17/04/2026

ശ്രീനന്ദനം : ഭാഗം 26

രചന – കണ്ണന്റെ മാത്രം

നാളെയാണ് അഭിയുടെയും പിയയുടെയും കല്യാണം. രണ്ടുവീട്ടിലും ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നുണ്ട്.. അഭിയുടെ വീട്ടിലെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് വിച്ചുവാണ്. ജിത്തു വന്നിട്ടുണ്ടെങ്കിലും അവൻ ഒന്നിനും താൽപ്പര്യം ഇല്ലാത്ത പോലെ റൂമിൽ തന്നെ ആണ് എപ്പോഴും. സാവിത്രിയമ്മയെ അത് വിഷമിപ്പിച്ചെങ്കിലും ഒന്നിന്റെ പേരിലും ഒരു സംസാരം അവിടെ ഉണ്ടാവരുത് എന്ന് കരുതി അവർ മിണ്ടാതെ ഇരുന്നു. അഭിയെ പിന്നെ അതൊന്നും ബാധിച്ചിരുന്നില്ല.

നിധി ഇന്നലെയെ വന്നിരുന്നെങ്കിലും അവളും റൂമിൽ തന്നെ ആണ് അധികം സമയവും. ആദി ആണ് പിന്നെയും സാവിത്രിയമ്മയുടെയും ആമിയുടെയും കൂടെ ഓരോന്നിനും സഹായിച്ച് ഉള്ളത്.. ആദി കല്യാണം കഴിഞ്ഞ സമയത്ത് ഒരാഴ്ച നിന്നിട്ടുള്ളതാണ് ഇവിടെ പിന്നെ അവളും ജിത്തുവും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു. അത് കല്യാണം കഴിക്കുന്നതിനു മുൻപേ ആദിയുടെ അച്ഛൻ പറഞ്ഞിരുന്നു ആദി എപ്പോഴും കൂടെ വേണം എന്ന്. ജിത്തു അത് സമ്മതിക്കുകയും ചെയ്തിരുന്നു..
കല്യാണം കഴിഞ്ഞ് ഒരാഴ്ച അവിടെ നിന്ന സമയത്തും ബന്ധുവീടുകളിലേക്ക് ഉള്ള പോക്കും മറ്റുമായി തിരക്കായത് കൊണ്ട് അവൾ ആ വീടുമായി കാര്യമായി ഇങ്ങങ്ങിയിരുന്നില്ല. അതിന് ശേഷം ഇപ്പോഴാണ് അവൾ അവിടെ നിൽക്കുന്നത്.

ആമിക്കും കാര്യമായിട്ട് ഒരടുപ്പം ആദിയോട് തോന്നിയിരുന്നില്ല.. അതിലും അടുപ്പം ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ പിയയോട് അവൾക്ക് തോന്നിയിരുന്നു. അവൾക്ക് പിയ സ്വന്തം ചേച്ചി തന്നെ ആയി. ആദ്യം മുതലേ സ്വന്തം കാര്യം സിന്ദാബാദ് എന്നും പറഞ്ഞ് ജീവിക്കുന്ന നിധി ഒരിക്കലും ആമിക്ക് നല്ലൊരു ചേച്ചി ആയിരുന്നില്ല. ആ കുറവാണ് പിയ ഇപ്പൊ തീർക്കുന്നത്. പിയക്കും ഒരു കുഞ്ഞുഅനിയത്തിയെ കിട്ടിയ പോലെ ആണ് ആമിയുമായി അടുത്തപ്പോൾ തോന്നിയത്…

സാവിത്രിയമ്മക്ക് പക്ഷേ ടെൻഷൻ ആയിരുന്നു. ഇത്രയും വലിയ വീട്ടിൽ ജീവിച്ച കുട്ടിക്ക് ഇവിടെ അവരുടെ ഈ കുഞ്ഞുവീട്ടിൽ ജീവിക്കാൻ കഴിയുമോ എന്ന്… അവർ തന്റെ ടെൻഷൻ ആമിയോട് പറഞ്ഞപ്പോൾ അവൾ അവരെ സമാധാനിപ്പിച്ചു..

അമ്മ.. വല്യേട്ടത്തിക്ക് അങ്ങനെ ഒന്നും ഇല്ല.. എനിക്ക് മനസിലായ ഒരു കാര്യം പറയട്ടെ.. ഏട്ടത്തി ആയാലും ആ വീട്ടുക്കാർ ആയാലും പൈസയും സുഖവും നോക്കി ജീവിക്കുന്നവർ അല്ല. അവർ ആളുകൾക്ക് അവരുടേതായ മൂല്യം കൽപ്പിക്കുന്നവർ ആണ്…

അതൊക്കെ അറിയാം മോളെ.. അവരെ പരിചയപ്പെട്ടാൽ തന്നെ മനസിലാകും അവരുടെ മനസ്സിന്റെ നന്മ.. എന്നാലും എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ..

അങ്ങനെ ആവശ്യമില്ലാത്ത ഒരു ടെൻഷനും വേണ്ട. വല്യേട്ടനും വല്യേട്ടത്തിയും എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടാവും..പിന്നെ വല്യേട്ടത്തി നമ്മുടെ വീടിനെ സ്വന്തമായി കാണുന്നത് പോലെ വല്യേട്ടൻ അവരുടെ വീടിനെയും സ്വന്തമായി കാണുമായിരിക്കും പക്ഷേ ഒരിക്കലും ജിത്തൂവേട്ടൻ നമ്മളെ മറന്നപോലെ വല്യേട്ടൻ നമ്മളെ മറക്കില്ല…

അതെനിക്കും അറിയാം പെണ്ണെ.. ഒരിക്കലും ജിത്തുവിനെപോലെ നമ്മളെ ഉപേക്ഷിക്കില്ല അഭി.. അങ്ങനെ അവന് കഴിയുമായിരുന്നെങ്കിൽ അവന് അവന്റെ ജീവിതം പോലും വേണ്ടെന്ന് വെക്കേണ്ടി വരില്ലായിരുന്നു… സാവിത്രിയമ്മ ദീർഘ വിശ്വാസത്തോടെ പറഞ്ഞു..

ഒക്കെ അറിയാമെങ്കിലും പിന്നെ എന്തിനാ എന്റെ സാവിത്രികുട്ടിക്ക് ഇത്ര ടെൻഷൻ.. ആമി അങ്ങനെ ഒക്കെ പറഞ്ഞ് സമാധാനിപ്പിച്ചപ്പോ ടെൻഷൻ കുറഞ്ഞെങ്കിലും ഇപ്പോഴും ചെറിയൊരു അങ്കലാപ്പ് അവരുടെ ഉള്ളിൽ ഉണ്ട്..

……………..

അഭി….. വിച്ചു വിളിച്ചു..

എന്താടാ…

അല്ലടാ നിന്റെ അളിയനും അനിയനും ഒക്കെ എവിടെ.. വന്നില്ലേ…

മഹി എത്തിയിട്ടില്ലടാ.. നിധി മാത്രേ വന്നിട്ടുള്ളൂ.. പിന്നെ ജിത്തുവൊക്കെ ഇന്നലെ എത്തിയിട്ടുണ്ട്. അവന്റെ സ്വഭാവം നിനക്ക് അറിയാലോ.. ആദി അമ്മയുടെ കൂടെ ഉണ്ട്… നിധി പിന്നെ പറയണ്ടല്ലോ.. റൂമിൽ തന്നെ ഉണ്ട്..

അവര് രണ്ടും എന്താടാ ഇങ്ങനെ… വിച്ചു അഭിയോട് ചോദിച്ചു..

അതിന് അഭി ഒന്ന് ചിരിച്ചതേ ഉള്ളൂ..

……………..

അച്ഛാ…

എന്താ മുത്തേ….

അച്ഛൻ എന്താ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നേ…

ഒന്നൂല്യടാ.. ഞാൻ പണ്ടത്തെ കാര്യങ്ങൾ ഒക്കെ ആലോചിച്ച് ഇരുന്നതാണ്..പപ്പൻ ഒരു ചിരിയോടെ പറഞ്ഞു..

എന്ത് കാര്യങ്ങൾ…. പിയ ആകാംഷയോടെ ചോദിച്ചു..

നിന്റെ അമ്മയുടെ വയറ്റിൽ നീ തുടിച്ച് തുടങ്ങിയപ്പോൾ തൊട്ടുള്ള കാര്യങ്ങൾ.. കല്യാണം കഴിഞ്ഞ് ഒരുകൊല്ലം കഴിഞ്ഞപ്പോൾ മുതൽ ആഗ്രഹിച്ച് തുടങ്ങിയതാ നിന്റെ അമ്മ കുഞ്ഞിനെ.. പക്ഷേ എന്തോ അവളുടെ ആ പ്രാർത്ഥന ദൈവം കേൾക്കാൻ മടിക്കാട്ടി.. ഞങ്ങളുടെ ഒപ്പം തന്നെ ആയിരുന്നു പാറുവിന്റെയും കല്യാണം. പാറുവിന്റെ വയറ്റിൽ നവി തുടിച്ച് തുടങ്ങിയപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചെങ്കിലും സ്വന്തം വയറ്റിൽ കൈവച്ച് കരയുന്ന എന്റെ രേവുവിനെ ഞാൻ കണ്ടിട്ടുണ്ട്.. നവിയെ പാറു പ്രസവിച്ചു എന്നേ ഉള്ളൂ. അവൻ ഫുൾ ടൈം രേവുവിന്റെ കൂടെ ആയിരുന്നു. അവനും കൂടെ ഇല്ലായിരുന്നെങ്കിൽ എന്റെ രേവു വല്ല ഡിപ്രെഷനിലും കടന്നേനെ. നവിയും അവളുടെ നൃത്തവും ആണ് അവളെ പിടിച്ചു നിർത്തിയിരുന്നത്. ബിസിനസ്‌ പച്ച പിടിച്ചു വരുന്ന സമയം ആയതുകൊണ്ട് ഞാൻ ആഗ്രഹിച്ചാൽ പോലും അവൾക്ക് വേണ്ടി മാറ്റി വെക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല. പക്ഷേ അവൾ ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല.. എപ്പോഴും എനിക്ക് സപ്പോർട്ട് ആയി നിന്നിട്ടേ ഉള്ളൂ… ഏതോ ഒരു ബിന്ദുവിലേക്ക് നോക്കി സ്വപ്നത്തിൽ എന്ന പോലെ പപ്പൻ പറഞ്ഞു..

പിയ പപ്പനെ തന്നെ കണ്ണുകൾ വിടർത്തി നോക്കികൊണ്ടിരിപ്പായിരുന്നു. കാരണം ഒരിക്കൽ പോലും പപ്പൻ രേവതിയെ കുറിച്ച് പറയാറില്ല..ഇപ്പൊ പക്ഷേ… പപ്പന്റെ ശബ്ദം പിയയുടെ ശ്രദ്ധ അങ്ങോട്ട് ആക്കി..

നവി ഉണ്ടായി കഴിഞ്ഞ് പിന്നെയും മൂന്നുകൊല്ലത്തിലും മേലെ കഴിഞ്ഞിട്ടാണ് നീ അവളുടെ വയറ്റിൽ തുടിച്ചുതുടങ്ങിയത്. അന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ എന്നെ കെട്ടിപിടിച്ച് അവൾ കരഞ്ഞകരച്ചിൽ ഇപ്പോഴും എനിക്ക് മറക്കാൻ പറ്റില്ല.. പിന്നെ അങ്ങോട്ട് ഓരോ അടി വെക്കുമ്പോഴും അവൾക്ക് വല്ലാത്ത ഒരു ശ്രദ്ധ ആയിരുന്നു. അവളുടെ അശ്രദ്ധ കാരണം കുഞ്ഞിന് ഒന്നും പറ്റരുത് എന്നാ ഞാൻ വല്ലതും പറയുമ്പോ അവള് പറയാ…പക്ഷേ ദൈവങ്ങൾക്ക് ഞങ്ങളെ പരീക്ഷിച്ച് മതി വന്നിരുന്നില്ല..മൂന്നാം മാസത്തിലെ സ്കാനിങ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഈ പ്രെഗ്നൻസി കോംപ്ലിക്കേറ്റഡ് ആണെന്ന്. അബോർഷൻ ആണ് ഡോക്ടർ സജസ്റ്റ് ചെയ്യ്തത്.. ഞാൻ അവളുടെ കാല് പിടിച്ചു നമുക്ക് ഈ കുഞ്ഞിനെ വേണ്ടാന്ന് വെക്കാം എന്ന് പറഞ്ഞിട്ട്.. പക്ഷേ എന്നേക്കാൾ കൂടുതൽ അവൾ നിന്നെ സ്നേഹിച്ചിരുന്നു. അതുകൊണ്ടല്ലേ എന്റെ അപേക്ഷകൾ അവൾ ചെവി കൊള്ളാതെ പോയത്.. പിന്നെ അങ്ങോട്ട് പേടിയോടെ ആയിരുന്നു എന്റെ ജീവിതം. അവളുടെ അരികിൽ നിന്ന് മാറാൻ വരെ എനിക്ക് പേടി ആയിരുന്നു. ഞാൻ അവളുടെ അരികിൽ നിന്ന് മാറിയാൽ അവൾ എന്നിൽ നിന്ന് അകന്നുപോയാലോ എന്നായിരുന്നു എന്റെ പേടി.. പക്ഷേ അവൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. നിന്നോട് ഒരുപാട് സംസാരിക്കുമായിരുന്നു അവൾ. അതിന് എന്തെങ്കിലും ചോദിച്ചാൽ പറയും നീ ഉണ്ടായാൽ ചിലപ്പോ അവൾക്ക് മിണ്ടാൻ പറ്റിയില്ലെങ്കിലോ എന്ന്. അത് കേൾക്കുമ്പോ ഞാൻ അവളെ ഒന്നുകൂടി മുറുക്കി പിടിക്കും.. അയാൾ നിറഞ്ഞകണ്ണോടെ പറഞ്ഞു…
പിയയുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു…

പക്ഷേ എത്രയൊക്കെ മുറുക്കി ഞാൻ പിടിച്ചാലും അവൾക്ക് പോകേണ്ടി വരും എന്ന് അവൾക്ക് അറിയാം എന്ന പോലെ ആയിരുന്നു അവളുടെ പ്രവർത്തികൾ.. പാറുവിനോട് അവൾ പറഞ്ഞിട്ടുണ്ട് അവളുടെ മോളെ ഒരു അമ്മയുടെ കുറവ് അറിയിക്കാതെ വളർത്തണം എന്ന്.. അത് കേൾക്കുമ്പോൾ ഞങ്ങൾ അവളെ വഴക്ക് പറയും. അപ്പോൾ അവൾ ഒരു ചിരി ചിരിക്കും അവളുടെ വിധി അവൾക്കറിയാം എന്നത് പോലെ.. ആകെ കൂടി ഒരു പ്രാർത്ഥനയേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. ഒരിക്കലെങ്കിലും നിന്നെ ഒന്ന് പാലൂട്ടിയിട്ട് അവൾക്ക് മരിച്ചാലും വേണ്ടില്ല എന്ന്.. എന്തോ അതിൽ ദൈവത്തിന് അവളോട്‌ അലിവ് തോന്നി എന്ന് തോന്നുന്നു.. നിനക്ക് ഒരിക്കൽ പാലൂട്ടാൻ അവൾക്ക് പറ്റി. ആ സന്തോഷത്തോടെ ആണ് അവൾ എന്നെയും നിന്നെയും വിട്ട് പോയത്… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. പിയയും വിങ്ങി വിങ്ങി കരഞ്ഞു…

സോറി അച്ഛാ… ഞാൻ ഉണ്ടായില്ലായിരുന്നെങ്കിൽ ഇപ്പോഴും അമ്മ അച്ഛന്റെ കൂടെ ഉണ്ടാകുമായിരുന്നു അല്ലേ…. പിയ കരച്ചിലോടെ പറഞ്ഞു..

ശൂ… എന്റെ മുത്ത്‌ അങ്ങനെ പറയല്ലേ.. അന്ന് നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലും എനിക്ക് നിന്റെ അമ്മയെ നഷ്ടമാകുമായിരുന്നു.. അന്ന് ലേബർ റൂമിൽ കയറുന്നതിനുമുൻപ് അവൾ എന്നിൽ നിന്ന് ഉറപ്പ് വാങ്ങിയിരുന്നു അവളോ കുഞ്ഞോ എന്നൊരു ക്വസ്റ്റ്യൻ വന്നാൽ ഒരിക്കലും അവളെ തിരഞ്ഞെടുക്കരുത് എന്ന്. നീ ഇല്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന്.. എനിക്ക് ജീവിക്കാൻ നിന്നെ തന്നിട്ടല്ലേ നിന്റെ അമ്മ പോയത്. എന്റെ മുത്ത്‌ കൂടി ഇല്ലായിരുന്നെങ്കിൽ അച്ഛൻ ജീവിച്ചേനില്ല.. അതുകൊണ്ട് നീ കാരണം ആണ് നിന്റെ അമ്മ പോയത് എന്ന് വിചാരിക്കരുത്. നീ ഉണ്ടായത് കൊണ്ട് നിന്റെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നു എന്ന് വേണം കരുതാൻ.. കേട്ടോ… പപ്പൻ പിയയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…

മ്മ്… പിയ കരഞ്ഞുകൊണ്ട് തന്നെ മൂളി..

അയ്യേ.. നാളെ കല്യാണം ആയിട്ട് എന്റെ മുത്ത് കരയാണോ… നല്ലൊരു ദിവസം ആയിട്ട് അച്ഛൻ മുത്തിനെ കരയിപ്പിച്ചു അല്ലേ.. സോറി പൊന്നേ… അയാൾ അവളുടെ മൂർദ്ധാവിൽ മുകർന്നുകൊണ്ട് പറഞ്ഞു…

അച്ഛാ… ഞാനൊരു കാര്യം ചോദിക്കട്ടെ..

എന്താടാ…

അച്ഛൻ എന്തേ ഇപ്പൊ പെട്ടന്ന് ഇങ്ങനെ അമ്മയെ കുറിച്ച് പറയാൻ.. ഒരിക്കൽ പോലും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…

അറിയില്ലെടാ.. എന്തോ ഇന്ന് എന്റെ രേവുവിനെ എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. ഇപ്പൊ അവൾ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ.. നിന്നെ ഗർഭം ധരിച്ചിരിക്കുന്ന സമയത്തേ അവൾക്ക് ഉറപ്പായിരുന്നു അതൊരു പെൺകുഞ്ഞ് ആകും എന്ന്.. അന്ന് മുതലേ അവൾ ഓരോന്ന് നിനക്ക് വേണ്ടി വാങ്ങുമായിരുന്നു. അന്ന് നിശ്ചയത്തിന് നീ ഇട്ട മാല ഒക്കെ അവൾ അങ്ങനെ വാങ്ങിയതായിരുന്നു..ഇനിയും ഉണ്ട്. നാളെ എന്റെ മുത്തിനെ അതൊക്കെ ഇട്ട് കാണാൻ അവളും ഉണ്ടാവും ഇവിടെ എവിടെയെങ്കിലും… അയാൾ ഒരു ചിരിയോടെ പറഞ്ഞു…

അച്ഛാ.. അവൾ അയാളെ ഇറുക്കെ പുണർന്നുകൊണ്ട് വിളിച്ചു..

എന്താടാ.. പോയി കിടക്കാൻ നോക്കിയേ.. ഇത്രേം സമയം ആയില്ലേ. ഇനിയും ഇരുന്നാ നാളെ കല്യാണപെണ്ണിന്റെ മുഖം ആകെ ഉറക്കം തൂങ്ങി നിൽക്കും.. ചെല്ല് പോയി കിടക്കാൻ നോക്ക്… അയാൾ അവളോട് പറഞ്ഞു..

എങ്കിൽ അച്ഛനും വായോ.. എനിക്ക് ഇന്ന് അച്ഛന്റെ കൂടെ കിടക്കണം.. അവൾ വാശി പിടിച്ചു. അല്ലെങ്കിൽ അവൾക്കറിയാമായിരുന്നു ഇന്നത്തെ രാത്രി അയാൾ ഉറങ്ങില്ല എന്ന്.. ഇങ്ങനെ ഓരോന്നും ആലോചിച്ചിരുന്ന് നേരം വെളുപ്പിക്കുമെന്ന്…

മ്മ്.. ശരി.. ശരി.. ഇനി അതിന് മുഖം വീർപ്പിക്കണ്ട.. നടക്ക്.. അയാൾ അവളെയും കൂട്ടി അയാളുടെ റൂമിലേക്ക് പോയി.. അന്നത്തെ രാത്രി കുറേ നാളുകൾക്കു ശേഷം അച്ഛനും മോളും പരസ്പരം കെട്ടിപിടിച്ച് കിടന്നു. അപ്പോഴും രണ്ടാളുടെയും ഉള്ളിൽ രേവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ…

…………….

കുറിപ്പ് :-

നാളെ നന്ദന്റെയും അവന്റെ ശ്രീയുടെയും കല്യാണം ആണ് ട്ടോ.. എല്ലാവരും വരണം..🥰🥰🥰