രചന – ആതിര
ഭാഗിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുവന്നു… “അമ്മേ നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ.. ഞാൻ കുറച്ച് കഴിഞ്ഞ് വന്നോളാം..” ഭാഗിയ്ക്കൊപ്പം കുറച്ചു നേരം കൂടി ഇരിക്കാൻ യദു ആഗ്രഹിച്ചു.. “ആ പിന്നെ ശ്രീയേട്ടാ.. ഗൗരി മോൾക്കുള്ള ലാക്ടോജനാണ് ഞാനാ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയത്..അത് ദാ ആ കവറിൽ ഉണ്ട്.. അതുകൂടി എടുത്തതോണ്ട് പോയി,ചാരൂനെ ഇപ്പഴേ സോപ്പിട്ടു തുടങ്ങിക്കോ.. അതത്ര എളുപ്പോം ഒന്നും അല്ല..എങ്കിലും നമ്മൾ പിന്മാറരുതല്ലോ..” ശ്രീരാഗിനോട് ചിരിച്ചുകൊണ്ടവൻ പറഞ്ഞു.. മുരളിയയ്ക്കും രാധികയ്ക്കും ഒപ്പം ശ്രീരാഗും വീട്ടിലേക്ക് നടന്നു.. അവനെപ്പോലെ തന്നെ രാധികയ്ക്കും, ചാരുവിനെയും കുഞ്ഞിനേയും കാണാൻ മനം തുടിയ്ക്കുന്നുണ്ടായിരുന്നു.. ഇതിനോടകം തന്നെ ചാരുവിനെ ശ്രീരാഗിന്റെ പെണ്ണായി അവർ അംഗീകരിച്ചു കഴിഞ്ഞിരുന്നു… — 🌺🌺🌺 — പതിവില്ലാതെ വാതിൽ ലോക്ക് ചെയ്തിരിക്കുന്നു..ചാരു ഉണ്ടെങ്കിൽ അകത്ത് നിന്നല്ലേ ലോക്ക് ചെയ്യണ്ടത്.. എന്തോ ഒരാധി ശ്രീരാഗിന് തോന്നി..സാധാരണയായി താക്കോൽ വെയ്ക്കുന്ന ചെടിചെട്ടിയുടെ കീഴിൽ നിന്ന് തന്നെ താക്കോൽ കിട്ടി..അത് തുറന്ന് അകത്ത് കയറിയതും ശ്രീരാഗ് ആദ്യം ചെന്നത് ചാരുവിന്റെ മുറിയിലേയ്ക്കാണ്..
എന്നാൽ അവിടെ ഗൗരിമോളോ ചാരുവോ ഉണ്ടായിരുന്നില്ല.. ശ്രീരാഗിന് പുറകെ വന്ന് രാധികയും മുരളിയും അവളെയും കുഞ്ഞിനേയും തിരക്കി.. ശ്രീരാഗ് ചാരുവും മോളും എവിടെ പോയന്നറിയാതെ അസ്വസ്ഥനാകാൻ തുടങ്ങി.. “നീ പേടിക്കാതെ ശ്രീ, അവളും മോളും ഇവിടെ എവിടെയേലും കാണും.. നമുക്ക് നോക്കാം..” രാധിക അവനെ സമാധാനപ്പെടുത്താൻ പറഞ്ഞു.. “വീട് വെളിയിൽ നിന്നും പൂട്ടി കീ സ്ഥിരം വെയ്ക്കുന്നിടത്ത് വെച്ചിട്ട് അവള് വീടിനുള്ളിൽ കയറി ഇരിക്കുമോ.. കുഞ്ഞും ചാരുവും ഇവിടില്ല അതുറപ്പാ..” അവന് സങ്കടത്തോടെയും അല്പം ദേഷ്യത്തോടെയും പറഞ്ഞു നിർത്തി.. ഭാഗിയോട് വിശ്രമിക്കാൻ പറഞ്ഞെങ്കിലും യദു പോകാൻ ഇറങ്ങിയപ്പോൾ ചാരുനെയും ഗൗരിമോളെയും കാണണമെന്ന് നിർബന്ധം പറഞ്ഞ് ഒപ്പം ചെന്നതാണ് ഭാഗി..യദുവിനൊപ്പം ഭാഗിയും അങ്ങോട്ടേക്ക് ചെന്നപ്പോൾ സങ്കടപ്പെട്ടിരിക്കുന്ന ശ്രീരാഗിനെയും മുരളിയേയും രാധികയെയുമാണ് കണ്ടത്.. “ഇതെന്താ നിങ്ങൾ ഇങ്ങിനിരിക്കുന്നെ.. ചാരു എവിടെ ..??”(ഭാഗി) “അവള് ഇവിടില്ല മോളേ..കാണാൻ.. കാണാനില്ല..”(ശ്രീരാഗ്) “അവളെ കാണാൻ ഇല്ലന്നോ.. ശ്രീയേട്ടൻ എന്താ ഈ പറയുന്നേ…?? അവളെവിടെ പോകാനാ..??” കട്ടിലിൽ വിഷണ്ണനായിരിക്കുന്ന ശ്രീരാഗിനോട് യദു വെപ്രാളപ്പെട്ട് ചോദിച്ചു…
യദു മുറിയ്ക്കുള്ളിൽ കയറി അലമാരയും മറ്റും നോക്കി.. അവളുടെയോ കുഞ്ഞിന്റെയോ വസ്ത്രങ്ങളും മറ്റും ഇല്ലെന്നു കാൺകെ എന്തോ ഒരു ഭയം അവനെ പിടികൂടുന്നത് യദുവറിഞ്ഞു.. “അമ്മേ… ചാരൂ.. അവള് ഗൗരിമോളെയും കൊണ്ട് പോയി..” ശ്രീരാഗ് അവന് നേരെ ഒരു കടലാസ് നീട്ടി.. “ചാരു എഴുതിയതാണ്…” ശ്രീരാഗിന്റെ ഇടറുന്ന വാക്കുകൾക്കിടയിൽ തടഞ്ഞു നിർത്താൻ പാട്പെടുന്നൊരു സങ്കടമുണ്ടായിരുന്നു… യദു വിറയ്ക്കുന്ന കൈകളാൽ അതിൽ എന്തായിരിക്കുമെന്ന പേടിയോടെ ആ കടലാസ് വാങ്ങി.. എന്താണെന്നറിയാൻ യദുവിനോപ്പം ഭാഗിയും നിന്നു.. “യദുവേട്ടന്, ഞാൻ കാരണം യദുവേട്ടൻ ഇപ്പോൾ തന്നെ ഒരുപാട് സഹിച്ചു.. ഭാഗിയ്ക്ക് ഇന്ന് അരുതാത്തത് സംഭവിച്ചിരുന്നെങ്കിൽ ആ ശാപം എന്നെയും എന്റെ മോളെയും വിട്ടുപോകുമായിരുന്നോ.. ജീവിതകാലം മുഴുവൻ അത് പിന്തുടരുമായിരുന്നില്ലേ.. അതുപോലെ പിന്നീട് യദുവേട്ടൻ സങ്കടപ്പെട്ട് നടക്കുന്നത് ഞാൻ കാണേണ്ടി വരില്ലായിരുന്നോ…
ഭാഗിയ്ക്ക് യദുവേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല..അവൾ അത്രയും സ്നേഹിക്കുന്നുണ്ട്.. ഞങ്ങൾക്ക് വേണ്ടി യദുവേട്ടനത് നഷ്ടപ്പെടുത്തരുത്…എത്രയൊക്കെ പറഞ്ഞാലും ഞാനും കുഞ്ഞും നിങ്ങൾക്കൊക്കെ ഒരു ബാധ്യതയാണ്.. നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഞാനും മോളും ഒരു കരട് തന്നെയാണ്.. അതാണ് സത്യവും… യദുവേട്ടൻ ഭാഗിയെ എല്ലാം പറഞ്ഞ് മനസ്സിലാക്കണം.. ഞാൻ വീട്ടിലുള്ളവരോടൊക്കെ സത്യം പറഞ്ഞിട്ടുണ്ട്..യദുവേട്ടൻ എനിക്കെന്റെ വരുണേട്ടൻ തന്നെയാണ്.. ഇന്നീ ലോകത്തിൽ ആകെയുള്ള കൂടപ്പിറപ്പ്.. ഇനി ഞാനാ വീട്ടിൽ നിന്നാൽ പോകെ പോകെ ആ ബന്ധം കൂടി ഇല്ലാണ്ടാകും.. യദുവേട്ടൻ എന്നെയോ മോളെയോ തിരക്കി വരരുത്.. പേടിക്കണ്ട,, എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ ആത്മഹത്യ ചെയ്യില്ല..എങ്ങോട്ട് പോകണമെന്ന് നിശ്ചയിച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.. ഒരിക്കലും നിങ്ങളെയാരെയും മറക്കില്ല..എന്റെ പ്രാർത്ഥനയിൽ എന്നും യദുവേട്ടനും ഭാഗിയും എല്ലാവരും ഉണ്ടാകും.. എന്ന് സ്നേഹത്തോടെ ചാരു… ” –🌺🌺🌺–
കത്ത് വായിച്ചു തീർന്നത് യദുവിന് ശരീരമാകെ തളരുന്നപോലെ.. കരയിലകപ്പെട്ട മീനിനെപ്പോലെ അവന് പിടഞ്ഞു… ഒന്നും ചെയ്യാനാകാതെ മുടിയിൽ കൈകോർത്ത് വലിച്ചു.. ആ സമയം അവന് അനുഭവിക്കുന്ന മാനസിക സംഘർഷം അത്രയായിരുന്നു.. എല്ലാം പ്രശ്നങ്ങളും തീർന്നെന്ന് വിചാരിച്ചപ്പോൾ അടുത്തത് എത്തിക്കഴിഞ്ഞു.. “മോനെ ഇപ്പൊ എന്താ ചെയ്യുക..??” അവന്റെ ആദിയും പരവേശവും കാണേ മുരളി ചോദിച്ചു.. “അറിയില്ലച്ഛാ.. എനിക്കൊന്നും അറിയില്ല..അവൾക്ക് ആരും തന്നെ ബന്ധുക്കളായി ഇല്ല.. എങ്ങോട്ടവൾ പോകാനാണ്…എങ്ങനെ ജീവിക്കാനാണ്…ആരാ തുണയുള്ളത്.. എനിക്കൊന്നും അറിയില്ല..ആരെ സംരക്ഷിക്കാനാണോ ഞാൻ ഇതെല്ലാം ചെയ്ത് കൂട്ടിയത് അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ..പൊന്നുപോലെ നോക്കണന്ന് പറഞ്ഞിട്ടാ വരുൺ പോയത്.. ഞാൻ എവിടെ പോയാ അവളെ തിരയുന്നേ..അവളെപ്പോലെ ഒരു പെണ്ണ് ഈ സമൂഹത്തിൽ സുരക്ഷിതയാണോ.. ന്റെ ചാരൂനും കുഞ്ഞിനും…” യദു കരയുകയാണ്.. അവർക്ക് വേണ്ടിയല്ലേ അവനിത്രയും ത്യാഗങ്ങൾ സഹിച്ചത്.. സഹിക്കാനാവുമോ… 🌺🌺🌺🌺
പൂക്കുന്നത്തിനു മുൻപേ കൊഴിഞ്ഞുപോകുന്ന ഒരു വസന്തമായിരുന്നോ അവർ.. വിരഹമോ..ദുഃഖമോ… കുറ്റബോധമോ.. തന്നിൽ അല്ലയടിക്കുന്ന വികാരങ്ങൾക്ക് നിർവചനം നൽകാൻ പോലും അശക്തനായിരുന്നു ശ്രീരാഗ്.. “ചാരൂനും കുഞ്ഞിനും ഒന്നും സംഭവിക്കില്ല.. എന്റെ കുഞ്ഞിനേയും പെണ്ണിനേയും ഞാൻ കണ്ടുപിടിച്ചിരിക്കും.. ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.. എനിക്കവരെ വേണം..” ശ്രീരാഗ് അവരോട് പറഞ്ഞിട്ട് മുറിയിൽ നിന്ന് ബൈക്കിന്റെ കീയും എടുത്ത് വെളിയിലേക്കിറങ്ങി.. അവനു പുറകെ യദുവും അവന്റെ രീതിയിൽ അന്വേഷണം ആരംഭിച്ചു.. വൈകിട്ടോടെ യദുവും ശ്രീരാഗും തിരിച്ചെത്തി.. എന്നാൽ ഇരുവർക്കും ചാരുവിനെയും കുഞ്ഞിനേയും പറ്റി ഒരു വിവരവും ലഭിച്ചില്ല.. ശ്രീരാഗ് ഹൃദയഭാരത്തോടെ ചാരുവും കുഞ്ഞും ഉപയോഗിച്ചിരുന്ന മുറിയിൽ പോയി.. ആ കട്ടിലിൽ കിടന്നു.. അവിടെ ചാരുവും കുഞ്ഞും ഉള്ളത് പോലെ അവന് തോന്നി.. ഗൗരിമോളെ കിടത്തുന്ന തൊട്ടിൽ ശൂന്യമായി കിടന്നു.. അവനെ അത് പതിയെ ആട്ടി.. കുഞ്ഞും ചാരുവും കിടന്ന കട്ടിലിൽ പോയി ഇരുന്നു..
കൈകൊണ്ട് പതിയെ ആ കിടക്കയിൽ തലോടി..കുഞ്ഞിന്റെ പാൽമണം തങ്ങി നിൽക്കുന്ന കിടക്കയിൽ അവൻ മുഖമമർത്തി കണ്ണടച്ച് കിടന്നു..കുഞ്ഞിന്റെയും ചാരുവിന്റെയും മുഖം മനസ്സിൽ അങ്ങനെ നിറഞ്ഞു നിന്നു.. അവർക്കൊപ്പം തന്നെയും ആ ഓർമകളിൽ അവൻ കൂട്ടിച്ചേർത്തു.. തന്റെ നെഞ്ചിൽ പതുങ്ങി കിടന്നുറങ്ങുന്ന ഗൗരിയെയും തന്നെ നോക്കി മോണകാട്ടിയുള്ള കുഞ്ഞിപ്പെണ്ണിന്റെ ചിരിയും അവന്റെ മനസ്സിൽ കുളിരയിണയിക്കുന്ന ഓർമകളാണ്..തന്റെ കുഞ്ഞാണ് ഗൗരിയെന്നറിഞ്ഞ നിമിഷം വാരി എടുത്ത് തെരുതെരെ ഉമ്മവെച്ചാതാണ്..ആ ഉമ്മകളൊക്കെയും ചിരിയോടെയാണ് കളിപ്പെണ്ണ് സ്വീകരിച്ചത്..പിന്നീട് ചാരു വന്നതും കുഞ്ഞിനെ എടുത്തതിനു തന്നെ വഴക്ക് പറഞ്ഞതും എന്റെ കുഞ്ഞാണെന്ന് ഞാൻ തുറന്ന് പറഞ്ഞപ്പോൾ ചാരൂ ഞെട്ടിയതും ചേർത്ത് പിടിച്ചപ്പോൾ കുതറിയതും ആ കണ്ണിലെ പിടപ്പുമൊക്കെ അവന്റെ മനസ്സിലൂടെ കടന്ന് പോയി.. തന്റെ മുന്നിൽ പതറുന്ന ചാരുവിന്റെ കണ്ണുകൾ പതിഞ്ഞത് ഹൃദയത്തിലായിരുന്നു.. ആ ഓർമ്മകൾ തെളിയവേ ശ്രീരാഗിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
എന്നാൽ നിമി നേരം കൊണ്ട് അതെല്ലാം തന്നിൽ നിന്നും ഒത്തിരി ദൂരെയാണെന്ന് മനസ്സിലാക്കിയതും ശ്രീരാഗ് ഓർമകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു… “എന്തിനാടി നീ എന്നെവിട്ട് പോയത്.. എങ്ങോട്ടാ നിന്റെ ഈ ഒളിച്ചോട്ടം.. ന്റെ കുഞ്ഞിനെ ഈ നെഞ്ചിൽ കിടത്തി കൊതി തീരുന്നില്ലല്ലോ.. കണ്ണ് നിറച്ചൊന്ന് കാണുന്നതിന് വേണ്ടി ഓടിവന്നപ്പോൾ നീ പോയില്ലേ..നോവന്നുണ്ട്.. വല്ലാതെ നീറുവാ ചാരൂ എന്റെ മനസ്സ്…” ശ്രീരാഗ് പുലമ്പി കൊണ്ടിരുന്നു.. അവരെ കണ്ട് കിട്ടാത്ത കൊണ്ട് പോലീസിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു.. ദിവസങ്ങൾ പോയ് മറഞ്ഞു.. ചാരുവും കുഞ്ഞും വീട്ടിൽ നിന്ന് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു.. ശ്രീരാകും യദുവും അവരുടേതായ രീതിയിൽ ഇപ്പോഴും അന്വേഷിക്കുന്നുണ്ട്..ഇരുവീട്ടിലും ആകെ ഒരു മൂകതയാണ്.. പോലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ ഒന്നും തന്നെ അവർക്കും ലഭിക്കാത്തതിനാലാവാം അവരും മറന്നമട്ടായിരുന്നു…
“ഹലോ യദുകൃഷ്‌ണൻ അല്ലേ.. ഇത് പോലീസ് സ്റ്റേഷനിൽ നിന്ന് എസ്. ഐ ആണ് സംസാരിക്കുന്നത് ” യദു വീട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് ഫോൺ വന്നത്.. “അതേ സർ..” “ടൗണിലെ ആ പാലത്തിൽ നിന്ന് ചാടി ഒരു പെൺകുട്ടി മരിച്ച വിവരം സിറ്റി ഹോസ്പിറ്റലിൽ നിന്ന് കിട്ടിയിട്ടുണ്ട്.. ആ പെണ്ണിനോപ്പം നാല് മാസത്തോളം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട് .. കുഞ്ഞിനെ നെഞ്ചിൽ ഷോള് കൊണ്ട് ചേർത്ത് കെട്ടിയാണ് ചാടിയിരിക്കുന്നത്.. പിന്നെ പോസ്മാർട്ടം റിപ്പോർട്ട് പ്രകാരം ആ പെണ്ണൊരു റേപ്പ് വിക്ട്ടിം ആണ്.. അതായിരിക്കാം ആത്മഹത്യാ ശ്രമമെന്ന് തോന്നുന്നു.. നിങ്ങൾ തന്ന ഡീറ്റെയിൽസ് അനുസരിച്ച് ഒരു ചാൻസ് ഉണ്ട്.. ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഞാനുണ്ട്.. ഇവിടെ വരെ വന്ന് ബോഡി ഐഡന്റിഫൈ ചെയ്യണം..” യാന്ത്രികമായി ഫോൺ വെയ്ക്കുമ്പോൾ എസ് ഐ യുടെ വാക്കുകൾ ആണ് അവന്റെ ചെവിയിൽ മുഴങ്ങി കേട്ടത്.. വീട്ടിലുള്ളവരോട് എങ്ങനെയൊക്കെയോ പറഞ്ഞു തീർന്നതും ശ്രീരാഗ് അത് ചാരുവും കുഞ്ഞുമാണെന്ന് സമ്മതിച്ചില്ല. മതിഭ്രമം ബാധിച്ചവനെപ്പോലെ പുലമ്പി..ഹോസ്പിറ്റലിൽ പോകാനൊരുങ്ങിയ യദുവിനെ പോലും തടഞ്ഞു.. ശ്രീരാഗിനെ എങ്ങനെയൊക്കെയോ പറഞ്ഞ് അകത്ത് റൂമിൽ കൊണ്ടു കിടത്തി.. “നീ കേറ് ഞാൻ ബൈക്കോടിക്കാം..” യദുവിന്റെ അവസ്ഥയിൽ വണ്ടിയൊടിക്കുന്നത് ശരിയായിരിക്കില്ല എന്ന് തോന്നിയ മുരളി പറഞ്ഞു.. അവനെയും കൊണ്ട് മുരളി ബൈക്കുംകൊണ്ട് ഹോസ്പിറ്റലിലോട്ട് പോകുമ്പോൾ അത് ചാരുവും കുഞ്ഞുമാകരുതേ എന്നാ പ്രാർത്ഥനയിലായിരുന്നു ഭാഗിയും അമ്മമാരും… (തുടരും…)

by