രചന – രോഹിണി ആമി
ഓഡിറ്റോറിയത്തിൽ വന്നിറങ്ങിയപ്പോഴേ കണ്ടു ശ്രീയേട്ടനെ……….. ഒന്നു നോക്കി ചിരിച്ചു…….. നന്ദുവിലേക്കാണ് നോട്ടം മുഴുവൻ…….. ഞങ്ങളുടെ അടുത്തേക്ക് വന്നു……… ആദിയോട് സംസാരിച്ചിട്ട് നന്ദുവിനെ വന്നെടുത്തു……… നന്ദു ആദിയെ ഒന്നു നോക്കി……. അയാൾ അവനെ കണ്ണടച്ചു കാണിച്ചു………..
നിങ്ങൾ സംസാരിക്ക്……… ഞാനിപ്പോൾ വരാം……. ആദി ശ്രീയോട് പറഞ്ഞു……
നിവേദ്യ ദേഷ്യത്തിൽ ആദിയെ നോക്കി……… ദുഷ്ടൻ….. ഒഴിവായതാണ്……
ആദി ഒഴിഞ്ഞ സ്ഥലത്തു പോയി മാറി നിന്നു…… നിവേദ്യക്ക് ശ്രീയോട് സംസാരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല……. കണ്ണുകൾ ആദിക്ക് പിറകെ ആയിരുന്നു……… പതിയെ കാലുകളും ആദിയുടെ പിറകെ പോയി . ………
അതേ…….. ഇയാൾ വിചാരിച്ചോ ഇയാൾക്ക് മാത്രമേ തനിച്ചാകുന്ന ഒരാളെ ആശ്വസിപ്പിക്കാൻ പറ്റൂന്ന്………. ഞങ്ങളെക്കൊണ്ടും പറ്റും…….. ആദി തിരിഞ്ഞൊന്ന് നോക്കുക കൂടി ചെയ്തില്ല നിവേദ്യയെ……..
മാത്രമല്ല……. സ്വന്തം മോന്റെ അമ്മയെ അന്യനെ ഏൽപ്പിച്ചു പോരുന്നത് ഒരു നല്ല അപ്പായ്ക്ക് ചേരുന്ന കാര്യമല്ല……..
ആദിയുടെ മുഖം ഒന്നു തെളിഞ്ഞോ ……… താൻ പൊക്കോ…… ഞാൻ വന്നേക്കാം……
അപ്പോൾ ആരെങ്കിലും എന്റെ മോന്റെ അപ്പായെ തിരക്കിയാൽ ഞാൻ എന്താ ചെയുക……..അവരോടു പറയണോ ഒരു സാരി ഉടുക്കാത്തതിന്റെ പേരിൽ എന്നോട് കെറുവിച്ചിരിക്കുവാനെന്നു……. ഒന്നാമത് എല്ലാവരും കടിച്ചു കീറാൻ നിൽക്കുവാണ് നിവേദ്യയെ……. പോകുന്നെങ്കിൽ ഒരുമിച്ചു…… ഇല്ലെങ്കിൽ ഞാനും ഇല്ല……… നിവേദ്യ അടുത്തുള്ള തെങ്ങിൽ ചാരി നിന്നു…….
കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ആദി പറഞ്ഞു…… എന്റെ മോന്റെ അമ്മു തേങ്ങ തലയിൽ വീണു ചാകുന്നത് എനിക്കിഷ്ടമല്ല…… അതോണ്ട് മാത്രം ഞാൻ ക്ഷമിച്ചു……. വാ…….. ആദി കൈ നീട്ടി……. ആ കയ്യിൽ പിടിച്ചു നന്ദുവിന്റെ അരികിലേക്ക് പോയി……
അപ്പാ അമ്മുനോട് കൂട്ടു കൂടിയോ…… നന്ദു അവർ രണ്ടാളും ഒരുമിച്ചു വരുന്നതു കണ്ടു ചോദിച്ചു……
പാവം….. നമ്മുടെ അമ്മൂസ് അല്ലേ…… ക്ഷമിച്ചേക്കാം…… ഇല്ലെങ്കിൽ കരഞ്ഞാലോ……
ആദിയുടെ അടുത്തേക്ക് ചാടി നന്ദു…… അവർക്കിടയിൽ നിൽക്കാൻ ഇഷ്ടമില്ലാത്തതു പോലെ ശ്രീ അവിടെ നിന്നും മാറി…… ഒളിഞ്ഞും പതിഞ്ഞും ചിലരൊക്കെ നിവേദ്യയെ നോക്കുന്നുണ്ട്……..ചിലർ കുശുകുശുക്കുന്നുണ്ട്…….. അതെല്ലാം പാടേ അവഗണിച്ചു കൊണ്ടു ആദി ഒന്നുകൂടി ആ കയ്യിൽ ചേർത്തു പിടിച്ചു ……..
ഒരു സൈഡിൽ നിന്ന് ചിക്കുവിന്റെ കല്യാണം നോക്കിക്കണ്ടു നിവേദ്യ……… അവൾക്കു പിറകിൽ നിൽക്കുന്ന അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും……… എല്ലാവരും ഹാപ്പി യാണ്…….. ഇതൊക്കെ താനും ആഗ്രഹിച്ചിരുന്നില്ലേ……..എല്ലാവരുടെയും നടുക്ക്……… സന്തോഷത്തോടെ……….. അറിയാതെ കണ്ണുകൾ ശ്രീയെ നോക്കി……… തന്നെ നോക്കി നിൽക്കുവാണ്……… നിറഞ്ഞൊഴുകിയ കണ്ണുനീർ ആരും കാണാതിരിക്കാൻ ആദിക്ക് പിറകിലേക്ക് നീങ്ങി…….. ആദിയുടെ ഷർട്ടിൽ കണ്ണുനീർ പതിഞ്ഞു…….. അത് ആദി അറിഞ്ഞതുകൊണ്ടാവും ഒരു കയ്യിൽ നന്ദുവിനെ എടുത്തു നിവേദ്യയുടെ തോളിലൂടെ ചേർത്തു പിടിച്ചു……. രണ്ടു വരിയിൽ നിറഞ്ഞിരിക്കുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും നടുവിലൂടെ ആദി അവരെയും ചേർത്ത് നടന്നു……… തലയുയർത്തി……..
വെളിയിൽ ഇറങ്ങിയിട്ട് പറഞ്ഞു……. ഇനി ആരോടും മറുപടി പറയാൻ നിൽക്കേണ്ട……. എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും ഞാൻ മോനൂസിനും അമ്മൂസിനും ആരാണെന്നും…… നമ്മൾ തമ്മിലുള്ള ബന്ധവും…….
കണ്ണു തുടക്ക് അമ്മൂസേ……… ഒരു രസമില്ല കാണാൻ……… ഇതിങ്ങനെ ഏത് നേരവും തുറന്നുകിടക്കുന്ന ടാപ്പ് പോലെ………..
ആക്ടിങ് കഴിഞ്ഞില്ലേ…… ഇനി കൈയെടുക്ക്……. അവൾ ആദിയുടെ കയ്യിൽ നഖം ഇറക്കി………
ആ………. ആക്റ്റിങ്ങോ…….. ഇതോ…….. ഇതിലും ഭേദം ആ തേങ്ങ വീണു നീ ചാവുന്നതായിരുന്നു……… കൈ കുടഞ്ഞു കൊണ്ടു ആദി പറഞ്ഞു……..
എന്താ ഇവിടെ നിൽക്കുന്നത് മൂന്നാളും…….. കല്യാണം അവിടെയല്ലേ നടക്കുന്നത് …….. നീതുവും ദേവേട്ടനുമാണ്………..
ഈ ടാപ്പ് ഒന്നു പൂട്ടിയിട്ടു വേണ്ടേ ദേവാ….. ആരെക്കണ്ടാലും മോങ്ങിക്കോളും…… ഇതു തോരുന്ന ലക്ഷണം ഒന്നുമില്ല……… ആദി നിവേദ്യയെ നോക്കി പറഞ്ഞു……..
എന്താടാ വേദൂട്ടാ……… എന്തു പറ്റി……. ദേവൻ ചോദിച്ചു……….
ഒന്നുമില്ല ദേവേട്ടാ…….. ഓരോന്ന് ഓർത്തപ്പോൾ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല……… വേദു ദേവന്റെ തോളിലേക്ക് ചാഞ്ഞു……….
നീയിങ്ങു വന്നേ വേദൂ……….. ദേവൻ അവളെയും കൊണ്ടു കുറച്ചു മാറി നിന്നു……
വേദൂട്ടാ………. നിന്നെ കുറച്ചു കാലം ദൈവം ഇങ്ങനെ കഷ്ടപ്പെടുത്തിയത് ചിലപ്പോൾ എല്ലാ ഭാഗ്യവും കൂടി ഒരുമിച്ചു തരാൻ വേണ്ടിയാകും……… നിന്റെ അച്ഛനും അമ്മയും സഹോദരനും മകനും എല്ലാം നിന്റെ അരികിൽ തന്നെയുണ്ട്……… ആദിയുടെ രൂപത്തിൽ …….. അത് നീ മനസ്സിലാക്കുന്നില്ല……. അല്ലെങ്കിൽ ശ്രമിക്കുന്നില്ല നീ . ……… നീയെത്ര തന്നെ ഒഴിവാക്കാൻ ശ്രമിച്ചാലും വേണ്ടാന്നു വലിച്ചെറിഞ്ഞാലും നിന്നെയോ മോനെയോ വിട്ടു ആദി പോകുമെന്ന് നിനക്കു തോന്നുന്നുണ്ടോ………. ആദിയെ സ്നേഹിച്ചു നോക്ക് നീ……… വേറൊരു ബന്ധങ്ങളും നിനക്ക് വേണ്ടി വരില്ല……… എന്തിനു……. ഈ ദേവേട്ടനെയും നീതുവിനെയും പോലും മറക്കും നീ………… മനസ്സിലെ ആ ചെറിയ ഈഗോ കളഞ്ഞു ആദിയെ ചേർത്തു പിടിക്കാൻ നോക്ക്……… ഇതിലും നല്ലത് നീയെത്ര തേടിയാലും കിട്ടില്ല മോളേ……… ഇനിയൊട്ട് നിന്നെ തേടിവരാനും പോകുന്നില്ല……….. വേദനിപ്പിക്കരുത് ആദിയെ നീ………. ദൈവം പോലും പൊറുക്കില്ല……….
നിവേദ്യ ആദിയെ നോക്കി………. നീതുവിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുവാണ്………. ദേവേട്ടൻ പറഞ്ഞതാണ് സത്യം…….. ഇതിലും നല്ലൊരു കൂട്ട് വേറെ കിട്ടില്ല തനിക്ക്…….
ഇല്ല ദേവേട്ടാ……..ഇതുവരെ നന്ദുവിന് വേണ്ടി മാത്രം ജീവിച്ചു…….. ഇനിയങ്ങോട്ട് ആദിക്ക് വേണ്ടിയും……… ഞാനൊരിക്കലും വേദനിപ്പിക്കില്ല എന്റെ രണ്ടു മക്കളെയും…….. ചിരിച്ചുകൊണ്ട് ദേവനോട് പറഞ്ഞു………
അതു കേട്ടാൽ മതി ദേവേട്ടനു……… വാ…….. വേദുവിനെയും ചേർത്തു പിടിച്ചു അവർക്കരികിലേക്കു പോയി………
ചിക്കു അവളുടെ ചെക്കനും കൂട്ടുകാർക്കും എല്ലാം ആദിയെ പരിചയപ്പെടുത്തി കൊടുക്കുവാണ്……… സ്വന്തം ഏട്ടൻ ആണെന്ന് പറഞ്ഞാണ് കൊണ്ടു നടക്കുന്നത് ……… മാറിനിന്നു ആദിയുടെ സന്തോഷം കണ്ടു…….. ഇടക്കൊന്നു നോക്കിയപ്പോൾ നല്ലൊരു ചിരി ചിരിച്ച് കാണിച്ചു നിവേദ്യ……… അത്ഭുതത്തോടെ ഒന്നുകൂടി തിരിഞ്ഞു നോക്കി……..വയറു വിശക്കുന്നുവെന്ന് കൈ വെച്ചു കാണിച്ചു………. അവരിൽ നിന്നും ഒഴിവായി നിവേദ്യക്കരികിലേക്കു വന്നു…….
മതി പെണ്ണുങ്ങളുടെ നടുക്കു നിന്ന് ശ്രീകൃഷ്ണൻ കളിച്ചത്……….. വാ കഴിക്കാം……..വിശക്കുന്നു……..
താനിങ്ങനെ ആണോ എപ്പോഴും ……… വിശക്കുമ്പോൾ സ്നേഹം കൂടുവോ………. ആദി ചോദിച്ചു………
അപ്പോൾ പട്ടിണിക്കിട്ടാൽ എന്തു സ്നേഹം ആയിരിക്കും……….. ആദി പതിയെ പറഞ്ഞു……..
ദേവന്റെയും നീതുവിന്റെയും കൂടെയാണ് കഴിക്കാനിരുന്നത്…………. ഇന്നാ എന്റെ കുഞ്ഞുവാവക്ക്………. നീതുവിന് ഒരുരുള ഉരുട്ടി കൊടുത്തു ദേവൻ………
അപ്പാ……. അമ്മുനും കൊടുക്ക്………ആദിയുടെ മടിയിൽ ഇരുന്ന നന്ദു അത് കണ്ടിട്ട് പറഞ്ഞു………..
നാട്ടുകാർക്ക് മുന്നിൽ വച്ചു അമ്മു എന്നെ അടിക്കുന്നത് നിനക്ക് കാണണോ മോനൂസേ…..ഇപ്പോൾ ഒന്നു കൂട്ടു കൂടി വന്നതേ ഉള്ളൂ…….. നീയത് നശിപ്പിക്കുവോ……. ആദി ചോദിച്ചു……….
ഇല്ല…… അമ്മു അടിക്കില്ല……. അടിക്കുവോ അമ്മു അപ്പായെ………….. നിവേദ്യ ഒന്നും മിണ്ടാതെ ഇരിക്കുന്നതു കണ്ടപ്പോൾ നന്ദു പറഞ്ഞു………. കണ്ടോ അപ്പാ……. അമ്മു അടിക്കില്ല……… കൊടുക്ക് അപ്പാ…..
ആദി മടിച്ചു മടിച്ചു ഒരുരുള നീട്ടി നിവേദ്യക്ക്…….. ദേവന്റെയും നീതുവിന്റെയും നോട്ടം നിവേദ്യയിലേക്കാണെന്നു അവൾ അറിഞ്ഞു……. പിന്നെ മാറി നിന്നു നോക്കുന്ന ശ്രീയുടെയും………..
ആർക്കു വേണ്ടിയും ആദിയുടെ സന്തോഷം കളയാൻ നിവേദ്യ തയ്യാറായിരുന്നില്ല………. നിറഞ്ഞ മനസ്സോടെ അതു വാങ്ങി കഴിച്ചു…….. ചെറിയൊരു അത്ഭുതം ആദിയുടെ മുഖത്തു കാണാമായിരുന്നു……. നന്ദു കൈകൊട്ടി ചിരിച്ചു……….
കാക്ക മലർന്നു പറക്കും ഇന്ന്………. ആദി മോനൂസിനോട് പറഞ്ഞു………..
ചിക്കുവിനെ അവളുടെ വീട്ടിലേക്കു പറഞ്ഞു വിട്ടു………… തിരിച്ചു വീട്ടിലെത്തി……… ഇനിയാണ് പണികൾ മുഴുവൻ………….. ആദി ദേവന്റെ കൂടെ കൂടി……….. നന്ദു അവനെക്കൊണ്ട് ആകുന്നപോലെ അവർക്കിടയിലേക്ക് ചേർന്നു………. പണിയെല്ലാം ഒതുക്കി മുറിയിലേക്ക് വന്ന നിവേദ്യയുടെ പിറകെ ആദിയും വന്നു…….
ടോ…… എനിക്ക് നാളെ പോകണം………. ലീവ് ഇല്ല…….. കുറെ ലീവ് എടുത്തില്ലേ………
മ്മ്……. മൂളിയതല്ലാതെ നിവേദ്യ ഒന്നും പറഞ്ഞില്ല……
എന്തോ ചോദിക്കാൻ തുടങ്ങി ആദി……… പിന്നെ തിരിഞ്ഞു നടന്നു………. വൈകിട്ട് ചിക്കുവിന്റെ വീട്ടിൽ പോകുമ്പോളും വരുമ്പോളും മൗനം ആയിരുന്നു ആദി…….. നിവേദ്യക്കു കാര്യം മനസ്സിലായെങ്കിലും ഒന്നും പറഞ്ഞില്ല……ഉള്ളിൽ ചെറിയൊരു ചിരി വിടർന്നു……….. ഇന്ന് കൂടി ക്ഷമിക്കേ…… ഈ അമ്മൂസ് കാരണം ഇനിയൊരിക്കലും വേദനിക്കേണ്ടി വരില്ല……..
ബെഡിൽ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടക്കുന്ന ആദിയെ ഒന്നാശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു…….. എങ്കിലും അനങ്ങാതെ കിടന്നു നിവേദ്യ……. എന്തൊക്കെയോ തീരുമാനിച്ച പോലെ…….
പിറ്റേന്ന് രാവിലെ റെഡി ആവുമ്പോഴും കഴിക്കുമ്പോളും ഒന്നും നിവേദ്യയെയോ നന്ദുവിനെയോ കണ്ടില്ല………. നീതുവിനോട് ചോദിച്ചപ്പോൾ പറഞ്ഞു മുത്തശ്ശിയുടെ കൂടെ അമ്പലത്തിൽ പോയെന്നു……… ഇപ്പോൾ തന്റെ മനസ്സിലുള്ള ആ ചോദ്യത്തിന് ഉത്തരം കിട്ടി…….. ആദി ബാഗ് എടുത്തു വണ്ടിയിൽ വെച്ചു……… എല്ലാവരോടും യാത്ര പറഞ്ഞു………. ദേവനും നീതുവും ഇന്ന് പോകുകയാണ്…….. മുത്തശ്ശനോടും അച്ഛനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നന്ദു ഓടിവന്നു കെട്ടിപ്പിടിച്ചു……..
ആഹാ വന്നോ…….. എവിടാരുന്നു മോനൂസേ നീ………….. അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു ചോദിച്ചു…………. അമ്മൂസ് എവിടെ…….. അവൻ ഉള്ളിലേക്ക് കൈചൂണ്ടി കാണിച്ചു……….
നിവേദ്യയോട് യാത്ര പറയാൻ നന്ദുവിനെയും കയ്യിലെടുത്തു റൂമിലേക്ക് പോയി……….
ടോ……. ഞാൻ പോകുവാ…….. ഒന്നു പേടിച്ചു……. നിങ്ങളെ രണ്ടാളെയും കാണാതെ പോകേണ്ടി വരുമൊന്നു……..
നിവേദ്യ ആദിയുടെ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുത്തു…….. നിവേദ്യയെ നോക്കിയപ്പോൾ ആദിയുടെ കണ്ണുകൾ വിടർന്നു……… മുഖത്തു ചെറിയൊരു ചിരി തെളിഞ്ഞു…….
പോകാം നമുക്ക്…….. നിവേദ്യയെ ചേർത്തു പിടിച്ചു ചോദിച്ചു………
സോറി ആദി…….. വിഷമിപ്പിച്ചതിനെല്ലാം…….. എനിക്കിനിയും വേദനിക്കാനാവില്ല ആദിയെ വേദനിപ്പിക്കാനും………ഞാനും വന്നോട്ടെ…….. എന്നെയും കൊണ്ടുപോകുവോ ഇവിടുന്ന്……… നമ്മുടെ വീട്ടിലേക്കു……ആദിയുടെ നെഞ്ചിൽ മുഖം ചേർത്തു വെച്ചു ചോദിച്ചു……..
ആരാ പറഞ്ഞത് നീയെന്നെ വേദനിപ്പിച്ചെന്ന്….. അതൊക്കെ ഒരു സുഖമല്ലേ….. നീയാരാണ് എനിക്കെന്നു തിരിച്ചറിയാൻ പറ്റിയില്ലേ…….. അന്നും ഇന്നും പറയുന്നു ഞാൻ നിന്റെ നല്ലൊരു കൂട്ടുകാരൻ ആണ് അമ്മൂസേ……. ഒരിക്കലും അതിനൊരു മാറ്റവും വരില്ല…….. നെഞ്ചിൽ ചേർന്നപ്പോൾ നെറ്റിയിൽ പടർന്ന സിന്ദൂരത്തിൽ ആദി ഉമ്മ വെച്ചു……..
നിവേദ്യ ഒന്നുകൂടി ചേർന്നു നിന്നു………. അപ്പായുടെയും അമ്മുവിന്റെയും കണ്ണു നിറഞ്ഞൊഴുകുന്നത് കണ്ടു നന്ദുവും രണ്ടാളെയും ചേർത്തു പിടിച്ചു………മൂന്നാളും വേറേതോ ലോകത്ത് ആയിരുന്നു……….
ഞങ്ങൾ വന്നോട്ടെ അങ്ങോട്ട്……… ശബ്ദം കേട്ടതും നിവേദ്യ പെട്ടെന്നു ആദിയുടെ കയ്യിൽ നിന്നും മാറി നിന്നു……… ആദി വീണ്ടും ചേർത്തു പിടിച്ചു………. നീതുവിനെയും ദേവനെയും നോക്കാൻ നിവേദ്യക്ക് ഒരു മടി തോന്നി………
ഇറങ്ങാം നമുക്ക്……… ഇപ്പോൾ നല്ല സമയം ആണെന്നാ മുത്തശ്ശി പറയുന്നത്……… ദേവൻ അടുത്തേക്ക് വന്നു പറഞ്ഞു……..
മ്മ്…… ഇറങ്ങാം…….. ആദി പറഞ്ഞു…….
ദേവൻ ആദിയുടെയും നിവേദ്യയുടെയും കൈ തമ്മിൽ ചേർത്തു വെച്ചു…….. ഒരിക്കലും കൈവിടില്ല എന്നെനിക്കറിയാം………ഒരുപാട് സന്തോഷം ഉണ്ട്…… ഇങ്ങനെ കണ്ടതിൽ……..
നീതു വന്നു നിവേദ്യയെ കെട്ടിപ്പിടിച്ചു…….. എന്റെ വേദൂ എനിക്ക് സന്തോഷം കൊണ്ടു നിന്നെ കടിച്ചു തിന്നാൻ തോന്നുന്നുണ്ട് ……
താങ്ക്സ് ഉണ്ട് പെണ്ണേ………. ആദിയെ തന്നതിന്……… അന്ന് വീട്ടിൽ നടന്നതിന്റെ മാസ്റ്റർ ബ്രെയിൻ നിന്റെയാണെന്നു എനിക്കു നന്നായറിയാം………. ആദിക്ക് ഇങ്ങനെയൊന്നും കുരുട്ട് ചിന്തിക്കാനുള്ള ബുദ്ധിയൊന്നും ഇല്ല…….. ഞാൻ കല്യാണം കഴിക്കുകയും വേണം……. ആദി തനിച്ചാവാനും പാടില്ല……. നിന്റെ ബുദ്ധി അപാരം തന്നെ……….. നിവേദ്യ നീതുവിന്റെ ചെവിയിൽ പറഞ്ഞു…….
അതുമാത്രമല്ല വേദൂ…….. നിങ്ങൾ രണ്ടാളും നല്ല മാച്ച് ആണ്…….. നന്ദൂട്ടനെ മനസ്സറിഞ്ഞു സ്നേഹിക്കാൻ ആദിക്കേ പറ്റൂ…… നിന്നെയും….. ഇനി നീ തിരിച്ചു സ്നേഹിക്കാൻ തുടങ്ങിക്കോ ആദിയെ……. കാണിച്ചു കൊടുക്ക് സ്നേഹിക്കുന്ന കാര്യത്തിൽ നിന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും പറ്റില്ലെന്ന്…….
ഒന്നു പോ പെണ്ണേ……… നിവേദ്യ ചിരിച്ചു….. കുനിഞ്ഞു വയറിൽ ഉമ്മ കൊടുത്തു…….
മുത്തശ്ശിയെ കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു നിവേദ്യയുടെ ……. ദേവേട്ടനും നീതുവും ഇടയ്ക്കിടെ വരുമെന്ന് അറിയാമെന്നു കൊണ്ടു അവരോടു യാത്ര പറയുമ്പോൾ അത്രയും വിഷമം തോന്നിയില്ല……
വണ്ടി രണ്ടു വഴിയിൽ പിരിഞ്ഞു….. വീട്ടിൽ എത്തിയപ്പോൾ ആദി പറഞ്ഞു……… ഇവിടെ വിളക്കു തന്നു സ്വീകരിച്ചു അകത്തേക്ക് കയറ്റാൻ ആരുമില്ല……. വിളക്കു കത്തിക്കാനും കെടുത്താനും ഇനി താൻ മാത്രമേ ഉള്ളൂ…….അല്ലെങ്കിൽ വേണ്ടാ……… നമ്മൾ മൂന്നാളും ഒരുമിച്ചു ഒരുപാട് കാലം കഴിയേണ്ട വീടല്ലേ…… അപ്പോൾ പിന്നെ നമുക്ക് ഒരുമിച്ചു കയറാം……… വാ……. രണ്ടാളുടെയും കയ്യിൽ പിടിച്ചു അകത്തേക്ക് കയറി………
ആദി എപ്പോഴും നന്ദുവിന്റെ കൂടെത്തന്നെ നടന്നു…….. എന്തോ നിവേദ്യയുടെ അടുത്തു നിൽക്കുമ്പോൾ ശ്വാസം വിടാൻ പറ്റാത്ത ഒരു ഫീൽ………..ആദി അടുത്തു വരാത്തത് ഒരാശ്വാസം ആയിരുന്നു നിവേദ്യക്കും……… രണ്ടാളും നോട്ടം മാത്രം കൈമാറി……. കുറച്ചു കൂടി തമ്മിൽ അറിയേണ്ടതുണ്ട് എന്നപോലെ…….
അതേ…… നാളെ രാവിലെ ഞാൻ ഓഫീസിൽ പോകും……. നന്ദുവിനെ ഞാൻ സ്കൂളിൽ വിട്ടോളാം…….. അതുകഴിഞ്ഞു സ്കൂൾ ബസ്സിൽ വിടാം……… തന്റെ പ്ലാൻ എന്താ……. ഇവിടിങ്ങനെ ചടഞ്ഞിരിക്കാനാണോ…….. കൂടെ വന്നാൽ ഷോപ്പിൽ ഡ്രോപ്പ് ചെയ്യും……. തിരിച്ചും കൊണ്ടുപോരാം……… ആദി നിവേദ്യയുടെ പിറകിൽ വന്നു നിന്നു പറഞ്ഞു……….
ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പൊയ്ക്കൊള്ളാം……..
അതുവേണ്ട……… എനിക്കൊരു സമാധാനം കാണില്ല……
അതെന്താ…………
താനിവിടെ തനിച്ചിരുന്നാൽ എനിക്ക് ഓഫീസിൽ ഇരിക്കാൻ ബുദ്ധിമുട്ടാവും……… പെട്ടെന്ന് എന്റെ അമ്മൂസിന്റെ അടുത്തെത്താൻ തോന്നിയാലോ………..
ആദിയോട് തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും നിവേദ്യയുടെ മുഖത്തു വിരിഞ്ഞ ചിരി ആദി കണ്ടു……….
ഒരുമിച്ചു ഇരുന്നു കഴിച്ചു…….. അതിനുശേഷം നിവേദ്യയുടെ കൂടെ കിച്ചണിലേക്ക് പോന്നു ആദിയും നന്ദുവും………. ഒന്നും ചെയ്യാൻ സഹായിച്ചില്ലെങ്കിലും നന്നായി ഉപദ്രവം ചെയ്യുന്നുണ്ടായിരുന്നു……….. ഒരിടം വൃത്തിയാക്കി ഇപ്പുറത്തു വരുമ്പോഴേക്കും പഴയ പടി തന്നെ ആവും……… രണ്ടിനെയും ഓടിച്ചു വിട്ടു……….എങ്കിലും നിവേദ്യ വരുന്നതു വരെ രണ്ടാളും കാത്തിരുന്നു……..
പഴയ മുറിയിൽ പോയി ഇരുന്നു………. തന്റെയും നന്ദുവിന്റേയും ഡ്രസ്സ് എല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു ബെഡിൽ……….എല്ലാം അടുക്കി വെച്ചു……… വല്ലാത്ത ഒരു വിമ്മിഷ്ടം തോന്നുന്നു……… അന്നേച്ചിയെ വിളിച്ചു…………. ഉടനെ വരുമെന്ന് പറഞ്ഞു……. അന്നേച്ചിക്കും പറയാനുള്ളത് ആദിയുടെ കാര്യം മാത്രം……… എല്ലാവരും പറഞ്ഞ അതേ കാര്യം……….ചിലപ്പോൾ ആദിയെപ്പോലെ ഒരാളെ കാട്ടിത്തരാനാവും നിന്നെയും മോനെയും ഇത്രയും കാലം ദൈവം തനിച്ചാക്കിയത്……… പരസ്പരം സ്നേഹിച്ചു ജീവിക്ക്……. നന്ദുവിന് ഇത്രയും നാൾ കിട്ടാതിരുന്ന സ്നേഹം മുഴുവൻ കൊടുത്തു………… എല്ലാം മൂളിക്കേട്ടു നിവേദ്യ…..
കാൾ കട്ട് ചെയ്തു നോക്കുമ്പോൾ ആദി അടുത്തിരുപ്പുണ്ടായിരുന്നു……… നോക്കാൻ ഒരു മടി തോന്നി നിവേദ്യക്ക്……. ആദി നിവേദ്യയുടെ കയ്യിൽ പിടിച്ചു റൂമിലേക്ക് പോയി……. ബെഡിലിരുത്തി പറഞ്ഞു ………
ഇനിയും തനിച്ചിരിക്കാൻ വയ്യ……. നിന്നെ തനിച്ചിരുത്താനും………..
നന്ദു വന്നു കഴുത്തിൽ തൂങ്ങി……… ഇന്ന് അമ്മുന്റേം അപ്പാടേം കൂടെ കിടക്കണം……… അവൻ മടിയിലേക്കു തല വെച്ചു കിടന്നു……….
കുറച്ചു സ്ഥലം അപ്പാക്കും താടാ മോനൂസേ…… ആദിയും നിവേദ്യയുടെ മടിയിലേക്ക് തല വെച്ചു പറഞ്ഞു……….. നന്ദുവിന്റെ കുഞ്ഞുകൈ ആദിയെ ചേർത്തു പിടിച്ചു……… ആദ്യം ഒരു മടി തോന്നിയെങ്കിലും പതിയെ ആദിയുടെ മുടിയിൽ തലോടി……… ആ കയ്യെടുത്തു നെഞ്ചിലേക്ക് വെച്ചു ആദി………
ഇങ്ങനെ കുറച്ചു നേരം മടിയിൽ കിടക്കണം എന്നും………. നീ ഞാനായിത്തീരാൻ എത്ര സമയം വേണമെങ്കിലും എടുത്തോ അമ്മുസേ………. അതിലിനി നീ ടെൻഷൻ ആവണ്ട……… എപ്പോഴും ഇങ്ങനെ നിങ്ങളുടെ രണ്ടാളുടെയും പ്രെസെൻസ് മതി എനിക്ക്……. എനിക്കു വേണ്ടിയും വീട്ടിൽ കാത്തിരിക്കാൻ ആളുണ്ടെന്നൊരു തോന്നൽ മതി…….. നേരത്തെ ഈ വീട്ടിലേക്കു വരാൻ പോലും തോന്നില്ല……. നീയും മോനും പോയപ്പോൾ ആ റൂമിലേക്ക് മാറ്റി ഉറക്കം……. ഇനിയും തനിച്ചാക്കല്ലേ അമ്മുസേ……. പ്ലീസ്………
ഉറങ്ങിയപ്പോൾ ഊർന്നു പോയ നന്ദുവിന്റെ കയ്യെടുത്തു തന്റെ കയ്യോടു കൂടി ചേർത്തു പിടിച്ചു ആദി…………. അവന്റെ കയ്യെടുത്തു ആദി ഉമ്മ കൊടുക്കുമ്പോൾ നിവേദ്യ കണ്ടു അതിൽ കണ്ണുനീരിന്റെ നനവ്………….
നിവേദ്യ കുനിഞ്ഞു ആദിയുടെ മുഖം ചേർത്തു പിടിച്ചു………… നെറ്റിയിൽ ചുണ്ടു ചേർക്കുന്നതിനൊപ്പം കൈകൊണ്ടു ആദിയുടെ കണ്ണും തുടച്ചു……… മുഖം എടുക്കാൻ നോക്കിയപ്പോൾ വീണ്ടും ചേർത്തു വെച്ചു ആദി ……… ഇപ്പോഴാണ് മനസ്സിലായത് ആ തുണികൾ മുഴുവൻ ബെഡിൽ എങ്ങനെ വന്നുവെന്ന്……..
ആദി……..
മ്മ്……
നന്ദുവിന്റെ പേര് മാറ്റണം…….
അതെന്തിനാ…….. നല്ല പേരല്ലേ ശ്രീനന്ദ് എന്നത്………
വേണ്ട……. അവന്റെ പേരിൽ പോലും ഉള്ള അവകാശം ആദിക്ക് മതി……. വേറെയാർക്കും വേണ്ടാ……
വേറെന്തു പേരാണ് ഇടുക……. അമ്മുസ് പറഞ്ഞോ……..
ആദിനന്ദ്……. അതുമതി…… മുഖമുയർത്തി നിവേദ്യ പറഞ്ഞു…….
ആദിയുടെ മുഖം ഒന്നുകൂടി വിടർന്നു……. നമുക്ക് അവനോടും കൂടി ചോദിച്ചിട്ട് ചെയ്യാം….. അവനിഷ്ടമെങ്കിൽ മാത്രം എനിക്കും സമ്മതം…..
ആദി എഴുന്നേറ്റു നന്ദുവിനെ എടുത്തു കിടത്തി…….. അവനെ ചേർത്തു പിടിച്ചു കിടന്നു……. കിടന്നോളാൻ നിവേദ്യയോട് കണ്ണു കൊണ്ടു കാട്ടി……. ആദിയുടെ ഒരു കൈ നിവേദ്യയുടെ മുടിയിൽ തലോടി…… ആ കയ്യെടുത്തു കവിളിൽ ചേർത്തു വെച്ചു കണ്ണടച്ചു നിവേദ്യ…….. ഉറക്കത്തിലേക്ക് വീഴും മുൻപ് ആദി ഗുഡ് നൈറ്റ് പറയുന്നത് കേട്ടു…….
തന്റെ രണ്ടു സൈഡിലും കിടക്കുന്ന അപ്പയെയും അമ്മുനെയും നോക്കി നന്ദു……. പതിയെ നീങ്ങി അമ്മുവിന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു…….. നിവേദ്യ കണ്ണു തുറന്നപ്പോൾ തന്നെ നോക്കിക്കിടക്കുന്ന നന്ദുവിനെയാണ് കണ്ടത്………
അമ്മുന്റെ പൊന്നൂട്ടൻ എണീറ്റോ……. അവനെ ചേർത്തുപിടിച്ചു ചോദിച്ചു……..
അമ്മു…….. അപ്പാ ഇപ്പോൾ നമുക്ക് സ്വന്തമാണോ….
ഇവനെന്താ ഇങ്ങനെ ചോദിക്കുന്നത്……… ആദിയെ ഒന്നു നോക്കി……… കണ്ണു തുറന്നു കിടക്കുവാണ്…….. തന്റെ മറുപടി കേൾക്കാൻ ആകാംക്ഷയോടെ നോക്കുന്നുണ്ട്…….
അതേല്ലോ……. അപ്പാ ഇപ്പോൾ നമ്മുടെ മാത്രം സ്വന്തമാണ്……. എന്തു പറ്റി നന്ദൂട്ടാ………
എന്നാൽ ഞാൻ ഒരു കാര്യം ചോദിച് ശല്യം ചെയ്‌തോട്ടെ അപ്പായെ …….. അമ്മു കരയുവോ അന്നത്തെപ്പോലെ…….
ചിരിയോടെ നിവേദ്യ പറഞ്ഞു…….. ഇല്ലാട്ടോ അമ്മു കരയില്ല……. അപ്പായെ എന്തിനാ ശല്യം ചെയ്യുന്നേ……. കാര്യമെന്താന്ന് അമ്മുനോടും കൂടെ പറ……..
എനിക്കൊരു സൈക്കിൾ വാങ്ങിത്തരുവൊന്നു അപ്പായോട് ചോദിച്ചോട്ടെ……..
അത് കുറച്ചു കൂടി വലുതായിട്ട് അമ്മു വാങ്ങിത്തരാം ന്ന് സമ്മതിച്ചതല്ലേ ഒരിക്കൽ…… ഇപ്പോൾ വീഴില്ലേ നന്ദൂട്ടൻ……..
ഞാൻ വീഴില്ല അമ്മു…….. സ്കൂളിൽ എല്ലാവർക്കും സൈക്കിൾ ഉണ്ട്……. എന്നിട്ട് അവരൊന്നും വീഴുന്നില്ലല്ലോ……..
എന്റെ മോനൂസിന് അപ്പാ വാങ്ങിത്തരാമല്ലോ സൈക്കിൾ………. വൈകുന്നേരം പോകാം നമുക്ക് ……. നിനക്ക് ഇഷ്ടമുള്ളത് വാങ്ങാം…….. നിവേദ്യയിൽ നിന്നും അവനെ നെഞ്ചിൽ ചേർത്ത് ആദി പറഞ്ഞു………… ഇനി അമ്മുനോട് അനുവാദം ചോദിക്കാൻ നിൽക്കണ്ട…….. അപ്പായോട് പറഞ്ഞാൽ മതി മോനുസിന് എന്തു വേണമെന്ന്……. കേട്ടോ……
നന്ദൂട്ടന്റെ മുഖം തെളിഞ്ഞു………
ഓഫീസിലേക്ക് ഇറങ്ങിയ ആദിയുടെ കയ്യിൽ ടിഫിൻ ബോക്സ് ഏൽപ്പിച്ചു നിവേദ്യ പറഞ്ഞു …….. മതി കാന്റീൻ ഭക്ഷണം കഴിച്ചത് ……..
നന്ദിയുടെ രൂപത്തിൽ സ്നേഹത്തോടെ നിവേദ്യയെ ചേർത്തുപിടിച്ചു………. കിട്ടിയ ഗ്യാപ്പിൽ കവിളിൽ ഒരുമ്മയും കൊടുത്തു……. കണ്ണും തള്ളി നിൽക്കുന്ന നിവേദ്യയെ നോക്കാതെ ആദി നന്ദുവിന്റെ കയ്യും പിടിച്ചു വെളിയിലേക്കോടി……… രണ്ടാളെയും നോക്കി ചിരിച്ചു കൈ വീശി നിവേദ്യ………
സൈക്കിളിൽ നന്ദു വീഴാതെ അവന്റെ പിറകെ നടക്കുന്നതാണ് ആദിയുടെ മെയിൻ ജോലി……. കൂടെ താങ്ങ് ആയിട്ട് അപ്പാ ഉണ്ടെന്നുള്ള വിശ്വാസത്തിൽ വീഴാതെ പെട്ടെന്നു പഠിച്ചെടുത്തു നന്ദു……
ഒരു വൈകുന്നേരം ആദി വന്നപ്പോൾ നിവേദ്യയുടെ കൂടെ വീട്ടിൽ നിന്നും ഇറങ്ങിവരുന്ന ശ്രീയെ ആണ് കണ്ടത്……. നിറഞ്ഞ ഒരു ചിരി കൊടുത്തു ആദി ശ്രീക്കു…..
ഞാൻ നാളെ പോകുവാണ്…….. അതിനു മുൻപ് നിങ്ങളെ ഒന്നു കാണണമെന്ന് തോന്നി…… മോനെയും…….. കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്………. ഇപ്പോൾ തന്നെ ലേറ്റ് ആയി……. പോകാനിറങ്ങുവായിരുന്നു ഞാൻ…..
അതിനെന്താ മോനുസ് വരാറായി……… കണ്ടിട്ട് പോകാം…….. ആദി പറഞ്ഞു നിർത്തിയതും സ്കൂൾ ബസ് വന്നു നിന്നു…………ആദിയെ കണ്ടതും സ്റ്റെപ്പിൽ നിന്നും ഇറങ്ങാതെ രണ്ടു കയ്യും നീട്ടി നിൽക്കുവാണ് എടുക്കാൻ……… ആദി പോയി എടുത്തു………. ഒട്ടിച്ചേർന്നു ആദിയുടെ നെഞ്ചിലേക്ക്……. എന്നിട്ട് ബസിലേക്ക് നോക്കി റ്റാറ്റാ കൊടുക്കുവാണ്…….
അവന്റെ ചെയ്തികൾ എല്ലാം നോക്കി ശ്രീ ചിരിച്ചു……… കൈ നീട്ടി…….. അവൻ ആദിയെ നോക്കി…….. ആദിയുടെ സമ്മതം കിട്ടിയപ്പോൾ ശ്രീയുടെ കയ്യിലേക്ക് ചാടി……… അവന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു ശ്രീ……….
യാത്ര പറഞ്ഞു തിരിക്കുമ്പോൾ ശ്രീ കണ്ടു……… മോനെയും നിവേദ്യയേയും രണ്ടു കയ്യിലും ചേർത്ത് പിടിച്ചു അകത്തേക്ക് കയറുന്ന ആദിയെ………… മൂന്നാളും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്………
ഇതിപ്പോൾ തന്റെ വീട്ടിൽ നിന്നും ആദിയാണ് ഇറങ്ങി വന്നിരുന്നതെങ്കിൽ താൻ നിവേദ്യയെ വച്ചേക്കുവായിരുന്നോ………. അവൾ പറഞ്ഞത് സത്യമാണ്…….. എന്റെ കൂടെ അവളെ ചേർത്തിരുന്നെങ്കിൽ ആദിത്യൻ എന്ന പേര് പറഞ്ഞു ഒരുപാട് കരയിച്ചേനെ അവളെ താൻ……. ശ്രീയല്ല ആദിത്യൻ……… ചേരേണ്ടതാണ് ചേർന്നത്…….. ഒരു സംശയവും ഇല്ല……….
ശ്രീയേട്ടൻ എന്നോടെന്തൊക്കെയാ സംസാരിച്ചതെന്ന് അറിയേണ്ടേ ആദിക്ക്……….. കിടക്കാൻ നേരം നിവേദ്യ ആദിയോട് ചോദിച്ചു………
അതെന്തിനാ…….. നിനക്ക് ആരോട് വേണമെങ്കിലും സംസാരിക്കാം……. ഞാൻ നിന്റെ ആരുമല്ലാതിരുന്ന കാലത്ത് ശ്രീയെ മാറ്റി എന്റെ നെഞ്ചിൽ ആശ്രയം കണ്ടതല്ലേ നീ……… ഇന്ന് നിന്റെ ജീവൻ തന്നെ ഞാനാണ്………
അപ്പോൾപിന്നെ ഞാനെന്തിനാ പേടിക്കുന്നത്…….. ഞാനോ മോനോ അല്ലാതെ വേറാരും ഈ മനസ്സിൽ ഇന്നില്ല……. അല്ലേ അമ്മുസേ……….. കവിളിൽ കൈ ചേർത്തു വെച്ചു ആദി ചോദിച്ചു…………
ഇനി കരയില്ലെന്നു ആദിക്ക് വാക്ക് കൊടുത്തതു കൊണ്ടു മാത്രം നിവേദ്യ കണ്ണടച്ചു പിടിച്ചു ……. ശക്തിയിൽ…………
പിന്നിലൂടെ ചേർത്തു പിടിക്കുന്ന കൈകളിലേക്ക് നിവേദ്യ ചേർന്നു കിടന്നു …………. തന്നെ ചേർത്ത് പിടിക്കുമ്പോഴും ആദിയുടെ ഒരു കൈ നന്ദുവിന്റെ ശരീരത്തിൽ പതിയെ തട്ടുന്നുണ്ടായിരുന്നു…………
ഇതിലും കൂടുതൽ തന്നെയും മോനെയും സ്നേഹിക്കാൻ ആരെക്കൊണ്ടും പറ്റില്ല………. ദൈവത്തിനു പോലും………..
അവസാനിപ്പിച്ചു……….

by