18/04/2026

പ്രണയിനി : ഭാഗം 13

രചന – ഗംഗ ശലഭം

 

പക്ഷെ ലക്ഷ്മിയമ്മ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്. ഞങ്ങളുടെ മനസ്സ്….!
ഈ ജന്മം സായിയെ അല്ലാതെ മറ്റൊരാളെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല. സൂരജിന്റെ കാര്യവും മറിച്ചാവില്ല. അതാണല്ലോ അയാൾ തന്റെ കാര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഓരോന്നോർത്ത് മുന്നോട്ട് നടക്കവേ തന്റെ ജീവിതം ഇനി എങ്ങോട്ടാണ് ഒഴുകാൻ പോകുന്നത് എന്ന ചിന്ത കൃഷ്ണയുടെ ഉള്ളിൽ ചെറുതല്ലാത്ത ആധി രൂപപ്പെടുത്തുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് ഒരു കാർ ഇരമ്പലോടെ അവളുടെ അടുത്ത് വന്ന് നിന്നത്. അതിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ടതും കൃഷ്ണയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു.

( തുടർന്ന് വായിക്കുക….)

ശ്രീനാഥ് ഒരു വൃത്തികെട്ട ചിരിയോടെ കാർ തുറന്ന് ഇറങ്ങിയതും കൃഷ്ണ ധൃതിയിൽ മുന്നോട്ട് നടക്കാൻ ഒരുങ്ങി. അവൻ ഓടി വന്ന് അവൾക്ക് മുന്നിൽ തടസ്സമായി നിന്നു.

” എന്താടി നമ്മളെ മാത്രേ നിനക്ക് കണ്ണിൽ പിടിക്കാതുള്ളൂ അല്ലെ?”

ശ്രീനാഥ് ഒരു പരിഹാസചിരിയോടെ സംസാരിച്ചു തുടങ്ങി.

“വഴീന്ന് മാറ്…!”

കൃഷ്ണ അനിഷ്ടത്തോടെ പറഞ്ഞു.

” ഓ…. അവന്റെ കൂടെ കറങ്ങി നടക്കാം. കാറിൽ ചുറ്റാം…. നമ്മൾ ഒന്ന് മിണ്ടിയാലാ കുഴപ്പം….!”

ശ്രീനാഥിന്റെ മുഖത്തൊരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു.

” നീ അന്ന് എന്താ പറഞ്ഞത്? നിനക്ക് ഞാൻ നിന്നെ കെട്ടുന്നത് ഇഷ്ടമല്ലന്ന് അല്ലെ? സായിയോട് നിനക്ക് ദിവ്യ പ്രേമം ആയിരുന്നല്ലോ? അതാവും ഇപ്പൊ കല്യാണം പോലും കഴിക്കാതെ വേറെ ഒരുത്തന്റെ കൂടെ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത്…..?
നാണം ഉണ്ടോടി നിനക്ക്? ഇങ്ങനെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാതെ അവനോട് നിന്നെ അങ്ങ് കെട്ടാൻ പറ….
എന്തായാലും അവൻ കെട്ടിയ പെണ്ണ് ചത്തു. നിന്റെ കാര്യോം അങ്ങനെ തന്നെ. അപ്പൊ പിന്നെ ഇങ്ങനെ അവന്റെ വെപ്പാട്ടി ആയിട്ട് നടക്കണേനെക്കാളും കെട്ടി കൂടെ പൊറുപ്പിക്കാൻ പറയെടി….”

കൃഷ്ണയ്ക്ക് കണ്ണ് നിറഞ്ഞു.
നെഞ്ച് നീറി…. സാമാന്യം തിരക്കുള്ള റോഡായിരുന്നു. ജനമധ്യത്തിൽ നഗ്നയാക്കപ്പെട്ടത് പോലെ തോന്നി അവൾക്ക്.

ഒരു നോട്ടം കൊണ്ട് പോലും സൂരജ് ആ രീതിയിൽ തന്നോട് പെരുമാറിയിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് ഇയാൾ പറഞ്ഞുണ്ടാക്കുന്നത്? ഒരുമിച്ച് ഒരു കാറിൽ വന്നാൽ, ഒരു വീട്ടിൽ താമസിച്ചാൽ അതിന് അവിഹിതം എന്നാണോ പേര്?

” അതോ അവനിനി നിനക്ക് നല്ല പൈസ തരണുണ്ടോ? അതാണോ നിന്റെ ഉദ്ദേശം? എന്നാ പൊന്ന് മോളെ നീ നോക്കിക്കോ…. നാളെ അവൻ നിന്റെ കൊച്ചിനേം കേറി പിടിക്കും…. അതിന് മുൻപ്……… ”

ശ്രീനാഥിനെ പറഞ്ഞു പൂർത്തിയാക്കാൻ കൃഷ്ണ അനുവദിച്ചില്ല. കൈ വീശി അവന്റെ കവിളത്തു തന്നെ ഒന്ന് കൊടുത്തു അവൾ……!

” എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും… എന്റെ കുഞ്ഞിനെ പറഞ്ഞാൽ….!”

വിറയ്ക്കുന്ന കൈവിരൽ അവൾ ശ്രീനാഥിന്റെ മുഖത്തിന്‌ നേരെ ചൂണ്ടി. കൃഷ്ണയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. അപമാനം കൊണ്ട് നിറഞ്ഞു.

ആറ് വയസ്സ് പോലും തികയാത്ത തന്റെ കുഞ്ഞിനെയാണ് അയാൾ നടു റോഡിൽ വച്ച് വാക്കുകൾ കൊണ്ട് അപമാനിക്കുന്നത്. ഏത് അമ്മയ്ക്ക് അത് സഹിക്കാനാകും?

“നീ എന്നെ തല്ലി അല്ലേടി?”

ഒരു കുതിപ്പിന് ശ്രീനാഥ് കലിയോടെ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.

കയ്യിൽ ഇരുന്ന സഞ്ചി നിലത്തേക്കിട്ട് ഇരു കൈകൾ കൊണ്ടും ശ്രീനാഥിന്റെ കൈ വിടുവിക്കാൻ നോക്കി കൃഷ്ണ. എന്നാൽ അവന്റെ കൈ ഒന്ന് കൂടി മുറുകിയതേ ഉള്ളൂ…. കൃഷ്ണയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങി….

ആരൊക്കെയോ ചുറ്റും കൂടുന്നുണ്ട്. കണ്മുന്നിൽ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ടിട്ടും കാഴ്ചക്കാരായി നിൽക്കുന്നതേയുള്ളൂ പലരും…..

“നിർത്തെടോ…..!”

റോഡരികിൽ ആൾക്കൂട്ടം കണ്ടുകൊണ്ടാണ് മധു ജീപ്പ് നിർത്താൻ പറയുന്നത്. ജീപ്പിൽ നിന്ന് ഇറങ്ങി കൂടെ നിന്ന ആൾക്കാരെ വകഞ്ഞ് മാറ്റി അയാൾ മുന്നോട്ടു ചെന്നു. പോലീസ് യൂണിഫോമിൽ ആയിരുന്നതു കൊണ്ട് തന്നെ കൂടി നിന്നവരൊക്കെ മധുവിനെ കണ്ടതും ഒഴിഞ്ഞു മാറിനിന്നു.

കൃഷ്ണയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു നിൽക്കുന്ന ശ്രീനാഥിനെ കണ്ടതും ഒരു നിമിഷം പാഴാക്കാതെ മധു അവനെ വലിച്ച് മാറ്റി കരണം പുകയ്‌ക്കെ ഒന്ന് കൊടുത്തു.

“പബ്ലിക് ആയിട്ട് സ്ത്രീകളെ ഉപദ്രവിക്കുന്നോടാ?”

മധുവിനെ കണ്ടതിലെ ആശ്വാസത്തിൽ നിൽക്കുന്ന കൃഷ്ണയെ തന്റെ പിറകിലേക്ക് മാറ്റി നിർത്തി മധു അവന്റെ ഷർട്ട് കൂട്ടിപ്പിടിച്ച് അലറി.

” എന്താ മോളെ പ്രശ്നം?”

ശ്രീനാഥിന്റെ കോളറിലെ പിടി വിടാതെ തന്നെ മധു കൃഷ്ണയെ തിരിഞ്ഞ് നോക്കി.

ഉണ്ടായത് എന്താണെന്ന് അവൾ അയാളോട് പറഞ്ഞു.

” ഓഹോ… അപ്പൊ പൊതുവഴിയിൽ പെൺകുട്ടികളെ അപമാനിക്കലാണ് സാറിന്റെ പരിപാടി. മോള് വന്നൊരു കംപ്ലയിന്റ് എഴുതി താ… ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം.”

മധു ശ്രീനാഥിനെ നോക്കി പല്ല് കടിച്ചു.

” പബ്ലിക് ആയിട്ട് ഇവളെന്റെ കരണത്ത് അടിച്ചതിനും സി ഐ സാർ കേസെടുക്കുമായിരിക്കും അല്ലെ?”

അടി കിട്ടിയ കവിൾ തടവി കൃഷ്ണയെ ചിറഞ്ഞു നോക്കി ശ്രീനാഥ്.

” അങ്ങനെയും ഉണ്ടായോ?”

മധു തിരിഞ്ഞു കൃഷ്ണയെ നോക്കി. തെറ്റ് ചെയ്തത് പോലെ അവൾ മുഖം കുനിച്ചു കളഞ്ഞു.

“നിങ്ങൾ ആരെങ്കിലും കണ്ടോ ഈ കുട്ടി ഇവന്റെ മുഖത്തടിക്കുന്നത്? കണ്ടവർ എന്റെ കൂടെ സ്റ്റേഷനിലോട്ട് വാ…”

മധു ചുറ്റിനും കൂടി നിന്നവരെ നോക്കി.
സിറ്റി സർക്കിളിലെ പുതിയ ഇൻസ്‌പെക്ടർ ചൂടനാണെന്ന് അറിയുന്നത് കൊണ്ടാകും ആരും ഒന്നും മിണ്ടാൻ പോയില്ല.

“കണ്ടല്ലോ? ഇവരാരും അത് കണ്ടിട്ടില്ല.”

മധു ചിരിച്ചു.

“അപ്പൊ എങ്ങനാ ശ്രീനാഥ് സാറേ….
വരുവല്ലേ ഞങ്ങടെ കൂടെ?”

ശ്രീനാഥിനോടായി പറഞ്ഞിട്ട് മധു അടുത്ത് നിന്ന കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു.

“പിടിച്ച് കേറ്റെടോ ഇവനെ….”

അയാൾ മുന്നോട്ട് വരാൻ ഒരുങ്ങിയതും
ശ്രീനാഥ് അയാളെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി. അയാൾ നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു.

“ഓഹ്… ദേവന്റെ മോനെ തൊടാൻ തനിക്ക് പേടിയാണോ? എന്നാലേ…. എനിക്കതില്ല…”

മധു മുന്നോട്ട് വന്നതും കൃഷ്ണ മധുവിന്റെ കയ്യിൽ പിടിച്ചു.

” വേണ്ട മാമേ….. ഒന്നിന്റേം പിറകെ തൂങ്ങാൻ എനിക്കിനി വയ്യ….
മടുത്തു എനിക്ക്….”

കൃഷ്ണ പതിയെ പറഞ്ഞു. അവളുടെ ദയനീയമായ മുഖവും കലങ്ങിയ കണ്ണുകളും കണ്ടതും മധു ഒന്നയഞ്ഞു.

“ഇനി മേലാൽ കൃഷ്ണയുടെ നിഴൽ വെട്ടത്ത് നിന്നെ കണ്ടാൽ…?”

മധു താക്കീതോടെ ശ്രീനാഥിനു നേരെ വിരൽ ചൂണ്ടി.

“ഭീഷണിയാണോ?”

ശ്രീനാഥിന്റെ മുഖത്ത് പുച്ഛം വിരിഞ്ഞു.

“അങ്ങനെ കരുതിക്കോ….”

“തനിക്ക് ശരിക്കറിയില്ല എന്നെ….!”

“നിന്റെ അച്ഛൻ ദേവനെ പേടിച്ചിട്ടില്ല ഞാൻ… പിന്നാ നീ….?”

മധുവും വിട്ടില്ല.

“ഇത് വരെ പേടിച്ചിട്ടില്ലെങ്കിലേ ഇനി താൻ പേടിക്കണം…. ഇപ്പൊ താൻ ഈ കാണിച്ച ഷോയ്ക്ക് പകരം ഞാൻ തരുന്നുണ്ട്…”

മധുവിനോടായി അത്രയും പറഞ്ഞ ശേഷം ശ്രീനാഥ് കൃഷ്ണയുടെ നേരെ തിരിഞ്ഞു.

” പിന്നെ നിന്നോട്….

കുറച്ചു മുന്നേ നിന്നോട് പറഞ്ഞതൊന്നും ഞാൻ പറഞ്ഞ് ഉണ്ടാക്കുന്നതല്ല… നാട്ടുകാര് മുഴുവൻ പറയുന്നതാ…. അത് കേക്കണത് ഇത്രേം വലിയ കുറച്ചിൽ ആണെങ്കിലേ…. അന്തസ്സായിട്ട് നിന്നെ താലി കെട്ടി കൂടെ പൊറുപ്പിക്കാൻ പറ അവനോട്…..
അല്ലാതെ……..! ”

കൃഷ്ണയെ ഒന്ന് കൂടി രൂക്ഷമായി നോക്കി ശ്രീനാഥ് തിരിഞ്ഞു നടക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകളിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു കൃഷ്ണയുടെ മനസ്സ്.

**************

മധുവിനെ അറിയാല്ലോ അല്ലെ? ഞാൻ മുന്നേ പറഞ്ഞിരുന്നു അരവിന്ദന്റെ അച്ഛൻ പോലീസ് ആണെന്ന്. ആ മധു ആണ് ഈ മധു 😌

അപ്പൊ എല്ലാരും അഭിപ്രായം പറയണേ…. 🥰