19/04/2026

പ്രണയിനി : ഭാഗം 26

രചന – ഗംഗ ശലഭം

സായിയുടെ പിൻകഴുത്തിൽ ടാറ്റൂ ചെയ്ത മയിൽപ്പീലികളിലൂടെ പതിയെ വിരലോടിച്ചു കൃഷ്ണ. ഇരുവശത്തേക്കും വിടർന്നു നിൽക്കുന്ന രണ്ടു മയിൽപ്പീലിത്തുണ്ടുകൾ… അതി സുന്ദരിയായ ഒരു പെണ്ണിന്റെ ആശ്ചര്യം കൊണ്ട് വിടർന്ന കണ്ണുകൾ പോലെ….!

“ഇതെപ്പോ…?”

കൃഷ്ണ പതിയെ ചോദിച്ചു.

” ടാറ്റൂ ചെയ്യാൻ പണ്ട് മുതൽക്കേ വലിയ ആഗ്രഹം ആയിരുന്നു എനിക്ക്. എന്ത് ചെയ്യണം എന്ന് കുറേ ആലോചിച്ചിരുന്നു. പറ്റിയതൊന്നും അന്നൊന്നും കിട്ടിയില്ല. ”

സായി ചിരിച്ചു.

“പിന്നെ…. ഇതോ….?”

” ഇതോ…? ഇത് ഞാൻ ഇവിടെ നിന്നും കോഴ്സ് കംപ്ലീറ്റാക്കി ബാംഗ്ലൂർക്ക് തിരികെ പോയപ്പോ ചെയ്തതാ….”

കൃഷ്ണയ്ക്ക് ആ മയിപ്പീലികളോട് വല്ലാത്ത ഒരിഷ്ടം തോന്നി. അവൾ അതിന് മേലെ മൃദുവായി തന്റെ തണുത്ത ചുണ്ടുകൾ പതിപ്പിച്ചു.

സായി പതിയെ തിരിഞ്ഞ് അവളെ തന്റെ കരവലയത്തിനുള്ളിലാക്കി.

“ഇത് എന്താണെന്ന് അറിയാമോ നിനക്ക്?”

സ്വകാര്യം പോലെ അവൻ അവളുടെ കാതോരം ചോദിച്ചു.

” മയിൽ‌പീലി…. ”

” ഇഷ്ടമായോ? ”

” ഹ്മ്മ്… ഒരുപാട്….. ”

” എന്നാൽ ഒന്ന് പറയട്ടെ? അത് മയിൽ‌പീലി അല്ല കൃഷ്ണ….”

” പിന്നെ….? ”

കൃഷ്ണ അമ്പരപ്പോടെ അവനെ നോക്കി. അവളുടെ കണ്ണുകൾ മയിൽ‌പീലി കണ്ണുകൾ പോകെ വിടർന്നു വന്നു.

” കണ്ട നാള് മുതൽ എന്നെ വല്ലാതെ മോഹിപ്പിക്കുന്ന, മയിൽപ്പീലിയിലും സുന്ദരമായ രണ്ട് കണ്ണുകളാണ് അത്… നിന്റെ ഈ കണ്ണുകൾ…..!”

ആർദ്രമായ അവന്റെ സ്വരത്തിൽ തന്നോട് അവനുള്ള പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞു കൃഷ്ണ….
പ്രണയം നിറഞ്ഞ അവന്റെ നോക്കിൽ തന്റെ ഹൃദയം വിറയ്ക്കുന്നതറിഞ്ഞു….

താളം മറന്ന് തുടി കിട്ടുന്ന അവന്റെ ഹൃദയത്തോട് അവൾ ചേർന്ന് നിന്നു.
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു…..
അവന്റെ നോട്ടം താങ്ങാനാകാതെ കൂമ്പി അടഞ്ഞ അവളുടെ മയിൽ‌പീലി കണ്ണുകളിൽ സായിയുടെ ചുണ്ടുകൾ പ്രണയമുദ്ര പതിപ്പിച്ചു. കനം കുറഞ്ഞൊരു മയിൽ‌പീലി തുണ്ട് കൊണ്ട് തന്റെ കണ്ണുകളിൽ ആരോ പ്രണയത്തോടെ തഴുകുന്നുവെന്ന് തോന്നി കൃഷ്ണയ്ക്ക്….
ഭാരം മറന്ന ശരീരം അവനോട് കൂടുതൽ ചേർന്നു. അതിയായ പ്രണയത്തോടെ കൃഷ്ണ അവനെ ആഞ്ഞു പുൽകി….

*************

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ കാലത്തിൽ ജീവിച്ചു കൃഷ്ണ…..
ഇപ്പോഴും മനസ്സിൽ മിഴിവോടെ തെളിഞ്ഞു വരുന്ന ദൃശ്യങ്ങളിൽ ഒന്ന്… സായിയുമൊത്തുള്ള ഏറെ പ്രിയമുള്ള കുറച്ചു നിമിഷങ്ങൾ…. ഒരിക്കലും മറവി കവരില്ല എന്ന് ഉറപ്പുള്ള ഒരോർമ്മ…

കൃഷ്ണയുടെ കണ്ണുകൾ ഒരിക്കൽക്കൂടി സൂര്യയുടെ നേർക്ക് നീണ്ടു.

സായിയുടെ പിൻകഴുത്തിലെ അതേ അടയാളം എങ്ങനെ സൂര്യയിൽ…?
തങ്ങളുടേത് മാത്രമായ പ്രണയ നിമിഷങ്ങളിൽ പലപ്പോഴും പ്രണയത്തോടെ ചുംബിച്ചിട്ടുണ്ടതിൽ….
സായിയോടുള്ളത് പോലെ അടങ്ങാത്ത പ്രണയം തന്നെയായിരുന്നു അതിനോടും…
അതേ അടയാളം സൂര്യയിൽ എങ്ങനെ?

കൃഷ്ണയ്ക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.
തല കറങ്ങുന്നു…
കണ്ണുകളിൽ ഇരുട്ട് കയറുന്നു….
ശരീരം തളരുന്നു…..

വീണ് പോകാതിരിക്കാൻ തുറന്ന് കിടന്ന വാതിലിലേക്ക് ചാരി നിൽക്കാൻ ശ്രമിച്ചു കൃഷ്ണ. എന്നാൽ അതിനുള്ള ശക്തി പോലും ഇല്ലാതെ വാതിലിലൂടെ ഊർന്ന് ബോധം മറഞ്ഞ് നിലത്തേക്ക് വീണു പോയവൾ….

*********

മുഖത്തേക്ക് ശക്തിയിൽ വെള്ളം വീണതിനൊപ്പം, വളരെ പതിയെ ആരോ വിളിക്കുന്നതും കേട്ടാണ് കൃഷ്ണ കണ്ണുകൾ തുറന്നത്.

കണ്ണ് തുറന്ന് നോക്കിയത് സൂര്യയുടെ മുഖത്താണ്. ഭയമോ പരിഭ്രാന്തിയോ എന്തൊക്കെയോ നിറഞ്ഞു നിൽപ്പുണ്ട് അവന്റെ മുഖത്ത്.

ഒരു ടീഷർട്ട് ധരിച്ചിട്ടുണ്ട്. കയ്യിൽ ഒരു കപ്പും… കൃഷ്ണ ഇപ്പോൾ ആ വാതിലിൽ ചാരി ഇരിക്കുകയാണ്. സൂര്യ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചിട്ടുണ്ട്.

“കൃഷ്ണ…. ആർ യൂ ഓക്കേ?”

പരിഭ്രാന്തി നിറഞ്ഞ സ്വരത്തിൽ സൂര്യ ചോദിച്ചു.

കുറച്ചു മുൻപ് മാത്രം കണ്ട കാഴ്ച കൃഷ്ണയുടെ കണ്ണുകളിൽ നിന്നും അപ്പോഴും മാഞ്ഞു പോയിരുന്നില്ല. അവളുടെ കണ്ണുകൾ സൂര്യയിൽ സായിയെ തിരയുന്ന തിരക്കിലായിരുന്നു.

കണ്ണുകളും ശബ്ദവും സായിയുടേത് തന്നെയാണ്. പക്ഷെ….. ഈ മുഖം….? സായിയുമായി എന്തൊക്കെയോ സാമ്യതകളുണ്ട്…. അതിലേറെ വെത്യാസങ്ങളും…
ഒരുപക്ഷെ സായിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നോ? സൂര്യ സായിയുടെ സഹോദരനാണോ? ഒരു വേള അങ്ങനെ ചിന്തിച്ചു പോയി കൃഷ്ണ. പെട്ടെന്ന് തന്നെ ആ ചിന്ത മാറുകയും ചെയ്തു.

അങ്ങനെ എങ്കിൽ ആ ടാറ്റു…? അതെങ്ങനെ സൂര്യയുടെ കഴുത്തിൽ വന്നു? ഒരേ പോലുള്ള ടാറ്റൂ ചെയ്യുന്ന ഒരാളല്ല ഉള്ളതെന്ന് കരുതമായിരുന്നു. പക്ഷെ ഇത്രയേറെ സാമ്യതകൾ…?

കണ്ട മാത്ര മുതൽ ഇതേ വരെയുള്ള ഓരോ നിമിഷവും ഇത് സൂര്യയല്ല സായിയാണെന്ന് ഹൃദയം ആവർത്തിച്ചു പറയുന്നുണ്ട്. പക്ഷെ ബുദ്ധി അത് അനുവദിച്ചു തരണ്ടേ?

“ഹേയ്… കൃഷ്ണ…. താൻ ഓക്കേ അല്ലെ?”

കൃഷ്ണയുടെ മുഖത്തിന്‌ നേർക്ക് കൈ വീശി സൂര്യ ചോദ്യം ആവർത്തിച്ചപ്പോഴാണ് കൃഷ്ണ ചിന്തകളിൽ നിന്നുണർന്നത്.

“എന്ത് പറ്റി? താൻ എന്തിനാ ഇങ്ങോട്ട് വന്നത്?”

സൂര്യ പിന്നെയും ചോദിച്ചു.
അപ്പോൾ മാത്രമാണ് കൃഷ്ണ രാജലക്ഷ്മിയുടെ കാര്യം ഓർക്കുന്നത്.

“അയ്യോ….”

കൃഷ്ണ പെട്ടെന്ന് നിലത്തു നിന്നും പിടഞ്ഞ് എഴുന്നേറ്റു.

“അത്…… ലക്ഷ്മിയമ്മ…. കാല്…..”

കുറച്ചു മുൻപ് മനസ്സിനേറ്റ പ്രഹരത്തിൽ നിന്നും മുക്തയാകാത്തത് പോലെ കൃഷ്ണ നിന്ന് എന്തൊക്കെയോ പിറുപിറുത്തു.

“അമ്മയ്ക്കെന്താ?”

സൂര്യ നെറ്റി ചുളിച്ചു.

“ലക്ഷ്മിയമ്മ വീണു. സാറിനോട് താഴേക്ക് വരാൻ പറഞ്ഞു.”

എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ച് കൃഷ്ണ പെട്ടെന്ന് താഴേക്ക് നടന്നു.

സൂര്യയ്ക്ക് മുന്നിൽ നിൽക്കുന്ന ഓരോ നിമിഷവും അവൻ സായിയാണെന്നുള്ള ചിന്തയിൽ ഉലയുന്ന മനസ്സിനെ വരുതിയിലാക്കാൻ അവൾ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

രാജലക്ഷ്മി വീണു എന്ന് കേട്ടതും സൂര്യയും വേഗത്തിൽ താഴേക്ക് ഇറങ്ങി വന്നു.

“എവിടാരുന്നു മോളെ? ഞാൻ നിന്നെ വിളിച്ചാരുന്നു.”

കൃഷ്ണയെ കണ്ട പാടെ രാജലക്ഷ്മി ചോദിച്ചു. അവരപ്പോഴും എഴുന്നേൽക്കാൻ വയ്യാതെ കട്ടിലിൽ തന്നെ ഇരിപ്പാണ്.

“ഞാൻ… അത്…. അത് പിന്നെ ലക്ഷ്മിയമ്മേ… ഞാൻ സ്റ്റെപ്പ് ഓടിക്കേറിയപ്പോ ചെറുതായിട്ട് തല ചുറ്റുന്ന പോലെ തോന്നി. ഇത്തിരി നേരം അവിടെ സ്റ്റെപ്പില് ഇരുന്ന് പോയി…”

അവൾ വിശ്വസനീയമായൊരു കള്ളം പറഞ്ഞു.

രാജലക്ഷ്മി കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപേ സൂര്യ മുറിയിലേക്ക് കയറി വന്നു.

“എന്ത് പറ്റിയതാ അമ്മേ?”

അവൻ വേവലാതിയോടെ അവരുടെ കാലിലേക്ക് നോക്കി.

“ഒന്നും ഇല്ലെന്റെ കുഞ്ഞേ… കാല് രാവിലെ ചെറുതായിട്ടൊന്ന് മടങ്ങി. ഇപ്പൊ നിലത്തു കുത്താൻ വയ്യ. പൊട്ടൽ കാണൂന്നാ തോന്നുന്നത്. ”

” എന്നാപ്പിന്നെ ഹോസ്പിറ്റലിൽ പോകാം. ഞാൻ ഈ വേഷം ഒന്ന് മാറി വരാം…. ”

സൂര്യ മുറിക്ക് പുറത്തേക്കിറങ്ങിയതും കൃഷ്ണ ദീർഘമായൊന്ന് നിശ്വസിച്ചു.

**********

അഭിപ്രായം മറക്കല്ലേ…..
കൺഫ്യൂഷൻ മാറാൻ കുറച്ചു കൂടി കാത്തിരിക്കൂ…