രചന : കണ്ണൻ്റെ മാത്രം
അവരുടെ കല്യാണം എത്രയും വേഗം നടത്തണം എന്നൊരു തീരുമാനത്തോടെ ആണ് അന്ന് എല്ലാവരും പിരിഞ്ഞത്… വിച്ചു അഭിയെ തരത്തിന് കിട്ടിയപ്പോൾ ആമിക്ക് അവനോടുള്ള ഇഷ്ടം ഇതുവരെ അവനോട് പറയാത്തതിന് നന്നായി സംസ്കൃത ശ്ലോകം ചൊല്ലിക്കൊടുത്തു… ഇനിയും തെറിവിളിച്ചാൽ ഈ കല്യാണം ഇനിയും രണ്ടു കൊല്ലം കഴിഞ്ഞേ നടത്തു എന്ന അഭിയുടെ ഭീഷിണിയിൽ ആണ് വിച്ചു ഒന്ന് ഒതുങ്ങിയത്.. അതോടെ അഭിയെ ഒന്ന് നോക്കിപേടിപ്പിച്ചിട്ടാണ് അവൻ പോയത്… വിച്ചുവിനെ പുച്ഛിച്ച് തിരിഞ്ഞപ്പോൾ ആണ് അവിടെ അടുത്ത ആൾ മുഖം വീർപ്പിച്ചു നിൽക്കുന്നത് അഭി കണ്ടത്…
ഒരുത്തന്റെ വക ഭരണിപ്പാട്ട് കഴിഞ്ഞേ ഉള്ളൂ.. ഇനി ഇവളുടെ വക എന്താണാവോ.. ഒരു സർപ്രൈസ് കൊടുക്കുന്നത് ഇത്രയും വലിയ കുറ്റമാണോ… അഭി മനസ്സിൽ ദയനീയമായി ആലോചിച്ചുകൊണ്ട് ആമിയുടെ അടുത്തേക്ക് ചെന്നിട്ട് പതിയെ അവളെ വിളിച്ചു…മോളേ….വല്യേട്ടൻ എന്നോട് മിണ്ടണ്ട… അവൾ മുഖം ഒന്നുകൂടി കയറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു…അതെന്താ ഞാൻ മിണ്ടിയാൽ… അഭി അവളുടെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു…
ഞാൻ ഇവിടെ ഇത്രേം വിഷമിച്ച് നടക്കുന്നത് കണ്ടിട്ടും ഇന്ന് വിച്ചുവേട്ടനൊക്കെയാണ് കാണാൻ വരുന്നതെന്ന് ഒരു വാക്ക് പറയാൻ തോന്നിയോ… ഹോ.. എന്റെ എന്തോരം കണ്ണുനീർ ആണ് വേസ്റ്റ് ആയത്…നിന്നോട് ആരാ വെറുതെ കിടന്ന് മോങ്ങാൻ പറഞ്ഞത്.. അതല്ലേ കണ്ണുനീർ വേസ്റ്റ് ആയത്.. പിന്നെ ഇന്ന് രാവിലെ ഞാൻ നിന്നോട് എത്ര പ്രാവശ്യം വിച്ചുവിന്റെ കാര്യം പറയാൻ ശ്രമിച്ചു.. അപ്പൊ നീ അല്ലേ വലിയ സീരിയൽ നടി കളിച്ച് കുറേ സെന്റിയും അടിച്ച് ഇനി എനിക്കൊന്നും കേൾക്കണ്ട എന്നും പറഞ്ഞ് എഴുന്നേറ്റ് പോയത്…അഭി ഒരു ആക്കി ചിരിയോടെ ചോദിച്ചു…
അത്… അതുപിന്നെ ഞാൻ കരുതി ഏട്ടൻ വിച്ചുവേട്ടനെ മറക്കാൻ പറയാൻ ആണ് വന്നതെന്ന്… അതല്ലേ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്… ആമി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു….മ്മ്…. എന്റെ മോള് ഹാപ്പി അല്ലേ…. അഭി ആമിയോട് ചോദിച്ചു..ഒരുപാട്… ഞാൻ രാവിലെ സീരിയൽ ഡയലോഗ് പറഞ്ഞതൊന്നും അല്ല.. എന്റെ ഏട്ടൻ എനിക്ക് വേണ്ടി ഏറ്റവും ബെസ്റ്റ് ഡിസിഷൻസെ എടുക്കാറുള്ളു.. എനിക്ക് നല്ലത് വരണം എന്നേ ചിന്തിക്കൂ എന്ന് എനിക്കറിയാം.. ഇന്ന് ഇപ്പൊ വിച്ചുവേട്ടൻ അല്ല വന്നിരുന്നതെങ്കിൽ പോലും ഞാൻ തടസ്സം നിൽക്കില്ലായിരുന്നു.. രാവിലെ പറഞ്ഞത് സത്യം തന്നെ ആണ്.. കുറച്ച് സമയം എടുത്താലും ഞാൻ വിച്ചുവേട്ടനെ മറക്കാൻ ശ്രമിച്ചേനെ…ആമി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തികൊണ്ട് പറഞ്ഞു..
ഇനിയിപ്പോ അതൊന്നും ആലോചിക്കേണ്ട.. നിങ്ങൾക്ക് ബെസ്റ്റ് തരുന്നതിനേക്കാളും നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് നല്ലതാണെങ്കിൽ അത് തരുമ്പോൾ ആണ് ഒരേട്ടൻ എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നത്… നീ എന്നും ഇതുപോലെ ഹാപ്പി ആയി ഇരുന്നാൽ മതി അതിലും വലിയ സന്തോഷം ഞങ്ങൾക്ക് വേറെ ഇല്ല… അവൻ ആമിയുടെ നെറുകയിൽ മുത്തികൊണ്ട് പറഞ്ഞു…
പിയയും സാവിത്രിയമ്മയും ഒരു ചിരിയോടെ അവരെ നോക്കിയപ്പോൾ നിധിയുടെ ഉള്ളിൽ സങ്കടം ആയിരുന്നു.. ഇനിയൊരിക്കലും അഭി അവളെ ഉള്ളു തുറന്ന് ഇതുപോലെ സ്നേഹിക്കില്ല എന്ന് അവൾക്കറിയാം… അത്രയധികം അവൾ അഭിയെ കുത്തി നോവിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ട്… ഈ വാക്കുകൾക്ക് ഒരു പ്രേത്യേകത ഉണ്ട്.. പറയുന്നവർക്ക് അത് പറയാം പിന്നെ മറക്കാം.. പക്ഷേ കേൾക്കുന്നവർക്ക് അത് സൃഷ്ട്ടിക്കുന്ന വേദന ചിലപ്പോൾ അവരുടെ മരണം വരെ മറക്കാൻ പറ്റില്ല..പൊറുക്കാൻ പറ്റുമായിരിക്കും പക്ഷേ മറക്കാൻ പറ്റുമോ എന്ന് കാലം തെളിയിക്കണം…
ജിത്തു മാത്രം വലിയ വികാരങ്ങൾ ഒന്നും ഇല്ലാതെ അവിടെ നടക്കുന്നത് മുഴുവൻ നോക്കി നിന്നു… പണം, അധികാരം എന്നീ ഭ്രമങ്ങൾ ഉള്ളിൽ കയറിയാൽ അവിടെ പിന്നെ സ്നേഹബന്ധത്തിനും സഹോദര്യത്തിനും ഒന്നും ഒരു സ്ഥാനവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ജിത്തു.. അവന്റെ ഉള്ളിൽ പണം ഉണ്ടാക്കണം എന്നൊരു വിചാരം മാത്രമേ ഉള്ളൂ.. അവിടെ അമ്മയോ സഹോദരങ്ങളോ ഇല്ല.. പണം മാത്രം…പെണ്ണുകാണലിന്റെ അന്ന് തീരുമാനിച്ചതുപോലെ തന്നെ എത്രയും പെട്ടന്ന് വിച്ചുവിന്റെയും ആമിയുടെയും കല്യാണം നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചു.. നിശ്ചയം ആയിട്ടൊന്നും നടത്താതെ നേരെ കല്യാണം ആണ് എല്ലാവരും പ്ലാൻ ചെയ്യ്തത്.. ഒരാഴ്ച കഴിഞ്ഞു വരുന്ന ഞായറാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. അത് കഴിഞ്ഞാൽ പിന്നെ മൂന്നുമാസം കഴിയണം.. അതുകൊണ്ട് തന്നെ ആദ്യത്തെ മുഹൂർത്തം എടുത്തു.. രണ്ടു വീട്ടിലും കല്യാണത്തിന്റെ തിരക്കാണ്.. വിച്ചുവിന്റെ വീട്ടിൽ ആകെ ഉള്ളൊരു മകന്റെ കല്യാണം ആണെങ്കിൽ അഭിയുടെ അവിടെ അവസാനത്തെ കല്യാണം ആണ്.. അപ്പൊ മോശമാക്കാൻ പറ്റില്ലല്ലോ..
ഇതിനിടയിൽ കാശിയുടെ കേസിന്റെ വിധിയും വന്നു.. അവർക്ക് ഒക്കെ ജീവപര്യന്തം ശിക്ഷയും പിഴയും ആണ് കിട്ടിയത്.. ഈ കേസിൽ പ്രതികളായ എല്ലാവരുടെയും ഡോക്ടർ ഡിഗ്രിയും അവർക്ക് നഷ്ടമാകും.. ശിക്ഷ കഴിഞ്ഞിറങ്ങിയാലും അവർക്ക് ഇനിയൊരിക്കലും ഒരു ഡോക്ടർ ആയി ജോലി ചെയ്യാൻ കഴിയില്ല.. അവരിൽ നിന്നും ഈടാക്കുന്ന പിഴ തുക ബാധിക്കപ്പെട്ടവർക്ക് വീതിച്ചു കൊടുക്കാനും ഉത്തരവ് വന്നു..ഒരു ഇന്റർവ്യൂവിൽ രുദ്രൻ കാശിയുടെ കേസിൽ അവന് പിയയിൽ നിന്നും അഭിയിൽ നിന്നും കിട്ടിയ ഹെല്പ് എടുത്തു പറഞ്ഞിരുന്നു.. അവർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ കേസ് ഇത്രയും പെട്ടന്ന് തെളിയിക്കാൻ പറ്റില്ലായിരുന്നു എന്നും കൂടി അവൻ കൂട്ടിച്ചേർത്തിരുന്നു.. അതോടെ ഒരു കപ്പിൾ എന്ന നിലയിൽ പിയയും അഭിയും ശ്രദ്ധിക്കപ്പെട്ടു… അഭിയുടെ ഈ കേസിന്റെ വിജയം അവരെ ഒന്നുകൂടി ഫേമസ് ആക്കി.. മാധ്യമങ്ങൾ പിയയുടെയും അഭിയുടെയും ഇതുവരെ ഉള്ള നേട്ടങ്ങളും മറ്റും ചികഞ്ഞെടുത്ത് രണ്ടുപേരെയും ഉയരങ്ങളിൽ എത്തിച്ചു… ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ കേരളത്തിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു.. അഭിയേയും പിയയേയും സ്നേഹിക്കുന്ന എല്ലാവർക്കും അവരുടെ വിജയങ്ങൾ ഒരുപാട് സന്തോഷം നൽകി…
………………….
രണ്ടു ദിവസം കൂടിയേ കല്യാണത്തിന് ഉള്ളൂ.. അവിടെ അടുത്തേക്ക് തന്നെ പോകുന്നതുകൊണ്ട് വലിയ വിഷമം ഒന്നും ആമിക്ക് ഉണ്ടായിരുന്നില്ല.. അവൾ ഫുൾ ഹാപ്പി ആയിരുന്നു… എല്ലാവരും കല്യാണ തിരക്കിൽ ആയിരുന്നു.. നിധിയും മഹിയും ജിത്തുവും ആദിയുമെല്ലാം ഇന്നലെ തന്നെ എത്തിയിട്ടുണ്ട് അവിടെ.. ഇനി കല്യാണം കഴിഞ്ഞേ അവർ പോവുകയുള്ളൂ…രണ്ടുദിവസമായി പിയക്ക് വല്ലാത്ത ഒരു ക്ഷീണം ആയിരുന്നു.. സംശയം തോന്നി ഒരു പ്രെഗ്നൻസി കാർഡ് വാങ്ങി അവൾ ചെക്ക് ചെയ്തപ്പോൾ പോസിറ്റീവ് എന്നാണ് കണ്ടത്.. അവൾക്ക് ഒരുപാട് സന്തോഷം തോന്നി.. അവൾ വേഗം അഭിയെ അന്വേഷിച്ച് പുറത്തേക്കിറങ്ങി…
ആമി… നന്ദൻ എവിടെ… കണ്ടിരുന്നോ…
ഏട്ടൻ പന്തലിൽ ഉണ്ട് ഏട്ടത്തി.. ഞാൻ ഇപ്പൊ വിളിക്കാം…വേണ്ട മോളെ.. ഞാൻ പൊക്കോളാം അങ്ങോട്ട്… പിയ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞു…ഏട്ടത്തി… നമുക്ക് എപ്പോഴാ പാർലറിലേക്ക് പോകേണ്ടത്.. അവർ സമയം പറഞ്ഞിരുന്നോ…പോകാനായി തിരിഞ്ഞ പിയയോടായി ആമി ചോദിച്ചു…ഇല്ല ആമി…. നമുക്ക് ഉച്ചക്ക് ഇറങ്ങാം… എങ്കിലേ വൈകീട്ട് ആകുമ്പോഴേക്കും എല്ലാം കഴിഞ്ഞ് തിരികെ വരാൻ പറ്റുള്ളൂ…അവർ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് ആദിയും ജിത്തുവും അങ്ങോട്ട് വന്നത്…
പുറത്ത് പോവുകയാണോ ആദിയേട്ടത്തി.. ആമി ചോദിച്ചു…
ഞാൻ പോകുന്നില്ല ആമി ജിത്തു മാത്രം.. എന്തോ ഒഫീഷ്യൽ കാര്യത്തിന്… ആദി ജിത്തുവിനെ കാട്ടികൊണ്ട് പറഞ്ഞു…മ്മ്… ഏട്ടത്തി വരുന്നുണ്ടോ ഞങ്ങളുടെ കൂടെ പാർലറിലേക്ക്.. ഞാനും വല്യേട്ടത്തിയും പോകുന്നുണ്ട് ഉച്ചക്ക്..ഏയ്യ്.. ഞാൻ ഇല്ല ആമി.. നിങ്ങൾ പോയി വാ.. അതുമാത്രം അല്ല അച്ഛനും അമ്മയും വരും വൈകീട്ട് ചിലപ്പോ.. അപ്പൊ ഞാൻ ഇവിടെ വേണം…ആദി നിങ്ങൾ സംസാരിക്ക് ഞാൻ പോട്ടെ… കുറച്ച് വൈകും.. അവരുടെ സംസാരത്തിനിടയിൽ ജിത്തു ആദിയോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി.. പിയയും അഭിയെ തിരഞ്ഞു പന്തലിലേക്ക് ഇറങ്ങി..
നന്ദൻ… അവിടെ ആരോടോ സംസാരിച്ചു നിന്നിരുന്ന അഭി പിയയുടെ വിളികേട്ടതും തിരിഞ്ഞു നോക്കി..
എന്താ ശ്രീ…ഒന്ന് വരോ.. ഒരു കാര്യം പറയാൻ ഉണ്ട്…ദാ വരുന്നു.. അഭി സംസാരിച്ചു നിന്നിരുന്ന ആളോട് പറഞ്ഞിട്ട് പിയയുടെ അടുത്തേക്ക് ചെന്നു…എന്താ ശ്രീ…പറയാം.. ഇങ്ങോട്ട് വായോ.. പിയ അതും പറഞ്ഞുകൊണ്ട് അഭിയേയും വിളിച്ച് അവരുടെ റൂമിലേക്ക് പോയി..എന്താടോ കാര്യം… എന്തെങ്കിലും പ്രശ്നം ഉണ്ടോ… വാതിൽ കുറ്റിയിട്ട് അവന്റെ മുന്നിലേക്ക് വന്ന പിയയെ നോക്കി അഭി ചോദിച്ചു..പിയ അവന്റെ രണ്ടു കൈയും കൂട്ടിപിടിച്ച് ഒരു കൈ അവളുടെ വയറിലേക്ക് വച്ചിട്ട് മറു കൈയിലേക്ക് ആ ടെസ്റ്റ് കാർഡ് വച്ചുകൊടുത്തു…
അഭി കുറച്ചുനേരം ആകെ ഞെട്ടലോടെ നിന്നു.. പിന്നെ സന്തോഷത്തോടെ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു….എപ്പോഴാ അറിഞ്ഞത്.. എന്തേ ഇങ്ങനെ പെട്ടന്ന് ടെസ്റ്റ് ചെയ്യാൻ തോന്നാൻ… കുറച്ചുനേരത്തിനു ശേഷം അവളിൽ നിന്ന് മാറി അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ടു ചോദിച്ചു…രണ്ടു ദിവസമായിട്ട് വല്ലാത്ത ക്ഷീണം പോലെ ഉണ്ടായിരുന്നു.. പീരിയഡ്‌സ് ലേറ്റ് ആയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.. ഇതുകൂടി ആയപ്പോ ഒരു ചെറിയ ഡൌട്ട് അടിച്ചു.. അതുകൊണ്ട് ഇന്നലെ പുറത്തുപോയപ്പോൾ ഞാൻ ടെസ്റ്റ് കിറ്റ് ഒരെണ്ണം വാങ്ങിയിരുന്നു.. അതിൽ ഇപ്പൊ ചെക്ക് ചെയ്യ്തു…
സോറി ശ്രീ.. ഈ കല്യാണ തിരക്കിനിടയിൽ എനിക്ക് തന്നെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല… അവളുടെ ക്ഷീണത്തിന്റെ കാര്യം കേട്ടപ്പോൾ അഭി വിഷമത്തോടെ പറഞ്ഞു…ഞാൻ പറയാതെ നന്ദന് അറിയില്ലല്ലോ എന്റെ ക്ഷീണത്തിന്റെ കാര്യം… പിന്നെ നന്ദന്റെ തിരക്ക് എനിക്ക് അറിയുന്നതല്ലേ.. അതൊന്നും സാരമില്ല..അമ്മയോട് പറഞ്ഞോ…. അഭി അവളുടെ വയറിന്മേൽ തഴുകികൊണ്ട് ചോദിച്ചു…ഇല്ല.. ആദ്യം നന്ദനോട് പറയെണം എന്ന് തോന്നി.. ഇനി വേണം അമ്മയോട് പറയാൻ…
ആണോ… എന്നാൽ വാ.. നമുക്ക് പറയാം… അതും പറഞ്ഞ് അഭി പിയയേയും കൂട്ടി സാവിത്രിയമ്മയുടെ അടുത്തേക്ക് പോയി..
കാര്യം അറിഞ്ഞ സാവിത്രിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.. എങ്ങും എത്താതെ പോകും എന്ന് പേടിച്ച മകന്റെ ജീവിതം ആണ് ഇപ്പൊ എല്ലാംകൊണ്ടും സന്തോഷമായി പോകുന്നത്.. അവർ നിറഞ്ഞ മനസ്സോടെ അഭിയേയും പിയയെയും പുണർന്നു.. കാര്യം അറിഞ്ഞ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു…ആദിക്കും നിധിക്കും സന്തോഷം തന്നെ ആയിരുന്നു എങ്കിലും കല്യാണം കഴിഞ്ഞിട്ട് കൊല്ലം മൂന്നുന്നാല് കഴിഞ്ഞിട്ടും തങ്ങൾക്കിതുവരെ ഈ ഭാഗ്യം കിട്ടിയില്ലല്ലോ എന്നൊരു വിഷമം അവരുടെ ഉള്ളിൽ ഉണ്ടായി..
അല്ല.. നിങ്ങൾ ഡോക്ടറെ കാണിക്കാൻ പോകുന്നില്ലേ.. വേഗം പോയിപ്പോരെ.. വൈകാൻ നിൽക്കേണ്ട.. വരുന്ന വഴിക്ക് പിയ മോളുടെ വീട്ടിൽ കയറി ഈ വിശേഷം പറഞ്ഞിട്ട് വന്നാൽ മതി കേട്ടോ.. സാവിത്രിയമ്മ പറഞ്ഞു..
നാളെ പോകാം അമ്മേ ഡോക്ടറുടെ അടുത്തേക്ക്.. ഇന്ന് ആമിയുടെ കൂടെ പാർലറിൽ പോണം… അത് നാളെ പോയാൽ ശരിയാവില്ല.. പിയ പറഞ്ഞു…
ഏയ്യ്.. നാളെ കല്യാണതലേന്ന് ആയില്ലേ.. നാളെ നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ശരിയാവില്ല.. ആമിയുടെ കൂടെ നിധിയോ ആദിയോ പൊക്കോളും.. സാവിത്രിയമ്മ മഹിയേട്ടനും അച്ഛനും അമ്മയും അവിടെ നിന്ന് പോന്നിട്ടുണ്ട് അമ്മേ.. അപ്പൊ പിന്നെ ഞാൻ എങ്ങനെയാ.. നിധി നിസ്സഹായതയോടെ ചോദിച്ചു…ഞാൻ പൊക്കോളാം അമ്മേ ആമിയുടെ കൂടെ.. എന്റെ അച്ഛനും അമ്മയും ഒക്കെ വൈകീട്ടെ വരൂ.. ആദി പറഞ്ഞു…
ആ.. എങ്കിൽ നിങ്ങൾ വേഗം റെഡി ആയിക്കോ.. ഞങ്ങൾ ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് നിങ്ങളെ ഇറക്കി തരാം.. തിരികെ വരുമ്പോൾ പിക് ചെയ്യാം.. അല്ല നിങ്ങളുടെ നേരത്തേ കഴിയുകയാണെങ്കിൽ ഒരു ടാക്സി വിളിച്ച് പോരെ..അഭിപറഞ്ഞു…ശരിയേട്ടാ.. ആമിയും ആദിയും സമ്മതിച്ചുകൊണ്ട് തയ്യാറാകാൻ പോയി..പിയയും അഭിയും ഇറങ്ങുമ്പോൾ കൂടെ ആദിയും ആമിയും കൂടി ഇറങ്ങി.. അവരെ പാർലറിൽ ഇറക്കിയിട്ടാണ് അവർ ഹോസ്പിറ്റലിൽ പോയത്…
………………
ഡോക്ടറെ കണ്ട് പിയയുടെ വീട്ടിൽ കയറി വിശേഷം അറിയിച്ച് തിരികെ വരുന്ന വഴി ആയിരുന്നു പിയയും അഭിയും…ശ്രീ… ആമിയെ ഒക്കെ പിക് ചെയ്യേണ്ടേ.. അഭി ചോദിച്ചു…വേണ്ടാ നന്ദൻ.. അവരുടെ നേരത്തേ കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.. ആമി എനിക്ക് മെസ്സേജ് ഇട്ടിട്ടുണ്ട്…ആണോ… എങ്കിൽ നേരെ വീട്ടിലേക്ക് വിടാം അല്ലേ… അതും പറഞ്ഞ് അഭി വണ്ടി നേരെ വീട്ടിലേക്ക് വിട്ടു..നീ എന്താ ഇവിടെ… അവർ വീട്ടിൽ എത്തി വണ്ടി നിർത്തുമ്പോൾ തന്നെ കണ്ടത് വീടിനു മുന്നിൽ ഇളിയോടെ നിൽക്കുന്ന വിച്ചുവിനെ ആണ്…
എന്റെ ചങ്ക് അച്ഛൻ ആകാൻ പോവുകയാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ എങ്ങനെയാ അവനെ വിഷ് ചെയ്യാൻ വരാതെ ഇരിക്കുക.. വിച്ചു ഒരു ഇളിയോടെ പറഞ്ഞു…
അയ്യടാ.. എന്താ അവന്റെ ഒരു ഇളി… പോയേ പോയേ.. നാളെ കഴിഞ്ഞാൽ അവളെ ഞാൻ നിനക്ക് തന്നെ തരാം.. അതുവരെ ഈ പരിസരത്ത് കാണരുത് നിന്നെ.. വിച്ചുവിനെ കൂർപ്പിച്ചു നോക്കികൊണ്ട് അഭി പറഞ്ഞു…നന്ദൻ… വിച്ചു അതിന് എന്തോ മറുപടി പറയാൻ പോയ നേരത്താണ് ഇവർ സംസാരിക്കാൻ നിന്നപ്പോൾ ഉള്ളിലേക്ക് പോയ പിയ അതിലും സ്പീഡിൽ പുറത്തേക്ക് വന്നുകൊണ്ട് അഭിയെ വിളിച്ചത്… അവന്റെ പിന്നിലായി സാവിത്രിയമ്മയും നിധിയും മഹിയും ഉണ്ടായിരുന്നു..
എന്താ.. ശ്രീ… ആകെ പരിഭ്രമിച്ചിരിക്കുന്ന പിയയെ നോക്കി അഭി ചോദിച്ചു…
നന്ദൻ.. ആമിയും ആദിയും എത്തിയിട്ടില്ല… അവർ കുറേ മുന്നേ പോന്നതാവും പാർലറിൽ നിന്ന്.. എത്തേണ്ട സമയം കഴിഞ്ഞില്ലേ…എത്തിയില്ല എന്നോ.. ഇതെന്താ ശ്രീ ഈ പറയുന്നത്… അവർ പിന്നെ എവിടെ പോയി.. വേറെ എവിടെയെങ്കിലും പോകും എന്ന് പറഞ്ഞിരുന്നോ അവർ.. അവൻ പിയയോട് ചോദിക്കുമ്പോൾ തന്നെ ഫോൺ എടുത്ത് ആമിയുടെ ഫോണിലേക്ക് ട്രൈ ചെയ്യത് തുടങ്ങി.. സ്വിച്ച് ഓഫ് എന്ന് കേട്ടപ്പോൾ അവൻ വേഗം ആദിയുടെ ഫോണിലേക്ക് വിളിച്ചു നോക്കി.. അതും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി… അഭി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്യ്തു..
എന്താ അഭി.. ആമി എവിടെ പോയി.. അഭിയുടെയും പിയയുടെയും ടെൻഷൻ കണ്ടപ്പോൾ വിച്ചു ചോദിച്ചു… അഭി സംഭവിച്ചത് മുഴുവൻ വിച്ചുവിനോട് പറഞ്ഞു… അപ്പോഴും അവൻ അവരുടെ മൊബൈലിലേക്ക് മാറി മാറി വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….മോനേ.. നമ്മുടെ മക്കള്…സാവിത്രിയമ്മ വിതുമ്പലോടെ ചോദിച്ചു…
ഏയ്യ് ഒന്നുല്ല്യ അമ്മേ.. അവർ വേറെ എവിടേലും കയറിയിട്ടുണ്ടാവും… വിഷമിക്കല്ലേ.. അഭി അവരെ സമാധാനിപ്പിച്ചു…പിയ തന്റെ കൈയിൽ ആ ബ്യൂട്ടി പാർലറിന്റെ നമ്പർ ഉണ്ടോ… വിച്ചു ചോദിച്ചു…
ആ ഉണ്ടാവും… ഒരു മിനിറ്റ് ഞാൻ ഫോൺ എടുത്തിട്ട് വരാം എന്നും പറഞ്ഞ് ഉള്ളിലേക്ക് പോയി… ആ സമയത്താണ് ജിത്തുവിന്റെ കാർ അവിടെ എത്തിയത്…
എന്താ എല്ലാവരും പുറത്ത് തന്നെ നിൽക്കുന്നത്… എന്തേലും പ്രശ്നം ഉണ്ടോ.. ജിത്തു എല്ലാവരെയും നോക്കി ചോദിച്ചു…ആമിയൊന്നും തിരികെ എത്തിയിട്ടില്ല ജിത്തു .. ആ ടെൻഷനിൽ ആണ് എല്ലാവരും.. മഹി പറഞ്ഞു…നന്ദൻ.. ഇതാ ഫോൺ… ആ സമയത്താണ് പിയ ഫോണും കൊണ്ട് പുറത്തേക്ക് വന്നത്…ഏഹ്.. നീ എന്താ ഇവിടെ… അപ്പൊ ആമിയുടെ കൂടെ നീ അല്ലേ പോയത്… ജിത്തു പിയയെ കണ്ട ഷോക്കിൽ ചോദിച്ചു…ജിത്തുവിന്റെ ഞെട്ടലോടെ ഉള്ള നിൽപ്പും ചോദ്യവും കേട്ടതും എല്ലാവരുടെയും മുഖം സംശയത്താൽ ചുളിഞ്ഞു…
…..തുടരും….
അടുത്തത് ലാസ്റ്റ് പാർട്ട് ആണ് ട്ടോ പിള്ളേരെ…

by