25/05/2026

ഓർമ്മകളിലൂടെ : ഭാഗം 28

രചന – മിയ അവ

രാവിലെ ഒരു പത്തു മണിയോടെ കോഴിക്കോട് വന്നിറങ്ങി. കാർ എടുക്കാതെ ട്രെയിനിൽ ആയിരുന്നു ഞാൻ വന്നത്. അച്ഛനെ വിളിച്ചു വഴി മനസിലാക്കി നേരെ വീട്ടിലേക്ക് വിട്ടു.
ദൂരെ നിന്നേ ആ വീട് ഞാൻ നോക്കി കണ്ടു. ടെറസിട്ട ഒരു കുഞ്ഞു വീട്. ചുറ്റും മുളക്കമ്പ് കൊണ്ട് വേലി തീർത്തിട്ടുണ്ട്. വീടിന്റെ മുന്നിൽ ഒരു വശത്തായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം പെട്ടെന്ന് ആരുടേയും കണ്ണുടക്കും വിധം മനോഹരമായിരുന്നു. അതിലേക്ക് നോക്കുമ്പോൾ തന്നെ വല്ലാത്തൊരു ഉന്മേഷം തോന്നി. മുറ്റമെല്ലാം ചാണകമെഴുകി വൃത്തിയാക്കിയിട്ടുണ്ട്. പരിചയമില്ലാത്ത ആളെ കണ്ടിട്ടാവണം ആലയിൽ നിന്നും അവളുടെ പശു കിടന്നു ഒച്ച വെയ്ക്കുന്നുണ്ട്. എന്റെ വരവറിയിക്കാൻ അമ്മയെ വിളിച്ചതാണെന്ന് തോന്നിക്കും വിധമാണ് അതിന്റെ സൗണ്ട് കേട്ടപ്പോൾ അമ്മ പിന്നിലൂടെ മുറ്റത്തേക്ക് വന്നത്. എന്നെ കണ്ടതും ആ മിഴികൾ വിടർന്നു. മുഖത്തു സന്തോഷം പടരുന്നത് ഞാൻ കണ്ടു.

“മനു.. മനു കുഞ്ഞല്ലേ…”

“അതെ അമ്മേ…”

“ഹാ.. ഞങ്ങൾ നോക്കിയിരിക്കുവായിരുന്നു.. മോൻ വരൂ…കയറ്..കൃഷ്ണേട്ടാ.. ദേ.. കുട്ടി എത്തി ട്ടോ…”

ഉള്ളിലേക്കു നോക്കി വിളിച്ചു പറയുമ്പോൾ ആ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. അടുത്ത് ചെന്ന് ആ കൈകൾ കയ്യിലെടുത്തു ഞാൻ.

“ദേഷ്യം ആണോ അമ്മേ എന്നോട്…”

“ഏയ്‌.. എന്തിന്.. അത്.. തോന്നിയിരുന്നു.. ദേഷ്യം അല്ല വിഷമം… എന്റെ കുഞ്ഞിന്റെ വിവാഹം ഞങ്ങടെ സ്വപ്നം ആയിരുന്നു.. അതൊന്ന് കൺ കുളിർക്കേ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ലല്ലോ…”

“അതല്ലാതെ വേറെ പരിഭവമൊന്നുമില്ലേ..”

“വേറെന്ത്.. എന്റെ കുട്ടി ആഗ്രഹിച്ച ഇടത്ത് തന്നെയാ എത്തിയത്.. അത് അവിടുത്തെ സ്വത്ത് മോഹിച്ചല്ല.. ഇഷ്ട്ടം ആയിരുന്നു ന്റെ കുട്ടിയ്ക്ക് മനുനെ.. ഒരുപാട്… ദൈവം ഉണ്ടാവും നിങ്ങടെ കൂടെ.. ഒന്നും.. ഒന്നും വരില്ല… കരയിക്കാത്തിരുന്നാൽ മതി.. അപേക്ഷ…”

ആ വാക്ക് മുഴുവനാക്കാൻ ഞാൻ സമ്മതിച്ചിരുന്നില്ല. ആ വാ പൊത്തി ഞാൻ അതിനെ തടഞ്ഞു.

“ഒരിക്കലും ഇല്ല…ഞാൻ എനിക്ക്…”

“ഹാ.. വന്നോ… ഇതെന്താ വന്ന കാലിൽ നിക്കുന്നെ.. അവിടെ ഇരിക്കൂ കുട്ടി…”

“ഉവ്വ്.. ഞാൻ അമ്മയോട് സംസാരിക്കായിരുന്നു…”

“മ്മ്… സരസ്വതി.. നീ ഇവിടെ കഥ പറഞ്ഞു ഇരിക്കുവാണോ… മോന് കഴിക്കാൻ എന്തെങ്കിലും എടുക്ക്…”

“ആ.. ഞാൻ.. പെട്ടെന്ന്.. നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ പെട്ടെന്ന് റെഡിയാക്കാം.. മോൻ കഴിച്ചിട്ട് പോയാൽ മതി…”

അമ്മ ഉള്ളിലേക്ക് പോയപ്പോൾ ഞാൻ അച്ഛനെ നോക്കി. ഒരുപാട് കേട്ടിട്ടുണ്ട് സഖാവ് കൃഷ്ണമാഷിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും…. ആ ഗാഭീര്യവും ഊർജവും ഇന്നും ആ മുഖത്തു എടുത്തു കാണിക്കുന്നുണ്ട്. ഒരു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പറഞ്ഞു.

“ആമിയോട് ഇഷ്ട്ടം തോന്നിയപ്പോൾ.. അന്വേഷിച്ചിരുന്നു ഞാൻ ഈ സഖാവിനെ കുറിച്ച്…ബഹുമാനം ആയിരുന്നു കേട്ടപ്പോൾ…കാണണമെന്നും പരിചയപ്പെടണമെന്നും ഒരുപാട് ആഗ്രഹിച്ചതാണ്… പക്ഷെ…”

“മ്മ്.. ഞാനും അന്വേഷിച്ചായിരുന്നെടോ.. തന്നെ കുറിച്ച്.. എന്റെ മോളുടെ ഹൃദയം ഒരു നേതാവ് കയ്യടക്കിയെന്ന് അറിഞ്ഞപ്പോൾ തന്നെ… എന്റെ മറ്റൊരു പകർപ്പ്.. അങ്ങനെയാ അറിഞ്ഞപ്പോൾ തോന്നിയത്…”

“ഹ ഹ ഹ…ഇറ്റ്സ് ഗ്രേറ്റ്‌…അച്ഛന്റെ അടുത്തൊന്നും ഞാൻ എത്തില്ല..”

“ഏയ്‌..താൻ ഒരു മനുഷ്യ സ്നേഹിയാണെന്ന് അറിഞ്ഞു തന്നാ അങ്ങോട്ട്‌ വരാനുള്ള എന്റെ മോളുടെ തീരുമാനത്തെ ഞാൻ എതിർക്കാഞ്ഞത്.. എനിക്കീ ജാതകത്തിലൊന്നും വിശ്വാസം ഇല്ലെടോ…മനുഷ്യൻ നന്നാവണം അത്രയേ ഉള്ളു…”

“മ്മ്…”

പിന്നെ കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൂകത തളം കെട്ടി നിന്നു. എന്ത് പറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിന്റെ ഒരു പരുങ്ങൽ എന്റെ മുഖത്തു നിന്നും മനസ്സിലാക്കിയിട്ടാവണം…

“മനുവിന്റെ വരവ്… ഞാൻ ഊഹിച്ച കാര്യത്തിന് തന്നെയാവുമെന്ന് വിശ്വസിക്കുന്നു… അല്ലേ…”

“മ്മ്… എനിക്ക്.. അറിയണമെന്നുണ്ട്… പലതും.. ഞാൻ തെറ്റായി ധരിച്ചോന്നൊരു തോന്നൽ…”

“തോന്നലല്ല.. ധരിച്ചതെല്ലാം തെറ്റ് തന്നെയായിരുന്നു…ആരുടേയും ജീവിതം നശിപ്പിക്കാനല്ല ന്റെ കുട്ടി അന്നാ കല്യാണത്തിന് എത്തിയത്… തന്നോട് വാശി കാണിച്ചതും വെല്ലുവിളിച്ചതുമൊന്നും തന്റെ സ്വത്ത് മോഹിച്ചല്ല….അത് ആഗ്രഹിച്ചു നടക്കുന്നവളുടെ ചതിയിൽ വീഴാതെ തന്നെ രക്ഷിക്കാനായിരുന്നു… അത്രയ്ക്കു ഇഷ്ടമാണെടോ നിന്നെ അവൾക്ക്….”

നെഞ്ചിൽ ഒരു ഭാരമേറുന്നുണ്ടായിരുന്നു. കുറ്റബോധത്തോടെ തന്നെ ബാക്കി വാക്കുകൾക്കായി ഞാൻ ചെവിയോർത്തു.

എന്നെക്കാൾ മുന്നെ ഇലക്ഷന്റെ അന്ന് എന്നോട് ഇഷ്ട്ടം പറയാൻ നിന്നിരുന്നവൾ എന്നെ തള്ളി പറഞ്ഞതിന്റെയും അന്ന് ആ കണ്ണിൽ കണ്ട വേദനയുടെ കാരണവും.. പിന്നീട് ഞങ്ങൾ പരസ്പര ശത്രുക്കളായി വേർ പിരിയേണ്ടി വന്നതിന്റെ പിന്നിലെ അമ്മുവിന്റെ ചതികളുമെല്ലാം ഓരോന്നോരോന്നായി അച്ഛനിൽ നിന്നറിഞ്ഞപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി. ഒന്നും അറിയാതെ അമ്മു മെനഞ്ഞെടുത്ത കഥയിലെ വെറും കളിപ്പാവയാവുകയായിരുന്നു ഞാനെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. പറ്റി പോയ തെറ്റിൽ നെഞ്ച് നീറി. അദ്ദേഹത്തിന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ എന്റെ തല താണു. അമ്മുവിനോടുള്ള ദേഷ്യവും എന്റെ പൊട്ടത്തരങ്ങളോടുള്ള അമർഷവും കണ്ണിൽ നീർ തിളക്കം തീർത്തു.

“മനു…”

ആ വിളിയിൽ തല ഉയർത്തി നോക്കാതെ തന്നെ ഞാൻ താഴേക്കൂർന്നിരുന്ന് ആ കാലുകളിൽ തൊട്ടു.

“ഹേയ്.. എന്താ കുട്ടി കാണിക്കുന്നേ.. എഴുന്നേറ്റെ.. അതിന് മാത്രം തെറ്റൊന്നും താൻ ചെയ്തിട്ടില്ലെടോ…”

എന്നെ പിടിച്ചു പൊക്കി ഒരു പുഞ്ചിരിയോടെ അദ്ദേഹം എന്റെ കവിളിൽ തലോടി.

“ഞാൻ..ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല… കുഞ്ഞു നാൾ മുതൽ എനിക്കൊപ്പം കളിച്ചു വളർന്ന അവളുടെ ഉള്ളിലെ ദുഷിപ്പ്.. ഞാൻ മനസ്സിലാക്കാതെ പോയി.. തെറ്റാണ്.. എന്നോട് പൊറുക്കണം…”

“ഇല്ലെടോ.. അറിഞ്ഞു ചെയ്യുന്നതാ മനു തെറ്റ്… താൻ അറിഞ്ഞല്ലല്ലോ ഇതൊന്നും… കൂടുംബം പോലെ നിൽക്കുന്നവരെ പോലും ചതിക്കാനുള്ള മനസ്സും കുതന്ത്രവും ഉണ്ടെങ്കിൽ ആർക്കും ആരെയും പറ്റിക്കാമെടോ… അതിൽ തന്നെ കുറ്റപ്പെടുത്തിയതിൽ കാര്യമില്ലല്ലോ… അത് മറന്നേക്കൂ…”

“മ്മ്..”

“എന്നാ മനു വീടൊക്കെ ഒന്ന് കണ്ടോളൂ..എന്തായാലും ഇത്രടം വരെ വന്നതല്ലേ… ഊണ് കഴിച്ചിട്ട് പോയാൽ മതി..”

“ശരി അച്ഛാ…”

“മുകളിലാ ആമിടെ മുറി… അവിടെ വല്ല ബുക്കും കാണും.. വായനായൊക്കെ താല്പര്യമുണ്ടെങ്കിൽ ആവാം…”

ഒരു പുഞ്ചിരി നൽകി ഞാൻ മുകളിലേക്കുള്ള പടികൾ കയറി. കയറി മുകളിൽ എത്തിയപ്പോൾ അവൾക്കായി അവിടെ ഒരു കുഞ്ഞു മുറിയും ബാക്കി ഭാഗം ഓപ്പൺ ടെറസും ആയിരുന്നു. ടെറസിലെ ബാൽക്കണിയിൽ നിന്ന് ഞാൻ താഴോട്ട് നോക്കി. അവിടെ നിന്നും ശ്രദ്ധ ആകർഷിച്ചു നിൽക്കുന്നത് അവളുടെ പൂന്തോട്ടം തന്നെയാണ്. ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. അപ്പുറത്തെ പറമ്പിൽ തെങ്ങിൻ തോപ്പും പിന്നെ കപ്പയും മറ്റെന്തൊക്കെയോ പച്ചക്കറികളും ഇടം പിടിച്ചിട്ടുണ്ട്. അച്ഛന് അത്യാവശ്യം കൃഷിപണിയും ഉണ്ടെന്ന് മനസ്സിലായി. അവിടെ അങ്ങനെ നിൽക്കുമ്പോൾ കാറ്റിന്റെ തലോടലിന് പോലും ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ദീർഘമായി ഒന്ന് നിശ്വസിച്ച് ഞാൻ നേരെ ചെന്നത് അവളുടെ റൂമിലേക്കാണ്. ഡോർ തുറന്നതും ലൈറ്റ് മഞ്ഞയും വെള്ളയും കോമ്പിനേഷനിൽ പെയിന്റടിച്ച ഭിത്തിയിൽ പതിപ്പിച്ച അവളുടെ ഒരു ഫോട്ടോയിലാണ് കണ്ണുടക്കിയത്. അഴിഞ്ഞ മുടിയും ആ ചിരിയും കരിമഷിയെഴുതിയ വിടർന്ന കണ്ണുകളും അവളുടെ മനസ്സ് പോലെ മുഖവും കൂടുതൽ സുന്ദരമാക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ ഞാൻ തളർന്നു വീഴുന്ന പോലെ തോന്നി. എന്നെ അവളിലേക്ക് കൂടുതൽ ചേർത്ത് നിർത്തുന്ന എന്തോ ഒരു ആകർഷണീയത അതിനുള്ളിലുണ്ട്. കണ്ണുകളടച്ച് ആ ഫോട്ടോയിൽ ചുണ്ട് ചേർക്കുമ്പോൾ ഈ ജന്മത്തിൽ മാത്രമല്ല വരും ജന്മങ്ങളിൽ പോലും എന്നെ അവളിൽ നിന്ന് അകറ്റല്ലേന്ന് മൗനമായി പ്രാർത്ഥിച്ചു. ഇറ്റ് വീണ മിഴി നീരിനെ കൈത്തലം കൊണ്ട് തുടച്ചു ഞാൻ ആ മുറിയൊന്നാകെ നോക്കി. അവൾ വരച്ചു വെച്ച ഒരുപാട് പെയിന്റിംഗ്സ് ആ ചുവരിനെ മനോഹരമാക്കിയിരുന്നു. ഓരോ ചിത്രവും ജീവൻ തുടിക്കുന്ന പോലെ കണ്ണിനെ കുളിരണിയിച്ചു. സൈഡിലായി ടേബിളിനോടുള്ള ചേർന്നുള്ള ഷെൽഫിൽ കുറെ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. അതിൽ നിന്നും ഒരെണ്ണം എടുത്തു ഞാൻ കയ്യിലെടുത്തു.

“ഒരു സങ്കീർത്തനം പോലെ…”

ഹൃദയത്തിന് മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന് പെരുമ്പടവം വിശേഷിപ്പിച്ച ദസ്തയേവ്സ്കിയുടെയും അന്നയുടെയും തീവ്ര പ്രണയത്തിന്റെ കഥ പറയുന്ന നോവൽ… അതിലൂടെ ഒരിക്കൽ കൂടി കടന്നു പോവാൻ കൊതി തോന്നിയപ്പോൾ താളുകൾ മറിച്ച് ഞാൻ അവിടുത്തെ ചെയറിലേക്ക് ഇരുന്നു.

“മനു… മോനേ മനു…”

താഴെ നിന്നും അമ്മ വിളിച്ചപ്പോഴാണ് സമയം കടന്നു പോയത് ഞാൻ അറിഞ്ഞത്. വായന നിർത്തി ബുക്ക്‌ പഴയ പോലെ ഷെൽഫിൽ എടുത്തു വെച്ചു ഞാൻ താഴോട്ടിറങ്ങി. ടേബിളിൽ നിറയെ വിഭവങ്ങൾ നിറഞ്ഞിരുന്നു.

“എന്റെ അമ്മേ എന്തൊക്കെയാ ഇത്…ഈ കുറഞ്ഞ സമയം കൊണ്ട് ഒരു സദ്യ തന്നെ ഒരുക്കിയല്ലോ..ഇതെല്ലാം കൂടി എനിക്ക് താങ്ങുവോ….”

“ഏയ്‌.. കാര്യമായിട്ടൊന്നും ഇല്ലന്നെ ഇവിടുള്ളത് വെച്ചു തട്ടി കൂട്ടിയതാ…ആമി അവിടേക്ക് വന്നതിൽ പിന്നെ മീനും ചിക്കനും ഒന്നും വാങ്ങാറില്ല… അതോണ്ട് പച്ചക്കറികൾ തന്നെയുള്ളൂ.. കുട്ടിയ്ക് ഇഷ്ട്ടം ആവോ എന്തോ…”

“എനിക്ക് വെജിറ്റേറിയനാ അമ്മാ കൂടുതൽ പ്രിയം… പിന്നെ ദേ എനിക്ക് ഈ മോര് തന്നെ ധാരാളം…”

“ആഹാ.. ആമിയ്ക്കും അതെ.. മോര് വലിയ ഇഷ്ട്ടാ…”

ഒന്ന് പുഞ്ചിരിച്ച് ഞാൻ കഴിക്കാൻ തുടങ്ങി. രുചിയറിഞ്ഞത് നാവിൽ ആണെങ്കിലും മനസ്സും നിറഞ്ഞു ആ ഭക്ഷണത്തിൽ. അത്രയ്ക്ക് രുചിയായിരുന്നു ഓരോ വിഭവത്തിനും.
കഴിച്ചു കഴിഞ്ഞു കൈ കഴുകി തിരിഞ്ഞ ഞാൻ അമ്മയെ കെട്ടി പിടിച്ചു കവിളിൽ മുത്തി.

“ഒരുപാട് സന്തോഷം അമ്മാ.. ഇത്രയും രുചിയുള്ള ഭക്ഷണം നൽകിയതിന്… ഞാൻ ഇനിയും വരും ഈ സ്വാദ് നുണയാൻ….”

“പിന്നെന്താ ഇത് നിന്റെ കൂടി വീടല്ലേ ഇപ്പോ.. എപ്പോ വേണെങ്കിലും വരാലോ…”

അമ്മ എന്റെ മുടിയിഴകളിൽ തലോടി. കുറച്ചു നേരം കൂടി രണ്ടു പേരോടും സംസാരിച്ചിരുന്ന ശേഷം ഞാൻ പോവാനായി ഒരുങ്ങി.
ബാഗ് എടുത്ത് ഉമ്മറത്തു എത്തിയപ്പോൾ അനുഗ്രഹത്തിനായി അച്ഛന്റെ കാലിൽ വീണു..പാദങ്ങളിൽ സ്പർശിക്കും മുന്നെ കൈകൾ കൊണ്ട് എന്നെ താങ്ങിയിരുന്നു അച്ഛൻ.

“അതിന്റെ ആവിശ്യൊന്നും ഇല്ല കുഞ്ഞേ.. ഞങ്ങളുടെ രണ്ടു പേരുടെയും അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പമുണ്ടാവും… നന്നായി വരും രണ്ടാളും…”

മറുപടിയായി അദ്ദേഹത്തെ ഞാൻ ആഞ്ഞു പുൽകി.

“അപ്പോ എങ്ങനെയാ…ആ കാന്താരിയെ ഒതുക്കാൻ വല്ല പദ്ധതിയുമുണ്ടോ..ഉണ്ടെങ്കിൽ കൂട്ടിന് ഞാനും കൂടാം… അങ്ങനെയൊന്നും പിടി തരുന്ന കൂട്ടത്തിലല്ല അവൾ…”

കുസൃതിയോടെയുള്ള ആ പറച്ചിലിൽ ഞാനും അമ്മയും ഉറക്കെ ചിരിച്ചു.

“മ്മ്.. അച്ഛന്റെ സഹായം എനിക്ക് വേണ്ടി വരും.. ഒരു നടയ്ക്ക് ഒന്നും എന്നോട് അടുക്കുന്ന ഭാവം ഞാൻ കാണുന്നില്ല… പക്ഷെ അങ്ങനെ വിട്ടു കളയാൻ എനിക്ക് പറ്റില്ലല്ലോ.. അവളെ കൊണ്ട് തന്നെ എന്നോടുള്ള ഇഷ്ട്ടം പറയിപ്പിക്കും ഞാൻ…”

“ഹ ഹ ഹ…. നടക്കട്ടെ.. നടക്കട്ടെ… കുഞ്ഞു കുഞ്ഞു കുസൃതികൾ ഒക്കെ ആവാടോ.. അപ്പഴേ ജീവിതത്തിന് ഒരു ത്രില്ല് ഉള്ളു…”

“അത് അത്രേ ഉള്ളു… എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.. ഇനി വൈകിയാൽ ശരിയാവില്ല..അമ്മേ അപ്പോ ഞാൻ പോയിട്ട് വരാം..”

“ശരി മോനേ.. ഇടയ്ക്ക് വായോ.. ഇനി വരുമ്പോൾ ഉടക്കൊക്കെ തീർത്തു ആ കാന്താരിയെ കൂടി കൂട്ടിക്കോ…”

“തീർച്ചയായും… ഞങ്ങടെ യുദ്ധം അവസാനിപ്പിച്ച് ഉടനെ വരും..പക്ഷെ ഇന്ന് ഞാൻ ഇവിടെ വന്നതും എല്ലാം അരിഞ്ഞതും തത്കാലം അവൾ അറിയണ്ട…..അപ്പോ കാണാം…”

“മ്മ് ഇല്ല മോനേ ഞങ്ങൾ പറയില്ല…ശരിയെന്നാൽ…”

രണ്ടു പേരോടും യാത്ര ചോദിച്ച് നിറഞ്ഞ മനസ്സോടെ ഞാൻ അവിടുന്ന് തിരിച്ചു.

ആലപ്പുഴയ്ക്കുള്ള ട്രെയിൻ ലേറ്റ് ആയത് കാരണം കുറച്ചു വൈകിയാണ് ഞാൻ വീട്ടിലെത്തിയത്. ഏറെക്കുറെ സന്ധ്യ അടുത്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറെടുത്ത് വേഗത്തിൽ തന്നെ ഓടിച്ചു.

വീട്ടിലേക്കുള്ള വളവ് തിരിഞ്ഞതും വീട്ടിൽ നിന്നും ഒരു പോലീസ് ജീപ്പ് ഓപ്പോസിറ്റ് വഴിയിലേക്ക് തിരിഞ്ഞു പോകുന്നതാണ് കണ്ടത്. ഇതെന്താ പോലീസ് വണ്ടിയൊക്കെ ഇവിടെ എന്നോർത്ത് തന്നെ ജീപ്പിന്റെ പിൻവശത്തേക്ക് ഞാൻ നോക്കിയതും തല കുനിച്ചു ഇരിക്കുന്ന അച്ഛനെയാണ് കണ്ടത്. ആ കാഴ്ചയിൽ എന്റെ കണ്ണ് മിഴിച്ചു പോയി. എന്റെ അച്ഛൻ പോലീസ് ജീപ്പിന് പുറകിൽ…എന്താണെന്ന് വ്യക്തമാവുന്നതിന് മുന്നെ തന്നെ ജീപ്പിന് തൊട്ട് പിന്നാലെയായി ആമിയും അവളുടെ വണ്ടിയും എടുത്തു കുതിക്കുന്നതും കൂടി കണ്ടപ്പോൾ ഉള്ളിലെ ടെൻഷൻ ഇരട്ടിച്ചു. ഞാൻ വീടിനടുത്ത് എത്തിയതും അവർ അല്പം ദൂരേക്ക് മാഞ്ഞിരുന്നു. പെട്ടെന്ന് തന്നെ വണ്ടി നിർത്തി കാറിൽ നിന്നിറങ്ങി ഞാൻ ഉച്ചത്തിൽ വിളിച്ചു നോക്കിയെങ്കിലും അവർ എന്റെ വിളിപ്പാടകലെയെത്തിയിരുന്നു. നെഞ്ചിടിപ്പോടെ ഞാൻ തിരിച്ചു കാറിൽ കേറാൻ തുനിഞ്ഞപ്പോഴാണ്..

“മോനേ.. മനുക്കുട്ടാ…”

“ഹ.. അമ്മേ.. അമ്മ ഇവിടെയുണ്ടായിരുന്നോ… എന്താ അമ്മേ എന്താ സംഭവി..”

മുഴുവനാക്കിയില്ല.. എന്റെ കൈകളിലേക്ക് ഊർന്ന് വീണിരുന്നു അമ്മ.

“അമ്മേ.. അമ്മേ.. കണ്ണ് തുറക്ക്… എന്താ പറ്റ്യേ… കണ്ണ് തുറന്നെ അമ്മേ… ഈശ്വരാ.. ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നെ…”

ഞാൻ പെട്ടെന്ന് തന്നെ അമ്മയെ പൊക്കിയെടുത്ത് കാറിൽ കിടത്തി അതി വേഗത്തിൽ ഹോസ്പിറ്റലിലേക്ക് കുതിച്ചു.

പോകുന്ന വഴിയിൽ ഞാൻ ആമിയെ ഫോണിൽ നിരന്തരമായി വിളിച്ചു കൊണ്ടിരുന്നെങ്കിലും അവൾ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ വണ്ടി ഒതുക്കി അമ്മയെയും കൊണ്ട് ഞാൻ ക്യാഷ്യാലിറ്റിയിലേക്ക് ഓടി. സ്‌ട്രെച്ചറിൽ കിടത്തി അമ്മയെ ഉള്ളിലേക്ക് കയറ്റുമ്പോൾ നെഞ്ച് പൊട്ടുകയായിരുന്നു…മുന്നിൽ ഒന്നും തന്നെ വ്യക്തമല്ല… എന്താണെന്നോ എങ്ങനെയാണെന്നോ… കണ്ണിലും മനസ്സിലും ഭയത്തിന്റെ നിഴൽ മൂടാൻ തുടങ്ങിയിരുന്നു. ചെയറിലേക്ക് ഇരുന്നു കണ്ണുകളടച്ചു..എന്താ സംഭവിച്ചതെന്ന് ആരോട് ചോദിക്കുമ്മേനോർത്തപ്പോൾ മഹി എൻട്രൻസ് എക്സാമിനു വേണ്ടി കാലത്ത് തൃശൂർ പോയതാണ് എത്തിയിട്ടില്ലന്ന് മനസ്സിലായി.. മായ മോള് വലിയമ്മയുടെ കൂടെയാണ് അവരും മടങ്ങി എത്തിയിരുന്നില്ല. എങ്കിലും രണ്ടും കല്പിച്ചു വലിയച്ഛനെ വിളിച്ചു വിവരം പറഞ്ഞു. പ്രതീക്ഷിച്ച പോലെ അവർ ഒന്നും അറിഞ്ഞിരുന്നില്ല.. എത്രയും പെട്ടെന്ന് എത്താമെന്ന് പറഞ്ഞു ഫോൺ വെച്ചു. ഒറ്റയ്ക്ക് ആ വരാന്തയിൽ അങ്ങനെ ഇരിക്കുമ്പോൾ കടന്ന് പോവുന്ന ഓരോ നിമിഷവും ദൈർഘ്യമുള്ളതായി തോന്നി. എന്തോ അരുതാത്തത് സംഭവിക്കുന്ന പോലെ മനസ്സ് വിതുമ്പി….ഒരു ആശ്രയം പോലെ ഞാൻ ആ ചുവരിലേക്ക് തല ചായ്ച്ചു.

(തുടരും )