രചന – കണ്ണന്റെ മാത്രം
എന്താ നന്ദൻ.. എന്തുപറ്റി.. ഇതെന്താ ശരീരത്തിൽ ആകെ ചോര… പിയ വെപ്രാളത്തോടെ ഷർട്ടിലും പാന്റിലും ഒക്കെ ആകെ ചോര ആയി നിൽക്കുന്ന അഭിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു…
ഒന്നുല്ല്യ ശ്രീ.. അത് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് നടന്നത് കണ്ടു. അപ്പൊ അവരെ ഹോസ്പിറ്റലിൽ ആക്കാനും മറ്റും പോയി അതാണ്. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അപ്പോഴേക്കും നീ റെഡി ആവ്… നമുക്ക് ഒരു സ്ഥലം വരെ പോണം…
അഭി അവളുടെ മുഖത്ത് നോക്കാതെ ധൃതിയിൽ പറഞ്ഞു..
എങ്ങോട്ടാ നന്ദൻ.. ഇപ്പൊ പോയാൽ ശരിയാവില്ല. കാശിയേട്ടൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്. എന്തോ സംസാരിക്കാൻ ഉണ്ടെന്നാ പറഞ്ഞത്… പിയ അവന്റെ പിന്നിൽ ചെന്ന് കൊണ്ട് പറഞ്ഞു..
കാശിയേട്ടൻ ആണ് നിന്നേം കൊണ്ട് ചെല്ലാൻ പറഞ്ഞത്. നീ വേഗം റെഡി ആവ്…
ആണോ.. എങ്കിൽ ഓക്കേ.. പക്ഷേ എന്താ എന്നെ വിളിക്കാഞ്ഞേ ആവോ…
നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നാ പറഞ്ഞത്. ഇവിടെ വീടിന് അകത്ത് റേഞ്ച് കുറവല്ലേ അതാവും.. നീ വേഗം പോയി റെഡി ആവാൻ നോക്ക് ശ്രീ.. എന്റെ കുളി ഇപ്പൊ കഴിയും.. അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബുദ്ധിമുട്ടായി തുടങ്ങിയതും അവൻ ദൃതി കാണിച്ചു..
ഹാ.. അവൾ തലയാട്ടിക്കൊണ്ട് വേഗം റൂമിലേക്ക് നടന്നു.
ഭക്ഷണം കഴിക്കുന്നില്ലേ.. അവൻ കുളിച്ച് റെഡി ആയി വന്നതും അവൾ ചോദിച്ചു..
ആ കഴിക്കാം… അവൻ പറഞ്ഞതും അവൾ വേഗം രണ്ടുപാത്രങ്ങളിലായി ഭക്ഷണം എടുത്തു. അവൾ വേഗം വേഗം കഴിച്ചപ്പോൾ അവൻ അതിൽ കൈയിട്ടിളക്കി ഇരുന്നത്തെ ഉള്ളൂ..
കഴിക്കുന്നില്ലേ… പിയയുടെ കഴിച്ച് കഴിഞ്ഞതും അവൾ ചോദിച്ചു..
വിശക്കുന്നില്ല ശ്രീ… എനിക്ക് വേണ്ട.. അതും പറഞ്ഞ് പാത്രവും എടുത്ത് അതിലെ ഭക്ഷണം കളയാൻ പോകുന്നവനെ പിയ അത്ഭുധത്തോടെ നോക്കി.. കാരണം അവനെ പരിചയപ്പെട്ട് ഈ കുറച്ചുനാളുകൊണ്ട് അവൾ മനസിലാക്കിയ ഒരു കാര്യം ആണ് ഭക്ഷണം പാഴാക്കുന്നതിനോട് അവന് വല്ലാത്ത ദേഷ്യം ആണെന്ന്. ആ ആളാണ് ഇപ്പൊ അതു കളയാൻ കൊണ്ട് പോയത്…
നീ ഇതുവരെ കൈകഴുകിയില്ലേ… അഭി അത് ചോദിച്ചപ്പോൾ ആണ് പിയ അവളുടെ ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്നത്. അവൾ വേഗം പോയി കഴിച്ച പാത്രവും കൈയും കഴുകി വന്നു.. വാതിൽ പൂട്ടി സാധാരണ താക്കോൽ വെക്കുന്നിടത് അത് വച്ച് അഭിയെ നോക്കിയപ്പോൾ അവൻ വാങ്ഗ്ലറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നതാണ് കണ്ടത്… അവളും വേഗം ചെന്ന് അതിൽ കയറിയതും വണ്ടി അവൻ പറപ്പിച്ച് വിട്ടു..
Medicare ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിലേക്ക് വണ്ടി കയറിയതും പിയ ടെൻഷനോടെ അഭിയെ നോക്കിക്കൊണ്ട് ചോദിച്ചു..
എന്താ നന്ദൻ പ്രശ്നം.. എന്തിനാ നമ്മൾ ഇങ്ങോട്ട് വന്നത്.. കാശിയേട്ടൻ പറഞ്ഞിട്ടാണോ
ശ്രീ.. ഞാൻ പറയുന്നത് മനസ്സ് കൈവിടാതെ മുഴുവനായി കേൾക്കണം… അഭി അവളുടെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു..
നന്ദൻ ഇപ്പൊ താൻ ആണ് എന്നെ പേടിപ്പിക്കുന്നത്. കാര്യം എന്താണെങ്കിലും വേഗം പറയ്…
കാശിയേട്ടനും മിത്രേച്ചിക്കും ഒരു ആക്‌സിഡന്റ്. അതിൽ മിത്രേച്ചി…. അഭി മുഴുവനാക്കാതെ പറഞ്ഞു നിർത്തി…
നോ… പിയ കേട്ടവാർത്ത വിശ്വസിക്കാൻ പറ്റാതെ ഉറക്കെ അലറിപോയി… അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… അവളുടെ ഉള്ളിൽ മിത്ര പ്രെഗ്നന്റ് ആണെന്ന് സന്തോഷത്തോടെ പറഞ്ഞ കാശിയേട്ടന്റെ സ്വരം ആയിരുന്നു.. അപ്പോഴാണ് അവൾക്ക് കാശിയുടെ കാര്യം ഓർമ വന്നത്..
നന്ദൻ… കാശിയേട്ടൻ…
ക്രിട്ടിക്കൽ ആണ്. ഞാൻ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പൊ ബോധം പോകുന്നതിന് മുൻപ് നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു… പിയ അപ്പോഴും കേട്ട വാർത്തയുടെ ഷോക്കിൽ ആയിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു….
………………..
ആരാ കാത്തുവും നവിയും.. ICUവിൽ നിന്ന് ഇറങ്ങി വന്ന സിസ്റ്റർ ചോദിച്ചതും അവിടെ പാറുവിന്റെ തോളിൽ കരഞ്ഞു തളർന്നിരുന്ന കാത്തു വേഗം എഴുന്നേറ്റു.. നവിയും അങ്ങോട്ട് വന്നു..
ഞങ്ങളാണ്… അവർ സിസ്റ്ററിനോട് പറഞ്ഞു..
ഏഹ്… കാശിക മേഡം.. മാഡത്തിന്റെ ആരെങ്കിലും ആണോ പേഷ്യന്റ്….
അവളുടെ ബ്രദർ ആണ്.. നവിയാണ് അതിന് മറുപടി പറഞ്ഞത്..
മ്മ്…നിങ്ങളെ കാണണം എന്ന് പറഞ്ഞു.. ഉള്ളിലേക്ക് പൊക്കോളൂ…
ഓക്കേ സിസ്റ്റർ.. അതും പറഞ്ഞ് കാത്തുവും നവിയും ഉള്ളിലേക്ക് നടന്നു..
ആരാ ഈ പിയ… സിസ്റ്റർ ബാക്കി ഉള്ളവരോട് ചോദിച്ചു…
കൊണ്ടുവന്നപ്പോൾ മുതൽ അർദ്ധബോധത്തിലും അയാളുടെ പേര് പറഞ്ഞിരുന്നു ആ സാർ.. പിയ വന്നാൽ അയാളോട് ഉള്ളിലേക്ക് വരാൻ പറയണം കേട്ടോ…
മ്മ്.. പപ്പൻ അതിന് ഒന്ന് മൂളി..
കാത്തുവും നവിയും ഉള്ളിലേക്ക് എത്തുമ്പോൾ എന്തൊക്കെയോ യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കാശിയെ ആണ് അവർ കണ്ടത്. അവർക്ക് ആ കാഴ്ച്ച സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു.. കാത്തു ഉറക്കെ കരഞ്ഞുപോയി അത് കണ്ടിട്ട്..
ഏയ്യ്.. ആഷി കരയല്ലേ.. നവി അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് പോയി..
കാശിയേട്ടാ.. നവി വിളിച്ചതും കാശി പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കുറച്ചുനേരത്തെ ശ്രമത്തിനൊടുവിൽ അവൻ കണ്ണുകൾ തുറന്നു..
മി.. മിത്ര… അവൻ ചോദിച്ചു..
അവർക്ക് അവനോട് എന്ത് മറുപടി പറയും എന്ന് അറിയില്ലായിരുന്നു..
അവരുടെ മൗനത്തിൽ നിന്ന് അവന് വേണ്ട മറുപടി കിട്ടിയിരുന്നു.. കാശിയുടെ ഇരുചെന്നിയിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി.. അവന്റെ ഉള്ളിൽ അപ്പോൾ മിത്രയുടെ മുഖവും അറിഞ്ഞ അന്ന് തന്നെ നഷ്ടമായ അവരുടെ കുഞ്ഞിന്റെ മുഖവും ആയിരുന്നു..
ന… നവി.. കാശി പതിയെ വിളിച്ചു..
എന്താ കാശിയേട്ടാ… അവൻ കാശിയുടെ അടുത്തേക്ക് തല കുമ്പിട്ടു..
എ.. എൻ.. ന്റെ.. കാ..ത്തു.. കര.. യി.. ക്കരു..ത്..
ഒരിക്കലും ഇല്ല കാശിയേട്ടാ.. അവൾക്ക് എപ്പോഴും ഞാൻ തുണ ഉണ്ടാവും.. ഏട്ടൻ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട. ഏട്ടന് ഒരു കുഴപ്പവും ഉണ്ടാവില്ല..
അത് കേട്ടതും കാശിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു… എല്ലാം അറിയുന്നവന്റെ ചിരി..
കാ.. ത്തു… കാശി കാത്തുവിനെ നോക്കി വിളിച്ചു..
ഏ.. ട്ടാ.. അവൾ വിതുമ്പലോടെ വിളിച്ചു..
സങ്ക..ട..പ്പെട..രുത്… ഏ.. ട്ടൻ.. കൂ..ടെ.. ഉണ്ടാ..വും..
അതേ സമയം ആയി പുറത്തേക്ക് പൊക്കോളൂ ട്ടോ.. ഒരു സിസ്റ്റർ വന്ന് പറഞ്ഞതും അവർ കാശിയെ ഒന്നുകൂടി നോക്കി പുറത്തേക്ക് പോകാനായി തിരിഞ്ഞു. അപ്പോഴാണ് നവിക്ക് തന്റെ വിരലിലെ പിടിത്തം അറിഞ്ഞത്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാശിയാണ്.. എന്തോ പറയാനും ശ്രമിക്കുന്നുണ്ട്.. നവി അവന്റെ അടുത്തേക്ക് തല കൊണ്ടുപോയതും കാശി ഒന്ന് കൂടി പറഞ്ഞു..
പി..യ…
പിയ എത്തിയിട്ടില്ല കാശിയേട്ടാ.. വന്നാൽ ഉള്ളിലേക്ക് വരാൻ പറയാം..
അതിന് കാശി ഒന്ന് കണ്ണടച്ച് കാണിച്ചു. പിന്നെ ഒരിക്കൽ കൂടി കാത്തുവിനെ നോക്കി അവൻ കണ്ണുകൾ അടച്ചു. അപ്പോൾ അവന്റെ ഇരുചെന്നിയിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങി.. തന്റെ കുഞ്ഞുപെങ്ങളെ ഈ ഭൂമിയിൽ അനാഥയാക്കി എന്നെന്നേക്കുമായി പോകാൻ പോകുന്ന ഒരു ഏട്ടന്റെ കണ്ണുനീർ ആയിരുന്നു അത്..
……………….
ശ്രീ.. വാ മോളെ.. നമുക്ക് ഉള്ളിലേക്ക് പോകാം.. തന്റെ തോളിൽ തലവച്ചിരുന്ന് കരയുന്ന പിയയോടായി അഭി പറഞ്ഞു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
മ്മ്.. പിയ ഒന്ന് മൂളിക്കൊണ്ട് അവന്റെ തോളിൽ നിന്ന് തലയെടുത്ത് കണ്ണും മുഖവും എല്ലാം തുടച്ച് വണ്ടിയിൽ നിന്നും ഇറങ്ങി.. അഭിയും വണ്ടി ലോക്ക് ചെയ്യത് അവളുടെ അടുത്തേക്ക് വന്നു.. അവളെ തോളിൽകൂടി കയ്യിട്ട് ചേർത്തുപിടിച്ചുകൊണ്ട് അവർ ഹോസ്പിറ്റലിനു ഉള്ളിലേക്ക് നടന്നു..
………………..
കാത്തുവൊക്കെ icuവിൽ നിന്ന് ഇറങ്ങുന്ന നേരത്താണ് പിയ ഒക്കെ അവിടെ എത്തിയത്.. പിയയെ കണ്ടതും കാത്തു ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു..
പോയി പിയ എന്റെ മിത്രേട്ടത്തി പോയി.. എന്റെ കാശിയേട്ടൻ… അവൾ വാവിട്ട് കരഞ്ഞു… പിയയും ആ കൂടെ കരഞ്ഞു… പാറുവും നവിയും വേഗം അവരുടെ അടുത്തേക്ക് വന്നു..
കാത്തു മോളെ… പാറു അവളെ ചേർത്തുപിടിച്ച് അവിടെ കസേരയിലേക്ക് ഇരുത്തി.. നവി പിയയെയും അഭിയേയും വിളിച്ച് മാറി നിന്നു…
എന്താ നവി അവസ്ഥ… അഭി ചോദിച്ചു…
ക്രിട്ടിക്കൽ തന്നെ ആണ് അഭി.. പ്രത്യേകിച്ച് ഹോപ്പ് ഒന്നും വേണ്ട എന്നാണ് ദത്തൻ ഡോക്ടർ പറഞ്ഞത്… പിയ മോളെ നിന്നെ ചോദിക്കുന്നുണ്ട് കാശിയേട്ടൻ… ഇവിടെ കൊണ്ട് വന്നപ്പോൾ മുതൽ പാതി ബോധത്തിലും നിന്റെ പേര് പറഞ്ഞിരുന്നു എന്നാ അറിഞ്ഞത്. നീ ഒന്ന് കയറി കാണ്…
മ്മ്..മിത്രേച്ചി.. അത് പറയുമ്പോൾ തന്നെ അവൾ വിതുമ്പുന്നുണ്ടായിരുന്നു..
സ്പോട്ടിൽ തന്നെ… നവി പറഞ്ഞു..
പിയ മോളെ നീ വാ നമുക്ക് ഉള്ളിലേക്ക് പോകാം…
മ്മ്.. പിയ അതിന് സമ്മതം മൂളിയതും നവി വേഗം പോയി icuവിന് മുൻപിലെ ബെല്ലിൽ ഒന്ന് ഞെക്കി…
അധികം വൈകാതെ ഒരു സിസ്റ്റർ വന്ന് ഡോർ തുറന്നു…
എന്താ…
സിസ്റ്റർ.. കശ്യപ് ആവശ്യപ്പെട്ടിരുന്ന പിയ എത്തിയിട്ടുണ്ട്. അവൾക്ക് ഒന്ന് ഉള്ളിലേക്ക് കയറാൻ…
ആണോ.. ഒരു മിനിറ്റ് ഞാൻ ഡോക്ടറോട് ഒന്ന് ചോദിക്കട്ടെ ട്ടോ…
അതും പറഞ്ഞ് അവർ ഉള്ളിലേക്ക് പോയി.. അവർ ഉടനെ ഡോക്ടർ ദത്തന്റെ നമ്പറിലേക്ക് വിളിച്ചു..
പക്ഷേ അയാൾ എടുത്തിരുന്നില്ല..
ഛെ.. സാർ എടുക്കുന്നില്ലല്ലോ..
എന്തുപറ്റി ലേഖ സിസ്റ്ററെ..
ആ സാറിന്റെ ബന്ധുക്കൾ ആരെങ്കിലും കാണാൻ കയറുന്നതിന് മുൻപ് സാറിന്റെ പെർമിഷൻ വാങ്ങാൻ പറഞ്ഞിരുന്നു. ഇപ്പൊ അയാളെ കൊണ്ടുവന്നപ്പോൾ മുതൽ പറയുന്നതാ ഒരു പിയയെ.. ആ കുട്ടി വന്നിട്ടുണ്ടെത്രെ.. ഇപ്പൊ സാറിനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നും ഇല്ല.. ഇനിയിപ്പോ എന്തു ചെയ്യും എന്നാ ഞാൻ ആലോചിക്കുന്നത്..
അതിനിപ്പോ എന്താ നീ.. സാറിന്റെ ജൂനിയറിനെ വിളിക്ക്..
മ്മ്.. ഇനിയിപ്പോ അതേ വഴിയുള്ളൂ..
അതും പറഞ്ഞ് അവർ വേഗം ദത്തൻ ഡോക്ടറുടെ ജൂനിയറിനെ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ അയാൾ പിയയെ കയറ്റാൻ ഉള്ള അനുമതി അവർക്ക് കൊടുത്തു..
അവർ വേഗം ഫോൺ വച്ച് icu വിന് പുറത്തേക്ക് പോയി..
പിയ.. അവർ വിളിച്ചതും പിയയും അഭിയും എഴുന്നേറ്റു…
സിസ്റ്റർ ഞാനും കൂടി ഉള്ളിലേക്ക് കയറിക്കോട്ടെ.. അഭി ചോദിച്ചു..
സാർ നിങ്ങൾ… ഞാൻ ഇയാളുടെ ഹസ്ബൻഡ് ആണ്. ആൾക്ക് ഒരു സപ്പോർട്ടിന്…
മ്മ്.. അധികം സമയം എടുക്കരുത് ട്ടോ.. ദത്തൻ സാറിന്റെ അനുമതി കിട്ടിയിട്ടില്ല…
മ്മ്.. അതിന് അഭി ഒന്ന് മൂളി..
നേരെ ചെന്നാൽ ഒരു സിസ്റ്റർ ഉണ്ടാവും. അവർ തരുന്ന മാസ്കും ഡ്രെസ്സും ഇട്ടിട്ട് പേഷ്യന്റിന്റെ അടുത്തേക്ക് പോയാൽ മതി ട്ടോ.. അവർ പറഞ്ഞതും അഭിയും പിയയും അതിന് സമ്മതിച്ചുകൊണ്ട് ഉള്ളിലേക്ക് കടന്നു..
മാസ്ക്കൊക്കെ ധരിച്ചതിനു ശേഷം ഉള്ളിലേക്ക് കടന്ന പിയയും അഭിയും നിറയെ വയറകൾക്കും മെഷീനുകൾക്കും ഇടയിൽ കിടക്കുന്ന കാശിയെ കണ്ട് സഹിക്കാൻ കഴിയാതെ നിന്നു..
പിന്നെ പതിയെ അവന്റെ അടുത്തേക്ക് നടന്നു…
കാശിയേട്ടാ… പിയ പതിയെ വിളിച്ചതും അടഞ്ഞ കണ്ണുകൾക്കുള്ളിൽ അവന്റെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നത് അവർ കണ്ടു.. പിന്നെ പതിയെ പതിയെ അവൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.. ഒരു നിമിഷത്തിന് ശേഷം അവന്റെ കണ്ണുകൾ തുറന്നു..
തുടരും…

by