രചന:കണ്ണൻ്റെ മാത്രം
പിയയുടെയും അഭിയുടെയും പിന്നിലായി ഏതോ ഫ്ലാറ്റിന്റെ ഡോറിന് മുന്നിൽ നിൽക്കുമ്പോൾ വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു അവി. ഇവർക്ക് എത്രത്തോളം കാര്യങ്ങൾ അറിയാം എന്ന് അവന് അറിയില്ലല്ലോ. അവന്റെ ഉള്ളിൽ medicare ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ ഇവർ അറിഞ്ഞാൽ എങ്ങനെ റിയാക്ട് ചെയ്യും എന്നാലോചിച്ചിട്ടാണ് ടെൻഷൻ… പെട്ടന്നാണ് ഫ്ലാറ്റിന്റെ ഡോർ അവരുടെ മുന്നിൽ തുറന്നത്. ഉള്ളിൽ നിൽക്കുന്ന ആളെ മനസിലാകാത്തത് പോലെ അവി നോക്കി..കയറി വരൂ അവിനാശ്.. രുദ്രൻ പറഞ്ഞു…
പിയയും അഭിയും ആദ്യം ഉള്ളിലേക്ക് കയറി. ഒന്ന് സംശയിച്ചു നിന്നിട്ട് അവിയും ഉള്ളിലേക്ക് കയറി…അവിനാശിന് എന്നെ മനസിലായില്ല അല്ലേ…എല്ലാവരും സോഫയിലായി ഇരുന്നതും രുദ്രൻ ചോദിച്ചു…അവി അതിന് മനസിലായില്ല എന്ന രീതിയിൽ അവനെ നോക്കി..ഞാൻ വിശ്വരുദ്ര്… കശ്യപിന്റെ ഫ്രണ്ട് ആണ് ഇപ്പൊ ഇവിടത്തെ ഡിസിപിയും… രുദ്രൻ സ്വയം പരിചയപ്പെടുത്തി..
പോലീസ് ആണെന്ന് കേട്ടതും അവിക്ക് ഇത്തിരി റെസ്‌പെക്ട് തോന്നി.. കാശിയുടെ ഫ്രണ്ട് ആണെന്ന് അറിഞ്ഞപ്പോൾ ചെറിയ സമാധാനവും. കാശിയുടെ മരണത്തിന് താനാണോ ഉത്തരവാദി എന്നുള്ള വിഷമത്തിൽ ആയിരുന്നു അവി. താനറിഞ്ഞ കാര്യങ്ങൾ മുഴുവൻ അവനെ അറിയിച്ച് പിന്നാലെ അവന്റെ മരണം നടന്നത് കൊണ്ടാണ് അങ്ങനെ ഒരു തോന്നൽ അവിക്ക് ഉണ്ടായത്… രുദ്രന്റെ ശബ്ദം ആണ് അവനെ മറ്റുചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്…
അവിനാശ് വളച്ചുകെട്ടില്ലാതെ കാര്യം ചോദിക്കാം.. എങ്ങനെ ആണ് തനിക്ക് കാശിയെ പരിചയം. കാശി മരണപെട്ട അന്ന് താൻ അയാളെ വിളിച്ചിരുന്നോ…
അദ്ദേഹം ഒരിക്കൽ എന്നെ കാണാൻ ഓഫീസിൽ വന്നിരുന്നു. അങ്ങനെ ആണ് ഞാൻ പരിചയപ്പെടുന്നത്. ഒരു 1 മാസം മുൻപ് ആണ് അത്…എന്തിനായിരുന്നു അങ്ങനെ ഒരു വിസിറ്റ്…
അത്.. അവന് അതെങ്ങനെ പറഞ്ഞ് തുടങ്ങണം എന്ന് അറിയില്ലായിരുന്നു.എന്താണെങ്കിലും പറഞ്ഞോളൂ അവിനാശ്…
സാർ.. അന്ന് കാശി സാർ എന്നെ കാണാൻ വന്നത് medicare ഹോസ്പിറ്റലിൽ നടക്കുന്ന അവയവ കടത്തിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു.. അതിൽ ഡാഡിക്ക് ഉള്ള ഇൻവോൾവ്മെന്റിനെ കുറിച്ച് പറയാൻ ആയിരുന്നു.. ആദ്യം ഞാൻ അദ്ദേഹം പറഞ്ഞതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കാരണം ഡാഡിക്ക് അങ്ങനെ ഒരു കാര്യത്തിൽ ഇൻവോൾവ്മെന്റ് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ അദ്ദേഹം എല്ലാ തെളിവുകളും എനിക്ക് കാണിച്ച് തന്നു. നേരിട്ട് ഒരു ബന്ധവും ഡാഡിക്ക് ഇല്ലെങ്കിലും അവരുടെ സുഖമമായ പ്രവർത്തനത്തിന് ഡാഡിയുടെ അധികാരം വച്ച് ഡാഡി അവർക്ക് ഹെൽപ്പുകൾ ചെയ്യത് കൊടുത്തിരുന്നു… ചെറിയ കുറച്ച് ഇല്ലീഗല്‍ ആക്ടിവിറ്റീസ് ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രേം വലിയ ഒരു സ്കാമിന്റെ ഭാഗം ആയിരുന്നു ഡാഡി എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ഞാൻ ഇതിനെ കുറിച്ച് ഡാഡിയോട് സംസാരിച്ചു. എങ്ങനെ ഞാൻ അറിഞ്ഞു എന്നതിനെ കുറിച്ച് ഞാൻ മിണ്ടിയില്ല. അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്ന് ചോദിക്കുകയാണ് ചെയ്യ്തത്… ഡാഡി അതിനൊരു മറുപടി തരാൻ തയ്യാറായില്ല എന്ന് മാത്രം അല്ല ഇനി ഇങ്ങനൊരു സംസാരം വേണ്ട എന്നും കൂടി പറഞ്ഞു..
എന്നിട്ട്… എന്തിനായിരുന്നു താൻ കാശി മരിച്ച അന്ന് അവനെ വിളിച്ചത്…അന്നത്തെ ആ സംസാരത്തിന് ശേഷം ഞാൻ ഡാഡിയെ ശ്രദ്ധിച്ച് തുടങ്ങി. അങ്ങനെ ആണ് കാശി സാറിന്റെ കൈയിൽ തെളിവുകൾ ഉള്ള കാര്യം അവർ അറിഞ്ഞത് ഡാഡി ഫോണിൽ സംസാരിക്കുന്നത് കേട്ടത്. കാശി സാറിന്റെ ഫോൺ അവർ ടാപ് ചെയ്യുന്നുണ്ട് എന്ന് ഞാൻ അങ്ങനെ ആണ് അറിഞ്ഞത്… അന്ന് ഓഫീസിൽ എത്തി പിന്നാലെ ഞാൻ അത് സാറിനെ വിളിച്ച് പറഞ്ഞു. അപ്പോൾ സാറാണ് പറഞ്ഞത് ഇനി എന്തുണ്ടെങ്കിലും ഏതെങ്കിലും പബ്ലിക് ഫോൺ വഴി വിളിച്ചാൽ മതി എന്ന്. എന്നെ അവർ മനസിലാക്കേണ്ട എന്ന് കരുതി ആവും അത്…. കാശി സാറിനെ വിളിച്ചതിന് ശേഷം ആണ് അന്നത്തെ മീറ്റിംഗിന് വേണ്ട ഒരു ഫയൽ വീട്ടിൽ മറന്നുവച്ച കാര്യം മനസിലായത്.. അതെടുക്കാൻ വേണ്ടി വീട്ടിൽപോയപ്പോൾ ആണ് സാറിന്റെ കൈയിൽ ഉള്ള തെളിവുകൾ എങ്ങനെയും നശിപ്പിക്കുന്നതിനെ കുറിച്ചൊക്കെ ഡാഡി ആരോടോ സംസാരിക്കുന്നത് കേട്ടു. അപ്പോഴും ഞാൻ കരുതിയിരുന്നില്ല അവർ അവരെ ഇല്ലാതെ ആക്കും എന്ന്..
എന്നെ ഡാഡി കണ്ടിട്ടില്ല എന്ന് മനസിലായപ്പോൾ ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്ന് ഇറങ്ങി. പോകുന്ന വഴിക്ക് ഒരു പബ്ലിക് ടെലിഫോൺ ബൂത്തിൽ നിന്ന് സാറിനെ അത് അറിയിക്കുകയും ചെയ്യ്തു. ഒരു തെറ്റ് എന്റെ കൈയിൽ നിന്ന് പറ്റി.. സാറിന്റെ ഫോൺ ടാപ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞ് വിളിച്ചപ്പോൾ സാറ് മറ്റൊരു നമ്പർ തന്ന് അതിൽ വിളിച്ചാൽ മതി ഇനി മുതൽ എന്ന് പറഞ്ഞിരുന്നു. ആ തിരക്കിൽ ആ കാര്യം ഞാൻ മറന്നുപോയി. കാശി സാറിന്റെ ഫോണിലേക്ക് ആണ് ഞാൻ വിളിച്ചത്.. ഒരുപക്ഷെ അതാണോ സാറിന്റെ മരണത്തിന് കാരണം എന്നാലോചിച്ച് ഉറക്കം കിട്ടിയിട്ടില്ല എനിക്ക് അതിനുശേഷം… അവസാനം ആയപ്പോഴേക്കും അവിയുടെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു..ഏയ്യ്.. എന്താടോ ഇത്.. താൻ കാരണം അല്ല അവർക്ക് ഒന്നും പറ്റിയത്. ആക്ച്വലി താൻ കാരണം ആണ് അവർക്ക് തെളിവുകൾ സേഫ് ആക്കാൻ പറ്റിയത്. അതൊക്കെ ഞങ്ങൾക്ക് കിട്ടാനും കാരണം ആയത്..ഇല്ലെങ്കിൽ ഒരിക്കലും ഇതൊന്നും ആരും അറിയാതെ പോയേനെ.. രുദ്രൻ അവിയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു…
മ്മ്.. അവരുടെ മരണം അറിഞ്ഞപ്പോൾ എനിക്ക് ഇതൊക്കെ ആരെയെങ്കിലും അറിയിക്കണം എന്നുണ്ടായിരുന്നു പക്ഷേ ആരെ എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. മരണം നടന്ന് അധികം ആവാത്തത് കൊണ്ട് പിയയെ അറിയിക്കാൻ എന്തോ തോന്നിയില്ല. പിന്നെ പോലീസിൽ അറിയിക്കുക എന്നത് ഒരു വലിയ റിസ്ക് ആണ് കാരണം പോലീസിൽ ഇപ്പോഴും ഒരുപാട് പേർ ഡാഡിയുടെ പരിചയക്കാർ തന്നെ ആണ്. അപ്പോൾ പിന്നെ അവിടെ അറിയിക്കുന്നതും ഡാഡിയോട് പറയുന്നതും തുല്യം ആണ്. അതാണ് പിന്നെ ഞാൻ ഒന്നിനും മുതിരാതെ നിന്നത്. പിയ കാണണം എന്നു പറഞ്ഞപ്പോൾ തന്നെ ഇത് ഞാൻ പറയണം എന്ന് കരുതിയിരുന്നു.. അവി പിയയെ നോക്കികൊണ്ട് പറഞ്ഞു..
തുടരും….

by