23/04/2026

ആത്മരാഗം : ഭാഗം 19

രചന – ഗൗരി ലക്ഷ്മി

ഐ നീഡ് മൈ അല്ലി ബാക്ക് ടു മൈ ലൈഫ്..

കാർത്തിയുടെ ഉറച്ച വാക്കുകൾ ആദിയുടെ ചെവിയിൽ മുഴങ്ങി..

തെളിഞ്ഞു നിന്ന് വാനം മെല്ലെ ഇരുണ്ട് കൂടി ഒരു മഴയ്ക്കുള്ള വട്ടം കൂട്ടുകയായിരുന്നു അപ്പോൾ..

വളരെ പതുക്കെ തുടങ്ങി സർവ്വം സംഹരിക്കാൻ കെൽപ്പുള്ള ഒരു പേമാരിയായെന്നോണം..

വാട്ട് റബ്ബിഷ് ആർ യു ടോക്കിങ് ടു മി.. ഇതുപോലെ ഓരോന്ന് വിളിച്ചുകൂവാനാണോ നീ ഇങ്ങോട്ടെന്നെ വിളിച്ചുവരുത്തിയത്.. അതോ എന്നെ കളിയാക്കാൻ ഇറങ്ങിയതോ..

ആദി ദേഷ്യത്തിൽ എന്നാൽ ശബ്ദം ഉയർത്താതെ കാർത്തിയോടായി ചോദിച്ചു..

ആദി കൂൾ..

ജസ്റ്റ് ഷട്ട് യു..

ആദി പൊട്ടിത്തെറിച്ചു..

അല്ലി എങ്ങനാടാ കോപ്പേ നിന്റെ അല്ലിയാകുന്നത്.. ഹേ.. മാസങ്ങൾക്ക് മുൻപ് കുരിശിങ്കലെ തറവാട്ടിൽ നീയുപേക്ഷിച്ചു പോയ ബന്ധമല്ലേ അത്.. പിന്നീട് നിന്നോട് കാലുപിടിച്ചു ഞാൻ പറഞ്ഞതായിരുന്നോ നടന്നതൊക്കെ. എന്നിട്ട് അക്കാര്യം സംസാരിക്കാൻ വിളിച്ചപ്പോ നിന്റെ ആ…

ആദി കണ്ണുകൾ ഇറുക്കി പൂട്ടി..

നിന്റെ അമ്മയെ.. ആ സ്ത്രീയെ പറയേണ്ട വാക്ക് ഇതല്ല.. എന്റെ സംസ്കാരം കൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ല.. ആ അവരെ പറഞ്ഞുവിട്ട് എന്റെ അല്ലിയെ മോശക്കാരിയാക്കാൻ നോക്കിയവനല്ലേ നീ.. നെഞ്ചുപൊട്ടി അവളന്നൊക്കെ കരയുമ്പോൾ എന്ത് ചെയ്യണമെന്ന് പോലുമറിയാതെ നിന്നിട്ടുണ്ട് ഞാൻ.. എന്നിട്ടിനിയിപ്പോ നിനക്കും നിന്റെ ആ അമ്മയ്ക്കും തട്ടികളിക്കാൻ വിട്ടു തരണമല്ലേ അവളെ..

ആദിയുടെ ഉള്ളം തിളച്ചുമറിയുകയായിരുന്നു..

എന്നോ മറവിയുടെ ഇരുട്ടറയിൽ താഴിട്ടു പൂട്ടിയ ഓര്മകളൊക്കെയും വീണ്ടും സിരകളിലേയ്ക്ക് ഇരച്ചു വരും പോലെ തോന്നിയവന്..

ആദ്യമായി ആഗ്രഹത്തോടെ വാങ്ങി ഒരു പൊൻ താലി അവന്റെ കണ്ണിൽ നിറഞ്ഞു..

മനസ്സറിയാതെ സർവ്വരുടെയും മുൻപിൽ അപമാനിക്കപ്പെട്ട ആ ദിവസം കണ്ണിൽ തെളിഞ്ഞു..

ചുറ്റുപാടും മറന്ന് എന്തെങ്കിലും പ്രവർത്തിച്ചുപോകും എന്ന അവസ്ഥയിൽ അവൻ എഴുന്നേറ്റു..

ആദി പ്ലീസ്..

കാർത്തി അവനെ തടഞ്ഞു…

ആദി അവനെ നോക്കി..

അന്ന്.. അന്ന് സംഭവിച്ചത് ഞാൻ പറയാം..

എനിക്കൊന്നും കേൾക്കേണ്ട.. നിന്റെ പഴമ്പുരാണം കേൾക്കാൻ എനിക്ക് സമയവുമില്ല സൗകര്യവുമില്ല.. പിന്നെ അല്ലി.. അല്ലിയെന്റെ ഭാര്യയാണ്.. നിന്റെ ആരുമല്ല.. ആരും.. മേലിൽ അവളുടെ കാര്യം പറഞ്ഞെന്റെ മുൻപിൽ വരരുത്..

ഞാൻ മറക്കാൻ ശ്രമിക്കുകയാണ് ഓരോന്നും.. അതൊക്കെ ഓര്മിപ്പിച്ചാൽ എന്റെ പെരുമാറ്റം എങ്ങനെയാകുമെന്നെനിക്ക് പോലുമറിയില്ല..

ആദി കാർത്തിയെ ചൂണ്ടി പറഞ്ഞു..

അങ്ങനെ ഒഴിഞ്ഞുമാറേണ്ട ആദി.. അല്ലി നിന്റെ ഭാര്യയാണ്.. രേഖകൾ പ്രകാരം.. അതല്ലാതെ ജീവിതത്തിൽ അവൾ നിന്നെ എന്നെ മറന്നു ഭർത്താവായി സ്വീകരിച്ചുവെന്നു പറയാൻ നിനക്ക് പറ്റുമോ..

കാർത്തിയുടെ ചോദ്യത്തിന് മുൻപിൽ ആദി ഉത്തരം നഷ്ടപ്പെട്ടു നിന്നു..

പിന്നെ.. നീ പറഞ്ഞതൊക്കെ ശെരിയാണ്.. തെറ്റുകൾ എന്റെ ഭാഗത്തുമുണ്ടായിട്ടുണ്ട്.. പക്ഷെ അന്നങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം ഞാനാണോ ആദി..

നീ. നീ ഒരാളാണ് എല്ലാറ്റിനും കാരണം.. എന്റേം അല്ലിയുടെയും ജീവിതത്തിലെ തടസ്സം നീയായിരുന്നു ആദി..

ആദി സ്തബ്ധനായി കാർത്തിയെ നോക്കി നിന്നു..

എന്നെക്കാൾ മറ്റെന്തിനേക്കാളും അവൾ സ്നേഹിച്ചതും വിശ്വസിച്ചതും നിങ്ങളെയൊക്കെയാണ്.. എന്നിട്ട് നീയെന്താ ചെയ്തേ.. അവളെ കൂട്ടിക്കൊണ്ടുപോയി അവരുടെ ചതിക്കുഴിയിലിട്ടുകൊടുത്തു.. ആ നിമിഷം ഞാനുമൊരു സാധാരണക്കാരനായി പോയി.. പക്ഷെ..

കാർത്തി ഒരുനിമിഷം നിർത്തി അവനെ നോക്കി..

ഇതിൽ കൂടുതലൊന്നും എനിക്ക് നിന്നോട് പറയാനില്ല ആദി.. പറയാനുള്ളത് അല്ലിയോടാണ്..പക്ഷെ ഒന്ന് പറയാം.. അല്ലി ഒരിക്കലും ആദിയുടേതാകില്ല.. അല്ലി നിന്റെ ഫ്രണ്ടാണ്.. അത്രമാത്രം.. അവളെന്നും സ്നേഹിച്ചത് പ്രണയിച്ചത് എന്നെയാ.. കാർത്തിയെ മാത്രം..

ആദി മറുത്തൊന്നും പറയാനില്ലാതെ നിന്നുപോയി..

ഒന്ന് നീ ഓർത്തോ.. അല്ലിയെ ഞാൻ കാണും… അവളെ എനിക്ക് വേണം.. അതിനായി ഏതറ്റം വരെയും കാർത്തി പോകും.. തടസ്സമായി നീ ഉണ്ടാകരുത് എന്നു പറയാനാണ് ഞാൻ വന്നത്.. വെറുതെ ഇതുവരെ കാണാത്ത കാർത്തിയുടെ മറ്റൊരു മുഖം നീ പുറത്തെടുപ്പിക്കരുത്..

ആദി അവനെ നോക്കി പുച്ഛത്തിലൊന്നു പുഞ്ചിരിച്ചു..

പ്രണയമെന്നാൽ വിശ്വാസം എന്നൊരാർത്ഥം കൂടിയുണ്ട് കാർത്തി.. ഇതൊക്കെ കേട്ട് ഞാൻ പിന്മാറിയേനെ.. നീ അവളെ വിശ്വസിച്ചിരുന്നെങ്കിൽ.. പ്രണയിച്ചിരുന്നെങ്കിൽ..

ഇനി നിന്റെ കയ്യിലേക്ക് തട്ടികളിക്കാൻ എന്റെ അല്ലിയെ ഞാൻ വിട്ടുതരില്ല..അതിനിനി എന്ത് ചെയ്യേണ്ടി വന്നാലും.. നീ ശ്രമിച്ചുനോക്ക്.. ബാക്കി വഴിയേ ഞാൻ പറഞ്ഞുതരാം..

പിന്നെ മേലിൽ ഇമ്മാതിരി ചീപ്പ് പേടിപ്പീര് പരിപാടിയുമായി വന്നേയ്ക്കരുത്.. ആദിയെക്കുറിച്ചു നിനക്കും ഒന്നുമറിയില്ല. ആദിയുടെ ചിരിക്കുന്ന മുഖമേ നീ കണ്ടിട്ടുള്ളു.. അതിനപ്പുറമുള്ള ആദിയെ നീയായി എന്നിൽ നിന്നിറക്കരുത്..

അതും പറഞ്ഞാദി ഇറങ്ങി നടക്കുന്നതും നോക്കി കാർത്തിയിരുന്നു..

ആ നിമിഷവും കാർത്തിയുടെ ചുണ്ടിൽ വന്യമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പുഞ്ചിരി..

******************

നിയാ.. നിയാ..

ജിജോയുടെ ദേഷ്യം നിറഞ്ഞ വിളി കേട്ടതും അടിച്ചുവാരികൊണ്ടിരുന്ന ചൂലുമായി അവൾ പുറത്തേക്ക് വന്നവനെ നോക്കി..

ഓ.. കെട്ടിലമ്മ സപ്രമഞ്ചത്തിലിരുന്നെന്തെടുക്കുവാ… മനുഷ്യനിവിടെ കിടന്നു വിളിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി..

ജിജോ ദേഷ്യത്തിൽ ചോദിച്ചു..

മണിക്കൂറൊന്നുമായില്ലല്ലോ.. ഇപ്പോ അല്ലെ ജിജോ വന്നത്.. അല്ല എന്തിനാ വിളിച്ചത്..

നിയ അതുപോലെ തന്നെ മറുപടിയും കൊടുത്തു..

എനിക്കൊരു ചായയിട്ടു തരാൻ..

ജിജോ ദേഷ്യത്തിൽ തന്നെ പറഞ്ഞു..

നിയ അവനെയൊന്ന് നോക്കി അകത്തേയ്ക്ക് നടന്നു..

ചായയിട്ടു മടങ്ങി വന്നപ്പോഴേയ്ക്കും ജിജോ റൂമിലേയ്ക്ക് പോയിരുന്നു..

നിയ ചായയുമായി മുറിയിലേയ്ക്ക് നടന്നു..

ചായ..

ജിജോ ഡ്രെസ് മാറുന്നത് കണ്ടതും വാതിൽക്കൽ നിന്നുതന്നെ അവൾ പറഞ്ഞു

അവിടെ വെച്ചേരേ..

നിയ ചായ ഡ്രസിങ് ടേബിളിലായി വെച്ചു.

നിന്റെ കാർഡ് എവിടെ..

എന്തിനാ..

സാധാരണ കാർഡ് എന്തിനാ..

നിയ ഒന്നും മിണ്ടിയില്ല..

എനിക്ക് ഒരു രണ്ടുലക്ഷം രൂപ വേണം..

രണ്ടുലക്ഷമോ.. എന്തിനാ..

നിയ അവനെ നോക്കി..

അത് നിന്നെ ബോധിപ്പിച്ചാലെ കാശ് തരൂ എന്നാണോ..

ജിജോ പുച്ഛത്തോടെ ചോദിച്ചു..

എന്റെ അക്കൗണ്ടിൽ നിന്നാകുമ്പോൾ ഞാനറിയണമല്ലോ..

നിയയുടെ മറുപടിക്ക് ദേഷ്യം വന്നെങ്കിലും അവൻ തെല്ലൊന്നടങ്ങി..

എനിക്ക് ഒരു ബൈക്ക് എടുക്കാനാണ്.. കാറിൽ ഇറങ്ങി നടക്കുന്നത് ഫീസിബിൾ അല്ല.. പെട്രോൾ ഡീസൽ വിലയൊക്കെ കൂടുകയാണ്.. ഇലക്ട്രിക്ക് വണ്ടി എടുക്കണം.. ഇപ്പൊ ഞാൻ പാപ്പരല്ലേ.. അതാ ചോദിച്ചത്..

ജിജോ ദേഷ്യത്തോടെയെങ്കിലും മറുപടി കൊടുത്തു..

നിയ അലമാര തുറന്നു ചെക്ക് ബുക്കെടുത്തു രണ്ടുലക്ഷത്തിന്റെ ചെക്ക് എഴുതി ഒപ്പിട്ടു നൽകി..

ജിജോ അവളെ നോക്കി..

രണ്ടുലക്ഷം ഒരു ദിവസം എൻ്റെ കാർഡിൽ നിന്നെടുക്കാൻ പറ്റില്ല..

അതും പറഞ്ഞവൾ പുറത്തേയ്ക്ക് പോകുന്നതും നോക്കി അവൻ നിന്നു.. ശേഷം ചായയുമെടുത്ത് ഡാഡിയുടെ റൂമിലേയ്ക്ക് നടന്നു..

മ്മ്.. എന്താടാ.. കിട്ടിയോ..

പിന്നേ.. അയാളുടെ മോളുടെ കാശ് തൽക്കാലം ഞാൻ കൈകാര്യം ചെയ്യേണ്ട എന്ന് പറഞ്ഞു..

ജിജോ പുച്ഛത്തോടെ പറഞ്ഞു..

പിന്നെയൊരു ഗ്രാൻഡ് ഓഫറുമുണ്ട്.. അയാളുടെ മോളുടെ ഭർത്താവുദ്യോഗം അലങ്കരിക്കുന്നതിന് മാസാമാസം എനിക്കൊരു തുക അങ്ങേരു തരും… അതും വാങ്ങി മിണ്ടാതെ ഇരുന്നോണം.. അല്ലാ കൂടുതൽ വേണമെങ്കിൽ ജോലിക്ക് പൊയ്ക്കോളാനാണ് ഉത്തരവ്..

പുച്ഛത്തിൽ ജിജോ പറഞ്ഞു നിർത്തി..

അപ്പൊ ഡേവിഡ് രണ്ടും കല്പിച്ചാണ്..

ഡാഡി.. ഇറ്റ്‌സ് നോട്ട് ജോക്ക്.. ഇന്നയാൾ തീർത്തും പറഞ്ഞു കമ്പനിയിൽ നമുക്ക് യാതൊരു അവകാശവുമില്ല എന്നു..

ഇനി അടുത്തത് ഈ വീടാണ്.. ഈ കാൽച്ചുവട്ടിലെ മണ്ണ് പോലും നിയയുടെ പേരിലാണ് ഇപ്പോൾ..

ജിജോ ഓർമിപ്പിച്ചു..

മ്മ്.. എന്ത് ചെയ്യാനാടാ.. വേറെ വഴിയില്ലായിരുന്നു..

ച്ഛെ.. സത്യത്തിൽ നമ്മുടെ പ്ലാനെന്തായിരുന്നു ഡാഡി.. നിയയെ കല്യാണം കഴിക്കുന്നതോടെ കുരിശിങ്കലെ സ്വത്തുക്കൾ കൂടി നമുക്ക് കിട്ടും എന്നായിരുന്നു ഡാഡി അന്ന് പറഞ്ഞത്.. എന്നിട്ടിപ്പോഴോ.. ഒന്നുമില്ല.. നമുക്കുണ്ടായിരുന്നതെല്ലാം കുരിശിങ്കലെ ഡേവിഡ് കുര്യന്റെ കാൽകീഴിലാണ് ഇന്ന്.

ഒരു രൂപ പോലും സ്വന്തമായിട്ടില്ല.. വേണമെങ്കിൽ അവളുടെ കാലു പിടിക്കണം.. എന്തൊരു ഗതികേടാണ് ഡാഡി.. മടുത്തു..

ജിജോ പറഞ്ഞു..

വേറെ വഴിയില്ല ജിജോ.. തൽക്കാലം സഹിച്ചേ പറ്റൂ.. ഡേവിഡിനെ നിനക്കറിയാല്ലോ.. കുറുക്കനാണ് അയാൾ.. നീ ഇങ്ങോട്ട് സ്വന്തമാക്കാൻ കൊതിച്ചപ്പോൾ അയാൾ എല്ലാം നിന്നിൽ നിന്ന് പിടിച്ചടക്കി..

അയാളുടെ വിത്താണ് നിയ.. നീ സൂക്ഷിക്കണം.. അവൾ കൂടി കൈവിട്ടുപോയാൽ അറിയാമല്ലോ.. ഈ കിടപ്പാടം അടക്കം എല്ലാം നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരും.. അവളോട് നീ കുറച്ചുകൂടി മയത്തിൽ നിൽക്ക്..

അവൾ നിന്റെ കൂടെ മര്യാദയ്ക്ക് ജീവിക്കാൻ തുടങ്ങിയാൽ നമ്മൾ രക്ഷപെട്ടു.. ഡേവിഡ് തീർന്നാൽ അവനുണ്ടാക്കിയത്തിനൊക്കെ ഇതൊരെണ്ണമേയുള്ളൂ അവകാശിയായിട്ടു.. അതുവരെ നീ അവളെ മുഷിപ്പിക്കരുത്..

ഡാഡിക്ക് പറയാം.. ഇപ്പോഴും വേറെ ഒരുത്തനെ മനസ്സിലിട്ടു നടക്കുവാ അവൾ..

ജിജോ പല്ലുകടിച്ചു..

ഒരു കുഞ്ഞൊക്കെ ആകും വരെ ക്ഷമിക്കെടാ..

ഉവ്വ്.. കുഞ്ഞു.. എന്റെ ഡാഡി ആ നിലത്ത് പായുമിട്ടാണ് അവളുടെ കിടപ്പ്.. കെട്ടിന്റെ അന്ന് മുതൽ.. പിന്നെയാ കൊച്ച്…

എടാ.. നിന്റെ ഭാര്യ.. അവളിൽ നിനക്ക് ഒരാധികാരം കിട്ടുന്നില്ലേൽ വിളിച്ചു പറയെടാ ആ ഡേവിഡിനോട്.. ആട്ടിന്കുട്ടികൾ തമ്മിലടിക്കട്ടെ.. അപ്പോഴേ ചോര നമുക്ക് കിട്ടൂ..

എങ്ങനെയായാലും വേണ്ടില്ല.. അവളിൽ ഒരു കുഞ്ഞു.. അതിപ്പോ നമ്മുടെ ആവശ്യമാ.. നീ ആലോചിക്ക്..

ജിജോ മൗനമായി നിന്നു… എങ്കിലും തനിക്ക് മുന്പിലിനി മറ്റു മാര്ഗങ്ങളൊന്നുമില്ലെന്ന യാഥാർഥ്യവും അവനു മുൻപിൽ വലിയൊരു പർവ്വതമെന്നോണം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

********************

ആദി..

മ്മ്..

ആദി അവളെ തിരിഞ്ഞു നോക്കി..

എന്താടാ വൈകുന്നേരം മുതൽ ആകെയൊരു ഗ്ലൂമി ഫീൽ…

അല്ലി ആദിയെ നോക്കി ചോദിച്ചു..

ഹേയ് ഒന്നൂല്ലെടാ.. ഒരു തലവേദന..

എന്തുകൊണ്ടോ കാർത്തിയെ കണ്ടതും സംസാരിച്ചതും അല്ലിയോട് പങ്കുവെയ്ക്കാൻ അവനു തോന്നിയില്ല..

ഒരുപക്ഷേ മനസ്സിലെ ഉണങ്ങാത്ത മുറിവിലേയ്ക്ക് വീണ്ടും മുളക് തൂവേണ്ട എന്നവന് തോന്നിയിരിക്കാം..

ആദി ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു..

വയ്യെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം ആദി.

ഹേയ്.. അത്രയ്ക്കൊന്നുമില്ലെടാ.. ചെറിയൊരു തലവേദന. അത് മറിക്കോളും..

ആദി നിസ്സാരവത്കരിച്ചു..

ഫ്ലാറ്റിൽ ചെന്നതും അല്ലി അവനു ടാബ്‌ലറ്റ് എടുത്തുനല്കി ഫ്രഷാകാൻ പോയി..

ആദി എഴുന്നേറ്റ് കണ്ണാടിക്ക് മുൻപിൽ ചെന്നു നിന്ന് സ്വയമൊന്നു നോക്കി..

മറക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഓരോ ഓർമ്മയും ഉള്ളിൽ നിന്ന് തലപൊക്കി തന്നെ പരിഹസിക്കും പോലെ അവനു തോന്നി..

നിയ..

ആ ഓർമ്മയിൽ അവനൊന്നു പിടഞ്ഞു..

മനസ്സൊന്നു പൊള്ളിയത് പോലെ..

തനിക്ക് മുൻപിൽ താലിക്കായി തലകുനിച്ചുതന്ന അവളെ അവൻ തനിക്കരുകിൽ കണ്ടു.. ശേഷം ആ താലി തന്റെ കയ്യിലേക്കൂരി നല്കിയവളെയും..

വീണ്ടുമൊരു താലികെട്ട്..

പക്ഷെ വധുവിന്റെ സ്ഥാനം അല്ലിയ്ക്ക് സ്വന്തം…

കണ്ണിൽ പഴയ തിളക്കമില്ലാതെ.. ഹൃദയത്തിന്റെ നോവ് താങ്ങാനാകാതെ നിൽക്കുന്ന രണ്ടുപേർ..

ആദിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..

അല്ലിക്ക് ആദി ഫ്രണ്ടാണ്.. അവളുടെ പ്രണയം കാർത്തിയാണ്.

വീണ്ടും വീണ്ടും ആ വാചകങ്ങൾ മനസ്സിൽ നിറയുന്നു..

ആദിയുടെ കണ്ണുനിറഞ്ഞു..

ഡ്രസ് പോലും മാറാൻ നിൽക്കാതെയവൻ കിടക്കയിലേക്ക് വീണു..

പതിയെ കണ്ണുനീർ ഒഴുകിയിറങ്ങി… തലയിണയെ നനച്ചു..

ശബ്ദമില്ലാതെ ആ നോവവൻ ആ തലയിണയിലേക്ക് പകുത്തു നൽകി..

ശരീരം ചൂടുപിടിച്ചു… ഏങ്ങലടികൾ ശരീരത്തെ ഉലച്ചു..

ആ നിമിഷം ആ കണ്ണീർ അവനാവശ്യമായിരുന്നു.. കൈവിട്ടുപോകുന്ന മനസ്സിനെ താത്ക്കാലികമായെങ്കിലും ഒന്ന് നിയന്ത്രണത്തിലാക്കാൻ.. മെല്ലെ മെല്ലെ അവന്റെ കണ്ണിൽ മയക്കം വിരുന്നെത്തി.. വേദനകൾക്ക് താത്കാലികമെങ്കിലുമൊരാശ്വാസം പകർന്നുകൊണ്ട്..

ആദി.. ആദി..

അല്ലി തട്ടിവിളിച്ചപ്പോഴാണ് ആദി കണ്ണുതുറന്നത്..

പെട്ടെന്ന് സ്ഥലകാല ബോധം പോലുമവന് കിട്ടിയില്ല..

ആദി..

ഉറക്കത്തിൽ നിന്നെഴുന്നേറ്റ് തന്നെ തന്നെ തുറിച്ചു നോക്കിയിരുന്നവനെ അല്ലി തട്ടി വിളിച്ചു..

എന്താ ആദി ഒട്ടും വയ്യേ. ചുവന്നുകലങ്ങിയ കണ്ണുകളും ക്ഷീണം മുറ്റിയ മുഖവും കണ്ടവൾ നെറ്റിയിൽ കൈവെച്ചവനോടായി ചോദിച്ചു..

കുറഞ്ഞു..

ആദി പറഞ്ഞു..

മ്മ്.. എഴുന്നേറ്റ് വാ. ഞാൻ ഫുഡ് എടുത്തു വെച്ചു..

അല്ലി പറഞ്ഞു..

എനിക്ക് വേണോന്നില്ല..

ആദി പറഞ്ഞു..

അതൊന്നുമില്ല.. എണീറ്റു വന്നേ.. ചൂട് കഞ്ഞിയുണ്ട്.. എരിശ്ശേരിയും പപ്പടവും ചുട്ടരച്ച ചമ്മന്തിയും ഒക്കെയുണ്ട്.. എണീറ്റു മുഖം കഴുകി വാ ആദി..

അല്ലി പറഞ്ഞു.. ആദി പുഞ്ചിരിച്ചു.. എല്ലാം തന്റെ പ്രിയ വിഭവങ്ങൾ..

നീ ചെല്ലു.. ഞാനൊന്ന് കുളിച്ചിട്ടു വരാം..

ഈ തണുപ്പത്തോ..

ഹീറ്ററില്ലേ.. നീ ചെല്ലു.. കഞ്ഞി എടുത്തു വെയ്ക്ക്.. ഞാനിപ്പോ വരാം..

അതും പറഞ്ഞവളെ പറഞ്ഞുവിട്ടവൻ മറ്റുവാനുള്ളതുമെടുത്തു കുളിക്കാൻ കയറി..

ബാത്റൂമിലെ കണ്ണാടിക്കു മുൻപിൽ നിൽക്കുന്ന തന്നെ അവൻ സ്വയമൊന്നു നോക്കി..

ആകെ വല്ലാത്ത കോലം..

അവനൊന്നു തണുത്ത വെള്ളത്തിൽ മുഖം കഴുകി..

ശേഷം ഒന്നുകൂടി സ്വയം നോക്കി..

ഇപ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നുന്നു.. മനസ്സിൽ കെട്ടി നിന്നതൊക്കെ ഒഴിഞ്ഞു പോകും പോലെ..

സ്വയമൊന്നു നോക്കി പുഞ്ചിരിച്ചു ശേഷം ഒന്നു കുളിച്ചിറങ്ങിയപ്പോൾ നേരിയ ഒരാശ്വാസം അവനു തോന്നി..

തന്നെ കാത്തിരിക്കുന്നവൾക്കൊപ്പം ആഹാരം കഴിക്കുമ്പോഴൊക്കെയും തന്നിലേക്ക് പാറി വരുന്ന ആധിയോടെയുള്ള അവളുടെ നോട്ടം പോലും അവനിൽ വല്ലാത്തൊരാശ്വാസം നിറച്ചു..

ആ രാത്രി ബെംഗളൂരുവിൽ പെയ്തൊഴിഞ്ഞ പേമാരിയ്ക്ക് ശേഷം ആ മണ്ണിൽ വല്ലാത്തൊരു തണുപ്പ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ചുറ്റുപാടും മുഴുവൻ തണുപ്പിക്കുന്ന കുളിരുള്ള ഒരന്തരീക്ഷം..

ആദിയുടെ മനസ്സിലും ആ നിമിഷം നിറഞ്ഞു നിന്നത് തണുപ്പായിരുന്നു.. സ്നേഹിക്കപ്പെടുന്നവനുള്ളിൽ നിറയുന്ന തണുപ്പ്..

അപ്പോഴും മറ്റൊരു നാലു ചുവരിനുള്ളിൽ അല്ലിയെ സ്വപ്നം കണ്ട് അവൾക്കൊപ്പമുള്ള നാളുകൾ സ്വപ്നം കണ്ട് മയങ്ങുകയായിരുന്നു കാർത്തി.. മഴയ്ക്ക്ശേഷമുള്ള കൊടും ചൂടിനെ കാത്തെന്ന പോലെ ആ രാത്രി പകലിന്റെ ചക്രവാളത്തിലേയ്ക്കുള്ള പ്രയാണത്തിലായിരുന്നു അപ്പോഴും.. നിശബ്ദമായി..

തുടരും..