19/04/2026

ശ്രീനന്ദനം : ഭാഗം 22

രചന – കണ്ണന്റെ മാത്രം

ഉള്ളിലേക്ക് പോലീസ് യൂണിഫോമിൽ ഉള്ള ഒരാളുടെ കൂടെ വരുന്ന ആ വെയ്റ്ററെ കണ്ടതും ഭയത്താൽ മേഘയുടെ മുഖം വിളറി വെളുത്തു..

എന്താ മേഘാ… ഇയാളെ കണ്ടിട്ടും തനിക്ക് ഒന്നും പറയാനില്ലേ… നവി ഒരു പുച്ഛത്തോടെ ചോദിച്ചു…

സാർ… അയാള് വെറുതെ എനിക്കെതിരെ ഓരോന്ന് പറയുന്നതാണ്… ഒന്നും വിശ്വസിക്കരുത്….

അതിന് അയാള് എന്തെങ്കിലും പറഞ്ഞു എന്ന് ഞങ്ങൾ പറഞ്ഞോ മേഘ… നവി ഒരു ചിരിയോടെ ചോദിച്ചു…

അത്… പിന്നെ… അങ്ങനെ അല്ല…

അതുപോട്ടെ ഇയാളെ തനിക്ക് എങ്ങനെയാ പരിചയം… അവൾ നിന്ന് വിക്കുന്നത് കണ്ടപ്പോ നവി ചോദിച്ചു.. ബാക്കി എല്ലാവരും അവളെ തന്നെ നോക്കി ഇരുന്നു.. അവളുടെ പേടിയും വിറയലും അവർ വേണ്ടുവോളം ആസ്വദിച്ചു…

എനിക്ക്… എനിക്ക്…

നവി… അയാൾക്ക് വേണമെങ്കിൽ ഓർമ കിട്ടുന്നുണ്ടാവില്ല… നീ ഇങ്ങനെ പ്രഷർ കൊടുക്കല്ലേ. നമുക്ക് ആ വീഡിയോ അങ്ങോട്ട് കാണിച്ച് കൊടുക്കാം.. അപ്പൊ ചിലപ്പോ ഒക്കെ ഓർമ വരും….. കാശി പറഞ്ഞു..

ഓക്കേ… നവി ഓക്കേ പറഞ്ഞ് അടുത്ത നിമിഷം അവന്റെ കാബിനിലെ ടീവിയിൽ പിയയുടെ ക്യാമെറയിൽ പതിഞ്ഞ വീഡിയോ പ്ലേ ആയി തുടങ്ങി… അത് കണ്ടതും അവളുടെ മുഖം കുനിഞ്ഞു.. ഇനിയൊന്നും ആരോടും പറഞ്ഞിട്ടും കാര്യമില്ല എന്ന് അവൾക്ക് മനസിലായി. പക്ഷേ അവൾക്ക് അപ്പോഴും അവർക്ക് ഈ വീഡിയോ എങ്ങനെ കിട്ടി എന്ന് മനസിലാകുന്നുണ്ടായിരുന്നില്ല..

വീഡിയോ പ്ലേ ചെയ്യത് കഴിഞ്ഞതും പിയ മേഘയുടെ മുന്നിൽ വന്ന് നിന്നു…

എന്തിന് വേണ്ടി.. പിയ ചോദിച്ചു…

മേഘ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതേ ഉള്ളൂ… അടുത്ത നിമിഷം പിയയുടെ കൈ ഒന്ന് ഉയർന്ന് താണു.. അവൾ കൈ കവിളിൽ വച്ച് കൊണ്ട് പിയയെ പകച്ചുനോക്കി…

മര്യാദക്ക് ഞാൻ ചോദിക്കുന്നതിനു മറുപടി തന്നോ.. ഇല്ലെങ്കിൽ ഇത് പോലെ എന്റെ കൈ നിന്റെ മുഖത്തിരിക്കും…പിയ ദേഷ്യത്തോടെ പറഞ്ഞു..

വേണ്ട.. വേണ്ട… ഞാൻ പറയാം…മേഘ പേടിയോടെ പറഞ്ഞു..

എങ്കിൽ പറയ്… എന്തിന് വേണ്ടി… ആര് പറഞ്ഞിട്ട്… കാശി ചോദിച്ചു…

മിനിസ്റ്റർ ധർമപാലന്റെ മകൻ അവിനാശ് സാർ പറഞ്ഞിട്ടായിരുന്നു ഞാൻ അങ്ങനെ ഒക്കെ ചെയ്തത്.. എന്നോട് എല്ലാവരും ക്ഷമിക്കണം….

നീ അങ്ങനെ ചുമ്മാ ചെയ്യില്ലല്ലോ.. നിനക്ക് ഇത് കൊണ്ട് ഉണ്ടായ ബെനഫിറ്റ് ആണ് ഞാൻ ചോദിച്ചത്…. പിയ ചോദിച്ചു..

അത് അഞ്ചുലക്ഷം രൂപ അതായിരുന്നു എനിക്ക്…. മേഘ മുഴുവനാക്കാതെ നിർത്തി…അടുത്ത നിമിഷം പിയയുടെ കൈകൾ മേഘയുടെ മുഖത്തിന്‌ നേരെ ഒന്നുകൂടി ഉയർന്ന് താണു..

ഇതെന്തിനാ എന്നറിയോ.. കൂടെ നിന്ന് വിശ്വാസവഞ്ചന നടത്തിയതിന്… പിയ ദേഷ്യത്തോടെ പറഞ്ഞു…

എന്തിനാ താൻ അഭിനന്ദിനെ തന്നെ തിരഞ്ഞെടുത്തത്… നവി ചോദിച്ചു..

അത്.. അത്… മേഘ ഒന്നും പറയാൻ കഴിയാതെ നിന്നു..

ഞാൻ പറയാം നിന്റെ പ്രൊപോസൽ അവൻ റിജക്റ്റ് ചെയ്തതിന്റെ ദേഷ്യം അല്ലേ… അപ്പൊ ഒരു കാര്യം ചോദിക്കട്ടെ.. എന്തായിരുന്നു നിന്റെ പ്രൊപോസലിന്റെ ഉദ്ദേശം.. ആൾറെഡി മാരീഡ് ആയ നീ എന്തിന് വേണ്ടി ആണ് അവനെ പ്രൊപ്പോസ് ചെയ്യ്തത്…

മേഘ മാരീഡ് ആണെന്ന അറിവ് അഭിയേയും വിച്ചുവിനെയും ഞെട്ടിച്ചു എന്ന് വേണം പറയാൻ.. അങ്ങനെ അവളുടെ കല്യാണം കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തിന് വേണ്ടിയാണ് അവൾ അങ്ങനെ ഒരു പ്രൊപോസൽ വച്ചത് എന്ന് അഭിക്കും വിച്ചുവിനും മനസിലായില്ല..

എനിക്ക് മറുപടി വേണം മേഘാ.. നവി ഉച്ചത്തിൽ പറഞ്ഞു..

എനിക്ക്… എനിക്ക് അയാളെ കണ്ടപ്പോൾ ഒരു അട്ട്രാക്ഷൻ തോന്നി.. അപ്പൊ ഒരു കാഷ്വൽ റിലേഷൻഷിപ്പിന് വേണ്ടി… മേഘ മുഴുവനാക്കാതെ പറഞ്ഞു നിർത്തി..

ഇത് കേട്ടതും അവിടെ ഉള്ള എല്ലാവരുടെയും മുഖത്ത് അവജ്ഞ നിറഞ്ഞു.. ഇവൾ ഇത്രയും തരം താണതാണോ എന്നാണ് അവർ ചിന്തിച്ചത്…

മേഘക്ക് ആരുടേയും മുഖത്ത് നോക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.. അവിനാശിന്റെ വാക്ക് കേട്ട് ഇതിന് ഇറങ്ങി തിരിച്ചത് ആലോചിച്ച് അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.. പപ്പന്റെ ശബ്ദം ആണ് അവളെ അവളുടെ മനോവിചാരങ്ങളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്..

മേഘാ.. ഇത് ഞങ്ങൾ ഇപ്പൊ കേസ് ആക്കാത്തത് അതിന്റെ പിന്നാലെ നടക്കാൻ ഞങ്ങൾക്ക് താൽപ്പര്യം ഇല്ലാത്തത് കൊണ്ടാണ്… പിന്നെ ഇനി മേഘയുടെ സർവീസ് ഇവിടെ ആവശ്യം ഇല്ല.. തന്റെ ടെർമിനേഷൻ ലെറ്റർ മെയിലിൽ വന്നിട്ടുണ്ടാവും.. ബാക്കി ഉള്ള സെറ്റിൽമെന്റ് തനിക്ക് അക്കൗണ്ടിൽ വരും.. പപ്പൻ ഗൗരവത്തോടെ പറഞ്ഞു..

മേഘ ഒന്നും മിണ്ടാതെ തലയും കുനിച്ച് പോകാൻ പോയതും പിയ അവളെ വിളിച്ചു..
എന്നോട് നീ ചെയ്യ്തത് ഇങ്ങനെ ഒരു കുറഞ്ഞ ശിക്ഷയിൽ ഒതുക്കാൻ മാത്രം വിശാലമനസ്ക്ക അല്ലാത്തത് കൊണ്ട് ഞാൻ കുറച്ചുപേരെ വിളിച്ചിരുന്നു ഇങ്ങോട്ട്.. അവരെ കൂടെ കണ്ടിട്ട് പൊക്കോളൂ നീ… പിയ അത് പറയലും കാബിൻ ഡോർ തുറന്ന് കുറച്ചുപേർ ഉള്ളിലേക്ക് വന്നിരുന്നു. അങ്ങോട്ട് വന്നവരെ കണ്ടതും മേഘ ഞെട്ടലോടെ എല്ലാവരെയും നോക്കി..

വന്നവരുടെ മുഖത്ത് മേഘയെ കണ്ടപ്പോൾ പല ഭാവങ്ങൾ ആയിരുന്നു. ദേഷ്യം അവജ്ഞയും വെറുപ്പും ഒക്കെ നിറഞ്ഞു ഓരോരുത്തരുടെ മുഖത്തും..

മേഘ അവളുടെ ഭർത്താവിന്റെയും വീട്ടുകാരുടെയും അവളുടെ വീട്ടുക്കാരുടെയും മുഖത്തേക്ക് നോക്കി. ഒരാളും അവളെ നോക്കാൻ വരെ തയ്യാറായില്ല… അതോടെ അവൾ ഒന്നുകൂടി തകർന്നു. തന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിച്ചു എന്ന് അവൾക്ക് മനസിലായി. അവൾ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു..

മേഘയുടെ വീട്ടുക്കാർ എല്ലാവരോടും ക്ഷമ പറഞ്ഞുകൊണ്ട് അവളെ ഒന്ന് നോക്കുകകൂടി ചെയ്യാതെ അവിടെ നിന്നും പോയി.. പിന്നാലെ അവളുടെ ഭർത്താവിന്റെ വീട്ടുകാരും പോയി.. അവളുടെ ഭർത്താവ് മാത്രം അവളെയും കൊണ്ടേ അവിടെ നിന്ന് പോയുള്ളൂ..
എന്തൊക്കെ ആയാലും താലികെട്ടിയ പെണ്ണല്ലേ എല്ലാവരെയും പോലെ തള്ളികളയാൻ പറ്റുന്നില്ല എന്നാണ് അയാൾ ബാക്കി ഉള്ളവരോട് പറഞ്ഞത്.. മേഘയുടെ കണ്ണുകൾ അതുകേട്ടപ്പോൾ നിറഞ്ഞൊഴുകി. അയാളെ ചതിക്കാൻ തോന്നിയ നിമിഷത്തെ അവൾ മനസ്സാൽ ശപിച്ചു… ഒരിക്കലും ആദ്യത്തെ പോലൊരു ലൈഫ് ഇനി കിട്ടില്ല എന്ന് അവൾക്ക് അറിയാമായിരുന്നു….അവിടെ ഉള്ള മറ്റുള്ളവർക്ക് അയാളോട് ബഹുമാനം തോന്നി…

ഇനിയിപ്പോ എന്താ അവിനാശിന്റെ കാര്യത്തിൽ നിന്റെ തീരുമാനം… അവരൊക്കെ പോയതും നവി പിയയോട് ചോദിച്ചു..

ഇപ്പൊ ഒന്നും വേണ്ട നവിയേട്ടാ… അവനുള്ള മറുപടി ഞാൻ പിന്നെ കൊടുത്തോളം…

മ്മ്… നവി അതിനൊന്ന് മൂളി…

…………….

ഒരാഴ്ച പെട്ടന്ന് കടന്നുപോയി. മറ്റന്നാൾ ആണ് പിയയുടെ വീട്ടിൽ നിന്ന് അഭിയുടെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞിട്ടുള്ളത്. അഭി ഇപ്പോൾ ഹരിയുടെ കൂടെ ആണ്. അവൻ ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് വകീൽ പ്രാക്ടീസ് തുടങ്ങി… ആദ്യം ഒക്കെ അവന് ഒരു ബുദ്ധിമുട്ട് തോന്നിയെങ്കിലും രണ്ടുദിവസം കൊണ്ട് തന്നെ അവൻ അതുമായി സെറ്റ് ആയിരുന്നു. ഇപ്പൊ ആള് നല്ല ഹാപ്പി ആണ്. ഒരുപാട് ആഗ്രഹിച്ച പ്രൊഫഷനിൽ വർക്ക്‌ ചെയ്യുന്നതിന്റെ ഒരു സന്തോഷം അവന്റെ മുഖത്ത് കാണാനും ഉണ്ട്. 100 ന്റെ ബൾബ് കത്തിച്ചുവച്ച പോലെ ആണ് ഇപ്പൊ അഭിയുടെ മുഖം എന്നാണ് വിച്ചുവിന്റെ കണ്ടെത്തൽ. അത്രയും തെളിച്ചമാണെന്ന്… അഭി അത് കേൾക്കുമ്പോൾ ചിരിച്ചു തള്ളുമെങ്കിലും അവനും അറിയാം അത് സത്യം ആണെന്ന്…

മോനേ… മറ്റന്നാള് അവര് വരുന്നതിന് ആരെ ഒക്കെ വിളിക്കണം.. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ സാവിത്രിയമ്മ ചോദിച്ചു…

അധികം ആരും വേണ്ട അമ്മേ വിച്ചുവും അച്ഛനും അമ്മയും വരും. പിന്നെ ജിത്തുവിനെയും നിധിയെയും അമ്മ വിളിച്ച് നോക്ക്. വരുന്നുണ്ടെങ്കിൽ വരട്ടെ അവർ.. നിർബന്ധിക്കാൻ നിൽക്കണ്ട.. പിന്നെ അമ്മാവനോടും വരാൻ പറഞ്ഞോ.. അതുമതി…

മ്മ്… അവരെ ഞാൻ നാളെ ഒന്ന് വിളിച്ച് നോക്കട്ടെ.. ഏട്ടൻ എന്തായാലും വരും.. നിന്റെ കല്യാണം നടക്കാത്തതിൽ വലിയ വിഷമം ആയിരുന്നു അവർക്ക്.. അതുകൊണ്ട് അവര് എന്തായാലും വരും. ജിത്തുവിന്റേം നിധിയുടേം കാര്യം ആണ് അറിയാത്തത്…

അവർ വരുന്നില്ലെങ്കിൽ വേണ്ട ഈ അമ്മക്ക് ഇതെന്താ…ആമി ഇഷ്ടക്കേടോടെ ചോദിച്ചു..

ആമി… അങ്ങനെ പറയല്ലേ മോളെ നീ.. എന്തൊക്കെ ആയാലും അവർ നമ്മുടെ കൂടെപ്പിറപ്പുകൾ ആണ്. അമ്മയുടെ മക്കൾ ആണ് അങ്ങനെ മുഴുവനായും അവരെ തള്ളികളയാൻ നമുക്ക് പറ്റില്ല.. അവർ ചെയ്യുന്നത് പോലെ നമ്മളും പ്രവർത്തിച്ചാൽ അവരും നമ്മളും തമ്മിൽ എന്തു വ്യത്യാസം ആണ് ഉള്ളത്… അഭി ഗൗരവത്തോടെ പറഞ്ഞു…

ആമിക്ക് മുഴുവനായും അഭി പറഞ്ഞത് അങ്ങോട്ട് ദഹിച്ചില്ലെങ്കിലും അവൾ അവനെ എതിർത്ത് ഒന്നും പറഞ്ഞില്ല..

…………………..

ഹരി.. മറ്റന്നാൾ എപ്പോ ഇറങ്ങണം അഭിയുടെ വീട്ടിലേക്ക്.. പപ്പൻ ചോദിച്ചു…

രാത്രി ഭക്ഷണത്തിന് ശേഷം പപ്പന്റെ വീട്ടിലാണ് എല്ലാവരും കാശിയും മിത്രയും കാത്തുവും കൂടി ഉണ്ടായിരുന്നു…

നമുക്ക് ഒരു പത്തുമണിയോടെ ഇറങ്ങാം അല്ലേ.. അതുപോരെ… ഹരി എല്ലാവരെയും നോക്കികൊണ്ട്‌ ചോദിച്ചു…

മ്മ്… അതുമതി.. എല്ലാവരുടെയും മുഖത്തെ സമ്മതഭാവം കണ്ടതും പപ്പൻ പറഞ്ഞു…

കാശി.. നീയും മിത്രയും ഉണ്ടാവില്ലേ… പപ്പൻ കാശിയോടായി ചോദിച്ചു..

ഉണ്ടാവും അങ്കിൾ..കാശി പറഞ്ഞു..

മ്മ് കാത്തുമോള് ഇങ്ങോട്ട് പോരെ കേട്ടോ അന്ന് പിയക്ക് ഒരു കൂട്ടും ആവുലോ…

ഏഹ്… അപ്പൊ എന്നെ കൊണ്ടുപോവില്ലേ അപ്പൊ… പിയ കണ്ണുരുട്ടികൊണ്ട് ചോദിച്ചു..

നീ കണ്ണുരുട്ടണ്ട.. നിന്നെ എന്തായാലും ഇപ്പൊ കൊണ്ടുപോകുന്നില്ല… പാറു അവളോട് പറഞ്ഞു..

അതെന്ത് പരിപാടിയാണ്.. ഞാൻ അല്ലേ അവിടെ താമസിക്കേണ്ടത്.. അപ്പൊ ഞാൻ അല്ലേ അവിടെ ഒക്കെ കാണേണ്ടത്… അവൾ മുഖം വീർപ്പിച്ചു വച്ചുകൊണ്ട് ചോദിച്ചു…

അത് ഞങ്ങൾ വന്നിട്ട് വിവരം പറയാം അല്ലേ ഏട്ടാ… പാറു പറഞ്ഞു…

ഓഹ് വേണ്ട.. നിങ്ങൾ എന്നെ കൊണ്ടുപോകേണ്ട.. ഞാൻ തന്നെ പോയിക്കൊണ്ട് വേറെ ഒരു ദിവസം..

ആ അഭി സമ്മതിച്ചാൽ നീ എങ്ങോട്ട് വേണമെങ്കിലും പൊക്കൊ.. അല്ലാതെ ഞങ്ങളുടെ കൂടെ വരണ്ട.. ഹരി പറഞ്ഞു…

ഓഹ്.. സമ്മതിച്ചു.. പിയ അതിന് ഒന്ന് പുച്ഛിച്ചു തള്ളി… പിന്നെയും കുറച്ചുനേരം കാര്യം പറഞ്ഞിരുന്നിട്ടാണ് എല്ലാവരും കിടക്കാനായി അവരവരുടെ വീടുകളിലേക്ക് പോയി..

…………..

പിറ്റേന്ന് അഭി ജോലിക്ക് പോയതിനു ശേഷം ആണ് സാവിത്രിയമ്മ ജിത്തുവിനെയും നിധിയെയും വിളിച്ചത്..

രണ്ടുകൂട്ടരും ആദ്യം കുറച്ചുനേരം വലിയ ജാഡ ഇട്ടെങ്കിലും നിങ്ങൾക്ക് താൽപ്പര്യം
ഇല്ലെങ്കിൽ വരണ്ട കേട്ടോ.. എന്ന സാവിത്രിയമ്മയുടെ ഒറ്റ ഡയലോഗിൽ രണ്ടും മൂക്കും കുത്തി വീണു. അവർ വേഗം വരാം എന്ന് സമ്മതിച്ചു.. ഇനിയും ജാടയിട്ടാൽ അമ്മ ചിലപ്പോ നിങ്ങൾ വരുകയേ വേണ്ട എന്ന് പറഞ്ഞുകളയും എന്ന് രണ്ടാൾക്കും അറിയാം.. ഇത്രയും വലിയ കൂട്ടര് ആയിട്ട് ഒരു പരിചയം പുതുക്കാൻ കിട്ടുന്ന ചാൻസ് ഒന്നും വേണ്ടാന്ന് വെക്കാൻ രണ്ടാൾക്കും കഴിയുമായിരുന്നില്ല… അല്ലാതെ കൂടെപിറപ്പിനോട് ഉള്ള സ്നേഹത്തിൽ ഒന്നും ആയിരുന്നില്ല…. അങ്ങനെയും ചിലർ.. സ്വാർത്ഥ താൽപ്പര്യങ്ങൾക്കിടയിൽ ബന്ധങ്ങൾക്കും സ്നേഹത്തിനും ഒന്നും വിലകൊടുക്കാത്ത ചിലർ…

തുടരും…