രചന – ആയിഷ അക്ബർ
ഞാനൊരു കാര്യം ചോദിച്ചോട്ടെ…..
അവൻ കുളി കഴിഞ്ഞ് കയറി വന്നു അവളോടത് ചോദിക്കുമ്പോൾ അവളെന്തെന്ന ഭാവത്തിൽ അവനു നേരെ മിഴികളുയർത്തി…….
ഇപ്പോ മുമ്പത്തേതിലും എന്തോ ഒരു സ്വാതന്ത്ര്യം ഇവിടെ എനിക്കും തോന്നുന്നുണ്ട്…..
അവൻ അതു പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി….
അത് താൻ കാരണമാണെന്നവൻ പറയാതെ പറയുമ്പോൾ മനസ്സിനൊരു കുളിരു തോന്നിയിരുന്നവൾക്ക്…..
ഇനിയെന്താണവൻ പറയുന്നതെന്നറിയാൻ അവളവനെ തന്നെ നോക്കി നിന്നു……
ഞാനൊരാളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നോട്ടെ……
പെട്ടെന്നവൻ അത് ചോദിച്ചതും അവളുടെ മനസ്സൊന്നു വിറച്ചു പോയിരുന്നു…..
ഒരു നിമിഷം ആ കണ്ണുകളിലെ ആനന്ദം മറ്റെന്തോ ഒരു ഭാവത്തിന് വഴി മാറി…
ഞാൻ കൊണ്ട് വരുന്ന ആൾക്കൊരു കൂട്ടായി താനുണ്ടാവുമോ….
ഇവിടെ ആർക്കും അതിനു പറ്റില്ല അത് കൊണ്ടാണ്…..
വീണ്ടും അത്ര മേൽ വിനയത്തോടെയുള്ള അവന്റെ ചോദ്യത്തിന് മുമ്പിൽ അവൾ അക്ഷരാർത്ഥത്തിൽ തളർന്നു പോയിരുന്നു….
മ്മ്.. അതിനെന്താ…. എനിക്ക്…. കുഴപ്പമൊന്നുമില്ല….
ആരെന്ന് പോലും ചോദിക്കാതെ അവൾ സ്വാഭാവികമായി അത് പറയാൻ ശ്രമിക്കുമ്പോഴും അവളുടെ മിഴികളുടെ പിടപ്പ് അവനറിയുന്നുണ്ടായിരുന്നു….
അവൾ പിന്നീട് അവിടെ നിൽക്കാതെ വേഗം താഴേക്കിറങ്ങി അവനുള്ള ഭക്ഷണം വിളമ്പി വെക്കുമ്പോഴും എന്തോ അവന്റെ ആ ചോദ്യം മനസ്സിൽ കിടന്നങ്ങനെ നീറി പ്പുകഞ്ഞു……
അവൻ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവളുടെ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു….
അവളുടെ മുഖത്ത് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആ വേവലാതിയെ അവനൊരു ഭയത്തോടെ നോക്കി കണ്ടു……
അവൻ കഴിച്ചു കഴിഞ്ഞ് പുറത്തേക്ക് പോയതും അവൾ വേഗം മുറിയിലേക്ക് നടന്നു…..
മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ അവന്റെയാ ചോദ്യമായിരുന്നു…..
ആരെയായിരിക്കാം അവനിങ്ങോട്ട് കൂട്ടി കൊണ്ട് വരുന്നത്…..
അവനു അത്രയേറെ വേണ്ടപ്പെട്ട ആരോ ആണതെന്ന് ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്….
ഒരു പെണ്ണ് തന്നെയായിരിക്കാം അത്….
അല്ലെങ്കിൽ തന്നോട് അനുവാദം ചോദിക്കേണ്ട ആവശ്യമില്ലല്ലോ……
ഇനി അവന്റെ കാമുകി ആയിരിക്കുമോ…..
ഓർത്തപ്പോഴേക്കും എന്തോ ഒരു ഭാരം മനസ്സിൽ തിങ്ങി നിറഞ്ഞു….
ആയിരിക്കും…. അന്ന് തനിക്കുള്ള ഡ്രെസ്സുകൾ എടുത്തപ്പോഴേ താനൂഹിച്ചിരുന്നു……..
ഏതോ ഒരു സ്ത്രീ അവന്റെ കൂടെയുണ്ടെന്ന്…
ഉള്ളിൽ തിങ്ങി നിറഞ്ഞൊരു വിങ്ങൽ അവളെ വല്ലാതെ വീർപ്പു മുട്ടിച്ചപ്പോൾ ഉള്ളിൽ തടഞ്ഞു വെച്ചിരുന്ന ആ കണ്ണ് നീരിനെ അവൾ തുറന്ന് വിട്ടു…..
ഇരു കൈ കൾ കൊണ്ടും മുഖം പൊത്തി അവളങ്ങനെ യിരുന്നു….
എന്തിനാണ് അവനെ കുറിച്ചോർത്തു ഇങ്ങനെ മനസ്സ് വേദനിക്കുന്നതെന്ന് അവൾക്ക് പോലും അറിയുന്നില്ലായിരുന്നു…..
എന്തിനാണ് താനവനിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നത്…..
അവൻ തനിക്കാരുമല്ല…..
ആരുടെയൊക്കെയോ നിർബന്ധതിൽ തന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ അവന്റെ മനസ്സിലൊരു പക്ഷെ ആ പെൺകുട്ടി യായിരുന്നിരിക്കാം….
അതേ…. അവൻ തന്നോട് ആദ്യമേ പറഞ്ഞതാണ്….
അവന്റെ ഭാര്യ യാവാൻ ഒരിക്കലും ശ്രമിക്കരുതെന്ന്…..
ഇന്നാണ് അതിന്റെ പൊരുൾ തനിക്ക് വ്യക്തമാവുന്നത്….
അവൻ തന്നോട് കാണിച്ചതൊരു കരുണയായിരുന്നു…..
അതിന് മുകളിൽ തന്റെ മനസ്സ് മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചു…….
പാടില്ലായിരുന്നു…..
തങ്ങൾക്കിടയിലുള്ളത് ഒരു സൗഹൃദം മാത്രമാണ്…..
അത് കൊണ്ടാണല്ലോ അത്രയേറെ സ്വാതന്ത്ര്യത്തോടെ അവളെ കൊണ്ട് വരാൻ അവൻ തന്നോട് സമ്മതം ചോദിച്ചത്……
അവന്റെ സൗന്ദര്യം പോലെ തന്നെ യാണ് അവന്റെ പെരുമാറ്റവുമെന്ന് അവനോടൊന്ന് അടുത്താൽ ആർക്കും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ….
മനസ്സിന്റെ തളർച്ച കൊണ്ടാവും അങ്ങനെ തന്നെ കിടന്നവൾ മയങ്ങി പോയത്…..
സഞ്ജു മുറിയിലേക്ക് കയറി വരുമ്പോൾ കട്ടിലിൽ കിടക്കുന്ന വളെയാണ് കാണുന്നത്….
മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടില്ല……
അവനവളെ യൊന്നു നോക്കി……
കൂമ്പിയടഞ്ഞ മിഴികൾ കണ്ടതും പല വിധ ഭാവങ്ങൾ മാറി മറിയുന്ന ആ വിടർന്ന കണ്ണുകളായിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത്…..
അവ നിറയുമ്പോൾ എന്തോ തന്റെ നെഞ്ചും പിടഞ്ഞു തുടങ്ങിയിട്ടുണ്ട്….
എന്തോ അവനതോർക്കേ വല്ലാത്തൊരു അസ്വസ്ഥത തോന്നി……..
നല്ല ഭംഗിയുള്ള ഒരു മുഖമാണ് അവളുടേത്…..
വല്ലാത്തൊരു ഐശ്വര്യം അവളിൽ തുളുമ്പി നിന്നിരുന്നു……
അവനൊരു നിമിഷം അവളെ നോക്കി നിൽക്കുമ്പോൾ അവന്റെ ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞത് അവൻ പോലുമറിഞ്ഞിരുന്നില്ല….
ജനവാതിലുകൾ കാറ്റിൽ തുറന്നടയുന്നുണ്ട്……
പുറത്തു നിന്നുള്ള കാറ്റ് എവിടെയോ പെയ്യുന്ന മഴയുടെ കുളിരു ആ മുറിയിലാകെ നിറച്ചിട്ടുണ്ട്……
അവനൊരു പുതപ്പെടുത് പതിയെ അവളുടെ ദേഹത്തേക്കിട്ട് കൊടുത്തു……
ആ പുതപ്പ് കിട്ടിയതും അത് വരെയുള്ള കുളിരിന്റെ ഫലമെന്നോണം അവൾ അത് മുറുകെ പിടിച്ചു കിടന്നു…..
അവൾ കിടക്കാറുള്ള ആ പായ വിരിച് അവൻ താഴെ കിടക്കുമ്പോൾ ആ പുഞ്ചിരി അവനിൽ നിന്നും മാഞ്ഞിരുന്നില്ല…….
നന്ദ ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോഴാണ് താൻ ആ കിടത്തത്തിൽ അല്പം അധികം നേരം ഉറങ്ങി പ്പോയെന്ന് അവൾ മനസ്സിലാക്കുന്നത്…..
മുറിയിൽ ലൈറ്റ് ഉണ്ട്…..
ആരോ കോണിപ്പടികൾ കയറി വരുന്നത് പോലെ അവൾക്ക് തോന്നി…..
അവൾ നോക്കി നിൽക്കെ സഞ്ജു കയറി വരുമ്പോളവൻ ഷർട്ട് ഇട്ടിട്ടില്ലായിരുന്നു…
അവന്റെ വിരിഞ്ഞ മാറിടത്തിലേക്ക് ഒരു വേള കണ്ണുകൾ പതിച്ചതും അവൾ പെട്ടെന്ന് നോട്ടം വെട്ടിച്ചു…
അതറിഞ്ഞെന്ന വണ്ണം അവൻ വേഗം ഒരു ടി ഷർട്ട് എടുത്തിട്ടു………
അവനെ കണ്ടതും അവൾ പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു…..
അവനു കിടക്കാനായി ഒഴിഞ്ഞു കൊടുക്കുന്നെന്ന പോൽ……
എങ്ങോട്ടാ…..
എന്നാൽ അവൻ മുടി യൊന്നു ചീകി പുറത്തേക്ക് പോകാനൊരുകുന്നത് കണ്ടപ്പോഴാണ് അവളത് ചോദിച്ചത്….
അവനവൾക്ക് നേരെയൊന്ന് തിരിഞ്ഞു….
കടയിലേക്ക്…..
ഈ നേരത്തോ…..
അവൾ നെറ്റി ചുളിച്ചു കൊണ്ടത് ചോദിച്ചതും അവൻ മനോഹരമായോന്ന് പുഞ്ചിരി ച്ചു കൊണ്ട് ഇറങ്ങി പോയിരുന്നു…..
ആ ചിരിയുടെ അർത്ഥം അവൾക് മനസ്സിലായിരുന്നില്ല…..
അവൾ വേഗം ഫോണെടുത്തു സമയം നോക്കിയപ്പോഴാണ് ആ ചിരി എന്തായിരുന്നെന്ന് അവളറിയുന്നത്….
സമയം അഞ്ചു കഴിഞ്ഞിരിക്കുന്നു….
അവൻ പോകാറുള്ള സമയം തന്നെയായിരിക്കാം ഇത്…..
അപ്പൊ താൻ പുലരുവോളം അവന്റെ കട്ടിലിലാണ് കിടന്നിരിക്കുന്നതെങ്കിൽ അവനോ……
അവൾ വേഗം അവളുടെ പായയിലേക്കൊന്ന് നോക്കി..
അതേ….. താൻ വെച്ചതിൽ നിന്നും വ്യത്യാസമായാണ് അതിരിക്കുന്നത്…..
അവളൊരു നെടു വീർപ്പോടെ തലക്ക് കൈ വെച്ചിരുന്നു പോയി….
അപ്പോഴാണ് കട്ടിലിൽ കിടക്കുന്ന പുതപ്പിലേക്കവളുടെ കൈ നീങ്ങിയത്…..
ഈ പുതപ്പ് താനെടുത്തതല്ലാ…..
അപ്പൊ പിന്നെ അവനാണോ….
അവനെന്ന ഉത്തരത്തിൽ മനസ്സ് വല്ലാത്തൊരു ആനന്ദം കണ്ടെത്തുമ്പോൾ ആ പുതപ്പവൾ കയ്യിൽ മുറുകെ പിടിച്ചു……
അപ്പോഴേക്കും മനസ് അവന്റെയാ ചോദ്യത്തെ ഓർമിപ്പിച്ചു……
അതേ…. തനിക്കവൻ ആരുമല്ലെന്ന സത്യം ഹൃദയത്തെ അവൾ ഓർമപ്പെടുത്തി കൊണ്ടേയിരുന്നു….
അവനിലേക്ക് ആഴ്ന്നിറങ്ങാതിരിക്കാൻ അതവൾക്ക് അത്യാവശ്യമായിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്ന് മുഴുവൻ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…..
അപ്പോഴാണ് അമ്മുവിന്റെ വരവ്……
അതൊരു കണക്കിൽ തനിക്കുള്ള വലിയൊരു ആശ്വാസം തന്നെയാണ്…..
എല്ലാ സങ്കടങ്ങളും അവളോടാണ് പറയാറുള്ളത്…..
പക്ഷെ…. ഇത് താനെങ്ങനെ പറയും…
എന്ത് പറയും……
അവന്റെ കാമുകി വരുന്നതിൽ തനിക്ക് വല്ലാതെ മനസ്സ് നോവുന്നെന്നോ….
അമ്മു …… ആള് എന്നോട് ഇങ്ങോട്ട് ഒരാളെ കൂട്ടി കൊണ്ട് വരാൻ സമ്മതം ചോദിച്ചു……
ആരെ….
എങ്കിലും പറയാതിരിക്കാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് തന്നെ നന്ദ അവളോടത് പറഞ്ഞപ്പോഴാണ് അമ്മു അവളെയൊന്ന് അമർത്തി നോക്കി കൊണ്ടത് ചോദിച്ചത്………
അതറിയില്ല …….
അത് പറയുമ്പോൾ അവളുടെ മുഖത്തെ മൗനം അമ്മു ശ്രദ്ധിച്ചിരുന്നു…..
നിന്നോട് സമ്മതം ചോദിച്ചിട്ടാണെങ്കിൽ കാമുകി വല്ലതും ആയിരിക്കും…..
അമ്മു നിസ്സാര മട്ടിൽ അത് പറയുമ്പോൾ നന്ദയുടെ അടി വയറ്റിൽ നിന്നൊരാളൽ പോലെ തോന്നി……
അല്ലാ…. അവൻ കാണാൻ കൊള്ളാവുന്നതല്ലേ….
അപ്പൊ അങ്ങനെയൊരു ചുറ്റി ക്കളി യുള്ളതിൽ അതിശയിക്കാനില്ല……
പിന്നെ നിന്നോട് സമ്മതം ചോദിച്ച സ്ഥിതിക്ക് ഇനിയങ്ങോട്ടും അവൻ നിന്നേ ഉൾക്കൊണ്ട് കൊണ്ട് പെരു മാറുമായിരിക്കാം……
പിന്നെന്താ പ്രശ്നം…..
വരട്ടെ…….
നിനക്കിതൊരു താൽക്ക്കാലിക താവളം മാത്രമല്ലെ….
അവൻ നിനക്ക് വേണ്ടി ഒത്തിരി ചെയ്തു തന്നില്ലേ…
അവനു വേണ്ടി നിനക്ക് ഇതെങ്കിലും ചെയ്തു കൊടുക്കാം….
അമ്മു വളരേ ലാഘ വത്തോടെയാണ് അത് പറയുന്നതെന്ന് നന്ദക്ക് അറിയുന്നുണ്ടായിരുന്നെങ്കിലും അവളുടെ ഹൃദയം അതൊന്നും ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥ യിലായിരുന്നു….
അമ്മു പോയി കഴിഞ്ഞും എന്തോ ഹൃദയം ആ ഭാരത്തെ തന്നെ താങ്ങി നിന്നു…….
അമ്മു പറഞ്ഞതാണ് ശെരി……
തനിക്കിതൊരു താൽക്കാലിക സ്ഥലം മാത്രമാണ്……
മനസ്സ് ആ ചിന്തകളെ മനപ്പൂർവം മറക്കാൻ ശ്രമിക്കവേ അവ കൂടുതൽ കൂടുതൽ മനസ്സിലേക്ക് ഇടിച്ചു കയറിയിരുന്നു…….
അവൻ ഉച്ച ക്ക് ശേഷം കടയിലേക്ക് വന്നിട്ടേയില്ലല്ലോ…..
വല്ല കട തിണ്ണയിലും നാടകം കളിക്കാൻ പോയിരിക്കയാവും…..
അവൻ വരാറുള്ള പതിവ് നേരം കഴിഞ്ഞിട്ടും വരാത്തത് കൊണ്ട് തന്നെ മിഴികൾ അവനെ തിരയുന്ന സമയത്താണ് കടയിൽ നിന്നും വന്ന അച്ഛൻ ചെറിയമ്മയോടത് പറയുന്നത് കേട്ടത്……
മനസ്സ് വീണ്ടും കലുഷിതമായി…..
അൽപ നേരം കൂടി കഴിഞ്ഞതും ഒരു ടാക്സി കാറ് ആ വീട്ട് മുറ്റത്തേക്ക് വന്നെത്തുമ്പോൾ അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു……
കണ്ണുകൾ എന്തിനോ നിറഞ്ഞു തുളുമ്പി…..
താഴെക്കിറങ്ങേണ്ട എന്ന് മനസ്സ് ഉറപ്പിക്കുമ്പോഴും അവൻ താനുണ്ടെന്ന വിശ്വാസത്തിലാണ് അവളെ കൂട്ടി കൊണ്ട് വന്നിരിക്കുന്നതെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെ അവൾ നിറയുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് താഴെക്കിറങ്ങി…….
(തുടരും)
Aysha Akbar

by