18/04/2026

ശ്രീനന്ദനം : ഭാഗം 10

രചന – കണ്ണന്റെ മാത്രം

നവി ഇന്നെന്താ നേരത്തേ… അവിടെ ഇരിക്കുന്ന ആളുടെ ചോദ്യം ആണ് നവിയുടെ ശ്രദ്ധ അവരിൽ നിന്നും തിരിച്ചത്..

ഒരു മീറ്റിംഗ് ഉണ്ട് കാശിയേട്ടാ.. നിങ്ങൾ എപ്പോ വന്നു. എന്താ പ്രത്യേകിച്ച്…

എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആണെടാ.. ഡിസിപി ആയിട്ട്… ഇനിയിപ്പോ കുറച്ചുകാലം കേരളത്തിൽ തന്നെ ഉണ്ടാവും. മിത്രക്കും കാത്തുവിനും ഇവിടെ ഏതേലും ഹോസ്പിറ്റലിൽ നോക്കണം.. കാശി പറഞ്ഞു..

അപ്പൊ ഇതാണ് നീ ഇന്നലെ പറഞ്ഞ സർപ്രൈസ് അല്ലേ… ഹരി പിയയെ നോക്കി പറഞ്ഞു..

മ്മ്.. കാശിയേട്ടൻ എന്നെ ഇന്നലെ വിളിച്ചിരുന്നു… പിയ പറഞ്ഞു..

നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പോകാൻ നോക്കട്ടെ. എനിക്ക് നേരം വൈകും… നവീൻ പറഞ്ഞു..

ഇല്ലെടോ ഞാനും ഇറങ്ങാണ്. എനിക്കും ഇന്ന് ജോയിൻ ചെയ്യണം..

എന്നാൽ മിത്രയും കാത്തുവും ഇവിടെ നിൽക്കട്ടെ. ആ വീടൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ട് വേണ്ടേ.. ഞാൻ ശാരദയോട് പറയാം അവിടെ ക്ലീൻ ആക്കാൻ… പാറു പറഞ്ഞു.

അത്… കാശിക്ക് അവരെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമം തോന്നി..

അത് മതിയെടോ.. താൻ പോകാൻ നോക്ക്.. ഹരിയും പറഞ്ഞതും പിന്നെ കാശി എതിരൊന്നും പറഞ്ഞില്ല.

എങ്കിൽ ഞാൻ പിന്നെ വരാം.. പിയ ഒന്ന് വന്നേ.. കാശി ബാക്കി ഉള്ളവരോട് പറഞ്ഞുകൊണ്ട് പിയയെയും വിളിച്ച് പുറത്തേക്ക് പോയി. പിയയും അവന്റെ പിന്നാലെ പോയി.

നവീനും റെഡി ആകാനായി റൂമിലേക്ക് പോയി.

……………..

പിയ നീ പറഞ്ഞ ഡീറ്റെയിൽസ് വച്ച് ഞാൻ തപ്പിനോക്കി. പക്ഷേ DD എന്നൊരു ഐഡന്റിറ്റി… എനിക്ക് ഒന്നും മനസിലാകുന്നില്ല…

ഞാനും ഒറ്റക്കും അച്ഛന്റെയും നവിയേട്ടന്റെയും കണക്ഷൻസ് വച്ചൊക്കെ അന്വേഷിച്ചു നോക്കി. പക്ഷേ എനിക്കും നിരാശ ആയിരുന്നു ഫലം. എന്റെ ഒരു കാൽക്കുലേഷൻ വച്ചിട്ട് മിനിസ്റ്ററിനും അയാളെ നേരിട്ട് അറിയാൻ സാധ്യത കുറവാണ്. കാരണം കഴിഞ്ഞ ഒരു കൊല്ലത്തെ അയാളുടെ സകല യാത്രകളുടെ ഡീറ്റൈൽസും എന്റെ കൈയിൽ ഉണ്ട്. അപ്പോഴൊന്നും ഇങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്..

മ്മ്.. നമുക്ക് നോക്കാം. ഇന്ന് എന്തായാലും അറസ്റ്റ് ചെയ്യത് വരുന്ന വഴി ഒരു അറ്റാക്ക് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഒരു വഴിയും ഇല്ലെങ്കിൽ എൻകൌണ്ടർ തന്നെ.. എന്നാലും അവരെ വെറുതെ വിടില്ല ഞാൻ..

മ്മ്.. ഉച്ചക്ക് മുൻപായിട്ട് അറിയാൻ പറ്റും അവർ എവിടെയാ ഉള്ളതെന്ന്. എനിക്ക് ഏകദേശം ഒരു ധാരണ ഉണ്ട് അവർ എവിടെ ആവും ഒളിച്ച് താമസിക്കുന്നത് എന്ന്. പക്ഷേ ഉറപ്പിക്കാൻ പറ്റില്ലല്ലോ..

പിയമോളെ… നീ നന്നായി സൂക്ഷിക്കണം. ഇപ്പൊ നിന്നോട് അവർക്ക് തീർത്താൽ തീരാത്ത പക ഉണ്ടാവും. ഇപ്പൊ ഇങ്ങനെ കുറച്ചു പരാതികൾ കൊടുത്ത് ഇട്ടിട്ടുള്ളത് കൊണ്ട് ഫിസിക്കലി ഒരു അറ്റാക്ക് പ്രതീക്ഷിക്കണ്ട. പക്ഷേ മെന്റലി നിന്നെയും നിനക്ക് വേണ്ടപ്പെട്ടവരെയും തകർക്കാൻ ഉള്ള വഴി അവർ നോക്കും..

അറിയാം കാശിയേട്ടാ.. ഞാൻ ശ്രദ്ധിച്ചോളാം..

മ്മ്… പപ്പനങ്കിൾ എന്നാ വരുന്നത്..
എന്തോ മീറ്റിംഗിൽ ആണെന്ന് പറഞ്ഞു ഹരിയങ്കിൾ..

ഇന്ന് വരും കാശിയേട്ടാ…

എങ്കിൽ ശരി മോളെ.. നീ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്..

മ്മ്.. ശരിയേട്ടാ..

കാശി പിയയോട് യാത്ര പറഞ്ഞ് പുറത്തേക്ക് പോയി.

……………….

നവി യാത്രയായി തിരിഞ്ഞപ്പോൾ ആണ് വാതിലിൽ ആയി നിൽക്കുന്ന കാത്തുവിനെ കണ്ടത്..

എന്താ കാശിക… നവി ചോദിച്ചു..

ആഷിക്ക് പകരം കാശിക എന്ന് വിളിച്ചപ്പോൾ തന്നെ അവൾക്ക് മനസിലായി അവന് അവളോടുള്ള ദേഷ്യം…

നവിയേട്ടാ.. ഞാൻ.. കാത്തു പറഞ്ഞു തുടങ്ങിയപ്പോഴേക്കും നവി അവളെ തടഞ്ഞിരുന്നു..

ഒരു വിശദീകരണം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ ആവശ്യം ഇല്ല. കാശികക്ക് അതല്ലാതെ വേറെ വല്ലതും പറയാൻ ഉണ്ടോ…

അതിന് മറുപടി പറയാതെ അവൾ തല കുമ്പിട്ട് നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവനെ നോവിച്ചെങ്കിലും അത് അവൻ കാര്യമാക്കിയില്ല. അവൻ അവളെ ഒന്ന് കൂടി നോക്കിയിട്ട് പുറത്തേക്ക് പോയി.

ആരോ അവളുടെ തോളിൽ പിടിച്ചപ്പോൾ ആണ് കാത്തു കണ്ണീർ വേഗത്തിൽ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കിയത്.. മിത്രയായിരുന്നു അത്. അതോടെ കാത്തു കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു…

ഏട്ടത്തി… നവിയേട്ടൻ… അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

എങ്ങനെയാ മോളെ നവിയെ ഇതിനു കുറ്റം പറയുന്നത്. നിന്റെ ഭാഗത്ത്‌ നിന്നു ഉണ്ടായത് അങ്ങനെ ഉള്ള കാര്യങ്ങൾ അല്ലേ. നീ ഒന്ന് ആലോചിച്ചു നോക്ക് നിന്നോട് ഞാൻ വന്നിട്ട് കാശിയേട്ടനിൽ നിന്ന് അകന്ന് നിൽക്കണം നിങ്ങളുടെ ബന്ധം ഞാൻ സംശയിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ എന്താവും നിന്റെ അവസ്ഥ..

ഏട്ടത്തി… കാത്തു ഞെട്ടിക്കൊണ്ട് വിളിച്ചു..

എന്താ അങ്ങനെ പറഞ്ഞപ്പോൾ പോലും നിനക്ക് സഹിക്കാൻ കഴിയുന്നില്ല അല്ലേ.. അപ്പൊ അത് നിന്റെ വായിൽ നിന്ന് കേൾക്കേണ്ടി വന്ന പിയയുടേയും നവിയുടെയും അവസ്ഥ എന്താവും…

ഏട്ടത്തി ഞാൻ… അവൾ വിഷമത്തോടെ വിളിച്ചു.

വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. പക്ഷേ നീ നവിയെ മനസിലാക്കണം. അവനോട്‌ ക്ഷമ പറയണം നീ.. കുറച്ച് ദേഷ്യവും വിഷമവും കാണിക്കുമായിരിക്കും എന്നാലും അവസാനം അവന് നിന്നോട് ക്ഷമിക്കാതിരിക്കാൻ കഴിയില്ല…

ഞാൻ എത്ര വേണമെങ്കിലും ക്ഷമ പറയാൻ തയ്യാറാണ് ഏട്ടത്തി. പക്ഷേ നവിയേട്ടൻ എന്നെ ഒന്ന് കേൾക്കാൻ വരെ തയ്യാർ ആവുന്നില്ല.. അവന് ഇപ്പൊ എന്നെ കാണുന്നതേ വെറുപ്പാണ്…

വെറുപ്പല്ല കാത്തുചേച്ചി പരിഭവം ആണ്… പിയയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവൾ അവിടെ നിൽക്കുന്നത് അവർ കണ്ടത്…

പിയമോളെ എന്നോട് ക്ഷമിക്കെടി.. കാത്തു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

എന്റെ കാത്തുവേച്ചി നിങ്ങള് ഇനി എത്ര പ്രാവശ്യം എന്നോട് ക്ഷമ പറയും പെണ്ണേ.. എല്ലാം അറിഞ്ഞപ്പോളെ ഇതൊക്കെ നമ്മൾ പറഞ്ഞ് സെറ്റ് ആക്കിയതല്ലേ.. പിന്നെ നവിയേട്ടന്റെ കാര്യം ആൾക്ക് നീ അങ്ങേരെ മനസിലാക്കിയില്ലല്ലോ എന്ന സങ്കടം ആണ്. അല്ലാതെ വെറുപ്പൊന്നും അല്ല.. അത് നിങ്ങൾ ഒന്ന് തുറന്ന് സംസാരിച്ചാൽ തീരും.. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കി തരാം…

മ്മ്.. കാത്തു കണ്ണുകൾ തുടച്ചുകൊണ്ട് മൂളി.. പിന്നെ അവർ മൂന്നും കൂടി താഴേക്ക് പോയി….

ഹരിയുടെയും പപ്പന്റെയും മറ്റൊരു സുഹൃത്ത് ശങ്കറിന്റെ മക്കൾ കശ്യപ് ശങ്കർ & കാശിക ശങ്കർ. ശങ്കറും ഭാര്യ മായയും കുറച്ചുകൊല്ലം മുൻപ് ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെട്ടിരുന്നു. കശ്യപ് ശങ്കർ IPS എന്ന കാശി ഇപ്പൊ തിരുവനന്തപുരം ഡിസിപി ആയിട്ട് ജോയിൻ ചെയ്തു. ഭാര്യ മിത്ര ഡോക്ടർ ആണ്. കാശികയും ഡോക്ടർ ആണ്. കാശികയുടെ സീനിയർ ആയിരുന്ന മിത്രയെ കണ്ടിഷ്ടപ്പെട്ട് കെട്ടിയതാണ് കശ്യപ്.. കാശിക ശങ്കർ എന്ന എല്ലാവരുടെയും കാത്തു പഠിച്ചതൊക്കെ അമ്മ വീട്ടിൽ പാലക്കാട്‌ നിന്നിട്ടായിരുന്നു. അച്ചാച്ചനും അച്ഛമ്മയും മരിച്ചതിനു ശേഷം ആണ് ഇവിടെ തിരുവനതപുരത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ ഇവരെ ഒന്നും അവൾക്ക് കാര്യമായി പരിചയം ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം ആണ് അവൾ നവിയെ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. എല്ലാവരുടെയും കാത്തു നവിക്ക് മാത്രം ആഷിയാണ്.. അപ്പോഴും JNUവിൽ ജേർണിലിസം പഠിക്കുന്ന പിയയെ അവൾക്ക് അറിയില്ലായിരുന്നു. ആ അറിവില്ലായ്മ ആണ് ഇപ്പൊ അവരുടെ ബന്ധം അകലാൻ കാരണം..

……………..

കാശി DIGയുടെ ഓഫീസിൽ പോയി ജോയിൻ ചെയ്തിട്ടാണ് നേരെ ഓഫീസിൽ എത്തുന്നത്. അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും അവന് പിയയുടെ കാൾ വന്നു. അവൻ വേഗം കാബിനിൽ ഉള്ള tv വച്ചു. അതിലപ്പോൾ ആഭ്യന്തര മന്ത്രിയുടെ രാജി ഉറപ്പിച്ചുകൊണ്ടുള്ള വാർത്തകൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ ആണ് ധർമപാലൻ തന്റെ രാജി സമർപ്പിച്ചത്..
അതിന് ശേഷം പുറത്തേക്ക് വരുന്ന ധർമപാലനെ ആണ് ഇപ്പോൾ ടീവിയിൽ കാട്ടികൊണ്ടിരിക്കുന്നത്..

ധർമപാലൻ പുറത്തേക്ക് വന്നതും അയാളെ മാധ്യമ പട വളഞ്ഞു..

സാർ.. എന്താണ് ഈ രാജിക്ക് പിന്നിലെ കാരണം… ഒരാൾ ചോദിച്ചു.

ഇന്നലെ സാറിനെതിരെ വന്ന റിപ്പോർട്ട്‌ ആണോ….. അടുത്തയാൾ.

നിങ്ങളുടെ എല്ലാവരുടെയും ചോദ്യത്തിന് ഞാൻ മറുപടി തരാം. നിങ്ങൾ സമാധാനം ആയി നിൽക്കൂ.. ധർമപാലൻ വരുത്തി തീർത്ത ചിരിയോടെ പറഞ്ഞു. ഇപ്പൊ എന്താ നിങ്ങൾക്ക് അറിയേണ്ടത്. ഈ രാജി എന്തുകൊണ്ടാണ് എന്നല്ലേ… നിങ്ങൾ പറഞ്ഞത് ശരിയാണ് ഇന്നലെ വന്ന ആ റിപ്പോർട്ട്‌ കാരണം തന്നെ ആണ്. ധർമപാലൻ അത് പറഞ്ഞതും എല്ലാ റിപ്പോർട്ടർമാരും ഓരോന്ന് ചോദിച്ചു തുടങ്ങി…

ഞാനൊന്ന് പറഞ്ഞു മുഴുവൻ ആക്കട്ടെ സുഹൃത്തുക്കളെ.. ഇന്നലെ വന്ന ആ റിപ്പോർട്ട്‌ എന്നെ സംബന്ധിച്ച് എന്റെ സുതാര്യമായ രാഷ്ട്രീയ ജീവിതത്തിന് ഏറ്റ ഒരു കളങ്കം ആണ്. അങ്ങനെ ഒരു ആരോപണം എന്റെ മേൽ കിടക്കുമ്പോൾ ഇങ്ങനെ ഒരു പൊസിഷനിൽ ഞാൻ ഇരിക്കാൻ യോഗ്യൻ അല്ല. അതുകൊണ്ടാണ് ഈ രാജി.. എന്റെ നിരുപരാധിത്വം തെളിയിച്ചതിന് ശേഷം ജനങ്ങൾ തീരുമാനിക്കട്ടെ എന്ത്‌ വേണം എന്ന്… അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി..

ഇയാള് ശരിക്കും ഒരു കുറുക്കൻ തന്നെ ആണ് അല്ലേ മുത്തേ… എന്ത് അനായാസം ആയിട്ടാണ് അയാൾ മീഡിയയെ നേരിട്ടത്… ടീവിയിലൂടെ ധർമപാലന്റെ രാജി വാർത്ത കണ്ടുകൊണ്ടിരുന്ന ഹരി പറഞ്ഞു…

മ്മ്… പക്ഷേ ഇനിയൊരിക്കലും അയാൾ അങ്ങനെ ഒരു പൊസിഷനിൽ എത്തില്ല പപ്പേ… അതയാളുടെ ആഗ്രഹം മാത്രമായി ചുരുങ്ങും…

മ്മ്… ഹരി അതിനൊന്ന് മൂളിയതെ ഉള്ളൂ…

…………..

അന്ന് ഉച്ചയാവുമ്പോഴേക്കും തന്നെ അവി വിളിച്ചിട്ട് ഭീകരവാദികൾ എവിടെ ഉണ്ടെന്ന് പറഞ്ഞു. പക്ഷേ അപ്പോഴേക്കും കാശിയുടെ ടീം അവരെ അവിടെ നിന്ന് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ അവിടെ എത്തിയ പോലീസ് ഫോഴ്‌സിന് അവരെ കിട്ടിയിരുന്നില്ല.. ഇതറിഞ്ഞ അവിയും ധർമപാലനും കോശിയും ആകെ സംശയത്തിൽ ആയി.. ധർമപാലന് ആകെ ഭയമായി തുടങ്ങി. DDയോട് എന്ത് പറയും. അയാൾ ആലോചിച്ചു…
ആ സമയത്താണ് അയാളുടെ ഫോൺ ബെല്ലടിച്ചത്.. നോക്കിയപ്പോൾ DD ആണ്…

എന്റെ ആളുകൾ എവിടെയാണ് ധർമപാലാ…

അത് DD.. എനിക്ക്… എന്ത്‌ മറുപടി പറയണം എന്നറിയാതെ അയാൾ നിന്ന് വിക്കി…

തന്നെയൊക്കെ ഒരു കാര്യം ഏൽപ്പിച്ച ഞാൻ ആണ് തെറ്റുകാരൻ. ഇനിയെനിക്ക് തന്റെ സഹായം ഒന്നും വേണ്ട. എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം… അയാൾ അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചിട്ട് പോയി.

ധർമപാലൻ എല്ലാംകൊണ്ടും തകർന്നതുപോലെ സോഫയിലേക്ക് തലക്ക് കൈകൊടുത്തിരുന്നു പോയി.

എന്താ ഡാഡി.. എന്തേലും പ്രശ്നം ഉണ്ടോ.. അവി തലക്ക് കൈകൊടുത്തിരിക്കുന്ന ധർമപാലനെ നോക്കി ചോദിച്ചു…

എന്താ ഇപ്പൊ ഉള്ളതൊന്നും പ്രശ്നങ്ങൾ അല്ലേ.. എല്ലാം നമ്മുടെ കൈയിൽ നിന്ന് പോയി. ഇനിയെന്താ കൂടുതൽ വേണ്ടത്… അയാൾ അവന് നേരെ ചാടികടിച്ചു..

അല്ല ഡാഡി ഞാൻ…

നീ ഒന്നും പറയണ്ട. നിന്റെ മറ്റവൾ ഇല്ലേ ശ്രീപ്രിയ അവളാണ് എല്ലാത്തിനും കാരണം. എന്റെ ഈ തകർച്ച മുഴുവൻ അവൾ ഒറ്റൊരാൾ കാരണം ആണ്. വെറുതെ വിടില്ല ഞാൻ അവളെ…

പക്ഷേ ഡാഡി അവൾക്കെതിരെ ഇപ്പൊ നമ്മൾ എന്തെങ്കിലും ചെയ്താൽ അത് നമുക്ക് തന്നെ എതിരായി വരില്ലേ…

ഫിസിക്കലി ഉപദ്രവിച്ചാൽ അല്ലേ അവൾക്ക് കേസ് കൊടുക്കാൻ പറ്റുകയുള്ളൂ. മെന്റലി തകർക്കണം അവളെയും അവളുടെ വീട്ടുകാരെയും.. അവർ നാണംകെട്ട് നിൽക്കുന്നത് എനിക്ക് കാണണം.. അതിനെന്തെങ്കിലും വഴിയുണ്ടോ എന്നൊന്ന് അന്വേഷിക്ക് നീ…

ശരി ഡാഡി….

തുടരും …….