20/04/2026

ശിവനയനം : ഭാഗം 11

രചന – നിള നന്ദ

” അച്ഛാ അമ്മേ ദേ ഇത് കണ്ടോ… അച്ചുവേട്ടന്റെ ഉള്ളിൽ ഏതോ ഒരു പെൺകുട്ടി ഉണ്ട്… എന്താ ഒരു ഭാവന.. ”

നയന അരവിന്ദന്റെ ഡയറി ദേവകിക്കും രാമനാഥനും നേരേ നീട്ടി പറഞ്ഞു.

” ആഹാ നോക്കട്ടെ… ”

ദേവകി നയനയുടെ കയ്യിൽ നിന്ന് ഡയറി വാങ്ങി നോക്കി.

അതിൽ എഴിയത് വായിച്ച് ദേവകിയുടെ മുഖം ഗൗരത്തിൽ ആയി. രണ്ട് മൂന്ന് പേജ് മറിച്ച് നോക്കി ദേവകി ഡയറി രാമനാഥന്റെ കയ്യിൽ കൊടുത്തു.

രാമനാഥൻ അത് വായിച്ച് ദേവകിയെ നോക്കി. പിന്നെ രണ്ടാളും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു. രണ്ടാളുടെയും ചിരി കണ്ടിട്ട് നയന കാര്യം മനസിലാവാതെ വായും പൊളിച്ച് നിന്നു.

” എന്റെ മോളെ ഞങ്ങൾക്ക് ഈ കാര്യം ഒക്കെ അറിയാം. ഇതിൽ എഴുതിയിരിക്കുന്നത് ആരെ കുറിച്ച് ആണെന്നും അറിയാം. ”

ദേവകി നയനയെ അടുത്തേക്ക് ചേർത്ത് നിർത്തി. ആണോ എന്നർത്ഥത്തിൽ നയന രണ്ട് പേരെയും നോക്കി.

” അച്ചുവിനെ വിദ്യയെ കൊണ്ടും ലച്ചു മോളെ വിവേകിനെ കൊണ്ടും കല്യാണം കഴിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ രണ്ട് വീട്ടുകാരുടെയും ആഗ്രഹം. ”

രാമനാഥൻ പറഞ്ഞിട്ട് ഒന്ന് നിർത്തി.

” ലച്ചു മോളെ നഷ്ട്ടപെട്ടെങ്കിലും അച്ചുവിന്റെയും വിദ്യ മോളുടെയും കാര്യത്തിൽ ഞങ്ങളുടെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.”

രാമനാഥൻ പറഞ്ഞ് നിർത്തിയത് ദേവകി ആയിരുന്നു പൂരിപ്പിച്ചത്..

” അച്ചു ഇതിൽ എഴുതിയിരിക്കുന്നത് വിദ്യയെ കുറിച്ചാണ്.. ”

രാമനാഥൻ പറഞ്ഞത് കേട്ട് നയന മുഖം ചുളിച്ച് രണ്ടാളെയും നോക്കി.

” എന്നാലും എന്നോട് ഒരു വാക്ക് പറയായിരുന്നു… ഞാൻ എന്തോ വല്ല്യ കാര്യം കണ്ട് പിടിച്ചെന്ന് കരുതി ഇരിക്കായിരുന്നു. ”

നയനയുടെ നിഷ്കളങ്കമായി പറഞ്ഞ് അവിടന്ന് പോയി. അവളുടെ വർത്താനം കേട്ട് ദേവകിയും രാമനാഥനും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

” അച്ചുവേട്ടാ…. അച്ചുവേട്ടന്റെ കാമുകി ആരാണെന്ന് ഞാൻ കണ്ട് പിടിചൂട്ടാ… ”

ശിവൻ പോയി കഴിഞ്ഞപ്പോൾ അകത്തേക്ക് കയറാൻ നിന്ന അരവിന്ദന്റെ അടുത്തേക്ക് വന്നിട്ട് നയന പറഞ്ഞു. വിദ്യയോടുള്ള ദേഷ്യത്തിൽ അരവിന്ദ് നയനയെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി.

” എനിക്ക് ഇഷ്ട്ടാട്ടോ ഏട്ടാ വിദ്യയെ ഏടത്തി എന്ന് വിളിക്കാൻ.. ”

അരവിന്ദന്റെ കയ്യിലേക്ക് ആ ഡയറി വെച്ച് കൊടുത്ത് അവനെ നോക്കി കണ്ണിറുക്കി അവൾ അകത്തേക്ക് പോയി.

ഇത് പോലൊരു പെൺകുട്ടിയെ ആണല്ലോ അവള് തെറ്റിദ്ദരിച്ചത്‌… അരവിന്ദന്റെ ഉള്ളിൽ വിദ്യയോട് വല്ലാത്ത ദേഷ്യം തോന്നി.

*************

” അണ്ണാ പ്ലീസ് എനക്ക് കൊഞ്ചം കൂടെ ടൈം കൊടുഗോ… നയനയെ നാൻ ഉൺ കയ്യിൽ കണ്ടിപ്പാ അണുപ്പിരെൻ…. ”

സെൽവരാജുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ദേവ്.

” ഉനക്ക് നാൻ എത്തന ചാൻസ് താൻ കൊടുത്തേൻ വ്യാപകം ഇറുക്കാ… ”

മറുസൈഡിൽ നിന്നിൽ സെൽവരാജ് അലറി.

” അതെല്ലാം വ്യാപകം ഇറുക്ക് അണ്ണേ… എനക്ക് കൊഞ്ചം കൂടെ ടൈം കൊടുങ്കോ… അവ ഇപ്പൊ എങ്കിറിക്കുത് എന്ന് എനക്ക് തെരിയും. അങ്കെ പോയി അവളെ കൂട്ടിട്ട് വരുത്തുക്ക് കൊഞ്ചം ടൈം…”

ദേവ് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

കുറച്ച് നേരം സെൽവരാജ് ഒന്നും മിണ്ടാതെ നിന്നു.

” ഒക്കെ. ഇത് ഉനക്ക് കൊടുക്കിറ ലാസ്റ്റ് ചാൻസ്… ഇനിയും അന്ത പൊണ്ണേ എൻകിട്ടു അണുപ്പലെനാ നീ ഉയിരോടെ ഇരുക്കാത്..”

ഒരു താക്കിതോടെ പറഞ്ഞ് സെൽവരാജ് ഫോൺ കട്ട്‌ ചെയ്തു.

” അയാൾ എന്ത്‌ പറഞ്ഞൂടാ…? ”

ദേവ് ഫോൺ വെച്ചതും നീരജ് ചോദിച്ചു.

” എന്ത്‌ പറയാൻ.. ഇത് ലാസ്റ്റ് ചാൻസ് ആണെന്ന്. ഇതും കൂടെ പാളി പോയാൽ എന്നെ തട്ടികളയും എന്ന്.. ”

ദേവ് നീരജിനെ നോക്കി..

” എന്താ നിന്റെ പ്ലാൻ…? ”

നീരജ് ദേവിനെ ചോദ്യ ഭാവത്തിൽ നോക്കി.

” അവൾക്ക് ഓർമ്മ തിരിച്ച് കിട്ടുന്നതിന് മുൻപ് അവളെ അവിടന്ന് എങ്ങനെ എങ്കിലും കൂട്ടികൊണ്ട് വരണം. ”

” അതത്ര എളുപ്പം ആണോ…? ”

” എളുപ്പം ആക്കാനുള്ള വഴിയൊക്കെ എന്റെ കയ്യിൽ ഉണ്ട്.. അതിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കണം… ”

” അതൊക്കെ നമുക്ക് ശരിയാക്കാം അളിയാ… നീ ധൈര്യമായിട്ടിരിക്ക്. ”

നീരജ് ദേവിന്റെ തോളിൽ തട്ടി. ദേവ് നീരജിനെ നോക്കി ഗൂഢമായി ചിരിച്ചു.

****************

ഉച്ച തിരിഞ്ഞ് ക്ലാസ്സ് ഇല്ലാത്തതിനാൽ ശിവൻ ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് പോന്നു.
അരവിന്ദന്റെ കൂടെ പാടത്ത് പോയിരിക്കാം എന്ന് കരുതിയെങ്കിലും അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥം ആയിരുന്നത് കൊണ്ട് ശിവൻ വീട്ടിൽ തന്നെ ഇരുന്നു.

ബെഡിൽ കണ്ണടച്ച് കിടക്കുമ്പോൾ നയന ആയിരുന്നു ശിവന്റെ ഉള്ളിൽ. അവളോട് വഴക്കിട്ടതൊക്കെ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അവളെ കുറിച്ച് അറിയാൻ പോവുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ ഒരേ സമയം അവന്റെ ഉള്ളിൽ സന്തോഷവും എന്തിനെന്നറിയാത്ത ഒരു പേടിയും തോന്നി.

രാത്രി ഒരു ഏഴുമണിക്ക് ഇവിടെ നിന്ന് ഇറങ്ങി എറണാകുളത്ത് അരവിന്ദന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ തങ്ങി പിറ്റേന്ന് അശ്വതി കാണാൻ ആയിരുന്നു അവരുടെ പ്ലാൻ.

അച്ഛനോടും അമ്മയോടും അരവിന്ദന്റെ കൂടെ ഒരു ഫ്രണ്ടിനെ കാണാൻ പോവാണെന്ന് ആണ് ശിവൻ പറഞ്ഞത്.
ഒരു ആറര ആയപ്പോൾ ശിവൻ വീട്ടിൽ നിന്നിറങ്ങി അരവിന്ദന്റെ വീട്ടിലേക്ക് പോയി.

അരവിന്ദനും അവരോട് ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവാണെന്ന് ആണ് പറഞ്ഞിരുന്നത്. അരവിന്ദ് നയനയുടെ ബാഗിൽ നിന്ന് അന്ന് കിട്ടിയ ലെറ്റർ ദേവകി അറിയാതെ എടുത്തിരുന്നു.

അരവിന്ദന്റെ വീട്ടിൽ നിന്ന് പോവാൻ ഇറങ്ങുന്ന നേരത്ത് ശിവൻ നയനയെ ഒന്ന് നോക്കി. എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നിട്ടും ഒന്നും പറയാൻ ഇല്ലാത്തത് പോലെ.

രാത്രി കുറച്ച് വൈകിയാണ് ശിവനും അരവിന്ദും ഫ്ലാറ്റിൽ എത്തിയത്. കുറച്ച് നേരം സംസാരിച്ചിരുന്ന് അവർ കിടന്നു.

പിറ്റേന്ന് അവിടെ ഒരു ബീച്ചിൽ വെച്ച് കാണാം എന്നായിരുന്നു അശ്വതി പറഞ്ഞിരുന്നത്. പറഞ്ഞതിനും മുന്പേ അവർ ബീച്ചിൽ എത്തി.

അശ്വതി ബീച്ചിൽ എത്തിയതും ശിവനെ ഫോൺ ചെയ്തു. ശിവൻ അവർ നിൽക്കുന്ന സ്ഥലവും ഡ്രെസ്സിന്റെ നിറവുമൊക്കെ അശ്വതിക്ക് പറഞ്ഞ് കൊടുത്തു.

” ഞാൻ ശിവാനന്ത്.. ഇത് അരവിന്ദ്. ”

അശ്വതിയെ കണ്ടതും ശിവൻ പറഞ്ഞു.

” അശ്വതി.. ”

അശ്വതി അവർക്ക് നേരേ കൈ നീട്ടി.

” ഫോണിൽ പറയാതെ നേരിട്ട് കാണണം എന്ന് പറഞ്ഞപ്പോൾ തന്നെ അശ്വതിക്ക് മനസിലായി കാണുമല്ലോ കാര്യത്തിന്റെ സീരിയസ്നെസ്സ്.. ”

അരവിന്ദ് അശ്വതിക്ക് അഭിമുഖമായി നിന്ന് കൊണ്ട് പറഞ്ഞു.

” എനിക്ക് മനസിലായി. നയന ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്ന സമയത്ത് ഇവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ ഒരേ റൂമിൽ ആയിരുന്നു. അങ്ങനെയാ പരിചയം. ”

അശ്വതി രണ്ട് പേരെയും നോക്കിയിട്ട് പറഞ്ഞു.

” നയനയുടെ ഫാമിലി..? ”

ശിവൻ ചോദിച്ചു.

” ഫാമിലി എന്ന് പറയാൻ ആരും ഇല്ല. നയന വളർന്നതൊക്കെ തൃശ്ശൂർ ഒരു ഓർഫനേജിൽ ആയിരുന്നു. സ്പോണ്സർഷിപ്പിൽ ആണ് പഠിച്ചതൊക്കെ. ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്. ”

അശ്വതി പറഞ്ഞത് കേട്ട് ശിവനും അരവിന്ദും മുഖത്തോട് മുഖം നോക്കി. നയന അനാഥ ആണെന്ന അറിവ് രണ്ട് പേരിലും ഒരേ പോലെ വേദന ഉണ്ടാക്കി.

” നയനക്ക് ആക്‌സിഡന്റ് പറ്റിയതിനെ കുറിച്ച് എന്തെങ്കിലും..? ”

അരവിന്ദ് ശിവനിൽ നിന്ന് നോട്ടം മാറ്റി അശ്വതിയെ നോക്കി.

” അതെ പറ്റിയൊന്നും എനിക്ക് അറിയില്ല. കുറച്ച് നാളെ ഞാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ ബാംഗ്ലൂർ പോയി. ഇടയ്ക്കൊക്കെ വിളിക്കും എന്നതിലപ്പുറം ഒന്നും അറിയില്ല.. ”

” ഈ മീനു ആരാണ്..? ”

ശിവൻ വീണ്ടും ചോദിച്ചു.

” അത് നയനയുടെ കൂടെ ഓർഫനേജിൽ താമസിക്കുന്ന കുട്ടി ആണ്. അവർ തമ്മിൽ വല്ല്യ കൂട്ടാണ്.. ”

” നയന ഏത് ഓർഫനേജിൽ ആയിരുന്നു താമസിച്ചിരുന്നത് എന്നറിയോ…? ”

അരവിന്ദ് ചോദിച്ചു.

” അത് കൃത്യമായി എനിക്ക് ഇപ്പൊ ഓർമ്മ ഇല്ല. ഹോസ്റ്റലിൽ ഉണ്ടായിരുന്നവരുടെ ഡീറ്റെയിൽസ് എഴുതി വെച്ച ഒരു ബുക്ക്‌ വീട്ടിൽ ഉണ്ട്. അത് നോക്കി ഞാൻ ഡീറ്റെയിൽസ് ചേട്ടന് വാട്സ്ആപ്പ് ചെയ്യാം. ”

” എന്നാ ശരി.. ”

അശ്വതിയോട് യാത്രപറഞ്ഞ് അവർ അവിടന്ന് തിരിച്ചു.

തിരികെ വണ്ടിയിൽ ഇരിക്കുമ്പോൾ ശിവനും അരവിന്ദും ഒന്നും സംസാരിച്ചില്ല. നയനയെ പെട്ടെന്ന് ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന് ശിവൻ ആഗ്രഹിച്ചു. നിനക്ക് ഇത് വരെ ആരും ഇല്ലെങ്കിലും ഇനി എന്നും ഞാൻ ഉണ്ടാവും അവന്റെ ഹൃദയം പറഞ്ഞ് കൊണ്ടിരുന്നു.

ഫോണിൽ മെസ്സേജ് വരുന്ന ശബ്‌ദം കേട്ടാണ് ശിവൻ ചിന്തകളിൽ നിന്നുണർന്നത്. അശ്വതി അയച്ച മെസ്സേജിലെ ഓർഫനെജിന്റെ പേര് ശിവൻ അരവിന്ദ് കേൾക്കെ വായിച്ചു.

*************

ഹാളിൽ ഇരുന്ന് അരവിന്ദന്റെ ഷെൽഫിൽ നിന്നെടുത്ത ഒരു നോവൽ വായിക്കുകയായിരുന്നു നയന.

തോളിൽ ആരുടെയോ കരസ്പർശം ഏറ്റപ്പോൾ അവൾ ബുക്കിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞ് നോക്കി. വിദ്യ നിറ കണ്ണുകളോടെ അവളെ നോക്കി നിൽക്കുന്നു.

” ആഹാ ഇതാരാ ഏട്ടത്തിയോ…? ”

നയനയുടെ ചോദ്യം കേട്ട് വിദ്യ മനസിലാവാതെ നോക്കി.

” എല്ലാ കാര്യവും ഞാൻ അറിഞ്ഞു. എന്റെ ഏട്ടന്റെ ഭാര്യ ആവാൻ പോവുന്ന ആളെ ഞാൻ ഏട്ടത്തി എന്നല്ലേ വിളിക്കേണ്ടത്… ”

നയന എഴുനേറ്റ് വിദ്യക്ക് അഭിമുഖമായി നിന്നു. നയനയുടെ വാക്കുകൾ വിദ്യയുടെ ഉള്ളിൽ കൊണ്ടു. ഇവളെ ആണല്ലോ ഞാൻ സംശയിച്ചത് എന്നോർത്ത് നെഞ്ച് വിങ്ങി.

” ഏട്ടത്തി എന്തിനാ കരയുന്നത്…? ”

നയന കാര്യം മനസിലാവാതെ നോക്കി.

” നീ എന്നോട് ക്ഷമിക്കണം. ഞാൻ…. ഞാൻ നിങ്ങളെ തെറ്റിധരിച്ചു..”

നയനയെ കെട്ടിപിടിച്ച് വിദ്യ കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു.

” ഇതിനാണോ ഇങ്ങനെ കരയുന്നത്. ഏട്ടത്തിടെ സ്ഥാനത്തു ഞാൻ ആയാലും ഇങ്ങനെ ഒക്കെ ചിന്തിച്ചെന്ന് വരും. അതൊന്നും കാര്യം ആക്കണ്ട. പിന്നെ അച്ചുവേട്ടന്റെ പിണക്കം ഒക്കെ നമുക്ക് മാറ്റന്നെ…”

നയന വിദ്യയുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

” നിനക്ക് ശരിക്കും എന്നോട് ദേഷ്യം ഇല്ലേ…? ”

വിദ്യ പിന്നെയും സംശയത്തോടെ ചോദിച്ചു.

” ഇല്ലെന്റെ ഏടത്തി… ”

നയന വിദ്യയുടെ തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു. നയനയുടെ ചിരി കണ്ടപ്പോൾ വിദ്യയുടെ ഉള്ളൊന്ന് തണുത്തു.

ഓരോ കാര്യങ്ങൾ സംസാരിച്ച് ചെടികൾക്ക് വെള്ളം നനച്ച് കൊണ്ടിരുന്ന രാമനാഥനും ദേവകിയും മുറ്റത്ത് ഒരു കാർ വന്ന ശബ്‌ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.

കാറിൽ നിന്ന് ഇറങ്ങുന്ന മഹിയെ കണ്ട് ദേവകിയും രാമനാഥനും പരസ്പരം ഒന്ന് നോക്കി വീണ്ടും മഹിയെ നോക്കി.

പുറത്തിറങ്ങിയ മഹി മുറ്റത്ത് നിൽക്കുന്ന അച്ഛനെ കൊണ്ടൊന്നു ഞെട്ടി.

” അച്ഛാ…. ”

സന്തോഷത്തോടെ ഓടി വന്ന് മഹി രാമനാഥനെ കെട്ടിപിടിച്ചു.

” അമ്മ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് ഇതായിരിക്കും എന്ന് ഞാൻ കരുതിയില്ല. ”

രാമനാഥനിൽ നിന്ന് അടർന്ന് മഹി ദേവകിയെ നോക്കി.

” നിനക്ക് സുഖം അല്ലേടാ മോനെ…? ”

രാമനാഥൻ മഹിയുടെ കവിളിൽ കൈവെച്ച് ചോദിച്ചു.

” അതെ അച്ഛാ…”

രാമനാഥന്റെ കൈക്ക് മുകളിൽ കൈ വെച്ച് മഹി ഒന്ന് ചിരിച്ചു.

” മഹിയേട്ടന് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ..? ”

മഹി അച്ഛനോടും അമ്മയോടും വിശേഷങ്ങൾ പറഞ്ഞ് നിൽക്കുന്ന നേരത്ത് വിദ്യ അങ്ങോട്ട് വന്നു.

” കല്യാണത്തിന് മുൻപേ നീ ഏത് നേരവും ഇവിടെ തന്നെ ആണോടി… ”

വിദ്യയെ നോക്കി അവൻ കളിയാക്കി ചോദിച്ചു.

” അതെ… അതിന് മാഹിയെട്ടന് വല്ല കുഴപ്പം ഉണ്ടോ…? ”

വിദ്യ അവനെ നോക്കി മുഖം വീർപ്പിച്ചു.

” ഒരു കുഴപ്പവും ഇല്ല. നിങ്ങൾ ഒന്ന് വേഗം കേട്ടിട്ട് വേണം എന്റെ കാര്യം ഒന്ന് സെറ്റ് ആകാൻ.. ”

” ഓഹ് ചെക്കന്റെ ആഗ്രഹം കൊള്ളാം. ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ…? ”

” തൽകാലം ആരും ഇല്ല. ആരെയെങ്കിലും കണ്ടെത്തണം. ”

വിദ്യയോട് അത് പറഞ്ഞ് തീർന്നപ്പോഴാണ് അവൻ അങ്ങോട്ട് വരുന്ന നയനയെ കണ്ടത്.

” ഇതാണോ അമ്മ വിളിക്കുമ്പോൾ എപ്പോഴും
പറയാറുള്ള ആള്…? ”

നയനയിൽ നിന്ന് കണ്ണെടുത്ത് മഹി ദേവകിയെ നോക്കി. ദേവകി അതെയെന്ന് തലയാട്ടി.

” ഹലോ ഞാൻ മഹി.. ഇവിടത്തെ രണ്ടാമത്തെ പുത്രൻ. ”

മഹി നയനക്ക് നേരേ കൈ നീട്ടി.

” നയന ”

തിരികെ അവളും കൈ കൊടുത്തു.

അവളെ നോക്കുന്ന സമയത്ത് മഹിയുടെ മുഖത്ത് വിരിഞ്ഞ ചിരിയുടെ അർത്ഥം മനസിലാക്കാൻ നയനക്ക് കഴിഞ്ഞില്ല.

( തുടരും )