രചന – കണ്ണന്റെ മാത്രം
തല പൊട്ടിപൊളിയുന്ന വേദനയോടെ ആണ് പിയ കണ്ണുകൾ തുറന്നത്. കണ്ണിലേക്ക് അടിച്ച പ്രകാശം അസഹനീയം ആയപ്പോൾ തുറന്ന കണ്ണുകൾ അവൾ ഇറുക്കി അടച്ചു. പിന്നെ പതിയെ പതിയെ ആണ് അവൾ കണ്ണുകൾ തുറന്നത്… കണ്ണ് തുറന്നപ്പോൾ അവൾ ആദ്യം തന്നെ കണ്ടത് മുകളിൽ തൂങ്ങിയാടുന്ന ഷാൻഡ്ലിയർ ആണ്. അവൾ പതുക്കെ ചുറ്റും നോക്കി. ഏതോ ഹോട്ടൽ റൂം ആണെന്ന് അവൾക്ക് മനസിലായി… പെട്ടന്നാണ് അവൾക്ക് താൻ ആരുടെയോ കൈക്കുള്ളിൽ ആണെന്ന് മനസിലായത്… അവൾ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ തല അപ്പുറത്തെ സൈഡിലേക്ക് തിരിച്ച് വച്ച് കമന്ന് കിടക്കുന്ന ഒരുത്തനെ ആണ് കാണാൻ കഴിഞ്ഞത്.. ഒരു കൈകൊണ്ട് തന്നെ ചുറ്റിപിടിച്ചിട്ടും ഉണ്ട്.. പിയക്ക് ആകെ തലക്ക് ചൂടുപിടിക്കുന്നത് പോലെ തോന്നി. അവൾ തന്നെ ചുറ്റി പിടിച്ചിട്ടുള്ള ആളുടെ കൈമാറ്റി എഴുന്നേറ്റ് കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്നു. എന്നിട്ട് താൻ എങ്ങനെ ഇവിടെ എത്തിയെന്ന് ചിന്തിച്ചെടുക്കാൻ കാര്യമായി ശ്രമിച്ചു.
ഇന്നലെ…..
പിയയും നവിയും കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു. അവർ പരസ്പരം നോക്കി കണ്ണ് മിഴിച്ചു. പിന്നെ കാത്തുവിനെ നോക്കിയപ്പോൾ അവിടെ ആള് കരയാനുള്ള തയ്യാറെടുപ്പിൽ കണ്ണ് നിറച്ച് നിൽക്കുന്നുണ്ട്.. പിയ ഉടനെ പപ്പന്റെ അടുത്തേക്ക് ചെന്നു.
അച്ഛാ.. എന്ത് വിഡ്ഢിത്തരം ആണ് ഈ പറയുന്നത്. നവിയേട്ടൻ എനിക്ക് എന്റെ ബ്രദർ ആണ്.. അല്ലാതെ.. ശബ്ദം കുറച്ച് എന്നാൽ ഹരിക്കും പപ്പനും കേൾക്കാൻ പാകത്തിൽ അവരെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു…
അതിന് നീയും ആയിട്ടാണ് അവന്റെ കല്യാണം തീരുമാനിച്ചത് എന്ന് ആരാ പറഞ്ഞത്… പപ്പൻ അവളെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു
ഏഹ്.. അപ്പൊ അച്ഛന് ഞാൻ അറിയാതെ മറ്റൊരു മകൾ ഉണ്ടോ… ഒരു ജാരസന്തതി… പിയ മനസ്സിൽ ആലോചിച്ചു. മനസ്സിൽ പറഞ്ഞേ ഉള്ളൂ ഉറക്കെ പറയാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല..
അങ്ങോട്ട് മാറി നിൽക്ക് പെണ്ണേ.. ഞാൻ അവരെ സ്റ്റേജിലോട്ട് വിളിക്കട്ടെ.. പപ്പൻ പിയയെ മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു..
നവി.. വാ മോനേ.. പപ്പൻ നവിയെ നോക്കി വിളിച്ചു.
നവി യാന്ത്രികമായി സ്റ്റേജിലേക്ക് കയറി. അവന്റെ കണ്ണുകൾ അപ്പോഴും കാത്തുവിലായിരുന്നു…
കാത്തു.. വാ മോളെ… ഹരി കാത്തുവിനെ സ്റ്റേജിലേക്ക് വിളിച്ചു. നവിയും കാത്തുവും പിയയും ഒരുപോലെ ഞെട്ടി. പക്ഷേ അവർക്ക് സന്തോഷം ആയിരുന്നു.. പിയ കാശിയുടെയും മിത്രയുടെയും പാറുവിന്റെയും ഒക്കെ മുഖത്തേക്ക് നോക്കി. എല്ലാവരും ഒരു ചിരിയോടെ ആണ് നിൽക്കുന്നത്..
പിയ ഹരിയെയും പപ്പനെയും നോക്കി കണ്ണുരുട്ടി കാട്ടി.. രണ്ടാളും അവളെ നോക്കി ഇളിച്ചുകാട്ടി..
ഇത് കാശിക.. എന്റെ ഫ്രണ്ട് ശങ്കറിന്റെയും മായയുടെയും മകൾ. എനിക്ക് മകൾ തന്നെ ആണ് കാത്തു. ഇവരുടെ എൻഗേജ്മെന്റ് ആണ് ഇവിടെ നടക്കാൻ പോകുന്നത്… പപ്പൻ അത് പറഞ്ഞതും എല്ലാവരും കൈ അടിച്ചു..
കാത്തുവിന്റയും കാശിയുടെയും കണ്ണുകൾ അവരുടെ മാതാപിതാക്കളുടെ ഓർമയിൽ നിറഞ്ഞു. പക്ഷേ അവർക്ക് സന്തോഷം തന്നെ ആയിരുന്നു. ഈ കുടുംബം തങ്ങളെ ഇത്രേം സ്നേഹിക്കുന്നുണ്ടല്ലോ എന്ന് ആലോചിച്ചിട്ട്..
എല്ലാവരും സ്റ്റേജിലേക്ക് വന്നതും കാശി ഒരു റിങ് എടുത്ത് കാത്തുവിന്റെ കൈയിൽ കൊടുത്തു അതുപോലെ ഹരിയും നവിയുടെ കൈയിലേക്ക് ഒരു റിങ് കൊടുത്തു. എല്ലാവരുടെയും അനുഗ്രഹത്തോടെ അവർ അവരുടെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് കടന്നു… നവിക്ക് ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. അവൻ
കാത്തു അണിയിച്ച മോതിരത്തിലേക്ക് ഒന്നുകൂടി നോക്കി. പിന്നെ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. കാത്തു നിറഞ്ഞ കണ്ണോടെ അവനെ നോക്കി. അവൻ അവളെ നോക്കി കണ്ണ് ചിമ്മിക്കാട്ടി..
അല്ല പപ്പേ.. നിങ്ങൾ എങ്ങനെയാ അറിഞ്ഞത് ഇവര് തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്.. മിത്രേചിക്ക് മാത്രം അല്ലേ അറിയുമായിരുന്നുള്ളൂ… പിയ സംശയത്തോടെ ചോദിച്ചു..
നിങ്ങൾ എന്താ കരുതിയത്. ഞങ്ങൾ ഒക്കെ പൊട്ടന്മാർ ആണെന്നോ. ഞങ്ങൾക്ക് പണ്ടേ അറിയാമായിരുന്നു ഈ രണ്ടും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. പിന്നെ ഈ രണ്ടും തമ്മിൽ എന്തിനോ ഒരു അകൽച്ച തോന്നിയിരുന്നു ഇപ്പൊ കുറച്ച് നാളുകൾ ആയിട്ട്. ഇനിയും ഞങ്ങൾ ഇടപെട്ടില്ലെങ്കിൽ ഇതിങ്ങനെ നീണ്ട് പോയാലോ എന്നാലോചിച്ചിട്ടാണ് ഇങ്ങനെ ഒരു സർപ്രൈസ് ഞങ്ങൾ പ്ലാൻ ചെയ്യ്തത്… ഹരി പറഞ്ഞു നിർത്തി..
എന്തായാലും എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞില്ലേ അവർ ഒരു ഡാൻസ് ഒക്കെ കളിക്കട്ടെ അല്ലേ… പിയ പറഞ്ഞതും ബാക്കി ഉള്ളവരും അതിന് തലയാട്ടികൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി.. അതോടെ ഹാളിലെ ലൈറ്റ് മൊത്തം ഡിം ആയി.. അവിടെ ആകെ സോഫ്റ്റ് മ്യൂസിക് നിറഞ്ഞു .. എല്ലാവരും അവരവരുടെ പെയറിന്റെ ഒപ്പം മ്യൂസിക്കിനൊത്ത് പതിയെ ഡാൻസ് കളിച്ചു തുടങ്ങി..
പിയ എല്ലാവരുടെയും ഡാൻസ് ഒക്കെ നോക്കി നിൽക്കുമ്പോൾ ആണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അറിയാത്ത നമ്പറിൽ നിന്നാണ് എന്ന് കണ്ടതും അവൾ അത് കട്ട് ചെയ്തുവിട്ടു. പിന്നെയും കാൾ വന്നപ്പോൾ അവൾ ഫോണും എടുത്ത് ഹാളിന്റെ പുറത്തേക്ക് നടന്നു. അവൾ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് ഒരു വെയ്റ്റെർ ജ്യൂസും കൊണ്ട് അവളുടെ അടുത്തേക്ക് വന്നത്.. നല്ല ദാഹത്തിൽ ആയിരുന്നതുകൊണ്ട് അതും എടുത്തിട്ടാണ് പുറത്തേക്ക് പോയത്… പുറത്തെത്തി കാൾ എടുത്ത് നോക്കിയപ്പോൾ അപ്പുറത്തെ സൈഡിൽ നിന്ന് അനക്കം ഒന്നും ഇല്ല. അവൾ ആ നമ്പറിലേക്ക് തിരികെ വിളിക്കാൻ നോക്കി. പക്ഷേ അവൾക്ക് കാൾ കണക്ട് ആവുന്നുണ്ടായില്ല.. ഇതിനിടയിൽ അവൾ ആ ജ്യൂസ് കുടിച്ച് തീർത്തിരുന്നു.. ജ്യൂസ് കുടിച്ച് കുറച്ചുകഴിഞ്ഞതും ആകെ ഒരു വല്ലായ്മ തോന്നി അവൾക്ക്. അവൾ അവിടെ അടുത്തായിട്ട് ഇട്ടിട്ടുള്ള സോഫയിലേക്ക് ഇരുന്നത് മാത്രമേ ഓർമ്മയുള്ളൂ…
Present….
ഛെ… എന്നാലും എങ്ങനെ ആവും ഞാൻ ഇന്റോക്സിക്കേറ്റഡ് ആയത്. ഇനി ഞാൻ ജ്യൂസ് ആണെന്ന് കരുതി കുടിച്ചത് ഹാർഡ് ഡ്രിങ്ക് വല്ലതും ആയിരുന്നോ.. പക്ഷേ.. ഒരു ഡ്രിങ്ക് കൊണ്ടൊക്കെ ഇങ്ങനെ ബോധം പോവില്ലല്ലോ.. ഇനി ഇത് വല്ല ട്രാപ്പും ആണോ..പിയ ആലോചിച്ചു. അവൾ ഒന്നുകൂടി ആ റൂമിന് ചുറ്റും നോക്കി. തങ്ങളുടെ ഹോട്ടലിലെ തന്നെ ഏതോ സ്യൂട്ട് റൂം ആണ് അതെന്ന് അവൾക്ക് മനസിലായി..
അവൾ തന്റെ അടുത്തായി മുഖം തലയിണയിലേക്ക് പൂഴ്ത്തി ഉറങ്ങുന്നവനെ ഉണർത്താൻ നോക്കി..
ഡോ… മിസ്റ്റർ… അവൾ അയാളെ കുലുക്കി വിളിച്ചിട്ടും ഒരനക്കവും ഇല്ലാതെ കിടക്കുന്നത് കണ്ടതും അവൾക്ക് മനസിലായി അയാളും ബോധം ഇല്ലാതെ ആണ് കിടക്കുന്നത് എന്ന്… അവൾക്ക് അവളുടെ സംശയങ്ങൾ ഏകദേശം ഉറപ്പായി. അവൾ വേഗം ബാത്‌റൂമിലേക്ക് പോയി ഫ്രഷ് ആവാനായി….
……………….
കാശി എന്തേലും വിവരം കിട്ടിയോ മോനെ… പപ്പൻ നിസ്സഹായതയോടെ ചോദിച്ചു..
അത് അങ്കിൾ… കാശി എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു…
ഇന്നലെ മുതൽ കാണാതെ ആയതാണ് പിയയെ. അവൾ പോകാൻ സാധ്യത ഉള്ളയിടത്തെല്ലാം തപ്പി. പക്ഷേ അവളെ കുറിച്ച് ഒരു വിവരവും ഇല്ല…
CCTV ഫൂട്ടേജസ് നോക്കിയോ.. കാശിയേട്ടാ.. നവി ടെൻഷനോടെ ചോദിച്ചു..
നോക്കി നവി. അതിൽ അവൾ ഫോണും കൊണ്ട് പുറത്തേക്ക് പോകുന്നത് വരെ ഉണ്ട്. പിന്നെ അങ്ങോട്ട് cctv ആരോ എന്തോ ചെയ്തിട്ടുണ്ട്. കാരണം പിന്നെ അങ്ങോട്ട് ഒരു 1 മണിക്കൂർ നേരത്തെ ഒരു ദൃശ്യങ്ങളും അതിൽ പതിഞ്ഞിട്ടില്ല. ആരോ ഓഫ് ചെയ്തതാണെന്ന് തോന്നുന്നു.
അപ്പൊ അത് ആരാണെന്ന് കണ്ടെത്തിയാൽ അറിയില്ലേ.. അവർ എന്തിന് ഇത് ചെയ്യ്തു എന്ന്… ഹരി ചോദിച്ചു..
കഴിയും പക്ഷേ ഇത്രേം ഷോർട്ട് നോട്ടീസിൽ ആ ഹോട്ടൽ സ്റ്റാഫിനെ മുഴുവൻ ചോദ്യം ചെയ്യുക എന്ന് പറഞ്ഞാൽ it’s not practical.. ആദ്യം നമുക്ക് പിയയെ കണ്ടെത്താൻ ശ്രമിക്കാം.. അതിന് ശേഷം നമുക്ക് ഇതിന്റെ അടിത്തട്ട് വരെ പോകാം..
കാശിയേട്ടാ.. എനിക്ക് തോന്നുന്നത് അവൾ ആ ഹോട്ടലിൽ തന്നെ ഉണ്ടാവും എന്നാണ്.. കാരണം പുറത്തേക്ക് പോകാൻ ആണെങ്കിൽ അവൾ നമ്മളോട് ഒന്ന് പറയാതെ പോകില്ലല്ലോ… നവി പറഞ്ഞു..
പക്ഷേ ആ ഹോട്ടലിൽ പരിശോധിക്കുക എന്നൊക്കെ വച്ചാൽ അത് നടക്കുന്ന കാര്യം അല്ല. ഇത്രേം വലിയ ഹോട്ടൽ ആവുമ്പോൾ അവിടെ താമസിക്കുന്നവർ സാധാരണക്കാർ ആവില്ല. അങ്ങിനെ ഒരു സിറ്റുവേഷനിൽ ഓരോ റൂമും തപ്പുക എന്നൊക്കെ പറഞ്ഞാൽ.. അത് നടക്കില്ല. പിന്നെ പിയ അവളുടെ ഇഷ്ടത്തിന് പുറത്തേക്ക് പോയത് ആവണം എന്നില്ലല്ലോ.. നമുക്ക് ഒരു സാധ്യതയും തള്ളി കളയാൻ പറ്റില്ല…
പക്ഷേ കാശിയേട്ടാ.. ഒരു തട്ടിക്കൊണ്ടുപോകൽ ഒക്കെ പിയയുടെ കേസിൽ എളുപ്പം ആകില്ലല്ലോ.. അവൾ മാർഷ്യൽ ആർട്സിൽ ട്രെയിനിങ് കിട്ടിയിട്ടുള്ളത് അല്ലേ. അപ്പൊ അങ്ങനെ ഒരു സിറ്റുവേഷൻ ഒക്കെ ഓവർക്കം ചെയ്യാൻ അവൾക്ക് പറ്റില്ലേ..
അങ്ങനെ ഒരു ഫൈറ്റ് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് അവളെങ്കിലോ.. ഒരു ഇന്റോക്സിക്കേറ്റഡ് അവസ്ഥ… അങ്ങനെ ആണെങ്കിൽ.. കാശി മുഴുവനാക്കാതെ നിർത്തി..
കാശി.. എന്റെ മോള്.. പപ്പൻ സങ്കടത്തോടെ പറഞ്ഞു…
ഏയ്യ് അങ്കിൾ വിഷമിക്കാതെ.. പിയക്ക് ഒന്നും വരില്ല.. ഞാൻ ആ ഹോട്ടലിന് ചുറ്റും ആൾക്കാരെ നിർത്തിയിട്ടുണ്ട്. എന്തെങ്കിലും രീതിയിൽ ഒരു സംശയം തോന്നിയാൽ അവർ അപ്പോൾ എന്നെ വിളിക്കും…
പക്ഷേ എന്തൊക്കെ കേട്ടിട്ടും അയാൾക്ക് സമാധാനിക്കാൻ കഴിയുന്നുണ്ടായില്ല.. ആർക്കും അയാളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് മനസിലാകുന്നുണ്ടായില്ല. പാറുവും കാത്തുവും മിത്രയും ഒക്കെ കരച്ചിലിൽ ആയിരുന്നു. ഹരി സ്ട്രോങ്ങ് ആയി നിൽക്കുന്നുവേങ്കിലും അയാൾക്കും ആകെ പേടിയായി തുടങ്ങിയിരുന്നു…
ആ സമയത്താണ് നവിയുടെ ഫോൺ അടിക്കുന്നത്.. അവൻ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് ഫോണും എടുത്ത് അവന്റെ റൂമിലേക്ക് പോയി..
………..
പിയ ബാത്‌റൂമിൽ നിന്നും ഇറങ്ങി. ആദ്യം തന്നെ അവിടെ ഉള്ള ഫോൺ ആണ് എടുത്ത് നോക്കിയത്. അതിന്റെ കേബിൾ ആരോ കട്ട് ചെയ്യ്ത് ഇട്ടിട്ടുണ്ട്… അവൾ വേഗം പോയി വാതിൽ ഒന്ന് തുറക്കാൻ നോക്കി. പക്ഷേ അതും ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായില്ല.. അതോടെ അവൾ ഉറപ്പിച്ചു ഇതാരോ തന്നെ കുടുക്കാൻ വേണ്ടി ചെയ്തിട്ടുള്ളതാണ് എന്ന്.. എങ്കിലും ആരായിരിക്കും അയാൾ.. അവൾ ബെഡിൽ കമന്ന് മുഖം തലയിണയിലേക്ക് പൂഴ്ത്തി ഉറങ്ങുന്ന ആളെ നോക്കി ആലോചിച്ചു..
എടോ… മിസ്റ്റർ… ഹലോ… അവൾ അയാളെ കുലുക്കി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ ആൾക്ക് ഒരനക്കവും ഉണ്ടായിരുന്നില്ല…
ഇനിയും വെറുതെ വിളിച്ച് സമയം കളഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കി പിയ അവിടെ സൈഡ് ടേബിളിൽ ഇരിക്കുന്ന ജഗിലെ വെള്ളം മുഴുവൻ അവന്റെ തല വഴി കമഴ്ത്തി. എന്നിട്ട് കുറച്ച് നീങ്ങി നിന്നു. അങ്ങാനും അടികിട്ടിയാലോ.. കുട്ടിക്ക് പേടിയുണ്ടേ..
തലയിലൂടെ വെള്ളം വീണതും ബോധം പോലും ഇല്ലാതെ ഉറങ്ങിയിരുന്ന ആൾ ഒരു ഞെട്ടലോടെ ഉണർന്നു. കണ്ണുകൾ തുറന്നെങ്കിലും അയാൾക്ക് എഴുന്നേൽക്കാൻ കഴിയുന്നുണ്ടായില്ല. എങ്ങനെ ഒക്കയോ തപ്പി പിടിച്ച് എഴുന്നേൽക്കാൻ അയാൾ ശ്രമിക്കുന്നത് കണ്ടപ്പോൾ പിയയും അയാളെ അതിന് സഹായിച്ചു..
എഴുന്നേറ്റ് തലയിൽ കൈ താങ്ങി ഇരിക്കുന്ന ആളുടെ മുഖം കണ്ടതും പിയയുടെ കണ്ണുകൾ മിഴിഞ്ഞു..
താനോ… താനെങ്ങനെ ഇവിടെ… മിഴിഞ്ഞ കണ്ണോടെ അവൾ ചോദിച്ചു..
തുടരും….

by