17/04/2026

എന്തിനെന്നറിയാതെ : ഭാഗം 19

രചന – കഥയെ പ്രണയിച്ചവൾ

എനിക്ക് ഭ്രാന്ത് പിടിക്കുന്നു അർജൂ…. എനിക്ക് നിന്നോട് സംസാരിക്കണം….. ബട്ട്‌…. ഞാൻ ഒരു കാര്യം പറഞ്ഞാൽനിയതു ആരോടും പറയില്ലെന്ന് സത്യം ചെയ്യ്…

അവന്റെ തോളിലേക്ക് ചാഞ്ഞു കരഞ്ഞു പറഞ്ഞതും അവൻ അവളുടെ വലതുകരം പിടിച്ചു അവന്റെ കൈ അതിനുമുകളിലായി വച്ചു

പറാ….. എന്താ…….

അത്…. അവര്…… അവരെന്റെ അമ്മയാ അർജൂ……..

പൊട്ടികരഞ്ഞു അവള് പറഞ്ഞതും അർജുന് അവന്റെ കാതുകൾ കൊട്ടിയടച്ചപോലെ തോന്നി….. ഒരു നിമിഷംകൊണ്ട് തന്റെ സപ്തനാഡികളും തളരുന്നതവൻ അറിഞ്ഞു…

അപ്പൂ…. നീയെന്താ പറഞ്ഞത്.

വിശ്വസിക്കാനാകാതെ, കേട്ടതൊന്നും സത്യമാവല്ലേ എന്നാഗ്രഹിച്ചുകൊണ്ട് അവൻ പിന്നെയും ആരാഞ്ഞു…. അവൾക്ക് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും അർജുൻ അവളെ ചേർത്തുപിടിച്ചു കൈകൾ പതിയെ തടവാൻ തുടങ്ങി…. അവന്റെ കണ്ണുകളും നിറയുന്നുണ്ട്….

അപ്പൂ… കരയല്ലേ… നിനക്ക് ആള് മാറിയതാകും… അതിനെ ചാൻസുള്ളൂ.. അല്ലാതെ ആന്റി നിന്റെ അമ്മയാവില്ല, എവിടേലും നിന്റെ അമ്മയുടെ ഛായ ഉള്ളതുകൊണ്ടാകും നിനക്ക് അങ്ങനെ തോന്നിയത്…..

അല്ല അർജുൻ….. അത് അമ്മ ആണ്… എനിക്കുറപ്പുണ്ട്…..

ബട്ട്‌ അപ്പൂ അങ്ങനെയൊരു പാസ്റ്റൊന്നും ആന്റിക്ക് ഇല്ല, എനിക്കുറപ്പുണ്ട്….

അതെന്റെ അമ്മ തന്നെയാ അർജുൻ നിനക്കെന്താ മനസിലാവാത്തത്

അവളലറിയതും അവൻ പേടിച്….അവള് വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും അവൻ എളുപ്പം അവളുടെ കൈ പിടിച്ചുവച്ചു അവളെ ചേർത്തുപിടിച്ചു….

അപ്പൂ…… നീയിങ്ങനെ കരയല്ലേ… ഞാനുണ്ട് കൂടെ….. അല്ലേലും ഇത്രയും കാലം നീ അമ്മയില്ലാതെയല്ലേ ജീവിച്ചത് പിന്നെയെന്താ….

അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല അർജുൻ കാരണം നിനക്ക് എല്ലാവരുമുണ്ട് അച്ഛൻ അമ്മ അനിയൻ എല്ലാവരും…. അർജുൻ നിന്റെ അമ്മ നിന്നെ മറന്നുപോയാൽ, നിന്നെ തിരിച്ചറിയാതിരുന്നാൽ നിനക്ക് സങ്കടം വരില്ലേ….. പറാ…..

കരയുന്നതിനിടയിൽ അവള് ചോദിച്ചതും അവൻ വല്ലാതായി, അങ്ങനെയൊരു അവസ്ഥയെക്കുറിച്ചു അവനിതുവരെ ചിന്തിച്ചിട്ടേയില്ല, അവൻ അങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ലെന്നുള്ളതാണ് സത്യം.

അപ്പൂ ഞാൻ

നിനക്ക് മനസിലാവില്ല അർജൂ എന്നെ, ഇപ്പോഴെന്നല്ല എപ്പോഴും… അമ്മ ഇല്ലാത്തതല്ല എന്റെ സങ്കടം, എന്നെ തിരിച്ചറിയാത്തതാ…. ഞങ്ങളെ സ്നേഹിച്ചില്ലെങ്കിലും ചൂണ്ടികാണിക്കാൻ ഒരച്ഛനുണ്ട്…. മടുത്തു അർജുൻ വേശ്യയുടെ മോളെന്നുള്ള വിളികേട്ട് എനിക്ക് മടുത്തു… നീയും അങ്ങനെ അല്ലെ കാണുന്നത്…. എനിക്ക് സ്വന്തമെന്ന് പറയാൻ ഈ ലോകത്ത് ഏട്ടൻ മാത്രേ ഉള്ളു… ഏട്ടനും ഞാനും, എന്നാ ഇപ്പോൾ ഞാൻ കാരണം ആ ഏട്ടനും…… എനിക്ക് മടുത്തു ഞാനാ എല്ലാർക്കും ശല്യം…….

ഓരോന്ന് പറഞ്ഞു പതംപറഞ്ഞു കരയുന്നവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരുന്നു, അവന്റെ കണ്ണുകളും നിറയുന്നുണ്ട്….. അവളെ പറഞ്ഞതോർത്ത് അവനു തന്നോട് തന്നെ ഈർഷ്യ തോന്നി……

അർജൂ….. നിനക്കറിയോ കുറേകാലങ്ങൾക്കുശേഷം എന്നെ കണ്ടപ്പോൾ അമ്മ പറഞ്ഞത് എന്താണെന്ന് എന്നെ കൊല്ലാനും മടിക്കില്ലെന്ന്….. അമ്മയ്ക്ക് പോകുമ്പോൾ എന്നെ കൊന്നിട്ട് പൊക്കൂടായിരുന്നോ…. അങ്ങനെ ആണേൽ ഇപ്പോൾ ഇങ്ങനെ ഉണ്ടാവില്ലായിരുന്നല്ലല്ലോ…

നീയെന്തൊക്കെയാ അപ്പു ഈ പറയുന്നത്…… അപ്പൂ…

ഒരു ഞെട്ടലോടെ അവൻ ചോദിച്ചു… എന്നാൽ ആ ചോദ്യങ്ങളൊന്നും അവള് കേള്ക്കുന്നെ ഉണ്ടായിരുന്നില്ല…

അർജൂ…. ഇത്രേം കാലമായിട്ട് ഞങ്ങളെ കാണണമെന്ന് അമ്മയ്ക്ക് തോന്നിയില്ലല്ലോ….. അത്രയ്ക്ക് വെറുപ്പായിരുന്നോ ഞങ്ങളോട്…. എത്ര അന്വേഷിച്ചു എന്നറിയോ… വേറൊന്നിനുമല്ല, ഒന്ന്… ഒന്ന് കാണാൻ…. അച്ഛനെപോലെ അമ്മ ഞങ്ങളെ ആട്ടിയകറ്റില്ല എന്ന് കരുതീട്ടാ അത്……. എന്ത് തെറ്റാ അർജുൻ ഞാനും ഏട്ടനും ചെയ്തേ….എന്തിനാ ഞങ്ങളോട് ഇങ്ങനെ…….

ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ചോദ്യങ്ങളാണ് അവയെന്ന് അറിയാമായിരുന്നിട്ടും അവള് ചോദിച്ചു….. യാന്ത്രികമായാണ് അവളിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്…..ഇടയ്ക്കവള് അവന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു… അവളുടെ കണ്ണീരാൽ ഷർട് കുതിരുന്നത് അവനറിയുന്നുണ്ട്, അവന്റെയുള്ളവും പുകയുകയാണ്, എന്തൊക്കയോ ചോദ്യങ്ങൾ മനസ്സിൽ തികട്ടിവരുന്നു, അതിനുള്ള ഉത്തരങ്ങൾ എവിടുന്നു കിട്ടുമെന്ന് അവനറിയില്ല ഉത്തരമുണ്ടോ എന്നുപോലും സംശയമാണ്……

കുറേനേരം പതംപറഞ്ഞു കരഞ്ഞതും അവളുടെ സങ്കടം തെല്ലൊന്നടങ്ങി, എങ്കിലും മനസ്സിൽമൂടിയ കാർമേഘം ഒരു മഴയായി കണ്ണുകളിലൂടെ പെയ്തൊഴിയുന്നുണ്ട്, അവളുടെ കരച്ചിൽ നിയന്ത്രിക്കണമെന്ന് അവനും തോന്നിയില്ല, ഒരുപക്ഷെ അതിനിയന്ത്രിച്ചാൽ മറ്റേപ്പോഴെങ്കിലും അതവളുടെ മനസിന്റെ താളപ്പിഴകൾക്ക് കാരണമായാലോ എന്നൊരു പേടി അവനിൽ ഇതിനോടകം ഉടലെടുത്തിരുന്നു….. കുറെ നേരത്തെ കരച്ചിലിനോടുവിൽ അവള് ശാന്തമായി, ആ കണ്ണുകളിലെ നീർവീഴ്ച ഏറെക്കുറെ കുറഞ്ഞുവന്നു…..

അപ്പൂ…….

ഉം….

നമുക്ക് വീട്ടിലേക്ക് തിരിച്ചുപോകാം…..

വേണ്ട അർജൂ…… നമുക്ക് അങ്ങോട്ട്‌ പോവാം… നാളെ ഹർഷേട്ടന്റെ അച്ഛന്റേം അമ്മേടേം ആണ്ടാ….. ആദിയേട്ടന്നുള്ളപ്പോൾ ആ ദിവസം ഹർഷേട്ടനെ തനിച്ചാക്കാറില്ല…. ഇപ്പോൾ ഞാനല്ലേ ഉള്ളു… ഞാൻ വേണം കൂടെ ഇല്ലേൽ ശരിയാവില്ല….ഒറ്റയ്ക്ക് പറ്റില്ല ഹർഷേട്ടന്…

ഓക്കേ പോവാം….

അവളപ്പോഴും അവന്റെ തോളിൽ ചാഞ്ഞുകിടക്കുകയാണ്. അർജുൻ പതിയെ വണ്ടിയെടുത്തു, ഇടയ്ക്കർജുൻ നോക്കുമ്പോൾ അവള് ഉറങ്ങുകയാണ്, ആ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ല, അർജുൻ പിന്നെയും ചിന്തകളിലേക്ക് ഊളിയിട്ടു….

അപ്പുവിന്റെ അമ്മയും ശ്രയയുടെ അമ്മയും ഒരാളാണോ ബട്ട്‌ അതെങ്ങനെ പോസ്സിബിൾ ആകും…… ഓരോന്ന് ആലോചിക്കുമ്പോൾ ഭ്രാന്ത് പിടിക്കുവാ…..

ശ്രയയുടെ കോള് കണ്ടതും അവൻ കട്ട്‌ ചെയ്തു, അവള് തുടരേതുടരേ വിളിച്ചോണ്ടിരുന്നതും ഒടുക്കം സഹിക്കെട്ട് അവൻ അറ്റൻഡ് ചെയ്തു….

എന്താ ശ്രയാ, നീയെന്തിനാ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നത് കട്ടാക്കിയാൽ നിനക്ക് മനസിലാവില്ലേ ഞാൻ തിരക്കിലാണെന്ന്…..

ദേഷ്യത്തോടെയാണ് അവന്റെ സംസാരം, അതുകേട്ടതും ശ്രയയുടെ. കണ്ണ് നിറഞ്ഞു…

എന്തിനാ അർജുൻ… നീയെന്തിനാ എന്നെ ഇങ്ങനെ വഴക്ക് പറയുന്നത് ഞാൻ എന്താ ചെയ്തേ എന്തിനാടാ എന്നെ അവോയ്ഡ് ചെയ്യുന്നേ…….

ശ്രയാ നീയെന്തിനാ നിന്റെ അമ്മയെ പറഞ്ഞുവിട്ടത്…. നിനക്ക് പ്രാന്ത് വല്ലതും ഉണ്ടോ….

നീ എന്നെ അവോയ്ഡ് ചെയ്തിട്ടല്ലേ…

നീ ഫോൺ വെക്ക് എന്റെ വായേൽ നല്ലതല്ല വരുന്നത്…..

നമുക്കൊന്ന് ഇന്ന് മീറ്റ് ചെയ്താലോ….

നോ… ഞാൻ ബിസിയാ ബൈ

അവൻ മറുപടിയ്ക്ക് കേൾക്കാതെ കോൾ കട്ട്‌ ചെയ്തു…….അർജുൻ എന്തോ ചിന്തയിലാണ്ട് വണ്ടി ഓടിക്കുന്നുണ്ട്…

കുറേദൂരം പോയതും അവനൊരു ഹോട്ടലിന്റെ മുൻപിലായി വണ്ടി നിർത്തി.

അപ്പു…. എണീക്ക് അപ്പൂ…… അപ്പൂ …..

അവൻ തട്ടിവിളിച്ചെങ്കിലും അവളിൽനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല…….

തുടരും