രചന – ഗംഗ ശലഭ
നെടുവീർപ്പോടെ കൃഷ്ണ ടേബിളിലേക്ക് നോക്കി. പുസ്തകങ്ങൾക്ക് ഏറ്റവും മുകളിലായി ഒരു റൈറ്റിങ് ബോർഡിൽ വെളുത്ത പേപ്പറിന്റെ ഒത്ത നടുവിൽ ‘പ്രണയിനി’ എന്ന് എഴുതി വച്ചിരിക്കുന്നു. അവളത് കയ്യിൽ എടുത്തു. കഥ എഴുതാനുള്ള തുടക്കമാണോ?
മനോഹരമായ കൈപ്പട…!
അവൾ അതിലൂടെ പതിയെ വിരൽ ഓടിച്ചതും ചെവിക്കുടയിൽ ഒരു പിടി വീണു.
കൃഷ്ണ ചാടി എഴുന്നേറ്റു. പിന്നിലേക്ക് ആഞ്ഞതും ഒരു കൈ അവളെ ചേർത്ത് പിടിച്ചു.
കൃഷ്ണ ഭയന്നു പോയി. അവൾ മുഖമുയർത്തി നോക്കി.
തൊട്ടരികിൽ സായ്….!
അവൻ തന്നെ അവനോട് ചേർത്ത് നിർത്തിയിരിക്കുകയാണ്.
കൃഷ്ണയ്ക്ക് ഉടൽ വിറച്ചു. സായിയുടെ കണ്ണിലേക്കുള്ള നോട്ടം താങ്ങാനാകാതെ അവൾ മുഖം താഴ്ത്തി.
” ഒരു നോട്ടം കൊണ്ട് എന്റെ മനസ്സ് കട്ടെടുത്തതല്ലേ? ഇനിയും എന്ത് മോഷ്ടിക്കാനാണ് വന്നത്?”
ചൂണ്ടു വിരൽ കൊണ്ട് കൃഷ്ണയുടെ കുനിഞ്ഞു പോയ മുഖം ഉയർത്തി അവളുടെ നോട്ടത്തെ നോട്ടം കൊണ്ട് ബന്ധിച്ചു നിർത്തി പതിഞ്ഞ ശബ്ദത്തിൽ സായ് ചോദിക്കവേ ഹൃദയം നിലച്ചത് പോലെ കൃഷ്ണയ്ക്ക് തോന്നി.
എന്താണവൻ പറഞ്ഞതിന്റെ അർത്ഥം? കൃഷ്ണയുടെ കണ്ണുകൾ അമ്പരപ്പിൽ വിടർന്നു.
“എന്താടി ഉണ്ടക്കണ്ണി? എന്തിനാ വന്നത്?”
ഇത്തവണ അവന്റെ നോക്കിലും വാക്കിലും കുസൃതി നിറഞ്ഞു. തന്റെ കൈക്കുള്ളിൽ കൃഷ്ണയുടെ ശരീരം വിറ കൊള്ളുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
“പറ…. പറയാതെ ഞാൻ വിടില്ല….”
അവൻ വീണ്ടും പറഞ്ഞു.
താൻ സായിയോട് ചേർന്ന് നിൽക്കുകയാണെന്ന തോന്നൽ കൃഷ്ണയെ തളർത്തുന്നുണ്ടായിരുന്നു. എങ്കിലും അവൾക്ക് അവനെ വിട്ട് മാറാൻ കഴിഞ്ഞില്ല. അവനോട് മറുപടി പറയാനും..,..
സായ് തന്നെ പ്രണയിക്കുകയാണെന്ന തിരിച്ചറിവ് അവളിൽ അതിയായ സന്തോഷം നിറച്ചെങ്കിൽ, താൻ ഇപ്പോൾ അവന്റെ കൈക്കുള്ളിൽ ആണെന്ന ചിന്ത അതേ സമയം ഭയവും പരിഭ്രമവും ഉണർത്തി.
അവളുടെ ഹൃദയമിടിപ്പുയർന്നു. വാക്കുകൾ അന്യമായി….
ശക്തിയായൊരു കാറ്റ് ജനൽ കടന്ന് മുറിയിലേക്ക് വന്നു. ടേബിളിനോട് ചേർന്നിരുന്ന ക്യാൻവാസ് മൂടിയിരുന്ന വെളുത്ത തുണി നിലത്തേക്ക് ഊർന്ന് വീണു. കൃഷ്ണയും സായിയും ഒരേ സമയം ക്യാൻവാസിലേക്ക് തല ചരിച്ചു നോക്കി.
കൃഷ്ണയുടെ കണ്ണ് വിടർന്നു. ഒരു നിമിഷം അവൾ ശ്വാസം എടുക്കാൻ മറന്നു. ജീവൻ തുടിക്കുന്നൊരു പെൺമുഖം. കൃഷ്ണയെ പകർത്തി വച്ചത് പോലെ…!
എന്താണോ തേടി വന്നത് അത് കണ്മുന്നിൽ തെളിഞ്ഞിരിക്കുന്നു. ലോകം മുഴുവൻ ആ നിമിഷം നിശ്ചലമായത് പോലെ തോന്നി കൃഷ്ണയ്ക്ക്. സായ് അവളുടെ മേലുള്ള പിടി വിട്ടു. കൃഷ്ണ പതിയെ ആ ചിത്രത്തിന് അരികിലേക്ക് ചെന്നു.
തനിക്ക് ഇത്രയും ഭംഗിയുണ്ടോ എന്നവൾ ഓർത്ത് പോയി. വിരൽ ഉയർത്തി ആ ചിത്രത്തിൽ തൊടുമ്പോൾ അവളുടെ വിരൽ തുമ്പ് പോലും വിറ കൊള്ളുന്നുണ്ടായിരുന്നു.
“ഇവിടുന്ന് പോകുമ്പോ ഞാൻ അങ്കിളിനോട് ചോദിക്കട്ടെ ഈ കൃഷ്ണ വിഗ്രഹം എനിക്ക് തന്നയക്കുമോ എന്ന്…?”
തൊട്ട് പിറകിൽ വന്ന് നിന്ന് കാറ്റ് പോലെ കാതോരം അവൻ ചോദിക്കവേ അവളുടെ ഉള്ളുലഞ്ഞു, കണ്ണ് കലങ്ങി, കവിളിണകളിൽ നാണം കുങ്കുമം തൂവി.
തിരിഞ്ഞ് സായിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൃഷ്ണ. പ്രണയം പൂത്തു നിൽക്കുന്ന ആ കണ്ണുകൾക്കുള്ളിൽ അവൾ തന്നെത്തന്നെ കണ്ടെടുത്തു.
അവളുടെ നിറഞ്ഞ കണ്ണുകൾ അവന് മറുപടി നൽകി.
ഒരു നിമിഷം സായി സ്വയം മറന്നു പോയി.
മുഖം കുനിച്ചവൻ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു. ഒരു പൂവിതൾ തൊടുന്ന അത്രയും മൃദുവായി…..
കൃഷ്ണ ഒരു പിടച്ചിലോടെ സായിയെ നോക്കി. അവനും വല്ലാതായി. സായി എന്തെങ്കിലും പറയും മുന്നേ അവനെ പരിഭവത്തോടെ ഒന്ന് നോക്കി ഒന്നും പറയാതെ അവൾ പുറത്തേക്ക് ഇറങ്ങി ഓടി.
**********
“കൃഷ്ണേ….”
അരവിന്ദൻ വിളിച്ചപ്പോൾ വീടിനുള്ളിലേക്ക് കയറാനൊരുങ്ങിയ കൃഷ്ണ പെട്ടെന്ന് നിന്നു. അവളുടെ ശരീരത്തിന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല. അരവിന്ദൻ വീട്ടു മുറ്റത്തു നിൽക്കുന്നതവൾ ശ്രദ്ധിച്ചിരുന്നില്ല.
“അരവിന്ദൻ… കൃഷ്ണ പൊയ്ക്കോട്ടേ…. നമുക്ക് സംസാരിക്കാം.”
കൃഷ്ണയ്ക്ക് പിറകെ താഴേക്ക് ഇറങ്ങി വന്ന സായ് അരവിന്ദനോട് പറഞ്ഞതും കൃഷ്ണ ഇരുവരെയും ഒന്ന് നോക്കി വീടിനുള്ളിലേക്ക് കയറിപ്പോയി.
“എന്താ നിന്റെ ഉദ്ദേശം?”
അരവിന്ദൻ സായിയുടെ മുന്നിലേക്ക് കയറി നിന്നു. അവന്റെ മുഖം മുറുകിയിരുന്നു.
“എനിക്ക് കൃഷ്ണയെ ഇഷ്ടമാണ്. ഉദ്ദേശം എന്താണെന്ന് ചോദിച്ചാൽ….
അങ്കിളിനോട് പറയണം. കൃഷ്ണയെ വിവാഹം കഴിക്കണം.”
സായ് ചിരിയോടെ പറഞ്ഞു.
“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ?”
അരവിന്ദന്റെ മുഖം ചുവന്നു. സായ് അങ്ങനെ തുറന്ന് പറയുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.
” എനിക്കറിയാം അരവിന്ദൻ. തനിക്ക് കൃഷ്ണയെ ഇഷ്ടമാണല്ലേ? ”
സായിയുടെ ചോദ്യത്തിന് അരവിന്ദൻ മറുപടി പറഞ്ഞില്ല. അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
” അരവിന്ദൻ….. എനിക്ക് കൃഷ്ണയെ ഇഷ്ടമാണ്. അവൾക്ക് എന്നെയും…! പരസ്പരം സ്നേഹിക്കുന്നവരല്ലേ ഒന്നാവേണ്ടത്? സ്നേഹം കട്ടെടുക്കാനോ പിടിച്ചു വാങ്ങാനോ പറ്റില്ല. അങ്ങനെ കിട്ടുന്ന സ്നേഹത്തിനു ആയുസ്സുമുണ്ടാവില്ല… ”
നേർത്തൊരു പുഞ്ചിരിയോടെ സൗഹൃദഭാവത്തിൽ സായ് പറയുമ്പോൾ അത് നിഷേധിക്കാൻ അരവിന്ദനും കഴിഞ്ഞില്ല.
ഇതേ വരെ കൃഷ്ണയ്ക്ക് തന്നോട് സൗഹൃദം അല്ലാതെ പ്രണയം ഉണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷെ സായിയെ നോക്കുന്ന കണ്ണുകളിൽ പ്രണയം വിരിയുന്നത് പല വട്ടം കണ്ടിരുന്നു. സായിക്ക് കൃഷ്ണയോട് അങ്ങനെ ഒരിഷ്ടം ഉണ്ടാവുമെന്ന് കരുതിയില്ല. അങ്ങനെ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷെ ഇപ്പൊ…..
“പാവമാ അവള്…. അവളെ ചതിക്കാനാണ് ഉദ്ദേശമെങ്കിൽ അരവിന്ദൻ ആരാന്ന് നീ അറിയും…!”
അരവിന്ദൻ സായിക്ക് നേരെ താക്കീതോടെ വിരൽ ചൂണ്ടി.
ഒരു ഇരുപത്തിയൊന്ന്കാരന്റെ ഭീഷണി….!
സായ് പതിയെ ചിരിച്ചു.
” തനിക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു . കൃഷ്ണയോട് തന്റെ മനസ്സ് തുറക്കാൻ….. താനത് ചെയ്തില്ല. അവസരങ്ങൾ ആരെയും കാത്ത് നിൽക്കില്ല അരവിന്ദൻ. കിട്ടുന്ന അവസരങ്ങൾ നന്നായി വിനിയോഗിക്കാൻ പറ്റുന്നവരെ ജീവിതത്തിൽ വിജയിക്കൂ….
പക്ഷെ ഇനി…. ഇനി കൃഷ്ണയെ ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല. തന്നെപ്പോലെ എന്റെ ഇഷ്ടങ്ങൾ എനിക്കും പ്രിയപ്പെട്ടതാണ്. ആ ഇഷ്ടങ്ങൾ ആർക്ക് വേണ്ടിയും മാറ്റാനും ഞാൻ ഒരുക്കമല്ല.
തന്റെ ഇഷ്ടത്തെ ഞാൻ മാനിക്കുന്നു. പക്ഷെ തനിക്കുള്ള അവസരം കഴിഞ്ഞു പോയി അരവിന്ദൻ….”
അരവിന്ദന്റെ തോളിൽ ഒന്ന് കൈ തട്ടി പുഞ്ചിരിയോടെ സായ് തിരിഞ്ഞു നടന്നു.
ഒരു ഇരുപത്തിമൂന്ന്കാരനാണ് തന്നോട് സംസാരിച്ചതെന്ന് വിശ്വസിക്കാൻ അരവിന്ദന് പ്രയാസം തോന്നി. അതിലും എത്രയോ പക്വത ഉണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്.
സായിയോട് ഇനി ഒന്നും പറയാനുണ്ടായിരുന്നില്ല അരവിന്ദന്. തിരിഞ്ഞ് നടക്കുമ്പോൾ അരവിന്ദന്റെ ഉള്ളിൽ നിറഞ്ഞു നിന്നത് നഷ്ടബോധവും വേദനയും മാത്രമായിരുന്നു…..
***********
പാസ്ററ് ഇനി മിക്കവാറും ഒരു പാർട്ട് കൂടിയേ കാണൂ കേട്ടോ….
എല്ലാരും അഭിപ്രായം പറയണേ…
എഴുത്തിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്യുന്ന സാഹസം ആണ്. എന്തെങ്കിലും തെറ്റ് കണ്ടാൽ അതും പറയണേ….

by