച്ചോ….

എനിക്കൊന്നും വേണ്ട ആന്റി….

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…. നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്…..

വേണ്ട….

അമ്മമാര് പറയുന്നത് പിള്ളേര് കേൾക്കണം, ഇല്ലേൽ നല്ല പെടക്കിട്ടും…

അനിത അപ്പുവിനോട് പറയുന്നത് കേട്ടതും ജാനകിയുടെ കണ്ണ് നിറഞ്ഞു, മറ്റാരും കാണാതെ അത് തുടച്ചു അവര് അപ്പുവിന്റെ അടുത്തായിരുന്നു…. അവരെകണ്ടതും അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി.

ആന്റി ഞാൻ എന്നാൽ അഭിയുടെ ഒപ്പം പോയിവരാം . …

ഹർഷനെയും വിളിച്ചോ….അവനും ഒന്നും കഴിച്ചില്ലല്ലോ….. ഹർഷാ…

അവര് നീട്ടിവിളിച്ചതും ഹർഷൻ അങ്ങോട്ട്‌ വന്നു….

എന്താ ആന്റി,

നിങ്ങള് പോയി എന്തേലും കഴിച്ചിട്ട് വാ…..മോളാകെ ക്ഷീണിച്ചിട്ടുണ്ട്…..

ആന്റിയും ഒന്നും കഴിച്ചില്ലല്ലോ… ആന്റിക്കും ക്ഷീണമുണ്ട്…ആന്റിയും വാ….

എനിക്കിപ്പോൾ ഒന്നുംവേണ്ട ഹർഷാ…. അർജു ഇങ്ങനെ കിടക്കുമ്പോൾ എങ്ങനാ ഞാൻ….. നിങ്ങള് ചെല്ല്… അഭീ…. പോയിട്ടുവാടാ…..

ജാനകി ഇതിനിടയിൽ അപ്പുവിന്റെ കൈപിടിക്കാൻ നോക്കിയതും അവള് കൈമാറ്റി അവിടുന്ന് അഭിയുടെ കയ്യുമ്പിടിച്ചു ഇറങ്ങി…..ഹർഷനും ഒപ്പമുണ്ട്….. ചായകുടിക്കുമ്പോൾ അഭി ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും രണ്ടുപേരും കാര്യമായി ഒന്നും സംസാരിക്കുന്നില്ല…..

ചായകുടിച്ചു വന്നപ്പോഴും ജാനകി അനിതയുടെ അടുത്തായി അവരെയും കാത്തിരിക്കുന്നതുകണ്ടതും അപ്പു അങ്ങോട്ട് പോവാതെ അവിടെത്തന്നെ സ്ഥാനം ഉറപ്പിച്ചു… ഹർഷനും അവൾക്കുകൂട്ടായി അവിടെത്തന്നെ ഇരുന്നു…..

ജാനകി ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്….. ആ നോട്ടം അവൾക്ക് അസ്സഹനീയമായിരുന്നു….

ഹർഷേട്ടാ…….

പെട്ടന്നുള്ള അവളുടെ വിളികേട്ടതും അവൻ അവളെ നോക്കി…..

എന്താ അരൂ…..

അവരെന്തിനാ എന്നെയിങ്ങനെ നോക്കുന്നത്…. ഹർഷേട്ടൻ പറഞ്ഞോ അവരോട്…….

ഹ്മ്…. പറഞ്ഞു….. അവരറിയണമെന്ന് തോന്നി…..

എന്തിനാ അങ്ങനെ ചെയ്തത്…… എങ്ങനെയെല്ലാം ഉപദ്രവിക്കാം എന്ന് ആലോചിക്കുവാണോ…….

സോറി…. അങ്ങനെയല്ല…. പറഞ്ഞില്ലെങ്കിൽ അവര് നിന്നെ ഉപദ്രവിക്കും അതാ…… അരൂ എനിക്ക് മനസിലാകും നിന്റെ ഫീലിംഗ്സ്… നിനക്ക് താല്പര്യം ഇല്ലെങ്കിൽ നീയവരെ മൈൻഡ് ചെയ്യണ്ട…. ബട്ട്‌ അവർക്ക് മനസിലാക്കണം എത്ര വലിയ തെറ്റാ അവര് നിന്നോടും ആദിയോടും ചെയ്തതെന്ന്……

അവള് മുഖം ചുളിച്ചു എങ്ങോ നോക്കി……

ജാനകിയിരുന്നു എരിപിരികൊള്ളുകയാണ്…. അപ്പുവിനെ വാരിപ്പുണരണമെന്ന ആശ ഉള്ളിൽ ഏറിവരുന്നത് അവരറിഞ്ഞു…… അവിടുന്ന് എണീറ്റ് അവൾക്കരികിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് ശ്രയ അവരുടെ അടുത്തേക്ക് വന്നത്….

അമ്മേ….

ഉം…..

എന്തുപറ്റി… എന്താ വല്ലാതിരിക്കുന്നത്……

ഒന്നുല്ല…

അമ്മയൊന്ന് അച്ഛനോട് എനിക്കുള്ള ഡ്രെസ് കൊണ്ടുവരാൻ പറാ… അർജുന് മാറാതെ ഞാനിവിടുന്നു എങ്ങോട്ടുമില്ല….. അവനെ കണ്ടാലേ എനിക്ക് ശ്വാസം വീഴു…..

അവരത് ശ്രവിക്കുന്നില്ലായിരുന്നു, നോട്ടം മുഴുവൻ അപ്പുവിലാണ്……

അമ്മേ…

അവളിത്തിരി കനത്തിൽ വിളിച്ചതും അവര് ഞെട്ടി……

എന്താ അമ്മേ ഇങ്ങനെ… എന്റെ അവസ്ഥ ഒന്ന് മനസിലാക്ക്…..

ഞാൻ…. ഞാൻ അച്ഛനെ വിളിക്കാം… നീ പറഞ്ഞോ

അവര് ഫോണെടുത്ത് അവൾക്ക് നീട്ടി….പിന്നെ നോക്കുമ്പോ അപ്പുവിനെയോ ഹർഷനെയോ അവിടെ കാണാനില്ല…. അവര് ഒരു ഞെട്ടലോടെ അവരിരുന്ന ഭാഗത്തേക്ക് ചെന്നുനോക്കി….അവിടുന്ന് കുറച്ചു മാറി ഇരുവരും ഇരിക്കുന്നത് കണ്ടതും അവർക്ക് സമാധാനമായി……. ശ്രയ അവരെവന്നു വിളിച്ചുകൊണ്ടുപോയി അവരുടെ മടിയിലേക്ക് ചാഞ്ഞുകിടന്നു….ഓരോ കാര്യങ്ങളും മനസിലൂടെ കടന്നുവരാൻ തുടങ്ങിയതും അവരുടെ കണ്ണുകൾ നിറഞ്ഞു, അവ തുടച് അവര് കണ്ണുകളടച്ചു അങ്ങനെ ഇരുന്നു…….

പിറ്റേന്ന് അർജുൻ ഓക്കേ ആണെന്ന് ഡോക്ടർ അറിയിച്ചത് എല്ലാവരും ഹാപ്പിയായി…. ജാനകി അപ്പുവിന്റെ അടുത്തേക്ക് പോകാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അവയെല്ലാം വിഫലമായിരുന്നു……..

ഇടയ്ക്ക് ഹർഷൻ നോക്കുമ്പോൾ അപ്പു രണ്ടുകൈകൊണ്ടും വയറുപൊത്തി കുമ്പിട്ടിരിക്കുകയാണ്…..

അരൂ….. എന്തുപറ്റി…. നിനക്ക് വയ്യേ…. അരൂ….. മോളെ… എന്താടാ……

ഒന്നുല്ല….

അവനവളുടെ മുഖം പിടിച്ചുയർത്തി….. മുഖത്തു നിന്നും അവളുടെ വേദന മനസിലായതും അവനൊന്നു തറഞ്ഞു നിന്ന്……

എന്താ അരൂ… പീരിയഡ്‌സ് ആണോ…….

വേദനയ്ക്കിടയിൽ അവള് തലയാട്ടിയതും അവനു അവളുടെ വയറിൽ അമർത്തിപിടിക്കാനാണ് തോന്നിയത്, എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്‌താൽ അവളുടെ റിയാക്ഷൻ അറിയാവുന്നതുകൊണ്ട് അവനൊന്നു അമാന്തിച്ചു…..

അരൂ…… പാഡ് വേണ്ടേ……

അവളുടെ ജാള്യതയോടെയുള്ള മുഖം കണ്ടതും അവനവളുടെ ചുമലിൽ തട്ടി…..

നീ ഇവിടെയിരിക്ക് ഞാൻ ചെന്ന് വാങ്ങിവരാം……..

ഹർഷൻ എളുപ്പം തന്നെ അതുമായി തിരിച്ചു വന്നു അവൾക്ക് കൊടുത്തു…. അവള് ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷായി വന്നു…. വേദന അവൾക്ക് അസ്സഹനീയമായിരുന്നു…. അവളിരുന്ന് പുളയുന്നതുകണ്ടതും ഹർഷൻ അടുത്തായിരുന്നു അവളുടെ ചുമലിലൂടെ കയ്യിട്ടു….

അരൂ……. ഞാൻ ആന്റിയോട് പറയട്ടെ……

വേണ്ട…..

പിന്നെ എന്താ ചെയ്യാ…. നിനക്കറിയില്ലേ ഈ സമയം നിനക്ക് തീരെ വയ്യാതെയാകുമെന്നത്…. ഇവിടെയിങ്ങനെ ഇരുന്നാലോ…… ഞാൻ പറഞ്ഞിട്ട് വരാം

അവളെന്തെങ്കിലും പറയുന്നതിനുമുന്പേ ഹർഷൻ അനിതയുടെ അടുത്തേക്ക് നടന്നു……. ജാനകി അവനെ ഉറ്റുനോക്കുന്നുണ്ട്…..

ആന്റി….. അരൂന് വയറുവേദന….. പീരിയഡ്‌സ് ആണ് … ആന്റി ഒന്ന് വരോ….

അനിത അവിടുന്ന് എണീക്കുന്നതിനുമുന്പേ ജാനകി അങ്ങോട്ട് നടന്നു….. അവര് അപ്പുവിന്റെ മുടിയിലൂടെ വിരലോടിച്ചതും അവളത് വെറുപ്പോടെ തട്ടിമാറ്റി………

മോളെ…. ഞാൻ…

അവര് വിളിച്ചതും അപ്പു അവിടുന്ന് എണീറ്റ്, അപ്പോഴേക്കും അനിതയും ഹർഷനും അങ്ങോട്ടേത്തിയിരുന്നു, അനിത വേഗം അവളെ താങ്ങി….

എന്താ മോളെ തീരെ വയ്യേ …..

കുഴപ്പല്യ ആന്റി….

നമുക്ക് വീട്ടിൽ പോവാം … ഇവിടെ നിൽക്കണ്ട മോള്    …

അല്ല അർജുൻ  ..

അഭി ഇവിടെയില്ലേ …. നമുക്ക് പുറത്തുനിൽക്കാൻ അല്ലാതെ അകത്തേക്ക് പോയി അവനെ കാണാനും കഴിയില്ലല്ലോ…. എടാ അഭി ഞങ്ങള് പോവാ  … ഞാൻ കുറച്ചു കഴിഞ്ഞു വരാം  ….

ശരി അമ്മേ … അപ്പൂ ടാബ്‌ലറ്റ്സ് വല്ലതും വേണോ

അതൊന്നും വേണ്ട, വാ മോളെ …. ഹർഷാ വാ….

അനിത അപ്പുവിനെക്കൂട്ടി പോകുന്നത് കണ്ടതും ജാനകിയുടെ കണ്ണ് നിറഞ്ഞു    …

വീട്ടിലെത്തിയപ്പോഴേക്കും അവൾക്ക് വേദന അസ്സഹനീയമായിരുന്നു, ഹർഷൻ അവളെ ഒരു കുഞ്ഞിനെയെന്നപോലെ എടുത്തു റൂമിൽകൊണ്ടുചെന്ന് കിടത്തി, പതിയെ അവളുടെ കാലിൽ തഴുകാൻ തുടങ്ങി.,…

അരൂ…… നിനക്ക് കുടിക്കാൻ എന്തെങ്കിലും തരട്ടെ….

വേണ്ടെന്ന് അവള് തലയാട്ടി, അനിത നെറ്റിച്ചുളിച് ഹർഷനെ നോക്കുകയാണ്… അവളുറങ്ങിയെന്ന് കണ്ടതും ഹർഷൻ അവിടുന്ന് എണീറ്റു പുറത്തേക്ക് നടന്നു അനിതയും ഒപ്പമുണ്ട്…..

ഹർഷാ……. ഒന്നവിടെ നിന്നേ….

എന്താ ആന്റി……

നീ അപ്പുവിനെ അനിയത്തിയായി തന്നെയാണോ കാണുന്നത്…..

അവൻ തലകുനിച്ചു….

പറാ, എനിക്കറിയണം….. നിന്റെ കണ്ണില് ഞാനിപ്പോൾ കണ്ടത് അനിയത്തിയോടുള്ള വാത്സല്യമല്ല…… എന്താ നിന്റെ മനസില്…..എന്താണെങ്കിലും നീയൊന്ന് തുറന്നു പറാ……

ഞാൻ….. പറയാം.. എല്ലാം…

തുടരും