17/04/2026

എന്തിനെന്നറിയാതെ : ഭാഗം 18

രചന – കഥയെ പ്രണയിച്ചവൾ

എടാ മോനേ…. എന്താ ഉണ്ടായത് നീയെന്താ വല്ലാതിരിക്കുന്നത്…..

ഒന്നുല്ല, എനിക്കെന്റെ അരൂനെ വേണം, അമ്മായി അതിനെന്നെ സഹായിക്കണം… കൂടെ നിൽക്കോ?

ആ വാക്കുകൾ ദൃഡമായിരുന്നു, അവരൊരു നിമിഷം സ്തംഭിച്ചുപോയി…

എടാ എന്താ ഉണ്ടായത് ഹർഷാ, എനിക്കൊന്നും മനസിലാകുന്നില്ല നീയെന്താ വല്ലാതിരിക്കുന്നത്, മോളെ കണ്ടില്ലേ…

കണ്ടു…. അവളെ കണ്ടു എന്നാൽ… അമ്മായി അവളില്ലാതെ വയ്യെനിക്, എന്റൊപ്പം കൊണ്ടുവരാനാ ഇവിടുന്ന് പോയത്, എന്നാൽ അവനവളെ സമ്മതിക്കുന്നില്ല…. അവനൊരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ല, മറ്റൊരുത്തിയെ സ്നേഹിക്കുന്നവന് എങ്ങനെ എന്റെ അരൂനെ സ്നേഹിക്കാൻ കഴിയും…. അമ്മായി തന്നെ പറാ….

ഹർഷാ നിനക്കെന്താ ഭ്രാന്തുണ്ടോ, അവളെ അവളുടെപാട്ടിനു വിട്ടേക്ക്, ഇനിയും അവളുടെ പുറകെ നടന്നു മോൻ ജീവിതം നശിപ്പിക്കരുത്…

അമ്മായി, നിങ്ങളൊന്നുമെന്താ എന്നെ മനസിലാക്കാത്തത്, ഒന്ന് വന്നേ

അവനവരുടെ കൈപിടിച്ച് അകത്തേക്ക് നടന്നു

എങ്ങോട്ടാ ഹർഷാ

അവര് ചോദിച്ചെങ്കിലും അതിനു മറുപടിയുണ്ടായില്ല… നേരെ അവന്റെ റൂമിലേക്കാണ് പോയത്, അതിനോട് ചേർന്നുതന്നെ അവന്റെ സ്റ്റഡി റൂമും ഉണ്ട്, റൂമിൽച്ചെന്ന് ഒരു കീ എടുത്ത് അവൻ പുറത്തേക്ക് വന്നു ആ സ്റ്റഡി റൂം തുറന്നു…..

അമ്മായി ഇതെന്റെ ലോകാ, ഈ ലോകത്ത് അവള് മാത്രമേ ഉള്ളു…

ആ റൂം കണ്ടമാത്രയിൽ അവർക്കും അത് ബോധ്യമായി….

ഹർഷാ…..

അവളെ മറക്കാൻ മാത്രം എന്നോട് പറയരുത് കഴിയില്ല എനിക്കതിനു….

ഞാൻ എന്താടാ വേണ്ടത്…..

അവരുടെയാ ചോദ്യം കേട്ടതും അവന്റെ മുഖം തെളിഞ്ഞു…. എന്തൊക്കയോ നിർദ്ദേശങ്ങൾ അവർക്ക് നൽകിയശേഷം അവനവിടുന്നിറങ്ങി, നേരെ പോയത് കവലയിലേക്കാണ്, ആ കവല തീർത്തും ശൂന്യമാണെന്ന് അവനു തോന്നി, ആദിത്യൻ ഇല്ലാതെ അവന്റെ ആ ലോകം അപൂർണമായിരുന്നു.

ഓർമകളിൽ ഊളിയിടാൻ ആഗ്രഹിച്ചതിനാലാകും അവനാ ആലിഞ്ചുവട്ടില് ഇരുന്നു….

ആ വഴി തന്റെ ബുള്ളറ്റിൽ ചീറിപ്പാഞ്ഞു പോകുമ്പോഴാണ് കാർത്തിക് യാദൃശ്ചികമായി ഹർശനവിടെയിരിക്കുന്നത് കാണുന്നത്. വണ്ടി സൈടാക്കി അവൻ ഹർഷന്റെ അരികിലേക്ക് നടന്നടുത്തു. അതുകണ്ടതും ആളുകളെല്ലാം ഒരു നല്ല തല്ലുകാണാമെന്നു ഉറപ്പിച്ചു അങ്ങോട്ട് എത്തിനോക്കുകയാണ്.

ഹർഷാ…..

അവന്റെ വിളികേട്ടതും ഹർഷൻ പുരികം ചുളിച്ചു അവനെ നോക്കി, ഹർഷന്റെ കണ്ണുകളിൽ കാർത്തിക്കിനോടുള്ള അടങ്ങാത്ത പക ദൃശ്യമാണ്. അവന്റെ എതിർ ദിശയിലേക്ക് നോട്ടമയച്ചു ഹർഷൻ അവിടെത്തന്നെ നിലയുറപ്പിച്ചു…

ഹർഷാ…. I’m സോറി…. എനിക്ക് മനസിലാകും നിന്റെ അവസ്ഥ, നിന്നെപ്പോലെ ഞാനും മോഹിച്ചതല്ലേ അവളെ, എന്തുചെയ്യാന യോഗമില്ല…. എനിക്ക് മാത്രമല്ല നിനക്കും… അവളെ സ്വന്തമാക്കാനാ നിനക്കിട്ടും അവളുടെ പൊന്നാങ്ങളയ്ക്കിട്ടും പണിതത്, എന്നിട്ടും അവള് പോയില്ലേ….. എന്തായാലും നല്ല ഉഗ്രൻ ഫിഗർ ആയിരുന്നു, അവളെയൊന്ന് കണ്ടാൽ തന്നെ എനിക്ക്….

ഹർഷൻ ദേഷ്യത്തിൽ നോക്കിയതും കാർത്തിക് ബാക്കി പറയാതെ അവനെ നോക്കി…

നീയെന്തിനാ ഹർഷാ ഈ നോക്കിപേടിപ്പിക്കുന്നത്, ഞാൻ സത്യമല്ലേ പറഞ്ഞത്. ഒരുപാട് എണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട് ബട്ട്‌ അവളെപ്പോലെ ഒരു ഇടിവെട്ട് പീസിനെ ലൈഫിൽ ആദ്യമാണ്, അത് മിസ്സാകുകയും ചെയ്തു… എനിക്കറിയാം നീ ഇപ്പോഴും അവളുടെ പിന്നാലെ മണപ്പിച്ചു നടക്കുകയാണെന്ന്, ഇനി അഥവാ കിട്ടിയാൽ ഷെയർ ചെയ്യാൻ മടിക്കരുത്….

ഹർഷന്റെ ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി പുറത്തേക്ക് എടുത്തുപിടിച്ചു കാണാം… ദേഷ്യത്താൽ ആ മുഖം ചുവന്നിട്ടുണ്ട്. ഷർട്ടിന്റെ കൈ തിരുകിവച്ചു വലതുകരം വീശി അവന്റെ മുഖമടക്കം ഒന്ന് കൊടുത്തിട്ടും മതിയായില്ല ഹർഷന്…. കാർത്തിക്കിന്റെ കഴുത്തിന് കുത്തിപിടിച്ചു അവനെ മരത്തിലേക്ക് ചേർത്തു നിർത്തിയിരിക്കുകയാണ് ഹർഷൻ…. ഹർഷന്റെ ചെന്നിയിൽനിന്നും വിയർപ്പുകണങ്ങൾ ഒഴുകുന്നുണ്ട്…..

ഹ… ർ.. ഷാ……. എന്നെ…. വിട്

വിക്കികൊണ്ട് കാർത്തിക് പറഞ്ഞതും അവനൊന്നുകൂടെ കഴുത്തിലേപിടി മുറുക്കുകയാണ് ചെയ്തത്……

അരൂനെ കല്യാണം കഴിക്കാൻ നീ ശ്രമിച്ചതിന്റെ കാരണം മറ്റാരേക്കാളും നന്നായി എനിക്കറിയാം….  ആ കണ്ണുകൊണ്ട് ഇനിയവളെ കണ്ടാൽ ചൂഴ്ന്നെടുക്കും ഞാനിത്…. ഹർശനവളെ സ്നേഹിച്ചത് നിന്നെപോലെയല്ല, എന്റെ ജീവനാ അവള്…. നീയെന്താ പറഞ്ഞത് അവള് കൈവിട്ടുപോയെന്നോ, നഷ്ടപെട്ടെന്നോ… അതെല്ലാം നിനക്ക്…. അവള് ഇന്നും ഈ ഹർഷന്റെ പെണ്ണാ…..

ആരെല്ലാമോ ചേർന്ന് ഹർഷനെ പിടിച്ചുമാറ്റി… കാർത്തിക് കഴുത്തു ഉഴിഞ്ഞുകൊണ്ട് അവനെ പുച്ഛത്തോടെ നോക്കി… ആ നോട്ടം കണ്ടതും ഹർഷൻ പിന്നെയും അവനരികിലേക്ക് അടുക്കാൻ നോക്കി.. എന്നാൽ അവനു അതിന് കഴിയുന്നില്ല

എടാ ഹർഷാ, അവളിപ്പോൾ മറ്റൊരുത്തന്റെ ഭാര്യയാ…. ഇനി ചിലപ്പോൾ കൂടെകൂട്ടിയാൽ നിനക്കുണ്ടാകുന്ന കൊച്ചിന് അവന്റെ ചായയാരിക്കും, വെറുതെ വേണ്ടാത്ത പണിയ്ക്ക് നിൽക്കണോ…..

മറ്റുള്ളവരെ തട്ടിമാറ്റി ഹർഷൻ കാർത്തിക്കിനെ ആഞ്ഞുചവിട്ടി, ആ ചവിട്ടിൽ അവൻ മലർന്നടിച്ചുവീണു, അവന്റെ നെഞ്ചാങ്കൂട് നോക്കി ചവിട്ടാൻ തുടങ്ങിയ ഹർഷനെ ആളുകൾ ഒന്നടങ്കം പിടിച്ചുവെച്ചു….

അവന്റെ എന്തിനാ പിടിച്ചത്, അല്ലെങ്കിലും അവനു ഉഷിരുണ്ടോ, ഉണ്ടെങ്കിൽ മറ്റവനെ കൊന്ന് അവളെ സ്വന്തമാക്കിയേനെ. അതിനുള്ള ധൈര്യമൊന്നും ഇവനില്ല, എന്റെ നെഞ്ചത്തൊട്ട് കയറാൻ മാത്രമേ ഈ പോഴനെകൊണ്ട് കഴിയൂ…..

വീണിടത്തുനിന്നും എണീറ്റിരുന്നു പിന്നെയും ഹർഷനെ വാശികയറ്റുകയാണ് കാർത്തിക്…

എടാ…. പന്ന @%%%%മോനെ…… അവനെ കൊന്നിട്ടായാലും അവളെ ഞാൻ സ്വന്തമാക്കും, അപ്പോൾ നിന്റെ പുഴുത്ത നാവുംകൊണ്ട് ഈ പരിസരത്തുവന്നാൽ നിന്നെയും തീർത്തുകെട്ടും..

വീറോടെ പറഞ്ഞു ഹർഷൻ മറ്റുള്ളവരെ തട്ടിമാറ്റി അവിടുന്ന് നടന്നുനീങ്ങി….. അവൻ പോയതും കർത്തിക്കും സ്ഥലംവിട്ടു…..

ഹർഷൻ നേരെ പുഴവക്കിലേക്കാണ് പോയത്…. അവന്റെ ഉള്ളം നീറുകയാണ്, കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൻ കണ്ണുകളടച്ചു…..

ഹർഷേട്ടാ….

ഒരു കിളികൊഞ്ചൽ കാതിൽ പതിഞ്ഞതും ഞെട്ടികൊണ്ട് അവൻ കണ്ണുകൾ തുറന്നു, മുൻപിൽ നിൽക്കുന്ന ചിത്രയെ കണ്ടതും അവൻ പല്ലുകടിച്ചു….

ഉം… എന്താ

പല്ലുറുമ്മി അവൻ ചോദിച്ചു….

ഹർഷേട്ടൻ എന്തിനാ കാർത്തിയേട്ടനോട് വഴക്കിട്ടത്, മോശായി…. അല്ലേലും കാർത്തിയേട്ടൻ പറഞ്ഞത് സത്യല്ലേ… അപ്പു അത്ര നല്ലവളൊന്നും അല്ലല്ലോ, ആയിരുന്നെങ്കിൽ ഏതോ ഒരുത്തനെ രാത്രി റൂമിൽ കയറ്റുമായിരുന്നോ…. അവളുടെ അമ്മയെപോലെയാകും അവളും…. അങ്ങനെ ഒരാൾക്കുവേണ്ടി വഴക്കിടാൻ ഹർഷേട്ടന് നാണമില്ലേ…. കഷ്ടം…

നിന്നെ ആരാടി ഇങ്ങോട്ട് ക്ഷണിച്ചത്, നിന്റെ തള്ള പറഞ്ഞുവിട്ടതാണോ….പിന്നെ നിന്നോടാരാ പറഞ്ഞത് അവള് അവനെ റൂമിൽ വിളിച്ചുകയറ്റിയെന്ന്… നീ കണ്ടായിരുന്നോ….

അത്…. അത് പിന്നെ ആർക്കായാലും മനസിലാക്കാലോ… അവള് വിളിക്കാതെ അവൻ എങ്ങനെ റൂമിൽവന്നു…

റൂമിന്റെ കതക് പുറത്തുനിന്ന് അടച്ചിട്ടു ആരോ തുറന്നു നോക്കിയതാണെന്ന ഞാൻ കേട്ടത്…..

അപ്പുവിനെ സപ്പോർട്ട് ചെയ്ത് ഹർഷൻ സംസാരിച്ചതും അവളുടെ ഉള്ളിൽ ദേഷ്യം നുറഞ്ഞുപൊന്തി…

എന്തെ… തമ്പ്രാട്ടീടെ നാക്ക് ഇറങ്ങിപ്പോയോ……. അരു നിന്റെ ചേച്ചിയല്ലേ… അവളെക്കുറിച്ചാണോ തോന്ന്യാസം പറഞ്ഞു നടക്കുന്നത്…

എന്റെ ചേച്ചിയൊന്നുമല്ല, അല്ലേലും ചേച്ചിയാണെന്ന് പറയാൻപറ്റിയ മുതലും, അവളുടെ അനിയത്തിയാണെന്ന് പറഞ്ഞാൽ ആളുകൾ റൂമിനു മുൻപിൽ ക്യു നിൽക്കും അതാണല്ലോ അവളുടെ മഹത്വം….

ഇവിടുന്ന് ചിലച്ചു എന്റെ കൈക്ക് പണിയുണ്ടാക്കാതെ മോള് പോവാൻ നോക്ക്…..

താക്കീതോടെ പറഞ്ഞു ഹർഷൻ അവിടുന്ന് എണീറ്റ് നടക്കാൻ തുടങ്ങിയതും ചിത്ര പുറകെച്ചെന്ന് അവന്റെ കൈപിടിച്ച് വച്ചു….

എന്താടി…

കൈവലിച്ചെടുത്ത് ദേഷ്യത്തിൽ അവൻ ചോദിച്ചു…

ഹർഷേട്ടാ….. എന്തിനാ എന്നോടീ അകൽച്ച…. എനിക്ക് ഇഷ്ടാ ഒരുപാട്… ഒന്ന് മനസിലാക്ക്…അവള് പോയില്ലേ പിന്നെയെന്താ . ഇനിയെങ്കിലും നമുക്ക് ഒരുമിച്ചു ജീവിക്കാം, എനിക്ക് ഏട്ടനും ഏട്ടന് ഞാനും…..

നിന്റെ തള്ള പറഞ്ഞു പഠിപ്പിച്ചതാണോ….. നീയും നിന്റെ തള്ളയും കൂടെ അരുവിനോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല, മരിക്കുവോളം അതെന്റെ ഓർമയിൽ ഉണ്ടാകുകയും ചെയ്യും… എന്റെ മുൻപിൽകിടന്ന് ഈ അഭിനയം നടത്താതെ പോകാൻ നോക്ക്, അതാ നിന്റെ തടിയ്ക്ക് നല്ലത്…….

അവളെ മുൻപിൽനിന്ന് തള്ളിമാറ്റി ഹർഷൻ വണ്ടിയുമായി തിരിച്ചുപോന്നു……

*****************

ഭാവന ഏറെനേരമായി ആ ഇരിപ്പ് തുടങ്ങിയിട്ട്, പ്രതാപവർമയെ കണ്ടതും അവര് എണീറ്റുനിന്നു….

ഇതെന്താ പതിവില്ലാതെ നീയിവിടെ ഇരിക്കുന്നത്…

ചിത്ര ഇതുവരെ വന്നില്ലല്ലോ. ഞാൻ അവളെ നോക്കിയിരിക്കാ…. ഈ പെണ്ണ് എവിടെ പോയോ എന്തോ…. അല്ല നിങ്ങളിത് എങ്ങോട്ടാ… എന്താ മുഖം വല്ലാതിരിക്കുന്നത്…..

ആരാ എന്താ എന്നൊന്നുമറിയാതെ അന്വേഷിക്കാതെയല്ലേ അപ്പുവിനെ…

ഓഹ് അതായിരുന്നോ…

അവര് പുച്ഛത്തോടെ ചോദിച്ചതും അയാള് മുഖം കുനിച്ചു..

അവളായിട്ട് വിളിച്ചുകയറ്റിയവൻ തന്നെയല്ലേ പിന്നെയെന്താ… അപ്പോൾ ശരിക്കും അറിയാമായിരിക്കും ആ എരണംകെട്ടവൾക്ക് അവനെ… നാണംകെട്ടവൾ, അവള് കാരണം എന്റെ മോൾടെ ഭാവി പോവാതിരുന്നാൽ മതിയായിരുന്നു…. തള്ളയുടെ മോള് തന്നെ ആണെന്ന് തെളിയിച്ചല്ലോ….. എന്റെ കൂടെപ്പിറപ്പ്, അതായത് നിങ്ങടെ ആദ്യ ഭാര്യ, അവള് എന്താണോ കാണിച്ചത് അത് തന്നെ പെണ്ണും കാണിച്ചു, പിന്നെയൊരു വ്യത്യാസമുണ്ട്, അമ്മ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരായപ്പോഴാ പോയത്,, ഇവള് ചിലപ്പോൾ ആളുകൾ കൂടിപിടിക്കുമെന്ന് കരുതി കാണില്ല…… അസത്ത്…

അവര് പിന്നെയും എന്തൊക്കയോ ശകാരവാക്കുകൾ പറയുന്നുണ്ട്…..ചിത്ര അങ്ങോട്ട്‌ വരുന്നതുകണ്ടതും അവര് നേരെനിന്നു. പ്രതാപവർമ ആരോടുമൊന്നും പറയാതെ റൂമികയറി കതകടച്ചു……

അയാള് പോയെന്ന് മനസിലായതും ഭാവന ചിത്രയ്‌ക്കരികിലേക്ക് എളുപ്പം നടന്നടുത്തു….

മോളേ…. എന്തായി അവനെ കണ്ടോ

കണ്ടു…

എന്നിട്ട്

അവര് ആകാംഷയോടെ ചോദിച്ചു

എന്നിട്ട് എന്താവാൻ എപ്പോഴെത്തെയുംപോലെ എനിക്ക് കണക്കിന് കിട്ടി… ആ നാശംപിടിച്ചവൾ കാരണമാ ഇതൊക്കെ…. അമ്മയ്ക്ക് വല്ല വിഷവും കൊടുത്തു കൊല്ലായിരുന്നില്ലേ അവളെ…. ഇവിടുന്ന്  പോയിട്ടും ആ ശല്യം ഒഴിവായില്ലല്ലോ എന്നോർക്കുമ്പോഴാ എനിക്ക്

ചിത്ര നല്ല ദേഷ്യത്തിലാണ്… ഭാവന എന്തോ ആലോചിച്ചു കൂട്ടുന്നുണ്ട്….

മോള് ടെൻഷൻ ആവണ്ട… അമ്മയൊന്ന് ആലോചിക്കട്ടെ…

അവളുടെ കൈപിടിച്ച് അകത്തേക്ക് നടക്കുന്നതിനിടയിൽ അവര് പറഞ്ഞു…..

*******************

അപ്പു ഉമ്മറത്തിരുന്ന് നക്ഷത്രങ്ങളെമതിമറന്നുനോക്കുകയാണ്…..

എത്രയെണ്ണമുണ്ട്…

അഭിയുടെ ചോദ്യം കേട്ടതും അവള് കഴുത്തു ചരിച്ചു…അഭിയെ കണ്ടതും പുഞ്ചിരിച്ചു.

നിന്റെ ഈ പുഞ്ചിരിയുണ്ടല്ലോ ഉഫ് ഒരു രക്ഷയുമില്ല…. അല്ല എണ്ണിക്കഴിഞ്ഞോ…

നിന്നെ ഞാൻ സമ്മതിച്ചു അഭീ… എങ്ങനെ സാധിക്കുന്നു ഇങ്ങനെ ചളിയടിക്കാൻ

ഓഹ് ഞാൻ പറഞ്ഞതാണ് പ്രശ്നം അല്ലാതെ നീയീ ഇരുന്ന് നോക്കിയതല്ല… എങ്ങനെയുണ്ട് വേദനയുണ്ടോ മുറിവിന്…

ഇല്ലെടാ… ഇപ്പോൾ ഓക്കേ ആണ്…..

അവനവിടെയിരുന്നു അവളുടെ തോളിലൂടെ കയ്യിട്ടതും അവള് വല്ലാതായി, അവനോട് കൈ എടുക്കാൻ പറയാനാകാതെ അവിടെയിരുന്നു വലയുകയാണവൾ….

ഇവൻ ഇത്… എന്താ ചെയ്യുക…. ഇവിടെയിരുന്നാൽ ശരിയാവില്ല…

ചിന്തകൾക്കൊടുവിൽ അവന്റെ കൈമാറ്റി അവള് എണീറ്റു അകത്തേക്ക് നടന്നു…. അർജുൻ അപ്പോഴാണ് അങ്ങോട്ട് വന്നത്…. അവളെ കണ്ടതും അവൻ പുഞ്ചിരിച്ചു…..

അപ്പൂ…. നാളെ പോവണ്ടേ…. നേരത്തെ ഇറങ്ങാം…. അതല്ലേ ബെറ്റർ

നിങ്ങളെങ്ങോട്ടാ

അങ്ങോട്ട് വന്നു അഭി ചോദിച്ചതും അർജുൻ നീരസത്തോടെ അവനെ നോക്കി…..

എടാ അതോ… അപ്പൂന് അത്യാവശ്യമായി അവളുടെ നാട്ടിൽ പോവണം… അതാ

അമ്മ പറഞ്ഞതും അപ്പുവിനും അർജുനും പാതി ആശ്വാസമായി..

അങ്ങനെ ആണേൽ ഞാനുമുണ്ട്… നമുക്ക് ഒരുമിച്ച് പോവാം…അല്ലെ അപ്പു.. നിന്റെ നാട് കണ്ടിരിക്കുന്നത് നല്ലതല്ലേ…..

എടാ അഭി… എനിക്ക് നാളെ പാസ്പോർട്ട്‌ ഓഫീസിൽ ഒന്ന് പോവണം… നീ വരണം കൂടെ… കേട്ടല്ലോ… അല്ലേൽ എന്റെ സ്വഭാവം മാറും…

ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു അമ്മ നടന്നതും അഭി ദേഷ്യത്തിൽ റൂമിൽ കയറി കതക് വലിച്ചടച്ചു……

അർജുൻ അപ്പുവിനെ നോക്കുകയാണ് അവളുടെ നിസ്സഹായത കണ്ടതും അവൻ തോളിലൂടെ കയ്യിട്ടു….

എല്ലാം എന്നും ഇതുപോലെ ആവില്ല…. റെഡിയാവും… വെറുതെ ടെൻസ്ഡ് ആകേണ്ട കാര്യമില്ല… മനസിലായോ….. തമാശയ്ക്ക് പറഞ്ഞതല്ല കൂടെയുണ്ടാകുമെന്ന്.. സീരിയസ് ആണ്…..

പുഞ്ചിരിയോടെ അവൻ പറഞ്ഞതും അവള് കുറച്ചൊക്കെ ഓക്കേ ആയി…. അവന്റെ ഫോൺ അടിഞ്ഞതും ഇരുവരും ഞെട്ടി….. അർജുൻ നോക്കിയപ്പോൾ ശ്രയയുടെ അമ്മയാണ്…. ഒന്ന് ശങ്കിച്ചുനിന്ന് പിന്നെയാവാൻ അത് അറ്റൻഡ് ചെയ്തു….

അർജൂ….. വീട്ടിലാണോ…

അതെ ആന്റി… ശ്രയ

അവളിവിടെയുണ്ട്….. എനിക്ക് നിന്നെയൊന്നു കാണണം… നിന്നെ മാത്രമല്ല ശ്രയ പറഞ്ഞു നിന്റൊപ്പം വേറൊരു കുട്ടിയുണ്ടെന്ന് അവളെയും… ഞാൻ വീട്ടിലേക്ക് വരണോ അതോ നാളെ നിങ്ങള് നെസ്റ്റ് കഫെ എത്തുമോ…

അങ്ങോട്ട് എത്താം…. ടൈം എപ്പോഴാ…

രാവിലെ… പത്തുമണി ആകുമ്പോൾ…..

അർജുൻ അതിന് സമ്മതം മൂളി….. ഫോൺ കട്ടായത്തും അപ്പുവിനോട് കാര്യം പറഞ്ഞു…..

പിറ്റേന്ന് ശ്രയയുടെ അമ്മയെ മീറ്റ് ചെയ്തശേഷം നാട്ടിലേക്ക് പോകാമെന്നു ഫിക്സ് ചെയ്തു…..

**********

മോളേ ശ്രയാ…. അമ്മ അവളെ കാണട്ടെ…

ജാനകി… ഞാനും വരാം…..

വേണ്ട ശ്രീയേട്ടാ.,. ഞാൻ സംസാരിക്കാം….. ശ്രയാ മോളേ അമ്മയ്ക്കറിയാം മോള് അർജുനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്, അമ്മയുണ്ടാകും കൂടെ…. എന്തൊക്ക സംഭവിച്ചാലും അവൾക്കൊരിക്കലും അർജുനെ കിട്ടാൻ പോകുന്നില്ല…… മോള് സങ്കടപെടണ്ട…..

ജാനകി ശ്രയയെയും കൂട്ടി അവളുടെ റൂമിലേക്ക് നടന്നു….

എന്താ മോൾക്ക് അമ്മയെ വിശ്വാസമില്ലേ…. മോൾക്ക് അർജുനെ കിട്ടാൻ അമ്മ ഏതറ്റവരെയും പോകും….. എന്റെ മോള് സങ്കടപെടരുത്… മനസിലായോ

അവളുടെ കണ്ണ് തുടച് അവര് പറഞ്ഞതും അവള് കുറെയൊക്കെ ഓക്കേ ആയി….

പിറ്റേന്ന് കാലത്ത് തന്നെ ജാനകി കഫെ എത്തി അവർക്കായി കാത്തിരുന്നു…. പത്തുമണി കഴിഞ്ഞിട്ടുണ്ട് അവരെത്തുമ്പോൾ….. പതിവ് പുഞ്ചിരി ആ മുഖത്ത് കാണാതെ വന്നതും അർജുൻ വല്ലാതായി…

ആന്റി….

ഇരിക്കു

അപ്പുവിനെ തുറിച്ചുനോക്കി അവര് പറഞ്ഞതും അവരവിടെയിരുന്നു…… അവരെ കണ്ടമാത്രയിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് അപ്പു……

അ…. മ്മ…..

അവളുടെയുള്ളം മന്ത്രിച്ചു……. കണ്ണുകൾ തുളുമ്പാതിരിക്കാൻ പാടുപെടുകയാണ് അവള്……

അർജുൻ എനിക്കിവളോട് തനിച്ചൊന്നു സംസാരിക്കണം…

മുഖവുരയൊന്നുമില്ലാതെ അവര് പറഞ്ഞതും അപ്പുവിനോട് കണ്ണുകൊണ്ട് കാണിച്ചു അവൻ അവിടുന്ന് എണീറ്റു…..

അപ്പു മുഖം കുനിച്ചു ഇരിക്കുകയാണ്….

എടീ……

അവൾക്ക് കേൾക്കാനായി അവര് വിളിച്ചതും അവള് മുഖമുയർത്തി…… കണ്ണുകൾ കലങ്ങിയിട്ടുണ്ട്…

നീയെന്തിനാ കരയുന്നത്…

ഒന്നുമില്ലെന്നവൾ തലയാട്ടി……

എന്താടി നിന്റെ ഉദ്ദേശം… എന്റെ മോൾടെ ജീവിതം നശിപ്പിക്കാൻ ആണോ…… എത്രയും പെട്ടന്ന് അവിടുന്നും അർജുന്റെ ജീവിതത്തിൽനിന്നും പൊക്കോണം… കേട്ടല്ലോ……

ഉം…..

നിനക്ക് സംസാരിക്കാൻ കഴിയില്ലേ….

അത്… അമ്മേ ഞാൻ…

ആരാടി നിന്റെ അമ്മ, എന്റെ മോൾടെ ജീവിതം തുലയ്ക്കാൻ വന്നിട്ട് എന്നെത്തന്നെ അമ്മേയെന്ന് വിളിക്കണം… നീ ചില്ലറ മുതലൊന്നുമല്ലല്ലോ….. എനിക്ക് എന്റെ മോൾടെ സന്തോഷമാ വലുത്….. അതിനുവേണ്ടി എന്തുചെയ്യും….. വേണ്ടിവന്നാൽ നിന്നെ കൊല്ലാനും മടിയ്ക്കില്ല….. ഓർത്താൽ നിനക്ക് കൊള്ളാം…

അവളുടെ കണ്ണുകൾ നിറയുന്നുണ്ട്… ചുണ്ടുകൾ വിറപ്പൂണ്ട്….. അതൊന്നും ശ്രദ്ധിക്കാതെ അവരവിടുന്ന് എണീറ്റ് നടന്നകന്നതും അർജുൻ അപ്പുവിന്റെ അടുത്തേക്ക് വന്നു…. ടേബിളിൽ കൈവച്ചു കിടക്കുകയാണവൾ…..

അപ്പൂ….. അപ്പൂ എണീക്ക്…

അവൻ തട്ടിവിളിച്ചതും അവളെണീറ്റു….

എന്താ…. എന്തുപറ്റി…. നീയെന്തിനാ കരയുന്നെ… ആന്റി എന്താ പറഞ്ഞത്…..

നമുക്ക്…. നമുക്കിവിടുന്ന് പോവാം…….

വിതുമ്പിക്കൊണ്ട് അവള് പറഞ്ഞതും അർജുൻ അവളുടെ കൈപിടിച്ച് ഒപ്പം കൂട്ടി…..

കാറിൽ കയറിയതും മുഖം ഇരുകൈകൊണ്ടും പൊത്തി അവള് പൊട്ടികരഞ്ഞു………… അർജുൻ ആകെ വല്ലാതായി…..

അപ്പൂ…. നീ കരയാതെ കാര്യം പറാ…. എന്താ ഉണ്ടായത്……

അർജൂ…… എനിക്ക് ഭ്രാന്ത് പിടിക്കുന്നു അർജൂ…. എനിക്ക് നിന്നോട് സംസാരിക്കണം….. ബട്ട്‌…. ഞാൻ ഒരു കാര്യം പറഞ്ഞാൽനിയതു ആരോടും പറയില്ലെന്ന് സത്യം ചെയ്യ്…

അവന്റെ തോളിലേക്ക് ചാഞ്ഞു കരഞ്ഞു പറഞ്ഞതും അവൻ അവളുടെ വലതുകരം പിടിച്ചു അവന്റെ കൈ അതിനുമുകളിലായി വച്ചു

പറാ….. എന്താ…….

അത്…. അവര്…… അവരെന്റെ അമ്മയാ അർജൂ……..

തുടരും