രചന : കണ്ണൻ്റെ മാത്രം
എന്തേ മനസിലായില്ലേ… തന്നെപോലൊരു നാ ******** മുന്നിലേക്ക് വരുമ്പോൾ ഞാൻ യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെ വരും എന്ന് കരുതിയോ… ഒരു കാര്യം താൻ പറഞ്ഞത് ശെരിയായിരുന്നു.. തനിക്ക് എതിരെ കാര്യമായ തെളിവുകൾ ഒന്നും തന്നെ എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പൊ താനായി തന്നെ ഓരോന്നും വിളിച്ചു പറഞ്ഞില്ലേ…. അതെല്ലാം നല്ല hd ക്ലാരിറ്റിയിൽ എല്ലാവരും കണ്ടിട്ടുണ്ടാവും…രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു…എന്താ… ദേവൻ അത് ചോദിക്കുമ്പോൾ അയാളുടെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു…
ടെക്നോളജി ഇത്രയൊക്കെ വളർന്നത് മനസിലാക്കണ്ടേ ദേവദേവ ഓരോന്നും വിളിച്ചു പറയുന്നതിന് മുൻപ്. ഒന്നുമില്ലെങ്കിൽ എന്റെകൂടെ ഒരു പത്രപ്രവർത്തക ഉള്ളതല്ലേ..താൻ വിളിച്ചു പറഞ്ഞത് മുഴുവൻ ദാ ഇതിലൂടെ ലോകം മുഴുവൻ കണ്ടുകാണും.. അതുപോരെ തനിക്ക് എതിരെ ഉള്ള തെളിവ്.. ഏഹ്… രുദ്രൻ ഒരു പുച്ഛത്തോടെ തന്റെ ഷർട്ടിൽ ഉള്ള ബട്ടൺ ക്യാമറ തൊട്ടുകാട്ടികൊണ്ട് പറഞ്ഞു..ദേവന്റെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു.. ഇങ്ങനെ ഒരു കാര്യം അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല… ഇനി എന്ത് വേണം എന്ന് അയാൾക്ക് ഊഹം ഉണ്ടായിരുന്നില്ല..
എന്താ താൻ ഇത്ര ചിന്തിച്ചുകൂട്ടുന്നത്.. രക്ഷപ്പെടാൻ ഉള്ള വഴികൾ ആണോ… അതിന് ഒരു വഴിയും ഇനിയില്ല എന്ന് ഒരു ips ഓഫീസർ ആയ തനിക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ.. ഓഹ്.. ഒരു കാര്യം പറയാൻ മറന്നു…രുദ്രൻ അത് പറഞ്ഞപ്പോൾ ഇനിയെന്താ ബാക്കി എന്നതുപോലെ ദേവൻ രുദ്രനെ നോക്കി..തന്റെ സസ്‌പെൻഷൻ ഓർഡർ തന്റെ മെയിലിൽ ഇപ്പൊ വന്ന് കിടക്കുന്നുണ്ടാവും. തന്റെ ഇന്നത്തെ ഈ ഏറ്റുപറച്ചിലിലൂടെ അത് ഡിസ്‌മിസ്സൽ ആകും എന്ന് ഉറപ്പല്ലേ….എനിക്ക് തന്നെ കൊല്ലാൻ ഉള്ള പകയുണ്ട്. പക്ഷേ തന്നെ പോലെ ഒരു ജന്മത്തെ എന്റെ കൈകൊണ്ടു തൊട്ടാൽ എന്റെ കൈ നാറും… തന്നെ ഞാനായിട്ട് ഒന്നും ചെയ്യേണ്ടിവരില്ല.. പുറത്തേക്ക് ഇറങ്ങേണ്ട താമസം ജനങ്ങൾ തന്നെ ഇല്ലാതെ ആക്കിക്കോളും.. അത്രയും വലിയ ദ്രോഹം അല്ലേ ആതുരസേവനത്തിന്റെ മറവിൽ താൻ ചെയ്തു കൂട്ടിയത്… പിന്നെ ജയിലിൽ ആയാലും തനിക്ക് കിട്ടാവുന്നതിന്റെ മാക്സിമം പീഡനം കിട്ടാനുള്ള കാര്യങ്ങൾ ഞാൻ ഒരുക്കിവെക്കും.. തന്നെ ഒരു രീതിയിലും ജീവിക്കാൻ വിടില്ല ഞാൻ നോക്കിക്കോ… രുദ്രൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു…
ദേവൻ എല്ലാം തകർന്നവനെ പോലെ അവിടെ വെറും നിലത്തായി പടഞ്ഞിരുന്നു…അഷ്റഫെ എന്തായി കാര്യങ്ങൾ… രുദ്രൻ ഫോണിലൂടെ അഷ്‌റഫിനോട് ചോദിച്ചു..എല്ലാവരും നമ്മുടെ കസ്റ്റഡിയിൽ ആയിട്ടുണ്ട് സാർ.. അവിടത്തെ കാര്യം എങ്ങനെയാ… ഫോഴ്‌സിനെ വിടട്ടെ…ഫോഴ്‌സിനെ വിട്ടോ.. കൂടെ ഒരു ആംബുലൻസും ഒരു ഡോക്ടറെയും… രുദ്രൻ ഗൂഢമായ ചിരിയോടെ പറഞ്ഞു..അതെന്തിനാ ആംബുലൻസും ഡോക്ടറും സാർ…അതൊക്കെ കുറച്ച് കഴിയുമ്പോൾ തനിക്ക് മനസിലാവുമെടോ.. താൻ ഞാൻ പറഞ്ഞത് ചെയ്യ്…ഓക്കേ സാർ…
രുദ്രൻ ഫോൺ വെക്കലും ദേവന്റെ വീടിനുള്ളിൽ നിന്ന് വെടി ശബ്ദം വരലും ഒരുമിച്ചായിരുന്നു. പാറാവ് നിന്ന പോലീസുകാർ വീടിനുള്ളിലേക്ക് ഓടി. രുദ്രൻ ഒരു പുച്ഛചിരിയോടെ തന്റെ വാഹനത്തിലേക്ക് കയറി സ്റ്റേഷനിലേക്ക് പോയി…
…………………….
രണ്ട് ദിവസങ്ങൾക്കു ശേഷം…..ഈ രണ്ട് ദിവസങ്ങൾ കൊണ്ട് എല്ലാ പ്രതികളെയും കണ്ടെത്തി അവരെ എല്ലാം കോർട്ടിൽ ഹാജരാക്കി അവരെ റിമാൻഡ് ചെയ്തിരുന്നു.. ഹരിക്ക് പകരം അഭിയാണ് ഇപ്രാവശ്യം പബ്ലിക് പ്രോസിക്യൂട്ടറായി നിന്നത്. ഹരിയുടെ തന്നെ തീരുമാനം ആയിരുന്നു അത്.. അഭിക്ക് നല്ലൊരു അവസരം ആയിരുന്നു അത്. ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റിയ കേസ് ആയതുകൊണ്ട് തന്നെ ഒരു അഡ്വക്കേറ്റ് എന്ന രീതിയിൽ അഭിക്ക് ശോഭിക്കാൻ കിട്ടിയ ഒരു അവസരം ആയിരുന്നു അത്.. അവൻ അത് ശരിക്ക് വിനയോഗിക്കുകയും ചെയ്തു. റിമാൻഡ് ചെയ്ത അന്നത്തെ തന്നെ അവന്റെ വാദം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. അത്രയും കണ്ണിങ് ആയിരുന്നു അത്. മാധ്യമങ്ങളും അവനെ വാനോളം പുകഴ്ത്തി…
ഇനി ദേവന്റെ കാര്യം ആണെങ്കിൽ ഒരു ചാവാലി പട്ടിയെ പോലെ ആരൊക്കെയോ ചേർന്ന് അയാളെ കുഴിച്ചിട്ടു.. ഇത്രയും ഒക്കെ ചെയ്തുകൂട്ടിയതുകൊണ്ട് സർക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ ഉപചാരങ്ങളും ഉണ്ടായിരുന്നില്ല. അയാളുടെ വീട്ടുകാരും അയാളെ ഏറ്റെടുക്കാൻ തയ്യാറായില്ല. അതോടെ ഏതൊക്കെയോ മനുഷ്യാവകാശ സംഘടനകൾ ആണ് അയാളുടെ അന്ത്യകർമങ്ങൾ ചെയ്യ്തത്… സംഭവം അയാൾ മരിച്ചതിൽ പിയ ഹാപ്പി ആണെങ്കിലും ഇത്രയും ഈസി മരണം അയാൾക്ക് പോരായിരുന്നു എന്നാ ഒരു ചിന്ത ആയിരുന്നു പിയക്ക്. രണ്ട് ദിവസത്തിന് ശേഷം രുദ്രനെ ഫ്രീ ആയി കിട്ടിയപ്പോൾ പിയ അത് ചോദിക്കുകയും ചെയ്തു…
രുദ്രേട്ടാ… അയാൾക്ക് ആ ദേവന് കിട്ടിയത് ചെറിയ ശിക്ഷ ആയി എന്ന് തോന്നുന്നില്ലേ.. പിയ ചുളിഞ്ഞ മുഖത്തോടെ ചോദിച്ചു…പിയ… അയാളെ സംബന്ധിച്ച് എല്ലാ അധികാരത്തോടെയും സുഖസൗകര്യങ്ങളിലും ജീവിക്കുക എന്നതായിരുന്നു അയാളുടെ ആത്യന്തിക ലക്ഷ്യം.. ജീവിക്കാൻ ഒത്തിരി കൊതിയാവും ഇങ്ങനെ ഉള്ളവർക്ക്. അങ്ങനെ ഒരാൾ സ്വയം മരിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. അങ്ങനെ ഒരു തീരുമാനം അയാൾ എടുക്കുന്നതിനു മുൻപ് തന്നെ അയാൾ ഉള്ള് കൊണ്ട് മരണപ്പെട്ടിട്ടുണ്ടാവും. ഇത്തരക്കാരെ നമ്മൾ വേദനിപ്പിച്ചു കൊല്ലുന്നതിനേക്കാളും ഇരട്ടി വേദന ഉള്ളുക്കൊണ്ട് പേറി ആവും അയാൾ സ്വയം മരണം സ്വീകരിച്ചിട്ടുണ്ടാകുക.. അതുപോരെ നമുക്ക്.. രുദ്രൻ ഒരു ചിരിയോടെ ചോദിച്ചു..
രുദ്രൻ പറഞ്ഞപ്പോൾ ആണ് അങ്ങനെ ഒരു ചിന്ത പിയയുടെ ഉള്ളിലൂടെ കടന്നുപോയത്. അതോടെ ചുളിഞ്ഞിരുന്ന പിയയുടെ മുഖത്ത് സന്തോഷം നിറഞ്ഞു…അല്ല മക്കളെ ആ ധർമപാലന്റെ കാര്യം എങ്ങനെയാ.. അയാളെ വെറുതെ വിടുകയാണോ…ഹരി ചോദിച്ചു..മ്മ്.. അവിനാശ് അത്രയും കെഞ്ചി ചോദിച്ച കാര്യം അതാണ് അങ്കിൾ. ഒരു മടിയും ഇല്ലാതെ നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്‌തുതന്നത് അയാളല്ലേ.. അപ്പൊ അയാൾ അത്രയും കെഞ്ചി ഒരു കാര്യം ചോദിക്കുമ്പോൾ നമ്മൾ എങ്ങനെയാ കണ്ടില്ലാ എന്ന് നടിക്കുന്നത്.. ഇനിയൊരിക്കലും ആ ധർമപാലൻ പാർട്ടിയിൽ വരില്ല എന്നും നമുക്കെതിരെ ഒന്നിനും ഇറങ്ങില്ല എന്നും ഒരുറപ്പ് അവിനാശ് തന്നിട്ടുണ്ട്. അത് തെറ്റിച്ചാൽ പിന്നീട് ഒരു വിട്ടുവീഴ്ച്ച നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന് നമ്മളും പറഞ്ഞിട്ടുണ്ട്… രുദ്രൻ പറഞ്ഞു നിർത്തി…
എനിക്കെന്തോ അത് വേണ്ടായിരുന്നു എന്നൊരു ചിന്ത ആണ് ഉള്ളിൽ തോന്നുന്നത്. അയാളെക്കുറിച്ചു അറിഞ്ഞിടത്തോളം അയാൾ അങ്ങനെ മിണ്ടാതെ ഇരിക്കുന്ന ഒരാൾ അല്ല. തക്കം പാർത്തിരുന്ന് അയാൾ തിരിച്ചടിക്കാൻ നോക്കും എന്നാണ് എനിക്ക് തോന്നുന്നത്… പപ്പൻ തന്റെ ഉള്ളിൽ തോന്നിയ കാര്യം പറഞ്ഞു…എനിക്കും അത് തന്നെ ആണ് തോന്നുന്നത്.. മൂർഖന്റെ പകയാണ് അയാൾക്കെന്ന് പാർട്ടിക്കാർക്കിടയിൽ ഒരു സംസാരം ഉണ്ട്.. അത് സത്യമാണെന്നാണ് ഇതുവരെ ഉള്ള എന്റെ അറിവ്… ഹരിയും പറഞ്ഞു..
അയാൾ തിരിച്ചടിക്കാൻ ഇറങ്ങട്ടെ അങ്കിൾ. അതോടെ അയാളുടെ കാര്യം നമുക്ക് തീരുമാനത്തിൽ ആക്കാമല്ലോ.. ഇതിപ്പോ അവിനാശ് അത്രയും കെഞ്ചിയതുകൊണ്ട് ആണ്…. രുദ്രൻ പറഞ്ഞു
മ്മ്… പപ്പൻ ഒന്ന് മൂളി… അപ്പോഴും അയാളുടെ ഉള്ളം അശാന്തമായിരുന്നു… അത് മനസിലാക്കിയതുപോലെ ഹരി അയാളെ ചേർത്തുപിടിച്ചു…അല്ല.. അഭിയെയും നവിയെയും കാത്തുവിനെയും കണ്ടില്ലല്ലോ… രുദ്രൻ ചുറ്റും നോക്കികൊണ്ട് ചോദിച്ചു…നന്ദൻ എത്തിയിട്ടില്ല കോർട്ടിൽ നിന്ന്… നവിയേട്ടനും കാത്തുവേച്ചിയും കൂടി അമ്പലത്തിൽപോയിരിക്കുകയാണ്.. നാളെ കാശിയേട്ടനും മിത്രേച്ചിയും മരിച്ചതിന്റെ നാൽപതിയൊന്നാണ്.. അപ്പൊ അതിന്റെ എന്തോ പൂജയോ വഴിപാടോ ഒക്കെ ഉണ്ട്. അതൊക്കെ ഒന്ന് പറഞ്ഞേർപ്പാടാക്കാൻ വേണ്ടിയിട്ട്….
അല്ല കാത്തുവിന്റെ കാര്യം ഇനി എങ്ങനെയാ… ഞാൻ കൊണ്ടുപൊക്കോട്ടെ തറവാട്ടിലേക്ക്…രുദ്രൻ പപ്പനെയും ഹരിയെയും നോക്കികൊണ്ട് ചോദിച്ചു..
ഏയ്യ്… വേണ്ട മോനേ. കാശിയും മിത്രയും ഉള്ള സമയത്തേ ഉറപ്പിച്ചതല്ലേ നവിയുടെയും കാത്തുവിന്റെയും വിവാഹം.. ഞങ്ങൾ നാളെ കഴിഞ്ഞിട്ട് മോളോട് സംസാരിക്കണം എന്ന് കരുതി ഇരിക്കാണ്. മോൾക്ക് സമ്മതം ആണെങ്കിൽ ഒരു മൂന്നുമാസം കഴിഞ്ഞാൽ അവരുടെ കല്യാണം നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതോടെ മോളുടെ ഈ ഒറ്റപ്പെടലും തീർന്നോളും. ഇതിപ്പോ എത്രയൊക്കെ നമ്മൾ കൂടെ ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല അവൾക്ക് ഒരു ഒറ്റപ്പെടൽ തന്നെ ആണ്. താൻ അനാഥയാണ് എന്നൊരു ചിന്ത ഉണ്ട് ആളുടെ ഉള്ളിൽ. അതുമാറണമെങ്കിൽ അവരുടെ കല്യാണം കഴിയണം. അതോടെ ഒറ്റക്കല്ല എന്നൊരു ചിന്ത മോൾടെ ഉള്ളിൽ വരുമല്ലോ.. പപ്പൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു..
മ്മ്… രുദ്രൻ അതിന് ഒന്ന് മൂളി…രുദ്രേട്ടാ… ഇനി ഇവിടെ തന്നെ ആവോ പോസ്റ്റിങ്ങ് അതോ മാറ്റം ഉണ്ടാകുമോ… പിയ ചോദിച്ചു..മാറ്റം ഉണ്ടാകാൻ ആണ് ചാൻസ്. എന്നെ ഈ കേസിന് വേണ്ടി അല്ലേ ഇങ്ങോട്ട് മാറ്റിയത്. ഇത് കഴിഞ്ഞതുകൊണ്ട് ഇനിയെന്താ തീരുമാനം എന്ന് പറയാൻ പറ്റില്ല. ചിലപ്പോ ഇവിടെ തന്നെ ആകും അല്ലെങ്കിൽ മാറ്റം ആവും.. എന്തായാലും രണ്ട് ദിവസത്തിൽ അറിയാൻ പറ്റുമായിരിക്കും… രുദ്രൻ പറഞ്ഞു..
അവർ പിന്നെയും കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അഭിയും നവിയും കാത്തുവും ഏതാണ്ട് ഒരേ സമയത്ത് വന്നത്…
എന്തായി മക്കളെ അമ്പലത്തിലെ കാര്യങ്ങൾ എല്ലാം പറഞ്ഞേൽപ്പിച്ചോ… നവിയേയും കാത്തുവിനെയും കണ്ടപ്പോൾ പപ്പൻ ചോദിച്ചു..
ഉവ്വ് അമ്മാവാ.. എല്ലാം ഏല്പിച്ചിട്ടുണ്ട്.. ഇനി നാളെ രാവിലെ ചെന്നാൽ മതി.. നവി പറഞ്ഞു.. കാത്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എല്ലാവരെയും നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് റൂമിലേക്ക് പോയി..ഹരി അവിടെ ഇരുന്നിരുന്ന പാറുവിനെ കണ്ണുകാട്ടി.. അവർ തലയാട്ടികൊണ്ട് കാത്തുവിന്റെ അടുത്തേക്ക് പോയി…കാത്തുവേച്ചി വല്ലാതെ ഒതുങ്ങി പോയി അല്ലേ അച്ഛാ… പണ്ടത്തെ കാത്തുവേച്ചിയുടെ നിഴൽ രൂപം മാത്രം ആണ് ആള് ഇപ്പൊ… പിയ ഒരു നിശ്വാസത്തോടെ പറഞ്ഞു…
പറഞ്ഞിട്ട് കാര്യമില്ല മുത്തേ.. ഒരൊറ്റ നിമിഷം കൊണ്ടല്ലേ അവൾക്ക് എല്ലാം നഷ്ടമായത്. അവളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് അവളെ ചേർത്തുപിടിക്കാൻ കാശി ഉണ്ടായിരുന്നു. പിന്നെ മിത്ര വന്നപ്പോൾ അവൾ ശെരിക്കും കാത്തുവിന് അമ്മ തന്നെ ആയിരുന്നു. ആ തണൽ അല്ലേ അവൾക്ക് ഒറ്റനിമിഷം കൊണ്ട് ഇല്ലാതെ ആയത്. ആ ആഘാതത്തിൽ നിന്ന് കരകയറാൻ സമയം എടുക്കും… പപ്പൻ പറഞ്ഞു..മ്മ്… പിയ നിശ്വാസത്തോടെ ഒന്ന് മൂളി…അഭി.. എന്താ വകീൽ ഓഫീസിലെ അവസ്ഥ… ഹരി അഭിയോട് ചോദിച്ചു..
ഒരുപാട് പുതിയ കേസുകൾ വന്നിട്ടുണ്ട് പപ്പേ ഇന്നൊരു ദിവസം കൊണ്ട് തന്നെ.. എല്ലാം ഒന്നും ഏറ്റെടുത്തിട്ടില്ല… ന്യായത്തിന്റെ ഭാഗത്ത് ഉള്ള കേസുകൾ മാത്രേ സ്വീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം പീഡനത്തിനിരയായി മരിച്ച ആ കുഞ്ഞിന്റെ കേസ് ഇല്ലേ 4 വയസ്സ് പ്രായമായ അനുഷ്കയുടെ.. ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഇന്ന് കാണാൻ വന്നിരുന്നു. അവരുടെ കുഞ്ഞിനെ നീതി നേടികൊടുക്കാൻ സഹായിക്കണം എന്നപേക്ഷിച്ചിട്ട്.. അവർക്ക് വകീൽ ഫീസ് കൊടുക്കാൻ കാശില്ലാത്തതുകൊണ്ട് ആരും ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞു പോരാതെ പ്രതി ഏതോ കൊമ്പത്തെ പുത്രൻ ആണത്രേ… ഞാൻ നാളെ വരാൻ പറഞ്ഞിട്ടുണ്ട്… അവർ പോയി പിന്നാലെ പ്രതിയുടെ ആളുകളും വന്നിട്ടുണ്ടായിരുന്നു. അവരോട് ഞാൻ നോ പറഞ്ഞു.. നാളെ പപ്പ ഒന്ന് ഓഫീസിൽ വരണം..
എന്തിനാ അഭി ഞാൻ വരുന്നത്.. അതൊക്കെ നിനക്ക് തന്നെ തീരുമാനം എടുത്തൂടെ. ഇനി മുതൽ കോവിലകം അസോസിയേറ്റ്സ് മുന്നോട്ട് കൊണ്ടുപോകേണ്ടത് നീ ആണ്.. എന്റെ പിൻഗാമി.. പിന്നെ ഇന്ന് ഈ കേസുകൾ മുഴുവൻ വന്നത് നിന്നെ കണ്ടുകൊണ്ടാണ്.. അതുകൊണ്ട് നിന്റെ യുക്തിക്ക് ശരി എന്ന് തോന്നുന്നത് നീ ചെയ്തോ… ഹരി പറഞ്ഞു…പപ്പേ… ഞാൻ.. എനിക്ക് കുറച്ചുകൂടി എക്സ്പീരിയൻസ് ആയിട്ട് ഞാൻ എല്ലാം ഏറ്റെടുത്തോളം അതുവരെ പപ്പ വേണം തലപ്പത്.. നാളെ എന്തായാലും പപ്പ വരണം….മ്മ്.. വരാം… കുറച്ചുനാൾ കൂടെ അതുകഴിഞ്ഞാൽ ഞാൻ റിട്ടയേർമെന്റ് എടുക്കും… ഹരി വാശിയോടെ പറഞ്ഞു…
അതിന് അഭി എന്തോ പറയാൻ പോയ നേരത്താണ് പാറുവും കാത്തുവുംകൂടി എല്ലാവരെയും ചായ കുടിക്കാൻ വിളിച്ചത്.. അപ്പോഴേക്കും കാത്തു ഒന്ന് ഓക്കേ ആയിരുന്നു. അതോടെ എല്ലാവരും ചായ കുടിക്കാനായി എഴുന്നേറ്റ് പോയി…
തുടരും…

by