23/04/2026

ശ്രീനന്ദനം : ഭാഗം 30

രചന – കണ്ണന്റെ മാത്രം

എന്താടാ… എന്താ നിന്റെ പ്രശ്നം… രണ്ടാളും കൂടി ഒരുത്തിൽ ഇരുന്നപ്പോൾ അഭി ചോദിച്ചു..

അറിയില്ലെടാ.. എന്തോ ഇപ്പൊ ഒരു കല്യാണത്തിന് മനസ്സ് തയ്യാറാവാത്തതുപോലെ. പിന്നെ നിവേദക്കും എന്നോട് ഒരു അടുപ്പം ഇല്ലെടാ.. ഞങ്ങൾ തമ്മിൽ സംസാരം വരെ കുറവാണ്… വിച്ചു അസ്വസ്ഥത നിറഞ്ഞ മുഖത്തോടെ പറഞ്ഞു..

അത് ആദ്യവും അങ്ങനെ തന്നെ അല്ലേ ആയിരുന്നേ. അപ്പൊ നിനക്ക് പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. ഇപ്പൊ എന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ… അഭി സംശയത്തോടെ അവനോട് ചോദിച്ചു..

അറിയില്ല ടാ.. എനിക്ക് എന്തോ ഇപ്പൊ ഒരു കല്യാണത്തിനോട് താൽപ്പര്യം തോന്നുന്നില്ല അത്ര തന്നെ…

അതെന്താ തോന്നാത്തേ എന്നാണ് ഞാൻ ചോദിച്ചത്. കഴിഞ്ഞ ആഴ്ച വരെ ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക് ഇപ്പോൾ. അതോ നിനക്ക് ആരെയെങ്കിലും ഇഷ്ടം ആയോ…

അഭി അത് ചോദിച്ചതും തിളങ്ങുന്ന കണ്ണുകളും ചുണ്ടിൽ ചിരിയുമായി ഇരിക്കുന്ന ആമിയുടെ രൂപം അവന്റെ ഉള്ളിൽ തെളിഞ്ഞു. അവൻ ഞെട്ടിക്കൊണ്ട് തലയൊന്നു കുടഞ്ഞു..
ഏയ്യ്.. അങ്ങനെ ഒന്നുമില്ല. അങ്ങനെ എന്തേലും ഉണ്ടെങ്കിൽ ഞാൻ നിന്നോട് പറയാതെ ഇരിക്കുമോ… വിച്ചു ഒരു വെപ്രാളത്തോടെ പറഞ്ഞു. അഭിക്ക് തന്റെ ഉള്ളിൽ ഉള്ളത് മനസ്സിലാകുമോ എന്നൊരു പേടി അവന് ഉണ്ടായിരുന്നു. അതാണ് അവൻ ഇങ്ങനെ വെപ്രാളപ്പെട്ടത്….

ഓക്കേ.. സമ്മതിച്ചു.. അതിന് നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്… അഭി വിച്ചുവിനെ കണ്ണുകുറുക്കി നോക്കികൊണ്ട് ചോദിച്ചു…

ആര് വെപ്രാളപ്പെട്ടു… നിനക്കെന്താ അഭി… വിച്ചു അവനെ നോക്കാതെ പറഞ്ഞു…

മ്മ്.. അപ്പൊ പിന്നെ വേറെ എന്താ നിന്റെ പ്രശ്നം. എന്താ ഈ കല്യാണം ഇപ്പൊ വേണ്ടാ എന്ന് പറയുന്നത്…

അറിയില്ലെടാ… എനിക്കെന്തോ…

ഒരു എന്തോയും ഇല്ല. ഇത് കല്യാണം അടുത്ത് വരുമ്പോ ഉണ്ടാകുന്ന ടെൻഷൻ ആണ്. എന്തായാലും അങ്കിൾ ഇത് തീരുമാനിച്ചു. ഇനി നീ ആയിട്ട് അതിന് എതിര് നിൽക്കണ്ട…

മ്മ്.. അതിന് വിച്ചു ഒന്ന് മൂളിയതേ ഉള്ളൂ. അപ്പോഴും അവന്റെ മുഖത്ത് അസ്വസ്ഥത കാണാമായിരുന്നു..

കുറച്ചുനേരം കൂടി അവിടെ ചിലവഴിച്ചിട്ടാണ് അഭിയും പിയയും അവിടെ നിന്ന് തിരിച്ചത്. അവർ തിരികെ എത്തുമ്പോഴേക്കും നിധി പോയിരുന്നു. എന്താ പെട്ടന്ന് പോയത് എന്ന് പിയക്ക് ഒഴികെ ആർക്കും മനസിലായില്ല. വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ അവൾ പോയല്ലോ എന്നാണ് സാവിത്രിയമ്മയും അഭിയും എല്ലാം സമാധാനിച്ചത്…

രണ്ടുദിവസങ്ങൾ കൂടി കടന്നുപോയി. ഇന്നാണ് അഭി ആദ്യമായി ഒറ്റക്ക് ഒരു കേസിന് അപ്പിയർ ആകാൻ പോകുന്നത്. അതിന്റെ ടെൻഷനിൽ ആണ് ആള്.. ആദ്യത്തെ പോലെ അല്ല ഇപ്പൊ കുറച്ചുകൂടി കോൺഫിഡന്റ് ആണ്. തന്നെക്കൊണ്ട് പറ്റും എന്നൊരു വിശ്വാസം അവന് ഉണ്ട്. പിയയുടെ പോസിറ്റീവ് സപ്പോർട്ട് അവനെ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട്. പോകാൻ നേരം അവൻ സാവിത്രിയമ്മയുടെ അനുഗ്രഹം വാങ്ങി…

എന്താടാ ഇന്ന് പ്രത്യേകിച്ച്… സാവിത്രിയമ്മ അവനെ എഴുന്നേൽൽപ്പിച്ചുകൊണ്ട് അതിശയത്തോടെ ചോദിച്ചു..

അമ്മ ഇന്ന് ഞാൻ ഒരു കേസിന് വേണ്ടി കോർട്ടിൽ അപ്പിയർ ആകാൻ പോവുകയാണ്. അമ്മ പ്രാർത്ഥിക്കണം…

എന്റെ മോന് നല്ലതേ വരൂ.. അമ്മയുടെ പ്രാർത്ഥന എപ്പോഴും നിന്റെ കൂടെ ഉണ്ടാവും… സാവിത്രിയമ്മ സന്തോഷത്തോടെ എന്നാൽ ഇടറിയ ശബ്ദത്തിൽ പറഞ്ഞു..

ഓൾ ദി ബെസ്റ്റ് വല്യേട്ടാ… ആമി അവനെ ഒന്ന് പുണർന്നുകൊണ്ട് പറഞ്ഞു..

താങ്ക്സ് മോളെ…

ഇറങ്ങാൻനേരം അവൻ ഒന്നുകൂടി പിയയെ നോക്കി. അവൾ എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണുചിമ്മിക്കാട്ടി.. അവൻ ഒരു ദീർഘ വിശ്വാസത്തോടെ ബൈക്കിൽ കയറി യാത്രയായി..
സാവിത്രിയമ്മയും ആമിയും പിയയും അവൻ പോകുന്നത് നോക്കി നിന്നു. അവനും ബൈക്കിന്റെ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മൂന്ന് സ്ത്രീകളെ…

……………….

അഭി വകീൽ ഓഫീസിൽ എത്തുമ്പോൾ അവിടെ ഹരിയും പപ്പനും ഉണ്ടായിരുന്നു.

ആ.. അച്ഛൻ എന്താ ഇവിടെ.. പ്രത്യേകിച്ച് എന്തെങ്കിലും.. പപ്പനെ കണ്ടതും അഭി ചോദിച്ചു..

എന്റെ മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് നടക്കാൻ പോകുന്ന ദിവസം അല്ലേ ഇന്ന്. അപ്പൊ പിന്നെ ഞാൻ അവനെ നേരിട്ട് വന്ന് വിഷ് ചെയ്യേണ്ടേ അല്ലേ ഹരി… പപ്പൻ അഭിയെ ചേർത്തുപിടിച്ചുകൊണ്ട് ഹരിയോടായി ചോദിച്ചു..

അഭിക്ക് പപ്പൻ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. തന്നെ അദ്ദേഹം സ്വന്തം മകനായി തന്നെ കണ്ടുതുടങ്ങി എന്ന് അവന് മനസിലായി…

ഓൾ ദി ബെസ്റ്റ് മോനേ… പപ്പൻ അവനെ ഒന്ന് പുണർന്നുക്കൊണ്ട് പറഞ്ഞു..

താങ്ക്സ് അച്ഛാ… അവനും അയാളെ തിരികെ പുണർന്നുകൊണ്ട് പറഞ്ഞു..

ഓൾ ദി ബെസ്റ്റ് അഭി എനിക്കറിയാം നീ കലക്കും എന്ന്… ഹരിയും പറഞ്ഞു..

താങ്ക്സ് പപ്പേ… പിയയും ആയുള്ള കല്യാണത്തിന് ശേഷം ഹരി ഭീഷിണിപ്പെടുത്തി അവനെക്കൊണ്ട് സാർ വിളി മാറ്റി
പപ്പ എന്ന് വിളിപ്പിച്ചിരുന്നു..

അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ അഭി അവന്റെ സ്വപ്നങ്ങളിലേക്ക് ഉള്ള യാത്ര ആരംഭിച്ചു…

………………

പിയ അവളുടെ എഡിറ്റോറിയലിന്റെ ലാസ്റ്റ് മിനിറ്റ് ചേഞ്ചസ് നടത്തി കൊണ്ടിരിക്കുകയായിരുന്നു.. അത് ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ ഇടക്കിടക്ക് തന്റെ മൊബൈലിലേക്ക് പോകുന്നുണ്ട്. അഭി എന്താ വിളിക്കാത്തത് എന്നാണ് അവൾ ചിന്തിച്ചിരുന്നത്. പെട്ടന്നാണ് വാതിലും തള്ളി തുറന്ന് അഭി റൂമിലേക്ക് വന്നത്. നേരെ പിയ ഇരിക്കുന്നിടത്തേക്ക് വന്ന് അവളെ എഴുന്നേൽപ്പിച്ച് അവളുടെ ചുണ്ടിലായി അമർത്തി മുത്തിയിരുന്നു അവൻ. കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വച്ചിട്ടുണ്ടെങ്കിലും ചുണ്ടിൽ ഇത് ആദ്യം ആയിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കണ്ണുകൾ മിഴിഞ്ഞു.. ശ്വാസം തടസ്സമായതും അഭി അവളുടെ ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് അവളെ ഇറുക്കെ പുണർന്നു..

താങ്ക് യൂ സോ മച്ച് ശ്രീ.. എന്നിൽ ഇത്രയും വിശ്വസിച്ചതിന്… എന്റെ കോൺഫിഡൻസ് ബൂസ്റ്റ്‌ ചെയ്തതിന്… എന്റെ ജീവിതത്തിലേക്ക് വന്നതിന്.. എല്ലാത്തിനും ഒരുപാട് താങ്ക്സ്.. അഭി ഇടറലോടെ പറഞ്ഞു…

അത്രയും നേരം കിട്ടിയ ഉമ്മയുടെ ഹാങ്ങോവറിൽ നിന്നിരുന്ന പിയ അഭിയുടെ ഇടറിയ ശബ്ദം കേട്ടതും അവനെ തന്നിൽ നിന്ന് അകത്തിക്കൊണ്ട് ചോദിച്ചു..

എന്താ നന്ദൻ.. കേസ് എന്തായി…

ഞാൻ വിജയിച്ചു ശ്രീ.. ഇന്നത്തെ കേസ് എനിക്ക് അനുകൂലം ആയിട്ടാണ് വിധി ( കേസ് കഴിഞ്ഞ അന്ന് തന്നെ വിധി വരില്ല എന്നൊക്കെ അറിയാം പക്ഷേ കഥയിൽ ചോദ്യമില്ല ട്ടോ 😅😅).. നീ ആണ് എന്റെ വിജയത്തിന് പിന്നിൽ. നീ തന്ന കോൺഫിഡൻസ് ഒന്നുകൊണ്ടു മാത്രം ആണ് എനിക്ക് കോർട്ടിൽ പതറാതെ പിടിച്ച് നിൽക്കാൻ പറ്റിയത്…

പിയ അഭി തന്നെ ‘നീ’ എന്ന് അഭിസംബോധന ചെയ്യ്തത് പ്രത്യേകം ശ്രദ്ധിച്ചു. ഇത്രയും നാൾ താൻ ആയിരുന്നു.. എന്തോ വല്ലാത്ത ഒരു അകൽച്ച തോന്നുമായിരുന്നു ആ വിളി കേൾക്കുമ്പോൾ. പക്ഷേ ഇപ്പൊ…

ഞാനല്ല നന്ദൻ.. നന്ദന്റെ കഴിവാണ് കേസ് ജയിക്കാൻ കാരണം.. എനിക്ക് ഉറപ്പായിരുന്നു നന്ദൻ ജയിക്കും എന്ന്. എന്നേക്കാൾ ഉറപ്പായിരുന്നു പപ്പക്ക്.. നന്ദൻ ഓരോ കേസിനെ കുറിച്ച് പഠിച്ചു പറയുന്ന പോയ്ന്റ്സ് പപ്പക്ക് വരെ തോന്നാറില്ല എന്നാ പപ്പ പറഞ്ഞത്. അത്രേം കാര്യങ്ങൾ വിശകലനം ചെയ്യാൻ ഉള്ള കഴിവുണ്ട് നന്ദന്..
ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം ഈ കാര്യം. ഇന്ന് രാവിലെ നന്ദൻ പോയപ്പോൾ മുതൽ ടെൻഷൻ ആയിരുന്നു അമ്മക്ക്…

മ്മ്.. ഞാൻ ഒന്ന് ഫ്രഷ് ആയി ഈ ഡ്രസ്സ്‌ ഒന്ന് മാറി വരാം…അഭി അത് പറഞ്ഞതും പിയ അത് സമ്മതിച്ചുകൊണ്ട് പുറത്തേക്ക് പോയി..

……………….

ഒരു മാസം പെട്ടന്ന് കടന്നുപോയി. ഈ ഒരു മാസംകൊണ്ട് നന്ദൻ അത്യാവശ്യം കേസ് ഉള്ള ഒരു വകീൽ ആയിരുന്നു. ഹരിയുടെ ജൂനിയർ എന്നല്ലാതെ തന്നെ അഡ്വക്കേറ്റ് അഭിനന്ദ് എന്നൊരു പേര് സാമ്പാദിക്കാൻ അവന് കഴിഞ്ഞിരുന്നു ഈ കാലയളവിൽ.

പിയയും അഭിയും തമ്മിൽ നല്ലൊരു ബോണ്ടിങ് ഈ കാലയളവിൽ ഉണ്ടായി. രണ്ടാളും പരസ്പരം വളരെ അധികം പ്രണയിക്കുന്നുണ്ട് ഇപ്പോൾ. പക്ഷേ എന്തോ തുറന്നുപറയാൻ എന്തോ ഒരു മടി രണ്ടാൾക്കും. പരസ്പരം പങ്കുവെക്കുന്ന ചുംബനങ്ങളുടെയും പുണരലുകളുടെയും നിറം മാറി തുടങ്ങിയത് രണ്ടാൾക്കും മനസിലായി. പക്ഷേ എന്തോ മുഴുവനായി ഒന്നായി തീരാൻ ഒരു തടസ്സം ഉള്ളതുപോലെ. ചിലപ്പോൾ തങ്ങളുടെ ഇഷ്ടം തുറന്നുപറയാൻ പറ്റാത്തതാവം ആ തടസ്സം എന്ന് തോന്നി തുടങ്ങിയിട്ടുണ്ട് രണ്ടാൾക്കും. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് തന്റെ പാതിയോടുള്ള പ്രണയം തുറന്നു പറയണം എന്ന് അവർ ഉറപ്പിച്ചിരുന്നു..

സാധാരണപോലെ തന്റെ ഓഫീസിലേക്ക് റെഡി ആയി ഇറങ്ങിയതാണ് പിയ. വണ്ടിയിൽ കയറാൻ നേരത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത് നോക്കിയപ്പോൾ മിത്ര ആണ്…

എന്താ മിത്രേച്ചി .. ഈ നേരത്തൊരു വിളി.. പിയ ഫോൺ എടുത്തതും ചിരിയോടെ ചോദിച്ചു..

മിത്രയല്ല ഞാൻ ആണ് മോളെ..
നീ ഇപ്പൊ എവിടെ ആണ്…

വീട്ടിലാണ് കാശിയേട്ടാ.. ദേ ഓഫീസിലേക്ക് ഇറങ്ങാൻ വണ്ടിയിൽ കയറി ഇരിപ്പാണ്..

ആണോ.. മോൾക്ക് ഇന്ന് ഓഫീസിൽ പോകണം എന്ന് നിർബന്ധം ഉണ്ടോ..

ഏയ്യ് ഇല്ല കാശിയേട്ടാ.. എന്താ കാര്യം..

എങ്കിൽ മോള് ഇന്ന് പോകണ്ട ഞാൻ ഇത്തിരി കഴിഞ്ഞാൽ അങ്ങോട്ട് വരാം. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…

എന്താ കാശിയേട്ടാ കാര്യം. ഒരു കാര്യം ചെയ്യ്‌.. കാശിയേട്ടൻ എവിടെ ആണെന്ന് പറയ്.. ഞാൻ അങ്ങോട്ട് വരാം..

ഏയ്യ്.. അത് വേണ്ടമോളെ ഞാൻ ദേ മിത്രയേയും കൊണ്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണ്. അവൾക്ക് ചെറിയ ഒരു തല ചുറ്റൽ..

എന്താ കാശിയേട്ടാ.. പുതിയ ആൾ വരവറിയിച്ചോ…പിയ കുസൃതി ചിരിയോടെ ചോദിച്ചു..

മ്മ്.. പോസിറ്റീവ് ആണ്. അതാ നേരെ ഡോക്ടറുടെ അടുത്തേക്ക് വന്നത്. ഇവളെ വീട്ടിൽ ആക്കിയിട്ട് ഞാൻ വരാം അങ്ങോട്ട്. എന്നിട്ട് നമുക്ക് ഒരുമിച്ച് പുറത്ത് എവിടേലും പോയി സംസാരിക്കാം.. ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല…

ഒക്കെ കാശിയേട്ടാ ഞാൻ ഇവിടെ ഉണ്ടാവും കാശിയേട്ടൻ വിളിച്ചാമതി..

മ്മ്.. പിന്നെ ഒരു കാര്യം.. ഒരു കാരണവശാലും എന്റെ ഫോണിലേക്ക് വിളിക്കേണ്ട. എന്തുണ്ടെങ്കിലും മിത്രയുടെ ഫോണിലേക്ക് വിളിച്ചാൽ മതി കേട്ടോ..

ശരി.. പിയ അത് പറഞ്ഞതും കാശി ഫോൺ വച്ചിരുന്നു.. പിയക്ക് കാശിയുടെ വിളിയിലും സംസാരത്തിലും എന്തൊക്കെയോ ടെൻഷൻ ഉള്ളത് പോലെ തോന്നി. പക്ഷേ എന്താ കാര്യം എന്ന് അവൻ വരാതെ അറിയാൻ കഴിയില്ല എന്നും അവൾക്കറിയാം. എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ അവൻ അങ്ങനെ പറയില്ല എന്ന് അവൾക്കറിയാം..എന്തായാലും അവൻ വരുന്നത് വരെ വെയിറ്റ് ചെയ്യുകയല്ലാതെ വേറെ വഴി ഇല്ല.. അവൾ അതും ആലോചിച്ച് തിരികെ വീടിനുള്ളിലേക്ക് തന്നെ കയറിപ്പോയി..

മോള് ഇന്ന് പോകുന്നില്ലേ.. തിരികെ വരുന്ന പിയയെ കണ്ടതും സാവിത്രിയമ്മ ചോദിച്ചു..

ഇല്ല അമ്മേ എനിക്ക് വീട്ടിൽ ഇരുന്ന് തീർക്കേണ്ട കുറച്ച് വർക്ക്‌ ഉണ്ട്. ഇപ്പോഴാ അത് ഓർമ വന്നത്..

എങ്കിൽ മോള് ഇവിടെ ഉണ്ടാവില്ലേ.. ഞാൻ അമ്മാവന്റെ വീടുവരെ ഒന്ന് പോയിട്ട് വരാം.. അഭി ഇന്ന് ഉച്ചക്ക് മുൻപ് വരും എന്ന് പറഞ്ഞിരുന്നില്ലേ..

ഓഹ്.. അത് ഞാൻ മറന്നു. ഇന്നല്ലേ വിച്ചുവേട്ടന് ഡ്രെസ്സ് എടുക്കാൻ പോകുന്നത്. എന്നോട് ഇന്നലെ പറഞ്ഞിരുന്നു ഇന്ന് ആളുടെ കൂടെ പോണം അതുകൊണ്ട് നേരത്തേ വരും എന്ന്..

മ്മ്.. ഇനി അധികം നാള് ഇല്ലല്ലോ കല്യാണത്തിന്. രണ്ടാഴ്ച അല്ലേ ഉള്ളൂ.. അതൊക്കെ പെട്ടന്ന് കടന്നുപോകും.. ഞാൻ പോയിട്ട് വരാം.. ചോറും കറിയും ഒക്കെ റെഡി ആണ് അവൻ വരുമ്പോ രണ്ടാളും എടുത്തു കഴിക്കണം ട്ടോ… സാവിത്രിയമ്മ അതും പറഞ്ഞിട്ട് ഡ്രെസ്സ് മാറാൻ പോയി. അധികം വൈകാതെ അവർ പോവുകയും ചെയ്തു..

ഉച്ചയോട് അടുത്ത നേരത്താണ് പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..അഭിയാകും എന്ന് അറിയുന്നതുകൊണ്ട് പിയ വേഗം ചെന്ന് വാതിൽ തുറന്നു. എന്നാൽ ബൈക്കിൽ നിന്ന് ഇറങ്ങുന്ന അഭിയുടെ കോലം കണ്ടതും പിയ ഞെട്ടിപ്പോയി…

തുടരും…