20/04/2026

മാംഗല്യം : ഭാഗം 35

രചന – അയിഷ അക്ബർ

ഞങ്ങളെപ്പോഴും ഒരുമിച്ചായിരുന്നു…

ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചതത്രയും…..

ഞാൻ അവനുമായി മാത്രമേ അടുത്തിടപഴക്കാറുള്ളുവെങ്കിലും അവനെല്ലാവര്ക്കും പ്രിയങ്കരനായിരുന്നു….

ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു…..

അവന്റെ ഇഷ്ടങ്ങൾ എനിക്കും എന്റെ ഇഷ്ടങ്ങൾ അവനും മേലെ മറ്റാർക്കും അറിയില്ല….

അത്രമേൽ ഞങ്ങൾ അടുത്തവരായിരുന്നു….

അവനെ കുറിച് പറയുമ്പോൾ അവൾ വാചാലയായിരുന്നു….

അവളുടേ കണ്ണുകളിലെ തിളക്കം കാണാൻ കഴിയാതെ അവൻ ദൂരേക്ക് നോക്കിയിരുന്നു…..

വിവാഹം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ വിരൽ ചൂണ്ടിയത് അവനിലേക്ക് മാത്രമായിരുന്നു…

ഡാഡി ക്കും അത് താല്പര്യമായിരുന്നെങ്കിലും മമ്മിക്കത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല….

അവളുടേ മുഖത്ത് നിരാശ പടർന്നു…..

അവൾ അവളുടെയുള്ളിലെ സങ്കടങ്ങൾ തന്നോട് പങ്കു വെക്കുമ്പോൾ മനസ്സിനതൊരു സന്തോഷം നൽകുന്ന ഒന്നാണെങ്കിൽ കൂടി പറയുന്നത് അവനെ കുറിച്ചായത് കൊണ്ട് മാത്രം വിവി യിൽ അതൊരു പ്രയാസമായി നിന്നു……

ഇത്രയേറെ സ്നേഹിച്ച നിങ്ങൾ അകന്നതെങ്ങനെ….

അവൻ അവളെ നോക്കിയത് ചോദിക്കുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….

തന്റെ കണ്ണുകളിലെ ദുഖത്തിന്റെ ആഴി അവൾ തിരിച്ചറിയുമോയെന്ന് അവന്റേ മനസ്സ് വല്ലാതെ ഭയന്നിരുന്നന്നേരം……

അവൾ അവനെ നോക്കിയെന്നു പുഞ്ചിരിച്ചു….

ഞങ്ങൾ പിരിയാനുള്ള കാരണം അറിയുന്നതിന് മുന്നേ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചതിന്റെ കാരണമാണ് ഇയാൾ അറിയേണ്ടത്…..

അവൻ സംശയത്തോടെ അവളെ നോക്കി…..

മീരാ…..
പിറകിൽ നിന്നുള്ള വിളിയിൽ വിവിയുടെയും മീരയുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു…..

ആദി…..

അവളിരുന്നിടത് നിന്നും എഴുന്നേറ്റ് അവനരികിലേക്കോടി…..

അവന്റെ കണ്ണുകളും സന്തോഷത്താൽ വിടർന്നിരുന്നു….

അവളവനെ കെട്ടിപ്പിടിച്ചു….

രണ്ട് പേരുടെയും മിഴികൾ നിറയുന്നത് വിവി നോക്കി കണ്ടത് ഒരു പിടച്ചിലോടെയാണ്….

ഇതാണ്….. ആദി….

അവൾ വിവിക്ക് നേരെ അവനെ പരിചയപ്പെടുത്തി….

ഹായ് വിവേക്…..
മീര തിരിച്ചു പരിചയപ്പൊയെടുത്തുന്നതിനു മുൻപ് തന്നെ അവൻ വലത് കൈ വിവിക്ക് നേരെ നീട്ടി….

വെളുത്തു മെലിഞ്ഞ അവന്റെ മുടി ഒരു വശത്തേക്ക് മനോഹരമായി ചീകിയൊതുക്കിയിട്ടുണ്ടായിരുന്നു……

ക്ലീൻ ഷേവ് ആയ മുഖത്ത് ഒരിളം പുഞ്ചിരി പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു….

അത്ര മേൽ ആകർഷനീയത തോന്നുന്ന നിഷ്കളങ്കമായ ഒരു തരം പുഞ്ചിരി…….

വിവിയും ഒരു പുഞ്ചിരിയോടെ അവന് നേരെ കൈ കൊടുത്തു….

വിവേകിനോട് ഇവളെന്നെ പറ്റി പറഞ്ഞിട്ടുണ്ടോ…..

ആദി ചിരിയോടെ വിവിയോടത് ചോദിക്കുമ്പോൾ വിവി അവന് നേരെയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു……

നീയാകെ തടിച്ചുറുണ്ടല്ലോ….

ആദി മീരയെ നോക്കിയത് പറയുമ്പോൾ അവർ അവരുടേതായ ലോകത്തായത് പോലെ വിവിക്ക് തോന്നി…..

ഹൃദയം വേദനയുടെ ചുഴികളിൽ അകപ്പെട്ടു കിടന്നിരുന്നു……

അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് വരുന്നത്…….

മീരാ….. ഇതാണ് നിവിൻ….

അവൻ സ്നേഹത്തോടെ പരിചയപ്പെടുത്തുമ്പോൾ മീര അവന് കൈ കൊടുത്തു……

നമ്മൾ തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്…. നേരിട്ട് കാണുന്നത് ആദ്യമായിട്ടാണല്ലോ….
എനി വേ ഹാപ്പി ടു സീ യു….

അവൻ സൗമ്യമായി അത് പറയുമ്പോൾ മീര മനോഹരമായി പുഞ്ചിരിച്ചു……

വിവേക്കെന്താ മിണ്ടാത്തത്…..

ദൂരേക്ക് നോക്കിയിരിക്കുന്ന വിവേകിനെ നോക്കി ആദിയത് ചോദിക്കുമ്പോൾ അവൻ വെറുതെയൊന്നു ചിരിക്കുക മാത്രം ചെയ്തു….

സിറ്റിയി ലെത്തിയപ്പോൾ മീരയെ കാണുന്നതോടൊപ്പം തന്നെയും കാണണമെന്നുണ്ടായിരുന്നെനിക്ക്…..

ഫോട്ടോയിൽ കാണുന്നതിനേക്കാൾ നിന്റെ വിവേക് ഹാൻഡ്‌സമാണല്ലോ…

മീരയെ നോക്കി ചിരിയോടെ ആദി അത് പറയുമ്പോൾ അവളും ചിരിച്ചു….

അവരുടെ ചിരിയും സംസാരങ്ങളും തന്റെ മനസ്സിലുള്ള കാര്യങ്ങളുമായി യാതൊരു പൊരുതവുമില്ലെന്ന് അവനോർത്തു…..

എന്താണ് സംഭവിക്കുന്നതെന്നറിയുന്നില്ലെങ്കിലും അവനൊന്നും മിണ്ടാത്തെ അവിടെ തന്നെയിരുന്നു…..

ഇനിയെന്നാണ് തിരിച്ചു പോക്ക്……

ഓർഡർ ചെയ്ത ക്യാപ്പിച്ചിനോ കുടിക്കുന്നതിനിടയിലാണ് മീര ആദിയോടത് ചോദിച്ചത്….

ഞങ്ങൾ ഒരു പ്രോഗ്രാമിന് വേണ്ടി വന്നതല്ലേ…. നാളെ തിരിച്ചു പോകും…

തിരിച്ചു പോയാലുടനെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നോക്കണം….

സന്തോഷത്തോടെ ആദിയത് പറയുമ്പോൾ കോഫി കപ്പ്‌ ചുണ്ടോടു ചേർത്തിരുന്ന വിവിയവരെ നോക്കി…..

അങ്കിളും ആന്റിയും…..?

മീരയുടെ കണ്ണുകളിൽ പ്രതീക്ഷ യായിരുന്നു…..

എന്നാൽ പെട്ടെന്ന് തന്നെ ആദിയുടെ മുഖത്ത് ദുഃഖം പരന്നു……

പറഞ് മനസ്സിലാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു….

ബട്ട്‌ …..

മുഴുവനാക്കാൻ കഴിയാതെ നിൽക്കുന്ന അവന്റെ തോളിൽ മീര പതിയേ കൈ വെച്ചു……

നമ്മളെ മനസ്സിലാക്കാൻ അവർക്കെന്നും സാധിച്ചിട്ടില്ല…..
അതോർതെന്തിനാണ് ഇനിയും……?

അവൾ അവനെ സമാധാനിപ്പിക്കുമ്പോഴും വിവി നടക്കുന്നതെന്തെന്നറിയാതെ അവരെ ഇരുവരെയും നോക്കി യിരുന്നു….

ആദിയുടെ വിവാഹം എന്ന് കേട്ടതും അവനിൽ ചെറിയൊരു പ്രതീക്ഷ നിറഞ്ഞു….

കുറെ നേരം ഒരുമിച്ചിരുന്നു വിശേഷങ്ങൾ പങ്കു വെച്ചു ഭക്ഷണം കഴിച്ചു കഴിഞാണ് ആദി അവരെ വിട്ട് പിരിഞ്ഞത്…..

എങ്കി ഞാൻ പോകട്ടെ…..

ആദി മീരയെ നോക്കിയത് ചോദിക്കുമ്പോൾ ആ കണ്ണുകളിലെ ഭാവം വിവിയിലൊരു വേദനയുണ്ടാക്കി…..

ഇരുവരുടെയും വേർപിരിയലിലുള്ള ദുഖത്തിന്റെ ആഴി അവർക്കിടയിലുള്ള സ്നേഹത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിവിക്ക് വ്യക്തമായിരുന്നു….

എങ്കിലും ഇവിടെ വരുന്നത് വരെ തന്നിലുണ്ടായിരുന്ന ഭാരം ഇപ്പോഴില്ലെന്നവനോർത്തു….

അതിനു കാരണം അവരുടെ രണ്ട് പേരുടെയും പെരുമാറ്റത്തിൽ ഒരു പ്രണയത്തിന്റെ ലാഞ്ചന അവന് തോന്നാത്തത് കൊണ്ടായിരിക്കാം….

അതുമല്ലെങ്കിൽ അവരുടെ പ്രണയത്തെ കുറിച്ച് തന്നെ പറഞ്ഞു മനസ്സിലാക്കാനാണ് അവർ കൊണ്ട് വന്നതെന്ന ചിന്തയെ നിഷ്ഫലമാക്കി അവർ യാത്ര പറയുന്നതായിരിക്കാം….

അവർ പഴയ ഓർമകളോരൊന്നും അയവിറക്കുമ്പോഴും അലസമായി രിക്കുകയായിരുന്നു വിവിയന്നേരം…..

അവരുടെ സംസാരങ്ങളിൽ പലതും അവനിൽ സംശയങ്ങളുണ്ടാക്കി യെങ്കിലും പ്രത്യേകിച്ചൊരു ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ ഇടം കൊടുക്കാതെ അവൻ ഇരിക്കുകയാണ് ചെയ്തത്……..

ഇനിയെന്നാണ് നമ്മൾ കാണുക….

ആദിയത് ചോദിക്കുമ്പോൾ വാക്കുകളിലെ നനവറിഞ്ഞെന്ന വണ്ണം അവളുടെ മിഴികൾ നിറഞ്ഞിരുന്നു….

അവർ പരസ്പരം കെട്ടിപ്പിടിച് യാത്ര പറഞ്ഞ് പിരിയുമ്പോൾ അവരിൽ നിറഞ്ഞു നിന്നിരുന്നതത്രയും ചെറുപ്പം തൊട്ടുള്ള അവരുടെ ഓർമകളായിരുന്നു…..

നമുക്കിറങ്ങാം…..

വിവിയെ നോക്കി മീരയത് ചോദിക്കുമ്പോൾ തലയാട്ടി വിവിയെഴുന്നേറ്റു…

പുറത്തേക്കിറങ്ങുമ്പോൾ ഭൂമിയാകെ ഇരുട്ടിനാൽ മൂടപ്പെട്ടിരുന്നു……

പല നിറത്തിലുള്ള പ്രകാശങ്ങളാൽ സിറ്റി തന്റെ ഭംഗി വിളിച്ചോതുന്നുണ്ടായിരുന്നു…..

അവർ റോഡിനരികിലൂടെ പതിയേ നടന്നു…..

അപ്പോഴും അവരിൽ നിശബ്ദത നിറഞ്ഞു തന്നെ നിന്നിരുന്നു…..

റോഡിലൂടെ പെട്ടെന്നൊരു വണ്ടി വന്നപ്പോൾ റോഡിനരികിലായി നടന്നിരുന്ന അവൾ പെട്ടെന്നുണ്ടായ ഒരു ഭയത്തിൽ വിവിയുടെ കയ്യിൽ പിടിച് അല്പം കൂടി അരികിലേക്ക് കയറി നിന്നു…..

ആ വണ്ടി പ്പോയി കഴിഞ്ഞപ്പോഴാണ് അവൾ അവന്റെ കൈകളിൽ പിടിച്ചിട്ടുണ്ടെന്ന് അവളോർത്തത്…..

അവൾ കൈ പതിയേ അയച്ചു…..

അവനതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല…..

പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ നിന്നാണ് അവൾ കൈകളിൽ പിടിച്ചെന്ന് അവനറിയാമായിരുന്നത് കൊണ്ടായിരിക്കാം അത്….

എന്നാൽ അവന്റെ കൈ പിടിച് ആ ഇരുട്ടിലൂടെ നടക്കാൻ അവൾക്കെന്തോ വല്ലാത്തൊരു ഭംഗി തോന്നി..

തന്നിലെ ഇരുട്ടിലേക്ക് തുളച്ചു കയറിയ ഒരു പ്രകാശമായിരുന്നു അവൻ തനിക്കെന്നും….

അവന്റെ കൈ പിടിച്ചു അവനോട് ചേർന്ന് നടക്കാൻ താനൊരിക്കലും സ്വപ്നം കണ്ടിട്ടില്ലെങ്കിൽ കൂടി അതിത്രയും മനോഹരമാണെന്ന് ചേർന്നു നിന്നപ്പോഴാണ് താനറിയുന്നത്…..

അല്ലെങ്കിലും രണ്ടായി നിൽക്കുന്ന പലതിനെയും ഒന്നിച്ചു നിർത്തിയാലുള്ള ഭംഗി നമ്മളാറിയാതെ പോകുന്നത് കൊണ്ടാണല്ലോ ദൈവം മനഃപൂർവം അതിനെ ചേർത്ത് വെക്കുന്നത്……

അയച്ച കൈ അവളൊന്നു കൂടി മുറുകെ പിടിച്ചു….

അവൻ ഞെട്ടിയവളെ നോക്കി…..

ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടായിരുന്നതായിരുന്നത് തന്നെ നടന്നു കൊണ്ടിരുന്ന അവൻ പെട്ടെന്ന് നിശ്ചലനയായിരുന്നു…..

അവൻ പോലുമറിയാതെ….

അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന അവന്റെ മിഴികളെ അവളറിയുന്നുണ്ടായിരുന്നെങ്കിലും അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല…..

മറ്റെങ്ങോ നോക്കിയവൾ നിൽക്കുമ്പോഴും അവന്റെ കൈകളെ അവളുടേ കൈകളുടെ ചൂട് പൊതിഞ്ഞു പിടിച്ചിരുന്നു….

അവൻ ഓർമയിൽ നിന്നെന്നുണർന്ന പോലെ പതിയേ നടന്നു തുടങ്ങി….

അവൻ നടന്നു തുടങ്ങിയതും അവൾ ഇടം കണ്ണിട്ടവനെ നോക്കി….

അവന്റെ ചുണ്ടിൽ വിരിഞ്ഞു നിന്നിരുന്നൊരാ ചിരി അവൾ ഇത് വരെ കണ്ടതിൽ വെച്ചേറ്റവും മനോഹരമായിരുന്നു……

അവളൊന്നു കൂടി അവനോട് ചേർന്ന് നടന്നു……

ദാ.. കാറ് ഇവിടെയല്ലേ നിർത്തിയിരിക്കുന്നത്..

കാറിനടുത്തെത്തിയതും അവൾ പെട്ടെന്നത് പറഞ്ഞപ്പോൾ അവളവനെ നോക്കി..

ഛെ….. ഇത്ര പെട്ടെന്ന് എത്തേണ്ടായിരുന്നല്ലേ….കുറച്ച് കൂടി ഇത് പോലെയങ് നടന്നാലോ….

അവൻ കുസൃതി ചിരിയോടെ അത് പറഞ്ഞതും അവൾക്കുള്ളിൽ വല്ലാത്തൊരു നാണം പടർന്നിരുന്നു..

എന്നാ നേരെയങ് നടന്നോ…..ഭൂമി ഉരുണ്ടതല്ലേ…..

അതും പറഞ്ഞ് കൊണ്ട് അവന് നേരെ കണ്ണുരുട്ടി കയ്യിൽ പിടിച്ചിരുന്ന ആ പിടി പെട്ടെന്ന് വിട്ട് അവൾ കാറിലേക്ക് നടന്നു….

അവളിൽ വിരിഞ്ഞോരാ നാണത്തെ അവനറിയാതിരിക്കാൻ വേണ്ടിയായിരുന്നു അവളൊരു ദേഷ്യത്തെ അവന് നേരെ പിടിച്ചത്..

എന്നാൽ വിവിയിൽ പതിഞ്ഞോരാ പുഞ്ചിരി അപ്പോഴും അവനിൽ നിന്നകന്നിട്ടുണ്ടായിരുന്നില്ല……

(തുടരും )