രചന – നിള നന്ദ
ശിവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കും തോറും അവന്റെ സ്നേഹം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു… ഇനിയും നോക്കിയാൽ ആ സ്നേഹത്തിൽ വീണു പോവുമോ എന്നവൾ ഭയന്നു.. പാടില്ല… ഒരിക്കലും.. അതിനുള്ള യോഗ്യത ഒന്നും തനിക്കില്ല… നയന വേഗം നോട്ടം മാറ്റി.
” ആരാണെന്നോ എന്താണെന്നോ സ്വയം അറിയാത്തവൾ ആണ് ഞാൻ.. ഒരിക്കൽ എങ്ങോട്ടോ പോവേണ്ടവൾ. വെറുതെ ഒന്നും വേണ്ട ശിവേട്ടാ… ചെടിയായിരിക്കുമ്പോൾ പിഴുത് കളയുന്നത് ആണ് നല്ലത്. മരമാവുമ്പോൾ മുറിച്ച് മാറ്റാൻ നിന്നാൽ വേര് മുഴുവനായും പോവില്ല.. ”
ശിവനോട് അത് പറഞ്ഞ് ഒരു മറുപടിക്ക് കാക്കാതെ അവൾ നടന്നു..
നീ ആരാണെന്നോ എന്താണന്നോ എനിക്ക് നന്നായി അറിയാം നയന. ഒന്നും നിന്നോട് പറയാൻ കഴിയാത്തത് ആണ്.. പിന്നെ താൻ പറഞ്ഞത് പോലെ പിഴുത് മാറ്റാൻ ചെടിയായി അല്ല മരമായി തന്നെ ആണ് താൻ എന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്… ആർക്കും മുറിച്ച് മാറ്റാൻ കഴിയാതെ.. താൻ എന്റെ കൈ പിടിക്കുന്ന ദിവസം അതിൽ നിറയെ പൂവിടരും. നമുക്ക് വേണ്ടി മാത്രം ഒരു വസന്തം വിരിയിച്ച് കൊണ്ട്…
നയന പോവുന്നത് നോക്കി ശിവന്റെ മനസ്സ് പറഞ്ഞു..
തിരികെ നടക്കുമ്പോൾ വേണ്ടപ്പെട്ട എന്തോ മറന്ന് വെച്ചത് പോലെ തുടിക്കുകയായിരുന്നു നയനയുടെ മനസ്സ്… അവനടുത്തേക്ക് തിരികെ ഓടി ചെല്ലാനും ആ നെഞ്ചിൽ മുഖം ചേർത്ത് മതിയാവോളം പൊട്ടി കരയാനും ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന വേദനകളൊക്കെ അവനോട് പറയാനും അവൾ കൊതിച്ചു… എന്നിട്ടും എല്ലാം അടക്കി. ഒരിക്കൽ കളങ്കപ്പെട്ടതാണ് മനസ്സും ശരീരവും. ശിവേട്ടന്റെ സ്നേഹം സ്വീകരിക്കാനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല.. ഒരിക്കലും ഞാൻ ആ ജീവിതത്തിലേക്ക് കടന്ന് ചെല്ലാൻ പാടില്ല. എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമേ ഉള്ളൂ.. അത് കഴിഞ്ഞാൽ ഇവിടന്ന് പോണം.. ആരെയും ബുദ്ധിമുട്ടിക്കാതെ… മരിക്കും വരെ ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകളും ആയി…
നിറഞ്ഞ കണ്ണുകൾ തുടച്ച് നയന മുന്നോട്ട് നടന്നു…
നയന വീട്ടിൽ ചെല്ലുമ്പോൾ എല്ലാവരും അവളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു… നയനയെ കണ്ടതും മീനു ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.. ഇതിപ്പോ എന്താ കഥ എന്ന് ചിന്തിച്ച് നയന മീനുവിനെ നോക്കി.
” നീ ഒരുപാട് ആഗ്രഹിച്ചിരുന്ന കാര്യം ഇപ്പൊ സത്യം ആവാൻ പോവാ… ”
മീനു ആഹ്ലാദത്തോടെ പറഞ്ഞു. മീനു എന്താ പറയുന്നത് എന്നറിയാതെ നയന അവളെ തന്നെ നോക്കി…
” മോള് ആഗ്രഹിച്ചിരുന്നത് പോലെ എന്റെ മകനും ആയിട്ടുള്ള മോളുടെ വിവാഹം ഞങ്ങൾ ഉറപ്പിച്ചു… ”
രാധിക നയനയുടെ അടുത്ത് വന്ന് അവളുടെ കവിളിൽ തലോടി.
” ഞാൻ ആഗ്രഹിച്ചിരുന്ന പോലെയോ..? മനസിലായില്ല.. ”
നയന നെറ്റി ചുളിച്ച് രാധികയെ നോക്കി..
” നമ്മൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു.. ”
കോണിപ്പടികൾ ഇറങ്ങി വരുന്ന ദേവിനെ കണ്ടതും നയന സ്തംഭിച്ച് നിന്നു… പ്രതീക്ഷിച്ചിരുന്നതാണ് ഇങ്ങനെ ഒരു കൂടി കാഴ്ച്ച… പക്ഷേ ഇത്ര പെട്ടന്ന്… അതും ഇങ്ങനെ ഒരു ട്രാപ്പിലൂടെ… എന്ത് ചെയ്യും എന്നറിയാതെ ഒരു നിമിഷം അവൾ നിശ്ശബ്ദതയായി.. മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങൾ ആരും കാണാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
” ഇഷ്ടമോ…? എനിക്ക് എനിക്ക് ഒന്നും മനസിലാവുന്നില്ല… എനിക്ക് നിങ്ങളെ അറിയുക പോലും ഇല്ല.. ”
നയന ദേവിനെ ദേഷ്യത്തോടെ നോക്കി…
” ഇനി ഞങ്ങൾ ഒന്നും മോളിൽ നിന്ന് മറച്ച് വയ്ക്കുന്നില്ല. എല്ലാം മോള് അറിയണം.. ”
ദേവകി നയനയുടെ അടുത്തേക്ക് വന്നു.
” ലച്ചുമോള് കഴിഞ്ഞിരുന്ന അതെ ഓർഫനേജിൽ തന്നെ ആയിരുന്നു മോളും താമസിച്ചിരുന്നത്. ജനിച്ചപ്പോഴേ ആരോ ഉപേക്ഷിച്ച മോളെ മരിയ മദർ ആണ് നോക്കിയത്… ”
എല്ലാം അറിയാമായിരുന്നിട്ടും ദേവകി പറയുന്നത് ക്ഷമയോടെ നയന കേട്ട് നിന്നു.. ആക്‌സിഡണ്ടിൽ പെട്ട് കിടക്കുന്ന നയനയെ കണ്ടതും ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഓർമ്മ നഷ്ട്ടപെട്ട അവളെ ഇങ്ങോട്ട് കൊണ്ട് വന്നതും ഒക്കെ ദേവകി അവളോട് പറഞ്ഞു.. അവൾക്ക് പറ്റിയ ദുരന്തം മാത്രം ദേവകി പറഞ്ഞില്ല..
” നയനെ നിനക്ക് ഒന്നും ഓർമ്മ ഇല്ലെങ്കിലും നീ ആഗ്രഹിച്ച ജീവിതം അല്ലേ നിനക്ക് കിട്ടാൻ പോവുന്നത്.. എല്ലാം ഇതോടെ ശരി ആവും. നീ എതിരൊന്നും പറയല്ലേടാ… ”
മീനുവിന്റെ വാക്കുകൾക്ക് നയന വേദന നിറഞ്ഞ ഒരു ചിരി നൽകി..
” അതെ മോളെ എല്ലാം ഇതോടെ ശരി ആവും. മോള് സമ്മതിക്ക്.. ”
രാമനാഥൻ പറഞ്ഞത് കേട്ട് നയന ദയനീയമായി അയാളെ നോക്കി.. ഇനി ഒന്നും പറയാൻ ഇല്ലെന്ന് അവൾക്ക് അറിയാമായിരുന്നു.. അവസാന പ്രതീക്ഷ എന്നോണം നയന അരവിന്ദനെയും മഹിയെയും നോക്കി. ഒന്നും മിണ്ടാതെ നിശബ്തമായി നിൽക്കുകയായിരുന്നു അവർ. നടന്ന് കൊണ്ടിരിക്കുന്നതിൽ അവർക്കും ഒരു താല്പര്യം ഉണ്ടായിരുന്നില്ല… എന്നിട്ടും മൗനം പാലിക്കാനെ അവർക്ക് കഴിഞ്ഞുള്ളു…
” എന്താണെന്ന് വെച്ചാൽ എല്ലാവരും തീരുമാനിച്ചാൽ മതി.. ”
ആരെയും നോക്കാതെ അത്രയും പറഞ്ഞ് നയന റൂമിലേക്ക് പോയി… റൂമിൽ കയറി ബെഡിൽ കിടന്നതും പിടിച്ച് വെച്ചിരുന്ന കണ്ണ്നീർ മുഴുവൻ പുറത്തേക്ക് വന്നു.. എന്തൊരു പരീക്ഷണം ആണ് ദൈവമേ.. മതിയായില്ലേ നിനക്ക്..
തോളിൽ ഒരു കരസ്പർശം അറിഞ്ഞതും നയന പെട്ടന്ന് എഴുന്നേറ്റു.. മുന്നിൽ ദേവിനെ കണ്ടതും ഉള്ളിലെ അമർഷം അവൾ കടിച്ചമർത്തി.
” എന്തിനാടോ കരയുന്നത്… നമ്മൾ ആഗ്രഹിച്ചത് പോലെ എല്ലാം ശരി ആവാൻ പോവല്ലേ.. സന്തോഷിക്കല്ലേ വേണ്ടത്.. ഒന്നും ഓർക്കാൻ കഴിയാത്തതിന്റെ വിഷമം ആണോ..? ”
ദേവ് രണ്ട് കൈ കൊണ്ടും അവളുടെ കണ്ണ് തുടച്ചിട്ട് പറഞ്ഞു… തീച്ചൂളയിൽ പെട്ടത് പോലെ നയന പിടഞ്ഞു എഴുനേറ്റു..
” എനിക്ക്… എനിക്ക് എന്തോ പെട്ടന്ന് എല്ലാം കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതാ… ”
എങ്ങനെയൊക്കെയോ അവൾ പറഞ്ഞു.
” അതാണോ… താൻ ഒന്നും ഓർക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. മറന്നതൊക്കെ അങ്ങനെ തന്നെ ആയിക്കോട്ടെ.. ഇനി നമുക്ക് പുതിയ ഒരു ജീവിതം തുടങ്ങാം.. ”
ദേവ് അവളോട് ചേർന്ന് നിന്ന് പറഞ്ഞു… ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു..
” എനിക്ക് കുറച്ച് നേരം ഒന്ന് തനിച്ച് ഇരിക്കണം ആയിരുന്നു… ”
ദേവിനെ നോക്കാതെ അവൾ പറഞ്ഞു..
” ശരി താൻ റസ്റ്റ് എടുത്തോ ഞാൻ പിന്നെ വരാം..,”
ദേവ് പുറത്ത് പോയതും നയന റൂമിന്റെ ഡോർ അടച്ച് അതിൽ ചാരി കണ്ണുകൾ മുറുക്കെ അടച്ചു…
****************
പതിവില്ലാതെ എന്തോ മനസ്സിന് ഒരു സുഖം തോന്നാതെ ശിവൻ ക്ലാസ്സ് പകുതിക്ക് വെച്ച് നിർത്തി സ്റ്റാഫ് റൂമിൽ പോയിരുന്നു.. കുറച്ച് നേരം തന്നെ ഇരുന്നാൽ കുറച്ച് ആശ്വാസം കിട്ടുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ലീവ് എഴുതി കൊടുത്ത് ശിവൻ സ്കൂളിൽ നിന്നിറങ്ങി…
വീട്ടിലേക്ക് പോകും വഴിക്ക് രാത്രിയിൽ ഒന്നിച്ചിരിക്കാറുള്ള ആൽത്തറയിൽ അരവിന്ദ് ഇരിക്കുന്നത് ശിവൻ കണ്ടത്..
” നീ എന്താടാ ഈ നേരത്ത് ഇവിടെ.. പാടത്തേക്ക് പോയില്ലേ..? ”
ശിവന്റെ ചോദ്യം കേട്ട് അരവിന്ദ് അവനെ മുഖം ഉയർത്തി നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..
” നീ എന്താ പോന്നത്..? ”
” ക്ലാസ്സ് എടുക്കാൻ ഒരു മൂഡ് തോന്നിയില്ല.. ലീവ് എഴുതി കൊടുത്ത് പോന്നു.. ”
ശിവൻ അരവിന്ദന്റെ അടുത്ത് ഇരുന്ന് കയ്യിലെ ബുക്ക് താഴെ വെച്ചു..
” എന്താടാ നിന്റെ മുഖത്തിന് ഒരു തെളിച്ച കുറവ്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ…? ”
ശിവൻ അരവിന്ദന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
” നയനയെ കുറിച്ച് അനേഷിച്ചപ്പോൾ നമ്മൾ അറിയാൻ വിട്ട് പോയ ഒരു കാര്യം ഉണ്ടായിരുന്നു.. അത് ഞാൻ ഇന്ന് അറിഞ്ഞു. ”
” എന്താടാ.. ”
അരവിന്ദന്റെ വാക്കുകൾ ശിവന്റെ ഉള്ളിൽ ഒരു ഭീതി നിറച്ചു..
” അവൾ ഒരാളും ആയി ഇഷ്ട്ടത്തിൽ ആയിരുന്നു. ആ കാര്യം മദറിനോട് പറയാൻ വരുമ്പോൾ ആണ് ആക്‌സിഡന്റ് പറ്റിയത്.. അവൻ ഇന്ന് വന്നിരുന്നു. അവളെ കൊടുക്കണം എന്ന് പറഞ്ഞ്.. ”
ശിവന്റെ മുഖത്തേക്ക് നോക്കാതെ ആണ് അരവിന്ദ് പറഞ്ഞത്.. അവന്റെ വിഷമം കാണാൻ അരവിന്ദന് കഴിയുമായിരുന്നില്ല..
” ആരാ അത്…? ”
ഇടറിയ ശബ്ദത്തോടെ ശിവൻ ചോദിച്ചു.
” നമ്മുടെ ദത്തൻ.. ”
പിന്നെ കുറച്ച് നേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല…
” ഇതിനെന്തിനാ അച്ചു നീ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത്.. നല്ല കാര്യം അല്ലേ… സ്നേഹിച്ചവർ തമ്മിൽ ഒരുമിക്കുന്നത് അല്ലേ നല്ലത്.. ”
ഉള്ളിലെ വേദന കടിച്ചമർത്തി ശിവൻ പറഞ്ഞു.
” നീ അവളെ ഒരുപാട് സ്നേഹിച്ചതല്ലേ ശിവാ.. ഞാനും കൂടെ നിന്നെ.. ”
” അതൊക്കെ വിട് അച്ചു… അതൊന്നും നീ ഇനി ഓർക്കണ്ട… ആഗ്രഹിച്ച എല്ലാം കിട്ടില്ലടാ.. അതിന് ഒരു യോഗം കൂടെ വേണം.. നീ ഇവിടെ ഇരിക്കാതെ വീട്ടിൽ പോ… ”
ശിവൻ അത് പറഞ്ഞ് എഴുനേറ്റു നടന്നു. അവന്റെ മനസ്സ് അറിയാവുന്നത് കൊണ്ട് തിരികെ വിളിച്ചില്ല…
ശിവൻ നേരേ വീട്ടിൽ പോയി കിടന്നു… എന്താ നേരത്തെ വന്നതെന്ന് മാലതി ചോദിച്ചപ്പോൾ അവൻ തലവേദന ആണെന്ന് പറഞ്ഞു…
മനസ്സ് പിടയുമ്പോഴും കണ്ണ് നിറയാതിരിക്കാൻ ശിവൻ നന്നേ പാട് പെട്ടു. നയനയെ ആദ്യം കണ്ടത് മുതലുള്ള നിമിഷങ്ങൾ അവന്റെ ഉള്ളിലൂടെ കടന്ന് പോയി..
ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു നയനയും… ആരോടും മിണ്ടാതെ അവൾ റൂമിൽ തന്നെ ഇരുന്നു… ഓർക്കരുതെന്ന് കരുതിയിട്ടും ശിവന്റെ മുഖം അവളുടെ മനസ്സിൽ നിറഞ്ഞ് നിന്നു… അതോർക്കുമ്പോൾ എന്തെന്നറിയാത്ത വേദന.. ഇനി എപ്പോഴെങ്കിലും താൻ ശിവേട്ടനെ സ്നേഹിച്ചിരുന്നോ… ഇല്ല സ്നേഹിക്കാൻ പാടില്ല… ദേവിന്റെ കൂടെ ഉള്ളവരെ കണ്ടെത്തണം അവർക്കുള്ള ശിക്ഷ കൊടുക്കണം… അത് മാത്രേ തന്റെ മനസ്സിൽ ഉണ്ടാവാൻ പാടുള്ളു… അത് കഴിഞ്ഞാൽ ഇവിടെ നിന്നും പോണം… അതിനിടയിൽ ഒന്നും വേണ്ട… എല്ലാത്തിനും ഒരു വഴി ഈശ്വരൻ കാണിച്ച് തരുമായിരിക്കും..
പകല് മുഴുവൻ നയന റൂമിൽ തന്നെ ഇരുന്നു.. രാത്രി ദേവകി കുറേ നിർബന്ധിച്ചിട്ടാണ് നയന ഭക്ഷണം കഴിക്കാൻ പോയത്.. രണ്ട് വറ്റ് കഴിച്ചെന്ന് വരുത്തി നയന വേഗം എഴുന്നേറ്റു..
മീനു കഴിച്ച് വന്ന് നയനയോട് കുറേ നേരം സംസാരിച്ചിരുന്നു. നയനയ്ക്ക് ഒന്നും ഓർമ്മ ഇല്ലെന്ന് കരുതി ഓർഫനേജിലെ കാര്യം ആണ് പറഞ്ഞത്… നയന ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു… കഥ പറഞ്ഞ് മീനു പതിയെ ഉറങ്ങി.. നയന അവളെ ശരിക്ക് കിടത്തി പുതപ്പ് ഇട്ട് കൊടുത്തു…
കിടന്നാലും ഉറക്കം വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നയന ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിന്നു… തണുത്ത മുല്ലപ്പൂവിന്റെ ഗന്ധം ഉള്ള കാറ്റ് അവളെ തലോടി… മാനത്തെ നക്ഷത്രങ്ങളെയും പൂർണചന്ദ്രനെയും നോക്കി നിന്നു… ഉള്ളിലെ സംഘർഷം പതിയെ കുറയുന്നത് അവൾ അറിഞ്ഞു… എല്ലാം കലങ്ങി തെളിയും എന്നൊരു തോന്നൽ…
*********************
” മോനെന്താ ഒന്നും കഴിക്കാൻ വരാതിരുന്നത്..? ”
ബെഡിൽ കണ്ണുകളടച്ച് കിടക്കുന്ന ശിവന്റെ അരികിൽ മാലതി വന്നിരുന്നു.. ശബ്‌ദം കേട്ടതും ശിവൻ കണ്ണ് തുറന്നു.. മാലതിയെ കണ്ടതും വേദന ഉള്ളിലൊതുക്കി ശിവൻ ചിരിക്കാൻ ശ്രെമിച്ചു.
” എനിക്ക് വിശപ്പ് ഇല്ല അമ്മേ… അച്ഛനും അമ്മയും കഴിച്ചോ… ”
ഒഴുക്കൻ മട്ടിൽ ശിവൻ മറുപടി പറഞ്ഞു..
” അമ്മയ്ക്ക് അറിയാം മോന്റെ വിഷമം എന്താണെന്ന്… ദേവകി പറഞ്ഞു എല്ലാം.. ”
മാലതി പറഞ്ഞ് തീർന്നതും അത് വരെ അടക്കി വെച്ചിരുന്ന സങ്കടം ശിവൻ പോലും അറിയാതെ പുറത്ത് വന്നു..
” സഹിക്കാൻ കഴിയുന്നില്ല അമ്മേ.. അത്രയ്ക്ക് ഞാൻ അവളെ സ്നേഹിച്ചത് ആണ്.. ഓർക്കുമ്പോൾ തന്നെ ചങ്ക് പൊടിയുന്നു..”
മാലതിയുടെ മടിയിൽ മുഖം അമർത്തി ശിവൻ പൊട്ടി കരഞ്ഞു…
” അമ്മയുടെ മോൻ എന്തിനാ കരയുന്നത്… അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ.. ഒരത്ഭുതം സംഭവിക്കാൻ ഇനിയും സമയം ഉണ്ട്.. എന്തോ അമ്മയുടെ മനസ്സ് അങ്ങനെ പറയുന്നു…”
മാലതി ശിവന്റെ മുടിയിഴകളിൽ തലോടി സൗമ്യമായി പറഞ്ഞു..
” ഇനി എന്ത് അത്ഭുതം നടക്കാൻ ആണ് അമ്മേ.. അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു… വിവാഹത്തിന് അവർക്ക് രണ്ട് പേർക്കും സമ്മതവും ആണ്.. ”
” ആയിരിക്കാം.. എന്നാലും അമ്മയുടെ മനസ്സ് പറയുന്നു നയന മോള് നമുക്ക് ഉള്ളത് ആണെന്ന്… അല്ലെന്ന് ചിന്തിക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല.. നോക്കാം ഈശ്വരൻ എന്താ കണക്ക് കൂട്ടി വെച്ചിരിക്കുന്നതെന്ന്.. ”
മാലതി ശിവനോട് പിന്നെയും ഒരൊക്കൊക്കെ പറഞ്ഞിരുന്നു… പ്രതീക്ഷ അവസാനിച്ചിരുന്ന അവന്റെ മനസ്സിൽ പിന്നെയും പുതിയ പ്രതീക്ഷ തളിർത്തു… അപ്പോഴും അവന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചു.. നയനയോട് ആരാണ് അത്രയും വലിയ ക്രൂരത ചെയ്തത് എന്ന്…
******************
പിന്നീടുള്ള രണ്ട് ദിവസവും നയന അധികവും റൂമിൽ തന്നെ ചിലവിട്ടു… എൻഗേജ്മെന്റ് അടുത്ത് വന്നിരുന്നത് കൊണ്ട് എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു… ശിവൻ ഇടയ്ക്കൊക്കെ അങ്ങോട്ട് വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു.. ഇടയ്ക്കൊക്കെ അവന്റെ കണ്ണുകൾ തന്നെ തേടുന്നത് അവൾ അറിഞ്ഞു.. എങ്കിലും ആ സമയത്തൊക്കെ അവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ അവൾ പ്രതേകം ശ്രെദ്ധിച്ചു… അവനെ അഭിമുഖികരിക്കാൻ എന്തോ വിഷമം ഉള്ളത് പോലെ തോന്നി അവൾക്ക്….
പതിവ് പോലെ രാവിലെ എല്ലാവരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന നേരത്ത് ദേവ് അങ്ങോട്ട് കയറി വന്നു.. അവനെ കണ്ടതും നയന മുഖം താഴ്ത്തി ദേഷ്യം കൊണ്ട് അണപ്പല്ല് ഞെരിച്ചു…
” മോൻ എന്താ രാവിലെ തന്നെ…? ”
ദേവകി ദേവിനെ നോക്കി ചോദിച്ചു..
” അത് അമ്മായി നയന വർക്ക് ചെയ്തിരുന്ന കമ്പനിയിൽ നിന്ന് എന്നെ വിളിച്ചിരുന്നു.. നയനയുടെ സർട്ടിഫിക്കറ്റ് ഒക്കെ അവിടെ അല്ലേ. അത് വാങ്ങാൻ ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. ”
ദേവിന്റെ മറുപടി കേട്ട് നയന ഞെട്ടി അവനെ നോക്കി..
” അതിന് ഇന്ന് തന്നെ പോണം എന്ന് നിർബന്ധം ഉണ്ടോ.. പിന്നെ ഒരിക്കൽ പോവാം.. ”
അരവിന്ദ് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
” അത് അച്ചുവേട്ടാ ഇന്ന് തന്നെ ചെല്ലാന അവര് പറഞ്ഞത്.. ”
” അച്ചുവേട്ടൻ പറഞ്ഞതാ ശരി. പിന്നെ ഒരിക്കൽ പോവാം. ഇവിടെ ഒരുപാട് പണി ഉള്ളത് അല്ലേ.. ”
ദേവ് പറഞ്ഞതിന് പുറകെ നയന ചാടി കയറി പറഞ്ഞു.
” ഇവിടെ ഇപ്പൊ അത്രയ്ക്ക് പണി ഒന്നും ഇല്ല. മോള് ദത്തന്റെ കൂടെ ചെല്ല്. അതല്ലെ പ്രധാനം. ”
” അച്ഛാ അത്.. ”
” രാമേട്ടൻ പറഞ്ഞതാ ശരി.. മോള് വേഗം റെഡി ആയി വാ.. ”
ദേവകി കൂടി അങ്ങനെ പറഞ്ഞപ്പോൾ നയനയ്ക്ക് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. റൂമിലേക്ക് കയറി പോവുമ്പോൾ അവൾ ദേവിനെ ഒന്ന് നോക്കി അവന്റെ മുഖത്ത് മറ്റാർക്കും കാണാൻ കഴിയാത്ത ഒരു വിജയ ചിരി നയന മാത്രം കണ്ടു..
( തുടരും )

by