രചന – അഞ്ജു തങ്കച്ചൻ
ആ സ്ത്രീ പറഞ്ഞ വഴിയിലൂടെ സാന്ദ്ര കാർ ഓടിച്ചു കൊണ്ടിരുന്നു.
ആ സ്ത്രീയുടെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ട്. ഒരുവേള സാന്ദ്ര ഇടം കണ്ണിട്ട് ഒന്ന് നോക്കി. സ്ത്രീ തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.
എന്താടീ… നോക്കുന്നത്, കത്തി പിടിച്ചു വാങ്ങി എന്നെ ആക്രമിച്ചിട്ട് രക്ഷപ്പെടാം എന്നാണോ??
സാന്ദ്ര ഒന്നും മിണ്ടിയില്ല…
കുറേ ദൂരം കൂടെ മുന്നോട്ട് പോയതും ഇടതൂർന്ന മരങ്ങൾ നിറഞ്ഞ, മരക്കൊമ്പുകൾ വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഇടുങ്ങിയ മൺവഴിയിലേക്ക് പ്രവേശിച്ചു.
അൽപ്പം കൂടെ മുന്നോട്ട് പോയതും സാന്ദ്ര ഞെട്ടിപ്പോയി,റോഡിനു ഇടത് വശത്തായി ഒരു കാട്ടാന നിൽക്കുന്നു.
അത് വണ്ടിയിലേക്ക് നോക്കുന്നുണ്ട്.
സാന്ദ്രക്ക് തന്റെ ഹൃദയം നിന്ന് പോകുന്നത് പോലെ തോന്നി, ഭയം തന്നെ വരിഞ്ഞു മുറുക്കുകയാണ്.
അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
മുന്നോട്ട് പോ, അത് ഒന്നും ചെയ്യില്ല.സ്ത്രീ കൂസലില്ലാതെ പറഞ്ഞു.
സാന്ദ്ര വണ്ടി മുന്നോട്ട് എടുത്തു.
കുറേ ദൂരം പിന്നിട്ടപ്പോൾ, കല്ലുകൊണ്ട് പണിത ഒരിടത്തരം ബിൽഡിംഗ് കാണുമാറായി.
അവൾ കാർ നിർത്തിയതും ആ സ്ത്രീ ഇറങ്ങി, സാന്ദ്രയുടെ കാറിന്റെ കീ ഊരി എടുത്തു
ഇറങ്ങി വാടീ…അവൾ സാന്ദ്രയോട് പറഞ്ഞു.
ഇല്ല, അവൾ തലയാട്ടി.
ഇങ്ങോട്ട് വാടീ… അവളുടെ കൈകയിൽ പിടിച്ചു വലിച്ച്, അവളെ ഇറക്കി.
നിങ്ങൾ ആരാ?
എന്തിനാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്.
ഞാൻ പറഞ്ഞാൽ മതിയോ? മുഴക്കമുള്ള ശബ്ദം കേട്ട് അവൾ കെട്ടിടത്തിലേക്ക് നോക്കി.
വാതിൽ പടിയിൽ, കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുകയാണ് അയാൾ,
ഗുപ്തൻ…….
ഓഹോ താനാണോ ഇതിന് പിന്നിൽ? അത്ര നേരം ഉണ്ടായിരുന്ന ഭയം അവളിൽ നിന്നും ഓടിയൊളിച്ചു, പകരം അവളിൽ ദേഷ്യം നുരപൊന്തി.
എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് എനിക്കറിയണം, എന്റെ ഡാഡി ഇതെങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ വെറുതെ വിടില്ല.
അവൾ അയാളുടെ നേരെ കൈ ചൂണ്ടി.
മര്യാദക്ക് എന്നെ കൊണ്ടു ചെന്ന് വിട്ടോ, ഇല്ലെങ്കിൽ നിന്റെ കുടുംബം അടക്കം മുഴുവനും പച്ചക്കു കത്തിക്കും എന്റെ ഡാഡി..
ഫ! ചിലക്കാതെ ഇരിക്കടീ…
കൂടെ വന്ന സ്ത്രീ അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.
മൂന്നാലു വട്ടം ആ സ്ത്രീയുടെ കൈ അവളുടെ മുഖത്ത് പതിച്ചതും അവളുടെ മൂക്കിലൂടെ രക്തം കിനിഞ്ഞു.
കണ്ണുകളിൽ ഇരുട്ട് നിറയും പോലെ…
അവൾക്ക് വല്ലാത്ത ഭയം തോന്നി.
ആ സ്ത്രീ അവളെ പിടിച്ചു വലിച്ച് അകത്തേക്ക് കയറ്റി.
അവളെ മുറിയിൽ ഇരുത്തി…
ഗുപ്ത… ഇനിയെന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ അപ്പുറത്തുണ്ടാകും.
ശരി മേഡം.. അയാൾ പറഞ്ഞു.
ഗുപ്തൻ അവളുടെ അടുത്ത് ഇരുന്നു.
ദാ… അവരുണ്ടല്ലോ പോലീസ് ഓഫീസർ ആയിരുന്നു. പണത്തിന്റെ ഹുങ്കിൽ
നിഗളിക്കുന്ന നിന്നെയും നിന്റെ തന്തയേയും പോലുള്ളവരുടെ ചൊല്പടിക്ക് നിൽക്കാൻ കഴിയാത്ത നട്ടെല്ലുള്ള പോലീസുകാരി. സത്യത്തിനു നിരക്കാത്ത ഒന്നും ചെയ്യില്ലാത്തആൾ ആയതുകൊണ്ട്തന്നെ,സസ്പെൻഷൻ അവർക്കൊരു പുത്തിരി അല്ലായിരുന്നു.
മുകളിൽ നിന്നുള്ള പ്രെഷർ താങ്ങി സഹിക്കെട്ട്,ഒടുക്കം ആ യൂണിഫോം ഊരി വച്ചിട്ട്, അന്തസോടെ പടിയിറങ്ങിയവളാണ് അവർ.തെറ്റിനെതിരെ പ്രതികരിക്കാൻ അവർക്കൊരു ഭയവുമില്ല മോളേ…
നീ കേട്ടിട്ടുണ്ടാകും അവരുടെ പേര്.
ഇല്ല എനിക്കാരെയും അറിയില്ല അറിയുകയും വേണ്ട. മര്യാദക്ക് എന്നെ പോകാൻ അനുവദിക്കണം.
പോകാം.. ഞാൻ ചോദിക്കുന്നതിന് കൃത്യമായ മറുപടി തരണം.
എന്താ… നിങ്ങൾക്ക് അറിയേണ്ടത്?
കാർത്തുവും കറുപ്പനും എവിടെ?
അതെനിക്കെങ്ങനെ അറിയാം, ഞാൻ അവരുടെ കൂടെ ആരുന്നോ?
ഗുപ്തൻ അടുത്ത് കിടന്ന കസേര എടുത്ത് അവളുടെ തലക്കു നേരെ ഓങ്ങി…
അവൾ കണ്ണുകൾ ഇറുക്കെ അടച്ചു..
ഞാൻ പറയാം… പറയാം…
അവരെ… അവരെ…. അവൾ വിക്കി.
പറയെടീ… അവർ എവിടെ? അയാൾ അലറി.
കൊന്നു കളഞ്ഞു.
ഗുപ്തന്റെ കൈകളിൽ നിന്നും കസേര താഴെ വീണു..
അയാൾ ഇടറി പിന്നിലെ ഭിത്തിയിൽ തട്ടി നിന്നു.
സാന്ദ്ര മെല്ലെ ഒന്ന് ചിരിച്ചു.
എന്താടാ പേടിച്ചു പോയോ??
അവളെ എങ്ങനെയാ കൊന്നതെന്ന് നിനക്കറിയണ്ടേ…
ഗുപ്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയ്യോടാ കരയല്ലേ… അവർ ചത്തിട്ടൊന്നുംഇല്ലന്നെ, പേടിക്കണ്ട കേട്ടോ…
അവൾ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
ഗുപ്തൻ അവളുടെ മുഖത്തേക്ക് നോക്കി.
പക്ഷെ ഉടനെയവർ ചാകും കേട്ടോ.
ഇനിയീ ലോകത്ത് ആരും അവരെ കാണില്ല.
ആ… പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്കേട്ടോ. നിന്റെയാ യക്ഷിപ്പെണ്ണില്ലേ അവളെ ഓരോരുത്തർ ആയിട്ട് ഇഞ്ചിഞ്ചായി….അങ്ങനെ… അങ്ങനെ…
അവൾ ഉറക്കെ ഉറക്കെ ചിരിച്ചു… അവളുടെ മൂക്കിൽ നിന്നും പടർന്നിറങ്ങിയ രക്തച്ചാൽ ചുണ്ടിലും പല്ലുകളിലും പടർന്നിട്ടുണ്ടായിരുന്നു.
അവളുടെ ചിരിയുടെ ശബ്‌ദം കേട്ട് അപ്പുറത്ത് നിന്നും ആ സ്ത്രീ വന്നു.
അവൾ സാന്ദ്രയെ പിടിച്ചെഴുന്നേൽപ്പിച്ച്, തലങ്ങും വിലങ്ങും അടിച്ചു.
സാന്ദ്ര ആകെ തളർന്ന് താഴേക്ക് വീണു.
പറയെടീ അവരിപ്പോൾ എവിടെയാണ് ഉള്ളത്?
അതെനിക്കറിയില്ല…
നുണ പറയുന്നോടീ… ഗുപ്തൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു.
സത്യായിട്ടും എനിക്കറിയില്ല.
ചിലപ്പോൾ ഞങ്ങളുടെ എസ്റ്റേറ്റിലേക്കായിരിക്കും അവരെ കൊണ്ടുപോയത്.
അതെവിടെയാ??
അവൾ സ്ഥലം പറഞ്ഞു.
നേരം പതിയെ ഇരുണ്ടു തുടങ്ങിയിരുന്നു.
ഗുപ്ത… സമയം കളയാതെ നമുക്ക് അങ്ങോട്ട് പോകാം..ആ സ്ത്രീ പറഞ്ഞു.
ഗുപ്തൻ സാന്ദ്രയെ പിടിച്ചെഴുന്നേൽപ്പിച്ചു, ബലമായി വണ്ടിയിൽകയറ്റി.
ആ സ്ത്രീയാണ് വണ്ടി ഓടിച്ചത്, വെടിച്ചില്ല് പോലെ ആ വാഹനം മുന്നോട്ട് കുതിച്ചു
************
ചന്ദ്രശേഖരൻ ഒരു മൂളിപ്പാട്ടോടെ എസ്റ്റേറ്റിലേക്ക് വണ്ടി ഓടിച്ചു.
കോടമഞ്ഞിലൂടെ ആ വാഹനം പൊയ്ക്കൊണ്ടിരുന്നു.
എഴുന്നൂറ് ഏക്കറിൽ പരന്നു കിടക്കുന്ന യൂക്കാലി മരങ്ങൾക്കിടയിലൂടെ വണ്ടിയോടിക്കുമ്പോൾ അയാൾ കാർത്തുവിനെ ഓർക്കുകയായിരുന്നു.
ആദ്യം കണ്ടപ്പോൾ തന്നെ രക്തത്തിനു ചൂട് പിടിപ്പിച്ച കിളുന്ത് പെണ്ണ്….
പക്ഷെ, മനപ്പൂർവംആ മോഹം മനസിലടക്കി. സാന്ദ്രയുടെ കല്യാണം അത് നന്നായി നടത്തണം അതിനിടയിൽ മറ്റൊന്നും വേണ്ടെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
പക്ഷെ, വിധി അവളെ, തനിക്കു രുചിക്കാൻ മുന്നിലിട്ട് തന്നിരിക്കുകയാണ്.
അയാൾ എസ്റ്റേറ്റിന് മുന്നിൽ എത്തി.
വണ്ടിയിൽ നിന്നിറങ്ങി.
പോർച്ചിൽ ഇരുന്ന് ചീട്ട് കളിക്കുകയായിരുന്ന നാല് പുരുഷന്മാർ കളി നിർത്തി എഴുന്നേറ്റു.
അവർ എന്തിയേടാ?
അകത്തുണ്ട്.
കിളവൻ കാഞ്ഞുപോയോ?
ഇല്ല, ബോധം ഇല്ലന്നേ ഉള്ളൂ…
അയാൾ ചെല്ലുമ്പോൾ അവർ തറയിൽ കിടക്കുകയാണ്,ശരീരത്തിൽ രക്തം പടർന്നിട്ടുണ്ട്.
അയാൾ പതിയെ കർത്തുവിന്റെ കവിളിൽ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചു..
എടാ… കുറച്ച് വെള്ളം ഇങ്ങ് കൊണ്ടുവന്നേ..
ഒരുവൻ ഒരു കപ്പിൽ കുറച്ച് വെള്ളം കൊണ്ടുവന്നു.
അയാൾ അവളുടെ മുഖത്ത് വെള്ളം കുടഞ്ഞു..
അവൾ പതിയെ കണ്ണുകൾ തുറന്നു.
അവൾ ഭയത്തോടെ ചാടി എഴുന്നേൽക്കാൻ നോക്കി. പറ്റുന്നില്ല… ശരീരം അനങ്ങുന്നില്ല.
എന്താ മോളേ ,എഴുന്നേറ്റ് ഓടാൻ ആണോ നോക്കുന്നത്.
ചന്ദ്രശേഖരൻ അവളുടെ കവിളിൽ തഴുകി.
അവൾ അറപ്പോടെ തല വെട്ടിച്ചു.
എടാ പിള്ളേരെ നിങ്ങൾ അപ്പുറത്തേക്ക് പൊയ്ക്കോ, ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി.
ശരി… ശരി… അവർ ചിരിയോടെ പുറത്തേക്കു പോയി.
അയാൾ അവളെ നോക്കി.
മുടിയഴിഞ്ഞു നിലത്തു ചിതറി കിടക്കുകയാണ്. ഭീതി നിറഞ്ഞ ആ വിടർന്ന കണ്ണുകൾ, വിറക്കുന്ന അധരങ്ങൾ, മെലിഞ്ഞ കഴുത്തിൽ കറുപ്പ് നിറമുള്ള മുത്തുമാല.
ഉയർന്നു താഴുന്ന മാറിടങ്ങൾ, കൈകളിൽ നിറയെ കുപ്പി വളകൾ,കാലുകളിൽ വീതി കൂടിയ വെള്ളി പാദസരങ്ങൾ അണിഞ്ഞിട്ടുണ്ട്.മിനുസമാർന്ന ഇളം ചുവപ്പ് പടർന്ന ഉള്ളം കാലുകൾ
അയാളുടെ രക്തത്തിന് ചൂട് പിടിച്ചു.
ഒരു രാത്രികൊണ്ട് തനിക്കിവളെ മതിയാകില്ല.
ഒന്നല്ല അനേകം ദിവസങ്ങളിൽ അൽപ്പാൽപ്പമായി രുചിക്കണം.
അയാൾ പതിയെ അവളുടെ തലമുടി മാടിയൊതുക്കി വച്ചു.
*********
തുടരും