രചന – കണ്ണന്റെ മാത്രം
എന്തായി മക്കളെ കാര്യങ്ങൾ… പിയയോടും അഭിയോടും ആയി ഹരി ചോദിച്ചു…
പിയ നേരെ ചെന്ന് അവരുടെ രണ്ടാളുടെയും മുന്നിലായി മുട്ടുകുത്തിയിരുന്നു..
അച്ഛാ.. പപ്പേ.. എനിക്ക് നന്ദനെ കല്യാണം കഴിക്കാൻ താൽപ്പര്യം ആണ്. അയാൾക്കും താൽപ്പര്യക്കുറവില്ല. നിങ്ങൾക്കും ഓക്കേ ആണെങ്കിൽ നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോകാം.. ഇത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ആർക്കും വലിയ ഞെട്ടൽ ഉണ്ടായില്ല എന്ന് മാത്രം അല്ല എല്ലാവരും സന്തോഷത്തിലും ആയിരുന്നു..
പപ്പനും ഹരിയും പരസ്പരം ഒന്ന് നോക്കി. പിന്നെ ഒരു ചിരിയോടെ അവളുടെ കൈയിൽ മുറിക്കി പിടിച്ചുകൊണ്ട് പറഞ്ഞു ഞങ്ങൾക്ക് നൂറുവട്ടം സമ്മതം ആണ്… ഇരുവരും ഒരുപോലെ പറഞ്ഞു..
പപ്പൻ അവിടെ നിൽക്കുന്ന അഭിയെ അടുത്തേക്ക് വിളിച്ചു.. പിന്നെ അവരുടെ കൈയിലേക്ക് അവന്റെ കൈയും കൂടി കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
ഞങ്ങളുടെ ജീവനെ ആണ് മോനെ ഏൽപ്പിക്കാൻ പോകുന്നത്. എപ്പോഴും ഒരുമിച്ച് ഉണ്ടാവണം എന്നൊന്നും പറയുന്നില്ല പക്ഷേ ഒന്നിന്റെ പേരിലും അവളെ ഒറ്റപ്പെടുത്തരുത്.. പിന്നെ ഞങ്ങൾ അവൾക്ക് എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിക്കും മോനും ഇന്ന് മുതൽ….
അറിയാം സാർ…
സാർ അല്ല അച്ഛൻ… അങ്ങനെ വേണം വിളിക്കാൻ… പപ്പൻ പറഞ്ഞു..
മ്മ്… അതിന് അഭി ഒന്ന് മൂളി.
അഭി.. തന്റെ വീട്ടുക്കാർ… ഹരി മുഴുവനാക്കാതെ നിർത്തി.
എന്റെ അമ്മയ്ക്കും അനിയത്തിക്കും എനിക്ക് ഒരു ജീവിതം ആയി കാണണം എന്നേ ആഗ്രഹം ഉള്ളൂ. എന്റെ ഇഷ്ടം ആണ് അവരുടേതും…
മ്മ്… എങ്കിൽ അടുത്ത ആഴ്ച തന്നെ ഞങ്ങൾ വീട്ടിലേക്ക് വരാം. തന്റെ അമ്മയെയും അനിയത്തിയെയും കാണാൻ… എത്രയും പെട്ടന്ന് നമുക്ക് ഈ വിവാഹം നടത്തണം… പപ്പൻ പറഞ്ഞു…
അഭി അതിന് ശരി എന്ന രീതിയിൽ തലയാട്ടിക്കാട്ടി…
അപ്പൊ അതൊക്കെ തീരുമാനം ആയില്ലേ ഇനി ഇന്നലെ എന്താ നടന്നത് എന്ന് അറിയണ്ടേ… നവിയേട്ടാ ഒരു ലാപ്ടോപ്പ് കിട്ടുമോ ഇവിടെ ഓഫീസിൽ നിന്ന്… പിയ നവിയെ നോക്കി ചോദിച്ചു..
മ്മ്… ഞാൻ വിളിച്ച് പറയാം മാനേജരുടെ അടുത്ത്.. എന്നും പറഞ്ഞ് നവി ഫോൺ എടുത്ത് അയാളെ വിളിച്ച് ഒരു ലാപ്ടോപ് ഇങ്ങോട്ട് എത്തിക്കാൻ പറഞ്ഞു.. ഫോൺ വച്ചതും അവൻ പിയയെ നോക്കി ഡൺ എന്ന് കാട്ടി..
ഞാൻ ഒന്ന് വീട്ടിലോട്ട് വിളിച്ചിട്ട് വരാം… അഭി എല്ലാവരെയും നോക്കി അത് പറഞ്ഞുകൊണ്ട് വിച്ചുവിനെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി..
ഡാ… എന്താടാ ഇതൊക്കെ.. ബാൽക്കണിയിൽ എത്തിയതും വിച്ചു ചോദിച്ചു..
ഒന്നൂല്യടാ… ആ കുട്ടി ഇങ്ങനെ ഒരു പ്രൊപോസൽ വച്ചു. ഞാൻ ആലോചിച്ചപ്പോൾ എന്തായാലും കല്യാണം എന്നും പറഞ്ഞ് അമ്മ കുത്തിപ്പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചായി പിന്നെ അയാൾക്ക് ആവുമ്പോൾ എല്ലാം അറിയാം.. പിന്നെ ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയും എങ്കിൽ പിന്നെ ഇതങ്ങോട്ട് മുന്നോട്ട് പോയിക്കോട്ടെ എന്ന് കരുതി. നമ്മുടെ പോലെ അല്ല ഇങ്ങനെ ഒരു കേസ് ഒക്കെ പുറത്തറിഞ്ഞാൽ അതയാൾക്കും വീട്ടുകാർക്കും നാണക്കേടല്ലേ.. പിന്നെ പരസ്പരം സംസാരിച്ചപ്പോൾ എന്തോ ഞങ്ങൾക്ക് ഒത്തുപോകാൻ കഴിയും എന്നൊരു തോന്നൽ. ഇപ്പോഴത്തെ പെൺകുട്ടികളുടെ പോലെ ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഒന്നും അയാൾക്കില്ല. അയാളെ മനസിലാക്കണം എന്നേ ഉള്ളൂ. അത് എനിക്ക് കഴിയും എന്ന് തോന്നിയത് കൊണ്ട് മുന്നോട്ട് കൊണ്ടുപോകാം എന്ന് കരുതി…
നന്നായി ഡാ.. കണ്ടെടുത്തോളം നല്ല കൂട്ടർ ആണ്. അത് പറഞ്ഞപ്പോൾ ആണ് ആ കുട്ടി വല്ല ജേർണലിസ്റ്റ് ആണോ. ആ മീഡിയക്കാർ ചോദിക്കുന്നത് കേട്ടു.. വിച്ചു ചോദിച്ചു..
ഡാ.. നമ്മുടെ ധർമപാലൻ രാജിവെക്കാൻ കാരണമായ ഒരു റിപ്പോർട്ട് എഴുതിയില്ലേ ഒരു ശ്രീപ്രിയ.. അയാളാണ് ഇയാള്..
ഏഹ്.. സത്യം.. ഞാൻ ആ റിപ്പോർട്ട് വായിച്ചപ്പോൾ ഇത്രയും ചെറിയ പെണ്ണായിരിക്കും അതിന്റെ പിന്നിൽ എന്ന് ഒരിക്കലും കരുതിയില്ല… വിച്ചു അത്ഭുധത്തോടെ പറഞ്ഞു..
മ്മ്.. ഞാനും കരുതിയിരുന്നില്ല.. അയാൾ അത് പറഞ്ഞപ്പോൾ എന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.. അതൊക്കെപോട്ടെ.. നീ നിന്റെ ഫോൺ ഒന്ന് തന്നേ.. ഞാൻ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ. എന്റെ ഫോൺ ഒക്കെ എവിടെ ആണാവോ…
ദാ.. പിന്നെ നീ ഒരു ലോങ്ങ് ട്രിപ്പ് ഓട്ടം കിട്ടിയപ്പോൾ പോയി എന്നാ ഞാൻ നിന്റെ വീട്ടിൽ പറഞ്ഞിട്ടുള്ളത് ട്ടോ.. നീ ആയിട്ട് ഇനി അത് മാറ്റാൻ നിൽക്കണ്ട…. വിച്ചു ഫോൺ അഭിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു
ഏയ്യ് ഇല്ലെടാ.. നീ എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ അവർ വെറുതെ ടെൻഷൻ അടിച്ചു കൂട്ടിയേനെ… അഭി വിച്ചു നീട്ടിയ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു..
അമ്മേ… മറുസൈഡിൽ ഫോൺ എടുത്തതും അഭി വിളിച്ചു..
മോനേ അഭി.. നീ ഇത് എവിടെയാ..നിന്റെ ഫോൺ എന്തിയേ.. എത്ര നേരമായി ഞാൻ അതിൽ ട്രൈ ചെയ്യുന്നു… സാവിത്രിയമ്മ പറഞ്ഞു..
അമ്മേ ഞാൻ ദേ ഓട്ടം കഴിഞ്ഞ് വരുന്ന വഴിയാണ്. എന്റെ ഫോൺ കാണാൻ ഇല്ല. എവിടെയാ വച്ചു മറന്നതെന്ന് ഓർമയില്ല. ഇപ്പൊ വരുന്ന വഴിയിൽ വിച്ചുവിനെ കിട്ടിയപ്പോൾ അവന്റെ ഫോണിൽ നിന്ന് വിളിച്ചതാണ്.. ഞാനൊരു ഒരു മണിക്കൂറിൽ അവിടെ എത്തും…
മ്മ്.. നീ വായോ.. നിന്റെ അനിയനും മൂത്ത പെങ്ങളും ഒക്കെ വന്നിട്ടുണ്ട്. നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ എന്നാ പറഞ്ഞത്. എന്താ കാര്യം എന്നൊന്നും പറഞ്ഞില്ല..
മ്മ്.. സാരല്ല്യ.. ഞാൻ കുറച്ച് കഴിയുമ്പോഴേക്കും അവിടെ എത്തിക്കോളാം… ഞാൻ വെക്കാണ് അമ്മേ..
എന്താടാ കാര്യം.. ആരാ വന്നിട്ടുള്ളത് അവിടെ.. അഭി ഫോൺ വച്ചതും വിച്ചു ചോദിച്ചു..
ജിത്തുവും നിധിയും ഒക്കെ വന്നിട്ടുണ്ട് എന്ന്..
ഓഹ്…ഇന്നലത്തെന്റെ ബാക്കി അറിയാൻ ആവും… പിന്നെ ഹരി സാർ നിന്നോട് ആളുടെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞതും കേട്ടല്ലോ.. അപ്പൊ ഇനി നിന്റെ തീരുമാനം അറിയാൻ ആവും. ചില്ലറയല്ലല്ലോ ആ രണ്ടെണ്ണം കൂടി നിന്നെ പരിഹസിച്ചിട്ടുള്ളത്. ഇതിപ്പോ നീ അങ്ങാനും രക്ഷപെട്ടാലോ… വിച്ചു ഒരു പുച്ഛത്തോടെ പറഞ്ഞു..
മ്മ്.. അതെന്തെങ്കിലും ആകട്ടെ. അവരുടെ കാര്യം ഞാൻ ഇപ്പൊ അങ്ങനെ ശ്രദ്ധിക്കാറില്ല… പിന്നെ എന്തൊക്കെ ആയാലും കൂടെപ്പിറപ്പുകൾ അല്ലേ അങ്ങോട്ട് മുഴുവനായി അറുത്തു മുറിച്ച് കളയാൻ പറ്റുന്നില്ല എന്ന് മാത്രം..
അല്ലടാ.. നിന്റെ കല്യാണക്കാര്യം അവരോട് പറയുന്നില്ലേ. ഇന്ന് പറയാം നമുക്ക്. രണ്ടിന്റേം ഇഞ്ചി കടിച്ച പോലെ ഉള്ള മുഖം എനിക്ക് നേരിട്ടു കാണണം. ഞാനും വരാം വീട്ടിലേക്ക്..
മ്മ്.. നിനക്ക് അവരോട് നേരിട്ടു പറയണം എന്ന് ഇത്ര ആഗ്രഹം ഉണ്ടെങ്കിൽ നീ പോരെ.. നമുക്ക് ഇന്ന് തന്നെ കാര്യം പറയാം..
ഓക്കേ.. പിന്നെയും വിച്ചു എന്തോ പറയാൻ പോയപ്പോഴേക്കും നവി അവരെ വിളിച്ചിരുന്നു ഉള്ളിലേക്ക്…
……………….
ആരാ അമ്മേ വിളിച്ചത് വല്യേട്ടൻ ആണോ… സാവിത്രിയമ്മ ഫോൺ വച്ചതും ആമി ചോദിച്ചു..
ആ.. അവൻ ഓട്ടം കഴിഞ്ഞ് വരുന്ന വഴിക്ക് വിച്ചുവിനെ കണ്ടുപോലും. അവന്റെ ഫോണിൽ നിന്ന് വിളിച്ചതാ.. അഭിയുടെ ഫോൺ കാണാൻ ഇല്ലാന്ന്.. എവിടെ പോയോ ആവോ..
അപ്പൊ അതുകൊണ്ടാണ് അല്ലേ നമ്മൾ വിളിച്ചിട്ടൊന്നും കിട്ടാഞ്ഞത്. ഞാൻ ആകെ പേടിച്ച് തുടങ്ങിയിരുന്നു എന്താണാവോ എന്നാലോചിച്ചിട്ട്…
ഓഹ്.. അതിനിപ്പോ എന്താ ഇത്ര പേടിക്കാൻ ഉള്ളത്.. വല്യേട്ടൻ ഇള്ളാകുഞ്ഞ് ഒന്നും അല്ലല്ലോ വഴി തെറ്റിപോകാൻ… ആമിയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ നിധി പറഞ്ഞു..
ആടി.. നിനക്ക് അങ്ങനെ ഒക്കെ തോന്നും ദേ ഇവൾക്ക് തോന്നിയ പോലത്തെ വികാരങ്ങൾ ഒക്കെ തോന്നണമെങ്കിൽ കൂടപ്പിറപ്പിനോട് ഒരിത്തിരിയെങ്കിലും സ്നേഹം വേണം.. അതിനെങ്ങനെയാല്ലേ അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്ന നിന്നെപോലെ ഉള്ളവർക്ക് എന്ത് കൂടപ്പിറപ്പ് എന്ത് അമ്മ.. അല്ലേ മോളെ.. സാവിത്രിയമ്മ നിധിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
അമ്മക്ക് ഞാനും കുഞ്ഞേട്ടനും എന്ത് പറഞ്ഞാലും അല്ലെങ്കിലും കുറ്റം ആണല്ലോ.. വല്യേട്ടൻ മാത്രം അല്ലേ അമ്മയുടെ കണ്ണിൽ പിടിക്കുകയുള്ളൂ… നിധി ദേഷ്യത്തോടെ പറഞ്ഞു..
അതേടി അവൻ തന്നെയേ എന്റെ കണ്ണിൽ പിടിക്കുകയുള്ളൂ. അത് മക്കൾക്ക് ഇപ്പോഴാണോ മനസിലായത്. അവൻ ഒരുത്തൻ ഉണ്ടായതുകൊണ്ടാണെടി മൂദേവി നിന്ന് ചിലക്കാൻ നീ ഇപ്പോഴും ജീവനോടെ ഉള്ളത്. അല്ലെങ്കിൽ നിങ്ങടെ തന്ത പോയപോലെ ഒരു തുള്ളി വിഷത്തിൽ ഞാൻ അവസാനിപ്പിച്ചേനെ എല്ലാം..ദേ രണ്ടിനോടും കൂടി ഞാൻ ഒരു കാര്യം പറയാം എന്റെ കുഞ്ഞിനെ ഏതെങ്കിലും രീതിയിൽ വിഷമിപ്പിക്കാൻ ആണ് ഈ വരവെങ്കിൽ മുറ്റമടിക്കുന്ന കുറ്റിചൂലെടുത്തു വീക്കും ഞാൻ രണ്ടിനേം. പിന്നെ ഈ പടി ഞാൻ കടക്കാൻ സമ്മതിക്കില്ല… കേട്ടല്ലോ.. സാവിത്രിയമ്മ തന്റെ നേരെ നിൽക്കുന്ന നിധിയെയും സൈഡിലായി ഇരിക്കുന്ന ജിത്തുവിനെയും നോക്കി പറഞ്ഞുകൊണ്ട് അപ്പുറത്തേക്ക് പോയി..
എന്തിനാ നിധിയേച്ചി അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഇങ്ങനെ ഓരോ കൊണിച്ചവർത്തമാനം പറയുന്നത്.. ആമി ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു..
നീ പോടീ.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും. അത് ചോദ്യം ചെയ്യാൻ നീ വരണ്ട… നിധി ആമിയുടെ നേരെ ചാടികടിച്ചു..
ആ ഇഷ്ടമുള്ളത് പറയുമ്പോ അമ്മയുമായി ഒരു കൈയകലത്തിൽ നിന്നിട്ട് പറഞ്ഞാൽ മതി. ഇല്ലെങ്കിൽ ഇപ്പൊ വായകൊണ്ട് പറഞ്ഞത് അമ്മ കൈകൊണ്ട് പറയും.. വെറുതെ എന്തിനാ അടി വാങ്ങി കൂട്ടുന്നേ… ആമി അതും പറഞ്ഞ് ഒരു ചിരിയോടെ സാവിത്രിയമ്മയുടെ അടുത്തേക്ക് പോയി..
നിനക്ക് എന്തിന്റെ കേടാ നിധി… അല്ലെങ്കിലേ അമ്മക്ക് നമ്മളെ രണ്ടിനേം പിടിക്കില്ല. അതിന്റെ ആഴം കൂട്ടാൻ ആണോ നീ ഇങ്ങനെ അഭിയേട്ടനെ അതുമിതും പറയുന്നത്. നിനക്ക് അറിയുന്നതല്ലേ അമ്മ വേറെ ആരെ പറഞ്ഞാലും അമ്മയെ എന്തേലും പറഞ്ഞാൽ വരെ മിണ്ടാതെ നിൽക്കും പക്ഷേ അങ്ങേരെ പറഞ്ഞാൽ അത് കേട്ട് നിൽക്കില്ല എന്ന്..
കുഞ്ഞേട്ടാ.. ഞാൻ.. അപ്പോഴത്തെ ഒരു ദേഷ്യത്തിന്…
നീ നിന്റെ ദേഷ്യം ഒന്ന് കുറക്കുന്നതാവും നിന്റെ വായിലെ പല്ലിന്റെ എണ്ണം കുറയാതെ ഇരിക്കാൻ നല്ലത്.. അതും പറഞ്ഞുകൊണ്ട് ജിത്തു എഴുന്നേറ്റ് പുറത്തേക്ക് പോയി.. നിധി പറഞ്ഞത് അബദ്ധമായല്ലോ എന്ന രീതിയിൽ അവിടെ ആലോചനയോടെ നിന്നു..
………………..
അഭിയും വിച്ചുവും കൂടി വന്നതും ലാപ്ടോപ്പിൽ വീഡിയോ പ്ലേ ആയി തുടങ്ങി.. വീഡിയോ പ്ലേ ആയി കുറച്ച് കഴിഞ്ഞതും പിയക്ക് ഒരു കാൾ വരുന്നതും അവൾ പുറത്തേക്ക് ഇറങ്ങാൻ പോകുമ്പോൾ ഒരു വെയിറ്റർ ജ്യൂസും കൊണ്ട് വരുന്നതും കണ്ടു.
നവി സ്റ്റോപ്പ് അയാളുടെ ഫേസ് ഒന്ന് ഫോക്കസ് ചെയ്തേ… കാശി അത് പറഞ്ഞതും നവി അയാളുടെ മുഖം ഫോക്കസ് ചെയ്യ്തു. കാശി തന്റെ മൊബൈലിൽ അയാളുടെ മുഖം ഫോട്ടോ എടുത്തു..
നവി ഞാൻ ഇയാളുടെ ഫോട്ടോ നിന്റെ ഫോണിലേക്ക് വിടുന്നുണ്ട്. ഇയാൾ നമ്മുടെ ഹോട്ടലിൽ വർക്ക് ചെയ്യുന്നതാണോ അതോ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ കൂടെയുള്ളതാണോ എന്ന് അറിയണം.. കാശി പറഞ്ഞു..
ശരി.. കാശിയേട്ടാ… നവി അതിന് സമ്മതം പറഞ്ഞുകൊണ്ട് ബാക്കി വീഡിയോ പ്ലേ ചെയ്യത് തുടങ്ങി.. അതിൽ പിയ ആ ജ്യൂസും എടുത്ത് പോകുന്നതും അവൾ ഹാളിന്റെ അടുത്ത് നിന്ന് കുറച്ച് നീങ്ങി ഒരു ഒഴിഞ്ഞ കോണിൽ ചെന്ന് ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നതും ഇടയിൽ ജ്യൂസ് കുടിക്കുന്നതും കാണാം. കുറച്ച് കഴിയുമ്പോൾ അവൾ തലയിൽ കൈവക്കുന്നതും തളർന്നപോലെ അവിടെ ഉള്ള സോഫയിൽ ഇരിക്കുന്നതും കാണാം.. അല്പനേരത്തിനു ശേഷം അവളുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടിപ്പോയി… കാശിയൊഴികെ ബാക്കി എല്ലാവരും അയാളെ കണ്ടതും മിഴിച്ച് നോക്കി. കാശി മാത്രം എന്താ സംഭവം എന്ന് മനസിലാകാതെ എല്ലാവരെയും മാറി മാറി നോക്കി..
തുടരും….

by