10/05/2026

അഗ്നിമിത്ര : ഭാഗം 10

രചന – കൽക്കി

“ആഹ് അപ്പച്ചി ആയിരുന്നോ……” അകത്തേക്ക് കയറി വന്ന നന്ദിനിയെ കണ്ടുകൊണ്ട് അമ്മൂട്ടി പറഞ്ഞു.

“എന്തെ നിനക്ക് ഇഷ്ടായില്ലെന്നുണ്ടോ….. പറച്ചിൽ അത്ര സുഖോന്നും ഇല്ലാലോ…. എന്തെ അങ്ങനെ ആണോ….” നന്ദിനി ഒരു പുച്ഛത്തോടെ അവളോട് ചോദിച്ചു.

അത് കേട്ടതും അമ്മൂട്ടി ഒരു അമ്പരപ്പോടെ നന്ദിനിയെയും സുഭദ്രമ്മയെയും മാറി മാറി നോക്കി.

“ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല അപ്പച്ചി…. ഇനി ഇപ്പോ തോന്നിയെങ്കിൽ എന്നോട് ക്ഷമിച്ചേര്.”

അത്‌ കേട്ടതും നന്ദിനി ഒരു അന്തളിപ്പോടെ അവളെ ഒന്ന് നോക്കി…. ഇത്രേ ഒക്കെ ആയിട്ടും അഹങ്കാരം അല്ലാതെന്ത്…. പയ്യെ ആരും കാണാണ്ട് പിറുപിറുത്തു അവർ അമ്മൂട്ടിടെ കയ്യിൽ ഇരുന്ന പാത്രം പിടിച്ചു വാങ്ങി.

“എന്താ അപ്പച്ചി ഈ കാട്ടണേ….. ഇങ്ങു തന്നേക്കു അത്‌…. ഞാൻ കൊടുത്തോളം.” ഒരു അസ്വസ്ഥതയോടെ അവൾ പറഞ്ഞു.

“അത്‌ കൊള്ളാലോ…. നീ കാണാനേക്കാളും മുന്നേ ഞാൻ സുഭദ്രേചിയെ കാണാൻ തുടങ്ങിതാ….. എനിക്ക് കൊടുക്കാൻ അറിയാം…”

“അപ്പച്ചി ഞാൻ…..”

പറഞ്ഞു തുടങ്ങിയതെ സുഭദ്രമ്മ അവളെ കണ്ണുകൊണ്ട് വിലക്കിയിരുന്നു. അതുടെ കണ്ടതും അമ്മൂട്ടി ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. അപ്പോഴാണ് അനന്തൻ അകത്തേക്കു കയറിയത്.

“അനന്തേട്ടനോ….. അകത്തേക്കു കയറി ഇരിക്ക്….”

അമ്മൂട്ടി പറഞ്ഞതും അനന്തൻ അകത്തേക്കു കയറി നന്ദിനിയുടെ അടുക്കലായി നിന്നു. അമ്മൂട്ടി പുറത്തേക്കും ഇറങ്ങി.

“അനന്താ…. അവിടെ ഇരുന്നോളു കുട്ടി…..”സുഭദ്രമ്മ അനന്തനോടായി പറഞ്ഞു.

“കഞ്ഞി കോരി തരാനും മാത്രം വയ്യായ്ക ചേച്ചിക്ക് ഉണ്ടോ….. “അത്‌ ചോദിച്ചോണ്ട് നന്ദിനി കിടക്കയ്ക് അരികിലായി ഇരുന്നു.

“അങ്ങനൊന്നും ഇല്ല നന്ദിനി….. പിള്ളേര് ഇങ്ങനെ…. ഇങ്ങു തന്നേര് ഞാൻ കഴിച്ചോളാം…..”

“ആഹ് അത്‌ വേണ്ട…. ഇനി ഇപ്പോ അത്‌ കണ്ടിട്ട് മതി ആ പോയ പെണ്ണ് തുടങ്ങാൻ…….”

അത്‌ കേട്ടതും സുഭദ്രമ്മ ഒന്ന് ചിരിക്കാനായി ശ്രമിച്ചു….

“ഇന്നാ ചേച്ചി കഴിക്ക്….. “കഞ്ഞി കോരി നീട്ടിയതും അടുത്ത് കിടന്ന വാവാച്ചി ഒന്ന് ചിണുങ്ങി.

“ഓഹ് ഇത് ഇവിടെ സുഖിച്ചു കിടപ്പുണ്ടാരുന്നോ….. ഞങ്ങടെ കൊച്ചിനെ കൊന്നിട്ട് ഉണ്ടായ മുതലാ……”

“നന്ദിനി……”

“ഹഹാ എന്താ സുഭദ്രേചി…. സത്യായ കാര്യാ…. ജാതകം ഒന്ന് എഴുതിച്ചു നോക്ക്…. അപ്പോ അറിയാം കാര്യങ്ങൾ ഒക്കെ…. ഇനി ഇപ്പോ വേറെ ആർക്കേലും ദോഷം ഉണ്ടാകുന്നു അറിഞ്ഞു വെക്കലോ….. പറഞ്ഞു വരുമ്പോ സുഭദ്രേച്ചിടെ അതെ സ്ഥാന എനിക്കും…. എനിക്കും കാണും ദോഷം.ഈശ്വര….. ഇത് ഉണ്ടായ ആഹ് സമയോം നാളും ഒന്ന് പറഞ്ഞേക്കണേ ചേച്ചി….. നമ്മടെ പണിക്കരെ ഒന്ന് കാണിക്കാം. അനന്താ നീ കേട്ടാലോ ഒന്ന് കുറിച് എടുത്തോണം.”

“ഹ്മ്മ്…… എടുക്കാം അമ്മേ…..”

“ഹാ പിന്നെ സുഭദ്രേചി….. ഇതൊക്കെ ശെരിയായ കാര്യങ്ങള…. ചേച്ചി ഒന്ന് കേൾക്കണം.പടിഞ്ഞാറലെ നമ്മടെ തമ്പിയേട്ടന്റെ മോളെ….. ഒരു നസ്രാണിചെക്കൻ ആയിട്ടാരുന്നാലോ സംബദ്ധം. തള്ള മരിച്ചു പ്രസവത്തോടെ…. അത്‌ കഴിഞ്ഞ് കഴിഞ്ഞു തമ്പിയേട്ടൻ ഒരൂസം കൊച്ചിന്റെ ജാതകം എഴുതിക്കാൻ പണിക്കാരുടെ അടുത്ത് ചെന്നു…..പുള്ളി സമ്മതിച്ചില്ല….. ഒരു വർഷം കഴിഞ്ഞിട്ട് എഴുതിയ മതീന്ന് പറഞ്ഞു മടക്കി അയച്ചത്രേ. എന്നാ ഇപ്പോളല്ലേ കാര്യങ്ങളൊക്കെ മനസിലായത് ആഹ് കൊച്ചു കഴിഞ്ഞ ദിവസം മരിച്ചു….. പനിയായിരുണത്രെ…..

ചേച്ചിക്ക് കാര്യം മനസ്സിലായോ….. പണിക്കർ അന്ന് എല്ലാം അറിഞ്ഞിട്ട് തന്നെയാ തമ്പിയേട്ടനെ മടക്കി അയച്ചത്… ഒരു കൊള്ളാം തികക്കില്ലാന്ന് പുള്ളിക്ക് മനസിലായി….”

“നന്ദിനി….. മതി….. എന്റെ ശിഖേടെ ചോരയാ ഇവൻ….. അവൾക് പകരം ഞങ്ങൾക് ദൈവം തന്നത്…. അങ്ങനെയെ കരുതിട്ടുള്ളു…”

സുഭദ്രമ്മ കണ്ണീരോടെ കുഞ്ഞിനെ എടുത്ത് അടക്കി പിടിച്ചു.

“അങ്ങനെ അല്ല സുഭദ്രേചി….. അറിഞ്ഞിരിക്കാൻ…..”

“അപ്പച്ചി…… “ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിപ്പോൾ കണ്ടത് അമ്മൂട്ടിയെ ആയിരുന്നു. അവളുടെ ഭാവമാറ്റം നന്ദിനിയെ കുറച്ച് പേടിപ്പെടുത്തിരുന്നു. കാരണം ശിഖയെയും അഗ്നിയെയും പോലെ അല്ല ഇവൾ…. നന്ദിനി പേടിയോടെ അനന്തനെ നോക്കി.

അവൻ ഒന്നും ഇല്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.

മുഖതെ പേടി ഇല്ലാതാക്കാൻ എന്നോണം നന്ദിനി ഒന്ന് ചിരിച്ചു.. “എന്താ കുട്ടി ഇത്ര ഒച്ചപ്പാട് വെക്കണേ…. ഒരു മരണം നടന്ന് വീട് അല്ലെ…. നാട്ടുകാര് എന്ത് പറയും.”

“ഹ്മ്മ്….. മരണം നടന്ന വീട്….. “ഒന്ന് പുച്ഛിച്ചു ചിരിച്ചോണ്ട് അവൾ അകത്തേക്ക് കയറി.

“അതെ മരണം നടന്ന വീടാ…. മരിച്ചത് അപ്പച്ചിയുടെ ചേട്ടന്റെ മകളാ….. ആഹ് കിടക്കണത് അവരുടെ മകനും….. വായിൽ നാക്കുണ്ട് എന്ന് കരുതി എന്ത് തോന്നിവാസവും വിളമ്പം എന്നല്ല അർത്ഥം.”

“അമ്മു……. “ദേഷ്യത്തോടെ അനന്തൻ ചാടി എഴുനേറ്റു. “നിന്റെ അപ്പചിയാ അത്‌…. സൂക്ഷിച്ചു സംസാരിക്കണം….. എന്റെ അമ്മയോട് എന്തും പറയാം എന്നുള്ള ധാരണ ഉണ്ടെങ്കിൽ വേണ്ട….”

“എന്തെ അമ്മയെ പറഞ്ഞപ്പോൾ നിങ്ങൾക് പൊള്ളിയോ….. ഞങ്ങൾക്കും പൊള്ളും ഇത്പോലെ…. ഇത്രേനേരോം അപ്പച്ചി ഇവിടെ കിടന്നു ഓരോന്ന് പറഞ്ഞപ്പോ മിണ്ടാതെ വായും പൂട്ടി ഇരുന്ന ആളാ ഇപ്പോ കിടന്നു തുള്ളണത്.”

“അമ്മൂട്ടി മതി….. സംസാരിച്ച് വഷളാക്കണ്ട….. അവൾ എന്തേലും മോശായി പറഞ്ഞെങ്കിൽ ക്ഷമിക്കാ….. കുട്ടി അല്ലെ…..”

“എന്നാലും എന്റെ ചേച്ചി…… ഇത് നല്ലതല്ല കുട്ടി…. പെൺകുട്ടികൾക്കു ഇത്രേം അഹങ്കാരം പാടില്ല…..”

“ഞാൻ ഒരു അഹങ്കാരവും കാട്ടില്ല…. പറയേണ്ടത് മാത്രേ പറഞ്ഞോളു…..” അമ്മൂട്ടി സുഭദ്രമ്മയുടെ കൈയിൽ നിന്ന് വാവച്ചിയെ വാങ്ങിക്കൊണ്ട് പറഞ്ഞു.

“പിന്നെ ഒരു കാര്യം….. ഇനി ഒരിക്കലും അപ്പച്ചിയുടെ വായിന്നു വേണ്ടാത്തത് ഇവനെ പറ്റി കേട്ടാൽ….. അച്ഛന്റെ പെങ്ങൾ ആന്ന് ആഗ്നേയ മറക്കും…” അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു.

ഒരു നിമിഷം അവളുടെ പെരുമാറ്റത്തിൽ ഏവരും സ്തബ്ദരായി.

“ഹോ ഈ പെണ്ണിന്റെ ഒരു കാര്യം അല്ലെ സുഭദ്രേചി…. പെട്ടെന്ന് ദേഷ്യം വരും.”
ഒരു ചിരി വരുത്തി നന്ദിനി പറഞ്ഞു.

“ഹ്മ്മ്…… “ഒരു മൂളലിൽ മാത്രമായി സുഭദ്രമ്മ ഒതുക്കി.

“സുഭദ്രേചി ഇത് കഴിക്ക്…. പിള്ളേര് പറയുന്നത് നമ്മളത്ര കാര്യക്കേണ്ട…….”

“വേണ്ട നന്ദിനി വിശപ്പ് ഇല്ല…. ഞാൻ പിന്നീട് കഴിച്ചോളാം…. നി അത്‌ അവിടെ വെച്ചേക്ക്…..”

“ആഹ്… എന്നാ അങ്ങനെ ആയിക്കോട്ടെ ചേച്ചി..’

അമ്മേ…. അനന്തൻ നന്ദിനിയോടായി പയ്യെ വിളിച്ചതും അവർ തിരിച് കണ്ണിറുക്കി കാണിച്ചു.എന്നിട് തിരിച് സുഭദ്രമ്മയുടെ അടുക്കലായി ഇരുന്നു.

“അതെ സുഭദ്രേചി…. ഞങ്ങളൊരു കാര്യം അറിയിക്കാനാ വന്നത്…. സുഭദ്രച്ചി കേൾക്കുന്നുണ്ടോ….”

“പറഞ്ഞോളൂ നന്ദിനി കേൾക്കുന്നുണ്ട്….”

“അത്‌ നമ്മുടെ അനന്തന്റെ കല്യാണം….” പറഞ്ഞു തുടങ്ങിയതെ സുഭദ്രമ്മ അത്‌ തടഞ്ഞു……

“നന്ദിനി അത്‌…. ഇപ്പോ എങ്ങന….. ശിഖ മരിച്ചിട്ട്….. ഉടനെ എങ്ങനെയാ….”

“സുഭദ്രേചി ഞാൻ പറഞ്ഞു കഴിഞ്ഞില്ല….. “ഒരു പരുങ്ങലോടെ അവർ തുടർന്നു.
“അനന്തനൊരു ഇഷ്ടം….”

“എന്താ…. ”സുഭദ്രമ്മ ഒരു സംശയത്തോടെ നോക്കി.

അത്…. കുറച്ച് നാളായിട് അങ്ങനൊരു ഇഷ്ടം ഉണ്ടത്രേ….. ഞാൻ ഇപ്പഴാട്ടോ അറിയണേ ചേച്ചി…..”

“നന്ദിനി എന്താ പറയണെന്ന് ബോധം ഉണ്ടോ…അപ്പോ എന്റെ മോൾ അഗ്നി…..”

“അതെ ചേച്ചി….. ഇത് ഞാൻ നേരത്തെ അറിഞ്ഞിരുന്നുന്നെകിൽ സമ്മതിക്കില്ലാരുന്നു….. പറഞ്ഞു മനസിലാക്കിയേനെ ഇവനെ….”

“മോനെ അനന്ത…. എന്താ ഈ കേൾക്കണേ…. എന്റെ കുട്ടി…. സഹിക്കില്ല അതിനു….. പറഞ്ഞു പറ്റിക്കല്ലരുന്നോ….”

“അമ്മായി എന്താ ഈ പറയണേ…. പറ്റിക്കുവോ…. ആര്…. ഞാൻ എപ്പഴേലും പറഞ്ഞിട്ടുണ്ടോ അഗ്നിയെ കെട്ടാം എന്ന്…. എല്ലാരും കൂടെ അങ്ങ് തീരുമാനിച്ചതല്ലേ…..”

“അനന്താ…. ശെരിയാ…. നി കെട്ടിക്കോളം എന്ന് പറഞ്ഞില്ല….. പക്ഷെ എല്ലാരും തീരുമാനിച്ചപ്പോൾ എന്തെ നി എതിർത്തില്ല….ഏഹ്….”

മറുപടി ഇല്ലാതെ അനന്തൻ നിന്നതും….

“പരീക്ഷിക്കല്ലേ മോനെ…. അനന്താ….. എന്റെ കുട്ടിക്ക് ഒരുപാട് നോവും കൈവിടരുത്…. നന്ദിനി ഒന്ന് പറയാ അനന്തനോട്…..”

“ഞാൻ എന്താ പറയ്യാ ചേച്ചി…. അവന്റെ സന്തോഷം അല്ലെ നിക്ക് വലുത്…. അവന്റെ ജീവിതല്ലേ….. അവൻ തീരുമാനിക്കണതല്ലേ അതിന്റെ ശെരി….”

“നന്ദിനി….”അവിശ്വാസനീയതയോടെ സുഭദ്രമ്മ വിളിച്ചു….

“അമ്മായി…. നമുക്ക് അഗ്നിക്ക് വേണ്ടി നല്ലൊരു ബന്ധം നോക്കാം… എനിക്കിതിൽ താല്പര്യം ഇല്ല…..”

“മോനെ അനന്താ….. വർഷങ്ങൾ ആയി നിന്നേം മനസ്സിൽ ഇട്ട് അവൾ നടക്കാൻ തുടങ്ങിട്ട്….. അവളോട് ഞാൻ എങ്ങന പറയണത്…… ചങ്ക് പൊട്ടും അതിന്റെ…..”
നി ഒന്ന് മനസിലാക്ക്….. നമ്മുടെ കുഞ്ഞല്ലേ…. കുട്ടികളും തൊട്ട് നിന്റെ കൈയും പിടിച്ചു നടന്നതല്ലേ…. എങ്ങനെ അവളെ നോവിക്കാൻ തോന്നണു നിനക്ക്….. ”

“അമ്മായി എന്തിനാ അവളുടെ കാര്യത്തിൽ ഇങ്ങനെ പൊള്ളനെ….. സ്വന്തം മോളോന്നും അല്ലലോ….എവിടെയോ കിടന്നതിനെ ഇവിടം വരെ എത്തിച്ചതല്ലേ……”

“അനന്താ…….. വാക്കുകൾ സൂക്ഷിച് പറയണം….. “ക്ഷോഭത്തോടെ സുഭദ്രമ്മ ചാടി എഴുനേറ്റു.

“എന്തെ പറഞ്ഞത് തെറ്റാണോ….. സത്യം തന്നെയല്ലേ…. തന്തേം തള്ളേം ഇല്ലാത്തവൾ അല്ലെ അവള്……”

“അമ്മേ…..” ഒരു ഇടർച്ചയോടെ അമ്മൂട്ടിയുടെ ശബ്ദം കേട്ടതും മൂവരും ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി…. അരികിലായി എല്ലാം കേട്ട് തറഞ്ഞു നിൽക്കുന്ന അഗ്നി.

( തുടരും )